Tuesday, March 5, 2019

ശൈഖുല്‍ ഹദീസ് മൗലാനാ അബ്ദുല്‍ കരീം ഖാസിമി (റഹിമഹുല്ലാഹ്)


ശൈഖുല്‍ ഹദീസ് 
മൗലാനാ അബ്ദുല്‍ കരീം ഖാസിമി (റഹിമഹുല്ലാഹ്) 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
https://swahabainfo.blogspot.com/2019/03/blog-post_93.html?spref=tw
അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ നിരന്തര ത്യാഗ പരിശ്രമങ്ങളിലൂടെ ധാരാളം നന്മകളും സേവനങ്ങളും അനുഷ്ഠിക്കാന്‍ സൗഭാഗ്യം ലഭിച്ച ഒരു മഹാപുരുഷനാണ് ഉസ്താദ് അബ്ദുല്‍ കരീം മൗലാനാ. കേരളത്തിന്‍റെ കിഴക്കന്‍ പ്രദേശമായ തൊടുപുഴയില്‍ ജനിച്ച ഉസ്താദ്, കാരിക്കോടും ഈരാറ്റുപേട്ടയിലും പഠിച്ചു. തുടര്‍ന്ന് മര്‍ഹൂം കാഞ്ഞാര്‍ മൂസാ മൗലാനായുടെ അഭിപ്രായപ്രകാരം ബാംഗ്ലൂര്‍ സബീലുര്‍റഷാദില്‍ പഠിച്ച് റഷാദി ബിരുദം കരസ്ഥമാക്കി. ശേഷം ദാറുല്‍ ഉലൂം ദേവ്ബന്ദില്‍ പോയി അല്‍ഖാസിമിയായി. ഫഖ്റുല്‍ മുഹദ്ദിസീന്‍ മൗലാനാ ഫഖ്റുദ്ദീന്‍ ഖാസിമിയുടെ ബുഖാരി ദര്‍സിനെക്കുറിച്ച് ഉസ്താദ് സദാ അനുസ്മരിച്ചിരുന്നു. ഇതിനിടയില്‍ ഹിഫ്സ് പഠിക്കാന്‍ ആഗ്രഹമുണ്ടായി. മീററ്റിലെ ഒരു മദ്റസയില്‍ 6 മാസം കൊണ്ട് ഹിഫ്സ് പൂര്‍ത്തിയാക്കി. 
നാട്ടില്‍ വന്ന് തൊടുപുഴ വെങ്ങല്ലൂരില്‍ ദര്‍സ് ആരംഭിച്ചു. രാത്രി വൈകും വരെ ദര്‍സ് നടത്തി, വീട്ടില്‍ പോയി സുബ്ഹിക്ക് മുമ്പ് തിരിച്ച് വരുമായിരുന്നുവത്രെ.! ശേഷം ഞങ്ങളുടെ വീടായി മാറിയ എറണാകുളം മസ്ജിദ് നൂറിനടുത്തുള്ള നൂര്‍ മന്‍സിലില്‍ എടത്തല അല്‍ജാമിഅത്തുല്‍ കൗസരിയ്യക്ക് തുടക്കം കുറിക്കപ്പെട്ടപ്പോള്‍ ഉസ്താദ് അവിടേക്ക് വന്നു. തുടര്‍ന്ന് എടത്തലയിലെത്തി. കഠിനമായ ത്യാഗപരിശ്രമങ്ങളിലൂടെ കൗസരിയ്യയെ ഉയര്‍ത്തിക്കൊണ്ട് വന്നു. ഭാര്യാപിതാവ് കൂടിയായ മര്‍ഹൂ കാഞ്ഞാര്‍ മൂസാ മൗലാനായുടെ മേല്‍നോട്ടം, മര്‍ഹൂം സുബൈര്‍ ഹാജിയുടെയും ശേഷം മര്‍ഹൂം ഉവൈസ് ഹാജിയുടെയും പൂര്‍ണ്ണ പിന്തുണ, ഉന്നത ഉസ്താദുമാരുടെ സഹകരണം എല്ലാം കൂടി ചേര്‍ന്നപ്പോള്‍ കൗസരിയ്യ, ശജറത്തുന്‍ ത്വയ്യിബയായി. കൗസരീ പഴങ്ങള്‍ സമൃദ്ധമായി. ഇതിനിടയില്‍ ഉസ്താദ് തബ്ലീഗിനും മറ്റുമായി ഇതര സ്ഥലങ്ങളിലും യാത്ര ചെയ്തിരുന്നു. 
എറണാകുളം ഐ.പി.എല്‍ കമ്പനിയുടെ ബാഗും പിടിച്ച് അതിവേഗതയില്‍ ഉസ്താദ് മസ്ജിദ് നൂറിലേക്ക് കടന്ന് വരുന്നത് ഇന്നും കണ്‍മുമ്പില്‍ കാണുന്നത് പോലെയുണ്ട്. അന്നത്തെ കേരളത്തിന്‍റെ തബ്ലീഗ് പ്രവര്‍ത്തനത്തിന്‍റെ പ്രധാന കേന്ദ്രമായിരുന്നു എറണാകുളം മസ്ജിദ് നൂര്‍. സ്ഥാപകന്‍ ആദരണീയ മാമ, മുഹമ്മദ് ഹാജി മര്‍ഹൂമിന്‍റെ ആഗ്രഹപ്രകാരം തബ്ലീഗിന്‍റെ വിവിധ പരിപാടികള്‍ അവിടെ നടന്നിരുന്നു. കൂടാതെ, പ്രസ്തുത മസ്ജിദ് ഇല്‍മിന്‍റെയും ദഅ്വത്തിന്‍റെയും വിവിധങ്ങളായ കേന്ദ്രങ്ങളാകണമെന്നും മാമ മര്‍ഹൂം അതിയായി ആഗ്രഹിച്ചിരുന്നു എന്ന കാര്യം പ്രിയപ്പെട്ട ഭാരവാഹികളെ ഒരു സാക്ഷ്യമെന്നോണം അറിയിക്കുകയാണ്. എന്തായാലും അവിടെ വിവിധ പരിപാടികള്‍ നടന്നിരുന്നു. അതിലെല്ലാം ഉസ്താദ് സജീവമായി പങ്കെടുത്തിരുന്നു. വിശിഷ്യാ, ജുമുഅകളില്‍ പലപ്പോഴും പങ്കെടുത്ത് ഉജ്ജ്വല പ്രഭാഷണങ്ങളും ഖുത്ബ-നമസ്കാരങ്ങളും നിര്‍വ്വഹിച്ചിരുന്നു. ശൈഘുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ (റഹ്) യില്‍ നിന്നും അഹാദീസുല്‍ മുസല്‍സലാത്ത് ഓതുകയും ഓതിക്കുകയും ചെയ്തിട്ടുള്ള ഉസ്താദ്, ശൈഘുല്‍ ഹദീസിന്‍റെ വഫാത്തിനെ കുറിച്ച് നടത്തിയ പ്രഭാഷണം വികാരനിര്‍ഭരമായിരുന്നു. ഇല്‍മിന്‍റെയും ഉലമാഇന്‍റെയും മഹത്വങ്ങള്‍ പറഞ്ഞ ശേഷം ശൈഘിന്‍റെ കാര്യങ്ങള്‍ നേരില്‍ കണ്ടത് വിവരിച്ചപ്പോള്‍ വിറയ്ക്കുകയും കൈയ്യില്‍ പിടിച്ചിരുന്ന വാച്ച് തെറിച്ച് പോകുകയും ചെയ്തു. ഖുര്‍ആന്‍ ഓതുന്നത് പ്രത്യേകമായ ഒരു സുന്ദര ശൈലിയിലായിരുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ സൂറത്ത് ഖാഫ്, ഉസ്താദിന്‍റെ ഓതല്‍ കേട്ട് ഞങ്ങള്‍ പഠിക്കുകയുണ്ടായി. 
എല്ലാ മദ്റസകളും ഉലമാ-മുതഅല്ലിംകളുമായി വലിയ ബന്ധമായിരുന്നു. ഈ പാപി ഓതാന്‍ ഇറങ്ങിയത് ഉസ്താദിനെ പോലുള്ളവരെ കണ്ടിട്ടായിരുന്നു. പക്ഷെ, അല്‍പം കഴിഞ്ഞപ്പോള്‍ കുടുംബത്തില്‍ നിന്നും വലിയ എതിര്‍പ്പുണ്ടായി. മര്‍ഹൂമയായ ഉമ്മ, ഉസ്താദിനെ വിവരം ധരിപ്പിച്ചു. ഉസ്താദ് പറഞ്ഞപ്പോള്‍ കുടുംബം നിശബ്ദരായി. ഒരു യാത്രയ്ക്കിടയില്‍ രാത്രി മുഴുവനും ഒരു മുതഅല്ലിമും പിതാവുമായി മാറിമാറി സംസാരിച്ച് മുതഅല്ലിമിനെ രാവിലെ എടത്തലയിലേക്ക് വിടുന്നത് കണ്ടു. മിക്ക കൗസരികളുടെയും പിന്നില്‍ ഉസ്താദിന്‍റെ ഇത് പോലുള്ള പരിശ്രമങ്ങള്‍ ഉണ്ടായിരിക്കുമെന്നാണ് വിനീതന്‍റെ അനുമാനം. 
പരിശുദ്ധ ഹറമുകളുമായി വലിയ ബന്ധമായിരുന്നു. വിയോഗത്തിന് തൊട്ട് മുമ്പ് അവിടേക്ക് പോകാന്‍ വളരെ ആഗ്രഹിച്ചതുമാണ്. ഒരു യാത്രയില്‍ ഉസ്താദിന്‍റെ കൂട്ടത്തില്‍ കൂടാന്‍ കഴിഞ്ഞു. നിരന്തരം ഇബാദത്തുകളിലായിരുന്നു. പക്ഷെ, ജനങ്ങളോട് ലളിതമായ കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നു. മിനായിലെ നമസ്കാരങ്ങള്‍ക്ക് അടുത്ത തമ്പുകളില്‍ വഴക്കുകള്‍ നടന്നപ്പോള്‍ ഉസ്താദ് എഴുന്നേറ്റ് നിന്ന് പറഞ്ഞു: നമസ്കരിക്കലാണ് കാര്യം.! എങ്ങനെയും നമസ്കരിക്കാം. പക്ഷെ, വഴക്കുണ്ടാക്കരുത്.! ഇത് വലിയ സമാധാനം നല്‍കി. അറഫാത്തിലും മറ്റും അസ്മാഉല്‍ ഹുസ്ന ഓതിക്കൊണ്ടുള്ള ദുആകള്‍ വികാരനിര്‍ഭരമായിരുന്നു. പ്രഭാഷണങ്ങള്‍ വലിയ ശബ്ദത്തിലായിരുന്നു. വിഷയങ്ങള്‍ വളരെ ചിന്തനീയവും പഠനാര്‍ഹവുമായിരുന്നു. ലോകാവസാനത്തെ കുറിച്ചുള്ള കാര്യങ്ങള്‍ ക്രമപ്രകാരം വിവരിച്ചിരുന്നു. ഉസ്താദിന്‍റെ ചില പ്രഭാഷണങ്ങള്‍ ലേഖന രൂപത്തില്‍ പഴയ അല്‍ബലാഗ് മാസികയില്‍ കൊടുത്തിട്ടുണ്ട്. അവ സമാഹരിക്കുന്നത് നന്നായിരുന്നു. 
ഇതിനിടയില്‍ ശിഷ്യരും സ്നേഹിതരും കേരളത്തില്‍ നടത്തുന്ന വിവിധങ്ങളായി മദ്റസകള്‍ നിലവില്‍ വന്നു. ഉസ്താദിന് തിരക്ക് കൂടി. ഇക്കൂട്ടത്തില്‍ കേരളത്തിലെത്തിയ മൗലാനാ സയ്യിദ് അര്‍ഷദ് മദനി കേരളത്തില്‍ ദേവ്ബന്ദ് ഉലമാഇന്‍റെ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളൊന്നും ഇത് വരെ ഇറങ്ങിയിട്ടില്ല. മആരിഫുല്‍ ഖുര്‍ആന്‍ ഉടനെ പ്രസിദ്ധീകരിക്കണം എന്ന് നിര്‍ദ്ദേശിച്ചു. ഉസ്താദ് അത് ഏറ്റെടുത്തു. സൂറത്ത് ഹൂദ് വരെ വിവര്‍ത്തനം ചെയ്തു. ഉസ്താദിന്‍റെ ഏറ്റം വലിയ സേവനവും പ്രധാന ജാരിയായ സ്വദഖയുമായ മആരിഫുല്‍ ഖുര്‍ആന്‍ വേണ്ടത് പോലെ നാം പ്രയോജനപ്പെടുത്തുകയും പ്രചരിപ്പിക്കുകയും ചെയ്തിട്ടില്ല എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. ഡല്‍ഹിയിലും മറ്റും മൗലാനാ മദനിയുടെ നിര്‍ദ്ദേശപ്രകാരം ജംഇയ്യത്തുമായി ബന്ധപ്പെട്ട ഉലമാഉം ഇതര ഇമാമുമാരും ഏതെങ്കിലും ജമാഅത്ത് നമസ്കാരത്തിന് ശേഷം മആരിഫുല്‍ ഖുര്‍ആന്‍ പാരായണം ചെയ്യാറുണ്ട്. മആരിഫുല്‍ ഖുര്‍ആനിന്‍റെ ശേഷമുള്ള ഭാഗങ്ങള്‍ ഈ പാപി എഴുതി തുടങ്ങിയിരിക്കുകയാണ്. എളുപ്പത്തിലാകാന്‍ ദുആ ഇരക്കുന്നതോടൊപ്പം പ്രചാരണത്തില്‍ പങ്കെടുക്കാന്‍ മുഴുവന്‍ സഹോദങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു. 
തുടര്‍ന്ന്, കേരളത്തിന് പുറത്തുള്ള പ്രവര്‍ത്തനങ്ങളിലും സജീവമായി. ബാംഗ്ലൂര്‍ സബീലുര്‍റഷാദ് ട്രസ്റ്റ് മെമ്പര്‍ ആകുന്നതിന് മുമ്പ് തന്നെ സബീലില്‍ പോകുമായിരുന്നു. മെമ്പറായതിന് ശേഷം നിരന്തരം യാത്ര തുടങ്ങി. തുടര്‍ന്ന് ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് മെമ്പറായി. വെറും മെമ്പര്‍ അല്ലായിരുന്നു. യോഗങ്ങള്‍ വളരെ ശ്രദ്ധിച്ച് കേട്ട് ശക്തമായി പിന്തുണയ്ക്കുമായിരുന്നു. ബോര്‍ഡിന് രണ്ട് ലക്ഷ്യമാണുള്ളത്. ഒന്ന്, ശരീഅത്ത് സംരക്ഷണം. രണ്ട്, പ്രചാരണം. പ്രചാരണ വഴിയിലെ പ്രധാനപ്പെട്ട ഒരു പ്രവര്‍ത്തനമാണ് ദാറുല്‍ ഖദാ (പ്രശ്ന പരിഹാര സമിതി) പ്രവര്‍ത്തനം. ഉസ്താദ് ഒരു യോഗത്തില്‍ ഇപ്രകാരം പ്രസ്താവിച്ചു: സമുദായത്തിന്‍റെ സമയവും സമ്പത്തും ദീനും പാഴാകാതിരിക്കാനുള്ള ഒരു വഴിയാണ് ദാറുല്‍ ഖദാകള്‍. കേരളത്തില്‍ ഇതിന്‍റെ ഉത്തരവാദിത്വം ഏല്‍ക്കാന്‍ ഞാന്‍ തയ്യാറാണ്. വിനീതന്‍ ചോദിച്ചു. ഉസ്താദ് എന്ത് ചെയ്യും.? ഉസ്താദ് പറഞ്ഞു: ഒരാളെ ഖദാഅ് പഠിപ്പിക്കാന്‍ അയക്കും. ഒരു വിംഗിനെ ഇതിന് വേണ്ടി തയ്യാറാക്കും. ചെയ്ത് കാണിച്ച് കൊടുക്കും. താല്പര്യമുള്ളവര്‍ കണ്ട് പകര്‍ത്തിക്കൊള്ളട്ടെ.! ഉസ്താദ് വഫാത്തായ അന്ന് ബോര്‍ഡില്‍ നിന്നും ഈ പാപിക്ക് ഫോണ്‍ വന്നു. ദക്ഷിണ കേരളത്തില്‍ ഉസ്താദിന്‍റെ തണലില്‍ ഈ പ്രവര്‍ത്തനം നടത്തുക. ശേഷം പ്രതിനിധി വന്ന് ഉസ്താദിന്‍റെ ശിഷ്യരെ കണ്ടു. അവര്‍ ഇത് നല്ല നിലയില്‍ നിര്‍വ്വഹിക്കുമെന്ന് പ്രതീക്ഷിക്കട്ടെ.! അല്ലാഹു സഹായിക്കട്ടെ.! 
ഉസ്താദും കൗസരിയ്യ മുതവല്ലി ഹാഫിസ് ഉവൈസ് ഹാജിയും തമ്മില്‍ വളരെ നല്ല ബന്ധമായിരുന്നു. ഉസ്താദിന്‍റെ സഹധര്‍മ്മിണിയുടെ വിയോഗത്തെ തുടര്‍ന്ന് ഉസ്താദ് വല്ലാതെ ദുഃഖിതനായി. ഇത് പിന്നീട് കാണുമ്പോഴെല്ലാം പ്രകടമാകുകയും ചെയ്തിരുന്നു. ഒരിക്കല്‍ കൗസരിയ്യയില്‍ ഒരു പരിപാടിക്ക് പോയപ്പോള്‍ രണ്ട് പേരും അടുത്ത് കസേരയില്‍ ഇരുന്ന് സംസാരിക്കുന്നു. രണ്ട് പേരുടെയും മുഖങ്ങള്‍ വളരെ പ്രകാശിക്കുന്നതായി കാണപ്പെട്ടു. പാപി പറഞ്ഞു : ഹാജിയാരെ, ഉസ്താദിന്‍റെ മുഖത്തും വലിയ തിളക്കം അനുഭവപ്പെടുന്നല്ലോ.? മര്‍ഹൂം ഹാജിയാര്‍ പറഞ്ഞു: അതിന് ഉസ്താദിന് പുതിയ ഒരു കൂട്ടുകാരി കൂടി കിട്ടിയിട്ടുണ്ട്.! ഇതായിരുന്നു ബന്ധം. പക്ഷെ, എന്തോ ഭിന്നതയുണ്ടായി. ഉസ്താദ് കൗസരിയ്യയില്‍ നിന്ന് മാറി. ഒരു ബന്ധവുമില്ലാത്ത ഞങ്ങള്‍ക്ക് പോലും വലിയ ദുഃഖമുണ്ടാക്കിയ സംഭവമാണ്. അല്‍ഹംദുലില്ലാഹ്... ഉസ്താദും ഉവൈസ് ഹാജിയും റാഹത്തിലായി. ഉവൈസ് ഹാജി മര്‍ഹൂമിന്‍റെ ജനാസയില്‍ ഉസ്താദ് നടത്തിയ നെഞ്ച് പൊട്ടിയ ദുആ അതിന് തെളിവാണ്. പത്തനംതിട്ട കാശിഫുല്‍ ഉലൂമിന്‍റെ ഭാഗ്യം, വളരെ വിഷമിച്ച് നടന്നിരുന്ന ഈ പാവപ്പെട്ട സ്ഥാപനം ഉസ്താദിനെ സ്വീകരിച്ചു. കാശിഫ് കശ്ശാഫ് ആയി. കേരളത്തിലെ പ്രധാന സ്ഥാപനങ്ങളിലൊന്നായി. ഉസ്താദ് പുതിയ ഒരു ജീവിതത്തില്‍ കൂടി പ്രവേശിച്ചത് പോലെ. നാട്ടുകാരും അമുസ്ലിംകളും എല്ലാവരുമായി ബന്ധം.! ഉന്നത ചിന്ത.! ബൃഹത് പദ്ധതികള്‍.! ഗ്രാന്‍റ് പരിപാടികള്‍.! അല്ലാഹു ജാമിഅ കശ്ശാഫുല്‍ ഉലൂമിനെ കൂടുതല്‍ ഉന്നതങ്ങളിലേക്ക് ഉയര്‍ത്തട്ടെ.! ഉസ്താദ് തബ് ലീഗ് പ്രവര്‍ത്തനവുമായി തുടക്കം മുതലേ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ബന്ധം കൂടുതല്‍ സുദൃഢമാക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തു. അങ്ങേയറ്റം ത്യാഗത്തോട് കൂടി തബ് ലീഗിന്‍റെ സദസ്സുകളില്‍ പങ്കെടുക്കുകയുണ്ടായി. ഇത് പോലെ തസ്വവ്വുഫും ദിക്ര്‍-ദുആകളുമായും ബന്ധമുണ്ടായിരുന്നു. മക്കാ മുകര്‍റമയില്‍ വെച്ച് വലിയൊരു മഹാന്‍, (ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ കാന്ദലവി (റഹ്) യുടെ ഘലീഫയായ) മൗലാനാ അബ്ദുല്‍ ഹഫീസ് മക്കിയെ ബൈഅത്ത് ചെയ്തു. എന്‍റെ അറിവില്‍ ഉസ്താദ് പ്രധാന മഹത്തുക്കളുടെ ഘലീഫയാണ്. അപ്രകാരം തന്നെ മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി (റഹ്) യുടെ ഘലീഫയായ ശൈഖ് സയ്യിദ് മുസ്ത്വഫാ രിഫാഈ അഞ്ച് ത്വരീഖത്തുകളില്‍ ഇജാസത്തും ഘിലാഫത്തും നല്‍കിയിരുന്നു. മൗലാനാ ശൈഖ് മുസ്ത്വഫാ രിഫാഈ പരവൂരില്‍ വന്നപ്പോള്‍ ഉസ്താദ് അവര്‍കള്‍ വന്ന് പ്രത്യേകം കാണുകയും ഈ ഉത്തരവാദിത്വം ഏല്‍ക്കുകയും ചെയ്തു. അല്ലാഹു എല്ലാ ഖൈറുകളും നല്‍കട്ടെ.! സത്യം, ഈമാനിന്‍റെയും ഇല്‍മിന്‍റെയും ഹിമ്മത്തിന്‍റെയും പല അത്ഭുതങ്ങളും കാണാനിരുന്നതാണ്. പക്ഷെ, ഉസ്താദ് പിന്‍ഗാമികളെ ഏല്‍പിച്ച് യാത്രയായി. 
രോഗങ്ങള്‍ ഉസ്താദിന് പണ്ടേ ഉള്ളതാണ്. മെഡിക്കല്‍ ട്രസ്റ്റില്‍ കിടക്കുമ്പോള്‍ ഉമ്മ ആഹാരവുമായി എന്നെ പറഞ്ഞ് വിടാറുണ്ടായിരുന്നു. പക്ഷെ, ഉസ്താദ് ആശുപത്രിയില്‍ നിന്നും ഇറങ്ങി രോഗവുമായി ഒരു ബന്ധവുമില്ലാത്തത് പോലെ, എന്നല്ല, കൂടിതല്‍ ഊര്‍ജ്ജ്വലസ്വനായി കാണപ്പെട്ടിരുന്നു. പത്തനംതിട്ടയില്‍ വന്നപ്പോഴും ഇത് ആവര്‍ത്തിച്ചു. ഉസ്താദ്, ഹറമൈന്‍-വിദേശ യാത്രകളും ഇന്ത്യയില്‍ നിസാമുദ്ദീനിലും മറ്റും പോകലും വരവും നടത്തി. മദ്റസയ്ക്ക് വേണ്ടി നിരന്തരം പരിശ്രമങ്ങളായിരുന്നു പ്രധാനം. എന്നാല്‍ ഒരു വര്‍ഷമായി വളരെ ക്ഷീണിച്ചു. ഒന്നാം തരം ശരീരം മെലിഞ്ഞു. ഉസ്താദിന്‍റെ നൂല്‍ പോലുള്ള വിരല്‍ പിടിച്ച് ദുഃഖിച്ചപ്പോള്‍ പറഞ്ഞു: കുഴപ്പമൊന്നുമില്ല. അവസാനം 2019 ജനുവരി മാസം, പല മഹാന്മാരും ഈ മാസത്തില്‍ വിടപറഞ്ഞ ദുഃഖത്തില്‍ നില്‍ക്കവേ, 20-)ം തിയതി രാവിലെ ലക്നൗവില്‍ അല്ലാമാ സയ്യിദ് മുഹമ്മദ് വാദിഹ് റഷീദ് നദ്വിയുടെ വിയോഗ വാര്‍ത്തയറിഞ്ഞു. ഉച്ചയോടെ മഹാനായ ഉസ്താദും മഹാന്മാരോടൊപ്പം യാത്ര തിരിച്ചു. 
അറിയുക: അല്ലാഹുവിന്‍റെ ആത്മമിത്രങ്ങള്‍ക്ക് ഒരു ഭയവും ഉണ്ടാകുന്നതല്ല. അവര്‍ വ്യസനിക്കുന്നതുമല്ല. അവര്‍ സത്യവിശ്വാസം സ്വീകരിച്ചവരും ഭയഭക്തി പുലര്‍ത്തുന്നവരുമാണ്. ഇഹലോകത്തും പരലോകത്തും അവര്‍ക്ക് സന്തോഷവാര്‍ത്തയുണ്ട്. (സൂറത്ത് യൂനുസ്) 
അല്ലാഹു ഉസ്താദിനെ അനുഗ്രഹിക്കട്ടെ.! വിശാല മനസ്സിലെ ആഗ്രഹങ്ങള്‍ നല്ല നിലയില്‍ സഫലമാക്കട്ടെ.! കുടുംബത്തെയും മക്കളെയും ശിഷ്യരെയും സ്ഥാപനങ്ങളെയും അനുഗ്രഹിക്കട്ടെ.! 
ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ bukharihasani@gmail.com എന്ന മെയിലിലോ +91 9961955826 എന്ന വാട്സ്അപ്പ് നമ്പറിലോ അയച്ച് തരിക. 
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...