Monday, March 18, 2019

ഇസ് ലാമിക പണ്ഡിതരായ ബഹുമാനപ്പെട്ട ഉലമാക്കളെ, നിയമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വക്കീലന്മാരെ,


ഇസ് ലാമിക പണ്ഡിതരായ ബഹുമാനപ്പെട്ട ഉലമാക്കളെ, നിയമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വക്കീലന്മാരെ,

അസ്സലാമു അലൈകും വറഹ് മത്തുല്ലാഹ്... 
https://swahabainfo.blogspot.com/2019/03/blog-post_22.html?spref=tw 
സര്‍വ്വലോക പരിപാലകനായ അല്ലാഹു നമ്മെയും മുഴുവന്‍ ചരാചരങ്ങളെയും പടച്ചു. മനുഷ്യന്‍റെ ഉപകാര-ഉപദ്രവങ്ങളെയും നന്മ-തിന്മകളെയും കുറിച്ച് മനുഷ്യനേക്കാള്‍ അറിയുന്നത് അല്ലാഹുവാണ്. ഈ കാരണത്താല്‍ തന്നെ അല്ലാഹുവിന്‍റെ ഭാഗത്തുനിന്നും ജീവിത വ്യവസ്ഥിതിയായി നല്‍കിയ വിധി-വിലക്കുകള്‍ മുഴുവന്‍ മനുഷ്യര്‍ക്കും പ്രയോജനപ്രദവും മനുഷ്യ പ്രകൃതിക്ക് വളരെയധികം അനുയോജ്യവുമാണ്. അല്ലാഹു അറിയിക്കുന്നു: അറിയുക, സൃഷ്ടിക്കുന്നതും കല്‍പ്പിക്കുന്നതും അല്ലാഹു തന്നെ.(അഅ്റാഫ് 54). അതായത് അല്ലാഹുവാണ് എല്ലാവരെയും പടച്ചത്, ഈ ലോകത്ത് നടക്കേണ്ടതും അല്ലാഹുവിന്‍റെ വിധിവിലക്കുകള്‍ തന്നെയാണ്. അതെ, അല്ലാഹു നമുക്ക് സരളവും സുമ്പരവും സമ്പൂര്‍ണ്ണവുമായ ഒരു ശരീഅത്ത് (ജീവിത വ്യവസ്ഥിതി) കനിഞ്ഞരുളി. വിശുദ്ധ വിശ്വാസങ്ങള്‍, സുന്ദരമായ ആരാധനകള്‍ എന്നിവയോടൊപ്പം കുടുംബം -സാമൂഹ്യ ജീവിതം, സമ്പാദ്യ മാര്‍ഗ്ഗങ്ങള്‍, പരസ്പര ബന്ധങ്ങള്‍ മുതലായ കാര്യങ്ങളെക്കുറിച്ചും ശരീഅത്ത് വിശദമായ വിവരങ്ങള്‍ പകര്‍ന്നു നല്‍കി. ഇസ്ലാമിക ശരീഅത്തിലെ സുപ്രധാനമായ ഒരു ഭാഗമാണ് മുസ്ലിം പേഴ്സണല്‍ ലാ (വ്യക്തി നിയമങ്ങള്‍). വിവാഹം, വിവാഹ മോചനം, വസിയ്യത്ത്, അനന്തരവകാശം മുതലായ വ്യക്തി നിയമങ്ങളാണ് ഇതുകൊണ്ടുള്ള ഉദ്ദേശം. ഈ നിയമങ്ങളെല്ലാം വളരെയധികം തത്വങ്ങള്‍ നിറഞ്ഞതാണ്. ഈ
നിയമങ്ങള്‍ പരലോക രക്ഷ കൂടാതെ ഇഹലോകത്തും മനുഷ്യര്‍ക്ക് വലിയ പ്രയോജനങ്ങള്‍ പകരുന്നതാണ്. ഇമാം ഗസ്സാലി (റ) മുതല്‍ ഇന്ത്യയിലെ അഭിമാനമായ ശാഹ് വലിയുല്ലാഹി ദഹ്ലവി (റ), മൗലാനാ മുഹമ്മദ് ഖാസിം നാനൂത്തവി (റ) മുതലായ മഹത്തുക്കള്‍ ഈ വിഷയം വളരെ നല്ലനിലയില്‍ വിശദീകരിച്ചിട്ടുണ്ട്. കൂടാതെ, ഈ നിയമങ്ങളുടെ ഗുണഫലങ്ങള്‍ 1400 വര്‍ഷമായി ലോകം കാണുകയും കേള്‍ക്കുകയും അനുഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യുകയാണ്. എന്നാല്‍ അറിവില്ലായ്മ കൊണ്ടോ അന്ധത കാരണമായോ പലവിധ തെറ്റിദ്ധാരണകള്‍ ശരീഅത്തിന്‍റെ വിഷയത്തില്‍ പലരും പുലര്‍ത്തിക്കൊണ്ടിരിക്കുന്നു. അന്ധത മാറ്റാന്‍ നമുക്ക് കഴിവില്ല, ബാധ്യതയുമില്ല. പക്ഷേ, അറിവില്ലായ്മ ദൂരീകരിക്കാന്‍ കഴിവിന്‍റെ പരമാവധി പരിശ്രമിക്കല്‍ നമ്മുടെ ബാധ്യതയാണ്. ഇതിനുവേണ്ടി നീണ്ട കൂടിയാലോചനകള്‍ക്ക് ശേഷം ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ആരംഭിച്ചിരിക്കുന്ന ഒരു പ്രവര്‍ത്തനമാണ് തഫ്ഹീമെ ശരീഅത്ത്. (ശരീഅത്തിനെ മനസ്സിലാക്കുക). 
ഇസ്ലാമിക പണ്ഡിതരായ ഉലമാഇനെയും നിയമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വക്കീലന്മാരെയും കൂട്ടിയിരുത്തി ശരീഅത്തിന്‍റെ നിയമങ്ങളും തത്വങ്ങളും വിവരിച്ച് കൊടുക്കുകയും അതിന് അവരെ പ്രപ്തരാക്കുകയും പ്രേരിപ്പിക്കുകയും ചെയ്യലാണ് ഇതിന്‍റെ പ്രധാനപ്പെട്ട ഉദ്ദേശം. ആദരണീയ പണ്ഡിതര്‍ നിയമങ്ങള്‍ പറയാറുണ്ടെങ്കിലും പലപ്പോഴും തത്വങ്ങള്‍ വിശദീകരിക്കാറില്ല. ബഹുമാന്യ വക്കീലുമാര്‍ ഇസ്ലാമിക നിയമങ്ങള്‍ യഥാവിധി മനസ്സിലാക്കാത്തതിനാല്‍ പല പ്രശ്നങ്ങളും സംഭവിക്കുകയും ചെയ്യുന്നു. പരിശുദ്ധ ഖുര്‍ആന്‍ വളരെ വ്യക്തമായി അറിയിച്ചിട്ടുള്ള നിമയമമായ ഇസ്ലാമിലെ അനന്തരവകാശ നിയമം സമത്വത്തിന് എതിരായതിനാല്‍ ഭേദഗതി ചെയ്യണം എന്ന വാദം ഉയര്‍ന്നത് കേരളത്തില്‍ നിന്നുമാണ്. എന്നാല്‍ തഫ്ഹീമെ ശരീഅത്ത് കണ്‍വീനറും ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡിന്‍റെ സെക്രട്ടറിയും വക്താവുമായ മൗലാനാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനി ഇതിനെ വിശദീകരിച്ചുകൊണ്ട് നടത്തിയ പ്രഭാഷണം ഗ്രന്ഥ രൂപത്തില്‍ മലയാളത്തിലും ഇറങ്ങിയിട്ടുണ്ട്. അത് വായിച്ച പല വക്കീലന്മാരും ഇസ്ലാം സ്ത്രീകള്‍ക്ക് നല്‍കിയ സാമ്പത്തിക അവകാശങ്ങള്‍ അത്ഭുതകരമാണെന്ന് പ്രസ്താവിക്കുകയുണ്ടായി. ഇന്നത്തെ സാഹചര്യത്തില്‍ ഇതിന്‍റെ ആവശ്യകത വളരെ കൂടുതലാണ്. സോഷ്യല്‍ മീഡിയ വ്യാപകമായതിനാല്‍ ജനങ്ങളുടെ മനസ്സുകളില്‍ പലവിധ സംശയങ്ങള്‍ ഉടലെടുക്കുകയും പലരും ചിന്താപരമായി ഇസ്ലാമിക ശരീഅത്തിനെ തെറ്റിദ്ധരിക്കുകയും വെറുക്കുകയും ചെയ്യുന്നത് വളരെയധികം ചിന്തനീയമായ കാര്യമാണ്. ഇതിന്‍റെ ലളിതമായ പരിഹാരമാണ് ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡിന്‍റെ തഫ്ഹീമെ ശരീഅത്ത് ശില്‍പ്പശാലകള്‍. അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഇതിന്‍റെ പല ശില്‍പ്പശാലകള്‍ നടന്നുകഴിഞ്ഞു. ഇതില്‍ നിരവധി പണ്ഡിതരെ കൂടാതെ നിയമ വിദഗ്ദ്ധരും ബുദ്ധി ജീവികളും പത്ര പ്രവര്‍ത്തകരും പങ്കെടുക്കുകയും ഇത് അവര്‍ക്ക് വളരെയധികം പ്രയോജനപ്പെട്ടുവെന്ന് അറിയിക്കുകയും ചെയ്തു. മാത്രമല്ല, പല മഹത്തുക്കളും ഇത് ഒരു പ്രവര്‍ത്തനമായി സ്വീകരിച്ച് അവരുടെ പ്രദേശങ്ങളില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുകയും അവര്‍ തന്നെ കൂടുതല്‍ നല്ല നിലയില്‍ കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തു എന്നറിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ട്. ഈ പരിപാടിയില്‍ ശ്രദ്ധയോടെ പങ്കെടുത്ത ഹൈദരാബാദിലെ ഒരു വനിത ഡോ. ഖുദ്ദൂസാ സുല്‍ത്താന സാഹിബ, അല്ലാമാ റഹ്മാനിയുടെ ഈ ക്ലാസുകള്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തി ധാരാളമായി വിതരണം ചെയ്തു. കൂടാതെ, ഇസ്ലാമിലെ അനന്തരവകാശ നിയമങ്ങളെക്കുറിച്ച് ഇംഗ്ലീഷില്‍ രചന തന്നെ തയ്യാറാക്കുകയുമുണ്ടായി. 
രണ്ട് വര്‍ഷം മുമ്പ് ദക്ഷിണേന്ത്യയിലെ പ്രധാന സ്ഥാപനമായ ബാംഗ്ലൂര്‍ സബീലുര്‍റഷാദില്‍ കൂടിയ തഫ്ഹീമെ ശരീഅത്ത് ശില്‍പ്പശാലയില്‍ കേരളത്തില്‍ നിന്നും ധാരാളം പണ്ഡിതര്‍ പങ്കെടുത്തു. അതില്‍ കേരള സംഘത്തെ നയിച്ചിരുന്ന മൗലാനാ അബ്ദുല്‍ കരീം ഖാസിമി മര്‍ഹൂം കേരളത്തില്‍ ഇതുപോലൊരു പരിപാടി ആവശ്യമാണെന്നും കേരളത്തിലെ പണ്ഡിതരും പ്രഭാഷകരും നിയമ വിദഗ്ദ്ധരും ഇത് കൂടുതല്‍ ഭംഗിയായി നടത്തുന്നതാണെന്നും അറിയിക്കുകയും ഞങ്ങളെ കേരളത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. അങ്ങനെ കഴിഞ്ഞ കൂടിയാലോചനാ യോഗത്തില്‍ ഈ വരുന്ന 2019 മാര്‍ച്ച് 20, 21 (ബുധന്‍-വ്യാഴം) തീയതികളില്‍ കേരളത്തില്‍ ഒരു ശില്‍പ്പശാല നടത്താന്‍ തീരുമാനിക്കപ്പെട്ടു. തുടര്‍ന്ന് അതിന്‍റെ കാര്യങ്ങള്‍ അന്വേഷിക്കുന്നതിനും ക്രമീകരിക്കുന്നതിനും തഫ്ഹീമെ ശരീഅത്ത് കോഡിനേറ്റര്‍ കൂടിയായ വിനീതന്‍ കേരളത്തിലേക്ക് വന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ആള്‍ ഇന്ത്യാ ഫിഖ്ഹ് അക്കാദമിയുടെ അഖിലേന്ത്യാ സെമിനാറിന് വളരെ നല്ലനിലയില്‍ ആതിഥേയത്വം നിര്‍വ്വഹിച്ച ദക്ഷിണ കേരളത്തിലെ ആലപ്പുഴ-കൊല്ലം ജില്ലകളുടെ സംഗമ സ്ഥാനമായ ഓച്ചിറയില്‍ സ്ഥിതി ചെയ്യുന്ന ദാറുല്‍ ഉലൂം ഇസ്ലാമിയ്യയില്‍ വെച്ച് തഫ്ഹീമെ ശരീഅത്ത് ദ്വിദിന ശില്‍പ്പശാല നടത്താന്‍ തീരുമാനിച്ചു. ഇന്‍ഷാ അല്ലാഹ് മാര്‍ച്ച് മാസം 20, 21 തീയതികളില്‍ (ബുധന്‍, വ്യാഴം) ഇത് നടക്കുന്നതാണ്. 
കേരളത്തിലെ പ്രമുഖ പണ്ഡിത വ്യക്തിത്വങ്ങളുടെ മേല്‍ നോട്ടത്തില്‍ നടക്കുന്ന ഈ ശില്‍പ്പശാലയില്‍ അന്താരാഷ്ട്ര ഇസ്ലാമിക പണ്ഡിതനും ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് സെക്രട്ടറിയുമായ അല്ലാമാ ഖാലിദ് സൈഫുല്ലാഹ് റഹ് മാനിയും, സുപ്രീം കോര്‍ട്ട് ഓണ്‍ റിക്കാര്‍ഡ് അഡ്വക്കേറ്റും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ആര്‍ബിട്രേഷന്‍ ന്യൂഡല്‍ഹി മെമ്പറും പേഴ്സണല്‍ ലാ ബോര്‍ഡിന്‍റെ ലീഗല്‍ സെല്‍ അംഗവുമായ അഡ്വ. ശംഷാദ് സാഹിബും വിവിധ വിഷയങ്ങളെ അധികരിച്ച് ക്ലാസ്സുകള്‍ നയിക്കുന്നതാണ്. 
ഇസ്ലാമിക വിജ്ഞാനത്തിന്‍റെ സുപ്രധാനമായ സന്ദേശങ്ങള്‍ കൈമാറുന്ന ഈ ശില്‍പ്പശാല, വിജ്ഞാന സ്നേഹികളും സേവകരുമായ സഹോദരങ്ങള്‍ സ്നേഹാദരങ്ങളോടെ സ്വീകരിച്ച് വിജയിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അല്ലാഹു ഈ പ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കുകയും സ്വീകരിക്കുകയും ചെയ്യട്ടെ.! നന്മയുടെ പരിശ്രമങ്ങള്‍ ചെയ്യേണ്ടതുപോലെ ചെയ്യുകയാണെങ്കില്‍ തീര്‍ച്ചയായും സദ്ഫലങ്ങള്‍ ഉളവാകുന്നതാണ്. എന്നാല്‍ ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കാതിരുന്നാല്‍ അവസ്ഥകള്‍ വളരെ മോശമാകുന്നതാണ്. ആകയാല്‍ എല്ലാ സഹോദരീ സഹോദരന്മാരും ഈ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. പണ്ഡിതരും പ്രഭാഷകരും നിയമ വിദഗ്ദ്ധരുമായ മഹത്തുക്കള്‍ രണ്ട് ദിവസം പൂര്‍ണ്ണമായി ഒഴിവാക്കി ഈ പരിപാടികളില്‍ ആദ്യന്തം പങ്കെടുക്കുകയും ഈ പ്രവര്‍ത്തനത്തെ ഒരു പ്രധാന കര്‍മ്മമായി സ്വീകരിക്കുകയും ചെയ്യണമെന്ന് അപേക്ഷിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ.! 
ഇരുപതാം തീയതി രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ഈ ക്ലാസ്, ഇരുപത്തി ഒന്നാം തീയതി മദ്ധ്യാഹ്നത്തോടെ അവസാനിക്കുന്നതാണ്. തുടര്‍ന്ന് നടക്കുന്ന സമാപന പരിപാടിയില്‍ ബോര്‍ഡിന്‍റെ ഭാഗത്ത് നിന്നും സര്‍ട്ടിഫിക്കറ്റും നല്‍കപ്പെടുന്നതാണ്. 
താങ്കള്‍ ഈ പരിപാടിയില്‍ ആദ്യന്തം പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. താമസ സൗകര്യവും ആഹാര കാര്യങ്ങളും സജ്ജീകരിക്കുന്നതിന് വേണ്ടി താങ്കളുടെ സമ്മതവും യാത്ര വിവരവും താഴെ കൊടുക്കുന്ന ഏതെങ്കിലും നമ്പറില്‍ അറിയിക്കണമെന്ന് താത്പര്യപ്പെടുന്നു. 
മുഹമ്മദ് അജ്മല്‍ മൗലവി നദ് വി +91 9544828178 
മുഹമ്മദ് സല്‍മാന്‍ മൗലവി ഖാസിമി +91 8891524642
ഈ പരിപാടിയില്‍ പ്രഭാഷകരും എഴുത്തുകാരുമായ പണ്ഡിതരും അഡ്വക്കേറ്റുമാരുമാണ് പ്രധാനമായും പങ്കെടുക്കേണ്ടത്. ആകയാല്‍ മറ്റാരെയെങ്കിലും ഞങ്ങള്‍ ക്ഷണിക്കണമെങ്കില്‍ മുകളില്‍ കൊടുത്ത നമ്പരില്‍ എസ്.എം.എസ് അയയ്ക്കണമെന്ന് അപേക്ഷിക്കുന്നു. 
-മൗലാനാ തബ് രേസ് ആലം ഖാസിമി
(തഫ്ഹീമെ ശരീഅത്ത്, അഖിലേന്ത്യാ കോഡിനേറ്റര്‍) 
ബഹുമാന്യ ഉലമാഇനും നിയമജ്ഞര്‍ക്കും ഈ സന്ദേശം എത്തിച്ച് കൊടുക്കൂ...

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...