Friday, July 27, 2018

മാനവികത സംരക്ഷിക്കുക.! മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി ഹസനി നദ് വി


മാനവികത സംരക്ഷിക്കുക.!
മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി ഹസനി നദ് വി 
http://swahabainfo.blogspot.com/2018/07/blog-post_70.html?spref=tw

ബഹുമാന്യരെ, ഈ സദസ്സ് വളരെ ചെറുതാണെങ്കിലും പണ്ഡിതരും ചിന്തകരുമടങ്ങുന്ന ഒരു യോഗമായതിനാലും ഇവിടെ കൂടിയാലോചനക്ക് വെച്ചിരിക്കുന്ന വിഷയം മാനവികത എന്നതായതിനാലും എനിക്ക് ഈ സദസ്സില്‍ പങ്കെടുത്ത് സംസാരിക്കുന്നതില്‍ വലിയ സന്തോഷവും പ്രതീക്ഷയുമുണ്ട്. ചരിത്രത്തില്‍ വിപ്ലവങ്ങള്‍ സൃഷ്ടിച്ചത് ലക്ഷ്യവും ബോധവും ഇല്ലാത്ത ആള്‍ക്കൂട്ടങ്ങളല്ല, മറിച്ച് ത്യാഗ സന്നദ്ധരായ ചെറിയ സംഘങ്ങളാണ് ചരിത്രത്തില്‍ വലിയ പരിവര്‍ത്തനങ്ങള്‍ ഉണ്ടാക്കിയത്. ആകയാല്‍, നാം എണ്ണത്തിലേക്ക് നോക്കാതെ ലക്ഷ്യത്തിലും മാര്‍ഗ്ഗത്തിലും ശ്രദ്ധ പതിപ്പിക്കുക.
സഹോദരങ്ങളെ, നാം നമ്മുടെ രാജ്യത്തുള്ള മുഴുവന്‍ മനുഷ്യരുടെയും നന്മ ആഗ്രഹിക്കുകയും അതിനുവേണ്ടി ആത്മാര്‍ത്ഥമായി പരിശ്രമിക്കുകയും ചെയ്യുക. യഥാര്‍ത്ഥ മനുഷ്യത്വമുള്ള ഒരു വ്യക്തി സ്വന്തം മകന്‍റെ രോഗത്തില്‍ ദു:ഖിക്കുന്നത് പോലെ അയല്‍വാസിയോ നാട്ടുകാരനോ രാജ്യ നിവാസികളോ ആയ ഓരോ വ്യക്തിയുടെയും രോഗത്തില്‍ ദു:ഖിക്കേണ്ടതാണ്. ഇപ്രകാരം മുഴുവന്‍ ജനങ്ങളുടെയും മോശമായ അവസ്ഥകളില്‍ ദു:ഖിക്കുകയും നല്ല അവസ്ഥക്കു വേണ്ടി ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്നതാണ്. ചരിത്രത്തിന്‍റെ ഒരു വിദ്യാര്‍ത്ഥി എന്ന നിലയില്‍ പറയട്ടെ: ഇത്തരം ആളുകള്‍ സമൂഹത്തെ മുഴുവന്‍ തിന്മയില്‍ നിന്നും നന്മയിലേക്ക് മാറ്റി മറിക്കുന്നതാണ്. പക്ഷേ, അതിമഹത്തായ ഈ ഗുണം ഉണ്ടാക്കിയെടുക്കുന്നതിന് മനസ്സും മസ്തിഷ്കവും വര്‍ഗ്ഗീയ പക്ഷപാതിത്വങ്ങളില്‍ നിന്നും പരിശുദ്ധമായിരിക്കണം. ഇവര്‍ മാനവികതയുടെ സംരക്ഷണത്തിനുവേണ്ടി ഏത് വിധത്തിലുള്ള ത്യാഗത്തിനും സന്നദ്ധമാകുന്നതാണ്. എന്നാല്‍ ഖേദകരം.! ഇന്ന് ഈ അവസ്ഥക്ക് മാറ്റം വന്നിരിക്കുന്നു. ഇത് പ്രകൃതിക്ക് തന്നെ വിരുദ്ധമാണ്. അതെ, മനുഷ്യന്‍ മനുഷ്യരെ വെറുക്കുന്നതും ഭയക്കുന്നതും പ്രകൃതിക്ക് വിരുദ്ധമാണ്.
മനുഷ്യന്‍ വന്യജീവികളെയും വിഷ ജന്തുക്കളെയും ഭയക്കാറുണ്ട്. ഇതില്‍ അത്ഭുതമില്ല. എന്നാല്‍ മനുഷ്യന്‍ മനുഷ്യനെ ഭയക്കുന്നതും വെറുക്കുന്നതും രാജ്യത്തിന് തന്നെ ഭീഷണി തന്നെയാണ്. നമ്മുടെ നാട്ടില്‍ സമാധാന പൂര്‍ണ്ണമായ അന്തരീക്ഷം ഉണ്ടാക്കിയെടുക്കാന്‍ ഒത്തൊരുമിച്ച് പരിശ്രമിക്കേണ്ടത് നാം എല്ലാവരുടെയും ബാധ്യതയാണ്. രാജ്യത്തിന്‍റെ അന്തസ്സിന് മുറിവേല്‍പ്പിക്കാതിരിക്കാന്‍ നാം എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. പരസ്പര വിശ്വാസ-ആദരവുകളില്‍ നാം കഴിയേണ്ടതാണ്. ആരെക്കുറിച്ചും അന്യന്‍ എന്ന തരംതാഴ്ന്ന വിചാരം നമ്മുടെ മനസ്സുകളിലും മസ്തിഷ്കങ്ങളിലും ഉണ്ടാകാന്‍ പോലും പാടില്ല. ഈ രാജ്യ നിവാസികളുടെ പരസ്പര സ്നേഹാദരവുകളെക്കുറിച്ചുള്ള സംഭവ-സ്മരണകള്‍ ലോകം മുഴുവന്‍ നിറഞ്ഞ് നില്‍ക്കുന്നു എന്ന കാര്യം എപ്പോഴും നാം ഓര്‍ക്കുക.
എന്‍റെ ജീവിതത്തിലെ ഒരു പ്രധാന ഭാഗം യാത്രകളാണ്. യൂറോപ്പ്, അമേരിക്ക മുതലായ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പല പ്രാവശ്യം പോകാന്‍ എനിക്ക് അവസരമുണ്ടായിട്ടുണ്ട്. ഞാന്‍ ഇന്ത്യക്കാരനാണ് എന്ന് അറിയുമ്പോള്‍ ഇന്ത്യ നാനാത്വത്തില്‍ ഏകത്വത്തില്‍ മികച്ച മാതൃകയുള്ള നാടാണെന്ന അഭിപ്രായം പല സ്ഥലങ്ങളിലും എനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഈ അവസ്ഥ നിലനിര്‍ത്താന്‍ നാം നിരന്തരം പരിശ്രമിക്കേണ്ടതാണ്. നമുക്കിടയില്‍ ആത്മാര്‍ത്ഥമായ സ്നേഹവും സഹകരണവും ഉണ്ടാവുകയും മറ്റുള്ളവരെക്കുറിച്ചുള്ള തരംതാഴ്ന്ന വികാര-വിചാരങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ ഈ അവസ്ഥ ഉണ്ടാവുകയുള്ളൂ. ഇത് നമ്മള്‍ ചെയ്തില്ലെങ്കില്‍ നാം ഈ രാജ്യത്തോട് നീതി കാണിച്ചിട്ടില്ല എന്നാണ് അര്‍ത്ഥം. മാത്രമല്ല, ഈ രാജ്യത്തോടും നമ്മോടും അനീതി കാണിച്ചവര്‍ ആകുന്നതാണ്.
ഒരു കാര്യം നാം ഓര്‍ക്കുക: നമ്മിലെ ഓരോ വിഭാഗവും മറ്റുള്ളവരെ അന്യനായി കാണുന്ന അവസ്ഥ ഈ രാജ്യത്തിന് വലിയ അപകടത്തിന്‍റെ സന്ദേശമാണ് നല്‍കുന്നത്. ചരിത്രം ആര്‍ക്കും മാപ്പ് നല്‍കിയിട്ടില്ല. റോമന്‍ സാമ്രാജ്യത്തിന്‍റെ പതനത്തെക്കുറിച്ച് പഠിക്കുക. പരസ്പരം കാട്ടിക്കൂട്ടിയ അക്രമങ്ങളായിരുന്നു പ്രസ്തുത മഹാസാമ്രാജ്യത്തിന്‍റെ പതന കാരണം. രാത്രി ആഹാരത്തിനിടയില്‍ വിളക്ക് അണയുമ്പോള്‍ തടവുകാരെ കത്തിച്ച് അതിന്‍റെ പ്രകാശത്തില്‍ അവര്‍ ആഹാരം കഴിക്കുകയും ആഹ്ലാദിക്കുകയും ചെയ്തിരുന്നു. മനുഷ്യരെയും വന്യമൃഗങ്ങളെയും പരസ്പരം തല്ല് കൂടിച്ച് നോക്കി രസിക്കുകയും പരസ്പരം പൊട്ടിച്ചിരിക്കുകയും ചെയ്തിരുന്നു. ചരിത്രകാരാനായ എഡ്വേര്‍ഡ് ദിപന്‍ റോമന്‍ സാമ്രാജ്യത്തിന്‍റെ പതനം എന്ന ഗ്രന്ഥത്തില്‍ ഇതുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങള്‍ ഉദ്ധരിച്ചിട്ടുണ്ട്. ആഗ്രഹമുള്ളവര്‍ അത് വായിച്ച് നോക്കുക.  ഇപ്രകാരം പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്‍റെ പതനവും ഇതുപോലുള്ള അക്രമങ്ങള്‍ കാരണമായിത്തന്നെയായിരുന്നു. അതെ, മറ്റുള്ളവര്‍ നിന്ദ്യരും നിസ്സാരരുമാണ് എന്ന ചിന്ത, ഇവരെക്കൊണ്ട് ധാരാളം അക്രമങ്ങള്‍ ചെയ്യിക്കുകയും അവസാനം അവര്‍ സ്വയം തകര്‍ന്ന് തരിപ്പണമാവുകയും ചെയ്തു. ഒരു രാജ്യം എത്ര പുരോഗതി പ്രാപിച്ചതാണെങ്കിലും ഇത്തരം ചിന്താഗതികള്‍, ആ രാജ്യത്തിന്‍റെ വലിയ നാശത്തിനും നഷ്ടത്തിനും നിമിത്തമാണെന്ന കാര്യം നാം നന്നായി ഉണരുക.
മറുഭാഗത്ത് പരസ്പരം ആദരവും സഹകരണവും നമ്മില്‍ ഉണ്ടായിത്തീരുകയും നിലനില്‍ക്കുകയും ചെയ്താല്‍ അത് നമ്മെയും നമ്മുടെ രാജ്യത്തെയും ഉന്നതങ്ങളിലേക്ക് ഉയര്‍ത്തുന്നതാണ്. അതെ, ഈ മഹല്‍ ഗുണമാണ് തീര്‍ത്തും സാധ്യത ഇല്ലാതിരുന്ന ഇന്ത്യയുടെ സ്വാതന്ത്ര്യത്തിലേക്ക് ഈ രാജ്യത്തെ കൊണ്ടെത്തിച്ചത്.! സ്വാതന്ത്ര്യ സമരം നടത്തിയ മഹത്തുക്കളുടെ പക്കല്‍ പണവും പണ്ടവും ആയുധവും ശേഷിയും ഒന്നുമില്ലായിരുന്നു. എന്നാല്‍ പരസ്പരം ഐക്യത്തോടെ, സ്വാതന്ത്ര്യമാകുന്ന മഹത്തായ ഒരു ലക്ഷ്യത്തിന് മുന്‍ഗാമികള്‍ അണിനിരന്നു. വെറും നിരായുധ സമരങ്ങളിലൂടെ ഈ രാജ്യത്ത് സ്വാതന്ത്ര്യത്തിന്‍റെ അരുണന്‍ ഉദിച്ചുയര്‍ന്നു. എന്നാല്‍ സ്വാതന്ത്ര്യത്തിന് ശേഷം പ്രസ്തുത ഐക്യവും സ്നേഹവും കാണപ്പെടുന്നില്ല എന്നത് ഒരു ദു:ഖ സത്യമാണ്.! ഇന്നത്തെ ലോകം നവനൂതന കണ്ടുപിടുത്തങ്ങളുടെ ഉപകരണ യുഗമാണ്. ചെറുതും വലുതുമായ സകല കാര്യങ്ങള്‍ക്കും ഉപകരണങ്ങള്‍ ലോകം മുഴുവന്‍ നിറഞ്ഞിരിക്കുന്നു. എന്നാല്‍ മാനവ നിര്‍മ്മിതിയുടെയും മനുഷ്യ മുന്നേറ്റത്തിന്‍റെയും പൗരാണികവും ശക്തവുമായ സ്നേഹ-സാഹോദര്യ-സഹകരണ സഹാനുഭൂതികളുടെ ഉപകരണം മാത്രം ഇന്ന് പ്രവര്‍ത്തന രഹിതമായിക്കിടക്കുന്നു. ഓര്‍ക്കുക: ഈ മഹത്തായ ഉപകരണമില്ലാതെ വേറെ എന്ത് ഉപകരണങ്ങള്‍ ലോകത്ത് നിറഞ്ഞ് നിന്നാലും അത് പുരോഗതിയല്ല, പുരോഗതിയുടെ പേരിലുള്ള അധോഗതി മാത്രമാണ്.
ഇന്ത്യയുടെ പൂങ്കുയിലായ ഇഖ്ബാല്‍ പറഞ്ഞത് സത്യം തന്നെ: നക്ഷത്രങ്ങളുടെ ഭ്രമണ പഥങ്ങള്‍ തേടിക്കൊണ്ടിരിക്കുന്ന മനുഷ്യന്‍ സ്വന്തം കാര്യത്തിന്‍റെ ചിന്താ മണ്ഡലത്തില്‍ യാത്രകളൊന്നും ചെയ്തില്ല.! സൂര്യന്‍റെ കിരണങ്ങളെ കൈപ്പിടിയിലാക്കിയ മനുഷ്യന്‍ ജീവിതത്തിന്‍റെ ഇരുളടഞ്ഞ രാത്രിയില്‍ വിളക്ക് കത്തിച്ചില്ല.!
മഹാന്മാരായ പ്രവാചകവര്യന്മാരുടെ അടുക്കല്‍, വിശിഷ്യാ അന്ത്യപ്രവാചകന്‍ മുഹമ്മദുര്‍ റസൂലുല്ലാഹി (സ) യുടെ പക്കല്‍ ഭൗതികമായ ഒരു ശക്തിയും ഇല്ലായിരുന്നു. പക്ഷേ, അവര്‍ മാനവികത മുറുകെ പിടിച്ചുകൊണ്ട് സത്യത്തിന്‍റെ സന്ദേശം ലോകത്തിന് മുമ്പില്‍ സമര്‍പ്പിച്ചു. ഇതിലൂടെ ഇരുളുകള്‍ മാറുകയും പ്രകാശം പരക്കുകയും ചെയ്തു. പ്രവാചകന്മാരുടെ മഹത്ചരിതം നിക്ഷ്പക്ഷമായി പാരായണം ചെയ്യുന്നവര്‍ക്ക് ഈ കാര്യം വ്യക്തമാകുന്നതാണ്. അവസാനമായി ഒരു കാര്യം കൂടി പറയട്ടെ: മഹാന്‍മാരായ പ്രവാചക വര്യന്‍മാരുടെ മഹത് ഗുണമായ മാനവികത ഏറ്റവും കൂടുതല്‍ ഉള്‍കൊണ്ട ഒരു രാജ്യമാണ് ഭാരതം. ഈ മണ്ണില്‍ ഉദയം ചെയ്ത മനുഷ്യത്വമുള്ള മഹത്തുക്കള്‍ ധാരാളമാണ്. ഇത് പഴയ കാലഘട്ടത്തിന്‍റെ മാത്രം കാര്യമല്ല. വിനീതന്‍റെ ജീവിത കാലഘട്ടത്തില്‍ തന്നെ ഈ ഗുണമുള്ള ധാരാളം മഹത്തുക്കളെ കാണാന്‍ കഴിഞ്ഞിട്ടുണ്ട്. ശൈഘുല്‍ ഇസ്ലാം മൗലാനാ ഹുസൈന്‍ അഹ്മദ് മദനി, മൗലാനാ അബുല്‍ കലാം ആസാദ്, മൗലാനാ മുഹമ്മദ് അലി ജൗഹര്‍, മോഹന്‍ദാസ് കരംചന്ദ് മഹാത്മാ ഗാന്ധി ഇവരെല്ലാവരും കറ കളഞ്ഞ മനുഷ്യ സ്നേഹികളായിരുന്നു. ഇവരുടെ ജീവിതാവസ്ഥകള്‍ നാം നിരന്തരം പഠിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ടതാണ്. മുന്‍ഗാമികളുടെ മഹത്ഗുണങ്ങളില്‍ മാത്രമാണ് രാജ്യത്തിന്‍റെ യഥാര്‍ത്ഥ പുരോഗതി നിലകൊള്ളുന്നത്. ഈ ഗുണങ്ങള്‍ ഉണ്ടാക്കിയെടുക്കാനുള്ള ത്യാഗ പരിശ്രമങ്ങളാണ് ഇന്നത്തെ ഏറ്റവും വലിയ ആവശ്യം. ചുരുക്കത്തില്‍, നമ്മുടെ മനസ്സിനുള്ളില്‍ നിഷ്കളങ്കമായ സ്നേഹാദരവുകള്‍ ഉണ്ടാക്കിയെടുക്കുക. നമ്മുടെ സ്വഭാവങ്ങളും ബന്ധങ്ങളും നന്നാക്കുക. ജാതി-മത വ്യത്യാസമില്ലാതെ സാഹോദര്യത്തിന്‍റയും മാനവികതയുടെയും പേരില്‍ പരസ്പരം ബന്ധപ്പെടുകയും സഹകരിക്കുകയും ചെയ്യുന്ന സ്വഭാവം പതിവാക്കുക. ഇത് തന്നെയാണ് ഈ രാജ്യത്തിന്‍റെ പുരോഗതിയുടെയും മഹത്വത്തിന്‍റയും യഥാര്‍ത്ഥ അടയാളം. ആകയാല്‍ ഇന്ന് കാണപ്പെടുന്ന വര്‍ഗ്ഗീയ അകല്‍ച്ചകളില്‍ നിന്നും രാജ്യത്തെ നാം രക്ഷിക്കുക. ഇതിലൂടെ മുഴുവന്‍ ലോകത്തിനും ഇന്ത്യാ രാജ്യം ഒരു മഹത്തായ മാതൃകയായി മാറുന്നതാണ്. ലോകം മുഴുവന്‍ ഇന്ന് ഈ രാജ്യത്തെ ശ്രദ്ധിക്കുന്നുണ്ട്. ഇവിടെ നിന്നും ഉത്തമ സന്ദേശം ലോകത്തിന് നല്‍കാന്‍ നാം ശ്രദ്ധിക്കുക. അതിന് നമ്മുടെ മനസ്സും മസ്തിഷ്കവും ജാതി-മത വിരോധങ്ങളില്‍ നിന്നും പരിശുദ്ധമാക്കുക. ആദരവിന്‍റെയും സ്നേഹ സഹകരണങ്ങളുടെയും സമുന്നതമായ ചിന്താ-വിചാരങ്ങള്‍ നട്ടു പിടിപ്പിക്കുകയും വെള്ളവും വളവും നല്‍കി വളര്‍ത്തുകയും ചെയ്യുക. പടച്ചവന്‍ അനുഗ്രഹിക്കട്ടെ.!
വിശ്വ പണ്ഡിതനും സ്വാതന്ത്ര്യ സമര സേനാനിയുമായ മൗലാനാ അലിമിയാന്‍റെ ഈ സന്ദേശം പ്രചരിപ്പിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.
                                                           -പയാമെ ഇന്‍സാനിയത്ത് കേരള ഘടകം
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...