Friday, July 20, 2018

അല്ലാമാ അന്‍വര്‍ഷാഹ് കശ്മീരി : ഇന്ത്യയുടെ ജ്ഞാന വിസ്മയം.! - മമ്മൂട്ടി അഞ്ചുകുന്ന്


അല്ലാമാ അന്‍വര്‍ഷാഹ് കശ്മീരി :
ഇന്ത്യയുടെ ജ്ഞാന വിസ്മയം.! 
- മമ്മൂട്ടി അഞ്ചുകുന്ന് 
http://swahabainfo.blogspot.com/2018/07/blog-post_20.html?spref=tw 

തുർക്കിയിലെ ഒരു വലിയ ഗ്രന്ഥശാലയാണ് രംഗം, തേജസുറ്റ മുഖവുമായി ഒരു ഇന്ത്യൻ പണ്ഡിതൻ പുസ്തകങ്ങൾ പരിശോധിക്കുകയാണ്. അതിനിടയിൽ ശ്രദ്ധയിൽ പെട്ട ഒരു പുസ്തകത്തോട് അദ്ദേഹത്തിന് താല്പര്യം തോന്നി, അതിന്റെ  മറ്റൊരുകോപ്പി തനിക്കു സ്വന്തമായി ലഭിക്കുമോ എന്ന് ലൈബ്രറിയനോട് അന്വേഷിച്ചു. നിഷേധ ഭാവത്തിലുള്ള മറുപടി കേട്ട് നിരാശനാവാതെ ആ സാത്വികൻ തന്റെ കയ്യിലെ പുസ്തകവുമായി ഒരിടത്തു ചെന്നിരുന്നു, ലൈബ്രറിയനോട് സമ്മതം വാങ്ങി ആ പുസ്തകം അവിടെ തന്നെയിരുന്നു  വായിച്ചു തീർത്തു. പിന്നീട് തന്റെ സ്വദേശമായ ഇന്ത്യയിലേക്ക് മടങ്ങി ആ പുസ്തകം  അതേ പടി ഓർമയിൽ നിന്ന് പകർത്തി എഴുതി ഒരു പ്രതി ആ ലൈബ്രറി ക്കും അയച്ചുകൊടുത്തുവത്രേ..
" نور الإيضاح ونجاة الأرواح"
എന്ന കിതാബിന്റെ രചനക്ക് പിന്നിലുള്ളതാണ് ഈ സംഭവം എന്നു പറയപ്പെടുന്നു.
അതായിരുന്നു ഇന്ത്യ കണ്ട മഹാത്‌ഭുതം, അനുഗ്രഹീതനായ പണ്ഡിത ജ്യോതിസ് അല്ലാമാ സയ്യിദ് മുഹമ്മദ് അൻവർ ശാഹ് കാശ്മീരി (റ). ഇന്ത്യയിൽ വിരിഞ്ഞു ലോകമാകെ സുഗന്ധം പടർത്തിയ മഹാപുരുഷൻ.
"ഇസ്ലാമിക ചരിത്രത്തിലെ കഴിഞ്ഞ അഞ്ചു നൂറ്റാണ്ടിനിടയിൽ മൗലാന അൻവർ ഷാ കാഷ്മീരിയെ പോലെ മറ്റൊരാൾ ജന്മമെടുത്തിട്ടില്ല"  വിശ്വമഹാകവിയും ദാർഷനികനുമായ അല്ലാമാ മുഹമ്മദ് ഇഖ്ബാലിന്റെ വാക്കുകളാണിത്, ഇസ്ലാമിക ചരിത്രവും ദർശനവും വ്യക്തമായി അപഗ്രഥിച്ച ഇഖ്ബാലിന്റെ ഈ പ്രസ്താവനയിൽ ഒട്ടും അതിശയോക്തി തോന്നില്ല മൗലാന അൻവർ ഷാ കാശ്മീരി എന്ന മഹാപ്രതിഭയെ കുറിച്ച് അൽപ്പമെങ്കിലും കേട്ടറിവുള്ളവർക്ക്.
1875 ൽ കാശ്മീരിലെ ലൗബാബ്‌ എന്ന പ്രദേശത്താണ് ഈ അത്ഭുത പ്രതിഭ ജനിക്കുന്നത്. ഇമാം അബൂ ഹനീഫയുടെ സന്താന പരമ്പരയിൽ ഇറാഖിൽ നിന്ന് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് കുടിയേറിയ ഒരു കുടുംബത്തിൽ ശൈഖ് മുഅസ്സം ഷാ യുടെ മകനായാണ് അല്ലാമാ അൻവർ ഷാ ജനിച്ചത്.പിതാവിൽ നിന്ന് തന്നെയിരുന്നു പ്രാഥമിക അദ്ദേഹത്തിന്റെ വിദ്യാഭ്യാസം , കുട്ടിക്കാലത്ത് തന്നെ പ്രായത്തിൽ കവിഞ്ഞ പ്രതിഭ പ്രകടിപ്പിച്ച അൻവർ ഷാ യെ പഠിപ്പിക്കാൻ അധ്യാപകർ ഏറെ പണിപ്പെട്ടു, വലിയ ഗ്രന്ഥങ്ങൾ നോക്കി സംശയ നിവർത്തി വരുത്തുക അവർക്ക്  നിത്യസംഭവമായി. പിൽക്കാലത്ത് ചരിത്രം കുറിച്ച മഹാപ്രതിഭയുടെ മിന്നലാട്ടങ്ങൾ.
ഉപരി പഠനത്തിനായി ദാറുൽ ഉലൂം ദേവ്ബന്ദിലെത്തിയതാണ് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഗതി മാറ്റിയത്. ഇസ്ലാമിക ജ്ഞാനത്തിന്റെയും അധ്യാപനത്തിന്റെയും സൂക്ഷ്മതയോടെയുള്ള മതജീവിതത്തിന്റെയും പ്രതിരൂപമായി  മൗലാന അൻവർ ഷാ കാശ്മീരി എന്ന അനുഗ്രഹീതനായ പണ്ഡിതൻ രൂപപ്പെടുകയായിരുന്നു.  ദീനീ വിജ്ഞാനീയങ്ങളിലും ആത്മീയ സരണിയിലും ശൈഖ് റഷീദ് അഹമ്മദ് ഗംഗോഹി യുടെ ശിഷ്യത്വം സ്വീകരിച്ചു. ശൈഖുൽ ഹിന്ദ് മഹ്മൂദുൽ ഹസൻ, അല്ലാമാ ഖലീൽ അഹമ്മദ് സഹാരൻപൂരി എന്നിവരായിരുന്നു മറ്റു പ്രധാന ഗുരുവാര്യന്മാർ. പഠനം പൂർത്തീകരിച്ച ശേഷം മൗലാന അൻവർ ഷാ ഡൽഹിയിൽ ദർസ് ആരംഭിച്ചു. തന്റെ അഗാധ പാണ്ഡിത്യം പെട്ടെന്ന് തന്നെ പ്രചുരപ്രചാരം നേടി, നാനാഭാഗങ്ങളിൽ നിന്നും വിജ്ഞാനദാഹികൾ കൂട്ടമായി എത്തി. ദർസിന് വിവിധ ശാഖകൾ ആരംഭിക്കേണ്ടി വന്നു. സ്വന്തം നാട്ടിലേക്ക് മടങ്ങി അവിടെയും സ്ഥാപനം ആരംഭിച്ചു. പിന്നീട് ദാറുൽ ഉലൂം ദേവ്ബന്ദിൽ അദ്ധ്യാപനം ആരംഭിച്ചു. വിഷ്വവിഖ്യാത സ്ഥാപനത്തിന്റെ ചരിത്രത്തിൽ അൻവർ ഷാ യുഗം പ്രത്യകം രേഖപ്പെടുത്തപ്പെട്ടു.
പ്രസിദ്ധ സൂഫിവാര്യനായ മൗലാന അബ്ദുൽ ഖാദർ റായ്പൂരി മൗലാന അൻവർ ഷായെ കുറിച്ച് പറയുന്നത് ഇങ്ങനെ " തീർച്ചയായും അദ്ദേഹം അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ട ഒരു ദൃഷ്ടാന്തമാണ്"
അത്ഭുതകരമായ ഓര്‍മശക്തിയാണ് അദ്ദേഹത്തിന്റെ പ്രധാന സവിശേഷത, ഫോട്ടോഗ്രാഫിക്ക് മെമ്മറി എന്നാണ് ഇതിന്റെ ശാസ്ത്രഭാഷ്യം, മൗലാന അൻവർ ഷാ തന്നെ പറയുന്നു " ഒരു പുസ്തകം ഓടിച്ചു വായിച്ചാൽ  ഇരുപത്തി അഞ്ചു വർഷം അത് ഓർമ്മയിൽ നിൽക്കും. എന്നാൽ ഒരു പുസ്തകം സൂക്ഷ്മമായി വായിച്ചാൽ അല്ലാഹുവിന്റെ അനുഗ്രഹത്താൽ അത് എക്കാലവും ഓർമ്മയിൽ നിൽക്കും"  സയ്യിദ് അവറുകളുടെ ഈ സവിശേഷതയെ കുറിച്ച്  ശിഷ്യനും 'മആരിഫുല്‍ ഖുര്‍ആന്‍'  എന്ന വിശ്വ വിഖ്യാത ഖുർആൻ വിവരണത്തിന്റെ രചയിതാവുമായ മൗലാന മുഫ്തി മുഹമ്മദ്‌ ശഫീ  ഓർമ്മിക്കുന്നതിങ്ങനെ “ ഒരിക്കല്‍ ശാഹ് സാഹിബിന്റെ ദർസിൽ ഒരു ഹദീസ് വിശദീകരിച്ചു കൊണ്ട് സംസാരിച്ചപ്പോൾ പല വിഷയങ്ങളും സ്പർശിച്ചു  ... ഹദീസുമായി നേരിട്ട് ബന്ധമില്ലാത്ത സ്വാഭാവികമായ ചർച്ചകളായിരുന്നു അവ. സംസാരം ഏതോ ഒരു വിഷയത്തിലെത്തിയപ്പോള്‍ അതുമായി ബന്ധപ്പെട്ട് ഒരു ശിഷ്യന്‍ ഒരു സംശയം ചോദിച്ചു. മൌലാന ഒരു കിതാബ് ഉദ്ദരിച്ച് അതിന്റെ ഇത്രാം വാല്യം ഇത്രാം പേജ് ഇത്രാം വരി എന്ന് പറഞ്ഞു ഒരു നീണ്ട ഇബാറത്ത് വായിച്ചു ആ വിഷയം വിശദീകരിച്ചു കൊടുത്തു  , ക്ലാസ് കഴിഞ്ഞു ഞങ്ങള്‍ മൌലാനയോട് ചോദിച്ചു അങ്ങ് ഇന്നലെ ആ കിതാബ് നോക്കിയിരുന്നോ എന്ന് , അതിന് മൌലാന പറഞ്ഞ മറുപടി കേട്ട് ഞങ്ങള്‍ സ്തബ്ധരായി,  ഏകദേശം ഇരുപതിലധികം വര്‍ഷത്തിനു മുന്പ് വായിച്ച കിതാബായിരുന്നുവത്രെ അത്.   ഇത് പോലുള്ള നിരവധി സംഭവങ്ങൾ അദ്ദേഹത്തെ അടുത്തറിയുന്ന എല്ലാവരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.  അനേകം ഗ്രന്ഥങ്ങൾ അദ്ദേഹത്തിന് മനഃപാഠമായിരുന്നു,
വിശ്വവിഖ്യാത പണ്ഡിതനും മൗലാന അൻവർ ശാഹ് കാശ്മീരിയുടെ ഗുരുവാര്യനുമായിരുന്ന മൗലാന അഷറഫ് അലി താനവി പറയുന്നു " എന്റെ വീക്ഷണത്തിൽ ഇസ്ലാം സത്യമാണ് എന്നതിന് പ്രധാന തെളിവാണ് മൗലാന അൻവർ ഷാ കാശ്മീരി  ഒരു ഇസ്ലാം മതവിശ്വാസിയാണ് എന്നത്. ഇസ്‌ലാമിൽ ഏതെങ്കിലും തരത്തിലുള്ള ന്യൂനതയോ അപര്യാപ്തതയോ ഉണ്ടായിരുന്നുവെങ്കിൽ അദ്ദേഹം ഇസ്‌ലാമിൽ നിലകൊള്ളുമായിരുന്നില്ല"
ഖാദിയാനി വാദത്തിന്റെ മുനയൊടിച്ചവരിൽ ആഗ്രഗണ്യനായിരുന്നു അല്ലാമാ കാശ്മീരി, മിർസ ഗുലാം അഹമ്മദ് വ്യാജ പ്രവാചകനാണ് എന്നും അയാളുടെ അനുയായികളെ മുസ്ലിം എന്നു പരിഗണിക്കാൻ പറ്റില്ല എന്നും അദ്ദേഹം നിലപാടെടുത്തു, ഇതുമായി ബന്ധപ്പെട്ട് അലഹാബാദ് കോടതിയിൽ അദ്ദേഹം മുസ്ലിം പക്ഷത്ത് നിന്ന് കൊണ്ട് വാദിക്കുകയും അനുകൂലമായ വിധി സമ്പാദിക്കുകയും ചെയ്തു, വിവിധ കിതാബുകളിലെ പരാമർശങ്ങൾ ഓർമ്മയിൽ നിന്നെടുത്ത് അതേ പടി ഉദ്ധരിച്ച ബുദ്ധി സാമർത്ഥ്യത്തിന് മുന്നിലാണ് അവർ അടിയറവ് പറഞ്ഞത്. ഖാദിയാനി അഭിഭാഷകൻ ഇമാം റാസിയെ തെറ്റായുദ്ധരിച്ചപ്പോൾ മൗലാന ആ ഇബാറത്തു മുഴുവൻ ഉദ്ധരിച്ചു വിശദീകരിച്ചു തിരുത്തിക്കുകയായിരുന്നു. പിന്നീട് മൗലനയുടെ മരണ ശേഷമാണ് ഖാദിയാനി വിഭാഗം മുസ്ലിംകൾ അല്ല എന്ന് കോടതി വിധിക്കുന്നത്,  ഈ വിധിന്യായം മൗലാന യുടെ വസിയ്യത്ത് അനുസരിച്ച് അദ്ദേഹത്തിന്റെ ഖബറിങ്കൽ വായിക്കപ്പെടുകയുണ്ടായി.
നിരവധി ഗ്രന്ഥങ്ങൾ രചിച്ച അല്ലാമാ കാശ്മീരി  ഇസ്ലാമിക സമൂഹത്തിന് സമഗ്ര സംഭാവന നൽകി, ഖുർആൻ ദുർവ്യാഖ്യാനത്തിന് പഴുതടച്ചു കൊണ്ടുള്ള  അദ്ദേഹത്തിന്റെ ഗ്രന്ഥമാണ്  'മുഷ്കിലത്തുൽ ഖുർആൻ', ഹദീസ് ശാഖക്ക് അദ്ദേഹം നൽകിയ ഗണ്യമായ സംഭനയാണ് വിഖ്യാദമായ ഫൈദുൽ ബാരി, ഉറുദുവിലുള്ള അൻവാറുൽ ബാരി എന്നിവ, സ്വഹീഹ് ബുഖാരിയുടെ വ്യാഖ്യാനങ്ങളാണ് ഇവ രണ്ടും, ഹദീസ് ശാസ്ത്രവുമായി ബന്ധപ്പെട്ട ഒട്ടനവധി കനപ്പെട്ട ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. ഹനഫീ ഫിഖ്ഹിലും പ്രഥമ ഗണനീയമായ കിതാബുകളുടെ മുസന്നിഫ് ആണദ്ദേഹം.
പ്രപഞ്ചോത്പത്തിയും ദൈവാസ്തിക്യവും വിഷയീഭവിച്ച കനപ്പെട്ട രചനകൾ അദ്ദേഹം നിർവഹിച്ചിട്ടുണ്ട്. പ്രവാചകത്വ പരിസമാപ്തി സമർത്ഥിച്ച കൊണ്ടുള്ള ഖാതിമുൻ നബിയ്യീൻ എന്നത് ഖാദിയാനീ വാദങ്ങളുടെ മുനയൊടിച്ച രചനയാണ്. ഈ വിഷയത്തിൽ തന്നെ മറ്റനേകം രചനകളും അദ്ദേഹത്തിന്റെയതായുണ്ട്.
മുഫ്തി തഖി  ഉസ്മാനി എഴുതുന്നു " എന്റെ പിതാവ് മൗലാന മുഫ്തി മുഹമ്മദ് ഷഫീ ഉസ്മാനി മൗലാനാ അൻവർ ഷാ കാശ്മീരിയുടെ ശിഷ്യനായിരുന്നു. ഷാ സാഹിബിനെ കുറിച്ചു പറയപ്പെട്ടാൽ എന്റെ പിതാവിന്റെ മുഖത്ത് പ്രത്യേക സന്തോഷം കാണാൻ കഴിഞ്ഞിരുന്നു, വിജ്ഞാനത്തിന്റെ ചക്രവാളങ്ങൾ കീഴൊതുക്കപ്പെട്ട മഹാജ്ഞാനിയായിരുന്നു ശാഹ് സാഹിബ് എന്ന് പിതാവ് പറയാറുണ്ടായിരുന്നു"
ഇസ്ലാമിനെ പ്രകാശിപ്പിക്കാൻ തനിക്ക് സൃഷ്ടാവ് കനിഞ്ഞു നൽകിയ അത്ഭുത പ്രതിഭയേയും  ധിഷണയേയും വ്യത്യസ്തതകളോടെയും ഒപ്പം സമ്പന്നമായും  ഉപയോഗിച്ച ഈ മഹദ് വ്യക്തിത്വം ഇന്ത്യ ഇസ്‌ലാമിക ലോകത്തിന് നൽകിയ മഹത്തായ സംഭാവനകളിൽ പ്രഥമ സ്ഥാനത്താണ്. അല്ലാഹുവിന്റെ ദീനിന്റെ അജയ്യതയും പ്രവാചക സന്ദേശങ്ങളുടെ സൗന്ദര്യവും ആ ധന്യമായ ജീവിതത്തിൽ ഉടനീളം ദർശിക്കാം.  പ്രവാചക ജീവിതത്തെ അക്ഷരം പ്രതി അനുവാദനം ചെയ്ത ഹുബ്ബയുന്നബിയുടെ പ്രകടമായ രൂപമായിരുന്നു ശൈഖ് അൻവർ ശാഹ്.
വുളു ചെയ്യാതെ ഒരു കിതാബും അദ്ദേഹം സ്പർശിച്ചിരുന്നില്ല,  ദർസിൽ കിതാബ്  തന്റെ അരികിലേക്ക് നീക്കുന്നതിന് പകരം അദ്ദേഹം കിതാബിന് അനുസ്രതമായി ശരീരം ചലിപ്പിച്ചിരുന്നുവത്രെ,
മൗലാന ഷബീർ അഹമ്മദ് ഉസ്മാനി എഴുതുന്നു " ഏതെങ്കിലും അറബി നാട്ടുകാർ എന്നോട് ഇമാം ഇബ്നു ഹജറുൽ അസ്ഖലാനിയെ, ഇബ്നു ദഖീഖുൽ ഈദിനെ,  ശൈഖ് ഇസ്സുദീൻ അബ്ദു സലാമിനെ താങ്കൾ കണ്ടിട്ടുണ്ടോ എന്നു ചോദിച്ചാൽ ഞാൻ പറയും , ഞാൻ കണ്ടിട്ടുണ്ട് എന്ന്. കാരണം ഞാൻ മൗലാന അൻവർ ശാഹ് കാശ്മീരിയെ കണ്ടിട്ടുണ്ട്. അവരും മൗലാന കാശ്മീരിയും തമ്മിലുള്ള വ്യത്യാസം കാലഘട്ടത്തിന്റേത് മാത്രമാണ്, അഞ്ചാം നൂറ്റാണ്ടിലോ ആറാം നൂറ്റാണ്ടിലോ ആയിരുന്നു മൗലാന അൻവർ ഷാ ജീവിച്ചിരുന്നത് എങ്കിൽ തീർച്ചയായും നാം മഹത്തുക്കളായ പണ്ഡിതരുടെ കൂട്ടത്തിൽ അദ്ദേഹത്തെ എണ്ണുമായിരുന്നു. മൗലാന അൻവർ ശാഹ് മരണപ്പെട്ട ദിവസം എനിക്ക് ഇബ്നു ഹജർ, ഇബ്നു ദഖീഖ്ൽ ഈദ്, ശൈഖ് ഇസ്സുദീൻ എന്നിവരിൽ ആരോ മരണപ്പെട്ട ദിനമായാണ് അനുഭവപ്പെട്ടത്"
വിശ്വവിഖ്യാതനായ ശൈഖ് സാഹിദുൽ കൗസരി എഴുതുന്നു " ഹദീസ് മേഖലയിലെ അപൂർവ്വമായ വിഷയങ്ങൾ കണ്ടെത്താൻ പ്രാവീണ്യമുള്ള ഒരു പണ്ഡിതൻ ഇബ്നു ഹുമാമിന് ശേഷം  വന്നവരിൽ മൗലാന അൻവർ ഷാ കാശ്മീരി മാത്രമാണ്  "
അറബി സാഹിത്യത്തിലെ ഉന്നതനായ കവിയായിരുന്നു അല്ലാമാ കാശ്മീരി. ദാര്ശനികവും ഗഹനവുമാണ് അല്ലാമാ അൻവർ ഷാ യുടെ കവിതകൾ,  സാഹിത്യം, ദാർശനികം, ശാസ്ത്രം, തുടങ്ങി വിവിധ മേഖകളിൽ അറിവിന്റെ അക്ഷയ ഖനിയായിരുന്നു അല്ലാകാശ്മീരി, ബുദ്ധിവൈഭവവും ഉൾക്കാഴ്ചയും അറിവും ഓർമ്മശക്തിയും സമ്മേളിച്ച അപൂർവ്വ പ്രതിഭ.
സയ്യിദ് സുലൈമാൻ നദ്‌വിയുടെ അഭിപ്രായത്തിൽ " അൻവർ ശാഹ് ഒരു സമുദ്രമാണ്, പുറമെ ശാന്തവും,  ആഴിയിൽ അമൂല്യമായ രത്നങ്ങളും, പവിഴങ്ങളും നിറഞ്ഞ മഹാ സമുദ്രം"
നിരവധി പ്രമുഖരായ ശിഷ്യന്മാരാൾ സമ്പന്നമാണ് അദ്ദേഹത്തിന്റെ അധ്യാപന ജീവിതം. വിശ്വ വിഖ്യാതരായ മൗലാന അബ്ദുൽ ഖാദർ റായ്പൂരി, മുഫ്തി മുഹമ്മദ് ഷഫീ , അല്ലാമാ ഷബീർ അഹമ്മദ് ഉസ്മാനി, മൗലാന മുഹമ്മദ് ഇദ്‌രീസ് കാന്തലവി, അല്ലാമാ യൂസുഫ് ബിന്നൂരി, അല്ലാമാ ഖാരി മുഹമ്മദ് ത്വയ്യിബ് തുടങ്ങിയ പ്രമുഖർ അദ്ദേഹത്തിന്റെ ശിഷ്യരാണ്. വിശ്വ വിഖ്യാത ഹദീസ് വ്യാഖ്യാനമായ ഫത്ഹുൽ മുൽഹിം എഴുതിയ മൗലാന ഷബീർ അഹമ്മദ് ഉസ്മാനിയാണ് ശാഹ് സാഹിബിന്റെ അറിവിനെ ഏറ്റവും പ്രയോജനപ്പെടുത്തിയ ശിഷ്യൻ, സങ്കീർണ്ണമായ പല വിഷയങ്ങളും ശാഹ് സാഹിബിൽ നിന്ന് അദ്ദേഹം നിവർത്തിച്ചു, ഫത്ഹുൽ മുൽഹിം പിറക്കുന്നത് ഈ സമ്പർക്കത്തിലൂടെയാണ്.
നീണ്ട അധ്യാപന ജീവിതത്തിന് ശേഷം ശാഹ് സാഹിബ് ദാറുൽ ഉലൂമിൽ നിന്ന് പിരിഞ്ഞു പോയത് ധാബേൽ എന്ന പ്രദേശത്തേക്കാണ്, അവിടെ അഞ്ചു വർഷത്തോളം അദ്ധ്യാപനം നടത്തി. ആരോഗ്യ സ്ഥിതി മോഷമായതോടെ ദയൂബന്ദിലെ വസതിയിലേക്ക് തിരിച്ചു വന്നു,  1933 ലെ ഒരു സഫർ 2 ന് (ഹിജ്‌രി 1352) അർദ്ധരാത്രി സമയത്ത് ഇന്ത്യയുടെ ജ്ഞാന വിളക്ക് എന്നേക്കുമായി അണഞ്ഞു.  ദയൂബന്ദിലെ ഒരു ഫലോദ്യാനത്തിൽ അദ്ദേഹം മറവ് ചെയ്യപ്പെട്ടു. 
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...