Tuesday, March 31, 2020

ഡോക്ടര്‍ മുഹമ്മദ് സലീം സാര്‍: മത ദാര്‍ശനികതയുടെ വിനീത ഭാവം.! -മുഹമ്മദ് അയ്യൂബ് ഖാസിമി അല്‍ കാഷിഫി മുളക്കുഴ


ഡോക്ടര്‍ മുഹമ്മദ് സലീം സാര്‍: 
മത ദാര്‍ശനികതയുടെ വിനീത ഭാവം.! 
-മുഹമ്മദ് അയ്യൂബ് ഖാസിമി അല്‍ കാഷിഫി മുളക്കുഴ
മുഖത്ത് എടുത്തു കാണിക്കുന്ന വട്ടക്കണ്ണടയും പഴയൊരു അംബാസിഡര്‍ കാറും. ഇതായിരുന്നു പത്തനംതിട്ടക്കാരുടെ പ്രിയങ്കരനായ ഡോക്ടര്‍ സലിം സാര്‍. 
ദാഇയെ മില്ലത്ത് മൂസ മൗലാനാ (റഹ്) പത്തനംതിട്ടയില്‍ തുടങ്ങി വെച്ച ദീനീ പ്രബോധന പ്രവര്‍ത്തനങ്ങളുടെ പ്രചാരകനും സഹായിയും തുടര്‍ന്ന് നടത്തിപ്പുകാരനുമായി മര്‍ഹൂം സലീം സാര്‍ മാറി. കാഞ്ഞാര്‍ മുഹമ്മദ് മൂസാ മൗലാനാ (റഹ്) യുടെ മധ്യ കേരളത്തിലെ പ്രബോധന തട്ടകമായി പത്തനംതിട്ട മാറുന്നത് ഡോക്ടര്‍ സലീം സാര്‍ ഉള്‍പ്പെടെയുള്ള ദാഇകളുടെ തികഞ്ഞ പിന്തുണയോട് കൂടിയാണ്. പത്തനംതിട്ടയില്‍ ഒരു ദീനീ കേന്ദ്രം ഉയര്‍ന്നു വരണമെന്ന് മൂസാ മൗലാനാ (ന:മ) ആഗ്രഹിച്ചപ്പോള്‍ അത് നടത്തി കൊടുക്കാന്‍ മുന്‍പന്തിയില്‍ നിന്നതും ഡോക്ടര്‍ സലീം സാര്‍ ഉള്‍പ്പടെയുള്ള ദാഇകള്‍ ആയിരുന്നു. അങ്ങനെയാണ് കുലശേഖരപതിയില്‍ ഒരു ചെറിയ വീടിന്‍റെ ഉള്ളില്‍ കാഷിഫുല്‍ ഉലൂം അറബിക് കോളേജ് യാഥാര്‍ഥ്യമാകുന്നത്. കാഷിഫിന്‍റെ സ്ഥാപക സേവകരില്‍ ഒരാളും സ്ഥാപന നടത്തിപ്പിന് രൂപീകൃതമായ ഖുദ്ദാമുദ്ദീന്‍ ട്രസ്റ്റിന്‍റെ തുടക്കം മുതലുള്ള ജനറല്‍ സെക്രട്ടറിയുമാണ് ഡോക്ടര്‍ സലീം സാര്‍ മര്‍ഹൂം. 
പത്തനംതിട്ട നഗരത്തിന്‍റെ തിരക്കില്‍ നിന്ന് അല്പം മാറി വെട്ടിപ്പുറം എന്ന ചെറിയ ഗ്രാമത്തിലാണ് മര്‍ഹൂം ഡോക്ടര്‍ സലീം സാര്‍ ജന്മം കൊള്ളുന്നത്. മിടുക്കനായി പഠിച്ച് കെമിസ്ട്രിയില്‍ പി.എച്ച്.ഡി. കരസ്ഥമാക്കി അധ്യാപകനായി ജോലി നോക്കുമ്പോഴും പരിശുദ്ധ ദീനിന്‍റെ പ്രചാരണം തന്‍റെ കര്‍ത്തവ്യമായി അദ്ദേഹം മനസിലാക്കിയിരുന്നു. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ നിന്ന് റിട്ടയര്‍മെന്‍റ് ചെയ്ത് പുറത്തിറങ്ങുമ്പോള്‍ അദ്ദേഹത്തിന്‍റെ ലക്ഷ്യം ഇനിയുള്ള കാലം പ്രബോധനരംഗത്തു സജീവമാകണമെന്നായിരുന്നു. 
പഴയൊരു അംബാസിഡര്‍ കാറില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഈ ദൗത്യ നിര്‍വ്വഹണത്തിനായി അദ്ദേഹം യാത്ര ചെയ്തു. ജമാഅത്തുകളെ സ്വീകരിക്കുവാനും അവരുടെ കൂടെ സമയം ചിലവഴിക്കാനും കൂടുതല്‍ താല്പര്യം പ്രകടിപ്പിച്ച അദ്ദേഹം, കാഷിഫുല്‍ ഉലൂമില്‍ നിന്ന് പുറത്തിറങ്ങുന്ന ആലിമീങ്ങളോട് ദഅ്വത്തിന്‍റെ രംഗത്ത് നിലയുറപ്പിക്കണമെന്ന് എപ്പോഴും പറയുമായിരുന്നു. തന്‍റെ വീടിനോട് ചേര്‍ന്ന് പെണ്‍കുട്ടികള്‍ക്ക് ബനാത്ത് നടത്തിയും നാടിന്‍റെ ദീനീ പുരോഗതിക്ക് മസ്ജിദും മദ്റസയും സ്ഥാപിച്ചും തന്‍റെ ശരീരവും സമ്പത്തും അല്ലാഹുവിന് വേണ്ടി അദ്ദേഹം സമര്‍പ്പിച്ചു. 
വെട്ടിപ്പുറം നൂര്‍ മസ്ജിദ് സ്ഥാപിച്ച ശേഷം അതിലെ സേവകരായി കാഷിഫുല്‍ ഉലൂമിലെ ആലിമീങ്ങളെ തന്നെ നിയമിക്കുന്നതില്‍ അദ്ദേഹത്തിന് നിര്‍ബന്ധ ബുദ്ധി ഉണ്ടായിരുന്നത് പോലെയായിരുന്നു നൂര്‍ മസ്ജിദിലെ ഇമാമീങ്ങളുടെ നിയമനങ്ങള്‍. നൂര്‍ മസ്ജിദ് സ്ഥാപിച്ച ആദ്യ റമദാനില്‍ തറാവീഹിന് ഇമാമായി ഈ വിനീതനെയാണ് സലീം സാര്‍ ഏല്പിച്ചത്. റമദാനിലെ അവസാന പത്തിലെ ഇഇ്തികാഫും ആ സമയത്ത് മസ്ജിദില്‍ ടെന്‍റ് കെട്ടിയതും, വീട്ടില്‍ നിന്ന് മസ്ജിദിലെ ജനാലയിലേക്ക് കയര്‍ വലിച്ച് കെട്ടിയതും, നോമ്പ് തുറയ്ക്കും ഇടയത്താഴത്തിനുമുള്ള വിഭവങ്ങള്‍ ആരെയും ബുദ്ധിമുട്ടിക്കാതെ സ്വന്തമായി തന്നെ കൈകാര്യം ചെയ്തതും ഈയുള്ളവന്‍റെ മനസ്സില്‍ ഇന്നും മായാത്ത ഓര്‍മ്മയായി നിലനില്‍ക്കുന്നുണ്ട്. വലിയൊരു നീളന്‍ കുടയും പിടിച്ച് കൊച്ചു കുട്ടികളോട് പോലും ചിരിച്ചു കാണിച്ച് നടന്നു നീങ്ങുന്ന ആ മനുഷ്യന്‍റെ രൂപം മനസ്സില്‍ പതിയാത്തവരായി ആരുമുണ്ടാവില്ല. വിനയത്തിന്‍റെയും ലാളിത്യത്തിന്‍റെയും പ്രതീകം.! അതിലുപരി സര്‍വ്വ ശക്തനായ അല്ലാഹുവിനെ ഭയപ്പെടുന്നതിലും ആഖിറത്തെ കുറിച്ചുള്ള സ്മരണയിലും വിതുമ്പി കഴിഞ്ഞിരുന്ന പരിത്യാഗി. ക്ലാപ്പനയില്‍ നിന്ന് സാഹിറ ബീവിയെ തന്‍റെ ജീവിത സഖിയാക്കി കുടുംബ ജീവിതം നയിക്കുമ്പോഴും ദീനീ പ്രബോധന രംഗം കൈവിടാതെ സൂക്ഷിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അല്ലാഹു നല്‍കിയ അഞ്ചു പെണ്‍മക്കളെയും പണ്ഡിതന്മാരുള്‍പ്പടെയുള്ള നിസ്വാര്‍ത്ഥ ദീനീ പ്രവര്‍ത്തകരെ തിരഞ്ഞെടുത്ത് വിവാഹം ചെയ്തയച്ചു. 
ദഅ് വത്തിന്‍റെ വഴിയില്‍ രാജ്യത്തിന് പുറത്ത് പല തവണ സഞ്ചരിച്ചു. മഹത്തുക്കളായ നിരവധി പണ്ഡിതന്മാരുമായി ഉറച്ച ബന്ധം. എണ്‍പത്, തൊണ്ണൂറ് കാലഘട്ടങ്ങളില്‍ കാഷിഫുല്‍ ഉലൂം അറബിക് കോളേജിന്‍റെ സേവനത്തിനായി അഹോരാത്രം പാട് പെട്ടു. സ്ഥാപനത്തിലെ മുത്തഅല്ലിംകള്‍ പിന്നീട് ആലിമീങ്ങളായി മാറിയപ്പോഴും എവിടെ വച്ച് കണ്ടാലും ചേര്‍ത്ത് നിര്‍ത്തി 'ഇതെന്‍റെ  മകനാ' എന്ന് അഭിമാനത്തോടെ പറഞ്ഞിരുന്നത് സുഹൃത്തുക്കളില്‍ പലരും ഇപ്പോള്‍ പങ്ക് വെയ്ക്കുന്നു. മാത്രമല്ല, ഇടക്കാലത്ത് മുതഅല്ലിംകള്‍ക്ക് ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനും മര്‍ഹൂം സലീം സാര്‍ മുന്‍കൈയെടുക്കുകയും അങ്ങനെ സൂറത്തുല്‍ ഫാതിഹയുടെ അര്‍ത്ഥം ഇംഗ്ളീഷില്‍ പഠിപ്പിച്ചതും പിന്നീട് മദ്റസകളില്‍ തങ്ങളുടെ കുട്ടികള്‍ക്ക് അത് ഭംഗിയായി പഠിപ്പിച്ചു നല്‍കിയതും അദ്ദേഹത്തിന്‍റെ അനുസ്മരണ ചര്‍ച്ചയില്‍ പലരും നെടുവീര്‍പ്പോടെയാണ് ഓര്‍ത്തെടുത്തത്. 
ദഅ് വത്തിന്‍റെ വഴിയില്‍ തന്നെ അല്ലാഹുവിന്‍റെ വിളിക്കുത്തരം നല്‍കണമെന്ന ദീര്‍ഘകാല ആഗ്രഹം ദഅ് വത്തിന്‍റെ ആഗോള തലസ്ഥാനമായ ഡല്‍ഹി നിസാമുദ്ദീന്‍ മര്‍കസില്‍ വെച്ച് നിറവേറിയപ്പോള്‍ കഫന്‍ പുടവ തുണിക്കെട്ടിനൊപ്പം ഒരുക്കി വെച്ച്, കാത്തിരുന്ന മരണത്തെ പുല്‍കിയ നിസ്വാര്‍ത്ഥനെയാണ് ഡോക്ടര്‍ സലീം സാറിലൂടെ നമുക്ക് നഷ്ടമായത്. 
ഒരു പുരുഷായുസ്സ് മുഴുവന്‍ അല്ലാഹുവിന്‍റെ വഴിയില്‍ മാറ്റിവച്ച് യാത്രയായ അദ്ദേഹത്തിന്‍റെ ആത്മാവ് ഇല്ലിയ്യീനില്‍ പാറിപ്പറക്കുന്നുണ്ടാവാം. ഖബറിലേക്ക് വേണ്ടുവോളം ജാരിയായ സ്വദഖ മുന്നേ അയച്ചിട്ടാണ് അദ്ദേഹം ഇഹലോക വാസം വെടിഞ്ഞത്. 2020 മാര്‍ച്ച് 24 ചൊവ്വാഴ്ച ഡല്‍ഹി നിസാമുദ്ദീന്‍ മര്‍കസില്‍ മഗ്രിബ് നമസ്കരിച്ച് ഇശാഅ് വരെ നീണ്ടു നില്‍ക്കുന്ന സുദീര്‍ഘമായ 'ബയാന്‍' ശ്രവിച്ച് നമസ്കാരത്തിന് വുളൂഅ് എടുത്ത് തയ്യാറായി ഇരിക്കുമ്പോഴാണ് അല്ലാഹുവിന്‍റെ റഹ്മത്തിലേക്കു കൂട്ടി കൊണ്ടു പോകാന്‍ ദൂതന്‍ എത്തിയത്. പിറ്റേന്ന് ബുധനാഴ്ച സുബ്ഹിക്ക് ശേഷമുള്ള ബയാന്‍ കഴിഞ്ഞ് നാലാമത്തെ മകളുടെ ഭര്‍ത്താവ് മൗലവി നിസാമുദ്ദീന്‍ ഖാസിമി ജനാസ നമസ്കാരത്തിന് നേതൃത്വം നല്‍കി, എഴുപത്തി നാല് വര്‍ഷത്തെ ജീവിതം മണ്ണോടു അലിഞ്ഞു ചേര്‍ന്നു. 
മൗലാനാ ഉമര്‍ പാലന്‍പൂരി, മൗലാനാ ഉബൈദുല്ലാഹ് ബല്‍യാവി തുടങ്ങിയ മഹത്തുക്കള്‍ അന്ത്യ വിശ്രമം കൊള്ളുന്ന നിസാമുദ്ദീന്‍ മര്‍കസിനടുത്തുള്ള ഖബ്ര്‍സ്ഥാനില്‍ അദ്ദേഹം ഇപ്പോള്‍ വിശ്രമത്തിലാണ്. ആള്‍ക്കൂട്ടങ്ങളില്‍ താല്പര്യമില്ലാതിരുന്ന ഡോക്ടര്‍ സലീം സാര്‍ ആരവങ്ങളില്ലാതെ നമുക്കാര്‍ക്കും എത്തിപ്പെടാന്‍ കഴിയാതെ വളരെ ദൂരെ നിന്ന് നമ്മെ വിട്ട് പിരിഞ്ഞു. പെട്ടെന്നുള്ള വേര്‍പാടില്‍ നൊമ്പരപെടുന്ന അദ്ദേഹത്തിന്‍റെ ഭാര്യ-മക്കള്‍ക്കും മരുമക്കള്‍ക്കും അല്ലാഹു ക്ഷമയും സഹനതയും നല്‍കുമാറാകട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചു കൊണ്ട് മര്‍ഹൂം ഡോക്ടര്‍ സലീം സാറിന്‍റെ പരലോക രക്ഷക്കായി ഏവരും ദുആ ചെയ്യണമെന്ന വസ്വിയ്യത്തോടെ...

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...