Tuesday, July 17, 2018

പ്രിയപ്പെട്ട ഉസ്താദ് മര്‍ഹൂം ഹാഫിസ് അബ്ദുര്‍റഹീം ഹസ്റത്ത് - ഹാഫിസ് മുഷ്താഖ് ഖാസിമി

പ്രിയപ്പെട്ട ഉസ്താദ് 
മര്‍ഹൂം ഹാഫിസ് അബ്ദുര്‍റഹീം ഹസ്റത്ത് 
- ഹാഫിസ് മുഷ്താഖ് ഖാസിമി  
http://swahabainfo.blogspot.com/2018/07/blog-post_66.html?spref=tw 


വിശുദ്ധ ഖുർആന് വേണ്ടി സ്വജീവിതം സമർപ്പിച്ച പരമ്പരകളുടെ ഗുരുവന്ദ്യൻ പാലക്കാട്, ചെറമംഗലം ചെട്ടിയാർക്കാട്ടിൽ, 
ഹാഫിള് അബ്ദുൽ റഹീമുസ്താദിന്റെ വേർപാട് വലിയ
വേദനകൾക്കപ്പുറം  നികത്താനാവാത്ത ശൂന്യതയാണ് സൃഷ്ടിച്ചത്. 
2018 ജൂൺ 22 വെള്ളിയാഴ്ച 2:30 ന് ആ അനശ്വര പ്രതീകം തിരശ്ശീലക്ക് പിന്നിലേക്ക് ഉൾവലിയുമ്പോൾ ഖുർആന് വേണ്ടി ആർജ്ജവത്തോടെ  ഭൗതികലോകം പണയപ്പെടുത്തിയ ധീരനായ ഗുരുവര്യനെയാണ് നമുക്ക് നഷ്ടപ്പെട്ടത്.
റമളാനിലെ 8 നോമ്പ് നോറ്റ ശേഷം കാൽ വഴുതി വീണ ശൈഖിന്റെ ഇടുപ്പെല്ലിനേറ്റ സാരമായ പരുക്കിനെത്തുടർന്ന് റമളാൻ 9 മുതൽ ഒരു മാസത്തോളം വിശ്രമ ശയ്യയിലായിരുന്നു. വെള്ളിയാഴ്ച സുദിനം  സർജറി പുർത്തിയാക്കിയ നിമിഷം കൂടിയ രക്തസമ്മർദ്ദവും ഹൃദയസ്തംഭനവുമാണ് പ്രാഥമിക മരണ കാരണമായി വിലയിരുത്തപ്പെടുന്നത്....
ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ.
ഹിഫ്ളിന്റ അഴകേ.....
അഴകിന്റെ ഫിഫ്ളേ.....
താങ്കൾക്ക് പകരം താങ്കൾ മാത്രം.!

കേരളത്തിൽ ഹിഫ്ളുൽ ഖുർആൻ്റെ തരംഗം ആരംഭിക്കുന്ന നാൾ മുതൽ തഹ്ഫീളിൻ്റെ വടവൃക്ഷമായി  പരിലസിക്കുകയും നൂറ് കണക്കിന് ദൃഢഹാഫിളീങ്ങളെ വാർത്തെടുക്കുകയും ചെയ്ത ശൈഖുനാ കാലം കുറച്ചു മാത്രം സംഭാവന ചെയ്യുന്ന അതികായരിൽ ഒരാളാണ്.പാലക്കാടൻ ഉൾഗ്രാമത്തിൽ ജനിച്ച് വിശുദ്ധ ഖുർആൻ്റെ മാസ്മരിക ശോഭയിൽ പരക്കെ പുകൾപെറ്റ വ്യക്തിപ്രഭാവം. ജലാലാബാദിൽ നിന്ന് ഖുർആൻ മനനം ചെയ്തു. ജലാലാബാദിലും നിസാമുദീനിലുമായി അടിസ്ഥാന വിദ്യാഭ്യാസം പൂർത്തിയാക്കി. ദഅവത്തിന്റെ സൗന്ദര്യ ദീപം യൂസുഫ് 
ഹസ്രത്ത്ജിയുമായിട്ടെല്ലാം  അഗാധമായ ഹൃദയബസം കാത്ത് സൂക്ഷിച്ചിരുന്ന ഉസ്താദവർകൾ  നാട്ടിൽമടങ്ങിയെത്തിയ ശേഷം തൃഷ്ണാ പള്ളിയിലാണ് പ്രഥമ സേവനത്തിന് അഭിഷിക്തനാകുന്നത്.
ജീവിതത്തിലുടനീളം ആത്മീയ ഗുരുക്കന്മാരിൽ നിന്നുമഭ്യസിച്ച പാഠങ്ങൾ മുറതെറ്റാതെ മുറുകെപ്പിടിക്കുന്നതിൽ ആ ഭക്തി ജീവിതം സദാ ബദ്ധശ്രദ്ധമായിരുന്നു. കാഞ്ഞാർ P. P ഇസ്ഹാഖ് മൗലവി ,കൈതോട് അബ്ദുൽ വഹാബ് മൗലവി തുടങ്ങി കേരളത്തിലെ അഗ്രേസരന്മാരായ പണ്ഡിതരെല്ലാം  പ്രാരംഭദശയിലെ ഉസ്താദിൻ്റെ ശിഷ്യ സമ്പത്താണ്. 
അഞ്ച് ആൺമക്കളുണ്ട്. വലിയ്യുല്ലാ , ലുത്വ് ഫുല്ലാഹ് ,വസ്വിയുല്ലാഹ് ,
ഉബൈദുല്ലാഹ് ,നൂറുല്ലാഹ്.നൂറുല്ലാഹ് ഒഴികെയുള്ള നാല് പേരും ദീനീ സേവന രംഗത്ത് നിലവിൽ സജീവമാണ്.ഇവരിൽ നിന്നും 12 പേരക്കിടാങ്ങളുമുണ്ട്.
തൃഷ്ണാപളളിയിൽ ആറ് വർഷത്തെ സേവനത്തിന് ശേഷമാണ് 
കാഞ്ഞാർ  മൂസാ മാലാനായുമായുള്ള ഊഷ്മള ബന്ധത്തിൽ കൈരളിയുടെ വൈജ്ഞാനികത്തറവാട് കൗസരിയ്യ അറബിക് കോളേജിലെത്തുന്നത്.
ഖുർആന് വേണ്ടി സമർപ്പിച്ച അരനൂറ്റാണ്ടിൻ്റെ ഇതിഹാസ സമാനമായ യാത്രയിലെ ഏറ്റവും ശ്രദ്ധേയമായ ഇടം കൗസർ തന്നെയായിരുന്നു. ലാളിത്യവും ഗൗരവവും കാർക്കശ്യവും സ്നേഹവായ്പും കർത്തവ്യ ബോധവും കൃത്യമായി ചാലിച്ച് ഖുർആൻ മനന ശാസ്ത്രത്തിൽ മഹാനവർകൾ പുതിയൊരധ്യായം തന്നെ രചിക്കുകയായിരുന്നു. അല്ല, തൻ്റെ ആത്മീയ സന്താനങ്ങളെക്കൊണ്ട് പുതിയൊരു പ്രപഞ്ചത്തിൻ്റെ പണിപ്പുരയിലായിരുന്നു. രണ്ട് ദശാബ്ദത്തോളം, അതിലധികം കൗസറിൻ്റെ  വിരിമാറിൽ ഒരു അവധൂതനെപ്പോലെ നിറഞ്ഞ് നിൽക്കുകയും തൂണിലും തുരുമ്പിലും ഹിഫ്ളിൻ്റെ മായിക സ്പർശമായി പകർന്നാടുകയും ഭേദിക്കാനാവാത്ത ഖുർആൻ്റെ ഒരു "ദുൽഖർനൈൻ " വൻമതിൽ പടുത്തുയർത്തുകയും   ചെയ്ത  ''വലിയ ഹാഫിളുസ്താദിന് '' ഒരു പകരക്കാരൻ കേരളത്തിലെവിടെയെങ്കിലുമുണ്ടായിരുന്നോ എന്നത് ഒരു അർത്ഥഗർഭമായ ചോദ്യം തന്നെയാണ്. തൻ്റെ കർത്തവ്യത്തിൽ നീതി പുലർത്താനും താൻ സ്വപ്നം കണ്ട താരാപഥം അണിയിച്ചൊരുക്കാനും സർവ്വോപരി തൻ്റെ മഹിത ലക്ഷ്യം സാക്ഷാൽക്കരിക്കാനും അദ്ദേഹത്തിന് കഴിഞ്ഞുവെന്നതിൻ്റെ നേർതെളിവാണ്,
മരണത്തിന് മുമ്പ് വാർദ്ധക്യത്തിൻ്റെ ബാലാരിഷ്ടതകൾക്ക് നടുവിൽ നിന്ന സങ്കീർണ്ണ ഘട്ടത്തിൽ  ഗുരുനാഥന് വേണ്ടി
ശിഷ്യഗണങ്ങൾ
അഹമഹമികയാ ഒരുമിച്ചതും ക്ഷേമ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തതും  സ്നേഹത്തിൻ്റെ തേജസ്സാർന്ന കരവലയത്തിൽ പോറലേൽക്കാതെ മനസ്സോട് ചേർത്ത് പിടിച്ചതുമെല്ലാം.... സംശയമില്ല. 
കൗസറിൻ്റെ മലർവനിയിൽ നിന്ന് രാജകീയമായി പടിയിറങ്ങിയ ശേഷവും ആ സാഗരം അഭംഗുരം ഒഴുകി. അനേകം ഊഷരഭൂമികളെ തരളിതമാക്കി അത് കിതപ്പില്ലാതെ കുതിച്ചു, ഇവിടെയെല്ലാം ഖുർആനെ ഫോക്കസ് ചെയ്ത ധന്യ നിമിഷങ്ങളല്ലാതെ ഭൗതികാടിത്തറ വിപുലീകരിക്കാൻ  "സൈഡ് ഇംപാക്ററുകൾ"  പ്ളാൻ ചെയ്യുന്ന അഭിനവശൈലികൾ ആ  മഹാമനീശിക്ക് പരിചയമേ ഇല്ലായിരുന്നു.!
അഥവാ ഈ വിശ്രമജീവിതം വരെയും ഖുർആന് വേണ്ടി നിർവ്യാജം സേവിക്കുകയായിരുന്നു ആ പുരുഷായുസ്സ് മുഴുവൻ.
വിശ്വസിക്കാൻ മടിച്ച് മരണവാർത്ത.!
ഓർമ്മകൾക്ക് മരണമില്ല.
ഗുരുവന്ദ്യരുടെ
വിയോഗ വാർത്ത വിശ്വസിക്കാൻ അൽപസമയമെടുത്തു. ആ ചലനങ്ങളും അംഗവിക്ഷേപങ്ങളും അത്ര വേഗം മനസ്സിൽ നിന്നും മാഞ്ഞ് പോകുന്നതായിരുന്നില്ല.
ഈ അവിശ്വസനീയ സാഹചര്യത്തിന് മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു. 
മരണത്തിന് രണ്ട് ദിവസം മുമ്പ് ബുധനാഴ്ചയാണ് ഏറെ നാളത്തെ ആഗ്രഹത്തിനും ആലോചനകൾക്കും ശേഷം  ഉസ്താദിന്റെ ഭവനത്തിൽ സ്നേഹനിധികളായ. ശിഷ്യന്മാർ ഒത്ത് കൂടിയത്... ഉസ്താദിനെ നിധിപോലെ മനസ്സിൽ മായാതെ ചേർത്ത് പിടിക്കണമെന്നും നൽകി വരുന്ന സഹായങ്ങൾ അണമുറിയാതെ തുടരണമെന്നും
സ്നേഹബന്ധമൂട്ടുന്ന സന്ദർശനങ്ങൾ നിത്യമാക്കണമെന്നും തുടങ്ങി പല സുപ്രധാന തീരുമാനങ്ങളും ചെട്ടിയാർക്കാട് മസ്ജിദുൽ ഹുദായിൽ കൂടിയ ശുഭ്രവസ്ത്രധാരികൾ  എടുത്താണ് പിരിഞ്ഞത്.
കേരളത്തിന്റെ ഇരു കോണുകളിൽ നിന്നും ഒഴുകി വന്ന
70 ഓളം പേർ പങ്കെടുത്ത പ്രസ്തുത സംഗമത്തിൽ രോഗശയ്യയിൽ
നിശ്‌ചേഷ്ടനായി കിടന്ന ഉസ്താദിന് വേണ്ടി ഔദ്യോഗിക യാത്രയയപ്പ് ഒരുക്കിയത് പോലെയായി തിരക്കഥയും സംവിധാനവുമെല്ലാം.
പക്ഷെ നിനച്ചിരുന്നില്ല, ഇത്ര വേഗമൊരു വേർപാട്.
ഒരിക്കലും രണ്ട് ദിനം കൂടിയേ ഖുർആൻ കൂട് കൂട്ടിയ ആ വിശുദ്ധ ഗാത്രത്തിൽ ആത്മാവ് ശേഷിക്കൂ എന്ന് സ്വപ്നേപി ആരും കരുതിയിരുന്നില്ല...
സംഗമത്തിന്റെ ദിവസം അൽപം കൂടി മുന്നോട്ടാക്കാൻ പലരും സമ്മർദ്ധം ചെലുത്തിയിരുന്നെങ്കിലും റബ്ബിന്റെ തീരുമാനമായിരുന്നു മണവാളനെപ്പോലെ ഉസ്താദിനെ കണ്ട് മക്കളായ ഞങ്ങളുടെ കണ്ണ് നിറഞ്ഞ് യാത്രയാകാൻ ..... പക്ഷെ ഓർമ്മയുടെ തുടിപ്പ് ശേഷിക്കുന്ന ആ പൂമുഖത്തിൽ ഒരു സ്നേഹചുംബനം അധികം നൽകാനായില്ലല്ലോ എന്ന ദു:ഖം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ.

നാട്ടുകാർക്ക് അപരിചിതൻ..
മാലോകർക്ക് സുപരിചിതൻ...


"മുറ്റത്തെ മുല്ലക്ക് മണമില്ല" എന്ന പൊതു തത്വം ശൈഖുനാ യുടെ വിശയത്തിൽ അന്വർത്ഥമാണെന്ന് വേണം കരുതാൻ.
തദ്ദേശീയ ഗ്രാമീണർക്കിടയിൽ ശരാശരി പൗരനായി പരിഗണിക്കപ്പെടുമ്പോഴും പുറം ലോകത്ത് ഖുർആന്റെ സ്വർണ്ണ നൂൽ പാശത്തിൽ പരമ്പരയായി പരന്ന് കിടക്കുന്ന അസംഖ്യം ശിഷ്യഗണങ്ങൾ നെഞ്ചിലേറ്റിയ മഹാപുരുഷനാണിതെന്ന് തിരിച്ചറിയാൻ ആ ഇതിഹാസത്തിന് തിരശ്ശീല വീഴേണ്ടി വന്നുവെന്നത് സ്വാഭാവികം.... "മസ്കത്തിൽ " ജോലി ചെയ്യുന്ന അരുമശിഷ്യൻ ഫൈസൽ മൗലവി ഇരിക്കൂർ  മരണാനന്തര കർമ്മങ്ങളിൽ സംബന്ധിക്കുവാൻ മാത്രം പറന്നിറങ്ങി എന്ന് പറയുമ്പോൾ തന്നെ ബന്ധങ്ങളുടെ ഊഷ്മളത ഊഹിക്കാവുന്നതേയുള്ളൂ. മരണവാർത്ത മീഡിയാ ദ്വാരാ പ്രവഹിച്ചത് മുതൽ ചെട്ടിയാർക്കാടേക്ക് ആളുകളുടെ പ്രവാഹമായിരുന്നു. ശാലീന സുന്തരവും ഗ്രാമ്യഭംഗി നിറഞ്ഞ് തുളുമ്പുന്നതുമായ ആ പ്രദേശത്തിൽ ശാശ്വത മയക്കത്തിലാണ്ട ഹിഫ്ളിന്റ  അതികായനെ ഒരു നോക്ക് കാണാൻ ശിഷ്യന്മാർ അഭംഗുരം ഒഴുകി. ശനിയാഴ്ച രാവിലെ 10:30 ന് മയ്യിത്ത് കുളിപ്പിക്കാനെടുത്തു. 
കുളിപ്പിച്ച ശേഷം ശൈഖിന്റെ സന്തത സഹചാരിയും ഉറ്റ സുഹൃത്തുമായ മുഫ്തി സുലൈമാൻ അൽ കൗസരിയുടെ ഉത്ബോധനം കണ്ണുകളെ ഈറനണിയിച്ചു. പരേതന്റെ പശ്ചാത്തല വിവരണങ്ങൾക്ക് ശേഷം അദ്ദേഹം ഒരു യാഥാർത്ഥ്യം  വ്യക്തമാക്കിയപ്പോൾ 
ആത്മീയത മുദ്രണം ചെയ്ത ഖുർആന്റെ ഹൃദയത്തെ എല്ലാവരും അത്യന്തം ആദരവോടെ അനുസ്‌മരിച്ചു. " മർഹൂം വെള്ളിയാഴ്ച അല്ലാഹുവിലേക്ക് യാത്രയാകുന്നതിനായി അതിയായി കൊതിച്ചിരുന്നു. എപ്പോഴും അതേ പറ്റി വാചാലനാകുമായിരുന്നു. നാഥൻ ആ അഭിലാഷം ഇതാ സാക്ഷാൽ
ക്കരിച്ചിരിക്കുന്നു.." 
ഖുർആൻ വ്യക്തി ജീവിതത്തിൽ നൽകുന്ന പൂരണം എത്ര അത്ഭുതകരമാണെന്ന് സന്നിഹിതരായവർക്കെല്ലാം ഒറ്റവാക്കിൽ ബോധ്യപ്പെട്ടു'.
ളുഹറിന് മുമ്പേ കഫൻ പൊതിഞ്ഞ് ഉമ്മറക്കോലായിലേക്ക് കിടത്തുമ്പോൾ ആ വദന പ്രകാശവും പാൽ പുഞ്ചിരിയും കണ്ണുകളെ  അൽപസമയത്തേക്ക് നിഷ്പ്രഭമാക്കിക്കളഞ്ഞു... ളുഹർ നമസ്കാരത്തിന് തൊട്ട് മുമ്പ് മേലാർക്കോട് പള്ളിക്കാട് പള്ളിയിൽ മകൻ ലുത്വ് ഫുല്ലാഹ് ജനാസ നമസ്കാരത്തിന് നേതൃത്വം നൽകി.ആറടി മണ്ണിലേക്ക് ഖുർആന് വേണ്ടി മാത്രം ജീവിതം സമർപ്പിച്ച ആ ഇതിഹാസ മാനുഷനെ തഴുകി വെക്കുമ്പോൾ വിണ്ണും മണ്ണും ഒരു നിമിഷം ഗദ്ഗദം പൂണ്ടിരിക്കണം.. തന്റെ മുന്നിൽ മനനം ചെയ്യാനിരുന്ന തൂവെള്ള ധാരികളുടെ ശിപാർശകൾ ആ കുഴിമാടത്തിലേക്ക് നിരന്തരം പ്രവഹിക്കുക തന്നെ ചെയ്യും...
ചങ്ക് പറിച്ചാലും ഗുരുവിനെ കൈവിടില്ലെന്ന ശപഥമുള്ള പണ്ഡിത ശിഷ്യരുടെ മനസ്സ് ആ ഖബറിനെ തഴുകി അനുഗഹിച്ച് കൊണ്ടിരിക്കും.. കേരളക്കരയിൽ ഖുർആന്റെ സപ്തസൗന്ദര്യം മാരിവില്ലഴകിൽ പകർന്ന് നൽകിയ ഗുരു സമക്ഷം ആ ഖുർആൻ വിരുന്നെത്താ
തിരിക്കുമോ.? ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്ക് വിശുദ്ധ ഗ്രന്ഥത്തിന്റെ ഇതളുകൾ നീട്ടിത്തന്ന ആ വ്യക്തിപ്രഭാവത്തെ വിസ്മരിക്കാൻ ഞങ്ങൾക്കാവില്ല. അതിലും വലിയ കൃതഘ്നത പ്രപഞ്ചത്തിന്റെ നാലതിരുകളിൽ മറ്റെന്തെങ്കി
ലുമുണ്ടാകുമോ.? ആ ഖുർആൻ നിരന്തരം പാരായണം ചെയത് ആ അഭൗമിക സവിധത്തിലേക്ക് നമുക്ക് ഗുരുദക്ഷിണസമർപ്പിക്കാ.
ളുഹർ നമസ്കാരാനന്തരം എല്ലാവരും പിരിഞ്ഞപ്പോഴും പാൽസൊസൈറ്റിയിലെ പഴമയുടെ സുഗന്ധം വീശുന്ന വീട്ടിൽ ഉസ്താദിനൊപ്പം  സന്തോഷസൂചകമായി ശിഷ്യ സംഗമം ഒരുക്കിയ പന്തൽ അഴിക്കാതെ കിടപ്പുണ്ടായിരുന്നു. 
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...