Sunday, July 22, 2018

മദീന ത്വയ്യിബയിലെ ചരിത്ര പ്രധാന സ്ഥലങ്ങള്‍


മദീന ത്വയ്യിബയിലെ ചരിത്ര പ്രധാന സ്ഥലങ്ങള്‍ 
1. ജന്നത്തുല്‍ ബഖീഅ്
http://swahabainfo.blogspot.com/2018/07/blog-post_22.html?spref=tw

ബഹുമാന്യ നബിമാരുടെ അന്ത്യവിശ്രമ സ്ഥലങ്ങള്‍ക്ക് ശേഷം സത്യസന്ധതയുടെയും നിഷ്കളങ്കതയുടെയും ഏറ്റവും വലിയ ഖബര്‍സ്ഥാന്‍. ബഖീഉല്‍ ഗര്‍ഖദ് എന്നാണ് ഈ ഖബ്ര്‍സ്ഥാന് പേര് പറയപ്പെട്ടിരുന്നത്.
നബവീ ചരിത്രവും സഹാബത്തിന്‍റെ അവസ്ഥകളും പഠിച്ചവര്‍ക്ക് മാത്രമേ,
ഈ മണ്ണിന്‍റെ മഹത്വം മനസ്സിലാവുകയുള്ളൂ. ഓരോ ചുവടുകളിലും നാം നിന്നുപോകും.! ഓരോ മണ്‍കൂനയിലും കണ്ണുനീര്‍ അടര്‍ന്ന് വീഴും.!
ഈമാന്‍, ജിഹാദ്, മുഹബ്ബത്ത് മുതലായ മഹല്‍ഗുണങ്ങളുടെ ആയിരക്കണക്കിന് ചരിത്രങ്ങളാണ് ഇവിടെ അടങ്ങിയിരിക്കുന്നത്.!
ബഖീഇല്‍ വലിയ വലിയ മരങ്ങള്‍ ഉണ്ടായിരുന്നു. ആ വൃക്ഷങ്ങളെ മുറിക്കപ്പെട്ടതിന് ശേഷം ആ സ്ഥലത്തെയാണ് ഖബര്‍സ്ഥാനാക്കി മാറ്റിയത്. ഇവിടെ ധാരാളം സ്വഹാബാക്കള്‍, പ്രവാചക കുടുംബക്കാര്‍, താബിഉകള്‍, ഔലിയാക്കള്‍ എന്നിവരടക്കം ധാരാളം പേരെ അടക്കം ചെയ്തിട്ടുണ്ട്.
നാം ആദ്യം കടന്നുചെല്ലുന്നത് പുണ്യ അഹ് ലുബൈത്തിന്‍റെ മഖ്ബറയുടെ അരികിലേക്കാണ്. തിരുനബി  യുടെ പിതൃവ്യന്‍ അബ്ബാസുബ്നു അബ്ദില്‍ മുത്വലിബ്رضي الله عنه , സ്വര്‍ഗ്ഗവനിതകളുടെ നായിക ഫാത്വിമത്തുസ്സുഹ്റാഅ് (റ), ഉമ്മത്തിന്‍റെ ഉപകാരി സയ്യിദുനാ ഹസനുബ്നു അലി (റ), മഹാന്മാരായ സൈനുല്‍ ആബിദീന്‍, അലിയ്യുബ്നു ഹുസൈന്‍ رضي الله عنه , ജഅ്ഫറുസ്സാദിഖ് رضي الله عنه  എന്നിവരാണിവിടെ വിശ്രമിക്കുന്നത്. മുന്‍പോട്ട് നീങ്ങുക, ഇവിടെയാണ് ഖദീജ (റ), മൈമൂന (റ) എന്നീ മഹതികള്‍ ഒഴിച്ചുള്ള എല്ലാ പവിത്ര പത്നിമാരും അടങ്ങിയിട്ടുള്ളത്. തുടര്‍ന്ന്, അനുഗ്രഹീത നബവീ സന്താനങ്ങളുടെ മഖ്ബറകളാണ്. ശേഷം അഖീലുബ്നു അബീത്വാലിബ് رضي الله عنه 
അബൂസുഫ് യാനുബ്നുല്‍ ഹാരിസ് رضي الله عنه അബ്ദുല്ലാഹിബ്നു ജഅ്ഫര്‍ رضي الله عنه,  എന്നീ മഹാന്മാരാണ്. തൊട്ടടുത്ത് ഒരു ചുറ്റിക്കെട്ടുണ്ട്. ഇവിടെയാണ് ഇമാമുദാരില്‍ ഹിജ്റ മാലിക് ബ്നു അനസ് رضي الله عنه അദ്ദേഹത്തിന്‍റെ ഉസ്താദ് നാഫിഅ്(റ) എന്നിവര്‍ വിശ്രമിക്കുന്നത്. റസൂലുല്ലാഹി  നെറ്റിയില്‍ ചുംബിച്ച ഉസ്മാനുബ്നു മള്ഊന്‍ (റ), പ്രവാചക പുത്രന്‍ ഇബ്റാഹീം (റ), സ്വഹാബത്തിലെ സമുന്നത ഫിഖ്ഹ് പണ്ഡിതന്‍ ഇബ്നു മസ്ഊദ് (റ), ഇറാഖിന്‍റെ പടനായകന്‍ സഅ്ദുബ്നു അബീ വഖാസ് (റ), വിയോഗനേരം ഇലാഹീ അര്‍ശ് പ്രകമ്പനം കൊണ്ട സഅ്ദുബ്നു മുആദ് (റ), ധര്‍മ്മത്തിന്‍റെ നായകന്‍ അബ്ദുറഹ്മാനുബ്നു ഔഫ് (റ) മുതലായ സ്വഹാബിവര്യന്മാര്‍ ഈ ഭാഗത്താണ്. തുടര്‍ന്നുള്ള ചുറ്റിക്കെട്ടില്‍ ഹിജ്റ 63 ലെ ഹര്‍റത്ത് സംഭവത്തില്‍ ശഹീദാക്കപ്പെട്ട സ്വഹാബികളുടെയും മറ്റും മഖ്ബറകളാണ്. ശേഷം കിഴക്ക് ഭാഗത്തായി മര്‍ദ്ദിതനായ ശഹീദ് അമീറുല്‍ മുഅ്മിനീന്‍ ഉസ്മാനുബ്നു അഫ്ഫാന്‍ (റ) വിശ്രമിക്കുന്നു. ഇവിടെ അല്‍പ്പനേരം നില്‍ക്കുക. സിദ്ദീഖ് (റ), ഫാറൂഖ് (റ) എന്നിവരുടെ അരികില്‍ വെച്ച് കരഞ്ഞതിന്‍റെ മിച്ചം വന്ന സ്നേഹാദരവുകളുടെ കണ്ണീര്‍ ഈ മൂന്നാം സുഹൃത്തിനരികില്‍ വെച്ച് വാര്‍ക്കുക. ശേഷം അബൂസഈദുല്‍ ഖുദ് രി (റ), അലിയ്യുല്‍ മുര്‍തളാ (റ) യുടെ മാതാവ് ഫാത്വിമ ബിന്‍തുല്‍ അസദ് (റ) എന്നിവരുടെ മഖ്ബറകളാണ്. എല്ലാവര്‍ക്കും സലാം പറയുക. ഈ മഖ്ബറകളില്‍ ആകാശത്തുനിന്നും കാരുണ്യത്തിന്‍റെ തേന്‍മഴ വര്‍ഷിക്കട്ടെ.!
ആഇശ (റ) വിവരിക്കുന്നു. എന്നോടൊപ്പം കഴിഞ്ഞ് കൂടുന്ന എല്ലാ രാത്രികളിലെയും അന്ത്യയാമങ്ങളില്‍ റസൂലുല്ലാഹി  ബഖീഇലേക്ക് പുറപ്പെടുകയും  ഇപ്രകാരം പറയുകയും ചെയ്യുമായിരുന്നു. "ഹേ മുസ്ലിം സമൂഹമേ, നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ അനുഗ്രഹം ഉണ്ടാകട്ടെ.! നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെട്ട കാര്യം നിങ്ങള്‍ക്ക് വന്നെത്തിയിരിക്കുന്നു. ചില കാര്യങ്ങള്‍ പിന്നീട് നിങ്ങള്‍ക്ക് വന്നെത്തുന്നതുമാണ്." ഞങ്ങളും നിങ്ങളോടൊപ്പം വന്നു ചേരുന്നതാണ്. അല്ലാഹുവേ, ഈ ബഖീഇല്‍ കഴിഞ്ഞ്കൂടുന്നവര്‍ക്ക് നീ പൊറുത്ത് കൊടുക്കേണമേ.! (മുസ് ലിം)
മുറാഗീ (റ) പറയുന്നു: റസൂലുല്ലാഹി  ബഖീഅ് നിവാസികള്‍ക്ക് വേണ്ടി ദുആ ചെയ്ത സ്ഥലത്ത് നാമും ദുആ ചെയ്താല്‍ ആ ദുആ സ്വീകരിക്കപ്പെടുമെന്ന് എന്നോട് പല പണ്ഡിതന്മാരും പറഞ്ഞിട്ടുണ്ട്. അല്ലാമാ സംഹൂദി പറഞ്ഞിരിക്കുന്നു: റസൂലുല്ലാഹി ﷺ ഏത് സ്ഥലങ്ങളിലാണോ ദുആ ചെയ്തിട്ടുള്ളത്, ആ സ്ഥലങ്ങളില്‍ വെച്ചുള്ള ദുആ സ്വീകരിക്കപ്പെടുന്നതാണ്. (ഖുലാസത്തുല്‍ വഫാഅ്)
ഉമമുല്‍ ഖൈസ് ബിന്‍ത് മുഹ്സിന്‍ (റ) വിവരിക്കുന്നു. "ഞാന്‍ റസൂലുല്ലാഹി  യുടെ കൂടെ ബഖീഇലേക്ക് പോയി. അവിടെ വെച്ച് റസൂലുല്ലാഹി  പറഞ്ഞു: ഈ മഖ്ബറയില്‍ നിന്നും 70,000 പേരെ യാത്രയാക്കപ്പെടുന്നതാണ്. അവര്‍ വിചാരണ കൂടാതെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതുമാണ്. പൗര്‍ണ്ണമി രാവിലെ പൂര്‍ണ്ണ ചന്ദ്രനെപ്പോലെ അവരുടെ മുഖം പ്രകാശിക്കുന്നതുമാണ്. (ത്വബ്റാനി)
റസൂലുല്ലാഹി  അരുളിയതായി ഇബ്നു കഅ്ബുല്‍ ഖുര്‍തുസി (റ) നിവേദനം ചെയ്യുന്നു: ഈ മഖ്ബറയില്‍ ആരെ അടക്കം ചെയ്യുന്നുവോ അവര്‍ക്ക് വേണ്ടി ഞാന്‍ ശുപാര്‍ശ ചെയ്യുന്നതാണ്. റാവി പറയുന്നു: അല്ലെങ്കില്‍ നാം അവന് വേണ്ടി സാക്ഷിയാകുന്നതാണെന്ന് റസൂലുല്ലാഹി  അരുളി.. (ഖുലാസ്വത്തുല്‍ വഫാഅ് - 258/2)
തര്‍ത്തീബുല്‍ മദാരികില്‍ ഇമാം മാലിക് റിപ്പോര്‍ട്ട് ചെയ്യുന്നു. ബഖീഇല്‍ പതിനായിരത്തോളം സ്വഹാബാക്കളെ അടക്കം ചെയ്യപ്പെട്ടിട്ടുണ്ട്. അതോടൊപ്പം റസൂലുല്ലാഹി  യുടെ കുടുംബക്കാര്‍, താബിഉകള്‍ തുടങ്ങിയവരെ ഇവിടെ മറവ് ചെയ്യപ്പെട്ടിട്ടുണ്ട്. ആദ്യമായി ഉസ്മാനുബ്നു മള്ഊന്‍ (റ) നെയാണ് ഇവിടെ അടക്കം ചെയ്തത്. അതിന് ശേഷം റസൂലുല്ലാഹി  യുടെ പ്രിയപുത്രന്‍ ഇബ്റാഹീം മരണപ്പെട്ടപ്പോള്‍ സ്വഹാബാക്കള്‍ ചോദിച്ചു: ഞങ്ങള്‍ എവിടെയാണ് ഖബ്ര്‍ ഉണ്ടാക്കേണ്ടത്. റസൂലുല്ലാഹി  പറഞ്ഞു: നമ്മുടെ മുമ്പേ യാത്രയായ ഉസ്മാനുബ്നു മള്ഊന്‍ (റ) ന്‍റെ ഖബ്റിന്‍റെ അടുക്കല്‍. (ഖുലാസ്വത്തുല്‍ വഫാഅ് - 2/364)
അവിടെ നിന്നുകൊണ്ട് ബഖീഅ് മൊത്തത്തില്‍ ചിന്താ ഗുണപാഠങ്ങളുടെ ദൃഷ്ടിയിലൂടെ ഒന്നു നോക്കുക. അല്ലാഹു അക്ബര്‍, എത്ര സത്യസന്ധന്മാരായ ദാസന്മാരാണിവര്‍.! പറഞ്ഞതെല്ലാം പാലിച്ചവര്‍.!
മക്കയില്‍ വെച്ച് തിരുനബി  യുടെ കരം ഗ്രഹിച്ചവര്‍.!
മദീനയില്‍ തൃപ്പാദങ്ങള്‍ക്കരികില്‍ വീണ് കിടക്കുന്നു.!
ഖുബ്ബതുല്‍ ഖള്റാഅ് എന്ന പച്ച ഖുബ്ബയിലേക്ക് നോക്കൂ.
തുടര്‍ന്ന്, മദീനാ നഗരിയിലേക്ക് കണ്ണോടിക്കൂ.
സത്യസന്ധത, നിഷ്കളങ്കത, ദൃഢചിത്തത എന്നിവയുടെ സുവര്‍ണ്ണ ചിത്രങ്ങള്‍ അന്തരീക്ഷത്തില്‍ പ്രഭപരത്തി നില്‍ക്കുന്നു. വരൂ, ഈ ബഖീഇല്‍ വെച്ച് തന്നെ ഇസ്ലാമിക സേവനത്തിന് നമുക്ക് നിയ്യത്ത് ചെയ്യാം. "അല്ലാഹുവേ, ഇസ്ലാമിന്‍റെ പാതയില്‍ ഞങ്ങളെ നീ ജീവിപ്പിക്കേണമേ. അതിനോട് സത്യസന്ധമായ ബന്ധമുള്ള നിലയില്‍ മരിക്കാന്‍ നീ ഭാഗ്യം നല്‍കേണമേ."
ഇതാണ് ബഖീഇന്‍റെ മഹത്തായ സന്ദേശം.!

ശേഷം ഉഹദ്, മസ്ജിദ് ഖുബാ, മസ്ജിദുല്‍ ഖിബ് ലതൈന്‍, മസ്ജിദുല്‍ ജുമുഅ, മസ്ജിദുല്‍ ഗമാമ, മസാജിദ് ഫതഹ്, മസ്ജിദ് ഇജാബ.. തുടങ്ങിയ ചരിത്രസ്ഥലങ്ങളെ കുറിച്ച് അടുത്ത കുറിപ്പില്‍...
ഹജ്ജ് & ഉംറയുമായി ബന്ധപ്പെട്ട പ്രയോജനപ്രദമായ സന്ദേശങ്ങള്‍ക്ക്, സ്വഹാബ മീഡിയ എന്ന വാട്സ്അപ് ഗ്രൂപ്പില്‍ അംഗമാവുകയോ ഞങ്ങളുടെ ഫേസ്ബുക് അല്ലെങ്കില്‍ ബ്ലോഗ് സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.

2. ഉഹദ്: 
വരൂ, നമുക്ക് ഉഹദ് മലയിലേക്ക് പോകാം. മദീന മുനവ്വറയുടെ ഇടത് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു പര്‍വ്വതമാണിത്.
ഏറ്റവും വിലപിടിച്ച ചോരത്തുള്ളികള്‍, ഏറ്റവും ആദ്യമായി പതിഞ്ഞ ഭൂമിയാണിത്. 
ലോകചരിത്രത്തില്‍ മറ്റെവിടെയും കാണാന്‍ കഴിയാത്ത ഏറ്റവുമധികം സത്യസന്ധവും ഉന്നതവുമായ സ്നേഹാനുരാഗങ്ങളുടെ സംഭവങ്ങള്‍ അരങ്ങേറിയത് ഇവിടെയാണ്. 
റസൂലുല്ലാഹി  യോടുള്ള സ്നേഹത്തിന്‍റെ പേരില്‍, 
സയ്യിദുശ്ശുഹദാഅ് ഹംസ رضي الله عنه യുടെ അവയവങ്ങള്‍ മുറിക്കപ്പെട്ടത്, 
ഉമാറതുബ്നു സിയാദ് رضي الله عنه തൃപ്പാദങ്ങളില്‍ കണ്ണുകള്‍ അമര്‍ത്തി മരണം പുല്‍കിയത്, 
ഉഹദില്‍ നിന്നും സ്വര്‍ഗ്ഗത്തിന്‍റെ സുഗന്ധം ശ്വസിച്ച് എണ്‍പതിലേറെ മുറിവുകളേറ്റ് അനസ് رضي الله عنه ശഹാദത്ത് വരിച്ചത്, 
തിരുനബി  യുടെ പുഷ്പ ദന്തങ്ങള്‍ പൊട്ടിയത്, 
സ്നേഹസമ്പന്നര്‍ കൈയ്യും മുതുകും കൊണ്ട് മഹ്ബൂബിന് മറയിട്ടത്, മക്കയിലെ കുബേര പുത്രന്‍ മുസ്അബ് رضي الله عنه ഒറ്റ വസ്ത്രത്തില്‍ ശഹീദായി ഒറ്റ വസ്ത്രത്തില്‍ ഖബറടക്കപ്പെട്ട് കിടന്നുറങ്ങുന്നത്, 
എല്ലാം ഈ മണ്ണിലാണ്. 
അതെ നുബുവ്വത്തിന്‍റെ വിശുദ്ധ വിളക്കിന് ചുറ്റുമുള്ള പ്രേമത്തില്‍ പ്രാണികള്‍ മരിച്ചുവീണത് ഈ മണ്ണിലാണ്.
അതെ, പ്രവാചക പ്രേമികളുടെയും
ഇസ് ലാമിക പോരാളികളുടെയും കഥ പറയും നാട്.
"ബുല്‍ബുലുകള്‍ ഗീതമാലപിക്കുന്ന വിശുദ്ധ സ്ഥാനമാണിത്, 
കാലുകള്‍ സൂക്ഷിച്ചുവെയ്ക്കുക, ഇത് നിന്‍റെ തോട്ടമല്ല." 
ഉഹദ് പര്‍വതത്തെ നോക്കിക്കൊണ്ട് റസൂലുല്ലാഹി  പറയുമായിരുന്നു: ഈ പര്‍വ്വതത്തെ ഞങ്ങള്‍ സ്നേഹിക്കുന്നു. അത് ഞങ്ങളെയും സ്നേഹിക്കുന്നു. 
അബൂഹുറയ്റ رضي الله عنه വിവരിക്കുന്നു. തബൂക്ക് യുദ്ധം കഴിഞ്ഞ് റസൂലുല്ലാഹി  തങ്ങള്‍ മടങ്ങിവരുന്ന സന്ദര്‍ഭത്തില്‍ പ്രവാചകന്‍റെ മുമ്പില്‍ ഉഹദ് മല ദൃശ്യമായി. അപ്പോള്‍ റസൂലുല്ലാഹി  പറഞ്ഞു: ഇത് ഞങ്ങളെ ഇഷ്ടപ്പെടുന്ന ഒരു പര്‍വതമാണ്. അത് ഞങ്ങളെയും ഇഷ്ടപ്പെടുന്നു. 
ഉഹദ് മല സ്വര്‍ഗ്ഗ കവാടങ്ങളില്‍പ്പെട്ട ഒരു കവാടത്തിന്‍മേല്‍ നിലകൊള്ളുന്നു. ഈ പര്‍വ്വതത്തിന്‍റെ സമീപത്ത് ഇസ് ലാമിന്‍റെ വലിയ പോരാട്ട സ്ഥലം സ്ഥിതി ചെയ്യുന്നു. ചരിത്രത്തിന്‍റെ താളുകളില്‍ ഉഹദ് യുദ്ധം എന്നപേരില്‍ ഇതറിയപ്പെടുന്നു. ഈ യുദ്ധത്തില്‍ എഴുപത് സഹാബാക്കള്‍ രക്തസാക്ഷികളായി. ഇവരില്‍ ചിലരുടെ ഖബറുകള്‍ ഇവിടെ തന്നെ സ്ഥിതി ചെയ്യുന്നു. ഉഹദ് യുദ്ധത്തില്‍ നിന്നും സഹാബാക്കള്‍ വിരമിക്കുകയും അവര്‍ ശാന്തരാകുകയും ചെയ്തപ്പോള്‍ രക്തസാക്ഷിയായ മിസ്അബിനു ഉമൈര്‍ رضي الله عنه ന്‍റെ  അടുക്കല്‍ വന്ന് താഴെ പറയുന്ന ആയത്ത് റസൂലുല്ലാഹി  ഓതി: "മുഅ്മിനീങ്ങളില്‍പ്പെട്ട ചില ആളുകള്‍ അല്ലാഹുവിനോട് ചെയ്ത കരാറിനെ സത്യസന്ധമായി പൂര്‍ത്തീകരിക്കുകയുണ്ടായി." 
അതിന് ശേഷം നബി  പറഞ്ഞു: 'അല്ലാഹുവേ, നിന്‍റെ ദാസനും നിന്‍റെ പ്രവാചകനും ഇവര്‍ അല്ലാഹുവിന് വേണ്ടി ജീവന്‍ അര്‍പ്പണം ചെയ്തവരാണ് എന്ന് സാക്ഷി നില്‍ക്കുന്നു."
അല്ലയോ സഹാബാക്കളേ, നിങ്ങള്‍ അവരുടെ അടുക്കല്‍ പോകുകയും അവര്‍ക്ക് സലാം പറയുകയും ചെയ്യണം. ആകാശ-ഭൂമികള്‍ നിലനില്‍ക്കുന്നിടത്തോളം കാലം തീര്‍ച്ചയായും അവര്‍ക്ക് ആര് സലാം പറഞ്ഞാലും അവര്‍ സലാം മടക്കാതിരിക്കുകയില്ല. 
ഒരു ഹദീസില്‍ ഇപ്രകാരം വരുന്നു: എല്ലാ വര്‍ഷത്തിന്‍റെ ആരംഭത്തിലും റസൂലുല്ലാഹി  തങ്ങള്‍ ഉഹദിലെ ശുഹദാക്കളുടെ അടുക്കല്‍ പോവുകയും ഇപ്രകാരം പറയുകയും ചെയ്യുമായിരുന്നു. നിങ്ങള്‍ പ്രയാസങ്ങള്‍ ക്ഷമിച്ചതിന്‍റെ പേരില്‍ അല്ലാഹുവിന്‍റെ അനുഗ്രഹം നിങ്ങളുടെ മേല്‍ ഉണ്ടാകട്ടെ.! പരലോക ഭവനം (അഥവാ സ്വര്‍ഗ്ഗം) വളരെ ശ്രേഷ്ഠമായതാകുന്നു.
"റസൂലുല്ലാഹി   മരിച്ചെങ്കില്‍ അതേ വഴിയില്‍ നിങ്ങളും മരിക്കുക" എന്ന അനസ് رضي الله عنه ന്‍റെ ശബ്ദം ഇന്നും ഇവിടുത്തെ അന്തരീക്ഷത്തില്‍ ഈ മലയില്‍ നിന്നുയരുന്നുണ്ട്. വരൂ, ഇസ് ലാമികമായി ജീവിക്കാനും അതിന്‍റെ വഴിയില്‍ പരിശ്രമിക്കാനും നമുക്ക് കരാര്‍ ചെയ്യാം..

ശേഷം മസ്ജിദ് ഖുബാ, മസ്ജിദുല്‍ ഖിബ് ലതൈന്‍, മസ്ജിദുല്‍ ജുമുഅ, മസ്ജിദുല്‍ ഗമാമ, മസാജിദ് ഫതഹ്, മസ്ജിദ് ഇജാബ.. തുടങ്ങിയ ചരിത്രസ്ഥലങ്ങളെ കുറിച്ച് അടുത്ത കുറിപ്പില്‍...


No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...