Tuesday, July 24, 2018

ഹജ്ജ്-ഉംറ: അറിഞ്ഞിരിക്കേണ്ട ചില മസ്അലകള്‍.!


ഹജ്ജ്-ഉംറ: 
അറിഞ്ഞിരിക്കേണ്ട ചില മസ്അലകള്‍.! 
http://swahabainfo.blogspot.com/2018/07/blog-post_24.html?spref=tw 

1. ത്വവാഫ് നിര്‍വ്വഹിക്കുന്നതിനിടയില്‍, 
ജമാഅത്ത് നമസ്കാരം ആരംഭിച്ചാല്‍ നാം എന്ത് ചെയ്യണം.?
ത്വവാഫ് പൂര്‍ത്തിയാകുന്നതിന് മുമ്പ് ജമാഅത്ത് നമസ്കാരം ആരംഭിച്ചാല്‍ അവിടെ നിന്നുതന്നെ നമസ്കാരം പൂര്‍ത്തിയാക്കി സുന്നത്ത് നമസ്കാരങ്ങള്‍ക്ക് മുമ്പ് ത്വവാഫ് മുറിച്ച സ്ഥലത്ത് നിന്നുതന്നെ ബാക്കി പൂര്‍ത്തിയാക്കുകയും, 
സുന്നത്ത് നമസ്കാരം ത്വവാഫിന് ശേഷം നിര്‍വ്വഹിക്കുകയും ചെയ്യുക. 
ത്വവാഫ് മുറിച്ച സ്ഥലത്ത് നിന്ന് ആരംഭിക്കുമ്പോള്‍ അല്‍പ്പം പിന്നിലേക്ക് മാറി ആരംഭിക്കല്‍ നല്ലതും സൂക്ഷ്മതയുമാണ്. 



2. ത്വവാഫിനിടയില്‍ വുളൂഅ് മുറിയുകയോ, 
സ്ത്രീക്ക് ഹൈള് പുറപ്പെടുകയോ ചെയ്താല്‍ എന്ത് ചെയ്യണം.?
ത്വവാഫിനിടയില്‍ വുളൂഅ് മുറിഞ്ഞാല്‍, 
അതേ സ്ഥലത്ത് ത്വവാഫ് മുറിക്കുകയും വുളൂഅ് ചെയ്ത ശേഷം അവിടെനിന്ന് തന്നെ തുടരുകയും ചെയ്യാം. 
എങ്കിലും പുതിയ ത്വവാഫ് ചെയ്യലാണ് ഉത്തമം.! 
ത്വവാഫിനിടയില്‍ സ്ത്രീക്ക് ഹൈള് പുറപ്പെട്ടാല്‍, 
അവിടെ വെച്ച് തന്നെ ത്വവാഫ് അവസാനിപ്പിക്കുകയും 

ഹൈളില്‍ നിന്ന് ശുദ്ധിയായ ശേഷം പുതിയ ത്വവാഫ് ചെയ്യുകയും ചെയ്യുക. 



3. മരുന്ന് ഉപയോഗിച്ച് ആര്‍ത്തവം നിര്‍ത്തുന്നതിന്‍റെ വിധി എന്താണ്.?
ത്വവാഫില്‍ ആര്‍ത്തവരക്തം പുറപ്പെടുമെന്ന് ആശങ്കയുള്ള സ്ത്രീകള്‍ക്ക്, 
മരുന്ന് ഉപയോഗിച്ച് അതിനെ പ്രതിരോധിക്കാന്‍ അനുവാദമുണ്ട്. 
ഈ കാലയളവിലെ ത്വവാഫ് സ്വഹീഹാകുകയും ചെയ്യും. 
എന്നാല്‍, 
ശക്തമായ ആവശ്യമുണ്ടെങ്കില്‍ മാത്രം ഇപ്രകാരം ചെയ്യുക. 
കാരണം, 
അത് സ്ത്രീയുടെ ആരോഗ്യത്തെ സാരമായി ബാധിക്കാനിടയുണ്ട്. 
4. ത്വവാഫിനിടയില്‍ കഅ്ബയെ നോക്കാമോ.? 
ത്വവാഫിനിടയില്‍ കഅ്ബയുടെ ഭാഗത്തേക്ക് നെഞ്ചോ മുതുകോ അഭിമുഖീകരിക്കുന്നതിലൂടെ ത്വവാഫ് അസാധുവായി പോകുന്നതാണ്. അപ്രകാരം സംഭവിച്ച ത്വവാഫ് മടക്കല്‍ നിര്‍ബന്ധവുമാണ്. പക്ഷെ ഹജറുല്‍ അസ്വദിനെ ചുംബിക്കുമ്പോള്‍ നെഞ്ചും മുഖവും കൊണ്ട് അഭിമുഖീകരിക്കുന്നതില്‍ കുഴപ്പിമില്ല. ഹജറുല്‍ അസ്വദില്‍ തുടങ്ങി അവിടെ തന്നെ അവസാനിപ്പിക്കുമ്പോഴാണ് ഒരു ത്വവാഫ് പൂര്‍ണ്ണമാകുന്നത്. ആയതിനാല്‍ അവിടെ അഭിമുഖീകരിക്കല്‍ സുന്നത്താണ്. 
ത്വവാഫിന്‍റെ ഇടയില്‍ കഅ്ബയെ അഭിമുഖീകരിക്കലാണ് അനുവദനീയമല്ലാത്തത്. നമസ്കാരത്തില്‍ അങ്ങോട്ടുമിങ്ങോട്ടും നോക്കല്‍ പാടില്ലാത്തത് പോലെ, ത്വവാഫിനിടയിലും മുഖം തിരിക്കല്‍ കറാഹത്തും മര്യാദകേടുമാണ്. മുന്‍ഭാഗത്തേക്ക് നോക്കി ത്വവാഫ് ചെയ്യലാണ് ത്വവാഫിന്‍റെ മര്യാദ. 
5. ഇഹ്റാമിലല്ലാതെ മക്കയിലെത്തിയാല്‍ എന്താണ് ചെയ്യേണ്ടത്.?
ഹജ്ജ്-ഉംറ യാത്രകളില്‍ ഇഹ്റാമിലല്ലാതെ മക്കയില്‍ പ്രവേശിച്ചാല്‍ പ്രായശ്ചിത്തമായി ഒരു മൃഗം അറുത്ത് ദാനം ചെയ്യല്‍ നിര്‍ബന്ധമാണ്. ആരെക്കിലും മീഖാത്തിലേക്ക് മടങ്ങിവന്ന് ഇഹ്റാം നിര്‍വ്വഹിച്ചാല്‍ പ്രായശ്ചിത്തം ഒഴിവാകുന്നതാണ്. പ്രബലമായ അഭിപ്രായമനുസരിച്ച് ജിദ്ദയും മീഖാതിന്‍റെ വിധിയുള്ള സ്ഥലമായതിനാല്‍ ജിദ്ദയിലെ സമുദ്രതീരങ്ങളില്‍ വന്ന് ഇഹ്റാം കെട്ടി ഹജ്ജും ഉംറയും നിര്‍വ്വഹിക്കാവുന്നതാണ്. 
ഫഖീഹുല്‍ അസ്ര്‍ മൗലാനാ ഖലീല്‍ അഹ്മദ് സഹാറന്‍പൂരി മുഹാജിര്‍ മദനി (റഹ്), ഹകീമുല്‍ ഉമ്മത്ത് മൗലാനാ അശ്റഫ് അലി ത്ഥാനവി (റഹ്), മൗലാനാ മുഫ്തി ശഫീഅ് ഉസ്മാനി (റഹ്), മൗലാനാ ളഫര്‍ അഹ്മദ് ത്ഥാനവി തുടങ്ങിയ മഹത്തുക്കള്‍ ജിദ്ദ, യലംലമിന് നേരെയോ അല്ലെങ്കില്‍ വെളിയിലോ ആണെന്നതിനാല്‍ അതിനെ മീഖാതായി കണക്കാക്കിയിട്ടുണ്ട്. 
6. ഇഹ്റാമില്‍ നിന്ന് ഒഴിവാകുമ്പോള്‍ മുടിവടിക്കണോ, അതോ വെട്ടണോ.? 
ഇഹ്റാമില്‍ നിന്ന് ഒഴിവാകുന്നത് ഒന്നുങ്കില്‍ തലമുണ്ഡലം ചെയ്യുന്നതിലൂടെയോ അല്ലെങ്കില്‍ തുല്യഅളവില്‍ മുടി വെട്ടുന്നതിലൂടെയാണ്. വെട്ടുന്നതിനേക്കാള്‍ നല്ലത് മുണ്ഡനം ചെയ്യുന്നതിലാണ്. 
7. ഹജറുല്‍ അസ്വദിനെ ചുംബിക്കുന്നതിന് വേണ്ടി പുരുഷന്മാര്‍ക്കിടയില്‍ സ്ത്രീകള്‍ ഇടകലരുന്നതിന്‍റെ വിധി എന്താണ്.? 
സാധ്യമെങ്കില്‍ ഇരുകരങ്ങളും ഹജറുല്‍ അസ്വദിന് മുകളില്‍ വെച്ച് ചുംബിക്കല്‍ സുന്നത്താണ്. അടുത്തുപോകാന്‍ സാധ്യമല്ലെങ്കില്‍ ദൂരെനിന്ന് സ്പര്‍ശിക്കുന്നതായി ആംഗ്യം കാണിച്ച് കൈചുംബിക്കലും മതിയാകും. ഓരോ പ്രാവശ്യം ത്വവാഫ് തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും ഹജറുല്‍ അസ്വദിനെ ചുംബിക്കല്‍ സുന്നത്താണെങ്കിലും അതിന്‍റെ പേരില്‍ മറ്റുള്ളവരെ ഉപദ്രവിക്കല്‍ കടുത്ത തെറ്റാണ്. പ്രത്യേകിച്ച് പുരുഷന്മാരുടെ തിരക്കിലേക്ക് സ്ത്രീകള്‍ തള്ളിക്കയറല്‍ ഹറാമാണ്. അപ്രകാരം ചെയ്യല്‍ ഇബാദത്തല്ല, മറിച്ച് പാപകര്‍മ്മമാണ്. 
8. ട്രെയിന്‍, വിമാനം പോലുള്ള വാഹനങ്ങളിലെ ജലം ഉപയോഗിച്ച് നമസ്കരിക്കാമോ.?
ട്രെയിനിലെയും വിമാനത്തിലെയും ജലം ശുദ്ധവും അത് വുളൂഇനും കുടിക്കാനും ഉപയോഗിക്കല്‍ അനുവദനീയവുമാണ്. ചില ജനങ്ങള്‍ ട്രെയിനിലോ വിമാനത്തിലോ യാത്ര ചെയ്യുമ്പോള്‍ ശുദ്ധജലം ലഭ്യമല്ലെന്ന് പറഞ്ഞ് നമസ്കാരം ഉപേക്ഷിക്കുകയോ അല്ലെങ്കില്‍ തയമ്മും ചെയ്ത് നമസ്കരിക്കുകയോ ചെയ്യുന്നു. ഇത് തീര്‍ത്തും അറിവില്ലായ്മയാണ്. ആയതിനാല്‍ ട്രെയിനിലെയും വിമാനത്തിലെയും ജലം സൂക്ഷിച്ച് ഉപയോഗിക്കുന്നതോടൊപ്പം വുളൂഅ് ചെയ്ത് തന്നെ നമസ്കരിക്കല്‍ നിര്‍ബന്ധമാണ്. 
9. മഖാമു ഇബ്റാഹിമിലും ഹത്വീമിലും നമസ്കരിക്കാനുള്ള സ്ത്രീകളുടെ തിരക്ക്

മഖാമു ഇബ്റാഹീമീലും ഹത്വീമിലും സുന്നത്ത് നമസ്കരിക്കാനുള്ള അമിതാഗ്രഹത്താല്‍ സ്ത്രീകള്‍, പുരുഷന്മാരുമായി വഴക്കിടാറുണ്ട്. ത്വവാഫിന്‍റെ ശക്തമായ തിരക്കിനിടയിലും, ജമാഅത്ത് നമസ്കാരം നടക്കാനടുക്കുമ്പോഴും മഖാമു ഇബ്റാഹീമിന് പിന്നിലെ സ്ഥിതി വഷളാകാറുണ്ട്. പലപ്പോഴും ഉദ്യോഗസ്ഥര്‍ വിലക്കേര്‍പ്പെടുത്തിയാല്‍ പോലും അംഗീകരിക്കാന്‍ കൂട്ടാക്കാറില്ല. എന്നാല്‍ മഖാമു ഇബ്റാഹീമീനു പിന്നില്‍, തിരക്കില്ലാത്ത സ്ഥലത്താണ് നമസ്കരിക്കേണ്ടത്. 

10. ഹറാമായ സമ്പത്ത് കൊണ്ട് ഹജ്ജും ഉംറയും നിര്‍വ്വഹിക്കാമോ.? 
ഹജ്ജിനും ഉംറയ്ക്കും വേണ്ടി ഹലാലായ ധനം വിനിയോഗിക്കല്‍ നിര്‍ബന്ധമാണ്. കാരണം, ഹലാലായ സമ്പത്തിലൂടെയുള്ള ഇബാദത്ത് മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളൂ. ഹറാമായതോ, ഹറാമെന്ന് സംശയിക്കപ്പെടുന്നതോ ആയ ധനം കൊണ്ടുള്ള ഹജ്ജോ ഉംറയോ അനുവദനീയമല്ല, അത് സ്വീകരിക്കപ്പെടുകയുമില്ല. 

പരിശുദ്ധ ഹദീസില്‍ വന്നിരിക്കുന്നു: ഹലാലായ സമ്പത്ത് ഉപയോഗിച്ച് ഹജ്ജിന് പുറപ്പെട്ട ഹാജി 'ലബ്ബൈക്കല്ലാഹുമ്മ' പറയുമ്പോള്‍ ആകാശത്ത് നിന്ന് മറുപടിയായി 'ലബ്ബൈക്ക വസഅദയ്ക്ക്' എന്ന് പറയുന്നതാണ്. അഥവാ നിന്‍റെ സമ്പത്തും യാത്രാ-ഭക്ഷണ-വാഹനവും ഹലാലാകുന്നു. നിന്‍റെ ഹജ്ജ് സ്വീകരിക്കപ്പെടുകയും പുണ്യമായി ഗണിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഹറാമായ ധനവുമായി ഹജ്ജിന് പുറപ്പെട്ട് 'ലബ്ബൈക്ക' പറയുന്ന ഹാജിക്ക് മറുപടിയായി 'ലാലബ്ബൈക്ക വലാസഅ്ദയ്ക്ക്' എന്ന് ആകാശത്ത് നിന്ന് മറുപടി പറയപ്പെടുന്നതാണ്. അഥവാ നിന്‍റെ യാത്ര ഭക്ഷണവും ചിലവും വാഹനവും ഹറാമും ഹജ്ജ് പാപം കലര്‍ന്നതുമാകുന്നു. ആയതിനാല്‍ അതിന് അല്ലാഹുവിന്‍റെ സമക്ഷം സ്വീകാര്യതയില്ല. (അത്തര്‍ഗീബുവത്തര്‍ഹീബ്- 113,114/2) 

11. മക്ക മുകര്‍റമയില്‍ ആദ്യമായി ചെയ്യേണ്ടത്

ഹജ്ജ് കമ്മിറ്റി അല്ലെങ്കില്‍ ഇന്‍റര്‍നാഷണല്‍ പാസ്പോര്‍ട്ടിലൂടെ ഹജ്ജിന് പോകുന്ന എല്ലാവര്‍ക്കും ഏജന്‍റുമാരുടെ വാഹനങ്ങളില്‍ മക്കയിലെത്തിച്ചേരാം. വാഹനങ്ങളില്‍ നിന്നിറങ്ങാന്‍ തിരക്കുകൂട്ടാതിരിക്കുക. ഹജ്ജ് കമ്മിറ്റിക്ക് ഏജന്‍റിന്‍റെ ഭാഗത്ത് നിന്ന് ഏത് താമസസ്ഥലം നല്‍കപ്പെടുന്നോ അവിടേക്ക് പോകുക. ഇന്‍റര്‍നാഷണല്‍ പാസ്പോര്‍ട്ടിലൂടെ പോകുന്ന ഹാജിമാര്‍ താമസസൗകര്യം സ്വന്തമായി കണ്ടെത്തുകയോ അല്ലെങ്കില്‍ ഗ്രൂപ്പിന്‍റെ ഉത്തരവാദിത്വപ്പെട്ടവര്‍ അതിന്‍റെ ഏര്‍പ്പാടുകള്‍ ചെയ്യുകയോ ചെയ്യും. ഇരുകൂട്ടരും തങ്ങളുടെ താമസ സ്ഥലത്ത് സാധന-സാമഗ്രികള്‍ ഭദ്രമായി സൂക്ഷിച്ചതിന് ശേഷമല്ലാതെ ഹറമിലേക്ക് പോകരുത്. യാത്രാ ക്ഷീണമുണ്ടെങ്കില്‍ വിശ്രമിച്ചതിന് ശേഷം മാത്രം ഹറമില്‍ പോകുകയും ആദ്യമായി ത്വവാഫ് ചെയ്യുകയും ശേഷം രണ്ട് റക്അത്ത് നമസ്കരിക്കുകയും ചെയ്യണം. അതിലൂടെ ത്വവാഫ് കഅ്ബയുടെ തഹിയ്യത്തായും ശേഷമുള്ള രണ്ട് റകഅത്ത് നമസ്കാരം തഹിയ്യത്തുല്‍ മസ്ജിദായും പരിഗണിക്കപ്പെടും. ഇനി കഅ്ബയിലേക്ക് പ്രവേശിക്കുന്ന വേളയില്‍ ജമാഅത്ത് നടന്നുകൊണ്ടിരിക്കുകയോ അല്ലെങ്കില്‍ ത്വവാഫ് പൂര്‍ത്തിയാക്കാന്‍ സാധ്യമല്ലാത്ത നിലയില്‍ ജമാഅത്തിന്‍റെ സമയം അടുക്കുകയോ ചെയ്താല്‍ നമസ്കാരം കഴിഞ്ഞതിന് ശേഷം സമാധാനമായി ത്വവാഫ് ചെയ്യുക. ചില ജനങ്ങള്‍ മക്കയിലെത്തിയ ഉടന്‍ സാധനങ്ങള്‍ സൂക്ഷിക്കുകയോ സ്വസ്ഥമായി വിശ്രമിക്കുകയോ ചെയ്യാതെ ഫര്‍ള് നിര്‍വ്വഹിക്കാന്‍ കഅ്ബയിലെത്താറുണ്ട്. അതിലൂടെ ക്ഷീണത്താലും സാധനങ്ങളുടെ ചിന്തയാലും ത്വവാഫില്‍ അസ്വസ്ഥത നേരിടാന്‍ കാരണമാകും. അബ്ദുല്‍ഖൈസ് ഖബീലയിലെ നിവേദക സംഘം റസൂലുല്ലാഹി  (സ്വല്ലല്ലാഹു അലൈഹിവസല്ലം) യെ സന്ദര്‍ശിക്കാന്‍ മദീനയിലെത്തി. സംഘത്തിലെ മുഴുവന്‍ ജനങ്ങളും റസൂലുല്ലാഹി  (സ്വല്ലല്ലാഹു അലൈഹിവസല്ലം) യെ കാണാനുള്ള ആഗ്രഹത്തിന്‍റെ പേരില്‍ വളരെ വേഗം തിരുസന്നിധിയില്‍ ഹാജരായി. എന്നാല്‍ അവരുടെ നേതാവായ അശജ്ജുബ്നു അബ്ദുഖൈസ് കുളിച്ച് നല്ല വസ്ത്രം ധരിച്ച് സമാധാനമായി നബിയുടെ അടുക്കല്‍ ഹാജരായപ്പോള്‍ തങ്ങള്‍ അരുളി: താങ്കളുടെ ഈ പതിവ് അല്ലാഹുവിന് വളരെ പ്രിയങ്കരമാണ്.

12. ഹജ്ജ് പിന്തിക്കല്‍ പാപമാണ്
ഹജ്ജ് നിര്‍വ്വഹിക്കാനുള്ള സാഹചര്യം ലഭിച്ചതിന് ശേഷം ആരെങ്കിലും അത് പിന്തിപ്പിക്കുകയും അതിലൂടെ ഹജ്ജ് നഷ്ടമാകുകയും ചെയ്താല്‍ അല്ലാഹുവിന്‍റെ കടുത്ത ശിക്ഷയ്ക്ക് അര്‍ഹനായിട്ടായിരിക്കും അവന്‍ മരിക്കുക. അലി (റ) റിപ്പോര്‍ട്ട് ചെയ്യുന്നു. ഹജ്ജിനുള്ള വഴികള്‍ പൂര്‍ണ്ണമായ ശേഷം അത് പിന്തിപ്പിക്കപ്പെടുകയും അടുത്ത വര്‍ഷമെത്തുന്നതിന് മുമ്പ് മരണമടയുകയും ചെയ്താല്‍ അവന്‍ യഹൂദിയോ നസ്രാണിയോ ആയി മരിക്കുന്നതാണ്. (തിര്‍മിദി). അടുത്തവര്‍ഷം ഹജ്ജിനുള്ള അവസരം ലഭിക്കുകയും അത് നിര്‍വ്വഹിക്കുകയും ചെയ്താല്‍ കഴിഞ്ഞതിന്‍റെ പാപം മാപ്പാക്കപ്പെടുന്നതാണ്. 

13. പണവുമായി ത്വവാഫ് ചെയ്യല്‍
വലിയ തുകകളുമായി ഹറമിനുള്ളില്‍ പ്രവേശിക്കാതിരിക്കേണ്ടതാണ്. കാരണം, നിരവധി ജനങ്ങള്‍ ഹജ്ജിന്‍റെ ലേബലില്‍ മോഷണത്തിനായി വരാറുണ്ട്. ഹജറുല്‍ അസ്വദിലെ തിരക്കിലാണ് പലപ്പോഴും പണം നഷ്ടപ്പെടാറുള്ളത്. ആയതിനാല്‍ ആവശ്യത്തിനുള്ള പണം മാത്രം കൈയ്യില്‍ സൂക്ഷിക്കുകയും ബാക്കി തുക ഭദ്രമായി മറ്റ് സ്ഥലങ്ങളില്‍ സൂക്ഷിക്കുകയും ചെയ്യേണ്ടതാണ്. 

14. ദിക്റുകള്‍ ഉപേക്ഷിച്ച് അനാവശ്യ സംസാരങ്ങളില്‍ ഏര്‍പ്പെടല്‍
ഹജ്ജിന്‍റെ യാത്ര ഒരു ഇബാദത്താണ്. ആയതിനാല്‍ യാത്രയിലുടനീളം ദിക്റിലായി കഴിയേണ്ടതാണ്. ഇഹ്റാമിന് ശേഷം അധികമായി തല്‍ബിയ്യത്ത് പറയാനാണ് നമ്മോട് കല്‍പ്പിക്കപ്പെട്ടിരിക്കുന്നത്. ചില ജനങ്ങള്‍ ദിക്റില്‍ നിന്ന് അശ്രദ്ധരായി അനാവശ്യ സംസാരങ്ങളില്‍ ഏര്‍പ്പെടുന്നു. ഇത് വളരെ വിനാശകരമായ പ്രവണതയാണ്. 

15. അന്യ സ്ത്രീ-പുരുഷന്മാര്‍ ഒരുമിച്ച് കഴിയുന്നത് സൂക്ഷിക്കുക.!

ഇബ്നുഅബ്ബാസ് (റ) റിപ്പോര്‍ട്ട് ചെയ്യുന്നു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: ആരെങ്കിലും ഹജ്ജിന്‍റെ വേളയില്‍ പ്രത്യേകിച്ച് അറഫാ മൈതാനിയില്‍ നാവിനെയും ചെവിയെയും സൂക്ഷിക്കുകയാണെങ്കില്‍ അല്ലാഹു ഈ ഹജ്ജിന്‍റെ അറഫ മുതല്‍ അടുത്ത ഹജ്ജിന്‍റെ അറഫവരെയുള്ള മുഴുവന്‍ പാപങ്ങളും മാപ്പാക്കുന്നതാണ്. അതായത് അവന്‍റെ ഹജ്ജ് സ്വീകരിക്കപ്പെടുകയും ഈ കാലഘട്ടത്തിലേതെങ്കിലും തിന്മ വന്നുപോയാല്‍ തൗബയ്ക്കുള്ള തൗഫീഖ് ലഭിക്കുകയും ചെയ്യുന്നതാണ്. ഏജന്‍റുമാരുടെ അലംഭാവവും അശ്രദ്ധയും കാരണമായി പലപ്പോഴും സ്ത്രീക്കും പുരുഷനും ഒരേ മുറിയില്‍ താമസം സജ്ജമാക്കാറുണ്ട്. പ്രത്യേകിച്ച് മക്കയിലുള്ള ദീര്‍ഘമായ താമസ സമയത്ത് അധികമായി സ്ത്രീ-പുരുഷ സങ്കലനം ഉണ്ടാകാറുണ്ട്. ചില ടെന്‍റുകളില്‍ സ്ത്രീകള്‍ ഖിബ് ലയുടെ ഭാഗത്തും പുരുഷന്മാര്‍ അതിന് പിറകിലും താമസിക്കാറുണ്ട്. നമസ്കാരത്തിനും താമസത്തിനും പ്രത്യേക ക്രമീകരണമില്ലാത്ത ഈ അവസ്ഥയിലൂടെ ഇബാദത്തിന്‍റെ ആത്മാവിനെയാണ് തേജോവധം ചെയ്യുന്നത്. ഏജന്‍റിന്‍റെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള അശ്രദ്ധയുണ്ടായാല്‍ ഒരേ മുറിയില്‍ താമസിക്കുന്ന ഹാജിമാര്‍ റൂമുകളില്‍ അന്യ സ്ത്രീ-പുരുഷന്മാര്‍ക്കിടയില്‍ മറ സ്ഥാപിക്കേണ്ടതാണ്. ഇതുപോലെ അറഫയിലും മിനായിലും പുരുഷന്മാരെ മുമ്പിലും സ്ത്രീകളെ പിന്നിലുമാക്കി മറ സ്ഥാപിക്കേണ്ടതാണ്. ഇതിലൂടെ സ്ത്രീ-പുരുഷ ഇടകലരല്‍ ഒഴിവാകുകയും ഇബാദത്തില്‍ ഏകാഗ്രത കരസ്ഥമാകുകയും ചെയ്യുന്നതാണ്. 


🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾

ഹജ്ജ്-ഉംറ: 
അറിഞ്ഞിരിക്കേണ്ട ചില മസ്അലകള്‍.! 
സന്ദേശങ്ങള്‍ക്ക് 
*Swahaba Islamic Media* 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍

https://chat.whatsapp.com/0rZ5jvRHI59BM6BaRZKyJl
അംഗമാവുകയോ ഞങ്ങളുടെ 
*ഫേസ്ബുക്* 
https://www.facebook.com/swahaba islamic foundation 
അല്ലെങ്കില്‍ 
*ബ്ലോഗ്* 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്. 
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*🌱 
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾🌾🌾

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...