സയ്യിദ് അഹ് മദ് ശഹീദ് (റഹ്) ന്‍റെ
വിപ്ലവകരമായ ഹജ്ജ് യാത്രാ വിവരണം.!
-മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി ഹസനി നദ് വി
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
http://swahabainfo.blogspot.com/2018/07/blog-post_28.html?spref=tw
ഇരുന്നൂറ് വര്‍ഷങ്ങള്‍ക്കു മുമ്പ് അവിഭക്ത ഇന്ത്യയില്‍ അരങ്ങേറിയ മഹത്തായ ഇസ്ലാമിക മുന്നേറ്റത്തിന്‍റ നായകനാണ് സയ്യിദ് അഹ്മദ് ശഹീദ് (റഹ്). മഹാനവര്‍കളുടെ വിപ്ലവകരമായ ഒരു ഹജ്ജ് യാത്രയുടെ വിവരണമാണിത്. കേരളവുമായി വലിയ ബന്ധമുള്ള ഈ ചരിത്രം പ്രയോജനപ്പെടുത്താന്‍ നമുക്ക് ഭാഗ്യം നല്‍കട്ടെ.! കപ്പല്‍ യാത്ര സുരക്ഷിതമല്ലെന്ന കാരണത്താല്‍ ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് ഹജ്ജ് ഫര്‍ള് ഇല്ലെന്ന് ചിലര്‍ പ്രഖ്യാപിച്ചു. ഇത് ഇന്ത്യയില്‍ വലിയ നാശമുണ്ടാക്കി. ഇതിനെതിരെ സയ്യിദും കൂട്ടരും ഇറങ്ങിത്തിരിച്ചു. ഹി: 1236 ശവ്വാല്‍ മാസം 400 പേരോടൊപ്പം സയ്യിദിന്‍റെ ജന്‍മദേശമായ ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നിന്നും യാത്ര ആരംഭിച്ചു. ആദ്യം നടന്നു നീങ്ങിയ സംഘം തുടര്‍ന്ന് കല്‍ക്കത്തയിലേക്ക് ബോട്ടില്‍ യാത്ര ചെയ്തു.
ദഅ് വത്ത് -തര്‍ബിയത്ത് - ജിഹാദുകളുടെ ആത്മാവ് നെഞ്ചിലേറ്റിക്കൊണ്ടുള്ള ഈ യാത്രാ സംഘം കടന്നു പോയ വഴി മുഴുവന്‍ പരിവര്‍ത്തനങ്ങള്‍ സ്യഷ്ടിച്ചു. സംഘങ്ങള്‍ കൂടിക്കൂടി 700 പേരായി. ഇലാഹാബാദ്, മിര്‍സാപൂര്‍ വഴി നീങ്ങിയ സംഘം ദുല്‍ഹജ്ജ് 8 ന് ബനാറസിലെത്തി. ശരിക്കും ഹജ്ജ് യാത്ര ജിഹാദിനും, ദഅ് വത്തിനും, കൂടിയുളള യാത്രയാണെന്ന് ബോധ്യപ്പെടുത്തിയ മഹാനുഭാവന്‍റെ ബനാറസ് മുതലുളള യാത്രാ വിവരണം ഇവിടെ കുറിക്കുകയാണ്..
ബനാറസില്‍ മാറ്റത്തിന്‍റെ മന്ദമാരുതന്‍
ഹിജ്രി 1236 ശവ്വാല്‍ മാസാവസാനം റായ്ബറേലിയില്‍ നിന്നും തിരിച്ച ഹാജിമാരുടെ സംഘം, ഇലാഹാബാദ്, മിര്‍സാര്‍പൂര്‍ വഴി ദുല്‍ ഹജ്ജ് 8ന് ബനാറസി (വാരണാസി) ലെത്തി. ബനാറസുമായുള്ള സയ്യിദവറുകളുടെ ബന്ധത്തിന്‍റെയും ഇസ്ലാഹി പരിശ്രമത്തിന്‍റെ ആവശ്യകതയുടെയും അടിസ്ഥാനത്തില്‍ അവിടെ ഒരു മാസം താമസിക്കാന്‍ തീരുമാനിച്ചു. ഈ താമസത്തിലൂടെ ആയിരങ്ങളില്‍ ദീനിയ്യായ പരിവര്‍ത്തനം ഉണ്ടായിത്തീര്‍ന്നു.
ഈദുല്‍ അള്ഹ ബനാറസിലായിരുന്നു. സയ്യിദവറുകള്‍ 100 മൃഗങ്ങളെ ബലി കൊടുത്തു. ആദ്യത്തെ 15 ദിവസം നല്ല മഴയായിരുന്നു. പക്ഷേ സയ്യിദ് പരിശ്രമങ്ങള്‍ കുറച്ചില്ല. ചിലപ്പോള്‍ അര്‍ദ്ധരാത്രിയിലും വെള്ളപ്പൊക്കവും ചെളിയും വകവെയ്ക്കാതെ വീടുവീടാന്തരം കയറിയിറങ്ങി ദഅ്വത്ത് നടത്തുമായിരുന്നു. ഓരോ പ്രദേശത്തും ആയിരക്കണക്കിനാളുകള്‍ സയ്യിദിനെ ബൈഅത്ത് ചെയ്തു കൊണ്ടിരുന്നു. ഒരു വീട്ടില്‍ സയ്യിദിനും കൂട്ടര്‍ക്കും സല്‍ക്കാരം നല്‍കപ്പെട്ടപ്പോള്‍, ശിഈ അനാചാരങ്ങള്‍ക്ക് അവര്‍ ഉപയോഗിച്ചിരുന്ന വടികളും കടലാസുകളും കത്തിച്ചാണ് അവര്‍ ആഹാരം പാകം ചെയ്തത്. ബനാറസില്‍ ഇംഗ്ലീഷുകാര്‍ പണിത ഒരു ആശുപത്രിയില്‍ അറുപതോളം രോഗികളുണ്ടായിരുന്നു. നാട്ടിലെ ചലനങ്ങള്‍ അറിഞ്ഞ അവര്‍ സയ്യിദിലേക്ക് ആളെ അയച്ച് ഞങ്ങള്‍ക്ക് വരാന്‍ പ്രയാസമായതിനാല്‍ അങ്ങ് ഇവിടെ വരണമെന്നപേക്ഷിച്ചു. സയ്യിദ് അവരുടെ അരികിലെത്തി. അവരെല്ലാം ബൈഅത്ത് ചെയ്തു.
ചെരുപ്പുകുത്തിയുടെ പരിവര്‍ത്തനം
ബനാറസിലെ രാജ്ഘട്ടില്‍ തലൂക്ക എന്നു പേരുള്ള ഒരു ചെരുപ്പുകുത്തിയുണ്ടായിരുന്നു. സയ്യിദ് കാരണം ബിദ്അത്തുകള്‍ വര്‍ജിച്ച മൗലവി അബ്ദുല്ലാഹ് അദ്ദേഹത്തോടു പറഞ്ഞു: തലൂക്കാ, നീ ഞങ്ങളുടെ സുഹൃത്താണ്. ഹജ്ജിന് പുറപ്പെട്ട സയ്യിദിനെ ആയിരക്കണക്കിന് ആളുകള്‍ ബൈഅത്ത് ചെയ്തു. നീയും ബൈഅത്ത് ചെയ്യുക. തലൂക്ക ചോദിച്ചു : ബൈഅത്ത് എന്നാല്‍ എന്താണ്.? മൗലവി പറഞ്ഞു : അദ്ദേഹത്തിന്‍റെ കയ്യില്‍ പിടിച്ച് കഴിഞ്ഞുപോയ തിന്‍മകളില്‍ നിന്നും പശ്ചാത്തപിക്കുകയും നന്മകള്‍ക്ക് തീരുമാനം എടുക്കുകയും ചെയ്യുക. തലൂക്ക: അത് നിങ്ങളോട് ചെയ്താല്‍ പോരേ.? മൗലവി : അല്ല, സയ്യിദിന്‍റെ കയ്യില്‍ പിടിച്ചു തന്നെ ചെയ്യുക. തലൂക്ക: ശരി തയ്യാറാണ്. പക്ഷേ സയ്യിദിനെ എന്‍റെ വീട്ടില്‍ കൊണ്ടുവരണം. മൗലവിയും സുഹൃത്തും സയ്യിദിനോട് കാര്യം പറഞ്ഞു. സയ്യിദ് ഉടനെ തയ്യാറായി. സയ്യിദ് അദ്ദേഹത്തിന്‍റെ ചെറ്റപ്പുരയില്‍ ചെന്നു. തലൂക്ക ബൈഅത്ത് ചെയ്തു. ബൈഅത്തിനു ശേഷം അയാള്‍ മൗലവിയോടു ചോദിച്ചു: സയ്യിദിന് വല്ല കൈമടക്കും കൊടുക്കണമോ.? ഇതു കേട്ട് സയ്യിദ് പ്രതിവചിച്ചു: എനിക്ക് ഇതൊന്നും ആവശ്യമില്ല. തലൂക്ക: ജനങ്ങള്‍ സാധാരണ കൊടുക്കുന്നതു കണ്ടിട്ടുണ്ട്. കീറിപ്പറിഞ്ഞ വസ്ത്രം ധരിച്ചിരുന്ന ആ സാധുവിനെ നോക്കി സയ്യിദ് പറഞ്ഞു: നിങ്ങള്‍ തന്നെ വലിയ ദുരിതത്തിലാണ്. ഞങ്ങളാണ് നിങ്ങള്‍ക്ക് തരേണ്ടത്. അദ്ദേഹം സമ്മതിച്ചില്ല. ഭാര്യയുടെ കയ്യില്‍ നിന്നും അഞ്ച് നാണയം വാങ്ങി സയ്യിദിന് നല്‍കി. സയ്യിദ് സസന്തോഷം സ്വീകരിച്ചു കൂട്ടത്തില്‍ ഒരാളെ ഏല്‍പ്പിച്ചു. ഈ പൈസ പ്രത്യേകം മാറ്റി വെയ്ക്കാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് സയ്യിദ് ദുആ ഇരന്നു. മൗലവിയോട് പറഞ്ഞു. ഇദ്ദേഹത്തിന് ദീനീ കാര്യങ്ങള്‍ പഠിപ്പിച്ചു കൊടുക്കല്‍ നിങ്ങളുടെ കടമയാണ്. ആദ്യം നമസ്കാരം പഠിപ്പിച്ച് നമസ്കരിപ്പിക്കുക.
ഇതിനിടയില്‍ തലൂക്കയോട് മൗലവി അബ്ദുല്ലാഹ് പറഞ്ഞു: തലൂക്ക, നല്ല അവസരമാണ്. ഈ പ്രദേശത്തുള്ളവരെയെല്ലാം വിളിച്ചുകൂട്ടി സയ്യിദിനോട് ബൈഅത്ത് ചെയ്യിക്കുക. അദ്ദേഹം ഉടനെ പോയി മുപ്പതോളം പേരെ ഒരുമിച്ചു കൂട്ടി. സയ്യിദിനോട് ബൈഅത്ത് ചെയ്തു, ദുആ ഇരന്നു. അവരെയും മൗലവിയെ ഏല്‍പ്പിച്ചു. സയ്യിദ് അദ്ദേഹത്തിന്‍റെ തലൂക്ക എന്ന പേര് മാറ്റി ഇലാഹീ ബഘ്ശ് എന്നാക്കി.
സയ്യിദിന്‍റെ സേവകനായ മിയാന്‍ദീന്‍ മുഹമ്മദ് വിവരിക്കുന്നു: ഞാന്‍ സയ്യിദിന്‍റെ ജിഹാദീ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ദൂതനായി ഇന്ത്യയില്‍ വന്നപ്പോള്‍ ബനാറസിലുമെത്തി. മൗലവി അബ്ദുല്ലായെ കണ്ടുമുട്ടിയപ്പോള്‍ അദ്ദേഹം ഒരു മസ്ജിദില്‍ എന്നെ കൂട്ടിക്കൊണ്ടു പോയി. അവിടെ കുറെ കുട്ടികള്‍ ഓതുന്നുണ്ടായിരുന്നു. ഒരു കുട്ടിപോയി അകത്തുനിന്നും നല്ല പൈജാമയും കുര്‍ത്തയും തലപ്പാവും അണിഞ്ഞ ഒരാളെ വിളിച്ചുകൊണ്ടുവന്നു. അദ്ദേഹം സലാം പറഞ്ഞു. ഞാന്‍ സലാം മടക്കി. ഏതോ മൗലവിയാണെന്ന് ഞാന്‍ വിചാരിച്ചു. ഇതാണ് ഇലാഹീ ബഘ്ശ്. ഞാന്‍എഴുന്നേറ്റു നിന്ന് ആലിംഗനം ചെയ്തു. അദ്ദേഹത്തോടൊപ്പം വേറെയും ചില ആളുകള്‍ ഉണ്ടായിരുന്നു. എല്ലാവരും ഇരുന്നു. തുടര്‍ന്ന് മൗലവി അബ്ദുല്ലാ അവരോട് പറഞ്ഞു. ഇദ്ദേഹത്തെ അറിയാമോ.? സയ്യിദിന്‍റെ അരികില്‍ നിന്നും വന്നതാണ്. അവരെല്ലാം സന്തോഷപൂര്‍വ്വം എഴുന്നേറ്റു നിന്നു സയ്യിദിന്‍റെ സുഖവിവരങ്ങള്‍ തിരക്കി. ഞാന്‍ കാര്യങ്ങള്‍ പറഞ്ഞു. അവരെല്ലാം സയ്യിദിനെയോര്‍ത്ത് കരഞ്ഞു. പിന്നീട് മൗലവി അബ്ദുല്ലാ എന്നോട് വിവരിച്ചു. ഈ മസ്ജിദ് ഇലാഹീ ബഘ്ശ് നിര്‍മ്മിച്ചതാണ്. ഇവിടെ 25-30 മുതഅല്ലിംകള്‍ ഖുര്‍ആന്‍ ഹിഫ്ള് ചെയ്യുന്നു. രണ്ട് ഉസ്താദുമാരുമുണ്ട്. ഇലാഹീ ബഘ്ശും ബന്ധു-മിത്രാദികളുമാണ് ഇത് നടത്തുന്നത്.
ഐക്യത്തിന്‍റെ വിശുദ്ധ പാശം
ഒരു ജുമുഅ നമസ്കാരാനന്തരം മൗലാനാ അബ്ദുല്‍ ഹയ്യ് അസ്ര്‍ വരെ പ്രഭാഷണം നടത്തി. അസ്ര്‍ കഴിഞ്ഞു ചില പ്രധാനികള്‍ സയ്യിദിനടുത്തെത്തി പറഞ്ഞു: ഈ പട്ടണത്തില്‍ ആയിരക്കണക്കിന് പ്രധാനികളുണ്ട്. അധികം പേര്‍ക്കുമിടയില്‍ വലിയ ഭിന്നതയാണ്. ദീന്‍ മുഹമ്മദ്, അല്ലാരക്കോ എന്നിവര്‍ക്കിടയിലാണ് രൂക്ഷമായ ഭിന്നത. ഇരുവരും ബിദ്അത്തിന്‍റെ വലിയ നേതാക്കളുമാണ്. താങ്കളിലൂടെ അവരില്‍ യോജിപ്പുണ്ടായി, തിന്മകളില്‍നിന്നും അകലണമെന്നും ദീനിന് ശക്തി പകരണമെന്നും ഞങ്ങള്‍ ആശിക്കുന്നു. സയ്യിദ് പറഞ്ഞു: അവരുടെ ശത്രുത വര്‍ഷങ്ങളായിട്ടുള്ളതാണ്. അവരുടെ കാര്യം നാമാരുടെയും കയ്യിലുള്ളതല്ല. അല്ലാഹു സഹായിച്ചാല്‍ വല്ലതും നടക്കും. ഞാന്‍ ഞായറാഴ്ച അവരെ കാണാന്‍ വരുന്നെന്ന് നിങ്ങള്‍ ചെന്നു പറയുക. ഞായറാഴ്ച രാവിലെ 200 പേരോടൊപ്പം സയ്യിദ് അവരുടെ മഹല്ലിലെ മസ്ജിദിലെത്തി. വിവരമറിഞ്ഞ് ആയിരക്കണക്കിനാളുകള്‍ തടിച്ചുകൂടി. സയ്യിദ് അവരെ എങ്ങനെ ഇണക്കുമെന്നറിയാന്‍ എല്ലാവരും ആകാംക്ഷാഭരിതരായി. വല്ല അനിഷ്ട സംഭവങ്ങളും ഉണ്ടായാല്‍ അമര്‍ച്ചചെയ്യാന്‍ പോലീസുകാരും അവിടെയെത്തി. സയ്യിദ് അവരിരുവരെയും വിളിച്ചു. അവര്‍ സര്‍ബത്ത് കൊടുത്തു. സയ്യിദ് അത് മാറ്റി വെച്ച് അവരോടു പറഞ്ഞു: വര്‍ഷങ്ങളായി ആരു പറഞ്ഞിട്ടും കേള്‍ക്കാതെ നിങ്ങള്‍ അകല്‍ച്ചയിലാണെന്നറിഞ്ഞു. അത് പിശാചിന്‍റെ ചതിയാണ്. ദീനിനും ദുന്‍യാവിനും പലതരം നഷ്ടങ്ങളുണ്ട്. ബന്ധം മുറിക്കലാണ് ഏറ്റവും വലിയ പാപം. അല്ലാഹു നിങ്ങള്‍ക്കു നല്‍കിയ കഴിവുകളും സമ്പത്തുകളും അവന് നന്ദിയോടെ ചെലവഴിക്കുക. വിവിധ വാക്യങ്ങളും ഉദാഹരണങ്ങളും ഉദ്ദരിച്ചുകൊണ്ട് സയ്യിദ് ഉപദേശം തുടര്‍ന്നു. സദസ്യരിലെല്ലാം അത് വലിയ പ്രതിഫലനം ഉളവാക്കി. ഉപദേശം കഴിഞ്ഞതോടെ സയ്യിദ് എഴുന്നേറ്റ് പരസ്പരം മുസാഫഹയും മുആനഖയും ചെയ്യിപ്പിച്ചു. തുടര്‍ന്ന് സദസ്യരോടു പറഞ്ഞു. വഴക്കുകാരനെന്ന് എനിക്ക് അറിയാവുന്ന രണ്ടുപേരെയാണ് ഞാന്‍ മുസാഫഹ ചെയ്യിപ്പിച്ചത്. നിങ്ങളില്‍ വേറെ ആരൊക്കെ വഴക്കുകാരാണെന്ന് എനിക്കറിയില്ല. അവരും സ്വയം എഴുന്നേറ്റ് മറ്റുള്ളവരെ മുസാഫഹ ചെയ്യുക. ഉടനെ അവരെല്ലാം എഴുന്നേറ്റ് പരസ്പരം ഹസ്തദാനവും ആലിംഗനവും നടത്തി. ഇതു കണ്ടവരെല്ലാം അത്ഭുതപ്പെട്ടുപോയി.
ദീന്‍ മുഹമ്മദ്, സയ്യിദിനെയും കൂട്ടരെയും സല്‍ക്കാരത്തിനു ക്ഷണിച്ചു. സയ്യിദ് അടുത്തിണങ്ങിയവരെയും ക്ഷണിക്കാന്‍ നിര്‍ദേശിച്ചു. വീട്ടിലാകെ ധാരാളം അനിസ്ലാമിക ചിഹ്നങ്ങള്‍ ഉണ്ടായിരുന്നു. സയ്യിദ് സ്ത്രീകള്‍ക്ക് ഉപദേശം നല്‍കി. അവരെ ബൈഅത്തും ചെയ്തു. വീട് ശുദ്ധീകരിക്കാന്‍ നിര്‍ദേശിച്ചു. അവര്‍ അതുടനെ പാലിച്ചു. ളുഹ്ര്‍ മസ്ജിദില്‍ നമസ്കരിച്ചു. മൗലാനാ അബ്ദുല്‍ ഹയ്യ് ളുഹ്ര്‍ കഴിഞ്ഞ് നസ്വീഹത്ത് നടത്തി. ആയിരക്കണക്കിനാളുകള്‍ ബൈഅത്ത് ചെയ്തു. അടുത്ത ദിവസം അല്ലാരക്കോ, സയ്യിദിനെ വീട്ടിലേക്ക് ക്ഷണിച്ചു. ബൈഅത്തിനു മുമ്പ് അദ്ദേഹം പറഞ്ഞു: സയ്യിദവര്‍കളെ, ഞങ്ങളുടെ കുടുംബത്തില്‍ ധാരാളം അനാചാരങ്ങളുണ്ട്. ഒന്നാമതായി, കുടുംബത്തില്‍ നിന്നും വിവാഹം കഴിക്കുന്നതിനെ ഞങ്ങള്‍ ന്യൂനതയായി കാണുന്നു. രണ്ടാമതായി, സ്ത്രീകള്‍ക്ക് മറയില്ല. മൂന്നാമതായി, മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച രാവില്‍ ആണുങ്ങളും പെണ്ണുങ്ങളുമെല്ലാം തടിച്ചുകൂടി ആഘോഷം നടത്താറുണ്ട്. ഇവകളിലെ തിന്മകള്‍ വിവരിച്ചുകൊണ്ട് സയ്യിദ് പ്രസ്താവിച്ചു: ഒരു മഹാനെ ബൈഅത്ത് ചെയ്താല്‍പിന്നെ ചെറുതും വലുതുമായ ഒരു പാപവും യാതൊരു കുഴപ്പവും ചെയ്യുകയില്ലെന്നതാണ് പൊതു ജനങ്ങളുടേയും നാമധാരികളായ നിരവധി പണ്ഡിത-സൂഫികളുടെയും ധാരണ. നാം എന്തു ചെയ്താലും ശൈഖ് ശുപാര്‍ശ ചെയ്ത് സ്വര്‍ഗത്തിലെത്തിക്കുമെന്ന് അവര്‍ വിചാരിക്കുന്നു. ഇത് തികച്ചും അര്‍ത്ഥ ശൂന്യമാണ്. ഖിയാമത്തില്‍ തങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്നു പോലും ശൈഖുമാര്‍ക്കറിവില്ല. എന്നല്ല ഈ ലോകത്തുള്ള പല അവസ്ഥയും അവര്‍ക്ക് അജ്ഞാതമാണ്. എന്‍റെ അവസ്ഥ തന്നെ പറയട്ടെ. എനിക്ക് എപ്പോഴാണ് വിശപ്പും ദാഹവും ഉറക്കവും വിസര്‍ജ്ജനാവശ്യവുമുണ്ടാകുന്നതെന്ന് എനിക്ക് തന്നെ അറിയില്ല. നിസാര കാര്യങ്ങളുടെ കാര്യം ഇതാണെങ്കില്‍ വലിയ വിഷയങ്ങളെക്കുറിച്ചെന്തു പറയാന്‍.? ഇവിടെതന്നെ ആരുടെയും പ്രയാസം അകറ്റാന്‍ കഴിവില്ലാത്ത ഞങ്ങള്‍ അവിടെ ആരുടെ ദുരിതം ദൂരീകരിക്കാന്‍? അതുകൊണ്ട് ദീന്‍ അനുസരിച്ച് ജീവിക്കാന്‍ തയ്യാറുള്ളവര്‍ മാത്രം ബൈഅത്ത് ചെയ്യുക. അല്ലെങ്കില്‍ ബൈഅത്ത് കൊണ്ട് ഒരു പ്രയോജനവുമില്ല. അങ്ങനെ എല്ലാവരും അതിന് തയാറായി. സയ്യിദ് അവരെ ബൈഅത്ത് ചെയ്തു.
അസീമാബാദിലേക്ക്
ഹി: 1237 മുഹറം 7-ന് ബനാറസില്‍ നിന്നും യാത്ര തിരിച്ചു. മുഹര്‍റം 19-ന് അസീമാബാദില്‍ - ഇന്നത്തെ പാറ്റ്നാ- എത്തിച്ചേര്‍ന്നു. വഴിയില്‍ ഗാസിപൂര്‍, ബലിയ, ദാനാപൂര്‍ എന്നിവിടങ്ങളില്‍ ഇറങ്ങി പ്രവര്‍ത്തിച്ചു. ആയിരങ്ങള്‍ ബൈഅത്ത് ചെയ്തു. നിരവധി വീടുകളുടെ അരികില്‍ ശീഈ അനാചാരങ്ങള്‍ക്ക് ഒരു തിണ്ണ കെട്ടപ്പെട്ടിരുന്നു. സയ്യിദ് അതിനെ മസ്ജിദാക്കാന്‍ ജനങ്ങളെ പ്രേരിപ്പിച്ചു. ജനങ്ങള്‍ അത് സ്വീകരിച്ചു. അസീമാബാദിലും ഏതാനും ദിവസം താമസിച്ചു പ്രവര്‍ത്തിച്ചു. വമ്പിച്ച പരിവര്‍ത്തനങ്ങള്‍ നടന്നു. ചില സംഭവങ്ങള്‍ ശ്രദ്ധിക്കുക:
ഒരു ദിവസം മൗലാനാ ഇലാഹീ ബഘ്ശ് എന്ന മഹാന്‍ സയ്യിദിനെ സല്‍ക്കാരത്തിനു ക്ഷണിച്ചു. തൊളളായിരത്തോളം ആളുകള്‍ അദ്ദേഹത്തിന്‍റെ വീട്ടില്‍ തടിച്ചു കൂടി. കുറച്ചു ആളുകള്‍ക്ക് കരുതിയ ഭക്ഷണം ഇത്രയും പേര്‍ക്ക് മതിയാകുന്നതെങ്ങനെയെന്ന് ചിന്തിച്ച് മൗലാനാ പരിഭ്രമിച്ചു. ബിസ്മില്ലാഹ് ചൊല്ലി ആഹാരം വിളമ്പാന്‍ സയ്യിദ് നിര്‍ദേശിച്ചു. എല്ലാവരും കഴിച്ചിട്ടും ആഹാരം ബാക്കിയായി. അത് കപ്പലില്‍ ഉള്ളവര്‍ക്ക് കൊടുത്തയച്ചു. പാറ്റ്നയിലെ ശിയാക്കള്‍ ഇംഗ്ലീഷ് ഗവര്‍ണ്ണറെ സമീപിച്ച്, സയ്യിദ് ജിഹാദിന് ഒരുങ്ങുകയാണെന്നാരോപിച്ചു. എന്നാല്‍ ഈ ആരോപണം അസൂയ കാരണമാണെന്നും ഇനി ഇതാവര്‍ത്തിക്കരുതെന്നും പറഞ്ഞ് ഗവര്‍ണ്ണര്‍ അവരെ നിരാശരാക്കി. ശിയാക്കളുടെ അനാചാരങ്ങള്‍ നശിപ്പിക്കുന്നുവെന്ന് അവര്‍ പിന്നീട് പരാതിപ്പെട്ടു. അന്വേഷിച്ച ശേഷം ഗവര്‍ണ്ണര്‍ പറഞ്ഞു.: പശ്ചാത്തപിക്കുന്നവര്‍ അവരുടെ സ്വന്തം ഇഷ്ടപ്രകാരമാണ് ചെയ്യുന്നത് സയ്യിദും കൂട്ടരും പ്രബോധകര്‍ മാത്രമാണ്.
ടിബറ്റിലേക്ക് ഒരു തബ് ലീഗ് സംഘം
അസീമാബാദില്‍ വച്ച് ഏതാനും ടിബറ്റുകാര്‍ സയ്യിദിനരുകിലെത്തി. ഹജ്ജിനെ ആഗ്രഹിച്ച അവരോട് സയ്യിദ് അവരുടെ രാജ്യകാര്യങ്ങള്‍ തിരക്കി. അവര്‍ പറഞ്ഞു. മൂന്ന് പ്രദേശങ്ങളില്‍ മുസ്ലിംകള്‍ ഭൂരിപക്ഷവും മറ്റിടങ്ങളില്‍ ന്യൂനപക്ഷവുമാണ്. നമസ്കാരവും നോമ്പും വളരെ കുറവാണ്. അനാചാരങ്ങള്‍ വളരെ വ്യാപകമാണ്. സയ്യിദ് ചോദിച്ചു: ഹജ്ജിന് ആഗ്രഹിച്ച നിങ്ങളുടെ പക്കല്‍ യാത്രാ ചെലവുണ്ടോ.? അവര്‍: അത് താങ്കള്‍ ഏറ്റെടുക്കുന്നതായി ഞങ്ങള്‍ അറിഞ്ഞല്ലോ.? സയ്യിദ്: അത് ശരി തന്നെ. അതുപാലിക്കാന്‍ ഞാന്‍ തയ്യാറാണ്. എന്നാല്‍ എനിക്ക് ഒരു അഭിപ്രായമുണ്ട്. അല്ലാഹുവിന്‍റെ തൃപ്തിയാണല്ലോ നിങ്ങളുടെ ലക്ഷ്യം. ഹജ്ജ് നിര്‍ബന്ധമില്ലാത്ത നിങ്ങള്‍ ഹജ്ജ് ചെയ്യുന്നതിനെക്കാള്‍ പലമടങ്ങ് അല്ലാഹു ഇഷ്ടപ്പെടുന്ന കാര്യം ഞാന്‍ പറഞ്ഞു തരട്ടെയോ.? അവര്‍: തീര്‍ച്ചയായും പറയുക. സയ്യിദ്: ബിസ്മില്ലാഹ് പറഞ്ഞ് എന്നെ ബൈഅത്ത് ചെയ്യുക. ഞാന്‍ അത് പറഞ്ഞു തരാം: അവര്‍ ബൈഅത്ത് ചെയ്തു. സയ്യിദ് പറഞ്ഞു: ഞാന്‍ നിങ്ങളെ നിങ്ങളുടെ രാജ്യത്തേക്ക് തന്നെ മടക്കി അയക്കുന്നു. അവിടെ പോയി ജനങ്ങള്‍ക്ക് തൗഹീദും സുന്നത്തും പഠിപ്പിക്കുക. ശിര്‍ക്ക്-ബിദ്അത്തുകളില്‍ നിന്നും രക്ഷിക്കുക. പക്ഷേ, ഒരു കാര്യം.! ജനങ്ങള്‍ നിങ്ങളെ അവിടെയും കല്ലുകൊണ്ട് എത്ര മര്‍ദിച്ചാലും നിങ്ങള്‍ ക്ഷമിക്കണം. അവരെ നാവുകൊണ്ട് പോലും നേരിടരുത്. ഇന്‍ഷാ അല്ലാഹ്. അവിടെ നല്ല മാറ്റമുണ്ടാകും. ഉപദ്രവിച്ചവര്‍ തന്നെ നിങ്ങളോട് മാപ്പിരക്കും. അവര്‍ പറഞ്ഞു: ഞങ്ങള്‍ തയ്യാറാണ് പക്ഷേ ഞങ്ങള്‍ക്ക് അറിവ് കുറവാണ്. സയ്യിദ് പ്രതിവചിച്ചു: ഒരു കുഴപ്പവുമില്ല. ഇസ്ലാം അല്ലാഹുവിന്‍റെ മതമാണ്. അല്ലാഹു നിങ്ങളെ സഹായിക്കും. നിങ്ങള്‍ കാരണം ആയിരങ്ങള്‍ സന്മാര്‍ഗം പ്രാപിക്കും. ധാരാളം കടലാസുകളില്‍ ആയത്തും ഹദീസുകളും എഴുതി അവരെ ഏല്‍പ്പിച്ചു. അവര്‍ തിരികെ യാത്രയായി.
രണ്ട് വര്‍ഷത്തിനുശേഷം ഹജ്ജ് കഴിഞ്ഞു സയ്യിദ് മടങ്ങിയപ്പോള്‍ കല്‍ക്കത്തയില്‍വെച്ച് മറ്റു ചില ടിബറ്റുകാരെ കണ്ടു മുട്ടി. സയ്യിദ് ടിബറ്റിന്‍റെ വിശേഷങ്ങള്‍ അവരോട് ചോദിച്ചു. അവര്‍ പറഞ്ഞു: നിങ്ങളെപ്പോലെ തൗഹീദ് -സുന്നത്തുകളുടെ മഹത്വവും ശിര്‍ക്ക്-ബിദ്അത്തുകളുടെ തിന്മയും വിവരിച്ചുകൊണ്ട് അവിടെയും ചില ആളുകള്‍ ചുറ്റിക്കറങ്ങുന്നുണ്ട്. അവരില്‍ മൂന്മ്പേര്‍ വളരെ മുന്‍പന്തിയിലാണ്. അവര്‍ക്ക് ധാരാളം ശിഷ്യന്മാരുണ്ട്. നിരവധി പേര്‍ അവരെ ഉപദ്രവിക്കുകയും നിന്ദിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ അവര്‍ ക്ഷമിച്ചുകൊണ്ട് മുന്നോട്ടു നീങ്ങുന്നു. ആരില്‍ നിന്നുമാണ് അവര്‍ ഇതു പഠിച്ചതെന്നറിയില്ല. സയ്യിദ് പറഞ്ഞു.: ഞങ്ങളുടെ ഹജ്ജ് യാത്രയ്ക്കുമുമ്പ് 3 സ്ത്രീകളടക്കം 9 ടിബറ്റുകാര്‍ വന്ന് ബൈഅത്ത് ചെയ്ത് ദീനീ പ്രവര്‍ത്തനങ്ങള്‍ക്ക് തീരുമാനമെടുത്തുപോയിരുന്നു. അവരുടെ പേരും വിലാസവും അറിഞ്ഞപ്പോള്‍ അവര്‍ തന്നെയാണ് അവരെന്ന് മനസിലായി.
ദീന്‍ മുഹമ്മദ് വിവരിക്കുന്നു: ഞാന്‍ അതിര്‍ത്തിയിലെ ജിഹാദീ സംഘത്തില്‍ നിന്നും ഒരാവശ്യത്തിന് ലക്നൗവില്‍ വന്നപ്പോള്‍ ടിബറ്റില്‍ നിന്നും സയ്യിദിനോട് ബൈഅത്ത് ചെയ്ത രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും ലക്നൗവില്‍ വന്നിട്ടുണ്ടെന്നറിഞ്ഞു. മൂന്നാം ദിവസം ഞാന്‍ അവരെ കണ്ടുമുട്ടി. അവര്‍ പറഞ്ഞു: സയ്യിദവര്‍കളുടെ നിര്‍ദ്ദേശാനുസരണം ഞങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ ആദ്യം ജനങ്ങള്‍ ഒന്നടങ്കം എതിര്‍ക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഞങ്ങള്‍ ക്ഷമാപൂര്‍വ്വം ഉറച്ചുനിന്നു. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ആളുകള്‍ അല്‍പാല്‍പം ഞങ്ങളുമായി അടുത്തു സത്യം സ്വീകരിച്ചു. സയ്യിദ് ഏല്‍പ്പിച്ച കുറിപ്പുകള്‍ അവിടത്തെ പണ്ഡിതന്മാരെ കാണിച്ചപ്പോള്‍ ബഹുഭൂരിഭാഗവും ഞങ്ങളെ പിന്തുണച്ചു. ചിലര്‍ എതിര്‍ത്തെങ്കിലും ആയിരക്കണക്കിനാളുകള്‍ സന്മാര്‍ഗം പ്രാപിച്ചു. പിന്നീട് ഞങ്ങള്‍ പരസ്പരം കൂടിയാലോചിച്ച് 4 പേര്‍ ചൈനയിലേക്കും 2 പേര്‍ ടിബറ്റില്‍ ഒരുഭാഗത്തേക്കും ദീനീപ്രവര്‍ത്തനത്തിന് യാത്രയായി. ഞങ്ങള്‍ 3 പേര്‍ ഇവിടേക്കും വന്നു. ഞങ്ങള്‍ക്ക് സയ്യിദിനെ കാണാന്‍ ആഗ്രഹമുണ്ട്.
കല്‍ക്കത്തയില്‍
അസീമാബാദില്‍ വമ്പിച്ച പരിവര്‍ത്തനങ്ങള്‍ക്ക് കാരണമായ ഏതാനും ദിവസത്തെ താമസത്തിനു ശേഷം മുഹര്‍റം 26-ന് അവിടെ നിന്നും പുറപ്പെട്ടു. സൂറജ്ഗഡ്, മോന്‍ഗേര്‍, മുര്‍ശിദാബാദ് എന്നിവിടങ്ങളില്‍ താമസിച്ച ശേഷം സഫര്‍-11 ന് കല്‍ക്കത്തയിലെത്തി. ഹജ്ജിന് പുറപ്പെട്ട ഈ സംഘത്തെ ഒരു നോക്ക് കാണാന്‍ വഴിയരികില്‍ മുസ്ലിംകളും അമുസ്ലിംകളും തടിച്ചുകൂടിയിരുന്നു. കല്‍ക്കത്തയില്‍ 3 മാസത്തോളം സയ്യിദും സംഘവും താമസിച്ചു. ഇതില്‍ ഓരോ ദിവസവും ദീനീ പ്രവര്‍ത്തനങ്ങളുടെ വസന്തോല്‍സവമായിരുന്നു.
ഏതാനും ചിത്രങ്ങള്‍ ഇവിടെ കാണുക:
സുബ്ഹിക്കാരംഭിക്കുന്ന പ്രഭാഷണ-ബൈഅത്തുകളുടെ പരമ്പര അര്‍ദ്ധരാത്രി വരെ നീളുക സാധാരണയായിരുന്നു. സയ്യിദിനെ കൂടാതെ പ്രഭാഷണത്തില്‍ മൗലാനാ സയ്യിദ് അബ്ദുല്‍ ഹയ്യും നല്ല പങ്ക് വഹിച്ചിരുന്നു. മുസ്ലിം നാമധാരികള്‍ യഥാര്‍ത്ഥ മുസ്ലിംകളായിക്കൊണ്ടിരുന്നത് കൂടാതെ, ദിവസവും അമുസ്ലിംകളില്‍ 10-15 പേര്‍ വീതം ഇസ്ലാം മതം സ്വീകരിക്കുമായിരുന്നു. അവര്‍ക്ക് ശിക്ഷണങ്ങള്‍ നല്‍കാന്‍ 12 പേരുടെ സംഘം സദാ സജ്ജമായിരുന്നു.
ഇസ്ലാമിക വിവാഹത്തിനു ശേഷം ഇഷ്ടപ്പെട്ട മറ്റ് സ്ത്രീകളെ സ്വന്തം വീട്ടില്‍ കൊണ്ടുവന്നു താമസിപ്പിക്കുകയും വിവാഹം കഴിക്കാതെ അവരുമായി വൈവാഹിക ജീവിതം നയിക്കുകയും ചെയ്യുന്ന പതിവ് അന്ന് ബംഗാളില്‍ വ്യാപകമായിരുന്നു. ഈ വിഷയത്തില്‍ പരിശ്രമിക്കാന്‍ ചില ഉലമാഇനെ നിശ്ചയിക്കപ്പെട്ടു. ഓരോ സദസിനും ശേഷം 50 ഉം 100 ഉം പേരെ മാറ്റിയിരുത്തി അവരുടെ അവസ്ഥ അന്വേഷിച്ചിരുന്നു. തെറ്റായ ബന്ധമുള്ളവരെ ഉടനെ നികാഹ് ചെയ്തുകൊടുത്തിരുന്നു.
മദ്യപാനികളുടെ കേന്ദ്രമായിരുന്ന കല്‍ക്കത്തയില്‍ മദ്യശാലകളില്‍ കച്ചവടമില്ലാതായി. കച്ചവടക്കാര്‍ ഇംഗ്ളീഷ് ഗവര്‍ണ്ണറെ കണ്ട് പരാതി ബോധിപ്പിച്ചു: കച്ചവടം ഒന്നുമില്ലാതെ നികുതിയടയ്ക്കാന്‍ ഞങ്ങള്‍ക്ക് പ്രയാസമുണ്ട്. ഒരു മനുഷ്യന്‍ കുറേ ആളുകളെ കൂട്ടി ഇവിടെ വന്നതുമുതല്‍ ജനങ്ങള്‍ ലഹരിയില്‍ നിന്നും പശ്ചാത്തപിച്ചു. ഇപ്പോള്‍ ഞങ്ങളുടെ കടയിലേക്ക് ആരും തിരിഞ്ഞു നോക്കുന്നുപോലുമില്ല. സയ്യിദ് കല്‍ക്കത്ത വിടുന്നതുവരെ നികുതി അടക്കേണ്ടതില്ലെന്ന് ഭരണകൂടം അവര്‍ക്ക് മറുപടി നല്‍കി.
കല്‍ക്കത്തയില്‍ സ്ത്രീകള്‍ നഗ്നത മറക്കുന്നതിലൂം പുരുഷന്മാരുമായി അകന്നുകഴിയുന്നതിലും അന്ന് വലിയ വീഴ്ച വരുത്തിയിരുന്നു. അന്യരായ ജോലിക്കാര്‍ സ്ത്രീകള്‍ക്കിടയില്‍ സ്വതന്ത്രമായി വിഹരിച്ചിരുന്നു. ഈ തിന്മയ്ക്കെതിരെ സയ്യിദ് പോരാടി. കല്‍ക്കത്തയിലെ വലിയ സമ്പന്ന വ്യാപാരിയായിരുന്ന ഇമാം ബഘ്ഷ്, സയ്യിദിനെ സല്‍ക്കാരത്തിനു ക്ഷണിച്ചു. സല്‍ക്കാരത്തിനു ശേഷം ദീനീ പ്രഭാഷണത്തിന് അദ്ദേഹം സയ്യിദിനെ അകത്തേക്ക് ക്ഷണിച്ചു. സ്ത്രീകള്‍ക്ക് മറയിടുകയെന്നദ്ദേഹം പറഞ്ഞു. അദ്ദേഹം അകത്ത് പോയി വന്നിട്ട് പറഞ്ഞു: മറയിട്ടു, അങ്ങ് വന്നാലും. സയ്യിദ് അകത്തേക്ക് പോയപ്പോള്‍ സ്ത്രീകളെല്ലാം ഉയര്‍ന്ന വസ്ത്രം ധരിച്ച് കൂടിയിരിക്കുന്നു. സയ്യിദ് ലാഹൗല ചൊല്ലി കണ്ണ് പൊത്തി പിടിച്ച് തിരികെ വന്നു. സയ്യിദ് വീട്ടുകാരെ ശാസിച്ചപ്പോളദ്ദേഹം പറഞ്ഞു. താങ്കള്‍ മറയിടുക എന്നതു കൊണ്ടു ഞാന്‍ ഇതാണുദ്ദേശിച്ചത്. ഇവിടെ പതിവ് ഇതാണ്. സയ്യിദ് പറഞ്ഞു. സ്ത്രീകളെ ഒരിടത്തിരുത്തി അതിനുമുന്നില്‍ ഒരു തുണികൊണ്ടുമറയ്ക്കാനാണ് ഞാന്‍ പറഞ്ഞത്. അദ്ദേഹം അപ്രകാരം ചെയ്തു. അവിടെ 2 ദിവസം താമസിച്ച് ഈ വിഷയത്തിലുപദേശം നടത്താന്‍ മൗലാനാ അബ്ദുല്‍ ഹയ്യിനെ സയ്യിദ് ചുമതലപ്പെടുത്തി. ഈ തിന്മയും ഇതര അനാചാരങ്ങളും മാറാന്‍ ദുആ ഇരക്കണമെന്ന് ഇമാം ബഘ്ഷ് അപേക്ഷിച്ചു. സയ്യിദ് വിനയപൂര്‍വ്വം ദുആ ഇരന്നു. അങ്ങനെ ഈ തിന്മ അവിടെയില്ലാതായി.
ഇമാം ബഘ്ശിന്‍റെ വീട്ടില്‍ സയ്യിദ് ഒരു തിണ്ണ കണ്ടു. ശിഈ അനാചാരങ്ങള്‍ക്കുള്ളതാണെന്നറിഞ് സയ്യിദ് അതൊരു മസ്ജിദാക്കാന്‍ നിര്‍ദേശിച്ചു. ഇമാം ബഘ്ശ് സമ്മതിച്ചു. മടങ്ങും നേരം ഇമാം ബഘ്ശ് സയ്യിദിനെ ഒരു തോട്ടത്തില്‍ കൂട്ടിക്കൊണ്ടു പോയി. അതില്‍ സുന്ദരമായൊരു കെട്ടിടവുമുണ്ടായിരുന്നു. സയ്യിദിനെ അതില്‍ കയറ്റിയ ശേഷം ഇമാം ബഘ്ഷ് പറഞ്ഞു. എന്‍റെ ഭാര്യയുടെ ഭാഗത്തു നിന്നും താങ്കള്‍ക്കുള്ള ഹദ്യ ആണിത്. ദയവായി സ്വീകരിച്ചാലും.! സയ്യിദ് പറഞ്ഞു. ഞാനിത് സ്വീകരിക്കുന്നു. അല്ലാഹു അവര്‍ക്ക് ഉയര്‍ന്ന കൂലി നല്‍കട്ടെ.! എന്നാല്‍ ഞാനിത് താങ്കള്‍ക്ക് ദാനം ചെയ്യുന്നു. അദ്ദേഹം അത്ഭുതപ്പെട്ടു കൊണ്ട് വീണ്ടും നിര്‍ബന്ധിച്ചു. മറ്റുള്ളവരും പ്രേരിപ്പിച്ചു. കുറഞ്ഞ പക്ഷം അത് വില്‍ക്കുകയെങ്കിലും ചെയ്യുക. 10000 രൂപ ലഭിക്കുമെന്നൊരാള്‍ പറഞ്ഞു. സയ്യിദ് പ്രസ്താവിച്ചു. ഞാന്‍ പാവപ്പെട്ട പഥികനാണ്. അല്ലാഹു എന്നും പുതിയ പാര്‍പ്പിടവും ആഹാരവും എനിക്കു നല്‍കിക്കൊണ്ടിരിക്കുന്നു. ഇതും വഹിച്ച് ഞാന്‍ എന്തു ചെയ്യാനാണ്? സയ്യിദ് അവര്‍ക്കുവേണ്ടി ദീര്‍ഘ നേരം ദുആ ചെയ്തു.
ബംഗാളിലും ആസാമിലും പരിവര്‍ത്തനങ്ങള്‍
സയ്യിദിന്‍റെ പ്രതിഫലനങ്ങള്‍ കല്‍ക്കത്തയില്‍ മാത്രം ഒതുങ്ങിയില്ല. ബംഗാളിലും അതിന്‍റെ അതിര്‍ത്തി കടന്ന് ആസാമിലും നവോത്ഥാനത്തിന്‍റെ മന്ദമാരുതന്‍ ആഞ്ഞുവീശി. അവിടങ്ങളിലും പരിവര്‍ത്തനങ്ങള്‍ ഉണ്ടായി. മുഹര്‍റം മാസത്തിലെ ശിഈ ദുരാചാരങ്ങള്‍, മഹാന്മാര്‍ക്ക് നേര്‍ച്ചനേരല്‍, ഹൈന്ദവ അന്ധ-വിശ്വാസങ്ങള്‍ മുതലായവ ഇവിടെ വ്യാപകമായിരുന്നു. സയ്യിദിന്‍റെ വിവരമറിഞ്ഞ നവഖാലി, ധാക്ക, സില്‍ഹട്ട്, ചാട്ടുഗാം, സൗധാറാം, തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ജനങ്ങള്‍ കൂട്ടം കൂട്ടമായി കല്‍ക്കത്തയിലെത്തി. സയ്യിദിന്‍റെയും കൂട്ടരുടെയും സഹവാസം അവരില്‍ വലിയമാറ്റമുണ്ടാക്കി. അവരില്‍ യോഗ്യരായവരെ പ്രത്യേകം പരിശീലിപ്പിച്ച് ആ നാടുകളിലേക്ക് പ്രബോധകരായി അയച്ചു. അങ്ങനെ ആ പ്രദേശങ്ങളിലും ദീനീ അവസ്ഥയുണ്ടായിത്തീര്‍ന്നു.
ടിപ്പു സുല്‍ത്താന്‍ ശഹീദിന്‍റെ മക്കള്‍
ഹി: 1214-ല്‍ ശഹാദത്ത് വരിച്ച ടിപ്പു സുല്‍ത്താന്‍ ശഹീദിന്‍റെ മക്കളും ചെറുമക്കളും മൈസൂറില്‍ നിന്നും നാടുവിട്ട് കല്‍ക്കത്തയില്‍ താമസിച്ചിരുന്നു. സയ്യിദിന്‍റെ മാതാ മഹനായ സയ്യിദ് അബൂസഈദുമായി ടിപ്പു കുടുംബത്തിന് വലിയ ബന്ധമായിരുന്നു. അവര്‍ സയ്യിദിനെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. മറുഭാഗത്ത് തര്‍ക്കശാസ്ത്രപരമായ അറിവില്‍ പരിധിവിട്ട് നിരീശ്വര വാദിയായി തീര്‍ന്ന മൗലവി അബ്ദുര്‍ റഹീം എന്നയാളുടെ സഹവാസം കാരണം അവരുടെ വിശ്വാസം നാശമായിരുന്നു. അല്ലാഹുവിനെയും റസൂലിനെയും നിഷേധിക്കുന്ന അവസ്ഥ വരെ അവരില്‍ സംജാദമായിരുന്നു. സയ്യിദവര്‍കള്‍ അവരെ കാണാന്‍ സന്നദ്ധനായി. മൗലാനാ അബ്ദുല്‍ ഹയ്യ്, മൗലാനാ ഇസ്മാഈല്‍ തുടങ്ങി 200-ലേറെ പേരോടൊപ്പം റബീഉല്‍ അവ്വല്‍ 30-ാം തീയതി സയ്യിദ് അവരുടെ സ്ഥലത്തേക്ക് യാത്രയായി. വഴിയില്‍ വെച്ച് മൗലവി അബ്ദുര്‍ റഹീമിനരികിലേക്ക് മൗലാനാ ഇസ്മാഈലിനെ സയ്യിദ് അയച്ചു. മൗലവിയുമായി മൗലാനാ 5 മണിക്കൂറോളം സംവദിച്ചു. ഒടുവില്‍ മൗലവി പരാജിതനായി. തുടര്‍ന്ന് സയ്യിദ് രാജകുമാരന്മാരുടെ സ്ഥലത്തേക്ക് കടന്നു. ഉസ്താദിന്‍റെ പരാജയ വിവരമറിഞ്ഞ് മൂത്തമകന്‍ സയ്യിദിനെ സ്വീകരിക്കാതെ വീടിന്‍റെ വാതിലടച്ചു.
വഴികാട്ടി മുഹമ്മദ് ഖാസിം, സയ്യിദിനെ മറ്റൊരു വീട്ടില്‍ കൊണ്ടിരുത്തി. അവിടേക്ക് രാജകുമാരന്മാരെ ക്ഷണിച്ചു. മൂത്തയാളൊഴിച്ചുള്ളവരെല്ലാം വന്നു. സയ്യിദില്‍ ആകൃഷ്ടരായി അവരും അവരുടെ സ്ത്രീകളും ബൈഅത്ത് ചെയ്തു. സയ്യിദ് അവിടെ തന്നെ താമസിച്ചു. വഴികാട്ടി മുഹമ്മദ് ഖാസിം മൂത്തയാളെ സയ്യിദുമായി സംസാരിക്കാനും ഇഷ്ടപ്പെട്ടതുമാത്രം സ്വീകരിക്കാനും പ്രേരിപ്പിച്ചു. അദ്ദേഹം സമ്മതിച്ചു. സയ്യിദ് അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് വന്നു. സയ്യിദിനേയും 2 പേരേയും സ്വീകരിച്ചദ്ദേഹം വീട്ടിനുള്ളിലേക്ക് കൊണ്ടു പോയി. അല്ലാഹു, നബി, ഖുര്‍ആന്‍ ഇവയെ നിഷേധിച്ചു കൊണ്ട് അദ്ദേഹം അറബിയില്‍ സംസാരമാരംഭിച്ചു.സയ്യിദ് പറഞ്ഞു. ഇതും പ്രകടനമാണ്. നിങ്ങള്‍ക്ക് അറബിയും ഫാരിസിയും വശമുണ്ടെന്ന് ഞങ്ങള്‍ സമ്മതിക്കുന്നു. മാതൃഭാഷയില്‍ സംസാരിക്കുക. അദ്ദേഹം ഉര്‍ദുവില്‍ താര്‍ക്കിക ശൈലിയില്‍ സംസാരിച്ചു. മൗലാനാ ഇസ്മാഈല്‍ പറയുന്നു: എന്നോട് മറുപടി പറയാന്‍ സയ്യിദ് നിര്‍ദേശിക്കുമെന്ന് ഞാന്‍ കരുതി. പക്ഷേ സയ്യിദ് താര്‍ക്കിക ശൈലി സ്വീകരിക്കാതെ കൊച്ചു കുട്ടികളോട് സംസാരിക്കുന്നതുപോലെ അദ്ദേഹത്തോട് സംസാരിച്ചു തുടങ്ങി. അല്പനേരത്തിനുള്ളില്‍ അദ്ദേഹം സയ്യിദില്‍ ആകൃഷ്ടനായി. പക്ഷേ അദ്ദേഹം ബൈഅത്ത് ചെയ്തില്ല. പിന്നീട് സയ്യിദിനെ മുഹമ്മദ് ഖാസിം ടിപ്പുവിന്‍റെ മകളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ജ്യേഷ്ഠന്‍റെ വിവരം അറിഞ്ഞ അവര്‍ വലിയ സന്തോഷം പ്രകടിപ്പിച്ചു. അവരും മറ്റു സ്ത്രീകളും സയ്യിദിനെ ബൈഅത്ത് ചെയ്തു. ഏതാനും ദിവസം കഴിഞ്ഞ് മുഹമ്മദ് ഖാസിം വന്ന് പറഞ്ഞു. നാളെ മൂത്തയാളുടെ വീട്ടിലേക്ക് അങ്ങയും കൂട്ടത്തിലുള്ളവരെയും സര്‍ക്കാരത്തിന് ക്ഷണിച്ചിരിക്കുന്നു. സയ്യിദ് ക്ഷണം സ്വീകരിച്ച് 300 പേരോടൊപ്പം പോയി. സഹോദരങ്ങളെല്ലാം സയ്യിദിനെ സ്വീകരിച്ചാനയിച്ചു. മൂത്തയാളും സ്ത്രീകളും സയ്യിദിനെ ബൈഅത്ത് ചെയ്തു. ളുഹ്ര്‍ കഴിഞ്ഞ് സയ്യിദ് ഇരുന്നു കൊണ്ടൊരു നസ്വീഹത്ത് നടത്തി. രാജകുമാരന്മാര്‍ പറഞ്ഞു: സയ്യിദവര്‍കളെ, ഇന്ന് ഞങ്ങള്‍ പുതു മുസ്ലിംകളാണ്. ഇസ്ലാമിന്‍റെ മഹത്വം ഇന്നാണ് ഞങ്ങള്‍ മനസ്സിലാക്കിയത്. ജീവിതാവസാനം വരെ ഇതില്‍ ഉറച്ചു നില്‍ക്കാന്‍ അങ്ങ് ദുആ ചെയ്താലും. സയ്യിദ് വളരെ വിനയ-വണക്കത്തോടെ ദുആ ഇരന്നു. മൗലവി അബ്ദുര്‍ റഹീമിനെ ഇനിമേല്‍ വീട്ടില്‍ കയറ്റരുതെന്ന് അവര്‍ സേവകര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ധര്‍മ്മിഷ്ഠനായ ദരിദ്രന്‍
സയ്യിദിന്‍റെ പക്കല്‍ ഒന്നുമില്ലായിരുന്നു. പക്ഷെ ജനങ്ങള്‍ വന്ന് സയ്യിദിനോട് ഓരോ ആവശ്യങ്ങള്‍ പറഞ്ഞിരുന്നു. മക്കളുടെ കല്യാണം, കടഭാരം, മസ്ജിദ് നിര്‍മാണം, കിണര്‍ കുഴിക്കല്‍ ഇങ്ങനെ പല ആവശ്യങ്ങള്‍ക്കും പലരും സഹായം ചോദിച്ചിരുന്നു. എന്നാല്‍ സയ്യിദ് ആരെയും നിരാശപ്പെടുത്തിയിരുന്നില്ല. ആവശ്യക്കാരെ സഹായിക്കാന്‍ സയ്യിദ് അബ്ദുല്‍ലത്തീഫ് എന്ന കച്ചവടക്കാരനെ ചുമതലപ്പെടുത്തിയിരുന്നു. ആവശ്യവുമായി വരുന്നവരെ അദ്ദേഹത്തിലേക്ക് വിട്ടിരുന്നു. കല്‍ക്കത്തയില്‍ മാത്രം അദ്ദേഹം 10000 രൂപ ആവശ്യക്കാര്‍ക്ക് നല്‍കുകയുണ്ടായി. സയ്യിദ് അഹമ്മദ് ബാഗ്ദാദി, സയ്യിദിനോട് വിമര്‍ശനരൂപത്തില്‍ ചോദിച്ചു: താങ്കളൊരു വലിയ സംഘത്തോടൊപ്പം ഹജ്ജിന് പോകുന്നതായി ഞാനറിഞ്ഞു. ഇതു ശരിയല്ല. ഇത്രയും ആളുകളുടെ യാത്രാചെലവ് ആര് ചെലവഴിക്കാനാണ്. സയ്യിദ് പ്രതിവചിച്ചു: ഞാന്‍ താങ്കളോട് ചോദിക്കട്ടെ.? 2000 പേരെ ഇംഗ്ലീഷ് ഭരണകൂടം ഹജ്ജിനോ മറ്റോ കൊണ്ടു പോകാമെന്ന് വാക്കുപറഞ്ഞാല്‍ നിങ്ങള്‍ക്ക് വിശ്വാസം വരുമോ.? അദ്ദേഹം 2000 അല്ല 5000 പേരെക്കുറിച്ച് പറഞ്ഞാലും ഞാന്‍ വിശ്വസിക്കും. അവര്‍ക്ക് അതിന് കഴിവുണ്ട്. സയ്യിദ് അരുളി: സുബ്ഹാനല്ലാഹ്.! അല്ലാഹുവിന്‍റെ സഹായത്തിലേക്ക് ആവശ്യക്കാരായ ഇംഗ്ലീഷുകാര്‍ക്ക് 5000 പേരെ ഇഷ്ടമുള്ളിടത്ത് കൊണ്ടു പോകാന്‍ കഴിയും. സര്‍വ്വലോക പരിപാലകനായ അല്ലാഹുവിന് ഞങ്ങള്‍ എഴുന്നൂറ് സാധുക്കളെ മക്കയിലെത്തിക്കാന്‍ കഴിവില്ലെന്നോ.? ഇന്‍ഷാ അല്ലാഹ്, ഞങ്ങള്‍ കപ്പല്‍ കൂലി കൊടുത്തുതന്നെ പോയി ഹജ്ജ് ചെയ്ത് സുഖമായി തിരിച്ചു വരും. നിങ്ങള്‍ ഇവിടെ തന്നെ ഇരിക്കുന്നതാണ്. അതുപോലെ തന്നെ സംഭവിച്ചു. ഒരുഭാഗത്ത് സയ്യിദ് അവര്‍കള്‍ തികഞ്ഞ തവക്കുല്‍ (അല്ലാഹുവില്‍ ഭരമേല്‍പ്പിക്കല്‍) മുറുകെ പിടിച്ചപ്പോള്‍ മറുഭാഗത്ത് സമ്പന്നരായ ജനങ്ങള്‍ സേവന-സഹായങ്ങളില്‍ മത്സരിച്ചു. പണം, ആഹാരം, വസ്ത്രം, വാഹനം, ഇവകളും കൊണ്ട് സമ്പന്നര്‍ സയ്യിദിനെ സമീപിക്കുകയും സ്വീകരിക്കണമെന്നപേക്ഷിക്കുകയും ചെയ്തുകൊണ്ടിരുന്നു.
യാത്രക്കുള്ള ഒരുക്കങ്ങള്‍
കല്‍ക്കത്തയില്‍ നിന്നും യാത്രക്കുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. 11 കപ്പലുകള്‍ വാടകയ്ക്കെടുത്തു. ഓരോന്നിനും 12000 രൂപയായിരുന്നു വാടക. ഓരോ കപ്പലിനും ഓരോ അമീര്‍മാര്‍ നിശ്ചയിക്കപ്പെട്ടു. ആവശ്യ വസ്തുക്കള്‍ വാങ്ങി കപ്പലില്‍ കയറ്റി. സ്ത്രീകള്‍ക്ക് യാത്ര ചെയ്യാന്‍ 3 കപ്പലുകളുടെ താഴ്ഭാഗം ഒരുക്കി. തയ്യാറെടുപ്പുകള്‍ക്കുശേഷം സയ്യിദ് നിരീക്ഷണത്തിനു വന്നു. നിരീക്ഷണത്തിനു ശേഷം പറഞ്ഞു: ഇതു കാണാന്‍ അവസരം നല്‍കിയ അല്ലാഹുവിന് സ്തുതി. തുടര്‍ന്നു കപ്പിത്താന്മാരെ ഉപദേശിച്ചു: യാത്രക്കാര്‍ക്ക് സന്തോഷവും സമാധാനവും ഉണ്ടാക്കും വിധം കപ്പലോടിക്കണം. ഇന്‍ഷാ അല്ലാഹ്, വളരെ എളുപ്പത്തില്‍ നാം ജിദ്ദയിലെത്തും. അപകടമൊന്നുമുണ്ടാകില്ല. നിങ്ങളുടെ സേവനം നിങ്ങള്‍ക്ക് ദുന്‍യാവിലും ആഖിറത്തിലും നേട്ടത്തിന് കാരണമാണ്. വല്ല പ്രശ്നവുമുണ്ടായാല്‍ ഹാജിമാരെക്കൊണ്ട് നിങ്ങള്‍ ദുആ ചെയ്യിക്കണം.
യാത്രയുടെ തുടക്കം
ജമാദുല്‍ ഊലാ മാസം തുടക്കത്തില്‍ യാത്ര തുടങ്ങാന്‍ തീരുമാനിച്ചു. സയ്യിദ് ളുഹ്ര്‍ നമസ്കാരാനന്തരം നീണ്ട ഉപദേശത്തിലൂടെ പരസ്പരം ഐക്യത്തിനും ഗുണകാംക്ഷയ്ക്കും പ്രേരിപ്പിച്ചു. അവസാനം പ്രസ്താവിച്ചു: സയ്യിദ് അഹ്മദിന് വല്ല കഴിവുമുണ്ടെന്ന് പറയുന്നവന്‍ കള്ളനാണ്. എന്‍റെ നിയന്ത്രണത്തില്‍ ഒന്നുമില്ല. ധാരാളം ആളുകള്‍ക്ക് ഗുണമുണ്ടാകാന്‍ ഞാന്‍ ആഗ്രഹിച്ചു. അവര്‍ക്ക് എന്നെക്കൊണ്ട് ഒരുഗുണവും ഉണ്ടായിട്ടില്ല. ഇവരെക്കുറിച്ച് ഞാന്‍ ഓര്‍ത്തിട്ടുപോലുമില്ല. എന്നാല്‍ എന്നെക്കൊണ്ട് അവര്‍ക്ക് വലിയ ഗുണമുണ്ടായി. അവര്‍ ഉയര്‍ന്ന വലിയ്യുകളായി. എല്ലാ കാര്യങ്ങളും അല്ലാഹുവിന്‍റെ കൈകളിലാണ്. ഗുലാം ഹുസൈന്‍ എന്ന കച്ചവടക്കാരന്‍ സയ്യിദിനായി കൂടിയ ഒരു സൈനിക കപ്പല്‍ ഏര്‍പ്പാടു ചെയ്തു. സയ്യിദ് അതില്‍ യാത്ര ചെയ്തു. അറേബ്യയില്‍ എത്തിയാല്‍ അറബികള്‍ സയ്യിദിനെ വളരെയധികം ആദരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഉടനെ സയ്യിദ് പ്രതിവചിച്ചു: നിങ്ങളെന്താണ് ഈ പറയുന്നത്. അന്തസും ആദരവും അല്ലാഹുവാണ് നല്‍കുന്നത്. അത് നല്‍കാന്‍ അടിമകള്‍ക്ക് യാതൊരു അര്‍ഹതയുമില്ല. ചീഞ്ഞളിഞ്ഞ പട്ടിക്ക് തുല്യമാണീ ലോകം.
തുടര്‍ന്ന് കടല്‍ തീരത്തേക്ക് സയ്യിദും കൂട്ടരും യാത്രയായി. നാനാജാതി മതസ്ഥരായ സ്ത്രീ - പുരുഷന്മാരെക്കൊണ്ട് വഴിയാകെ നിറഞ്ഞു. കല്‍ക്കത്ത മുഴുവന്‍ സയ്യിദിനെ യാത്ര അയയ്ക്കാന്‍ തടിച്ചു കൂടി. ഇടക്കൊരു മൈതാനത്തെത്തിയപ്പോള്‍ അസ്റിന്‍റെ സമയമായി. ഒരു നദിയില്‍ നിന്നും എല്ലാവരും ദേഹശുദ്ധി വരുത്തി. ബാങ്ക് കൊടുക്കപ്പെട്ടു. ആയിരങ്ങള്‍ അണി നിരന്നു. സയ്യിദ് ഇമാമത്ത് നിന്നു. നമസ്കാരാനന്തരം ദുആ ഇരന്നു. ജനങ്ങളോട് യാത്ര ചോദിച്ചു. സാധുക്കള്‍ക്ക് 2 രൂപ വീതം നല്‍കി. ചെറിയ വള്ളത്തില്‍ കയറി കപ്പലിനരികിലേക്ക് നീങ്ങി. സയ്യിദ് ഇരുകരങ്ങളുമുയര്‍ത്തി അസ്സലാമു അലൈക്കും പറഞ്ഞു കൊണ്ടിരുന്നു. ജനങ്ങള്‍ അശ്രുകണങ്ങള്‍ ഒഴുക്കി. സലാം മടക്കി യാത്രയാക്കി. സയ്യിദും സംഘവും കല്‍ക്കത്തയില്‍ നിന്നും ജിദ്ദയിലേക്കുള്ള യാത്ര സമാരംഭിച്ചു.
കപ്പല്‍ യാത്ര
സയ്യിദ് പ്രഖ്യാപിച്ചു: ഈ യാത്രയിലെ എല്ലാ പ്രവര്‍ത്തനങ്ങളും ഇബാദത്താണ്. ഇത് യാത്രക്കാര്‍ക്ക് ആവേശം പകര്‍ന്നു. എല്ലാവരും പരസ്പരം സേവനങ്ങള്‍ അനുഷ്ഠിച്ചിരുന്നു. ചിലര്‍ ചില ഉത്തരവാദിത്തങ്ങള്‍ ഒറ്റക്കോ കൂട്ടായിട്ടോ തെരഞ്ഞെടുത്തു. ബാദല്‍ ഖാന്‍ എന്ന വ്യക്തി ദിക്റ് ചൊല്ലിക്കൊണ്ട് സമുദ്രത്തില്‍ നിന്നും വെള്ളം കോരി സദാ നിറച്ചിരുന്നു.അത് ജനങ്ങള്‍ ദേഹശുദ്ധിക്ക് ഉപയോഗിച്ചിരുന്നു. ശൈഖ് ബാഖിറും കൂട്ടരും പാചക കാര്യങ്ങള്‍ ഏറ്റെടുത്തു. സയ്യിദ് ദിവസവും സുബ്ഹി നമസ്കാരാനന്തരം ഹിസ്ബുല്‍ബഹ്ര്‍ ഓതും. തുടര്‍ന്ന് മൗലവി യൂസഫ്, സുഘ്റുഫ് സൂറത്തിന്‍റെ ആദ്യ റുകൂഅ് പാരായണം ചെയ്തു കേള്‍പ്പിക്കും. അപ്പോള്‍ സഹയാത്രികര്‍ അടുത്തുകൂടും. ഏതെങ്കിലും ആയത്തിനേയോ ഹദീസിനേയോ കുറിച്ച് ജനങ്ങള്‍ ചോദിക്കും. സയ്യിദ് മറുപടി പറഞ്ഞ് കൊണ്ടിരിക്കും. പൂര്‍വാഹ്നം ആകുന്നതു വരെ ഈ സദസ് നടക്കും. ളുഹ്റിനു മുമ്പ് ഒരു മുറിയില്‍ വിശ്രമിക്കും. ളുഹറിനു ശേഷം ജനങ്ങളുമായി കൂടിയിരുന്നു സംസാരിക്കും. സയ്യിദിന്‍റെ സഹവാസം കാരണം സംഘത്തിലൊരിക്കലും ഒരു വഴക്കുമുണ്ടായിരുന്നില്ല. വലിയ സന്തോഷത്തിലായി സമയങ്ങള്‍ കടന്നു പൊയ്ക്കൊണ്ടിരുന്നു. പകല്‍ പെരുന്നാള്‍ ദിവസവും രാത്രി ബറാഅത്ത് രാവും ആയതു പോലെ. സമുദ്രത്തില്‍ ഇളക്കമുണ്ടായിരുന്നു. ചിലര്‍ക്ക് ഛര്‍ദ്ദിയും തലകറക്കവുമുണ്ടായി.
മൗലാനാ അബ്ദുല്‍ ഹയ്യിനോട് നമസ്കാരം ജംഅ് ആക്കുന്നതിനെക്കുറിച്ച് സയ്യിദ് ചോദിച്ചു. ഹനഫി മദ്ഹബ് ഒഴിച്ചുള്ളതില്‍ ജംഅ് ചെയ്യാം എന്ന് മൗലാനാ പറഞ്ഞു. സയ്യിദ് പ്രസ്താവിച്ചു: ഇത്തരം ഘട്ടങ്ങള്‍ ആ മദ്ഹബുകള്‍ അനുഷ്ഠിക്കാം. അല്ലെങ്കില്‍ നമസ്കാരം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. അന്നുമുതല്‍ നമസ്കാരം ജംഅ് ആയി നമസ്കരിക്കപ്പെട്ടു.
ആലപ്പുഴ - കോഴിക്കോട് വഴി
കപ്പല്‍ കന്യാകുമാരി മുനമ്പ് കടന്നു. ആലപ്പുഴ തീരത്തെത്തി. ഈ ഭാഗം സുഖകരമായി കടന്നതില്‍ കപ്പിത്താന്മാര്‍ വളരെ സന്തോഷം പ്രകടിപ്പിച്ചു. ആലപ്പുഴക്കടുത്തെത്തിയപ്പോള്‍ ഒരുവഞ്ചി കപ്പലിനടുത്തെത്തി.അതിലുള്ളവര്‍ കപ്പലില്‍ കയറി സയ്യിദിനരികിലെത്തിപ്പറഞ്ഞു: മറ്റു കപ്പല്‍ യാത്രികരില്‍ നിന്നും അങ്ങയെക്കുറിച്ച് ഞങ്ങള്‍ അറിഞ്ഞ് വന്നതാണ്. ഞങ്ങളുടെ നാട്ടുകാര്‍ അങ്ങയെക്കാണാന്‍ കൊതിക്കുന്നു. അവര്‍ ഞങ്ങളെ അയച്ചതാണ്. അങ്ങ് വന്നാലും. സയ്യിദ് പറഞ്ഞു: ഞാന്‍ നാളെ വരാം. സയ്യിദ് അവരെ ആഹാരം കഴിപ്പിച്ചു. ശുദ്ധജലം നിറച്ചുകൊണ്ടു വരാന്‍ ഒരാളെ അവരുടെ കൂട്ടത്തിലയച്ചു. രണ്ടാം ദിവസം സയ്യിദ് ആലപ്പുഴയിലിറങ്ങി. അവിടെ 2 ദിവസം താമസിച്ചു, നാട്ടുകാര്‍ സയ്യിദിനെ ബൈഅത്ത് ചെയ്തു. അക്കാലത്ത് അവിടെയുള്ള സ്ത്രീകള്‍ നഗ്നത മറച്ചിരുന്നില്ല. യാത്രാ നേരത്ത് സ്ത്രീ പുരുഷന്മാരെല്ലാം തടിച്ചുകൂടി. സയ്യിദ് അവിടെ നിന്നും ഓടിയാണ് വഞ്ചിയില്‍ കയറിയത്. കോഴിക്കോടും സയ്യിദിറങ്ങി. അവിടെ നഗര മധ്യത്തില്‍ ഒരു കുളവും അതിനരികില്‍ 4 നിലയുള്ള ഒരു മസ്ജിദുമുണ്ടായിരുന്നു. സയ്യിദ് അവിടെ താമസിച്ചു. പലരും സയ്യിദിനെ ബൈഅത്ത് ചെയ്തു. കോഴിക്കോടു നിന്നും തിരിച്ച് മദീനീ, അഗത്തി, സകൂത്തറ, ദ്വീപുകളിലൂടെ അദനില്‍ എത്തിച്ചേര്‍ന്നു.
അറേബ്യയിലേക്ക്
അദ്നിലെ പര്‍വ്വതം സയ്യിദിനെ അത്യധികം സന്തോഷിപ്പിച്ചു. അല്ലാഹു അറേബ്യന്‍ രാഷ്ട്രം കാണിച്ചതിന് നന്ദി രേഖപ്പെടുത്തി. അവിടെയിറങ്ങിയ ഉടനെ സയ്യിദും കൂട്ടരും 2 റക്അത്ത് ശുക്ര്‍ നമസ്കരിച്ചു. അന്നവിടെ കഠിന ചൂടായിരുന്നു. ശുദ്ധ ജലമോ തണല്‍മരങ്ങളോ അവിടെയില്ലായിരുന്നു. 2-3 ഒട്ടകങ്ങളെ കിട്ടിയാല്‍ അതില്‍കയറി പോകാമായിരുന്നുവെന്ന് സയ്യിദ് പറഞ്ഞു. വിജനമായ ഈ സ്ഥലത്ത് ഒട്ടകം എവിടെ കിട്ടാനാണെന്ന് ജനങ്ങള്‍ പ്രതികരിച്ചു. ഏഴ് പ്രാവശ്യം ഫാത്തിഹ ഓതാന്‍ നിര്‍ദേശിച്ചു. ഏഴാം പ്രാവശ്യം മലഞ്ചെരുവില്‍ 4 ഒട്ടകങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ഒട്ടകക്കാര്‍ അടുത്തെത്തി. ഒട്ടകം കൂലിക്ക് തരാമോ എന്ന് സയ്യിദ് ചോദിച്ചു. അവര്‍ അതില്‍ കയറാന്‍ പറഞ്ഞു. സയ്യിദും കൂട്ടരൂം പട്ടണത്തിലെത്തി. ആഹാരം കഴിഞ്ഞ് കൂലി കൊടുക്കാന്‍ ഒട്ടകക്കാരെ തിരക്കി. എത്ര അന്വേഷിച്ചിട്ടും അവരെ അവിടെ എവിടെയും കണ്ടില്ല.
അദ്ന്‍ പട്ടണത്തില്‍ സയ്യിദ് താമസിച്ചു. രണ്ടാം ദിവസം അവിടെനിന്നും പുറപ്പെട്ടു. 7 ദിവസം കഴിഞ്ഞപ്പോള്‍ കപ്പിത്താന്‍ പറഞ്ഞു. ബാബുന്നദ്വ എന്ന സ്ഥലമാണ്. ഇവിടെ സമുദ്രത്തിനു നടുവില്‍ ഒരു പര്‍വ്വതമുണ്ട്. അതില്‍ തട്ടിയാല്‍ വലിയ അപകടമാണ്. സയ്യിദും കൂട്ടരും ദുആയില്‍ മുഴുകി. അല്ലാഹുവിന്‍റെ സഹായത്താല്‍ സസുഖം അതു മുറിച്ചു കടന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സയ്യിദ് വളരെ ദിക്ര്‍, ഫിക്റുകളിലായി കാണപ്പെട്ടു. സയ്യിദ് സൈനുലാബ്ദീന്‍ വിവരിക്കുന്നു: ഒരു ദിവസം സയ്യിദ് കപ്പലിന്‍റെ മുകളില്‍ കടലിനെ നോക്കിക്കൊണ്ടു നില്‍ക്കുകയായിരുന്നു. കടലിനെ നോക്കിക്കൊണ്ട് സയ്യിദ് സുബ്ഹാനല്ലാഹി വബിഹംദിഹി, ചൊല്ലിക്കൊണ്ടിരുന്നു. തുടര്‍ന്ന് അല്ലാഹുവിന്‍റെ വിഷയങ്ങള്‍ വിവരിക്കുന്ന ദീവാനേ ഹാഫിസില്‍ നിന്നും കുറേ ഈരടികള്‍ പാടി. ഇരു നയനങ്ങളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ശബ്ദത്തിന് വലിയ വ്യത്യാസമുണ്ടായി. ളുഹ്ര്‍ വരെ അങ്ങനെ നിന്നു. പിന്നെ താഴെ വന്നു ഫര്‍ള് നമസ്കരിച്ചു. ആ നമസ്കാരത്തില്‍ എല്ലാവര്‍ക്കും അത്ഭുതകരമായ ആനന്ദം അനുഭവപ്പെട്ടു.
മുഘ എന്ന സ്ഥലത്ത് ഒരു മാസം താമസിക്കുവാന്‍ കപ്പിത്താന്‍ തീരുമാനിച്ചു. സാധനങ്ങളിറക്കി മസ്ജിദിനടുത്തുള്ള ഒരു വീട്ടില്‍ വാടകക്ക് താമസിച്ചു. ഈ നാട്ടുകാര്‍ നഗ്നത മറക്കാതെ പരസ്യമായി കുളിച്ചിരുന്നു. സയ്യിദിന്‍റെ സംഘത്തില്‍പ്പെട്ട ഒരാള്‍ നഗ്നത മറച്ചു കുളിച്ചപ്പോള്‍ നാട്ടുകാര്‍ ഇദ്ദേഹത്തെ പിടികൂടി ഖാദിയുടെ അരികില്‍ ഹാജരാക്കി. ഇദ്ദേഹം നമ്മുടെ കുളം നജ്സാക്കിയെന്നാരോപിച്ചു. ഖാദി ഇദ്ദേഹത്തെ വിട്ടയച്ചു. സയ്യിദിനെ ഈ ദുരാചാരം വലിയ ചിന്തയിലാഴ്ത്തി. ഇതിനിടയില്‍ അല്ലാമാ ശൗകാനിയുടെ ഒരു കിതാബ് വാങ്ങാനുള്ള ആവശ്യാര്‍തഥം മൗലാനാ അബ്ദുല്‍ ഹയ്യ് ഖാദിയെ കാണാന്‍ പോയി. ഈ അവസരം ഉപയോഗിച്ച് തുണിയില്ലാക്കുളി ഇല്ലാതാക്കാന്‍ പരിശ്രമിക്കണമെന്ന് സയ്യിദ് മൗലാനയെ ഉപദേശിച്ചു. മൗലാനയുടെ വൈജ്ഞാനിക മഹത്വത്തില്‍ ഖാദി ആകൃഷ്ടനായി. ഖാദിയോട് മൗലാന കുളിയുടെ വിഷയം പറഞ്ഞു. മൗലാനയെക്കൂട്ടി ഖാദി ഭരണാധികാരിയെ സമീപിച്ചു. ഖാദി നഗ്നത മറക്കാതെ കുളിക്കുന്നവരെ പിടികൂടാന്‍ പോലീസിനെ നിയമിക്കുകയുണ്ടായി. മുഘയില്‍ വച്ച് വഹ്ദത്തുല്‍ വുജൂദ് (സൂഫികളുടെ ഒരു തത്വ ശാസ്ത്രം) ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ച ഒരു മൗലവിയെ സയ്യിദ് ശക്തമായി ശകാരിച്ചു. ഇയാളുമായി സഹകരിക്കരുതെന്ന് സയ്യിദ് ജനങ്ങളെ ഉപദേശിച്ചു. ഒരു മാസത്തിനു ശേഷം മുഘയില്‍ നിന്നും യാത്ര തിരിച്ചു.
ഇഹ്റാം
നാലാം ദിവസം രാവിലെ അസ്റിന് യലംലമില്‍ എത്തുമെന്ന് വഴികാട്ടി അറിയിച്ചു . സയ്യിദ് ഇഹ്റാമില്‍ പ്രവേശിക്കുന്നതിന് വസ്ത്രങ്ങള്‍ ധരിച്ചു. ഉംറയുടെ നിയ്യത്ത് ചെയ്തു. ഇഹ്റാം നിര്‍വ്വഹിച്ചു. തല്‍ബിയത്ത് ചൊല്ലി വളരെ വികാരഭരിതരായി ദുആയിരന്നു.
പുണ്യ ഹിജാസില്‍
ശഅ്ബാന്‍ 23 ചൊവ്വാഴ്ച ജിദ്ദയിലിറങ്ങി. ധാരാളമാളുകള്‍ സ്വീകരിക്കാനുണ്ടായിരുന്നു. ഇതര കപ്പല്‍ സവാരിക്കാരുടെ യാത്രാ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് 5 ദിവസം ജിദ്ദയില്‍ താമസിച്ചു. ജിദ്ദയില്‍ നിന്നും മക്ക മുകര്‍റമയിലേക്ക് പുറപ്പെട്ടു. വഴിയില്‍ അല്‍പ നേരം ഹുദൈബിയയില്‍ തങ്ങി. എല്ലാവരും കൂടി വലിയ വിനയത്തോടെ ദുആയിരന്നു. ജിഹാദിന്‍റ വിഷയത്തില്‍ സയ്യിദിനെ ഹാജിമാര്‍ ബൈഅത്ത് ചെയ്തു.
ഹി: 1237 ശഅ്ബാന്‍ 29 രാവിലെ സയ്യിദ് മക്കാ മുകര്‍റമയുടെ അരികിലെത്തി. മുമ്പ് എത്തിയ സംഘങ്ങള്‍ സംസം നിറച്ച പാത്രങ്ങളുമായി സയ്യിദിനെ സ്വീകരിച്ചു. എല്ലാവരും മതിയാവോളം സംസം പാനം ചെയ്തു. ശേഷം ദീതുവായില്‍ വെച്ച് കുളിച്ചു. തുടര്‍ന്ന് മക്ക മുകര്‍റമയുടെ ഉയര്‍ന്ന ഭാഗത്തുകൂടി ജന്നത്തുല്‍ മുഅല്ലയുടെ വടക്ക് ഭാഗത്ത് നിന്നും മക്കയിലേക്ക് പ്രവേശിച്ചു. ഈ നേരം സയ്യിദിനെ വളരെ വിനയാന്വിതനായി കാണപ്പെട്ടു. ബാബുസ്സലാമിലൂടെ പുണ്യ മസ്ജിദുല്‍ ഹറമില്‍ പ്രവേശിച്ചു മത്വാഫില്‍ ഇറങ്ങി. ത്വവാഫ് ചെയ്തു. മഖാം ഇബ്റാഹീമിന് പിന്നില്‍ നമസ്കരിച്ച് ഭക്ത്യാദരപൂര്‍വ്വം ദുആയിരന്നു. സംസം കിണറിനരികില്‍ പോയി സംസം പാനം ചെയ്തു. അത് ശരീരത്തിലും ഒഴിച്ചു. കൂട്ടുകാരോടൊപ്പം സഫാ മലയിലേക്ക് പോയി. സഅ്യ് ആരംഭിച്ചു. മര്‍വ്വയില്‍ വച്ച് സഅ്യ് പൂര്‍ത്തിയാക്കി. തലമുടി വടിച്ചു. ഉംറയില്‍ നിന്നും ഒഴിവായി. ബാബുല്‍ ഉംറയുടെ അരികില്‍ തന്നെയായിരുന്നു താമസം. അടുത്ത ദിവസം റമദാനുല്‍ മുബാറക്കിന്‍റെ പിറ കാണപ്പെട്ടു.
മക്ക മുകര്‍മയിലെ റമദാന്‍
വിശുദ്ധ നാട്ടില്‍ പുണ്യമാസത്തിന്‍റെ ആരംഭമായി. ദിവസവും ളുഹ്ര്‍ മുതല്‍ അസ്ര്‍ വരെ മക്കയിലെ ഉലമാ മഹത്തുക്കള്‍ സയ്യിദിന്‍റെ സഹവാസത്തില്‍ കഴിഞ്ഞിരുന്നു. അസ്ര്‍ മുതല്‍ മഗ്രിബ് വരെ ഹറമില്‍ കഴിഞ്ഞുകൂടും. നോമ്പ് തുറന്ന് മഗ്രിബ് നമസ്കരിച്ച് ത്വവാഫ് ചെയ്ത ശേഷം താമസ സ്ഥലത്തെത്തും. അന്ന് ഹറമിലെ തറാവീഹ് നമസ്കാരത്തിനിടയില്‍ വലിയ ബഹളം കേട്ടിരുന്നു. അതുകൊണ്ട് ബഹളം ശമിച്ചതിനു ശേഷം സയ്യിദ് മത്വാഫില്‍ ഒരു മൂലയില്‍ ചെറിയ ജമാഅത്തായി തറാവീഹ് നമസ്കരിച്ചിരുന്നു. തറാവീഹില്‍ രണ്ട് ജുസുഅ് വീതം കേട്ടിരുന്നു. തറാവീഹിന് ശേഷം തന്‍ഈമിലേക്ക് പോയി. ഉംറയുടെ ഇഹ്റാം നിര്‍വ്വഹിച്ചു വരും. സമയം വിശാലമാണെങ്കിലും ത്വവാഫും സഅ്യും മുണ്ഠനവും കഴിഞ്ഞ് അത്താഴം കഴിക്കും. സമയം കുറവാണെങ്കില്‍ ത്വവാഫ് മാത്രം ചെയ്ത് അത്താഴം കഴിഞ്ഞ് സഅ്യ് നിര്‍വ്വഹിക്കും. സുബ്ഹ് നമസ്കാരാനന്തരം ഇശ്റാഖ് വരെ ത്വവാഫ് ചെയ്ത ശേഷം താമസസ്ഥലത്തേക്ക് മടങ്ങും. ളുഹ്റിനു മുമ്പ് വരെ വിശ്രമിച്ച് ളുഹ്റിന് ഹറമില്‍ വരുമായിരുന്നു. അവസാനത്തെ പത്തില്‍ ഹറമില്‍ ഇഅ്തികാഫ് അനുഷ്ഠിച്ചു. പെരുന്നാളിന്‍റെ പിറ കാണപ്പെട്ടതിനു ശേഷം താമസസ്ഥലത്തേക്ക് മടങ്ങി.
ഈദുല്‍ ഫിത്ര്‍ ദിവസം ധാരാളം ഉലമാ മഹത്തുക്കള്‍ സയ്യിദിനെ സന്ദര്‍ശിച്ചു. ഹറമിലെ ഇമാമുമാര്‍, മുഫ്തിമാര്‍, ഇതര നാട്ടുകാരായ പണ്ഡിത പടുക്കള്‍ മുതലായ നിരവധി മഹത്തുക്കള്‍ സയ്യിദിനരികില്‍ സദാ വന്നിരുന്നു. ധാരാളം മഹാന്മാര്‍ സയ്യിദിനെ ബൈഅത്ത് ചെയ്തു. ഇതിനിടയില്‍ മൗലാനാ അബ്ദുല്‍ ഹയ്യും മൗലാനാ മുഹമ്മദ് ഇസ്മാഈലും ചേര്‍ന്ന് സയ്യിദിന്‍റെ പ്രഭാഷണ സമാഹാരമായ സിറാത്തുല്‍ മുസ്ത്വഖീം അറബിയിലേക്ക് വിവര്‍ത്തനം ചെയ്തു. സയ്യിദുമായി ബൈഅത്ത് ചെയ്ത ഉലമാഅ് അതിന്‍റെ പകര്‍പ്പുകള്‍ എഴുതിയെടുത്തു.
(ഈ വിവര്‍ത്തനത്തിന്‍റെ ഒരു മക്കിയ്യ് പതിപ്പ് ടോങ്കിലെ അബ്ദുല്‍ റഹീം ഖാന്‍ മര്‍ഹൂമിന്‍റെ ലൈബ്രറിയില്‍ വച്ച് വിനീതന്‍ കണ്ടിട്ടുണ്ട്.-അല്ലാമാ നദ്വി)
ഹജ്ജ് കര്‍മ്മം
ഹി: 1237 ദുല്‍ഹജ്ജ് 8 തര്‍വിയ ദിവസം രാവിലെ സയ്യിദും കൂട്ടരും ഹതീമില്‍ വെച്ചൊരു ദുആ ചെയ്തു. എല്ലാവരുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകി. തുടര്‍ന്ന് മിനായിലേക്ക് യാത്രയായി. മസ്ജിദുല്‍ ഖൈഫിന്‍റെ കിഴക്ക് ഭാഗത്തുള്ള ഒരു തമ്പില്‍ രാപാര്‍ത്തു. പിറ്റേന്ന് സുബ്ഹ് കഴിഞ്ഞ ശേഷം അറഫാത്തിലേക്ക് തിരിച്ചു. ളുഹ്റും അസ്റും അവിടത്തെ ഇമാമിന്‍റെ പിന്നില്‍ നമസ്കരിച്ചു. ശേഷം കൂടാരത്തില്‍ വന്ന് ദിക്ര്‍-ദുആയില്‍ മുഴുകി. ഇടയ്ക്ക് ചില മഹത്തുക്കള്‍ ബൈഅത്ത് ചെയ്തു. അറഫാത്തില്‍ വച്ച് സയ്യിദിന്‍റെ ഒരു ദുആ ഇതായിരുന്നു. അല്ലാഹുവേ, നിന്‍റെ ഔദാര്യം കൊണ്ട് മാത്രം നീ ഞങ്ങള്‍ക്ക് ഹജ്ജ് ചെയ്യാന്‍ സൗഭാഗ്യം നല്‍കിയതുപോലെ ഞങ്ങളിലാരെയും ഹാജിയെന്ന പേരില്‍ പ്രസിദ്ധനാക്കരുതേ! സൂര്യാസ്തമനത്തിനു ശേഷം മുസ്ദലിഫയിലേക്ക് മടങ്ങി. രാത്രി മുസ്ദലിഫയില്‍ കഴിഞ്ഞുകൂടി. സുബ്ഹ് നമസ്കാരാനന്തരം മിനയിലേക്ക് പുറപ്പെട്ടു. മിനായിലേക്ക് ചെന്നയുടന്‍ ജംറയില്‍ ഏറ് നടത്തി. തുടര്‍ന്ന് വളരെ നേരം ദുആയില്‍ മുഴുകി. ശേഷം ഖുര്‍ബാനി നടത്തി. മുടി വടിച്ചു. ഖുര്‍ബാനിക്ക് 100 ലേറെ ആടുകള്‍ വാങ്ങിയിരുന്നു. അസ്ര്‍ കഴിഞ്ഞ് മക്കയിലേക്ക് പുറപ്പെട്ടു. വഴിയില്‍ വെച്ച് കുളിച്ചു സാധാരണ വസ്ത്രം ധരിച്ചു. ത്വവാഫും സഅ്യും നിര്‍വ്വഹിച്ച് മിനായിലേക്ക് തന്നെ മടങ്ങി. മിനായില്‍ അഖബ എന്ന ഒരു സ്ഥലമുണ്ട്. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അവിടെ വെച്ചാണ് അന്‍സ്വാരി സ്വഹാബികളെ ബൈഅത്ത് ചെയ്തത്. ഈ സ്ഥലത്തു വെച്ച് സയ്യിദും സംഘാംഗങ്ങളും ജിഹാദിന്‍റെ ബൈഅത്ത് ചെയ്തു. ദുല്‍ഹജ്ജ് 13 വരെ മിനായില്‍ കഴിഞ്ഞുകൂടി. 13-ന്‍റെ കല്ലേറ് കഴിഞ്ഞ് അസ്ര്‍ നമസ്കാരാനന്തരം മക്കാ മുകര്‍റമയിലേക്ക് യാത്ര തിരിച്ചു. തുടര്‍ന്ന് സഫര്‍ മാസം വരെ മക്കയില്‍ താമസിച്ചു.
മദീനാ ത്വയ്യിബയിലേക്ക്
ഹജ്ജ് കഴിഞ്ഞപ്പേള്‍ മദീനാ യാത്രക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി.സയ്യിദവര്‍കള്‍ യാത്രക്ക് 6 ഒട്ടകങ്ങള്‍ വാടകയ്ക്ക് വാങ്ങി. മറ്റു ചിലരും ഒട്ടകങ്ങള്‍ വാടകയ്ക്കെടുത്തു. അക്കാലത്ത് മദീനയിലേക്കുള്ള വഴി സുരക്ഷിതമല്ലായിരുന്നു. കാട്ടറബികള്‍ അക്രമിക്കാന്‍ സാധ്യതയുണ്ടായിരുന്നു. അതിനാല്‍ ആയുധധാരികളായി യാത്ര ചെയ്യാന്‍ വഴികാട്ടി പ്രേരിപ്പിച്ചു. സയ്യിദ് പ്രസ്താവിച്ചു: നാം വിശുദ്ധ ഹറമുകള്‍ സന്ദര്‍ശിക്കാന്‍ ദീര്‍ഘമായ യാത്ര ചെയ്തുവന്നവരാണ്. ഞങ്ങളുടെ ദൃഷ്ടിയില്‍ ഇവിടെ പ്രധാനികളും, സാധാരണക്കാരും, ഗ്രാമീണരും എല്ലാവരും ആദരണീയരാണ്. ഇത്രയും പറഞ്ഞ് സയ്യിദ് കയ്യിലുണ്ടായിരുന്ന ചെറിയകത്തി താഴെ വെച്ചു. തുടര്‍ന്നു പറഞ്ഞു: ആരെങ്കിലും ഈ യാത്രയില്‍ നമ്മെ അക്രമിച്ചാല്‍ നാം സാധനങ്ങള്‍ മുഴുവന്‍ അവര്‍ക്ക് കൊടുക്കും.അല്ലാഹു ആണ് തരുന്നവന്‍. അവന്‍ നമുക്ക് പകരം നല്‍കും. ഇതു കേട്ട സംഘങ്ങളെല്ലാം ആയുധങ്ങളെല്ലാം മുറിയില്‍ പൂട്ടി വെച്ചു. സഫര്‍ 5-ാം തീയതി മക്കാ മുകര്‍റമയില്‍ നിന്നും യാത്രയായി. ഘുലൈസില്‍ ജുമുഅ നമസ്കരിച്ചു. രണ്ട് സ്ഥലങ്ങളില്‍ കാട്ടറബികളുടെ ആക്രമണം ഉണ്ടായിരുന്നെങ്കിലും അധികം പ്രശ്നമൊന്നുമുണ്ടായിരുന്നില്ല. വാദിഘൈഫില്‍ നിന്നും പുറപ്പെട്ട് കുറച്ചെത്തിയപ്പോള്‍ സയ്യിദ് സഹയാത്രികരോട് നില്‍ക്കാന്‍ നിര്‍ദേശിച്ചു. സയ്യിദ് പറഞ്ഞു: ഇവിടെ മറ്റെവിടെയുമില്ലാത്ത വലിയ ഐശ്വര്യവും അനുഗ്രഹവും അനുഭവപ്പെടുന്നു. സയ്യിദ് ദീര്‍ഘനേരം അവിടെ നിന്നും ദുആ ചെയ്തു. ഗ്രാമീണരോട് തിരക്കിയപ്പോളവര്‍ പറഞ്ഞു: ഇവിടെ ശുഹദാഇനെ അടക്കപ്പെട്ടിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്. മദീനാ ത്വയ്യിബയില്‍ എത്തുന്നതിന് രണ്ട് രാത്രി മുന്‍പ് സയ്യിദിന് പനിയും തലവേദനയുമുണ്ടായി. അന്ന് രാത്രി ഉറക്കില്‍ തിരുനബി (സ), അലി (റ), ഫാത്തിമ (റ), ഹസന്‍ (റ), ഹുസൈന്‍ (റ) ഇവരെ ദര്‍ശിച്ചു. എല്ലാവരും സയ്യിദിന്‍റെ നെഞ്ചില്‍ കരം വെച്ച് ആശ്വാസ വചനങ്ങള്‍ മൊഴിഞ്ഞു. മൂന്നാം ദിവസം മഗ്രിബ് നേരം ദുല്‍ഹുലൈഫയിലെത്തി. അവിടെനിന്ന് മുന്നോട്ട് നീങ്ങിയപ്പോള്‍ റൗദത്തില്‍ മുനവ്വറ ദൂരെ നിന്നും കാണാന്‍ കഴിഞ്ഞു. എല്ലാവരിലും സ്നേഹാവേശങ്ങള്‍ അലതല്ലിയിരുന്നു. സ്വലാത്തും പ്രേമ കാവ്യങ്ങളും ഉരുവിട്ടുകൊണ്ട് അര്‍ദ്ധരാത്രിയില്‍ മദീനാ കവാടത്തിലെത്തി. അല്‍പനേരം വിശ്രമിച്ചശേഷം കുളിച്ച് വസ്ത്രങ്ങള്‍ മാറ്റി. മദീനാ ഗേറ്റ് തുറന്നപ്പോള്‍ പുണ്യ നഗരിയില്‍ പ്രവേശിച്ചു. നേരേ മസ്ജിദുന്നബവിയിലേക്ക് നീങ്ങി. ബാബുസ്സലാമില്‍ കൂടി മസ്ജിദില്‍ കടന്നു. സുബ്ഹിയും ഇശ്റാഖും കഴിഞ്ഞ് റൗദത്തുല്‍ മുനവ്വറ സന്ദര്‍ശിച്ചു.
വഫാഉല്‍ വഫാ എന്ന കിതാബിന്‍റെ രചയിതാവായ അല്ലാമാ സയ്യിദ് ഷംസുദീന്‍റെ വീട്ടിലായിരുന്നു സയ്യിദിന്‍റെ താമസം. മദീനാ ത്വയ്യിബയിലെ താമസത്തിനിടയില്‍ മസ്ജിദ് ഖുബ, മസ്ജിദ് ഖിബ്ലതൈന്‍, ജന്നത്തുല്‍ബഖീഅ് ഇവ പല പ്രാവശ്യം സന്ദര്‍ശിച്ചു. ഒരു രാത്രി മുഴുവന്‍ ദൗറാ ശരീഫയുടെ അകത്ത് താമസിച്ചു. വലിയ അനുഭൂതിയുണ്ടായി. ജന്നത്തുല്‍ ബഖീഇലെ പ്രധാന ഖബറുകളായ ഉസ്മാന്‍ (റ) പവിത്ര പത്നിമാര്‍ (റ) ഹസന്‍ (റ) ഇവരുടെ ഖബറുകള്‍ പ്രത്യേകം സിയാറത്ത് ചെയ്തു. ഒരു ദിവസം ഉഹ്ദ് മലയില്‍ പോയി. ഹംസ (റ) മുതലായ ശുഹദാഇനെ സന്ദര്‍ശിച്ചു. ഇതര ചരിത്ര സ്ഥലങ്ങളില്‍ പോയി. മദീനാ മുനവ്വറയില്‍ കൂടുതല്‍ താമസിക്കാനാഗ്രഹമുണ്ടായിരുന്നെങ്കിലും സംഘാംഗങ്ങളുടെ രോഗം കണക്കിലെടുത്ത് മക്കയിലേക്ക് മടങ്ങാന്‍ സയ്യിദ് തീരുമാനിച്ചു. അങ്ങനെ റബീഉല്‍ അവ്വല്‍ 29-ന് മക്കയിലേക്ക് തിരിച്ചു.
മക്കാ മുകര്‍റമയില്‍
ദുല്‍ഹുലൈഫയില്‍ എത്തിയപ്പോള്‍ കുളിച്ച് 2 റക്അത്ത് നമസ്കരിച്ച് ഉംറയുടെ ഇഹ്റാം നിര്‍വ്വഹിച്ചു. വാദിഫാത്തിമയില്‍ വെച്ച് വളരെ വിനയത്തോടെ ദുആയിരന്നു. ആ രാത്രിയില്‍ പ്രയാസങ്ങളൊന്നുമുണ്ടായില്ല. മക്കാ മുക്കര്‍റമയില്‍ അര്‍ദ്ധരാത്രി എത്തി. ത്വവാഫും സഅ്യും നിര്‍വ്വഹിച്ച് മുടി വടിച്ച് ഇഹ്റാമില്‍ നിന്നും വിരമിച്ചു. തുടര്‍ന്ന് മക്കയില്‍ താമസമാരംഭിച്ചു. ഇത്തവണ എന്തെങ്കിലും ദര്‍സ് നടത്താന്‍ അബ്ദുല്‍ ഹയ്യിനോടും മൗലാനാ ഇസ്മാഈലിനോടും സയ്യിദ് നിര്‍ദേശിച്ചു. മൗലാനാ അബ്ദുല്‍ ഹയ്യ് മിശ്കാത്തിന്‍റെയും മൗലാനാ ഇസ്മാഈല്‍ ഹുജ്ജത്തുല്ലാഹില്‍ ബാലിഗയും പാഠം എടുത്തു. അതിനിടയില്‍ രണ്ടാമത്തെ റമദാന്‍ മുബാറക് സമാഗതമായി. എല്ലാവരും ഇബാദത്തുകളില്‍ ആവേശത്തോടെ നിരതരായി.
മടക്കയാത്ര
റമദാന്‍ കഴിഞ്ഞ് ശവ്വാല്‍ 15-ന് മടങ്ങാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ദുല്‍ഖഅദ് ഒന്നിന് വിദാഇന്‍റെ ത്വവാഫ് ചെയ്ത് പുണ്യഗേഹത്തോട് വിടപറഞ്ഞു. വിടവാങ്ങലിന്‍റെ ദുഃഖത്താല്‍ എല്ലാവരുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകി. രണ്ടാം ദിവസം ജിദ്ദയിലെത്തി. ജിദ്ദയില്‍ നിന്ന് ഉടന്‍ പുറപ്പെട്ട് മുഘയിലിറങ്ങി. അവിടെ നിന്നും യാത്രയായി ബോംബെയിലിറങ്ങി. ബോംബെയില്‍ 18 ദിവസം താമസിച്ചു. സയ്യിദിനെക്കുറിച്ച് നേരത്തെ അറിഞ്ഞിരുന്നതുകൊണ്ട് ആയിരങ്ങള്‍ സയ്യിദിനെ ബൈഅത്ത് ചെയ്തു. 18 ദിവസത്തിനുശേഷം മുംബൈയില്‍ നിന്നും കപ്പല്‍ പുറപ്പെട്ട് ഏഴാം ദിവസം ആലപ്പുഴ തുറമുഖത്തെത്തി. സയ്യിദവിടെയിറങ്ങി പട്ടണത്തില്‍ പോയി രണ്ട് ദിവസം താമസിച്ചു. ജനങ്ങള്‍ സയ്യിദിനെ കണ്ട് അത്യധികം സന്തോഷിച്ചു. മൂന്നാം ദിവസം കല്‍ക്കത്തയിലേക്ക് തിരിച്ചു. കല്‍ക്കത്തയിലുള്ള വലിയൊരു ജനാവലി സയ്യിദിനെ സ്വീകരിക്കാന്‍ തടിച്ചുകൂടി. അതിയ്യതുര്‍ റഹ്മാന്‍ എന്ന ഒരു കപ്പലൊഴിച്ച് മറ്റെല്ലാ കപ്പലുകളും എത്തിച്ചേര്‍ന്നു. അതിയ്യത്ത് വഴി തെറ്റി കടലില്‍ തിരിഞ്ഞു. അവര്‍ക്ക് വേണ്ടി സയ്യിദ് ഖുനൂത്തും ദുആകളും നടത്തിയിരുന്നു. ഒരു മാസം കഴിഞ്ഞപ്പോള്‍ ആ കപ്പലെത്തിച്ചേര്‍ന്നു.
കല്‍ക്കത്തയില്‍ നിന്നും ബോട്ടില്‍ മുര്‍ഷിദാബാദിലേക്ക് എത്തിച്ചേര്‍ന്നു. അവിടെ ഗുലാം മുര്‍തസ എന്ന വ്യക്തി സല്‍ക്കരിച്ചു. എന്‍റെ വീടിന്‍റെ അടുത്തുള്ള ചന്തയില്‍ നിന്നും എന്‍റെ കണക്കില്‍ എന്തും വാങ്ങിക്കൊള്ളുക എന്നദ്ദേഹം ഹാജിമാരോട് പറഞ്ഞു. ഈ ഭാരം എന്തിന് ചുമക്കുന്നുവെന്ന് സയ്യിദ് ചോദിച്ചതിന് അദ്ദേഹം പറഞ്ഞു: ഞങ്ങളുടെ വീട്ടില്‍ ഒരു ഹാജി എത്തിയാല്‍ തന്നെ ഞങ്ങള്‍ക്ക് വലിയ സന്തോഷമാണ്. ഇത്രയും അധികം ഹാജിമാര്‍ എത്തിയാല്‍ ഞങ്ങള്‍ എത്ര സന്തോഷിക്കണം.?
മുര്‍ഷിദാബാദില്‍ നിന്നും മന്‍ഗോറിലിറങ്ങി. അവിടെ ജുമുഅ നമസ്കരിച്ച് അവിടെ നിന്നും ധാരാളം യുദ്ധ ആയുധങ്ങള്‍ വാങ്ങി. (ബ്രിട്ടീഷുകാര്‍ക്കെതിരില്‍ യുദ്ധം ചെയ്യുന്നതിനുവേണ്ടി.) അവിടെ വെച്ച് മൗലവി ഇനായത്ത് അലിയും കൂട്ടരും സയ്യിദുമായി സന്ധിച്ചു. മൗലവി അന്ന് താടി വടിച്ചിരുന്നു. അദ്ദേഹം സയ്യിദിനോടൊപ്പം കൂടി. സംഘാംഗങ്ങളില്‍ ചിലര്‍ ഇദ്ദേഹത്തെക്കുറിച്ച് സയ്യിദിനോട് പരാതിപ്പെട്ടപ്പോള്‍ സയ്യിദ് പറഞ്ഞു: നമ്മുടെ പഴയ സുഹൃത്തുക്കളെക്കാള്‍ ഇദ്ദേഹം മുന്‍കടക്കും. അങ്ങനെതന്നെ സംഭവിച്ചു. അവിടെ നിന്നും നാഗ്പൂര്‍ വഴി റായ്ബറേലിയിലേക്ക് യാത്രയായി. വഴിയില്‍ മഹ്മൂദാബാദിലെത്തിയപ്പോള്‍ ബോട്ട് വേറൊരു വഴിയിലേക്ക് സയ്യിദ് തിരിച്ചുവിട്ടു. ജനങ്ങള്‍ ചോദിച്ചപ്പോള്‍ സയ്യിദ് പറഞ്ഞു: ഇവിടെ അടുത്തൊരു ഗ്രാമമുണ്ട്. അവിടെയുള്ളൊരു സുഹൃത്തിന്‍റെ മണമടിക്കുന്നു. അങ്ങോട്ട് പോകുകയാണ്. വഴിയില്‍ സയ്യിദ് ഒരു അപശബ്ദം കേട്ടു. മൗലാനാ ഇസ്മാഈലിനോട് സൂറത്ത് യാസീന്‍ ഓതാന്‍ നിര്‍ദേശിച്ചു. ഓതല്‍ തുടങ്ങിയ പാടെ അപശബ്ദം നിലച്ചു.
മിര്‍സാപൂരില്‍ വെച്ച് സയ്യിദിന്‍റെ വീടിന്‍റെ അടുത്തുളള മസ്ജിദ് ശാഹ് അലമുല്ലായുടെ വഴിയില്‍ പാകാന്‍ സാധുക്കളായ അയല്‍വാസികള്‍ക്ക് വേണ്ടി ധാരാളം ആട്ടുകല്ലുകളും വാങ്ങി. ഇലഹബാദില്‍ ബോട്ടില്‍ നിന്നും ഇറങ്ങി കര മാര്‍ഗ്ഗം യാത്ര തുടര്‍ന്നു. സ്ത്രീകളെ ബോട്ടില്‍ തന്നെ യാത്ര അയച്ചു. ഇതിനിടയില്‍ സയ്യിദ് വരുന്ന വിവരം റായ്ബറേലിയില്‍ പരന്നു. അവര്‍ സയ്യിദിനെ സ്വീകരിക്കാന്‍ നാട്ടില്‍ നിന്ന് തിരിച്ചു. വഴിയില്‍ വെച്ച് ഇരു കൂട്ടരും കണ്ടുമുട്ടി. സംഘങ്ങളില്‍ പലരേയും നാട്ടുകാര്‍ തിരിച്ചറിഞ്ഞില്ല. ഒന്നുമില്ലാത്ത അവസ്ഥയില്‍ നാട്ടില്‍ നിന്ന് ഹജ്ജിന് പുറപ്പെട്ടവര്‍ നല്ല വസ്ത്രങ്ങളണിഞ്ഞ് ആരോഗ്യ ദൃഢ ഗാത്രരായി മടങ്ങി വന്നിരിക്കുന്നു. ശഅ്ബാന്‍ അവസാനത്തില്‍ സയ്യിദവര്‍കള്‍ ജന്മനാട്ടില്‍ പ്രവേശിച്ചു. വീടുകളിലേക്ക് പോകുന്നതിനു മുമ്പ് രോഗികള്‍ ഒഴിച്ചുള്ള ഹാജിമാരെ എല്ലാവരേയും മസ്ജിദ് ശാഹ് അലമുല്ലയില്‍ സയ്യിദ് ഒരുമിച്ചു കൂട്ടി. എല്ലാവരുടെയും ഇഹലോക വിജയത്തിനായി ദുആ ചെയ്തു. തുടര്‍ന്ന് സ്വന്തം വീടുകളിലേക്ക് അവര്‍ നീങ്ങി. ഇപ്രകാരം 2 വര്‍ഷവും 10 മാസവും നീണ്ടു നിന്ന മഹനീയയാത്രക്ക് പരിസമാപ്തി കുറിക്കപ്പെട്ടു.
സയ്യിദ് മുസ്തഖിം വിവരിക്കുന്നു: മടങ്ങിയെത്തിയ ശേഷം നാടിന്‍റെയും നാട്ടാരുടെയും വിവരങ്ങള്‍ സയ്യിദ് എന്നോട് തിരക്കി. ഞാന്‍ പറഞ്ഞു കഴിഞ്ഞപ്പോള്‍ സയ്യിദ് സ്തുതി കീര്‍ത്തനങ്ങളുടെ അത്ഭുതകരമായ വാക്കുകള്‍ മൊഴിഞ്ഞു. ഹജ്ജ്- ഉംറ-സിയാറത്തുകള്‍ക്ക് ഭാഗ്യം ലഭിച്ചതിനും യാത്ര സുഖകരമായതിനും അല്ലാഹുവിനെ സ്തുതിച്ചു. അവസാനം സയ്യിദ് ദുആ ഇരന്നു: അല്ലാഹുവെ, ഞങ്ങളുടെ ജീവനും സമ്പത്തും നിന്‍റെ വഴിയില്‍ നീ സ്വീകരിക്കേണമേ.! സയ്യിദ് ഇത് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഇരു നയനങ്ങളും കണ്ണുനീര്‍ പ്രവഹിക്കുന്നുണ്ടായിരുന്നു. സദസ്യരുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകി.
ഒഴിവ് കിട്ടിയാല്‍ അധ്വാനിക്കുക
നാട്ടില്‍ തിരിച്ചെത്തിയ സയ്യിദ് സുഖത്തിലേക്ക് തിരിഞ്ഞില്ല. മറിച്ച് തന്‍റെ ജീവിത ലക്ഷ്യത്തിലേക്ക് കുതിച്ചു. അതെ, ബ്രിട്ടീഷുകാര്‍ക്കെതിരില്‍ ജിഹാദിന്‍റെ വഴിത്താരയിലേക്ക്. ഈ റമദാന്‍ സയ്യിദിന്‍റെ, നാട്ടിലുള്ള അവസാന റമദാനായിരുന്നു. ഈ നാടുകളില്‍ സയ്യിദ് വീടുകള്‍ പുതുക്കിപ്പണിഞ്ഞു. പലസ്ഥലങ്ങളിലും മസ്ജിദുകള്‍ പണിതു. ബ്രിട്ടീഷുകാര്‍ക്കെതിരില്‍ ജിഹാദിനായി ജനങ്ങളെ പ്രേരിപ്പിക്കുകയും അതിന് തയ്യാറാകുന്നവര്‍ക്ക് വിശ്വാസ-കര്‍മ്മ തലങ്ങളില്‍ ശിക്ഷണ-ശീലനങ്ങള്‍ നല്‍കുകയും ചെയ്തു. തുടര്‍ന്ന് സുസജ്ജരായ ഒരു മഹാ സംഘത്തോടൊപ്പം ബ്രിട്ടീഷുകാര്‍ക്കെതിരില്‍ ജിഹാദിന് പുറപ്പെട്ടു. ഈമാന്‍റെയും ദൃഢചിത്തതയുടെയും പര്യായമായ സയ്യിദും സംഘാംഗങ്ങളില്‍ പലരും ഈ വഴിയില്‍ ശഹാദത്ത് വരിച്ചു. ഇന്ത്യയിലെ ഇസ് ലാമിക വടവൃക്ഷത്തിന്‍റെ വേരുകള്‍ ഉറയ്ക്കാന്‍ നിമിത്തമായ പ്രസ്തുത സംഭവങ്ങളും പഠിക്കാന്‍ അല്ലാഹു നമുക്ക് തൗഫീഖ് നല്‍കട്ടെ.! ആമീന്‍.
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
SWAHABA ISLAMIC FOUNDATION
Darul Uloom Al Islamiyya
Oachira, Kollam, Kerala.
+91 9961717102, 8606261616
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
സ്വഹാബാ ഫൗണ്ടേഷന്‍
വിതരണം ചെയ്യുന്ന രചനകള്‍:
തഫ്സീറുല്‍ ഹസനി (പരിശുദ്ധ ഖുര്‍ആന്‍
ആശയം, വിവരണം) : 650
രിയാളുല്‍ ഖുര്‍ആന്‍
(പരിശുദ്ധ ഖുര്‍ആന്‍ ലളിതമായ ആശയങ്ങള്‍) : 550
കാരുണ്യത്തിന്‍റെ തിരുദൂതര്‍ : 300
ഇസ് ലാമിക ശരീഅത്ത്: ഒരു പഠനം : 110
ഖുര്‍ആന്‍ താങ്കളോട് എന്ത് പറയുന്നു.? : 140
നബവീ സദസ്സുകള്‍ : 90
പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ : 180
ഇസ്ലാമിലെ നവോത്ഥാന നായകന്മാര്‍ (ഭാഗം 03) : 240
ഇലാഹീ ധ്യാനത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ : 80
മആരിഫുല്‍ ഹദീസ് ഭാഗം ഒന്ന് : 300
മആരിഫുല്‍ ഹദീസ് ഭാഗം രണ്ട് : 240
വിശ്വ നായകന്‍ : 130
പ്രവാചക പത്നിമാര്‍ : 70
പ്രവാചക പുത്രിമാര്‍ : 50
നബവീ നിമിഷങ്ങള്‍ : 25
പ്രവാചക പുഷ്പങ്ങള്‍ : 40
മദനീ ജീവിത മര്യാദകള്‍ : 45
കാരുണ്യ നബി : 20
ഇസ്ലാം എന്നാല്‍ എന്ത്.? : 80
അല്ലാഹു : 30
മുസ്ലിം ഭാര്യ : 40
നവ ദമ്പതികളോട്... (ഡോ. മുഖ്താര്‍ സാഹിബ്) : 50
ഇസ്ലാമിലെ വിവാഹം : 20
അഖീഖയും ഇതര സുന്നത്തുകളും : 15
സ്ത്രീകളും ഇസ്ലാമിക ശരീഅത്തും : 35
പരിശുദ്ധ ഖുര്‍ആന്‍ സന്ദേശം : 25
മുനാജാത്തെ മഖ്ബൂല്‍ (സ്വീകാര്യമായ
പ്രാര്‍ത്ഥനകള്‍) : 80
ദുആകളുടെ അമാനുഷിക ഫലങ്ങള്‍ : 40
ആധുനിക പ്രശ്നങ്ങളില്‍ ഫിഖ്ഹ് അക്കാദമിയുടെ
തീരുമാനങ്ങള്‍ : 60
ദീനീ പാഠങ്ങള്‍ ഒന്നാം ഭാഗം : 20
ദീനീ പാഠങ്ങള്‍ രണ്ടാം ഭാഗം : 50
രിഫാഈ ലേഖനങ്ങള്‍ : 25
ഇലാഹീ ഭവനത്തിലേക്ക് : 40
അസ്ഹാബു റസൂലില്ലാഹ് (സ്വ) : 25
സ്വഹാബാ കിറാം മാതൃകാ വ്യക്തിത്വങ്ങള്‍ : 45
ഖാദിയാനികള്‍ എന്ത് കൊണ്ട് മുസ്ലിംകളല്ല.? : 40
ശാഫിഈ മദ്ഹബ്, ഒരു ലഘുപരിചയം : 40
കാര്‍ഗുസാരി രണ്ടാം ഭാഗം : 35
മുസ്ലിം വ്യക്തി നിയമം : 30
ദൃഷ്ടി സംരക്ഷണം : 30
ഇസ്ലാമിക സ്വഭാവങ്ങള്‍ : 20
ഇസ്ലാമും മാനവ സാഹോദര്യവും : 30
മനുഷ്യത്വം മരിച്ചിട്ടില്ല : 24
വിശ്വസ്തതയും വഞ്ചനയും : 20
സ്നേഹമാണ് സന്ദേശം : 20
എന്‍റെ പഠന കാലം : 20
എന്‍റെ പ്രിയപ്പെട്ട ഉമ്മ : 20
സെല്‍ ഫോണും ഇസ്ലാമിക വിധി-വിലക്കുകളും : 15
ബുഖാറയിലൂടെ : 15
നിസാമുദ്ദീന്‍ ഔലിയ : 50
ഖുര്‍ആന്‍ പരിചയം, ഖുര്‍ആന്‍ വചനങ്ങളിലൂടെ : 50
വഴി വിളക്കുകള്‍ ഒന്നാം ഭാഗം : 50
വഴി വിളക്കുകള്‍ രണ്ടാം ഭാഗം : 50
നുബുവ്വത്തിന്‍റെ പ്രവര്‍ത്തന ശൈലി : 15
അചഞ്ചല വിശ്വാസം, നിരന്തര നന്മകള്‍,
നിഷ്കളങ്ക സ്നേഹം : 50
ഇസ്ലാമിലെ ജിഹാദ് : ഖുര്‍ആന്‍-ഹദീസുകളുടെ
വെളിച്ചത്തില്‍ : 30
മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഒരു ലഘു പരിചയം : 15
നസീഹത്തുല്‍ മുസ്ലിമീന്‍ : 20
ഖുര്‍ആന്‍ ലളിത പാരായണ നിയമങ്ങള്‍ : 25
അശ്ലീലതയ്ക്കെതിരെ... : 60
ഖുര്‍ആന്‍ ലളിതമായ ആശയ-സന്ദേശങ്ങള്‍ :
രോഗവും മരുന്നും (ഇബ്നുല്‍ ഖയ്യിം അല്‍ ജൗസി) :
ഖത്മുന്നുബുവ്വത്തും ഖാദിയാനീ ഫിത്നയും :
അല്‍ മുഹന്നദ് അലല്‍ മുഫന്നദ് :
ഹിജാമ : പ്രവാചക ചികിത്സാ രീതി : 80
പ്രമാണങ്ങളിലെ അന്ത്യ പ്രവാചകന്‍ : 80
ഇസ്ലാം വിഭാവനം ചെയ്യുന്ന വിവാഹം : 50
വൈദ്യ ശാസ്ത്രം ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ : 40
ഹയാത്തുസ്സ്വഹാബാ (നാല് ഭാഗങ്ങള്‍) : 1000
മുന്‍തഖബ് അഹാദീസ് (തെരഞ്ഞെടുക്കപ്പെട്ട
ഹദീസുകള്‍)
ഫളാഇലെ അഅ്മാല്‍ (അമലുകളുടെ മഹത്വങ്ങള്‍)
ഫളാഇലെ സ്വദഖ (സ്വദഖയുടെ മഹത്വങ്ങള്‍)
ഫളാഇലെ ഹജ്ജ് (ഹജ്ജിന്‍റെ മഹത്വങ്ങള്‍)
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
പ്രയോജനപ്രദമായ ധാരാളം രചനകള്‍
പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും
സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍
ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഫൗണ്ടേഷന്‍
പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും
മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey)
ഗുണനിലവാരവും മണം നിലനില്‍ക്കുന്നതുമായ
നല്ല അത്തറുകള്‍ ആവശ്യമുള്ളവരും ബന്ധപ്പെടുക:
ലോകോത്തര പെര്‍ഫ്യൂംസ് കമ്പനിയായ
അജ്മല്‍ ഇന്ത്യാ പെര്‍ഫ്യുംസിന്‍റെ അത്തര്‍,
സ്പ്രേ, ഊദ്, ബഖൂര്‍ എന്നിവയും ഞങ്ങള്‍ വിതരണം ചെയ്യുന്നു.
വിളിക്കൂ...
http://wa.me/+918606261616
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
🌾
No comments:
Post a Comment