Wednesday, July 18, 2018

സ്നേഹത്തണലിൽ ഇത്തിരി നേരം.! കായംകുളം, അല്‍ ജാമിഅത്തുല്‍ ഹസനിയ്യ വാർഷിക സംഗമം ഒരെത്തിനോട്ടം - മുഹമ്മദ് സ്വാലിഹ് മൗലവി തലനാട്


സ്നേഹത്തണലിൽ ഇത്തിരി നേരം.!
കായംകുളം, അല്‍ ജാമിഅത്തുല്‍ ഹസനിയ്യ 
വാർഷിക സംഗമം ഒരെത്തിനോട്ടം 
- മുഹമ്മദ് സ്വാലിഹ് മൗലവി തലനാട് 
http://swahabainfo.blogspot.com/2018/07/blog-post_18.html?spref=tw
2018 ജൂലൈ 10 
ഹസനീ സന്തതികൾക്ക് പുതിയൊരു പ്രഭാതമായിരുന്നു അന്ന്. 
നീണ്ടകാലത്തെ ഒറ്റപ്പെടലിന് ശേഷം ഒത്തുചേർന്ന ധന്യ മുഹൂർത്തം.! 
കഥ പറഞ്ഞിരുന്ന സുഹൃത്ത് വലയങ്ങളെയും, കളിച്ചുല്ലസിച്ച ചുറ്റുവട്ടങ്ങളേയും നേരിൽ കാണാൻ നാഥൻ ഒരുക്കിയ ഭാഗ്യ ദിനം.! പിണങ്ങിപ്പോയവരെയും, പിരിഞ്ഞു പോയവരെയും, ഇടയിൽ ഒരിക്കൽ പോലും ശ്രദ്ധിക്കാതെ പോയവരെയുമെല്ലാം വാർധക്യ വേളയിലും  യുവത്വത്തിന്‍റെ പ്രസരിപ്പോടെ ചേർത്തുപിടിക്കാൻ ആഭരണ വിഭൂഷിതയായ നവോഡയെ പോലെ  അവൾ അണിഞ്ഞൊരുങ്ങി നിന്ന ശുഭമുഹൂർത്തം.! 
ആ വിശുദ്ധ മാതാവിന്‍റെ ചാരത്തെത്താൻ  അവസരം കാത്തു കഴിഞ്ഞവർ നേരം പുലരാൻ കാത്തുനിന്നില്ല. ശക്തമായ മഴയിലും ചോർന്നു പോകാത്ത ആവേശവുമായി മെല്ലെമെല്ലെ എത്തിയ ഹസനീ കുസുമങ്ങൾ തങ്ങളുടെ സാന്നിധ്യം  രജിസ്റ്ററിലൂടെ ഉറപ്പിച്ചു. 09 മണിക്ക് ആരംഭിച്ച രജിസ്ട്രേഷൻ ളുഹ്റോടടുപ്പിച്ച് 140 പേരിൽ എത്തിയിരുന്നു. പക്ഷേ പ്രതീക്ഷകളെയും ആശങ്കകളെയും  അകറ്റി നിർത്തി നേരം സന്ധ്യ മയങ്ങുമ്പോൾ ബാഹുല്യ ഭയം മൂലം പള്ളിയുടെ  മുകൾ നിലയിലുള്ള കുരുന്നു വിദ്യാർഥികളെ  സൗകര്യാർത്ഥം തൊട്ടടുത്ത ബനാത്തിലേക്ക് മാറ്റി പാർപ്പിക്കുന്നതിന് ആലോചിക്കേണ്ട അവസ്ഥ വരെ വന്നെത്തി.! 
രണ്ടു പകലുകളിലായി രജിസ്ട്രേഷൻ നടത്തിയവർ 320-)ഓളം വരും. അല്ലാത്തവർ വേറെയും. ബഹുമാനു അഥിതികളെ രുചിയൂറും  ശീതളപാനീയങ്ങൾ നൽകി സ്വീകരിച്ച്, കൗണ്ടറിൽ നിന്നുള്ള ഫയലുകളുമായി,  നിർദ്ദേശിക്കപ്പെട്ട റൂമിൽ എത്തിക്കാൻ ഒരു അമീറിന്റെ കീഴിൽ സർവ്വ സന്നദ്ധരായി ഒരുപറ്റം ശുഭ്രവസ്ത്രധാരികളായ ഹാഫിളുകൾ അണിനിരന്നിരുന്നു. 
റൂമിലെത്തിയ അതിഥികൾ അക്ഷരാർത്ഥത്തിൽ അമ്പരന്നു. 
വൃത്തി പൂർണവും സുഗന്ധപൂരിതമായ ബെഡ്റൂമുകൾ, 
ഓരോരുത്തർക്കും വെവ്വേറെ കിടക്കകൾ, 
എന്നാൽ സമശീർഷരെ പരിഗണിക്കുകയും ചെയ്യുന്നുണ്ട്. 
ഉച്ചയൂണിന് ബീഫ് ബിരിയാണി നൽകി സൽക്കരിച്ച് ആതിഥേയത്യ മര്യാദ പാലിച്ച് ഉച്ചക്ക് 2-30 ഓടെ ചരിത്രത്തിന്‍റെ പുതിയ അധ്യായത്തിന് തുടക്കമായി.
നവ്യാനുഭവുമായി ഒരു കൂടിച്ചേരൽ.
കേട്ടുമറന്ന സ്വരമാധുരിവീണ്ടും ഓർമ്മിപ്പിച്ചു കണ്ണൂർ അബ്ദുസ്സലാം ഹസനി ഉസ്താദിന്‍റെ വിശുദ്ധ ഖുർആൻ പാരായണത്തോടെ സദസ്സിന് തുടക്കമായി. ബഹുമാന്യ സുഹൈബ് സേട്ട് ഹസനി ഏവർക്കും സ്വാഗതം ആശംസിച്ച് പിരിയുമ്പോൾ, കുടുംബ കൂട്ടായ്മയിലെ മുതിർന്ന അംഗം മാള മുഹമ്മദ് മൗലവി വാർദ്ധക്യത്തിന്‍റെ അവശതയിലും ഉദ്ഘാടനത്തിന് എത്തിയത് പുതുതലമുറയ്ക്ക് ഹരമേകി. ഹസനിയ്യയുടെ പ്രിയ സന്താനവും അഭിവന്ദ്യ ഉസ്താദും ആയിരുന്ന പയ്യല്ലൂർ സയ്യിദ് മുസ്ത്വഫ ഹസനിയുടെ മുഖ്യപ്രഭാഷണം സദസ്സിന് പുത്തനുണർവ്വ് നൽകി പിരിയുമ്പോൾ സമയം 4.30 കഴിഞ്ഞിരുന്നു. 
അസർ നിസ്കാരാനന്തരം നടന്ന രണ്ടാം സെക്ഷനിൽ ശീഇസത്തിന്‍റെയും യുക്തിവാദത്തിന്‍റെയും പൊയ്മുഖം തുറന്നു കാട്ടി ഗംഭീരഭാഷണം നടത്തിയത് പുതുതലമുറയുടെ ആവേശവുമായ കായംകുളം ഷാഫി ഹസനി ആയിരുന്നു. ബൂസ്റ്റിൽ ചാലിച്ച ചായയും കേക്കും കഴിച്ച സദസ്യർക്ക് മുമ്പിൽ യുക്തിവാദത്തിന്റെ പൊള്ളത്തരങ്ങൾ തുറന്നു കാട്ടി, 
വിശുദ്ധ ഖുർആനോളം യുക്തിസഹമായി സംവദിച്ച മറ്റൊരു ഗ്രന്ഥം ഇല്ലെന്നും ഇസ്ലാമിന്‍റെ ഉള്ളിലുള്ള ശത്രുവിനെ യുക്തിസഹമായി നേരിടേണ്ടത് കാലത്തിന്റെ തേട്ടമാണെന്നും ഹസനിയ്യയുടെ ധീര സന്തതി കാഞ്ഞാര്‍ അലിയാർ ഹസനി പറഞ്ഞ് നിർത്തുമ്പോൾ പള്ളി മിനാരത്തിൽ നിന്ന് പത്തടി സലിം മൗലവിയുടെ ബാങ്കിന്റെ മധുരശബ്ദം കേൾക്കാമായിരുന്നു.
സമയം വൈകുന്നേരം 7 15. 
കാത്തിരുന്ന ധന്യമുഹൂർത്തം.! കൈരളിയുടെ കരയിൽ ആർക്കും അവകാശപ്പെടാനില്ലാത്ത വലിയൊരു തലമുറയുടെ സംഗമ വേദി.! 
1940-ൽ നാന്ദി കുറിച്ച ഈ മാതൃ സ്ഥാപനം അതിന്‍റെ മുഴുവൻ മക്കളെയും അന്വേഷിച്ചെങ്കിലും ചിലരെയെങ്കിലും തേടി പിടിക്കാനായില്ല. 
1960-കളിൽ എത്തിയവരെ പോലും കൂടെയിരുത്തി മുത്തശ്ശിക്കഥകൾ പറയാൻ കാത്തിരുന്ന അനിർവ്വചനീയ മുഹൂർത്തം തുടങ്ങുകയായി. ഹസനിയ്യയുടെ മിഹ്റാബുകളെ കോരിത്തരിപ്പിച്ചിരുന്ന അനുഗ്രഹീത ഖാരി മൗലവി 
രിയാദ് ഹസനിയുടെ മധുരമായ ഖുർആൻ പാരായണത്തോടെ മൂന്നാം സെക്ഷന് തുടക്കമായി. ഹസനിയയുടെ ഗതകാല ഓർമ്മകളും ബാനിയുടെ നിഷ്കളങ്ക മനസ്സും വർത്തമാനകാല പുരോഗതികളും കോർത്തിണക്കി ഹസനിയ്യയുടെ വാനമ്പാടി അൽ ഹാഫിള് നാസിഹ് കാഞ്ഞാർ ആലപിച്ച മദ്ഹ് ഗീതം സദസ്യരുടെ ഘനീഭവിച്ച ഓർമ്മകളെ തട്ടിയുണർത്തുന്നതായി. പിന്നീട് മൺകലത്തിൽ നിറച്ച സ്വാദൂറും ഐസ്ക്രീം നുണഞ്ഞ് ഇരിക്കവെ ബഹു: അബ്ദുശ്ശക്കൂർ ഉസ്താദിൻറെ ഊഴമായി.മുൻ-പിൻ തലമുറകളെ  ആഴത്തിൽ പഠിച്ച, ആവലാതികളും വേവലാതികളും ഒരുപോലെ പരിഹരിക്കാൻ സമർത്ഥനായ, ആരുടെയും നല്ല മുഖം മാത്രം കാണുന്ന ,ഹസനിയ്യയുടെ അഭിമാന ഭാജനം ജേഷ്ഠ സഹോദരന്‍റെ റോൾ കൈകാര്യംചെയ്ത് സദസിനെ മുന്നോട്ടുനയിച്ചു. ഓരോ ബാച്ചുകളിൽ നിന്ന് ഒരാളെ ക്ഷണിച്ച് സമശീർഷരെ പരിചയപ്പെടുത്താൻ നിർദ്ദേശിച്ചു. നിർദ്ദേശാനുസരണം സ്ഥലത്ത് ഉള്ളതും ഇല്ലാത്തതുമായ  തങ്ങളുടെ സുഹൃത്തുക്കളെ തുടക്കം മുതൽ ഒടുക്കം വരെ ഓരോരുത്തരായി പരിചയപ്പെടുത്തി .
ഓർമ്മയിൽ മായാത്ത രാത്രി
ഇശാ നിസ്കാരാനന്തരം മട്ടൻ കുറുമയും ചപ്പാത്തിയും പൊറോട്ടയും അടക്കമുള്ള സ്വാദൂറും ഭക്ഷണം കഴിച്ച് 9 മണിയോടെ വീണ്ടും സംഗമിച്ചു. ഗതകാലസ്മരണകൾ ഒന്നൊന്നായി അയവിറക്കി P.C. അബ്ദുസ്സലാം മൗലവി വിദ്യാർത്ഥി ജീവിതത്തിലെവികൃതി വിവരണത്തിന് തുടക്കമിട്ടു. 
ചന്തിരൂർ ഉസ്താദിൻെറ എണ്ണമറ്റ മഹത്യങ്ങൾ ചിലർ വിവരിക്കുമ്പോൾ ആലപ്ര ഉസ്താദിന്‍റെ കടുത്ത ശിക്ഷണ ഫലങ്ങൾ ചിലർ നന്ദിയോടെ സ്മരിച്ചു. ഹസനീ സനദ് ലഭിക്കാത്തതിന്റെ തീരാ സങ്കടം ചിലർ എടുത്ത് പറഞ്ഞത് പലരിലും നൊമ്പരമായി കത്തി പടരുകയായിരുന്നു. 

തലമുറകളുടെ സംഗമ സദസ്സ് 
പാട്ടുപാടിയും പൊട്ടിച്ചിരിച്ചും കൂട്ടുകാർ അവരുടെ സ്നേഹം പങ്കുവയ്ക്കുമ്പോൾ പര്യവസാനമെന്നോണം ബാനിയുടെ മഹത് ചരിതം ശിഷ്യസമ്പത്തുക്കൾക്ക് മുമ്പിൽ ഈറനണിഞ്ഞ നയനങ്ങളുമായി പറഞ്ഞൊപ്പിച്ച് ആലപ്ര ഉസ്താദ് സദസ്സിനെ കരയിപ്പിച്ചു. 
നമ്മെ നോക്കി ചിരിച്ചില്ലെങ്കിലും തലോടിയില്ലെങ്കിലും നമ്മുടെ ഭാവനകൾക്കപ്പുറം നമ്മേ സ്നേഹിക്കുന്ന വിശിഷ്ട വ്യക്തിത്വമാണ് പ്രിയപ്പെട്ട മുത്തവല്ലി എന്നതിന് താൻ അനുഭവസ്ഥനാണെന്ന് ഉസ്താദ് സദസ്സിനെ ബോധിപ്പിക്കുമ്പോൾ ആ മഹാനുഭാവനെകുറിച്ചുള്ള മതിപ്പ്  വാനോളമുയർന്നു. പഠനകാലത്തെ കളി-തമാശകൾ ഇനിയും പറയാനിരിക്കെ മൂർത്തഭാവത്തിൽ സമയദൈർഘ്യം ഭയന്ന് ബഹുമാന്യ പ്രിൻസിപ്പാൾ 
സുഫ് യാന്‍ സേട്ട് ഹസനി ഒന്നാം ദിവസത്തിന് തിരശീല താഴ്ത്തുമ്പോൾ സമയം 12-30 കഴിഞ്ഞിരുന്നു. സമയം ഏറെ കഴിഞ്ഞിട്ടും മുറികളും കിടക്കകളും സ്നേഹ സംഭാഷണങ്ങൾ കൊണ്ട് സജീവമായിരുന്നു.
രണ്ടാംനാൾ
ബാങ്ക് കൊണ്ടും ഇമാമത്ത് കൊണ്ടും ഏറെനാൾ ഹസനിയയെത്രസിപ്പിച്ച അനുഗ്രഹീത ശബ്ദമാധുരിയുടെ ഉടമ മൗലവി ഹാഫിള്ജുനൈദ്  കണ്ണൂരിൻറെ ഹൃദയസ്പൃക്കായ  സൂറത്തുൽ ക്വാഫ് പാരായണത്തോടെ  രണ്ടാം നാൾ സുബഹി നിസ്കാരം തുടങ്ങുകയായി .യൂനുസ് ബ്ൻ ഉമർപാലംപൂരി (ദാമത്ത് ബർക്കത്തു ഹു) ന്റെഅമൂല്യമായ തസ്കിയത്ത് ക്ലാസിനുശേഷം നടന്ന ഇശാഅത്ത് യോഗംഭാവി പ്രവർത്തനങ്ങളെ കുറിച്ച് ഗൗരവമായി ചർച്ച ചെയ്യുകയും ശക്തമായ നിയമാവലി തയ്യാറാക്കുന്നതിനായി മൗലവി അലിയാർ ഹസനിയുടെ നേതൃത്വത്തിലുള്ള 11 അംഗ കമ്മിറ്റിക്ക്  അംഗീകാരം നൽകുകയും ചെയ്തു പിരിയുമ്പോൾ സമയം 9 മണിയോട് അടുത്തിരുന്നു. പ്രഭാതഭക്ഷണത്തിനു ശേഷം സമാപന സമ്മേളനത്തിന് വേദി തയ്യാറായിക്കഴിഞ്ഞിരുന്നു .ശാന്ത പ്രകൃതത്തിന്റെയുംപക്വ ഭാഷണത്തിൻറെ യും ഉടമയായ ബഹു വന്ദ്യഗുരു  മുഹമ്മദ് ശരീഫ് കൗസരിയുടെ  മഹനീയ അദ്ധ്യക്ഷതയിൽ ചേർന്ന സമാപനയോഗത്തിൽ ഹിഫ്ളിന്റെയഥാർത്ഥ നഹ്ജ് കൈരളിക്ക് സമ്മാനിച്ച ഒട്ടനവധി ശിഷ്യസമ്പത്തിനുടബഹു ഹാമിദ് ഉസ്താദ്തലമുറകളുടെ നീണ്ടനിരക്ക് മുമ്പിൽ വിശുദ്ധ ഖുർആനിൽ നിന്നും മധുരമനോഹരമായി പാരായണം ചെയ്തു .പ്രായത്തെ അതിജയിച്ച ശബ്ദ സൗന്ദര്യത്തോടെ ഉസ്താദ് വശ്യമായി ഖുർആൻ  പാരായണം ചെയ്തത് കേൾവിക്കാരിൽ ആദരവ് ഉളവാക്കി.  നിലമ്പൂർ അബ്ദുസ്സലാം ഹസനിയുടെ ഈരടികൾക്ക് ഹസനിയയുടെ  പൂങ്കുയിൽനാദം സ്വഫ് വാൻ കോട്ടയം ,യാസീൻചന്ദനത്തോപ്പ്  എന്നിവർ ഈണം നൽകി ആലപിച്ച ഗാനം  വേദിയുടെ ശ്രദ്ധയാകർഷിച്ചു. തുടർന്ന് ഈരാറ്റുപേട്ട സുബൈർ ഹസനി വിശുദ്ധവേദിഉദ്ഘാടനംനിർവഹിച്ചു. പിന്നീട്ആദ്യകാല പ്രിൻസിപ്പലും ദഅവത്തി തഅലീമീ മേഖലയിലെ നിറസാന്നിധ്യവുമായ PP ഇസ്ഹാഖ്ഉസ്താദ്  വിലയേറിയ വാക്കുകൾ സദസിന് നൽകി.തുടർന്ന്  ഷുക്കൂർ ഉസ്താദിന്റെ ഊഴമായിരുന്നു. ഐതിഹാസികമായ മുക്കാൽനൂറ്റാണ്ടിന്റെ ഓർമ്മകൾ രേഖപ്പെടുത്തൽ എന്ന ആശയം അവതരിപ്പിച്ച് തൽസ ബന്ധമായ  മുഴുവൻ ആലോചനാ യോഗങ്ങളിലും സജീവസാന്നിധ്യമായി , വിദ്യാർത്ഥിയുടെ മനസ്സോടെ ഓടിനടന്ന്, തലമുറ സംഗമത്തിലെ കളിയിലും ചിരിയിലും വരെ ശിഷ്യസമ്പത്തകളോടൊപ്പം ഇഴുകിച്ചേർന്ന പ്രിയ ഗുരുസമാപന വേദിയിൽ ഹസനിയ നമ്മോട് സംസാരിക്കുന്നു എന്ന വിഷയം അവതരിപ്പിക്കുമ്പോൾ  75വർഷത്തെ  മാതാവിൻറെ വളർച്ചയും ഉദ്ദേശശുദ്ധിയും സദസ്സ്  കേട്ടറിഞ്ഞു . വർഷങ്ങൾക്കപ്പുറം കേൾക്കാൻ കൊതിച്ച വിലയേറിയ നസ്വീഹത്തുമായി പിന്നീട് അരൂർ ഉസ്താദ് എത്തി. ഹസനിയയുടെ ഈ ജൈത്രയാത്രയിൽ താൻ ഏറെ സന്തോഷിക്കുന്നു എന്നും തഖ്വയിലധിഷ്ടിതമായ അടിത്തറയാണ് ഇതിന്റെ യഥാർത്ഥ കാരണമെന്നും നിഷ്കളങ്കമായിസദസ്സിനോട് പറയുമ്പോൾ സദസ്സ് സാകൂതം ശ്രദ്ധിക്കുന്നുണ്ടായിരുന്നു .ഈ കലാലയത്തിന് ധീരമായ നേതൃത്വം കൊടുത്തിരുന്ന ചിലവ്  സുലൈമാൻ ഉസ്താദ് അറിവിന്റെ വിശാല ലോകത്തേക്ക് തന്റെ ശിഷ്യ സമ്പത്തുകളെ കൈപിടിച്ച് നടത്തുകയായിരുന്നു.. വൈജ്ഞാനിക ഗരിമ കൊണ്ടും സേവനസന്നദ്ധത കൊണ്ടുംനമുക്ക് മുമ്പേ നടന്ന ബഹു മുഹിബൂള്ളഉസ്താദ്, അബ്ദുല്‍ വഹ്ഹാബ് ഉസ്താദ്, കെ പി ഉസ്താദ്, തൊടുപുഴ ഖാസിം ഉസ്താദ്, ഈരാറ്റുപേട്ട MEM അഷ്റഫ് ഉസ്താദ്, ഷാഫി ഉസ്താദ് കൗസരി തുടങ്ങിയ മഹത്തുക്കളുടെ മഹനീയ സാന്നിധ്യം തലമുറ സംഗമത്തിന് കൊഴുപ്പേകി. 
സമ്പത്ത് കൊണ്ടും ശരീരം കൊണ്ടും  ഈ സംരംഭത്തോട് നിഷ്കളങ്കമായി സഹകരിച്ചവർ. മറക്കാനാവില്ല നമുക്ക് അവരെ.സ്വന്തമായി  ലക്ഷം രൂപ വരെയും നൽകിയവർ ,ലക്ഷങ്ങളുടെ മേലെ സംഘടിപ്പിച്ച പ്രവാസി വാട്സ്ആപ്പ് ഗ്രൂപ്പ് അംഗങ്ങൾ ,ഒരു വർഷത്തെ  ഫാരിഗുകൾ,മാസവരി ഇനത്തിൽ  സംഭാവന ചെയ്തവർ ഒക്കെ ഈ സംരംഭത്തിന്റെ വിജയത്തിൽ  ഒരിക്കലും മറക്കാനാകാത്ത സുമനസ്സുകളാണ്. എല്ലാത്തിലുമുപരി ഈ പരിപാടിയുടെ നെടുംതൂണായി , മുഖ്യകാര്യദർശി യായി, മികച്ച സംഘാടകനായി, എല്ലായിടത്തും  നിഴൽ പോലെ വിനീത വിധേയനായി ഓടിനടന്ന് പ്രായഭേദമന്യേ  എല്ലാവരോടും ചിരിക്കാൻ മാത്രം ശീലിച്ചആർക്കും ഒരു കുറവും ഉണ്ടാകരുതേ എന്ന് മനമുരുകി ദുആ ചെയ്ത് തനിക്കും കൂടി ജന്മം നൽകിയമാതാവിന്റെ പരിലാളനയിൽ കഴിഞ്ഞുകൂടുന്ന ബഹുമാന്യ പ്രിൻസിപ്പാൾ സുഫ്‌യാൻ സേഠ്. നാഥാ! ആ സാധുവിന്റെ തുല്യതയില്ലാത്ത ഈ സേവനങ്ങളെ ഏറ്റവും ഉയർന്ന നിലയിൽ നീ സ്വീകരിച്ചാലും.! 
വാർഷിക സംഗമത്തിന്  സമ്മാനിക്കാൻ എന്താണ് സമർപ്പിക്കേണ്ടത് എന്ന ചിന്തയിൽ നിന്ന് ഉരുത്തിരിഞ്ഞ മഹത്തായ ആശയമായിരുന്നു ലോകമുസ്ലിം നേരിടുന്ന കടുത്ത വിപത്തായ യുക്തിവാദം ,ശീഇസം, മുസ്ലിം വ്യക്തിനിയമങ്ങൾ എന്നീ വിഷയങ്ങളിലുള്ള ഈടുറ്റ 3 വിശേഷാൽ പതിപ്പുകൾ.! 
സയ്യിദ് ജമാൽ നദ് വി കുന്നിക്കോട്, പ്രകാശന കർമ്മം നിർവ്വഹിച്ച ഈ വിശേഷാൽ പതിപ്പുകൾ കെട്ടിലും മട്ടിലും ഉള്ളടക്കത്തിലും പ്രതീക്ഷയേക്കാൾ മനോഹമായി കൈരളിക്ക് സമ്മാനിക്കാൻ കഴിഞ്ഞതിനും, യുദ്ധകാലാടിസ്ഥാനത്തിൽ പുറത്തിറക്കിയതിനും പിന്നിൽ ഒരുപറ്റം സേവനസന്നദ്ധരായ ഉലമാമഹത്തുക്കളുടെ മാസങ്ങളുടെ ത്യാഗ മനസ്സുണ്ട്.  വിശിഷ്യ ഊണും ഉറക്കവും ഉപേക്ഷിച്ച് രാപ്പകൽ ഭേദമന്യേ കഠിനാധ്വാനം ചെയ്ത ബഹുമാന്യ ഹസനിയ മദർരിസുമാർ, ഹസനി ഫാരിഗുകളിലെ ഒരു പറ്റം ഉലമ മഹത്തുക്കൾ, കൂടാതെ  എഡിറ്റോറിയൽ ബോർഡ് അംഗങ്ങൾ, ലേഖകർ, ഡിറ്റിപിയും പ്രിൻറിംഗും നടത്തിയ നിശബ്ദ സേവകർ, ആവശ്യമായ ഉപദേശ നിർദ്ദേശങ്ങൾ നൽകിയവർ, സന്ദേശവും അവതാരികയും നൽകി പ്രോത്സാഹിപ്പിച്ചവർ... ഏവരെയും നന്ദിപൂർവ്വം സ്മരിക്കുന്നതോടൊപ്പം യഥാർത്ഥ ലക്ഷ്യത്തിലെത്തേണമേയെന്ന് മനമുരുകി പ്രാർത്ഥിക്കുകയും ചെയ്യുന്നു.
അവസാനമായി...
എല്ലാത്തിനും പുറമെ സമയാ സമയങ്ങളിൽ മുടക്കമേതുമില്ലാതെ ഭക്ഷണ പാനീയങ്ങൾ നൽകാൻ പ്രയത്നിച്ച സ്ഥിരോത്സാഹികൾ, പള്ളിയും പരിസരവും റൂമുകളും ബാത് റൂമുകളുമടക്കം പൂർണ്ണ വൃത്തി കാത്തു സൂക്ഷിച്ച സൂക്ഷമ വീക്ഷകർ, തകരാറുകളേതുമില്ലാതെ കർശനമായി സ്റ്റേജ് , പന്തലുകൾ ഒരുക്കിയ വിദഗ്ദർ, സർവ്വോപരി പരിപൂർണ്ണ വിജയത്തിനായി പകലിൽ നോമ്പനുഷ്ടിച്ചും പാതിരാവിൽ ദുആ ഇരന്നും റബ്ബിന്റെ സഹായം പ്രതീഷിച്ച പാവങ്ങൾ , ഇവരിൽ ആരെയാണ് നമുക്ക് മറക്കാനാവുക, ഉപരിസൂചിത കൂട്ടായ്മ എല്ലാം ചേർന്നതാണീന്റെ വിജയ രഹസ്യം.
❄❄❄നിർത്തട്ടെ❄❄❄
ജീവിതത്തിന് കരുത്താർന്ന ദിശാബോധം നൽകിയ, നീണ്ടകാലത്തെ വിജ്ഞാനസമ്പാദനത്തിന് തണൽ ഒരുക്കിയ,  സുരഭില  സൗഹൃദങ്ങൾ തുറന്നുതന്ന, എല്ലാമെല്ലാമായ കലാലയ ജീവിതത്തിലെ അടങ്ങാത്ത  അമര സ്മരണകൾക്ക് സഞ്ചിത ശേഖരം ഒരുക്കുവാൻ പ്രതീകാത്മകമായി പ്രിയ മദ്റസയുടെ നാമം ഉല്ലേഖനം ചെയ്ത ബാഗുകൾ ഓരോരുത്തരും ഇരുകരം നീട്ടി സ്വീകരിക്കുമ്പോൾ ഹസനിയ മണൽ തരികൾ പറഞ്ഞിട്ടുണ്ടാകും: എത്തണേ നാണിക്കാതെ, സ്വീകരിക്കാം സന്തോഷമായ്. സന്തോഷാശ്രു പൊഴിച്ച് മടങ്ങുമ്പോൾ നമുക്കൊന്നായ് പറയാം: ഓർമ്മകളെ, നിങ്ങൾക്ക് മരണമില്ല......

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...