Wednesday, March 6, 2019

മര്‍ഹൂം ശൈഖുനാ മുഹമ്മദ് ഈസാ ഫാളില്‍ മമ്പഈ, ഈരാറ്റുപേട്ട.



മര്‍ഹൂം ശൈഖുനാ മുഹമ്മദ് ഈസാ ഫാളില്‍ മമ്പഈ, ഈരാറ്റുപേട്ട. 
https://swahabainfo.blogspot.com/2019/03/blog-post_18.html?spref=tw 
കുടുംബ പശ്ചാത്തലം 
പ്രശസ്ത സ്വാതന്ത്ര്യ സമര നായകനായിരുന്ന വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പിതാവും സ്വാതന്ത്ര്യ സമര നായകനും മഞ്ചേരി, മണാര്‍ക്കാട് തുടങ്ങിയ സമര രണാങ്കളങ്ങളില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ഉജ്ജ്വല സമരത്തിന് നേതൃത്വം നല്‍കിയ വ്യക്തിയും അവസാനം ബ്രിട്ടീഷ് കോടതി ആന്തമാനിലേക്ക് നാടുകടത്താന്‍ വിധിയെഴുതപ്പെടുകയും 7 വര്‍ഷങ്ങള്‍ക്കുള്ളില്‍ നാടുകടത്തപ്പെടുകയും ചെയ്ത കൊണ്ടോട്ടി നെടിയിരിപ്പ് സ്വദേശിയുമായിരുന്ന മൊയ്തീന്‍ കുട്ടി ഹാജിയാണ് പിതാമഹന്‍.

ബ്രിട്ടീഷ് കോടതി വിധി അറിഞ്ഞ ശേഷം അദ്ദേഹം തന്ത്രപരമായി മലബാറില്‍ നിന്ന് പുറപ്പെട്ട് തിരുകൊച്ചിയിലെ പ്രധാന നാടായ  ഈരാറ്റുപേട്ടയില്‍ ഒളിവ് ജീവിതം ആരംഭിച്ചു. അവിടുത്തെ ഒളിവ് ജീവിത കാലയളവില്‍ ഈരാറ്റുപേട്ടയെ മതപരമായും സാംസ്കാരികമായും ഉയര്‍ത്തികൊണ്ടുവരുന്നതിനുള്ള ശ്രമം തുടര്‍ന്നു കൊണ്ടിരുന്നു. അങ്ങനെ ഈരാറ്റുപേട്ടയിലെ മദ്റസാ വിദ്യാഭ്യാസത്തിന് അടിത്തറ പാകുകയും പ്രഥമമായി വീടിനോട് ചേര്‍ന്ന് കുടില്‍ കെട്ടി മതപഠന ക്ലാസുകള്‍ ആരംഭിക്കുകയും ചെയ്തു. ബ്രിട്ടീഷുകാരുടെ ആധിപത്യം ഇല്ലാതിരുന്ന ഈരാറ്റുപേട്ടയില്‍ നിന്ന് തിരിച്ചു പോകുവാന്‍ ആഗ്രഹമില്ലാതിരുന്നതിനാല്‍ മൊയ്തീന്‍ കുട്ടി ഹാജി ഈരാറ്റുപേട്ടയില്‍ നിന്ന് തന്നെ ഒരു വിവാഹം കഴിച്ചു. ഇതില്‍ ജനിച്ച പുത്രനാണ് ഈരാറ്റുപേട്ടയിലേയും പരിസര പ്രദേശങ്ങളിലേയും മതബോധമുള്ളവരുടെയെല്ലാം ആത്മീയ ആചാര്യനായിരുന്ന മുഹ് യിദ്ദീന്‍ കുട്ടി ഹാജി. അദ്ദേഹത്തിന്‍റെ മൂത്തപുത്രനും മരണം വരേയും ഈരാറ്റുപേട്ടയിലെ ശാഫിഈ ജമാഅത്തിന്‍റെ ഇമാമും ജനങ്ങളുടെ ആത്മീയ നേതാവുമായിരുന്ന അലിയാര്‍ മൗലവിയാണ് കെ.എം മുഹമ്മദ് ഈസാ ഫാദില്‍ മംബഇ- യുടെ പിതാവ്. മാതാവ് പ്രശസ്തമായ ആലുംമൂട്ടില്‍ കുടുംബാംഗമായ ഫരീദ ഉമ്മ-യായിരുന്നു. 1940 ജൂണിലാണ് ഇദ്ദേഹത്തിന്‍റെ ജനനം.

വിദ്യാഭ്യാസം 
പിതാമഹനായ മുഹ് യിദ്ദീന്‍ കുട്ടി ഹാജിയില്‍ നിന്നായിരുന്നു പ്രാഥമിക മതപാഠങ്ങള്‍ കരസ്ഥമാക്കിയത്. ഇസ്ലാമിന്‍റെ ബാല പാഠങ്ങള്‍ ഏഴ് വയസ്സിന് മുന്പ് തന്നെ കരസ്ഥമാക്കിയിരുന്നു. ഈരാറ്റുപേട്ടയില്‍ വിദ്യാഭ്യാസത്തിന്‍റെ വിത്ത് പാകിയ പിതാമഹന്‍ തന്നെയാണ് ഇദ്ദേഹത്തിലെ അതുല്യ പണ്ഡിതന്‍റെ നാന്പ് കണ്ടെത്തിയതും അതിന് വെള്ളവും വെളിച്ചവും നല്‍കിയതും. ഖുര്‍ആനും ഹദീസും ഫിഖ്ഹും അഖീദയും ഉള്‍പ്പെടുന്ന ഇസ്ലാമിക വിജ്ഞാനത്തിന്‍റെ ബാലപാഠങ്ങള്‍ വളരെ കൃത്യതയോടെ ചെറു പ്രായത്തില്‍ തന്നെ ഗ്രഹിക്കാനുള്ള അസാമാന്യ കഴിവിന്നുടമയായിരുന്നു ഇദ്ദേഹം. ഇതില്‍ നിന്ന് തന്നെ തന്‍റെ വഴി ഇസ്ലാമിക ശരീഅയിലും അറബി ഭാഷാ പഠനത്തിലും മുഴുകേണ്ടതാണെന്ന് തിരിച്ചറിയുകയും അതിന് വേണ്ടിയുള്ള ശ്രമം ആരംഭിക്കുകയും ചെയ്തു. കൊടിയ ദാരിദ്ര്യത്തിലാണ് ജീവിതം മുന്നോട്ടു പോയതെങ്കിലും വിദ്യാഭ്യാസം നേടണമെന്ന അതിയായ താല്‍പര്യത്തിന് മുന്നില്‍ ഒരിക്കല്‍ പോലും ആര്‍ക്കും പരാചയപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ഈ നിശ്ചയദാര്‍ഢ്യം തന്നെയാണ് ഈസാ മംബഇയെ കേരളക്കരയിലെ ആര്‍ജവമുള്ള പണ്ഡിതനായും സംഘാടകനാകനായും പരിവര്‍ത്തനം ചെയ്യിച്ചത്. 

പ്രാഥമിക പഠനത്തിന് ശേഷം തന്‍റെ 7-ാം വയസ്സില്‍ ഈരാറ്റുപേട്ട നൂറുല്‍ ഇസ്ലാം അറബിക് കോളേജില്‍ പല്ലന ഇബ്റാഹീം കുട്ടി മുസ്ലിയാരുടെ ശിഷ്യത്വത്തിലും ശിക്ഷണത്തിലും പഠനം ആരംഭിച്ചു. ഇക്കാലത്ത് പോലും പ്രാഥമിക മദ്റസാ പാഠങ്ങള്‍ മാത്രം ആലോചിക്കുന്ന ചെറു പ്രായത്തില്‍ തന്നെ ഗൗരവകരമായ ഇസ്ലാമിക ശരീഅ പഠനം ആരംഭിച്ച് അതുല്യ പ്രഭാവം തെളിയിച്ചു. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്ക് സമീപമുള്ള  വെന്നിയൂര്‍പറന്പ് സ്വദേശിയായ മര്‍ഹും ഹാജി അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ ആയിരുന്നു അക്കാലത്തെ പ്രധാന ഗുരുവര്യന്‍. 8 വര്‍ഷത്തെ ഗഹനമായ പഠനത്തിന് ശേഷം വിദ്യാഭ്യാസത്തിന്‍റെ പുത്തനറിവുകള്‍ തേടി 1955 ല്‍ കേരളത്തിന്‍റെ വടക്കോട്ട് യാത്രതിരിച്ചു. ഇതിനിടയില്‍ സ്കൂള്‍ വിദ്യാഭ്യാസം കരസ്ഥമാക്കുകയും ചെയ്തു.

വെല്ലൂര്‍ ബാഖിയാത്തുസ്വാലിഹാത്തിലെ മുദര്‍രിസായിരുന്ന ok അബ്ദുല്‍ റഹ്മാന്‍ കുട്ടി മൗലവിയുടേയും, മുഹമ്മദ് അബ്ദുല്‍ ബഷീര്‍ മൗലവിയുടെയും കീഴിലായിരുന്നു മഞ്ചേരിക്ക് സമീപമുള്ള പുല്ലാരയിലെ തുടര്‍ പഠനം. ഒരു വര്‍ഷത്തെ പഠനത്തിന് ശേഷം 1957-1958 കാലഘട്ടത്തില്‍ എറണാകുളം ഇടപ്പള്ളിയിലേക്ക് ശരീഅ പഠനത്തിന്‍റെ ആഴങ്ങള്‍ തേടി യാത്ര ചെയ്തു. ഇടപ്പള്ളി ഉസ്താദ് എന്ന പേരില്‍ പ്രസിദ്ധനായ കെ.പി അബൂബക്കര്‍ മൗലവിയുടെ കീഴില്‍ പഠനം മുന്നോട്ട് പോയെങ്കിലും ശരീരത്തെ  പിടികൂടിയ അലര്‍ജിയും രോഗവും എറണാകുളത്തെ പഠനത്തിന് വിഘാതമായി. എങ്കിലും പരാജയപ്പെടാന്‍ തയ്യാറാകാതിരുന്ന മുഹമ്മദ് ഈസാ മംബഈ എന്ന വിദ്യാഭ്യാസ ദാഹി ഉസ്താദിന്‍റെ നിര്‍ദ്ദേശ പ്രകാരം തന്‍റെ ശരീഅ പഠനത്തിന്‍റെ മുളപൊട്ടിയ ഈരാറ്റുപേട്ട നൂറുല്‍ ഇസ്ലാം അറബിക് കോളേജിലേക്ക് മടങ്ങിവരികയും ഒരു  വര്‍ഷത്തിന് മുകളില്‍ പഠനം നടത്തുകയും ചെയ്തു. ഏഴാം വയസ്സില്‍ തുടങ്ങിയ ശരീഅ പഠനം 1960 കളിലെത്തിയപ്പോള്‍ 12 വര്‍ഷം പിന്നിട്ടിരുന്നു. 

അവസാനമായി തെക്കെ ഇന്ത്യയിലെ പ്രസിദ്ധ പണ്ഡിതനും കേരളത്തിലെ മണ്‍മറഞ്ഞ പണ്ഡിത പ്രമുഖരായിരുന്ന ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍, മുഹമ്മദ് നൂഹ് മൗലാനാ, കാഞ്ഞാര്‍ മൂസാ മൗലാനാ തുടങ്ങിയവരുടെയെല്ലാം ഉസ്താദ് ആയിരുന്ന മൗലാനാ ശൈഖുല്‍ മില്ലത്ത് മുഹമ്മദ് അമാനി ഹള്റത്തിന്‍റെ കീഴില്‍ തമിഴ്നാട് ലാല്‍പേട്ടിലെ മംബഉല്‍ അന്‍വാര്‍ അറബിക് കോളേജിലേക്ക് ഉന്നത പഠനത്തിനായി പോവുകയും ചെയ്തു. 

നീണ്ട 12 വര്‍ഷത്തെ ഗഹനവും ആത്മാര്‍ത്ഥമായ ശരീഅ പഠനം ഖുര്‍ആനിലും തഫ്സീറിലും ഹദീസിലും അറബി ഭാഷാ വ്യാകരണത്തിലും അതുല്യനായ ഒരു യുവ പണ്ഡിതനായി കെ. എം മുഹമ്മദ് ഈസാ മംബഇ യെ രൂപാന്തരപ്പെടുത്തിയിരുന്നു. ഈ തുല്യതയില്ലാത്ത പാണ്ഡിത്യവും ആഴത്തിലുള്ള ചിന്തയും ചെറിയ പ്രായത്തിലെ ഗ്രാഹ്യവുമെല്ലാം ഒത്തിണങ്ങിയപ്പോള്‍ ലാല്‍പേട്ടിലെ മംബഉല്‍ അന്‍വാറില്‍ അഡ്മിഷന്‍ കിട്ടുന്നതില്‍ യാതൊരു തടസ്സവും ഉണ്ടായിരുന്നില്ല.  അങ്ങിനെ 1960-61 കാലഘട്ടത്തില്‍ പ്രസ്തുത അറബിക് കോളേജില്‍ ഹയര്‍ എഡ്യുക്കേഷന്‍ വിഭാഗമായ 'ദൗറത്തുല്‍ ഹദീസി'ല്‍ ഒരു വര്‍ഷത്തെ ഉന്നത പഠനത്തിന് അഡ്മിഷന്‍ ലഭിക്കുകയും പഠനം നടത്തുകയും ചെയ്തു. ഈ കാലയളവില്‍ തന്‍റെ സേവനവും പ്രവര്‍ത്തനവും ഇന്ത്യ മുഴുവന്‍ വ്യാപിപ്പിക്കണമെങ്കില്‍ ഉറുദു പഠിക്കണമെന്ന ചിന്ത അദ്ദേഹത്തെ അലട്ടുകയും തന്‍റെ ഗുരുവിന്‍റെപ്രേരണയാല്‍ ഉറുദു ഭാഷ ഭേദമില്ലാത്ത തലത്തില്‍ തന്നെ സായത്തമാക്കുകയും ചെയ്തു. അവസാനം  1962 (H 1381) ല്‍ കോളേജിന്‍റെ 100-ാം വാര്‍ഷികത്തില്‍ തന്‍റെ 21-ാം വയസ്സില്‍ ഒന്നാം റാങ്കോടെ സനദ് കരസ്ഥമാക്കി. മതപഠന കാലയളവിന് ശേഷം ഓദ്യോഗിക ജീവിതത്തിന്‍റെ പ്രാരംഭദശയില്‍ തന്നെ കേരള യൂണിവേഴ്സിറ്റിയില്‍ നിന്ന് അഫ്ളലുല്‍ ഉലമ ബിരുദം കരസ്ഥമാക്കുകയും ചെയ്തു.

സംഘടന പ്രവര്‍ത്തനവും ഭാരവാഹിത്വവും 
വളരെ ചെറിയ പ്രായത്തില്‍ തന്നെ ജോലിയില്‍ ഒതുങ്ങികഴിയാതെ വിദ്യാഭ്യാസ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ പതിപ്പിക്കുന്ന ജീവിത ശൈലിയാണ് സ്വീകരിച്ചത്.  കേരളത്തിലെ വിവിധ പ്രസിദ്ധീകരണങ്ങളില്‍ ഹദീസ്, ആധുനിക കര്‍മശാസ്ത്രം, ചരിത്ര പഠനം തുടങ്ങി വിവിധ വിഷയങ്ങളില്‍ ലേഖനങ്ങളെഴുതി ശ്രദ്ധ നേടി. അതോടൊപ്പം തന്നെ സംഘടനകളിലെ നേതൃത്വ സ്ഥാനം വഹിക്കുകയും ചെയ്തിട്ടുണ്ട്.

ഏതാണ്ട് 50 വര്‍ഷത്തോളം കേരളത്തിലെ പ്രശസ്ത പണ്ഡിത സഭയായ ദക്ഷിണ കേരള ജംഇയത്തുല്‍ ഉലമായുടെ എക്സിക്യൂട്ടീവ് മെംബറും ദക്ഷിണ കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാനും അന്നസീം ദ്വൈവാരികയുടെ പത്രാധിപനുമായിരുന്നു. 

01-05-2009 ല്‍ കേരള സംസ്ഥാന ദാറുല്‍ ഖദാ ചെയര്‍മാനായി തെരെഞ്ഞെടുക്കപ്പെടുകയും 4 വര്‍ഷത്തോളം പ്രസ്തുത സ്ഥാനത്ത് തുടരുകയും ചെയ്തു. ചെയര്‍മാനായി തുടരുംബോള്‍ തന്നെ 2013 മാര്‍ച്ച് 28ന് കോഴിക്കോട് നടന്ന പ്രവര്‍ത്തക സമിതിയില്‍ ഇമാംസ് കൗണ്‍സില്‍ സ്റ്റേറ്റ് പ്രസിഡന്‍റായി തെരെഞ്ഞെടുക്കപ്പെടുകയും കഴിഞ്ഞ 6 വര്‍ഷമായി പ്രസ്തുത സ്ഥാനത്ത് തുടരുകയും ചെയ്യുന്നു.

ഔദ്യോഗിക ജീവിതം 
പഠനാനന്തരം ജന്മദേശമായ ഈരാറ്റുപേട്ടയിലെ നൂറുല്‍ ഇസ്ലാം അറബിക് കോളേജില്‍ തന്‍റെ 21-ാമത്തെ വയസ്സില്‍ അദ്ധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 3 വര്‍ഷം സേവനം ചെയ്ത ശേഷം കാഞ്ഞിരപ്പള്ളി ഹിദായത്തുല്‍ ഇസ്ലാം അറബിക് കോളേജില്‍ അദ്ധ്യാപകനായി ജോലി ചെയ്തു. പിന്നീട് തൊടുപുഴ കാരിക്കോട് മുനവ്വറുല്‍ ഇസ്ലാം അറബിക് കോളേജില്‍ 10 വര്‍ഷവും ശേഷം കാഞ്ഞിരപ്പള്ളി നൂറുല്‍ ഹുദാ അറബിക് കോളേജില്‍ 12 വര്‍ഷവും കായംകുളം ഹസനിയ്യ അറബിക് കോളേജില്‍ 12 വര്‍ഷവും അനന്തരം വര്‍ക്കല മന്നാനിയ്യ അറബിക് കോളേജില്‍ 2 വര്‍ഷവും ശേഷം കാഞ്ഞിരപ്പള്ളി ഹിദായത്തുല്‍ ഇസ്ലാം അറബിക് കോളേജില്‍ 2 വര്‍ഷവും പ്രിന്‍സിപ്പളായി സേവനം ചെയ്തു. നിലവില്‍ ഇദ്ദേഹം തന്നെ സ്ഥാപക ചെയര്‍മാനായ ഫൗസിയ കോളേജ് ഓഫ് ആര്‍ട്സ് ആന്‍റ് ഇസ്ലാമിക് സ്റ്റഡീസിന്‍റെ പ്രിന്‍സിപ്പളായി 28-01-2004 മുതല്‍ സേവനം ചെയ്തു വന്നു. 

ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ bukharihasani@gmail.com എന്ന മെയിലിലോ +91 9961955826 എന്ന വാട്സ്അപ്പ് നമ്പറിലോ അയച്ച് തരിക. 
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...