ശൈഖുല്‍ മുഹഫ്ഫിസീന്‍
ഹാഫിസ് അബ്ദുര്‍റഹീം ഹസ്റത്ത് മര്‍ഹൂം
(പാലക്കാട്)
-ഹാഫിസ് മുസ്സമ്മില്‍ കൗസരി
http://swahabainfo.blogspot.com/2018/07/blog-post_17.html?spref=tw
ഖുര്‍ആന്‍ മനനം ചെയ്യുന്ന പതിവ് മലയാള നാട്ടില്‍ ഇല്ലാതിരുന്ന ഒരു ഘട്ടത്തിലാണ് ഹിഫ്സ് പഠിപ്പിക്കുന്ന ദൗത്യവുമായി മര്‍ഹൂം ഉസ്താദ് ഇവിടേക്ക് കടന്ന് വന്നത്. തികച്ചും അല്ലാഹുവിന്‍റെ ഭാഗത്ത് നിന്നുള്ള തെരഞ്ഞെടുപ്പാണ് ഉസ്താദ് മര്‍ഹൂമിനെ ഉന്നത സ്ഥാനീയനാക്കിയത്. പാലക്കാട് ചേരാമംഗലം പ്രദേശവാസികളില്‍ പലരും ജീവിത മാര്‍ഗ്ഗങ്ങളന്വേഷിച്ച് തമിഴ്നാടിലെ തൃശ്നാപള്ളിയിലേക്ക് പോകുന്ന പതിവ് ഉസ്താദിന്‍റെ ചെറുപ്പ കാലത്തുണ്ടായിരുന്നു. അക്കൂട്ടത്തില്‍ ചെറുപ്പത്തില്‍ തന്നെ മര്‍ഹൂമും തൃശ്നാപള്ളിയിലേക്ക് പോകുകയുണ്ടായി.
അവിടെ വെച്ച് തബ്ലീഗ് പരിശ്രമവുമായും അബ്ദുസ്സലാം മൗലാനായുമായിട്ടുള്ള ബന്ധവും ഉസ്താദ് മര്‍ഹൂമിന്‍റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവായിരുന്നു. ദീനീ വിജ്ഞാനം കരസ്ഥമാക്കണമെന്ന ആഗ്രഹം അവിടെ നിന്നുമാണ് ആരംഭിക്കുന്നത്. അനുഗ്രഹീത സ്ഥാപനങ്ങളും ഇന്ത്യയില്‍ ഇല്‍മിന്‍റെ അഹ്ലുകാരെ കൊണ്ട് പ്രസിദ്ധിയാര്‍ജ്ജിച്ചതുമായ ഉത്തര്‍പ്രദേശാണ് അതിന് ഉസ്താദ് തെരഞ്ഞെടുത്തത്. ഉത്തര്‍പ്രദേശിലെ പ്രധാന മദ്റസയായ ജലാലാബാദില്‍ ഹിഫ്സ് പഠനത്തിന് ചേര്‍ന്ന മര്‍ഹൂം, പ്രസ്തുത മദ്റസയില്‍ നിന്ന് തന്നെ ഹിഫ്സ് പഠനം പൂര്‍ത്തിയാക്കി. അനേകം മഹാന്മാര്‍ ജീവിച്ചിരുന്ന അക്കാലത്ത് അവരുമായെല്ലാം ആത്മബന്ധം പുലര്‍ത്താന്‍ ഉസ്താദിന് കഴിഞ്ഞു. അല്ലാമാ അഷ്റഫ് അലി ത്ഥാനവി (റഹ്) യുടെ പ്രധാന ഖലീഫ മൗലാനാ മസീഹുല്ലാഹ് ഖാന്‍ സാഹിബിനെ തന്‍റെ ആത്മീയ മാര്‍ഗ്ഗദര്‍ശിയും ശൈഖുമായി സ്വീകരിച്ച് അദ്ദേഹത്തെ ബൈഅത്ത് ചെയ്തു. ജലാലാബാദിലെ ഹിഫ്സ് പഠനാനന്തരം ഡല്‍ഹി നിസാമുദ്ദീന്‍ മര്‍ക്കസിലെ കാഷിഫുല്‍ ഉലൂമില്‍ കിതാബ് പഠനത്തിന് ചേര്‍ന്നു. തബ്ലീഗ് പരിശ്രമത്തിലെ ലോക അമീറും മഹാ പണ്ഡിതനുമായിരുന്ന മൗലാനാ യൂസുഫ് ഹസ്റത്ജിയുടെ ശിഷ്യത്വം സ്വീകരിച്ചു. നിസാമുദ്ദീനില്‍ ഏതാനും വര്‍ഷങ്ങള്‍ പഠിച്ചു. ശേഷം വിശുദ്ധ ഖുര്‍ആനിന്‍റെ സേവനത്തിലേക്ക് തിരിഞ്ഞു.
ഹിഫ്സ് പഠിപ്പിക്കാന്‍ ആരംഭിച്ചത് തൃശ്നാപള്ളിയിലെ പ്രമുഖ മദ്റസയായ അന്‍വാറുല്‍ ഉലൂമിലാണ്. പതിനാറ് വര്‍ഷത്തോളം അവിടെ ഹിഫ്സിന്‍റെ ഖിദ്മത്തിന് നേതൃത്വം വഹിച്ച് കഴിഞ്ഞ് കൂടി. തമിഴ്നാട്ടിലെ പ്രസിദ്ധ പണ്ഡിതനായ മൗലാനാ റൂഹുല്‍ ഹഖ് ഹസ്റത്ത് ഉള്‍പ്പെടെ അനേകം കിടയറ്റ പണ്ഡിതന്മാര്‍ മര്‍ഹൂം ഉസ്താദിന്‍റെ ശിഷ്യന്മാരായി തമിഴ്നാട്ടിലുണ്ട്. ദീനീ വിജ്ഞാനം നുകരാന്‍ കേരളത്തില്‍ നിന്നും തൃശ്നാപള്ളിയിലെത്തിയ കേരത്തിലെ ഇന്നത്തെ പ്രമുഖ പണ്ഡിതന്മാരായ കാഞ്ഞാര്‍, മൗലാനാ ഹാഫിസ് പി. പി. ഇസ്ഹാഖ് ഖാസിമി (പ്രിന്‍സിപ്പാള്‍, ബാഖിയാത്തുസ്വാലിഹാത്ത് കാഞ്ഞാര്‍), മൗലാനാ ഹാഫിസ് അബ്ദുല്‍ വഹ്ഹാബ് മസാഹിരി (മുതവല്ലി, മന്‍ബഉല്‍ അന്‍വാര്‍, കൈതോട്) തുടങ്ങിയവര്‍ അക്കാലത്താണ് ഉസ്താദിന്‍റെ അടുക്കല്‍ പഠിച്ച് ഹാഫിസ് ആയത്. വിവാഹിതനാകുന്നതിന് മുമ്പ് തന്നെ ഖുര്‍ആനിക അദ്ധ്യാപനം ആരംഭിച്ച ഉസ്താദ് മര്‍ഹൂം തൃശ്നാപള്ളിയില്‍ നിന്നാണ് വിവാഹം കഴിച്ചത്. അന്‍വാറുല്‍ ഉലൂമിലെ സേവനത്തിടയില്‍ പിതാവ് അസുഖബാധിതനാവുകയും ശുശ്രൂഷിക്കേണ്ട അവസ്ഥ ഉണ്ടാവുകയും ചെയ്തപ്പോള്‍ കേരളത്തിലേക്ക് വരാന്‍ ആലോചിച്ചു.
ദാഇയെ മില്ലത്ത് കാഞ്ഞാര്‍ മൂസാ മൗലാനായുമായുള്ള ബന്ധമാണ് അല്‍ ജാമിഅത്തുല്‍ കൗസരിയ്യയില്‍ ഉസ്താദ് മര്‍ഹൂമിനെ എത്തിച്ചത്. ഖുര്‍ആന്‍ മനനം ചെയ്തവര്‍ കേരളത്തില്‍ അന്ന് നാമമാത്രമായിരുന്നു. ഇന്ന് കാണുന്നത് പോലെ ഹിഫ്സ് മദ്റസകള്‍ ഇവിടെ ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല, പ്രമുഖ ദീനീ കലാലയങ്ങളില്‍ പോലും ഹിഫ്സ് പഠനം ഉണ്ടായിരുന്നില്ല. കോഴിക്കോട് അഞ്ചുമന്‍ ഇഷാഅത്തിലും എടത്തല അല്‍ ജാമിഅത്തുല്‍ കൗസരിയ്യയിലുമാണ് ഹിഫ്സ് പഠനം നടന്നിരുന്നത്. അതുകൊണ്ട് തന്നെ മലയാള നാട്ടിലെ ഖുര്‍ആന്‍ ഹാഫിസുകളുടെ പ്രഥമ തലമുറയെ നിര്‍മ്മിച്ചൊരുക്കുന്നതില്‍ അനല്‍പമായ പങ്ക് വഹിക്കാന്‍ ഉസ്താദ് മര്‍ഹൂമിന് സാധിച്ചു. ശിഷ്യന്മാരില്‍ വലിയൊരു സംഘം ഹിഫ്സിന്‍റെ ഉസ്താദുമാരായി മാറുകയും ചെയ്തു. കേരളത്തിലങ്ങോളമിങ്ങോളം നടക്കുന്ന ഹിഫ്സ് മദ്റസകളിലെ അദ്ധ്യാപകരില്‍ ഭൂരിഭാഗവും മര്‍ഹൂം അബ്ദുര്‍റഹീം ഹസ്റത്തിന്‍റെ ശിഷ്യന്മാരോ അവരുടെ ശിഷ്യഗണങ്ങളോ ആണ്. ആ പരമ്പര നാലാം തലമുറയില്‍ എത്തി നില്‍ക്കുന്നു. കൗസരിയ്യയായിരുന്നു ഉസ്താദ് മര്‍ഹൂമിന്‍റെ പ്രധാന തട്ടകം. ശേഷം നജ്മുല്‍ ഹുദാ മഞ്ചേരി, കാഷിഫുല്‍ ഉലൂം നെടുമങ്ങാട് തുടങ്ങിയ സ്ഥാപനങ്ങളിലും സേവനമനുഷ്ഠിച്ചു.
ജീവിതം പൂര്‍ണ്ണമായി ഖുര്‍ആനിന് വേണ്ടി സമര്‍പ്പിച്ച വ്യക്തിത്വം. പ്രഭാതം മുതല്‍ പ്രദോഷം വരെ വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നതില്‍ വ്യാപൃതനായിരുന്നു. പാഠ സമയങ്ങളില്‍ പൂര്‍ണ്ണ ശ്രദ്ധയും ഉണര്‍വ്വും നിലനിര്‍ത്തിയിരുന്നു. ഖുര്‍ആന്‍ പൂര്‍ണ്ണമായും ഓര്‍മ്മയുണ്ടെങ്കിലും വിദ്യാര്‍ത്ഥികള്‍ ഓതുമ്പോള്‍ ഖുര്‍ആനിന്‍റെ വരികളില്‍ ശ്രദ്ധിച്ച് നോക്കിയിരുന്നു. പല വിദ്യാര്‍ത്ഥികളും ചിലപ്പോള്‍ ഒരു ഭാഗം തന്നെയായിരിക്കും ഓതുന്നത്. അപ്പോഴും ഓരോരുത്തരുടെ പാഠ ഭാഗവും ഖുര്‍ആനില്‍ തന്നെ നോക്കി ശ്രദ്ധിച്ച് കേട്ടിരുന്നു. പാഠ സമയത്ത് അശ്രദ്ധയോ മയക്കമോ കണ്ടിട്ടേയില്ല. വിദ്യാര്‍ത്ഥികളോട് വേര്‍തിരിവ് കാണിച്ചിരുന്നില്ല. എല്ലാവര്‍ക്കും ബാഹ്യമായി തുല്യസ്ഥാനം.! മഹാന്മാരുമായിട്ടുള്ള ബന്ധം വഴി നേടിയെടുത്ത നന്മയായ കാര്യങ്ങള്‍ ചിട്ടയോടെ നിര്‍വ്വഹിച്ചിരുന്നു. ദിനേനയുള്ള ഔറാദ്-വളീഫകള്‍ മുടക്കം വരുത്തുന്നത് കണ്ടിട്ടേയില്ല. പാഠത്തിനിടയിലാണ് സാധാരണ ളുഹാ നമസ്കാരം നിര്‍വ്വഹിച്ചിരുന്നത്. അത് മുടങ്ങിയതായി കാണാന്‍ സാധിച്ചിട്ടില്ല. ഉറുദു ഭാഷാ പരിജ്ഞാനിയായിരുന്നു. ധാരാളം ഉറുദു ഗ്രന്ഥങ്ങള്‍ വായിക്കുകയും അത് പങ്ക് വെക്കുകയും ചെയ്തിരുന്നു. ഉറുദു പഠിപ്പിക്കുന്നതും വലിയ ഇഷ്ടമായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പൊതുവെ ഉസ്താദ് മര്‍ഹൂമിനെ പേടിയായിരുന്നു. ആ പേടിയാണ് പലരുടെയും ഹിഫ്സ് പഠനത്തിന്‍റെ കാലദൈര്‍ഘ്യം കുറച്ചത്. പഠിച്ച് മുന്നേറുന്നവരെ വഴിയില്‍ പിടിച്ചിടുന്ന രീതി ഉസ്താദ് മര്‍ഹൂമിനെ തീരെയില്ലായിരുന്നു. വിദ്യാര്‍ത്ഥികളുടെ കഴിവ് മനസ്സിലാക്കി പെരുമാറിയിരുന്നു.
ഖുര്‍ആനിന്‍റെ ഖിദ്മത്തല്ലാത്ത മറ്റൊരു വഴിയിലേക്കും മഹാനവര്‍കള്‍ തിരിഞ്ഞ് നോക്കിയില്ല. റമദാനിന്‍റെ അവധി സമയത്തും തറാവീഹ് ഇമാമത്തിലും ഖുര്‍ആന്‍ പാരായണത്തിലുമായി കഴിഞ്ഞ് കൂടിയിരുന്നു. അര നൂറ്റാണ്ടിലേറെ ഖുര്‍ആനിന്‍റെ സേവനത്തില്‍ കഴിഞ്ഞ് കൂടിയ മഹാനുഭാവന്‍ ജീവിതത്തിന്‍റെ സായാഹ്നത്തിലും അത് നിലനിര്‍ത്തി. വാര്‍ദ്ധക്യ സഹജമായ കാരണങ്ങള്‍ കാരണം രണ്ട് വര്‍ഷമായി മദ്റസകളില്‍ നിന്നും ഒഴിവായി വീട്ടില്‍ കഴിയുകയായിരുന്നു. ഈ സന്ദര്‍ഭത്തില്‍ ചെറുമക്കള്‍ ഉസ്താദിന്‍റെ അടുക്കല്‍ ഖുര്‍ആന്‍ മനനം ചെയ്യുന്നുണ്ടായിരുന്നു. അവരില്‍ ചിലര്‍ ഖുര്‍ആന്‍ മനനം പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. അവസാന സമയങ്ങളില്‍ ചിലപ്പോള്‍ ഓര്‍മ്മക്കുറവ് സംഭവിക്കുമായിരുന്നെങ്കിലും വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണ്ണ ഓര്‍മ്മയായിരുന്നു.
ശിഷ്യന്മാരെയും അതിഥികളെയും ഹൃദ്യമായി സ്വീകരിക്കുകയും സല്‍ക്കരിക്കുകയും ചെയ്തിരുന്നു. ഈ പതിവ് അവസാനം വരെയും നിലനിര്‍ത്തിയിരുന്നു. പരിശുദ്ധ റമദാനില്‍ നോമ്പ് അനുഷ്ഠിക്കവെ ഒമ്പതാമത്തെ ദിവസം കാല്‍ വഴുകി വീണ് ഇടുപ്പെല്ലിന് പരിക്കേറ്റതോടെ ഉസ്താദ് മര്‍ഹൂം കിടപ്പിലായി. ശവ്വാല്‍ 06-ന് സന്ദര്‍ശിക്കാനെത്തിയ എഴുപതോളം ഹാഫിസുകളായ ശിഷ്യന്മാര്‍ ഉസ്താദിനോടൊപ്പം സമയം ചെലവഴിച്ച് ദുആ ചെയ്ത് സന്തോഷത്തോടെ പിരിഞ്ഞു. പെട്ടെന്ന് അവസ്ഥ വ്യത്യാസപ്പെടുകയും ശവ്വാല്‍ 08 വെള്ളിയാഴ്ച ജുമുഅ സമയത്ത് അല്ലാഹുവിന്‍റെ റഹ്മത്തിലേക്ക് യാത്രയാവുകയും ചെയ്തു. തന്‍റെ മരണം ജുമുഅ ദിനമായിരിക്കണമെന്ന് പറയുകയും കൊതിക്കുകയും ചെയ്ത ആ എളിയ ദാസന്‍റെ കൊതി അല്ലാഹു സഫലമാക്കിക്കൊടുത്തു. ഇബാദത്തുകള്‍ക്ക് ശേഷമുള്ള മരണം, പ്രത്യേകിച്ച് റമദാന്‍, ഹജ്ജ് തുടങ്ങിയ സമയങ്ങള്‍ക്ക് ശേഷം സലഫുസ്സ്വാലിഹുകള്‍ കൊതിച്ചിരുന്നു എന്ന് ഇമാം ഇബ്നു റജബ് ഹംബലി (റ) രേഖപ്പെടുത്തിയിട്ടുണ്ട്. ആ ഭാഗ്യവും ഖുര്‍ആനിന്‍റെ വാഹകനായ ആ മഹാത്മാവിന് ലഭിച്ചു. വിശുദ്ധ ഖുര്‍ആനിന്‍റെയും അതിന്‍റെ വാഹകരുടെയും ശ്രേഷ്ഠത പറഞ്ഞാലും കുറിച്ചാലും അവസാനിക്കാത്തതാണ്. കാരണം, അത് അല്ലാഹുവിന്‍റെ കലാമും അവന്‍റെ വിശേഷണവുമാണ്. ഖുര്‍ആനിന് വേണ്ടി അല്ലാഹു തെരഞ്ഞെടുക്കുന്നവരേക്കാള്‍ ഉയര്‍ന്നവര്‍ ഇല്ല തന്നെ.!
പ്രിയപ്പെട്ട ഗുരുനാഥന്‍റെ ബര്‍സഖീ ജീവിതം അല്ലാഹു ആഹ്ലാദത്തിലും ആനന്ദത്തിലുമാക്കട്ടെ.! മഹാനുഭാവനോടൊപ്പം അല്ലാഹുവിന്‍റെ അനുഗ്രഹീത സ്വര്‍ഗ്ഗത്തില്‍ നമുക്കും നമ്മുടെ അഹ്ലുകാര്‍ക്കും ഇടം നല്‍കട്ടെ.! നല്ല പകരക്കാരെ കൊണ്ട് നമുക്ക് അല്ലാഹു തണല്‍ നല്‍കട്ടെ.! റഹിമഹുല്ലാഹു റഹ്മത്തല്‍ അബ്റാര്‍
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
No comments:
Post a Comment