Sunday, July 15, 2018

ഇന്ത്യയുടെ സൗരഭ്യം : മൗലാനാ മുഹമ്മദ് സകരിയ്യ കാന്ദലവി (റഹ്) - മമ്മൂട്ടി അഞ്ചുകുന്ന്

ഇന്ത്യയുടെ സൗരഭ്യം : 
മൗലാനാ മുഹമ്മദ് സകരിയ്യ കാന്ദലവി (റഹ്)
- മമ്മൂട്ടി അഞ്ചുകുന്ന്
http://swahabainfo.blogspot.com/2018/07/blog-post_15.html?spref=tw 

പ്രായാധിക്യമുള്ള ആ മനുഷ്യൻ മദീനയിൽ ചുറ്റിത്തിരിഞ്ഞു നടന്നു,  മദീനയിലെ ഗലികൾ തോറും നടന്ന് തിരുനഗരിയുടെ അന്തരീക്ഷം തന്റെ ദേഹത്ത് സ്വാംശീകരിച്ചു. മദീനയിൽ വീശുന്ന കാറ്റിനോട് ചേർന്ന് നിന്നു, മദീനയിലെ മണൽ തരികളിൽ നഗ്നപാദങ്ങൾ പതിപ്പിച്ചു, മദീനയുടെ സുഗന്ധം ആവോളം ആവാഹിച്ചു. ഒടുവിൽ തന്റെ ജീവിതസാക്ഷാത്കാരമായി എന്നേക്കുമായി മദീനയുടെ മണ്ണിൽ അലിഞ്ഞു ചേർന്നു. ഇന്ത്യ കണ്ട മഹാനായ മുഹദ്ദിസും സൂഫിവര്യനും പ്രബോധകനുമായിരുന്ന ശൈഖുൽ ഹദീസ് മൗലാന മുഹമ്മദ് സകരിയ്യ (റ) യെ കുറിച്ച് എഴുതാനും പറയാനും ഏറെയാണ്.മലയാളികൾക്ക് അപരിചിതനാണ് ഈ മഹാൻ എന്നതാണ് നിർഭാഗ്യകരമായ ഒരു വസ്തുത .
‌പ്രവാചകാനുരാഗത്തിന്റെയും ലാളിത്യത്തിന്റെയും പ്രതിരൂപമായ ഈ മഹാ പണ്ഡിതൻ ഉത്തർപ്രദേശിലെ കാന്തല എന്ന പ്രദേശത്താണ് ജനിച്ചത്. ഹസ്രത്ത് അബൂബക്കർ സിദ്ധീഖ് (റ)  യുടെ സന്താന പരമ്പരയിലാണ് ജനനം, മൗലാന സയ്യിദ് അബുൽ ഹസൻ അലി നദ്വി എഴുതിയത് കാണുക " മതപരമായും വൈജ്ഞാനികമായും വേരുകളുള്ള കുടുംബത്തിലാണ് ശൈഖ് അവറുകളുടെ ജനനം. കഠിനാധ്വാനവും ദൃഢചിത്തതയും മതബോധവും ഈ കുടുംബത്തെ വേർതിരിച്ചു നിർത്തി. അനേകം ഉന്നത പണ്ഡിതവാര്യന്മാരാൽ സമ്പന്നമായ കുടുംബ പാരമ്പര്യമാണ് ശൈഖിന്റേത്, അദ്ദേഹത്തിന്റെ വലിയുമ്മ കുട്ടികളെ പരിചരിക്കുമ്പോൾ ഖുർആൻ ഖതം ചെയ്ത് തീർക്കാറുണ്ടായിരുന്നു"
‌മൗലാന മുഹമ്മദ് ഇസ്മായിൽ എന്ന ആത്മജ്ഞാനിയുടെ മകനായിരുന്നു  മൗലന സകരിയ്യ യുടെ പിതാവായ മൗലാനാ മുഹമ്മദ് യഹ്യ. ഇദ്ദേഹത്തിന്റെ സഹോദരനാണ് തബ്ലീഗ് പ്രവർത്തനത്തിന് നാന്ദി കുറിച്ച മൗലാന മുഹമ്മദ് ഇല്യാസ്. മൗലാന യഹ്യ മഹാ പണ്ഡിതനും ആത്മജ്ഞാനിയുമായിരുന്നു. പിതാവിൽ നിന്ന് തന്നെയാണ് മൗലാന സകരിയ്യ ഹദീസ് വിജ്ഞാനത്തിന് നാന്ദി കുറിച്ചത്. പിന്നീട് ഗംഗോഹ്,  സഹാരൻപൂർ  തുടങ്ങിയ പ്രദേശങ്ങളിലേക്ക് പഠനാവശ്യാര്ഥം യാത്രതിരിച്ചു. മൗലാന ഖലീൽ അഹമ്മദ് സഹാരൻപൂരി യുടെ ശിഷ്യനും മുരീദുമായി. ഇദ്ദേഹത്തിന്റെ ബദഹുൽ മജ്‌ഹൂദ് എന്ന വിശ്വ പ്രസിദ്ധ ഗ്രന്ധം പൂർത്തീകരിച്ചത്  ശൈഖ് സകരിയ്യയാണ്.
പിൽക്കാലത്ത് മൗലാന സകരിയ്യ മസാഹിറുൽ ഉലൂമിൽ മുദരിസും ചിശ്തിയ്യ സരണിയിലെ ഖലീഫയും ഗ്രന്ഥകാരനും വിശ്വപ്രസിദ്ധ മുഹദ്ദിസുമായി.മൗലാന സയ്യിദ് അലവി അൽ മാലികി പറയുന്നു " മാലികി മദ്ഹബിന്റെ വിധികളെ കുറിച്ച് ആധികാരിമായി ശൈഖ് സകരിയ്യ (റ) എഴുതിയത് വായിക്കുമ്പോൾ അതിന്റെ കൃത്യതയും ആധികാരികതയും ഞങ്ങൾ മാലികി മദ്ഹബുകാരെ ആശ്ചര്യപ്പെടുത്തി. ശൈഖ് സകരിയ്യയുടെ ഔജസത്തുൽ മസാലിക് വായിച്ചപ്പോൾ അക്ഷരാർത്ഥത്തിൽ വലിയൊരു മാലികീ പണ്ഡിതന്റെ രചന ആയാണ് എനിക്ക് തോന്നിയത്. എന്നാൽ ആമുഖത്തിൽ അദ്ദേഹം  ഹനഫി ആണെന്ന് രേഖപ്പെടുത്തിയത് കൊണ്ട് മാത്രമാണ് അത് ബോധ്യമായത്.ഞങ്ങൾ മാലികി കൾക്ക് വലിയ അത്ഭുതം തന്നെയാണ് ആ കിതാബ് "  ഇമാം മാലിക്കിന്റെ മുവത്വയുടെ ശറഹ് ആണ് മൗലാന സകരിയ്യ (റ)  രചിച്ച വിശ്വ പ്രസിദ്ധമായ ഈ കിതാബ്. നിരവധി വിഷയങ്ങളിൽ മൗലാന സകരിയ്യയുടെ തൂലിക ചലിച്ചു. വ്യക്തിത്വ സംസ്കരണവും ഹദീസും കച്ചവടവും ത്വരീഖത്തും ശരീഅത്തും ഇദ്ദേഹത്തിന്റെ ബ്രഹത്തായ രചനാ വൈഭവത്തിൽ വിഷയീഭവിച്ചു. ചിശ്തിയ്യ ത്വരീഖത്തിലെ ശൈഖുമാരെ കുറിച്ചുള്ള ബ്രഹത്തായ ഗ്രന്ഥവും ഇദ്ദേഹത്തിന്റേതായിട്ടുണ്ട്.  ഫളാഇൽ കിതാബുകളുടെ ശ്രംഖല ഏറെ പ്രസിദ്ധമാണ്. മലയാളി ഭവനങ്ങളിൽ സുപരിചിതമായ 'മൻസിൽ' ക്രോഡീകരിച്ചത് മൗലനയാണ്. ഹദീസ് വിഭാഗത്തിൽ തന്നെ 40 നടുത്ത് ഗ്രന്ഥങ്ങൾ മഹാനവറുകൾ എഴുതിയിട്ടുണ്ട്. സ്വഹീഹ് ബുഖാരിയുടെ അധ്യായങ്ങളുടെ പേരുകൾ സംബന്ധിച്ച് മാത്രം 6 വാള്യം ഉള്ള ഗ്രന്ഥമെഴുത്തുകയുണ്ടായി.
‌പ്രവാചക പ്രേമത്താൽ സൗഭാഗ്യം നിറഞ്ഞ ജീവിതമായിരുന്നു മൗലനയുടേത്. ഹദീസ് പഠിപ്പിക്കുന്നതിനിടയിൽ തിരുദൂതരുടെ വിയോഗവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ വന്നാൽ അദ്ദേഹം പൊട്ടിക്കരയുമായിരുന്നുവത്രേ. മദീന നഗരിയോട് തീവ്രമായ അഭിനിവേശം വെച്ചു പുലർത്തിയിരുന്നു. അദ്ദേഹം എഴുതിയത് കാണാം "പച്ച ഖുബ്ബ കാണാൻ തുടങ്ങുമ്പോൾ ബഹുമാനാദരവും നബി സല്ലല്ലാഹു അലൈഹിവ സല്ലം  തങ്ങളുടെ ഉന്നത സ്ഥാനത്തെക്കുറിച്ചുള്ള ചിന്തയും ഉണ്ടാവണം . ഈ പരിശുദ്ധ ഖുബ്ബയുടെ അകത്താണ് , എല്ലാ സൃഷ്ടികളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠരായവരും എല്ലാ നബിമാരുടെയും നേതാവും , എല്ലാ മലക്കുകളേക്കാളും ശ്രേഷ്ഠരായവരും ഉള്ളത് എന്ന് മനസ്സിൽ ഓർമ്മിക്കണം. ഈ ഖബർ ശരീഫിന്റെ സ്ഥാനം എല്ലാ സ്ഥലങ്ങളിൽ വെച്ചും ഏറ്റവും ശ്രേഷ്ഠമായതാണ്. നബി തങ്ങളുടെ അനുഗ്രഹീത ശരീരം തൊട്ടിരിക്കുന്ന സ്ഥലം ക അബയെക്കാളും ശ്രേഷ്ഠമായതാണു, അർഷിനേക്കാളും ശ്രേഷ്ഠമായതാണ്, കുർസ്സിയെക്കാളും ശ്രേഷ്ഠമായതാണ്, എന്നല്ല ആകാശഭൂമിയിലുള്ള എല്ലാ സ്ഥലങ്ങളേക്കാളും ശ്രേഷ്ഠമായതാണ്"
  فظاعل الحج 305,
ഈ കിതാബിൽ മദീനയോടുള്ള അനുരാഗം നിറഞ്ഞു തുളുമ്പുന്നുണ്ട്. പ്രവാചക ജീവിതത്തിന്റെ നേർചിത്രം ദർശിക്കാവുന്ന മൗലാന സകരിയ്യയുടെ  മറ്റൊരു ഗ്രന്തമാണ് ഖസാഇലെ നബവി,മലയാളത്തിലും ഇത് ലഭ്യമാണ്.
ഇദ്ദേഹത്തിന്റെ ജീവചരിത്രം എഴുതിയ വിശ്വ പണ്ഡിതൻ മൗലാന അബുൽ ഹസൻ അലി നദ്‌വി ഇദ്ദേഹത്തിന്റെ പ്രവാചകാനുരാഗത്തെ കുറിച്ചും പ്രവാചക നഗരിയോടുള്ള അഭിനിവേശത്തെ കുറിച്ചും സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.
ഖുർആൻ , ഹദീസ് അധ്യാപനത്തിന് അദ്ദേഹം പ്രതിഫലം സ്വീകരിച്ചിരുന്നില്ല. ആധ്യാപനത്തിന്റെ ആദ്യ കാലത്ത് മസാഹിറുൽ ഉലൂമിൽ നിന്ന് വാങ്ങിയ തുച്ഛമായ പ്രതിഫലം പിന്നീട് കണക്കു കൂട്ടി സ്ഥാപനത്തിന് തിരിച്ചു കൊടുത്തു. ലാളിത്യത്തോടെയും സൂക്ഷ്മതയോടെയും ജീവിച്ചു പോന്ന ഇദ്ദേഹത്തെ ആത്മീയ വഴിയിൽ അനേകായിരം പേർ ബൈഅത്ത് ചെയ്തു. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, കാനഡ, അമേരിക്ക, ദക്ഷിണാഫ്രിക്ക, സിംബാബ്വെ തുടങ്ങിയ നിരവധി രാജ്യങ്ങളിൽ ഇദ്ദേഹത്തിന്റെ ശിഷ്യ ഗണങ്ങൾ ഉണ്ട്. ഇവിടങ്ങളിലെല്ലാം അനേകം സ്ഥാപനങ്ങൾ ഇദ്ദേഹത്തിന്റെ പേരിൽ പ്രവർത്തിച്ചു പോരുന്നു. ആഘോള പ്രശസ്തരായ ഡോ. മുഹമ്മദ് അലവി അൽ മാലികി, അബുൽ ഫത്താഹ് അബൂ ഗുദ്ധ, ഡോ. മുസ്തഫ സിബാഹി, ഡോ .മുഹമ്മദ് ത്വാഹാ ബറകാത്തി തുടങ്ങിയവരും തന്റെ വിശാലമായ ശിഷ്യ ഗണങ്ങളിൽ ഉൾപ്പെടുന്നു.
അവസാന കാലത്ത് മദീനയിൽ ദർസ് നടത്തിയ ശൈഖ് സകരിയ്യ യെ സൗദി ഗവണ്മെന്റ്  അവിടുത്തെ പൗരത്വം നൽകി ആദരിച്ചു.  1982 ലാണ് ആ ധന്യമായ ജീവിതം പ്രവാചക നഗരിയിൽ അവസാനിച്ചത്. ജന്നത്തുൽ ബഖീഇൽ അന്ത്യവിശ്രമം കൊള്ളുന്ന ആ മഹാത്മാവിനേയും അദ്ദേഹം ദീനിന് നൽകിയ സംഭാവനകളെയും കുറിച്ച് കേരളീയർക്ക് പരിചയപ്പെടുത്തേണ്ടതുണ്ട്. 
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...