Saturday, March 9, 2019

ശൈഖുനാ ഇല്ലാത്ത ദിവസം.! - ഹാഷിര്‍ മൗലവി നദ് വി


ശൈഖുനാ ഇല്ലാത്ത ദിവസം.! 
- ഹാഷിര്‍ മൗലവി നദ് വി 
https://swahabainfo.blogspot.com/2019/03/blog-post_8.html?spref=tw 

മാർച്ച് 6 ബുധൻ, 
ജീവിതത്തിലെ വലിയ നഷ്ടബോധത്തോടെ ഉണർന്നു. മനസിൽ തലേ ദിവസത്തെ ഇതേ സമയത്ത് ഉസ്താദ് ഉനൈസ് ഖാസിമിയുടെ ഫോൺ വിളി ഒരു വെള്ളിടി പോലെ പതിച്ചു. "വാപ്പിച്ചിക്ക് അനക്കമില്ല. Dr. നസീർ വന്നു നോക്കിയിട്ട് പ്രശ്നമാണെന്ന് പറയുന്നു. രക്ഷപെടാനുള്ള സാധ്യത കുറവാണ്, അഞ്ച് ശതമാനം മാത്രമേ സാധ്യതയുള്ളൂ. ഇപ്പോൾ PMC ഹോസ്പിറ്റലിൽ ഉണ്ട്." പുലർക്കാല ഫോൺ സംഭാഷണങ്ങൾ ദുരന്ത വാർത്തകളാകാറാണ് പതിവ്. എന്‍റെ ഭാവമാറ്റം കണ്ട് വീട്ടുകാരി വിവരം തിരക്കി.
ഒറ്റവാക്കിൽ വിവരം പറഞ്ഞപ്പോൾ "മൂത്താപ്പയ്ക്കെന്തു പറ്റിയെന്ന്" ഒരു ആര്‍ത്തനാദം. (എനിക്ക് മാമയും അവർക്ക് മൂത്താപ്പയുമാണ് ബഹു. ശൈഖുനാ)
ഉമ്മയോട് പെട്ടെന്ന് വിവരം പറയുമ്പോൾ നഷ്ടബോധം തികട്ടി വന്നു. തിങ്കളാഴ്ച അസറിന് പള്ളിയിലേക്കിറങ്ങുമ്പോൾ ഉമ്മ പറഞ്ഞതാണ് "ഞാനും നിന്‍റെ കൂടെ മാമായുടെ വീട്ടിലേക്ക് വരുന്നുവെന്ന് ". അപ്പോൾ ഞാൻ തടഞ്ഞു " ഉമ്മാ, നാളെ പോയോൽ പോരെ, ഇപ്പോ സമയം കുറവാണല്ലോ?
(ശൈഖുനായും ഉമ്മയും തമ്മിലുള്ള ആത്മബന്ധം ശരിക്കും മനസ്സിലാക്കിയതുകൊണ്ടാണ് ഞാനത് പറഞ്ഞത്. ഇരുവരുടെയും ഉമ്മ (മർഹൂമ ഫരീദ ഉമ്മ) മരണപ്പെടുമ്പോൾ ഉസ്താദിന്‍റെ പ്രായം ആറും ഉമ്മയുടേത് മൂന്നും. അന്നു മുതൽ താങ്ങും തണലുമായ ജീവിതമാണ് ഇരുവരുടേതും. ഉംറക്ക് പോകുന്നതിന് മുമ്പ് നടന്ന കൂടിക്കാഴ്ചയിൽ മണിക്കൂറുകളോളം ഇരുവരും ബാല്യകാല ദു:ഖം അയവിറക്കിയതേയുള്ളൂ. ഉമ്മാ എന്ന് മറ്റുള്ളവർ വിളിക്കുന്നതു കേട്ടാൽ കരയുന്നതാണ് അന്ന് ശൈഖുനാ യുടെ പ്രകൃതം. അതിനാൽ ഉമ്മ, മാമയെ സന്ദർശിക്കാനായി പോയാൽ കുറഞ്ഞ നേരം ഇരിക്കുന്നതിഷ്ടമല്ലാത്തതുകൊണ്ടാണ് ചൊവ്വാഴ്ച രാവിലെ കൊണ്ടുചെന്നാക്കാമെന്ന് ഞാൻ പറഞ്ഞത്. പക്ഷേ അത് ജനാസ കാണാനായിരിക്കുമെന്ന് അപ്പോൾ ഓർക്കുന്നില്ല.
وفوق تدبيرنا لله تقدير

  2012 ൽ ശൈഖുനായുടെ ഒപ്പം ഉംറക്ക് പോയ, മാമയുമായി വളരെ ആത്മബന്ധം പുലർത്തുന്ന എന്‍റെ ജ്യേഷ്ഠസഹോദരൻ, തൊട്ടടുത്തു താമസിക്കുന്ന ബഷീർ ഇക്കയെ വാതിൽ മുട്ടി വിവരമറിയിച്ച് വേഗതയിൽ PMC ആശുപത്രിയിലേക്ക് പോവുകയാണ്. ഏതാനും മിനിറ്റുകൾക്ക് മണിക്കൂറുകളുടെ ദൈർഘ്യം.! 
     വണ്ടി ഒതുക്കി ഹോസ്പിറ്റലിൽ എത്തുമ്പോൾ ദുരെ നിന്നേ Dr. നസീർ  സാറിനെയും ഫൗസിയ ട്രസ്റ്റിയും ദീനീ സ്നേഹിയുമായ മോതീൻ കുന്നേൽ റഷീദ് കാക്കയെയും കാണാം. അടുത്തുചെന്നതും റഷീദ് കാക്കയുടെ പതിഞ്ഞ ശബ്ദം ഇടിത്തീ പോലെ മനസിൽ പതിഞ്ഞു "ഉസ്താദ് മരിച്ചു".  ഇന്നാലില്ലാഹ്...
   എന്തു പറയണമെന്നറിയാതെ പകച്ചു പോയി. സ്ട്രെക്ചറിൽ മൂടിപ്പുതച്ച് ജനാസ..
കണ്ടാൽ മയങ്ങിക്കിടക്കുകയാണെന്നേ തോന്നൂ.
ന്‍റെ ചിന്തകൾ ദൂതകാലത്തേക്ക് ഊളിയിട്ടു.
ചെറുപ്പകാലത്ത് കാഞ്ഞിരപ്പള്ളിയിലും കായംകുളത്തുമൊക്കെ വലിയ ഉസ്താദുമാരെ ഓതിക്കുന്ന വലിയ മാമ. ദൂരെ നിന്ന് കാണുമ്പോൾ തന്നെ ഭയം നിറഞ്ഞ ബഹുമാനമാണ്. അടുത്തേക്ക് പോകാൻ തന്നെ ഭയവും. ഇത്തമാരോടൊക്കെ വളരെ അടുത്തു നിന്ന് സംസാരിക്കുമ്പോൾ അൽപം അകന്നു നിന്നേ സംസാരിച്ചിട്ടുള്ളൂ. 
     എന്നെ ഇൽമീ രംഗത്തേക്ക് അയയ്ക്കുന്നതുമായി ബന്ധപ്പെട്ട് വാപ്പ സംസാരിച്ചപ്പോൾ അവൻ പത്താം ക്ലാസ് കഴിയട്ടെ എന്നു പറഞ്ഞു. 1992'ൽ SSLC പരീക്ഷയും കഴിഞ്ഞ് മാതൃസഹോദരീ പുത്രൻ അബ്ദുറഹ് മാന്‍ മൗലവിയ്ക്കും സീനിയറായ സവാദ് മൗലവിക്കുമൊപ്പം കായംകുളം, ഹസനിയ്യയുടെ അനുഗ്രഹീത മണ്ണിൽ കാലുകുത്തിയ രംഗം. അറബീ ഭാഷയിൽ ഗ്രാഹ്യം ലഭിക്കാൻ എനിക്കു വേണ്ടി ചെലവഴിച്ച സമയങ്ങൾ മറ്റൊരാൾക്ക് വേണ്ടി ശൈഖുനാ ഒരിക്കലും ചെലവഴിച്ചിട്ടുണ്ടാകുമോ എന്ന് ഇന്നും സംശയം.! 
മന്നാനിയ്യയിൽ, കൊച്ചാലുംമൂടിൽ നീണ്ട എട്ടു വർഷങ്ങൾ.! 
     മറ്റു പണ്ഡിതന്മാര്‍ ലക്നൗ ദാറുൽ ഉലൂമിനെ ബിദഈ സ്ഥാപനമായി കണ്ടപ്പോൾ, ധൈര്യസമേതം ശിഷ്യരെ അവിടേക്ക് പറഞ്ഞയച്ച ലോകത്തോളം വളർന്ന മനസ്.! 
   നദ് വയിൽ നിന്ന് 2001'ൽ തിരികെ വന്ന് ഇനിയെന്ത്.?എന്നു ചിന്തിച്ചപ്പോൾ സ്വന്തം സ്ഥാപനത്തിൽ തന്നെ അവസരം തന്ന വിശാലമനസ്കത.! 
     2004'ൽ ഫൗസിയായിലേക്ക് വന്നപ്പോൾ മുതല്‍ ഒരു സഹപ്രവർത്തകനെന്ന അംഗീകാരമാണ് വിട പറയുന്നതിന്‍റെ തലേന്ന് വരെ ഉസ്താദ് നൽകിയത്.! ഏതാവശ്യത്തിന് മുന്നിൽ ചെന്നാലും ഒപ്പം ഇരിക്കണമെന്ന നിർബന്ധബുദ്ധി. നിർണായക ഘട്ടങ്ങളിൽ അഭിപ്രായം തേടി ചെന്നാൽ ഏറ്റവും പോസിറ്റീവായ നിർദേശങ്ങൾ ആത്മാർത്ഥമായി പറഞ്ഞു തരുന്ന ഉപദേശകൻ.! 
ദീനീ വിഷയത്തിൽ അംഗീകൃതമായ ഒരു തെളിവുകണ്ടാൽ തീരെ ചെറിയ വ്യക്തി പറഞ്ഞാൽ പോലും ഉൾക്കൊള്ളുവാനും തിരുത്തുവാനുമുള്ള ആ മനസ് ആരിലാണ് കാണാനാവുക.! 
ആ വീട്ടിലേക്കൊന്നു കടന്നു ചെന്നാൽ കട്ടൻ ചായയെങ്കിലും കുടിപ്പിക്കാതെ വിടാത്ത നിശ്ചയ ദാർഢ്യം. ആ തീൻമേശയിൽ നിന്ന് രുചികരമായ വിഭവങ്ങൾ ഭക്ഷിക്കാത്ത ഒരു പണ്ഡിതനോ ദീനീ പ്രവർത്തകനോ കാണുമോ ഈ തെക്കൻ കേരളത്തിൽ.?
     പ്രസംഗത്തിലും മറ്റും വന്നു പോകുന്ന പിശകുകളെ ചൂണ്ടിക്കാണിക്കുന്നതു പോലെ നല്ല ഭാഗങ്ങളെ പ്രശംസിക്കാനും മടി കാണിച്ചില്ല. ഒരു ചെറിയ പെരുന്നാൾ ദിനം, പതിവുപോലെ സുബ്ഹിക്ക് ശേഷമുള്ള തഅ് ലീമിൽ ഉസ്താദ് അബ്ദുശ്ശക്കൂർ ഖാസിമി പ്രസിദ്ധീകരിച്ച 'നബവീ നിമിഷങ്ങൾ' എന്ന ഗ്രന്ഥത്തിലെ നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ പെരുന്നാളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് വായിച്ചത്. ഉസ്താദിന് അത് വല്ലാതെ ഇഷ്ടപ്പെട്ടു. വീട്ടിലെത്തിയ എന്നെ ഫോണിൽ വിളിച്ച് വളരെ അഭിനന്ദിച്ചു. അത് എങ്ങനെ ലഭിച്ചുവെന്നും എനിക്ക് അതിന്‍റെ കോപ്പി വേണമെന്നും ഉസ്താദവർകൾ പറഞ്ഞു.
      ഉസ്താദ് തളരണമായിരുന്നുവെങ്കിൽ തളരേണ്ടത് 2010 കാലഘട്ടത്തിലായിരുന്നു. ഈദുഗാഹുമായി ബന്ധപ്പെട്ട് ഉസ്താദിന്‍റെ സുചിന്തിതമായ എക്കാലത്തെയും നിലപാട് സ്വന്തം സ്ഥാപനത്തിൽ നടപ്പാക്കിയപ്പോൾ അന്നുവരെ ഒന്നിച്ച് ഉണ്ടും ഉറങ്ങിയും കഴിഞ്ഞവർ ഒന്നായി ഉസ്താദിന്‍റെ ജന്മനാട്ടിൽ വന്ന് പ്രമുഖ പള്ളിയിൽ നാട്ടുകാരെ വിളിച്ചു കൂട്ടി ഈസാ മൗലവി പിഴച്ചയാളാണ്, ഒട്ടകപക്ഷിയാണ്, നിർത്തിയില്ല, മുർത്തദ്ദായ ചേകന്നൂരിന്‍റെ ഗതി (മആദല്ലാഹ്) വരുമെന്ന് ജന്മനാട്ടിൽ ആക്ഷേപിച്ചപ്പോൾ ഉസ്താദിന്‍റെ മനസ്സ് വല്ലാതെ വേദനിച്ചു. പക്ഷേ ആ ആക്ഷേപഘട്ടത്തിലും ഒരാളെയും ശപിച്ചില്ല. 
   കൂടെയുള്ള അഭ്യുദയകാംക്ഷികള്‍ അന്നത്തേതുപോലെ വിഷമിച്ച സമയമില്ല.
   പക്ഷേ, അവിടെയും ഉസ്താദിന്‍റെ കണക്കു കൂട്ടൽ തെറ്റിയില്ല. അന്ന് പുറത്താക്കിയവർ പിന്നീട് സംഘടനയിലേക്ക് തിരിച്ചുവിളിക്കാൻ നടന്ന് ചെരുപ്പ് തേഞ്ഞതല്ലാതെ ഉസ്താദ് കുലുങ്ങിയില്ല. ഉസ്താദിന്‍റെ മനസിന്‍റെ ഉറപ്പും ബലവും ഇത്രമാത്രം ബോധ്യപ്പെട്ട സന്ദർഭം മറ്റൊന്നില്ല. (അവസാനം, കാലം അവർക്കു വെച്ച മറുപടിയായിരുന്നു അനുശോചന പ്രഭാഷണം.)
  ബുഖാരി ശരീഫിന്‍റെ പാഠത്തിൽ മദീന മുനവ്വറയുമായി ബന്ധപ്പെട്ട സബഖ് നടക്കുമ്പോൾ പ്രവാചകാനുരാഗത്താൽ കണ്ണീരും തേങ്ങലുമല്ലാതെ മറ്റൊന്നും കേൾക്കാനാകില്ല. അവസാനം ഉംറയും നിർവ്വഹിച്ച് പ്രവാചക നഗരിയിൽ കഴിച്ചുകൂട്ടി തിരികെ വന്നിട്ടും തഫ്സീറിന്‍റെ പാഠത്തിൽ ഞാൻ ഭാഗ്യം കെട്ടവനായല്ലോ.? എനിക്ക് ജന്നത്തുൽ ബഖീഇൽ ഖബറടങ്ങാൻ കഴിഞ്ഞില്ലല്ലോ.? എന്ന് പറഞ്ഞ ഉസ്താദിന്‍റെ പ്രവാചക സ്നേഹം ആർക്കാണ് വർണ്ണിക്കാനാവുക.? 
    ഉംറയും സിയാറത്തും നൽകിയ പ്രസരിപ്പ് അവർണ്ണനീയമായിരുന്നു. സംസാരത്തിലും പെരുമാറ്റത്തിലും അത് ദൃശ്യമായിരുന്നു. തിങ്കളാഴ്ച എല്ലാവരെയും വിളിച്ച് വേതനവും നൽകി. മൂന്നു ദിവസം വൈകിയതിൽ പലരോടും ക്ഷമാപണം നടത്തി. ക്ഷേമാന്വേഷണങ്ങൾക്കൊപ്പം വീട്ടു വിവരങ്ങളും തിരക്കി. സംസാരത്തിൽ പലപ്പോഴും മരണം കടന്നു വന്നെങ്കിലും ആരും അത് കാര്യമാക്കിയില്ല.
പുലരിയോടടുത്ത സമയത്ത് തൽബിയത്തും തഹ് ലീലും ഉരുവിട്ട് ആ പരിശുദ്ധാത്മാവ് വിടപറയുമ്പോൾ ഇരുപത്തിയൊന്നാം വയസ്സിൽ തുടങ്ങിയ അധ്യാപന ദൗത്യം എൺപത്തിയൊന്നിലവസാനിക്കുന്ന ആറു പതിറ്റാണ്ടിന്‍റെ നീണ്ട കാലത്തിന് തിരശീല വീഴുകയായി.. ഇന്നാലില്ലാഹ്... 
 ചിന്തയിൽ നിന്നുണരുമ്പോൾ മിന്നത്തുൽ കരീം മൻസിലിന്‍റെ സ്വീകരണമുറിയിൽ വെള്ളപുതപ്പിച്ച ജനാസ ശാന്തമായുറങ്ങുന്ന പുഞ്ചിരിക്കുന്ന മുഖവുമായി കിടത്തപ്പെട്ടിരുന്നു. ജനങ്ങൾ നാലുഭാഗത്തു നിന്നുമൊഴുകിയെത്തുന്നു. അത് നിലക്കാത്ത പ്രവാഹമായി... പതിനായിരത്തോളം... വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പിതാവ് മൊയ്തീൻ കുട്ടി ഹാജി ഈരാറ്റുപേട്ടയിൽ, തുടക്കമിട്ട ഈ പരമ്പരയിലെ പുത്രൻ മുഹ് യുദ്ദീന്‍ കുട്ടി ഹാജിയുടെയും മകൻ അലിയാർ മൗലവിയുടെയും പുത്രനായ ആ മഹാപുരുഷന്‍റെ ജനാസ, അസ്തമയ സൂര്യനെ സാക്ഷിയാക്കി പുത്തൻപള്ളി ഖബർസ്ഥാൻ ഏറ്റു വാങ്ങുമ്പോൾ മനസ് പതറി, കണ്ണുകൾ ഈറനണിഞ്ഞു. 
സുബ്ഹി നമസ്കാരശേഷം ഫൗസിയ്യയിലെത്തി പഴയ കെട്ടിടത്തിന്‍റെ ഓഫീസ് മുറിയിലേക്ക് പാളി നോക്കി. ഇല്ല, ഇനിയും ശൈഖുനാ വന്നിട്ടില്ല. ജനലിന്‍റെ അഴികളിൽ കുടയില്ല. റൂമിൽ പ്രകാശമില്ല. മുന്നോട്ടു നോക്കുമ്പോൾ സിൽവർ ബ്ലു നിറമുള്ള ഇന്നോവ കാർ ഗ്രൗണ്ടിന്‍റെ ഓരത്ത് അനാഥമായി കിടക്കുന്നു. വീണ്ടും ആ നഷ്ടബോധം മനസിലേക്ക് ഇരച്ചുകയറി. 
തഫ്സീർ പാoത്തിന് പോകുന്ന വിദ്യാർത്ഥികൾ ഒരു ചോദ്യചിഹ്നം പോലെ അവിവിടെ നിൽക്കുന്നു. ഫൗസിയ്യാ മദ്റസയിൽ എല്ലാം നഷ്ടപ്പെട്ട പ്രതീതി. ഇന്നലെ വരെ, കൽപിക്കാൻ, നിർദ്ദേശിക്കാൻ, ഉപദേശിക്കാൻ, തീർപ്പ് കൽപ്പിക്കാൻ ഒരു നാഥൻ ഉണ്ടായിരുന്നു.. ഇന്ന്, കണ്ണില്‍ ഇരുട്ടു പരന്നു.
അതെ, പിതാവിനെപ്പോലെ ഉപദേശം തരാൻ...
ഉസ്താദായി പഠിപ്പിച്ചുതരാൻ....
കാര്യകർത്താവായി മുന്നിൽ നിൽക്കാൻ
നേതാവിനെപ്പോലെ നയിക്കാൻ ..
അനിശ്ചിതാവസ്ഥയിൽ വഴി തെളിച്ചു തരാൻ
ഇന്നലെ വരെ ശൈഖുനാ ഉണ്ടായിരുന്നു.
ഇനിയാര്.? 

ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ 
bukharihasani@gmail.com എന്ന മെയിലിലോ 
+91 9961955826 എന്ന വാട്സ്അപ്പ് നമ്പറിലോ അയച്ച് തരിക. 
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...