Sunday, July 29, 2018

നബവീ ഹജ്ജ്: സുന്ദരം, സരളം, സമ്പൂര്‍ണ്ണം.! മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി


നബവീ ഹജ്ജ്: 
സുന്ദരം, സരളം, സമ്പൂര്‍ണ്ണം.! 
മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി 
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി  
http://swahabainfo.blogspot.com/2018/07/blog-post_3.html?spref=tw
ഹിജ് രി 8-ാം വര്‍ഷം മക്ക മുകര്‍റമയില്‍ ഇസ് ലാമിക ഭരണം സ്ഥാപിതമായി. ഹിജ് രി 9-ാം വര്‍ഷം ഹജ്ജ് ഫര്‍ദ് ആക്കപ്പെട്ടു. റസൂലുല്ലാഹി    ഈ വര്‍ഷം ഹജ്ജ് നിര്‍വ്വഹിച്ചില്ല. എന്നാല്‍, അബൂബക്ര്‍ സിദ്ദീഖ് (റ) നെ അമീറുല്‍ ഹജ്ജായി നിശ്ചയിച്ച് അയയ്ക്കുകയും ഇനി മുതല്‍ മുശ് രിക്കുകള്‍ ഹജ്ജ് ചെയ്യാന്‍ പാടില്ല, ജാഹിലിയ്യാ കാലത്തെ വൃത്തികെട്ട ആചാരങ്ങള്‍ പാടില്ല, എന്നീ പ്രഖ്യാപനങ്ങള്‍ നടത്തുകയും ചെയ്തു. അങ്ങനെ, മക്കയില്‍ നിന്നും ശിര്‍ക്കിന്‍റേയും ജാഹിലിയ്യത്തിന്‍റേയും സര്‍വ്വ ചിഹ്നങ്ങളും തുടച്ചുമാറ്റപ്പെട്ടു. അടുത്ത വര്‍ഷം ഹി: 10-ന് റസൂലുല്ലാഹി   ഹജ്ജിന് പോകാന്‍ തീരുമാനിച്ചു. തങ്ങളുടെ ഇഹലോക ജീവിതം അവസാനിക്കാറായി എന്ന് തങ്ങള്‍ക്ക് സൂചന ലഭിച്ചിരുന്നതിനാല്‍, കഴിയുന്നത്ര മുസ് ലിംകള്‍ ഈ യാത്രയില്‍ പങ്കെടുക്കുന്നതിനും ഹജ്ജിന്‍റെയും ഇതര ആരാധനകളുടേയും നിയമ-രീതികള്‍ പഠിക്കുന്നതിനും യാത്രയുടെ സഹവാസം ലഭിക്കുന്നതിനും തങ്ങള്‍ ഈ യാത്ര പരസ്യപ്പെടുത്തുകയും പ്രേരിപ്പിക്കുകയും ചെയ്തു. തല്‍ഫലമായി അടുത്തതും വിദൂരവുമായ പ്രദേശങ്ങളില്‍ നിന്നും ആയിരക്കണക്കിന്
മുസ് ലിംകള്‍ ഹജ്ജിനായി ഒരുങ്ങി മദീനാ ത്വയ്യിബയിലെത്തി.
ഹി: 10 ദുല്‍ഖഅ്ദ് ഇരുപത്തിനാല് ജുമുആ ദിവസത്തിലുള്ള ഖുത്വുബയില്‍ റസൂലുല്ലാഹി   ഹജ്ജ് യാത്രയുമായി ബന്ധപ്പെട്ട ചില പ്രധാന കാര്യങ്ങള്‍ വിവരിച്ചു. അടുത്ത ദിവസം ശനിയാഴ്ച ളുഹ്ര്‍ നമസ്കാരാനന്തരം അതി മഹത്തായ ഈ സംഘം മദീനാ ത്വയ്യിബയില്‍ നിന്നും യാത്രതിരിച്ചു. പ്രഥമ ഇടത്താവളമായ ദുല്‍ഹുലൈഫയില്‍ എത്തി അസ്ര്‍ നമസ്കരിച്ചു. രാത്രി അവിടെ തങ്ങി. അടുത്ത ദിവസം ളുഹ്ര്‍ നമസ്കാരാനന്തരം എല്ലാവരും ഇഹ്റാം നിര്‍വ്വഹിച്ച് വിശുദ്ധ മക്കയിലേക്ക് യാത്രതിരിച്ചു. യാത്രയുടെ ഒന്‍പതാം ദിവസം ദുല്‍ഹജ്ജ് 4-ന് മക്ക മുകര്‍റമയില്‍ എത്തി. സഹയാത്രികരുടെ എണ്ണം വഴിയില്‍ വെച്ച് കൂടികൊണ്ടിരുന്നു.
ഈ യാത്രയിലെ സഹയാത്രികരുടെ എണ്ണത്തെ സംബന്ധിച്ച നിവേദനങ്ങള്‍ വ്യത്യസ്തമാണ്. നാല്‍പതിനായിരം മുതല്‍ ഒരു ലക്ഷത്തി മുപ്പതിനായിരം വരെയുള്ള കണക്കുകള്‍ സ്വഹാബികള്‍ പറഞ്ഞിരുന്നു. വലിയ സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നവരെ കുറിച്ച്  ജനങ്ങളുടെ അനുമാന കണക്കുകളില്‍ വരുന്ന ഭിന്നത പോലെയാണ് ഇതും. എണ്ണാന്‍ കഴിയാത്തത്ര ജനങ്ങള്‍ ഉണ്ടായിരുന്നു എന്നതാണ് ഇവയുടെ എല്ലാം ആശയം.
ഈ ഹജ്ജിന്‍റെ വിവിധ സന്ദര്‍ഭങ്ങളില്‍ റസൂലുല്ലാഹി   വിവിധ പ്രഭാഷണങ്ങള്‍ നടത്തുകയുണ്ടായി. തന്‍റെ പരലോക യാത്രയുടെ സമയം അടുത്തുവെന്നും ശിക്ഷണ-ശീലനങ്ങള്‍ക്ക് ഇനി അവസരം ലഭിക്കാന്‍ ഇടയില്ലെന്നും അതിലെല്ലാം വ്യക്തമാക്കിയിരുന്നു.
ഹജ്ജത്തുല്‍ വദാഇന്‍റെ ഹദീസുകള്‍ പാരായണം ചെയ്താല്‍ ഹജ്ജിന്‍റെ വിവിധ നിയമങ്ങളോടൊപ്പം ശരീഅത്തിന്‍റെ നിരവധി ഇതര അദ്ധ്യായങ്ങളെക്കുറിച്ചുള്ള സുപ്രധാന വിവരണവും ലഭിക്കുന്നതാണ്. പല വര്‍ഷങ്ങളില്‍ നടത്താന്‍ കഴിയാത്ത തരത്തിലുള്ള പ്രബോധന - അദ്ധ്യാപനങ്ങളാണ് ഈ ഒരു മാസത്തെ യാത്ര കൊണ്ട് കരസ്ഥമായത്. അതുകൊണ്ടാണ് ദീന്‍ പഠിക്കാനും പകര്‍ത്താനും പ്രചരിപ്പിക്കാനുമുള്ള ശക്തമായ മാര്‍ഗ്ഗം ദീനീ യാത്രയിലെ സഹവാസമാണെന്ന് ചില മഹാന്‍മാര്‍ പ്രസ്താവിച്ചത്.
ഈ ആമുഖകുറിപ്പിന് ശേഷം നബവി ഹജ്ജിനെ കുറിച്ച് വിശദമായി വിവരിക്കുന്ന ജാബിര്‍ (റ) ന്‍റെ ഹദീസ് സ്വഹീഹ് മുസ് ലിമില്‍ നിന്നും ഉദ്ധരിക്കുന്നു. അനുവാചകരുടെ സൗകര്യാര്‍ത്ഥം പല ഖണ്ഡികകളിലായാണ് ഉദ്ധരിച്ചിരിക്കുന്നത്.
സയ്യിദുനാ അലി (റ) യുടെ പരമ്പരയില്‍പ്പെട്ട മഹാപുരുഷനും ഇമാം ജഅ്ഫര്‍ സാദിഖ് (റ) എന്ന അപരനാമത്തില്‍ പ്രസിദ്ധനുമായ ജഅ്ഫര്‍ (റ) ബിന്‍ മുഹമ്മദ് (റ) പറയുന്നു: എന്‍റെ പിതാവ് ഇമാം ബാഖിര്‍ മുഹമ്മദിബ്നു അലി (റ) വിവരിക്കുന്നു. ഞങ്ങള്‍ ഏതാനും സുഹൃത്തുക്കള്‍ പ്രസിദ്ധ സഹാബി ജാബിര്‍ (റ) ന്‍റെ അരികിലെത്തി. അദ്ദേഹം ഞങ്ങള്‍ ഓരോരുത്തരേയും അന്വേഷിച്ചറിഞ്ഞു.
എന്‍റെ ഊഴം എത്തിയപ്പോള്‍ ഞാന്‍ മുഹമ്മദിബ്നു അലി ബിന്‍ ഹുസൈന്‍ ആണെന്ന് പറഞ്ഞു. (ഈ സന്ദര്‍ഭം അദ്ദേഹം ഒരു വന്ദ്യവയോധികനായിരുന്നു. അന്ധതയും ബാധിച്ചിരുന്നു). അദ്ദേഹം (വലിയ സ്നേഹത്തോടെ) എന്‍റെ തലയില്‍ തടകിയ ശേഷം എന്‍റെ ഉടുപ്പിന്‍റെ ബട്ടണ്‍ അഴിച്ച് എന്‍റെ നെഞ്ചില്‍ കൈവെച്ചു (എന്‍റെ വരവില്‍ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് പ്രസ്താവിച്ചു: എന്‍റെ സഹോദര പുത്രാ), (എന്‍റെ സഹോദരന്‍ ഹുസൈനിന്‍റെ പിന്‍ഗാമി) നിങ്ങള്‍ക്ക് സ്വാഗതം. ഇഷ്ടമുള്ള കാര്യങ്ങള്‍ ഒരു മടിയും കൂടാതെ ചോദിച്ചുകൊള്ളുക. (ഇമാം ബാഖിര്‍ പറയുന്നു). ഇതിനിടയില്‍ ഇഷാ നമസ്കാരത്തിന് സമയം ആയി. ജാബിര്‍ (റ) തദവസരം ചെറിയ ഒരു പുതപ്പ് പുതച്ചിരുന്നു. അതു പുതച്ചുകൊണ്ട് തന്നെ അദ്ദേഹം നമസ്കാരത്തിനു നിന്നു. വലിയ പുതപ്പ് അടുത്തു തന്നെ തൂക്കിയിട്ടിരുന്നു. (പക്ഷെ ആ ചെറിയ പുതപ്പ് പുതച്ചു തന്നെ നമസ്കാരം സാധുവാകുമെന്നതിനാല്‍ അദ്ദേഹം അത് പുതച്ച് ഇമാമത്ത് നിന്നു).
നമസ്കാരാനന്തരം ഞാന്‍ ചോദിച്ചു. റസൂലുല്ലാഹി   യുടെ ഹജ്ജി (ഹജ്ജത്തുല്‍വദാഅ്) നെ കുറിച്ച് എനിക്ക് വിവരിച്ചു തരിക. അദ്ദേഹം വിരലുകള്‍ കൊണ്ട് ഒന്‍പത് എന്ന് ആഗ്യം കാണിച്ചുകൊണ്ട് അരുളി: റസൂലുല്ലാഹി   മദീനയില്‍ വന്ന് ഒന്‍പത് വര്‍ഷം വരെ ഹജ്ജ് ചെയ്തില്ല. 10-ാം വര്‍ഷം ഹജ്ജിന് പോകുന്നതായി വിളംബരപ്പെടുത്തി. ഇതറിഞ്ഞ് ധാരാളം ആളുകള്‍ മദീനയില്‍ എത്തി.
ഈ അനുഗൃഹീത യാത്രയില്‍ തങ്ങളോടൊപ്പം കഴിഞ്ഞ് പരിപൂര്‍ണ്ണമായി തങ്ങളെ പിന്‍പറ്റണമെന്നതായിരുന്നു ഓരോരുത്തരുടേയും ആഗ്രഹം. (ജാബിര്‍ (റ) പറയുന്നു. യാത്രയുടെ ദിവസം ആയപ്പോള്‍ റസൂലുല്ലാഹി   യുടെ നേതൃത്വത്തില്‍) സംഘം മുഴുവനും മദീനയില്‍ നിന്നും പുറപ്പെട്ടു ദുല്‍ഹുലൈഫയിലെത്തി. അന്നവിടെ താമസിച്ചു. ഇവിടെ വെച്ച് (അബൂബക്ര്‍ (റ) ന്‍റെ ഭാര്യയും സംഘാഗവുമായ) അസ്മാഅ് ബിന്‍തു ഉമൈസ് (മുഹമ്മദ് ബിന്‍ അബൂബക്റിനെ) പ്രസവിച്ചു. ഞാന്‍ എന്താണ് ചെയ്യേണ്ടത് എന്ന് അവര്‍ ആളെ അയച്ചു ചോദിച്ചു. റസൂലുല്ലാഹി   അരുളി: ഈ അവസ്ഥയില്‍ തന്നെ ഇഹ്റാമിന് വേണ്ടി കുളിക്കുക. രക്തം പുറപ്പെടുന്ന ഭാഗം തുണിവെച്ച് കെട്ടി ഇഹ്റാം നിര്‍വ്വഹിക്കുക. തുടര്‍ന്ന് റസൂലുല്ലാഹി   ദുല്‍ഹുലൈഫയിലെ മസ്ജിദില്‍ ളുഹ്ര്‍ നമസ്കരിച്ചു ശേഷം അള്ബാഅ് എന്ന ഒട്ടകത്തില്‍ യാത്ര ആരംഭിച്ചു.
ദുല്‍ഹുലൈഫയുടെ അടുത്തു തന്നെയുള്ള ഉയര്‍ന്ന പ്രദേശമായ ബൈദാഅ് എന്ന സ്ഥലത്ത് എത്തിയപ്പോള്‍ ഞാന്‍ നാലുഭാഗത്തേക്കും കണ്ണോടിച്ചു. നാലുഭാഗത്തും കണ്ണെത്താദൂരം വരെ വാഹനത്തിലും കാല്‍നടയായും ജനങ്ങള്‍ പരന്നതായി ഞാന്‍ കണ്ടു. റസൂലുല്ലാഹി   ഞങ്ങള്‍ക്കിടയിലുണ്ട്. തങ്ങളുടെമേല്‍ ഖുര്‍ആന്‍ അവതരിക്കുന്നു. അവയുടെ ശരിയായ ആശയം തങ്ങള്‍ക്കറിയാം. (ആകയാല്‍ തങ്ങള്‍ ചെയ്യുന്നതെല്ലാം അല്ലാഹുവിന്‍റെ വഹ്യ് അനുസരിച്ചാണ്) തങ്ങള്‍ ചെയ്യുന്നതുപോലെ ചെയ്യുക എന്നതായിരുന്നു ഞങ്ങളുടെ രീതി. (അങ്ങനെ തങ്ങള്‍   ഒട്ടകപുറത്തു ബൈദാഇലെത്തിയപ്പോള്‍ 
ഉറക്കെ തൗഹീദ് അടങ്ങിയ തല്‍ബിയത്തു ചൊല്ലി. 
لَبَّيْكَ اللَّهُمَّ لَبَّيْكَ، لَبَّيْك
സ്വഹാബികളും തല്‍ബിയത്ത് ഉറക്കെ ചൊല്ലികൊണ്ടിരുന്നു. (ചിലര്‍ അതില്‍ ചില വാചകങ്ങള്‍ വര്‍ദ്ധിപ്പിച്ചിരുന്നു) റസൂലുല്ലാഹി  അവരെ അതില്‍ നിന്നും തടഞ്ഞില്ല. എന്നാല്‍ തങ്ങള്‍ സാധാരണ തല്‍ബിയ്യത്ത് തന്നെ ചൊല്ലിക്കൊണ്ടിരുന്നു.
ജാബിര്‍ (റ) തുടരുന്നു. ഈ യാത്രയില്‍ ഞങ്ങളുടെ ഉദ്ദേശം ഹജ്ജായിരുന്നു. ഉംറയെക്കുറുച്ച് ഞങ്ങള്‍ ചിന്തിച്ചിരുന്നില്ല. അങ്ങനെ ഞങ്ങള്‍ (മക്കയിലെത്തി) കഅ്ബാ ശരീഫിനരികില്‍ വന്നപ്പോള്‍ റസൂലുല്ലാഹി  ഹജറുല്‍ അസ്വദില്‍ കൈവെച്ച് തൊട്ടുചുംബിച്ചു. തുടര്‍ന്ന് ത്വവാഫ് ആരംഭിച്ചു അതില്‍ മൂന്ന് ചുറ്റ് "റംല്" ആയി (നെഞ്ച് വിരിച്ചു കാല്‍ അടുപ്പിച്ചുവെച്ചു ശക്തി തെളിയിക്കുന്ന രീതിയില്‍ ധൃതിയില്‍) നടന്നു. ബാക്കി നാലു ചുറ്റല്‍ സാധാരണ പോലെ നടന്നു. (ഏഴു ചുറ്റല്‍ പൂര്‍ത്തിയായ) ശേഷം മഖാമു ഇബ്റാഹീമിലേക്ക് നടന്നു. "മഖാമു ഇബ്റാഹീമിനരികില്‍ നമസ്കരിക്കുക". എന്ന ആയത്ത് ഓതി. തങ്ങളുടെയും  കഅ്ബയുടെയും ഇടയില്‍ മഖാമു ഇബ്റാഹീമിനെ ആക്കികൊണ്ട് രണ്ട് റക്അത്ത് നമസ്കരിച്ചു.
നിവേദകന്‍ ഇമാം ജഅ്ഫര്‍ സ്വാദിഖ് (റ) പറയുന്നു: എന്‍റെ പിതാവ് പറയുമായിരുന്നു. ഈ രണ്ടു റക്അത്തുകളില്‍ കാഫിറൂന്‍, ഇഖ്ലാസ് എന്നീ സൂറത്തുകളാണ് ഓതിയത്. പിന്നീട് ഹജറുല്‍ അസ്വദിനടുത്തുവന്ന് അതിനെ തൊട്ടുമുത്തിക്കൊണ്ട് ഒരു വാതിലിലൂടെ (സഅ്യ് ചെയ്യാന്‍) സഫയിലേക്കു നടന്നു. അതിനടുത്ത് എത്തിയപ്പോള്‍ "സഫായും മര്‍വയും അല്ലാഹുവിന്‍റെ ചിഹ്നത്തില്‍പ്പെട്ടതാണ്" എന്ന ആയത്ത് ഓതി. അല്ലാഹു ആദ്യം സഫായെ പറഞ്ഞതിനാല്‍ സഫായില്‍ നിന്നും സഅ്യ് ആരംഭിക്കുന്നതാണെന്ന് അറിയിച്ചുകൊണ്ട് കഅ്ബശരീഫ് കാണും വിധം ഒരാള്‍ ഉയരത്തില്‍ കയറി കഅ്ബയിലേക്ക് അഭിമുഖമായി നിന്നു. അല്ലാഹുവിന്‍റെ  ഏകത്വം വാഴ്ത്തുന്നതിലും സ്തുതി കീര്‍ത്തനങ്ങളിലും മുഴുകി
لَا شَرِيكَ لَكَ، لَبَّيْكَ إِنَّ الْحَمْدَ وَالنِّعْمَةَ لَكَ وَالْمُلْكَ لَا شَرِيكَ لَكَ... 
ഈ വചനങ്ങള്‍ മൂന്ന് പ്രാവശ്യം പറഞ്ഞു. ശേഷം താഴ്ഭാഗത്തേക്ക് ഇറങ്ങി മര്‍വയിലേക്ക് നടന്നു. ഒരു താഴ്ന്ന ഭാഗത്ത് എത്തിയപ്പോള്‍ ആ ഭാഗം കഴിയുന്നത് വരെ ധൃതിയില്‍ നടന്നു. തുടര്‍ന്ന് സാധാരണപോലെ നടന്നു. മര്‍വയില്‍ എത്തിയപ്പോള്‍ സഫായില്‍ ചെയ്തത് പോലെ ചെയ്തു. അവസാന നടത്തം പൂര്‍ത്തീകരിച്ചു മര്‍വയിലെത്തിയപ്പോള്‍ സ്വഹാബത്തിനോട് അരുളി: "എനിക്ക് പിന്നീട് മനസ്സിലായ കാര്യം  മുമ്പ് ഞാന്‍ മനസ്സിലാക്കിയിരുന്നെങ്കില്‍ ഞാന്‍ മദീനയില്‍ നിന്നും ബലി മൃഗങ്ങളെ കൊണ്ടു വരില്ലായിരുന്നു". (ഈ ത്വവാഫും സഅ്യും ഉംറയുടെതാക്കാമായിരുന്നു) ആകയാല്‍ നിങ്ങളില്‍ ബലിമൃഗത്തെ കൊണ്ട് വരാത്തവര്‍ (മുടിയെടുത്ത്) ഇഹ്റാം അവസാനിപ്പിക്കുകയും ഇതുവരെ ചെയ്തത് ഉംറ ആക്കുകയും ചെയ്യുക എന്നു റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) പറഞ്ഞു. ഇതു കേട്ടപ്പോള്‍ സുറാഖത്ത് ചോദിച്ചു "ഹജ്ജിന്‍റെ മാസങ്ങളില്‍ ഉംറ ചെയ്യാമെന്ന  ഈ നിയമം ഈ വര്‍ഷത്തേക്ക് മാത്രമാണോ.? അതോ എന്നെന്നേക്കുമാണോ.?" റസൂലുല്ലാഹി   ഒരു കയ്യിലെ വിരലുകള്‍ മറു കയ്യിലെ വിരലുകളില്‍ ചേര്‍ത്തു വെച്ചുകൊണ്ടരുളി; "ഉംറ ഹജ്ജില്‍ പ്രവേശിക്കുമെന്നത് ഈ വര്‍ഷത്തേക്കു മാത്രമല്ല എക്കാലത്തേക്കുമാണ്."(മുസ്ലിം)
സഅ് യിന്‍റെ അവസാനത്തില്‍ റസൂലുല്ലാഹി   നടത്തിയ പ്രസ്താവനകളുടെ യാഥാര്‍ത്ഥ്യം ഗ്രഹിക്കാന്‍ ജാഹിലീ കാലത്തെ ഒരു അന്ധവിശ്വാസം മനസ്സിലാക്കേണ്ടതുണ്ട്; ഹജ്ജിന്‍റെ മാസങ്ങളായ ശവ്വാല്‍, ദുല്‍ഖഅ്ദ്, ദുല്‍ഹജ്ജ് മാസങ്ങളില്‍ ഉംറ ചെയ്യുന്നത് മഹാപാപമായി ജാഹിലിയത്തില്‍ കണക്കാക്കിയിരുന്നു. ഇത് തീര്‍ത്തും തെറ്റും വ്യാജവുമായിരുന്നു. റസൂലുല്ലാഹി   യാത്രയുടെ തുടക്കത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ ഇപ്രകാരം പ്രസ്താവിച്ചിരുന്നു: "ഇഷ്ടമുള്ളവര്‍ ഹജ്ജിന് മാത്രമായി ഇഹ്റാം ചെയ്യുക. ഇഷ്ടമുള്ളവര്‍ ആദ്യം ഉംറ ചെയ്ത് വിരമിച്ചശേഷം ഹജ്ജിനായി ഇഹ്റാം ചെയ്യുക. ഇഷ്ടമുള്ളവര്‍ രണ്ടും ചേര്‍ത്ത് ഇഹ്റാം ചെയ്യുക" (ഇവകള്‍ക്ക് യഥാക്രമം ഇഫ്റാദ്, തമത്തുഅ്, ഖിറാന്‍ എന്നു പറയുന്നു) ഇതുകേട്ടതിനു ശേഷം ആഇഷ (റ) അടക്കമുള്ള ഏതാനും സ്വഹാബികള്‍ മാത്രം തമത്തുഅ് ആയി ഉംറയ്ക്ക് ഇഹ്റാം ചെയ്തു. ഭൂരിഭാഗം പേരും ഇഫ്റാദോ ഖിറാനോ ആയിട്ടാണ് ഇഹ്റാം ചെയ്തത്. ബലിമൃഗത്തെ കൊണ്ടുവന്നവര്‍ ഇഫ്റാദ് അല്ലെങ്കില്‍ ഖിറാന്‍ ആയി ഇഹ്റാം ചെയ്യല്‍ നിര്‍ബന്ധമായിരുന്നു.
മക്കാ മുകര്‍റമയില്‍ എത്തിയപ്പോള്‍ ഹജ്ജിന്‍റെ മാസങ്ങളില്‍ ഉംറ ചെയ്യാന്‍ പാടില്ല എന്ന ജാഹിലീ വിശ്വാസത്തിന്‍റെ അംശങ്ങള്‍ പരിപൂര്‍ണ്ണമായി പിഴുതെറിയല്‍ നിര്‍ബന്ധമാണെന്ന ചിന്ത റസൂലുല്ലാഹി  ക്ക് ശക്തമായി. അതിന് ജാഹിലിയ്യത്തിനെതിരില്‍ വിശാലമായി വല്ലതും ചെയ്തു കാണിച്ചുകൊടുക്കല്‍ ആവശ്യമായിരുന്നു. റസൂലുല്ലാഹി   ക്ക് ഇഹ്റാമില്‍ നിന്നു മാറാന്‍ നിര്‍വാഹമില്ലാത്തതിനാല്‍ ബലി മൃഗങ്ങളെ കൊണ്ടു വരാത്ത സ്വഹാബാക്കളെ തങ്ങള്‍ ഇതിനു പ്രേരിപ്പിച്ചു. റസൂലുല്ലാഹി   യുടെ ഈ പ്രേരണകേട്ടു സുറാഖ (റ) ഹജ്ജ് മാസത്തില്‍ ഉംറ ചെയ്യാമെന്ന ഈ നിയമം ഈ വര്‍ഷത്തേക്ക് മാത്രമാണോ.? എന്നു ചോദിക്കുകയുണ്ടായി. കാരണം, അദ്ദേഹത്തിന്‍റെ ഇതുവരെയുള്ള അറിവ് ഹജ്ജിന്‍റെ മാസങ്ങളില്‍ ഉംറ ചെയ്യല്‍ മഹാപാപമാണെന്നായിരുന്നു. റസൂലുല്ലാഹി   അദ്ദേഹത്തിനും മറ്റുള്ളവര്‍ക്കും നല്ല നിലയില്‍ മനസിലാക്കിക്കൊടുക്കാന്‍ കൈകളിലെ വിരലുകള്‍ പരസ്പരം കോര്‍ത്തുകൊണ്ടരുളി: ഹജ്ജിന്‍റെ മാസങ്ങളിലും ഹജ്ജിന്‍റെ ദിനങ്ങളോടടുത്തും ഉംറ ചെയ്യാവുന്നതാണ്. ഉംറയെ പാപമായി കാണുന്നത് തീര്‍ത്തും തെറ്റും വിവരക്കേടുമാണ്. ഈ നിയമം കാലാകാലത്തേക്ക് ഉള്ളതാണ്.
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...