Wednesday, July 25, 2018

ഹജ്ജ്-ഉംറ നിര്‍വ്വഹിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട അത്യാവശ്യ കാര്യങ്ങള്‍.!

ഹജ്ജ്-ഉംറ നിര്‍വ്വഹിക്കുന്നവര്‍ 
അറിഞ്ഞിരിക്കേണ്ട അത്യാവശ്യ കാര്യങ്ങള്‍.! 
http://swahabainfo.blogspot.com/2018/07/blog-post_88.html?spref=tw

ഹജ്ജിന്‍റെ കര്‍മ്മങ്ങള്‍ തുടങ്ങുന്നതിന് മുമ്പ് ഹജ്ജ് മൂന്ന് രീതിയിലുണ്ട് എന്ന കാര്യം മനസ്സിലാക്കുക.
1. ഇഫ്റാദ്: ഹജ്ജിന് മാത്രം ഇഹ്റാം നിര്‍വ്വഹിച്ച് ആദ്യം ഹജ്ജ് നിര്‍വ്വഹിക്കുക.
2. ഖിറാന്‍: ഹജ്ജിനും ഉംറയ്ക്കും ഇഹ്റാം നിര്‍വ്വഹിച്ച് രണ്ടുംകൂടി നിര്‍വ്വഹിക്കുക.
3. തമത്തുഅ്: ഉംറയ്ക്ക് വേണ്ടി ഇഹ്റാം ചെയ്ത ഉംറ നിര്‍വ്വഹിച്ച് ഇഹ്റാമില്‍ നിന്ന് മാറുകയും പിന്നീട് ഇഹ്റാം നിര്‍വ്വഹിച്ച് ഹജ്ജ് നിര്‍വ്വഹിക്കുകയും ചെയ്യുക.
ഇതില്‍ മൂന്നാമത്തെ രൂപമായ തമത്തുഅ് ആണ് സാധാരണ ഹാജിമാര്‍ നിര്‍വ്വഹിക്കുന്നത്. ഇവിടെ അതിന്‍റെ ക്രമത്തില്‍ കാര്യങ്ങള്‍ വിവരിക്കുകയാണ്. (ഉംറ നിര്‍വ്വഹിക്കേണ്ടതും ഇപ്രകാരമാണ്.)
ഉംറ : 
ഈ യാത്രയിലെ പ്രഥമകര്‍മ്മം ഉംറയാണ്. ചെറിയ ഹജ്ജ് എന്ന് പറയാവുന്ന ഉംറക്ക് നാല് ഫര്‍ളുകളാണ് ഉള്ളത്. 
1. ഇഹ്റാം നിര്‍വ്വഹിക്കുക. 
2. മക്കയിലെത്തി ത്വവാഫ് ചെയ്യുക. 
3. സഅ് യ് നിര്‍വ്വഹിക്കുക. 
4. മുടി നീക്കുക. 

1. ഇഹ്റാം: 
ഉംറയുടെ ആദ്യ കര്‍മ്മം ഇഹ്റാം ആണ്. ഇഹ്റാം നിര്‍വ്വഹിക്കുന്നതില്‍ മുന്‍പ് ശരീരത്തിലെ അധിക രോമങ്ങള്‍ നീക്കി, നഖം വെട്ടി നല്ലനിലയില്‍ കുളിക്കുക. തുടര്‍ന്ന് ഒരു മുണ്ട് ഉടുത്ത് മേല്‍മുണ്ട് കൊണ്ട് ശരീരം പുതയ്ക്കുക. സ്ത്രീകള്‍ സാധാരണപോലെ മുഖവും മുന്‍കൈയ്യുമല്ലാത്ത ഭാഗങ്ങള്‍ മറയ്ക്കുക. ശേഷം രണ്ട് റക്അത്ത് നമസ്കരിച്ച് ഉംറയുടെ നിയ്യത്ത് ഇപ്രകാരം ചെയ്യുക.
"അല്ലാഹുവിന്‍റെ തൃപ്തിക്ക് വേണ്ടി ഞാന്‍ ഉംറയുടെ ഇഹ്റാം നിര്‍വ്വഹിക്കുന്നു. നീ ഇത് സ്വീകരിക്കുകയും എളുപ്പമാക്കുകയും ചെയ്യേണമേ!" 
"لَبَّيْكَ اللَّهُمَّ لَبَّيْكَ، لَبَّيْكَ لَا شَرِيكَ لَكَ، لَبَّيْكَ إِنَّ الْحَمْدَ وَالنِّعْمَةَ لَكَ وَالْمُلْكَ لَا شَرِيكَ لَكَ
ഇതോടെ നാം ഇഹ്റാമില്‍ പ്രവേശിച്ചു കഴിഞ്ഞു.
ഇഹ്റാമില്‍ നിഷിദ്ധമായ കാര്യങ്ങള്‍: 
 ഇനി ഉംറയുടെ അവസാന കര്‍മ്മമായ മുടിനീക്കം ചെയ്യുന്നത് വരെ താഴെ പറയുന്ന കാര്യങ്ങള്‍ നിഷിദ്ധമാണ്. തുന്നപ്പെട്ട വസ്ത്രം ധരിക്കുക, തലയും മുഖവും മൂടുക, കാല് മൂടുന്ന ചെരുപ്പ് ധരിക്കുക, കൊമ്പ് വെക്കുക, രോമവും നഖവും നീക്കുക, സുഗന്ധം പൂശുക, സംസര്‍ഗ്ഗം നടത്തുക, വേട്ടയാടുക.. ഇവകളൊന്നും പ്രവര്‍ത്തിക്കാന്‍ പാടില്ല. 
ഇതില്‍ സ്ത്രീകള്‍ക്ക് തുന്നപ്പെട്ട സാധാരണ വസ്ത്രം ധരിക്കാവുന്നതും തലമറയ്ക്കാവുന്നതുമാണ്. അന്യപുരുഷന്മാര്‍ മുന്നില്‍ പെട്ടാല്‍ വിശറിപോലുള്ള വല്ലതും കൊണ്ട് മറപിടിക്കേണ്ടതാണ്.
ഈ കാര്യങ്ങളോടൊപ്പം വഴക്ക്, കോപം, വികാരം, മുതലായ പാപങ്ങളും വര്‍ജ്ജിക്കുക. തല്‍ബിയ്യത്തും ഇതര ദിക്ര്‍-ദുആകളും ചെയ്ത് യാത്ര തുടങ്ങുക.
പുണ്യഭൂമിയുടെ അതിര്‍ത്തിയില്‍ എത്തുമ്പോള്‍ പരിപൂര്‍ണ്ണ ആഗ്രഹ-സന്തോഷങ്ങളും, ഭയ-മര്യാദകളും മുറുകെ പിടിച്ച് ഇങ്ങനെ ദുആ ഇരക്കുക:
"അല്ലാഹുവേ, ഇത് നിന്‍റെ വിശുദ്ധ ഭൂമിയാണ്. എന്‍റെ രക്തം, എല്ല്, തൊലി ഇതെല്ലാം നരകത്തില്‍ നിന്നും രക്ഷിക്കേണമേ." 
അല്പം കഴിഞ്ഞ് മകാമുകര്‍റമയിലെ കെട്ടിടങ്ങള്‍ ദൃശ്യമാകും. അപ്പോള്‍ ദുആ ഇരക്കുക:
"അല്ലാഹുവേ! ഞാന്‍ നിന്‍റെ അടിമയാണ്. നിന്‍റെ ഫര്‍ള് നിര്‍വ്വഹിക്കുന്നതിന് നിന്‍റെ അനുഗ്രഹം ആശിച്ചുകൊണ്ട് ഞാന്‍ വന്നിരിക്കുകയാണ്. ശരിയായ നിലയില്‍ ഹജ്ജ് നിര്‍വ്വഹിക്കാന്‍ എനിക്ക് ഭാഗ്യം നല്‍കേണമേ. ഈ നാട്ടിലെ അനുഗ്രഹ-ഐശ്വര്യങ്ങള്‍ എനിക്ക് കനിയേണമേ."
ഇവിടെ ഒരു കാര്യം ഓര്‍ക്കുക: ഈ ദുആകള്‍ തന്നെ ചെയ്യണമെന്ന് നിര്‍ബന്ധമില്ല. ഇവകള്‍ ഒന്നും ചെയ്തില്ലെങ്കിലും ഹജ്ജിനും ഉംറയ്ക്കും യാതൊരു ന്യൂനതയും ഉണ്ടാകുന്നതല്ല. സൂക്ഷിക്കേണ്ട കാര്യങ്ങള്‍ സൂക്ഷിക്കണമെന്ന് മാത്രം.! എന്നാല്‍, ഈ ദുആകളും ഇതര ദുആ-ദിക്റുകളും ചെയ്യുന്നതു കൊണ്ട് ഹജ്ജിന്‍റെ പ്രകാശ-ഐശ്വര്യങ്ങള്‍ വളരെ വര്‍ദ്ധിക്കുന്നതാണ്. അല്‍പ്പം കഴിയുമ്പോള്‍ താമസസ്ഥലത്തെത്തും. സാധനങ്ങള്‍ ഇറക്കി ഒതുക്കിവെക്കുക. അത്യാവശ്യ വിശ്രമം, ആഹാരം പോലുള്ളവ കഴിഞ്ഞ് മസ്ജിദുല്‍ ഹറമിലേക്ക് പോകുക.

മകാമുകര്‍റമയില്‍ എത്തിയതിന് ശേഷം ആദ്യത്തെ കര്‍മ്മം മസ്ജിദുല്‍ ഹറാമില്‍ പോയി കഅ്ബാ ശരീഫിന്‍റെ ചുറ്റുഭാഗത്ത് ത്വവാഫ് ചെയ്യലാണ്. താങ്കളുടെ കൂട്ടത്തില്‍ മുന്‍പരിചയക്കാരനോ പണ്ഡിതനോ ആയ ആരെങ്കിലും ഉണ്ടെങ്കില്‍ അവരോടൊപ്പം മസ്ജിദില്‍ പോയി ത്വവാഫിന്‍റെ അമലുകള്‍ നിര്‍വ്വഹിക്കുന്നതാണ് ഉത്തമം. ഇവിടെ അതിന്‍റെ പ്രധാന മര്യാദ-രീതികള്‍ മാത്രം കുറിക്കുന്നു:
ആദ്യം ബിസ്മില്ലാഹിയും സ്വലാത്തും മസ്ജിദ് പ്രവേശനത്തിന്‍റെ ദുആയും ചൊല്ലി വളരെ ബഹുമാനാദരവുകളോടെ മസ്ജിദുല്‍ ഹറാമില്‍ പ്രവേശിക്കുക. കഅ്ബാശരീഫ് കണ്ടാലുടന്‍ പരിപൂര്‍ണ ശ്രദ്ധയോടെ ദുആ ഇരക്കുക.
اللَّهُمَّ زِدْ بَيْتَكَ هَذَا تَشْرِيفًا وَتَعْظِيمًا وَتَكْرِيمًا، وَبِرًّا وَمَهَابَةً، وَزِدْ مِنْ شَرَّفَهُ وَعَظَّمَهُ مِمَّنْ حَجَّهُ وَاعْتَمَرَهُ تَعْظِيمًا وَتَشْرِيفًا وَبِرًّا وَمَهَابَةً
"അല്ലാഹുവേ, നിന്‍റെ ഈ ഭവനത്തിന് അനുഗ്രഹവും ആദരവും ഉന്നതിയും നന്മയും പ്രോഢിയും ഏറ്റിയേറ്റി നല്‍കേണമേ! ഹജ്ജും ഉംറയും ചെയ്യുന്നവരുടെ കൂട്ടത്തില്‍ ഈ ഭവനത്തെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവര്‍ക്ക് മഹത്വവും ഉന്നതിയും നന്മയും പ്രൗഢിയും അധികമായി നല്‍കേണമേ!"
ഈ ദുആ കൂടാതെ മറ്റ് ദുആകളും ചെയ്യുക. ഒരുകാര്യം എപ്പോഴും ഓര്‍ക്കുക. ഈ സമയത്തും ഹജ്ജിന്‍റെ ഒരു സന്ദര്‍ഭത്തിലും അറബിയില്‍ ദുആ ഇരക്കണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. അര്‍ത്ഥമറിയാത്ത നീണ്ട ദുആകള്‍ ഓതുന്നതിനേക്കാള്‍ നല്ലത് അര്‍ത്ഥം അറിയുന്ന ചെറിയ ദുആകളും സ്വന്തം ഭാഷയിലും ദുആ ഇരക്കുന്നതാണ്.

2. ത്വവാഫ് : 
ഇനി പ്രധാനകര്‍മ്മം ത്വവാഫ് ആണ്. അതിന് ഹജറുല്‍അസ് വദിന്‍റെ മൂലയിലേക്ക് പോവുക. ഹജറുല്‍ അസ് വദില്‍ നിന്നും തുടങ്ങി ഏഴ് പ്രാവശ്യം ചുറ്റല്‍ പൂര്‍ത്തീകരിക്കുക. 
തുടക്കത്തില്‍ ഹജറുല്‍ അസ് വദിന് നേരെ നിന്ന്  بِاسْمِ اللَّهِ، اللَّهُ أَكْبَرُ
 എന്ന് പറഞ്ഞ് ഹജറുല്‍ അസ് വദിലേക്ക് ആംഗ്യം കാണിക്കുകയും തുര്‍ന്ന് തിരിഞ്ഞ് നിന്ന് മുന്നിലേക്ക് നടക്കലും സുന്നത്താണ്. ത്വവാഫില്‍ പലരും നീണ്ട ദുആകള്‍ ശബ്ദത്തില്‍ ഹാജിമാരെക്കൊണ്ട് ചൊല്ലിക്കാറുണ്ട്. ഒന്നാമതായി, അധികം പേരും തെറ്റായിട്ടാണ് ഈ ദുആകള്‍ ഉച്ചരിക്കുന്നത്. രണ്ടാമതായി, പലര്‍ക്കും അവയുടെ അര്‍ത്ഥം അറിയില്ല. മൂന്നാമതായി ഉറക്കെ ചൊല്ലുന്നത് മറ്റ് ത്വവാഫ് ചെയ്യുന്നവര്‍ക്ക് ബുദ്ധിമുട്ടാണ്.
യഥാര്‍ത്ഥത്തില്‍, റസൂലുല്ലാഹി (സ)ത്വവാഫിന് പ്രത്യേക ദുആകള്‍ ഒന്നും നിര്‍ണ്ണയിച്ചിട്ടില്ല. പ്രത്യേകിച്ചും പൊതു ഹജ്ജ് പുസ്തകങ്ങളിലുള്ള നീണ്ട ദുആകള്‍ റസൂലുല്ലാഹി (സ) ത്വവാഫില്‍ ചൊല്ലിയതായി സ്ഥിരപ്പെട്ടിട്ടില്ല. വളരെ ചെറിയ രണ്ട് ദുആകള്‍ റസൂലുല്ലാഹി (സ) ത്വവാഫില്‍ ചൊല്ലിയതായി സ്ഥിരപ്പെട്ടിട്ടുണ്ട്.
رَبنَا آتنا فِي الدُّنْيَا حَسَنَة وَفِي الْآخِرَة حَسَنَة وقنا عَذَاب النَّار
രക്ഷിതാവേ, ഞങ്ങള്‍ക്ക് ദുന്‍യാവിലും ആഖിത്തിലും നന്മ നല്‍കേണമേ, നരക ശിക്ഷയില്‍ നിന്നും ഞങ്ങളെ രക്ഷിക്കേണമേ.! 
اللهم إني أسألك العفو والعافية في الدنيا والآخرة
അല്ലാഹുവേ, പാപമോചനവും ദുന്‍യാവിലും ആഖിറത്തിലും സമാധാനവും നിന്നോട് ഞാന്‍ ഇരക്കുന്നു.
പരിശുദ്ധ ഖുര്‍ആനിലും പുണ്യ ഹദീസുകളിലും ചെറിയതും ആശയസമ്പുഷ്ടവുമായ നിരവധി ദുആകള്‍ വന്നിട്ടുണ്ട്. ദുആ പഠിക്കുന്നതും ത്വവാഫിലും ഇതര സന്ദര്‍ഭത്തിലും ദുആ ഇരക്കുന്നതും വളരെ നല്ലതാണ്. അധികം പാണ്ഡിത്യമില്ലാത്തവര്‍ ഇത്തരം ദുആകള്‍ ആശയസഹിതം പഠിച്ച് ദുആ ഇരക്കുന്നത് നല്ലതാണ്, നിര്‍ബന്ധമില്ല. ഇതര ദുആകളും ദിക്റുകളും സ്വലാത്തുകളും ത്വവാഫില്‍ ചൊല്ലാവുന്നതാണ്.
ത്വവാഫില്‍ രണ്ട് കാര്യങ്ങള്‍ ശ്രദ്ധിക്കുക: നമ്മുടെ ഈ ത്വവാഫിന് ശേഷം സഅ്യ് ചെയ്യേണ്ടതുണ്ട്. ഇത്തരം ത്വവാഫില്‍ ആദ്യത്തെ മൂന്ന് ചുറ്റലുകളില്‍ റംല് നടത്തം നടക്കേണ്ടതാണ്. യുവാക്കളെപ്പോലെ നെഞ്ച് വിരിച്ച് തോളുകള്‍ കുലുക്കി വേഗതയിലും ചുവടുകള്‍ അടുപ്പിച്ചും നടക്കുന്നതാണ് റംല്. ഈ സന്ദര്‍ഭത്തില്‍ മേല്‍മുണ്ട് വലത് തോളിന്‍റെ അടിയിലൂടെ എടുത്ത് ഇടത് തോളിന്‍റെ മീതെ ഇടേണ്ടതാണ്. ഇതിന് ഇള്തിബാഅ് എന്ന് പറയപ്പെടുന്നു. (സ്ത്രീകള്‍ ഇവ രണ്ടും ചെയ്യേണ്ടതില്ല.)
ഏഴു ചുറ്റല്‍ കഴിഞ്ഞാല്‍ മഖാമു ഇബ്റാഹീമിന്‍റെ പിന്നിലോ മസ്ജിദില്‍ എവിടെയെങ്കിലുമോ വെച്ച് രണ്ട് റക്അത്ത് നമസ്കരിക്കുക. നമസ്കാരാനന്തരം ശ്രദ്ധയോടെ ദുആ ഇരക്കുക.
ഈ രണ്ട് റക്അത്തിന് ശേഷം മുല്‍തസം (കഅ്ബാ ശരീഫയുടെ വാതിലിനും ഹജ്ര്‍ അസ്വദിനും ഇടയിലുള്ള സ്ഥലം) വരെ പോയി അതിനെ കെട്ടിപ്പുണര്‍ന്ന് ദുആ ഇരക്കുന്നത് സുന്നത്താണ്. അതിന് ശേഷം സംസം ജലം മൂന്ന് ഇറക്കുകളിലായി ബിസ്മില്ലാഹ് ചൊല്ലി കുടിക്കുക. അവസാനം അല്‍ഹംദുലില്ലാഹ് പറയുകയും ദുആ ഇരക്കുകയും ചെയ്യുക.

3. സഅ് യ് : 
ശേഷം സഅ് യ് ചെയ്യേണ്ട  സ്ഥലത്തേക്ക് പോകുക. സഫാമലയില്‍ ഒരാള്‍ പൊക്കത്തില്‍ കയറി കഅ്ബാ ശരീഫിലേക്ക് തിരിഞ്ഞുനിന്ന് ഹൃദയംഗമായി നന്നായി ദുആ ഇരക്കുക. തുടര്‍ന്ന് മര്‍വയിലേക്ക് നടന്ന് സഅ് യ് ആരംഭിക്കുക.
...
ഇതും ഇതര ദിക്ര്‍ ദുആകളും നിരന്തരം ചെയ്തുകൊണ്ടിരിക്കുക. അശ്രദ്ധയിലാകരുത്. സഅ് യില്‍ വുളൂഅ് നിര്‍ബന്ധമില്ല. പക്ഷെ നല്ലതാണ്. ഇടയില്‍ പച്ചലൈറ്റ് ഇട്ടിരിക്കുന്ന സ്ഥലത്ത് വേഗതയില്‍ നടക്കുക. മര്‍വയിലെത്തിയാല്‍ ഖിബ്ലയെ അഭിമുഖീകരിച്ചുകൊണ്ട് സമാധാനത്തോടെ ദുആ ഇരക്കുക. തുടര്‍ന്ന് സഫയിലേക്ക് നടക്കുക. ഇപ്രകാരം ഏഴ് പ്രാവശ്യം നടന്ന് ഏഴാമത്തേത് മര്‍വയില്‍ അവസാനിപ്പിക്കുക. സഅ് യിന്‍റെ ആരംഭത്തിലും അവസാനത്തിലും നല്ല നിലയില്‍ ദുആ ഇരക്കേണ്ടതാണ്.

4. മുടി നീക്കുക: 
ഉംറയുടെ അവസാന കര്‍മ്മം മുടി വടിക്കുകയോ വെട്ടുകയോ ചെയ്യലാണ്. സഅ് യ് കഴിഞ്ഞ് ബാര്‍ബര്‍ ഷോപ്പിലോ മുറിയിലോ പോയി മുടി എടുക്കുക. ഇതോടെ ഉംറ പൂര്‍ത്തിയായി.
ഇഹ്റാം നിര്‍വ്വഹിച്ചപ്പോള്‍ പ്രത്യേകം നിഷിദ്ധമായ എല്ലാ കാര്യങ്ങളും ഇനി അനുവദനീയമാണ്.
ശേഷം ദുല്‍ഹജ്ജ് 8 മുതല്‍ ഹജ്ജിന്‍റെ ദിവസങ്ങള്‍ ആരംഭിക്കുന്നതാണ്.

*നന്മ നിറഞ്ഞ ഹജ്ജ് :*
*ഒരു ലഘു വിവരണം.!*


*ദുല്‍ഹജ്ജ് 8 :*
*ഹജ്ജിന്‍റെ സുദിനങ്ങൾ ആരംഭിക്കുന്നു. ദുല്‍ഹജ്ജ് ഏഴിന് ആറ് ദിവസത്തേക്കുള്ള അത്യാവശ്യ സാധനങ്ങൾ തയ്യാറാക്കുക. ഇഹ്റാമിന്റെ കുളി കഴിഞ്ഞ് ഇഹ്റാമിന്റെ സുന്നത്തും നമസ്കരിച്ച് ഹജ്ജിന്റെ ഇഹ്റാം കെട്ടുക.*
തുടർന്ന് തൽബിയത്ത് ചൊല്ലിക്കൊണ്ട്
*മിനാ*
യിലേക്ക് തിരിക്കുക. മിനായിൽ പ്രത്യേകിച്ച് *ജോലിയൊന്നുമില്ല.* നമസ്കാരങ്ങൾ നിർവ്വഹിച്ച് ദിക്ര്‍-ദുആകളിലും വിശ്രമങ്ങളിലും ചിലവഴിക്കുക.
*ദുല്‍ഹജ്ജ് 9 :*
(2 അമലുകൾ മാത്രം)
 ഇന്നാണ് ഹജ്ജിന്‍റെ പ്രധാന ഫർളായ
*1.അറഫാത്ത്.* 
വളരെ പ്രധാനപ്പെട്ടതും അനുഗ്രഹപൂർണ്ണവുമായ ദിവസമാണിത്. സൂര്യൻ ഉദിച്ചശേഷം അറഫയിലേക്ക്. (പക്ഷെ തിരക്ക് കാരണം എട്ടിന്റെ രാത്രി തന്നെ കൊണ്ട് പോകും)
ഇന്ന് മദ്ധ്യാഹ്നം മുതൽ അസ്തമയം വരെ (ഫജ്ർ വരെയും സമയമുണ്ട്) കഴിവിന്റെ പരമാവധി ശുദ്ധിയോടെ ദിക്ര്‍-ദുആകളിൽ മുഴുകുക. അല്ലാഹുവിന്‍റെ മുമ്പാകെ കരയുകയും യാചിക്കുകയും ചെയ്യേണ്ട സമയമാണിത്. കഴിയുന്നത്ര നിന്നുകൊണ്ട് ദിക്ര്‍-ദുആകൾ ചെയ്യുക.
لآاِلاَهَ اِلاَّاللَّهُ وَحْدَهُ لاَشَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٌ
ഈ ദിക്റും ഇതര ദിക്റുകളും, ഖുർആൻ പാരായണവും, ഇസ്തിഗ്ഫാറും, സ്വലാത്തുകളും, ദുആകളും വളരെ കൂടുതലായി ചെയ്യുക. എല്ലാവർക്കും വേണ്ടി ദുആ ഇരക്കുക. നരകത്തിൽ നിന്നുമുള്ള രക്ഷയ്ക്കും ഇലാഹീ പ്രീതിക്കും യാചിക്കുക. ഇഹ-പര വിഷയങ്ങൾക്കും ദുആ ഇരക്കുക.
സൂര്യാസ്തമയത്തിനു ശേഷം
*2.മുസ്ദലിഫ*
യിലേക്ക് മടങ്ങുക. നടത്തമാണ് ഏറ്റവും നല്ലത്. മുസ്ദലിഫയിലെത്തിയാൽ ഉടൻ മഗ് രിബും ഇശായും ജംഉം ഖസ്റുമാക്കി (അനുവദിക്കപ്പെട്ടവർ) നമസ്കരിക്കുക.
അല്പം ഉറങ്ങി വിശ്രമിച്ച ശേഷം ദിക്ര്‍- ദുആകളിൽ മുഴുകുക. ഐശ്വര്യം നിറഞ്ഞ രാവാണിത്. റസൂലുല്ലാഹി ﷺ യുടെ ദുആ ഖബൂലായ സ്ഥലമാണ്.സുബ്ഹ് നമസ്കാരം ആദ്യ സമയത്ത് തന്നെ നിർവ്വഹിച്ച് വീണ്ടും ദിക്ര്‍-ദുആകളിൽ ലയിക്കുക. നേരം വെളുത്താൽ  70 കല്ലുകൾ പെറുക്കിയെടുത്ത് മിനായിലേക്ക് യാത്രയാവുക.
*ദുല്‍ഹജ്ജ് 10 :*
ഇന്ന് *4* കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ആദ്യമായി മിനായിലെ ജംറയിലെത്തി
*1.അവസാനത്തെ ജംറ (ജംറത്തുൽ അഖബ) യിൽ ഏഴ് കല്ലുകൾ എറിയണം.* 
ഓരോ കല്ലും എടുത്ത് بِسْمِ اللَّهِ اللَّهُ أَكْبَرُ
എന്നുപറഞ്ഞുകൊണ്ട് എറിയുക. കല്ല് എറിയുന്നതോടെ തൽബിയത്ത് അവസാനിക്കുന്നതാണ്. ഇനി അതിന് പകരം മറ്റ് ദിക്റുകൾ കൊണ്ട് നാവിനെ നനച്ചുകൊണ്ടിരിക്കുക.ഏറിനുശേഷം,
*2.അറവ് നിർവ്വഹിക്കുക.* 
തമത്തുഅ്, ഖിറാൻ രീതികളിൽ ഹജ്ജ് ചെയ്യുന്നവർക്ക് അറവ് നിർബന്ധമാണ്. ഇഫ്റാദ് ആയി ഹജ്ജ് ചെയ്യുന്നവർക്ക് നിർബന്ധമില്ല. തുടർന്ന്
*3.മുടി എടുക്കുക.* 
ഇതോടെ ഇഹ്റാമിൽനിന്നും ഭാഗികമായി ഒഴിവാകുന്നതാണ്. അതായത്, ഭാര്യയുമായുള്ള സംസർഗ്ഗം ഒഴിച്ചുള്ള കാര്യങ്ങളെല്ലാം അനുവദനീയമായി. പിന്നീട് കുളിച്ച് വൃത്തിയായി സാധാരണ വസ്ത്രം ധരിച്ചുകൊണ്ടോ ഇഹ്റാമിന്‍റെ തന്നെ വസ്ത്രം ധരിച്ചുകൊണ്ടോ മക്കാ മുകർമയിൽ പോയി
*4.ത്വവാഫും സഅ് യും ചെയ്യുക.*
ഇതോടെ ഇഹ്റാമിൽ നിന്നും പരിപൂർണ്ണമായി ഒഴിവായി.
(ഈ ത്വവാഫും സഅ് യും  ദുല്‍ഹജ്ജ് 10-ന് സാധിച്ചില്ലെങ്കിൽ അടുത്ത ദിവസങ്ങളിലും നടത്താവുന്നതാണ്.)
*ദുല്‍ഹജ്ജ് 11, 12, 13. :* 
വീണ്ടും മിനായിൽ തന്നെ തിരിച്ച് വരണം. *ദുല്‍ഹജ്ജ് 11, 12 രാവുകളിൽ പകുതിയിൽ കൂടുതൽ സമയം മിനായിൽ താമസിക്കണം. 
* 11, 12 ദിവസങ്ങളിലെ മദ്ധ്യാഹ്നത്തിനുശേഷം
*1, 2, 3 ജംറകളില്‍ ഏഴ് കല്ലുകൾ വീതം എറിയുക.*
13-നും കൂടി ഏറ് നടത്തുന്നതാണ് *ഉത്തമം.* അപ്പോൾ പതിമൂന്നാം രാവ് മിനായിൽ താമസിക്കണം.
ഒന്നും രണ്ടും ജംറകളിലെ ഏറിന് ശേഷം അല്പം  നീങ്ങിനിന്ന് നീണ്ടനേരം ദുആ ചെയ്യണം. ദുആ സ്വീകരിക്കപ്പെടുന്ന പ്രത്യേക സ്ഥലമാണിത്.
*മൂന്നാമത്തെ ജംറയ്ക്ക് ശേഷം ദുആയില്ല.*
12 അല്ലെങ്കിൽ 13-ന് മക്കാമുകർറമയിൽ തിരിച്ചെത്തുന്നതോടെ -അൽഹംദുലില്ലാഹ്- ഹജ്ജ് പൂർത്തിയായി. 
*അല്ലാഹു സ്വീകരിക്കട്ടെ.!*
വിടവാങ്ങൽ നേരത്തുള്ള വിടവാങ്ങൽ ത്വവാഫ് മാത്രമേ ഇനി അവശേഷിക്കുന്നുള്ളൂ. ഇനി യാത്ര തിരിക്കുന്നത് വരെയുള്ള സമയം, അല്ലാഹുവിന്‍റെ വലിയ അനുഗ്രഹമായി മനസ്സിലാക്കുക. പരിപൂർണ്ണ സന്തോഷത്തോടെ മക്കാ മുകർറമയിൽ കഴിയുക. *ത്വവാഫ്, നമസ്കാരം, ദിക്ര്‍, ദുആ മുതലായ നന്മകൾ കഴിയുന്നത്ര നിർവ്വഹിച്ച് അവിടുത്തെ അനുഗ്രഹങ്ങൾ ഇരു കരങ്ങൾ കൊണ്ടും വാരിക്കൂട്ടുക.*
🚸 *വിടവാങ്ങൽ ത്വവാഫ്:* 
ഇത് വാജിബാണ്.(മക്കയിൽ നിന്ന് 132km ദൂരമുള്ള ഏത് യാത്ര ചെയ്താലും വിടവാങ്ങൽ ത്വവാഫ് നിർബന്ധം ആകും.)
മക്കാമുകർറമയിൽ നിന്നും യാത്ര തിരിക്കുന്ന ദിവസമാകുമ്പോൾ വിടവാങ്ങലിന്‍റെ നിയ്യത്തിൽ ഒരു ത്വവാഫ് ചെയ്യണം. (ഈ സമയം ആർത്തവം ഉള്ള സ്ത്രീകൾക്ക് വിടവാങ്ങൽ ത്വവാഫ് ഇല്ല.)
ഈ അവസാന ത്വവാഫ് ചെയ്യുമ്പോൾ കഅ്ബാ ശരീഫിനോട് വിടപറയുന്ന ദുഃഖം സ്വാഭാവികമായും ഉണ്ടായിരിക്കും. അത് ഉണ്ടായിരിക്കുകയും വേണം. പ്രസ്തുത ദുഃഖം കൂടുന്നത് നല്ലതും ഈമാനിന്‍റെ അടയാളവുമാണ്. ഇതര ത്വവാഫുകൾ പോലെ ഈ ത്വവാഫും ശാന്തമായി ചെയ്യുക. തുടർന്ന് മഖാമു ഇബ്റാഹീമിന് പിന്നിലോ മറ്റെവിടെയെങ്കിലുമോ  രണ്ട് റക്അത്ത് നമസ്കരിക്കുക. നമസ്കാരാനന്തരം ഹൃദയംഗമായി ദുആ ഇരക്കുക.
സംസം പാനം ചെയ്ത് ദുആ ഇരക്കുക. മുൽതസമിലും ഹജറുൽ അസ്വദിന് അടുത്തും ദുആ ഇരക്കുക. ദുഃഖത്തോടെ അല്ലാഹുവിന്‍റെ ഭവനത്തെ അവസാനമായി നോക്കുക.
തുടർന്ന്,
ദിക്ര്‍-ദുആകൾ ചെയ്തുകൊണ്ട് പുറത്തേക്ക് ഇറങ്ങുക. വിരഹദുഃഖം കാരണം ഇന്ന് നിങ്ങൾ എത്ര കരയുന്നുവോ അത്രയും നല്ലതാണ്.
ഉംറയുടെയും,
സിയാറത്തിൻറയും കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
🌐🌐🌐💠🌐🌐🌐
⛔ *ഹജ്ജ്-ഉംറ:*
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media*
എന്ന വാട്സ്അപ് ഗ്രൂപ്പില്‍
https://chat.whatsapp.com/0rZ5jvRHI59BM6BaRZKyJl
അംഗമാവുകയോ ഞങ്ങളുടെ
*ഫേസ്ബുക്*
https://www.facebook.com/swahaba islamic foundation
അല്ലെങ്കില്‍
*ബ്ലോഗ്*
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*🌱
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...