Sunday, March 3, 2019

ദാഇയെ കബീര്‍ മൗലാനാ മുഹമ്മദ് ഇല്‍യാസ് കാന്ദലവി (റഹ്) - മമ്മൂട്ടി അഞ്ചുകുന്ന്



ദാഇയെ കബീര്‍ 
മൗലാനാ മുഹമ്മദ് ഇല്‍യാസ് കാന്ദലവി (റഹ്) 

- മമ്മൂട്ടി അഞ്ചുകുന്ന്
https://swahabainfo.blogspot.com/2019/03/blog-post_3.html?spref=tw 


കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ ഇസ് ലാമിക സംഘമായി പരിണമിച്ച ജമാഅത്തെ തബ് ലീഗ് ഇസ് ലാമിക ചരിത്രത്തിലെ വലിയൊരു അധ്യായമാണ്. കൃത്യമായ ചിട്ടവട്ടങ്ങളോടെ  പ്രബോധന സംഘങ്ങളായി ലോകമാകെ യാത്ര ചെയ്യുന്ന തബ് ലീഗ് ഇന്ന് ഒരു ആഗോള ഇസ് ലാമിക പ്രസ്ഥാനമാണ്. അതിന്റെ ബാനി മൗലാന മുഹമ്മദ് ഇല്‍യാസ് അഖ്തർ കാന്ദലവി (റഹ്) ഇന്ത്യയുടെ ഇസ് ലാമിക ചരിത്രത്തിലെ പ്രോജ്വല വ്യക്തിത്വങ്ങളിൽ ഉൾപ്പെടുന്നു.

ഏറെ മത നിഷ്ഠയും പാരമ്പര്യവുമുള്ള കുടുംബത്തിലാണ് മുഹമ്മദ് ഇല്‍യാസ് ഭൂജാതനാവുന്നത്. ഹസ്രത്ത് അബൂബക്കർ സിദ്ദിഖ് (റ) സന്താന പരമ്പരയിലാണ് ഇദ്ദേഹത്തിന്റെ ജനനം. സൂഫി വര്യനായ പിതാവ് മുഹമ്മദ് ഇസ്മായിൽ വലിയ പണ്ഡിതനും സാത്വികനുമായിരുന്നു. മാതാവ് സഫിയയുടെ ചിട്ടകളെ പറ്റി മൗലാന സയ്യിദ് അബുൽ ഹസൻ  അലി നദ്‌വി കുറിക്കുന്നു " ഖുർആനിൽ അസാമാന്യ പ്രാവീണ്യമുള്ള ഹാഫിസ് ആയിരുന്നു മൗലാന ഇല്യാസിന്റെ മാതാവ് ബീസഫിയ്യ, വിശുദ്ധ റമദാനിൽ ദിവസവും ഒരു ഖത്തത്തിൽ അധികം അവർ പാരായണം ചെയ്തിരുന്നു, വീട്ടു ജോലികൾ ചെയ്യുമ്പോഴും അവരുടെ ചുണ്ടിൽ ഖുർആൻ ആയിരുന്നു, ഇങ്ങനെ ഓരോ റമദാനിലും മഹതി 40 ഖതം തീർക്കുമായിരുന്നു. സാധാരണ ദിവസങ്ങളിൽ മഹതിയുടെ പതിവുകൾ ഇവയായിരുന്നു " അയ്യായിരം സ്വലാത്ത്, അഞ്ഞൂറ് ഇസ്തിഗ്ഫാർ, ഖുർആന്റെ ഏഴിലൊന്ന് ഭാഗം (മൻസിൽ) " .

ഈ അനുഗ്രഹീത ദമ്പതികളുടെ പുത്രനായി 1885 ലാണ് മുഹമ്മദ് ഇല്യാസ് അഖ്തർ ജനിക്കുന്നത്.  ഖുർആൻ ഹിഫ്‌സ് ചെയ്യൽ ആ കുടുംബത്തിലെ പതിവായിരുന്നതിനാൽ ചെറുപ്പത്തിൽ തന്നെ അദ്ദേഹവും ഹാഫിസായി. തന്റെ സഹോദരനൊപ്പം ഗംഗോഹ് പ്രദേശത്തേക്ക് പോവുകയും സഹോദരനിൽ നിന്ന് പ്രാഥമിക മത പഠനം നടത്തുകയും ചെയ്തു. സ്വാലിഹീങ്ങളുടെ ഗ്രാമമായ ഗംഗോഹിൽ അന്ന് ജീവിച്ചിരുന്ന മൗലാന റഷീദ് അഹമ്മദ് ഗംഗോഹി (റഹ്) എന്നവരിൽ നിന്നുള്ള സഹവാസവും ലഭിച്ചു. ഒരു പതിറ്റാണ്ടോളം ഗംഗോഹിൽ താമസിച്ചു പഠിക്കുകയും  ഇക്കാലയളവിൽ അല്ലാമാ റശീദ് അഹമ്മദു (റഹ്) മായി ബൈഅത്ത് ചെയ്യുകയും ചെയ്തു. 

മെലിഞ്ഞ ശരീര പ്രകൃതിയുള്ള മൗലാന ഇല്യാസ് യുവത്വത്തിൽ തന്നെ  രോഗാതുരനായി, പഠനം അല്പകാലം നിറുത്തുയയും പിന്നീട് പുനരാരംഭിക്കുകയും ചെയ്തു. 1908 ൽ ദയൂബന്ദിലെ ദർസിൽ ചേർന്നു. മൗലാന മഹ്മൂദുൽ ഹസൻ (റഹ്) ദയൂബന്ധി ആയിരുന്നു പ്രധാന അധ്യാപകൻ. പിന്നീട് മൗലാന ഹുസ്സൈൻ അഹമ്മദ് മദനി (റഹ്) യുടെ നിർദേശ പ്രകാരം മൗലാന ഖലീൽ അഹമ്മദ് സഹാരൻപൂരി (റഹ്) യുമായി ബൈഅത്ത് ചെയ്യുകയും, ആത്മീയ പരിശീലനം നേടുകയും ചെയ്തു. 
എപ്പോഴും ആരാധമാ കർമ്മങ്ങളിൽ മുഴുകിയ പ്രകൃതമായിരുന്നു മൗലാന ഇല്യാസിന്റേത്. ഏറെ സമയവും മൗനിയായിരുന്നു. ഹസ്രത്ത് ഷാഹ് അബ്ദുൽ ഖുദൂസ് (റഹ്) യുടെ ഖബറിന് പുറകിൽ ഒരു പുൽപ്പായയിൽ നിശബ്ദമായി ഇരിക്കുക അവിടുത്തെ ശീലമായിരുന്നു എന്ന് സഹോദര പുത്രൻ ശൈഖ് മുഹമ്മദ് സകരിയ്യ (റഹ്) അനുസ്മരിക്കുന്നുണ്ട്. ഇക്കാലയളവിൽ പ്രമുഖ മഷാഇഖന്മാരായ ഷാഹ് അബ്ദുൽ ഖാദർ റായ്പൂരി, അല്ലാമാ മഹ്മൂദുൽ ഹസൻ ദയൂബന്ധി, ശൈഖ് അഷറഫ് അലി താനവി (റഹ്. അജ്.) എന്നിവരുമായെല്ലാം അദ്ദേഹം ആത്മീയ ബന്ധമുണ്ടാക്കി, മുഴുവൻ സമയവും നമസ്കാരം, ദിക്ർ, ദുആ, ആത്മീയ പരിശീലനം എന്നിവയിൽ കഴിച്ചു കൂട്ടി. ഇതിനിടെ മസാഹിറുൽ ഉലൂമിൽ അൽപ്പ കാലം അധ്യാപനം നടത്തി. 

തന്റെ സഹോദരന്റെ മരണശേഷം തന്റെ പിതാവ് ഹസ്രത്ത് നിസാമുദ്ദീൻ ദർഗ്ഗക്ക് സമീപം നടത്തിയിരുന്ന മദ്രസയുടെ നടത്തിപ്പിനായി മൗലാന നിസാമുദ്ധീനിലേക്ക് വന്നു, അവിടെ അധികവും മേവാത്ത് പ്രദേശത്തെ കുട്ടികളായിരുന്നു പഠിച്ചിരുന്നത്. ഡൽഹിയുടെ തെക്ക് ഭാഗത്തുള്ള ഈ പ്രദേശത്ത് മതബോധവുമില്ലാത്ത ഗ്രാമീണരായിരുന്നു അന്നുണ്ടായിരുന്നത്. മതത്തിന്റെ ബാലപാഠം പോലും അറിയാതെ അവർ ജീവിച്ചു മരിച്ചു. ഇതര മത ആചാരങ്ങൾ ആയിരുന്നു അവർ പാലിച്ചു പോന്നിരുന്നത് എന്ന് ഗോഡ് നാനൂഹ് ജില്ലാ ഗസറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അവരുടെ ആചാരങ്ങൾ ഹിന്ദു- മുസ്ലിം വിശ്വാസങ്ങളുടെ മിശ്രിതമായിരുന്നു എന്നാണ് അന്നത്തെ ഭരത്പൂരിലെ ഗസറ്റിൽ രേഖപ്പെടുത്തപെട്ടത്. കടുത്ത അജ്ഞതയിലും അന്ധവിശ്വാസത്തിലും കഴിഞ്ഞു കൂടുന്ന ഒരു വലിയ ജനത മൗലാന ഇല്യാസിന്റെ മനസ്സിൽ ചിന്തയുടെ വേലിയേറ്റമുണ്ടാക്കി. അദ്ദേഹം മേവാത്തിൽ ദീനീ കലാലയങ്ങൾ ഉണ്ടാക്കാൻ മുന്നിട്ടിറങ്ങി. അദ്ദേഹത്തിന്റെ ആദ്യ യാത്രയിൽ തന്നെ പത്ത് മദ്രസകൾ അവിടെ സ്ഥാപിച്ചു. കുറഞ്ഞ കാലം കൊണ്ട് ആ പ്രദേശത്ത് നൂറിൽ പരം മദ്രസകൾ സ്ഥാപിതമായതായി മൗലാന അബുൽ ഹസൻ അലി നദ്‌വി (റഹ്) കുറിക്കുന്നുണ്ട്.

എന്നാൽ ഒരു ജനതയെ ആകമാനം പരിവർത്തിപ്പിക്കാവുന്ന ഒരു മാർഗത്തെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ ചിന്ത മുഴുവൻ. മേവത്തിലെ നിരവധി പേർ ഇതിനിടെ അദ്ദേഹത്തെ ബൈഅത്ത് ചെയ്തിരുന്നു. അതിനിടെ ഹജ്ജ് വേളയിൽ മദീന മുനവ്വറയിൽ മുറാഖബ യിൽ ഏർപ്പെട്ട മൗലാന ഇല്യാസിന് മദീനയെ പിരിയാൻ ഏറെ പ്രയാസം നേരിട്ടു, അദ്ദേഹം അൽപ്പ കാലം മദീനയിൽ താമസിച്ചു. അവിടെ നിന്ന് തനിക്ക് ലഭിച്ച ഇൽഹാം മുഖേന ഒരു പ്രവർത്തന ശൈലിയെക്കുറിച്ചുള്ള പദ്ധതി യുമായാണ് അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങിയത്. 
അദ്ദേഹം പൊതുജന മധ്യത്തിൽ ഇറങ്ങി പ്രബോധനം ആരംഭിച്ചു. ജനങ്ങളെ ഒരുമിച്ചു കൂടിയി നസീഹത്തുകൾ കൊടുക്കുകയും അത്തരം വേദികൾക്കായി ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്തു. വീണ്ടും മദീന സന്ദർശിച്ച് കൂടുതൽ ആത്മീയ ഊർജ്ജം സംഭരിച്ചു,  പ്രവർത്തനം വേഗത്തിലായി. കര്ഷകരായിരുന്ന മേവാത്തികൾക്ക് സൗകര്യ പ്രദമായ രീതിയിൽ ചെറിയ ചെറിയ ദീനീ യാത്രകൾ ആരംഭിച്ചു. പതിയെ ആ പ്രവർത്തനം അവരിൽ വ്യാപിക്കുകയും മതപരമായ ഒരുണർവ് ആ പ്രദേശത്തിന് കൈവരുകയും ചെയ്തു. പതിയെ യാത്രാ സംഘങ്ങൾ ഡൽഹിയുടെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചു.   ഹജ്ജിന് പുറപ്പെട്ട മൗലാന ഇല്യാസ് അവിടെ ഇന്ത്യക്കാരെ കാണുകയും മജ്‌ലിസുകൾ സംഘടിപ്പിക്കുകയും പ്രവർത്തനത്തിന്റെ ആവശ്യകത വിവരിക്കുകയും ചെയ്തു. മക്കയിൽ നിന്നും ജമാഅത്തുകൾ പുറപ്പെട്ടു തുടങ്ങി. മദീനയിലും പ്രവർത്തനം ആരംഭിച്ചു. പിന്നീട് ഇന്ത്യയിൽ മടങ്ങിയെത്തി പ്രവർത്തനം സജീവമാക്കുകയും ഡൽഹി നിസാമുദ്ദീൻ പ്രവർത്തന കേന്ദ്രമാവുകയും ചെയ്തു. പതിയെ ഒരു ആഘോള പ്രസ്ഥാനനമായി ഈ പ്രവർത്തനം വളർന്നു.

 സൂഫീ മാർഗ്ഗത്തിലെ ചിട്ടകളായിരുന്നു ഈ പ്രവർത്തനത്തിന്റെ അടിത്തറ. ആദ്യ കാലത്ത് പണ്ഡിതന്മാർ ഒന്നും സഹകരിച്ചിരുന്നില്ല,  പല പണ്ഡിതർക്കും പ്രഗത്ഭർക്കും മൗലാന ഇല്യാസ് കത്തെഴുതി ഈ പ്രവർത്തനവുമായി സഹകരിക്കാൻ അഭ്യർഥിച്ചു. പിന്നീട്  അനേകം പണ്ഡിതർ വരികയും അതുമായി സഹകരിക്കുകയും ചെയ്തു.
ഇക്കാലത്താണ് മൗലാന സയ്യിദ് അബുൽ ഹസൻ അലി നദ്‌വി (റഹ്) മൗലാന ഇല്യാസു (റഹ്) മായി ബന്ധപ്പെടുകയും ബൈഅത്ത് ചെയ്യുകയും തബ്ലീഗ് പ്രവർത്തനത്തിൽ സജീവമാകുകയും ചെയ്യുന്നത്. പിന്നീട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇതുമായി സഹകരിക്കാൻ ആളുകൾ വന്നു ചേരുകയും അനേകം പ്രബോധന സംഘങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര തിരിക്കുയകയും ചെയ്തു. 

പ്രവാചക ചര്യയെ അനുധാവനം ചെയ്യാൻ അദ്ദേഹം ജീവിതം ഉഴിഞ്ഞു വെച്ചു. അസുഖ ബാധിതനായ അദ്ദേഹം രണ്ടു പേരുടെ ചുമലിൽ തൂങ്ങി നിസ്കരിക്കാൻ പള്ളിയിലേക്ക് വന്നത് പോലും ആ ചര്യയുടെ അനുകരണത്തിന് വേണ്ടിയായിരുന്നു. സുന്നത്ത് പിന്തുടരാൻ അദ്ദേഹം തന്റെ ശിഷ്യരെയും സഹചാരികളെയും എപ്പോഴും  ഉപദേശിക്കുമായിരുന്നു.
മൗലാനയെക്കുറിച്ച് അനേകം തെറ്റിദ്ധാരണകൾ നിലവിലുണ്ട്, അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിൽ ഉണ്ടെന്ന രീതിയിൽ വിമർശകർ പ്രചരിപ്പിക്കുന്ന പലതിനും കടകവിരുദ്ധമായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. അദ്ദേഹം ഒരു ഗ്രന്ഥവും എഴുതിയിട്ടില്ല എന്നതാണ് വസ്തുത.  പ്രവാചക ഗുണങ്ങൾ തന്റെ ജീവിതത്തിൽ ഉടനീളം പാലിക്കാൻ അദ്ദേഹം പരിശ്രമിച്ചു. വിശ്വാസ ചിത്തതയും വിനയവും ത്യാഗവും ക്ഷമയും അദ്ദേഹത്തിന്റെ സവിശേഷ ഗുണങ്ങളായിരുന്നു.

ശിഷ്യനും മുരീദുമായ വിശ്വ പണ്ഡിതൻ മൗലാന സയ്യിദ് അബുൽ ഹസൻ അലി നദ്‌വി (റ) എഴുതുന്നു : "മെലിഞ്ഞൊട്ടിയ ആ മനുഷ്യൻ തന്റെ ചുറ്റുമുള്ള മനുഷ്യരെ ഓർത്ത് ഏറെ അസ്വസ്ഥനാവുന്നത് ഞാൻ കണ്ടിട്ടുണ്ട്,  ജീവിത ലക്ഷ്യം മറന്ന് ഭൗതികതയിൽ മുഴുകിയവരെയോർത്ത് അദ്ദേഹം  നിദ്രാഭംഗം വന്ന് നേടുവീർപ്പിടുന്നതിന് ഞാൻ സാക്ഷിയായിട്ടുണ്ട്. അദ്ദേഹത്തെ പിന്തുടർന്നപ്പോൾ എനിക്കറിയാത്ത ജീവിതത്തിന്റെ വിവിധ മുഖങ്ങൾ എനിക്ക് മനസ്സിലായി, സ്വഹാബികളുടെ ദൃഢ വിശ്വാസത്തെ ഞാൻ അനുഭവിച്ചത് അദ്ദേഹത്തിലൂടെയായിരുന്നു, സ്വർഗ്ഗ നരകങ്ങൾ   നേരിട്ട് കണ്ടത് പോലെ യായിരുന്നു അദ്ദേഹത്തിന്റെ ദൃഢമായ വിശ്വാസം"

1940 കളിൽ അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിച്ചു കൊണ്ടിരുന്നു. ഉമ്മത്തിന്റെ ഐക്യത്തെ കുറിച്ച് ഏറെ ചിന്താകുലനായി. മൗലാന സയ്യിദ് അബുൽ ഹസൻ അലി നദ്‌വി, ശൈഖ് മുഹമ്മദ് സകരിയ്യ, മൗലാന മൻസൂർ നുഅമാനി (റഹ്.അജ്.)എന്നിവർ സദാ സമയം അദ്ദേഹത്തിന്റെ കൂടെ നിഴൽ പോലെ കഴിഞ്ഞു കൂടി. മൗലാന ഇല്യാസ് ഗ്രന്ഥ രചന നടത്തിയിട്ടില്ല, അദ്ദേഹത്തിന്റെ വാക്കുകൾ മൗലാന മൻസൂർ നുഅമാനി (റഹ്)യും കത്തുകൾ സയ്യിദ് അലി മിയാ (റഹ്)നും ക്രോഡീകരിച്ചു ഗ്രന്ഥങ്ങളാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവചരിത്രം മൗലാന അലി മിയാൻ (റഹ്) എഴുതിയത് മലയാളത്തിലും ലഭ്യമാണ്. 1944 ജൂണിൽ രോഗം വഷളായി, മൗലാന സയ്യിദ് അബുൽ ഹസൻ അലി നദ്‌വി (റഹ്) എഴുതുന്നു " ഒരു രാത്രി മൗലാന പറഞ്ഞു " എന്നോട് ബൈഅത്ത് ചെയ്യാൻ ആഗ്രഹമുള്ളവർ ബൈഅത്ത് ചെയ്തു കൊൾക" അദ്ദേഹം പരലോക യാത്രയുടെ ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു, അദ്ദേഹം ചോദിച്ചു " നാളെ വ്യാഴാഴ്ചയല്ലേ ?" ഇന്ന് അധികമായി ദുആ ചെയ്യുകയും ആയത്തുകൾ ഓതി അധികമായി  ഊതുകയും ചെയ്യുക , നിസ്കരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു, രാത്രി ഏറെ നേരം അള്ളാഹു അക്ബർ എന്നിരുവിട്ടു കൊണ്ടിരുന്നു. അർദ്ധരാത്രിക്ക് ശേഷം മകനെ വിളിപ്പിച്ചു പറഞ്ഞു  " യൂസുഫേ വരിക, കാണുന്നെങ്കിൽ കണ്ടുകൊള്ളുക, നാമിതാ യാത്രയായി" 
സുബ്ഹിക്ക് മുമ്പ് ആ മഹാൻ അല്ലാഹുവിലേക്ക് യാത്രയായി" (മൗലാന ഇല്യാസ് ഓർ ഉൻകി ദീനീ ദഅവത്ത് പേജ് : 169 - മൗലാന സയ്യിദ് അലി മിയാൻ) 
അദ്ദേഹത്തിന്റെ കാലശേഷം പുത്രൻ മൗലാന മുഹമ്മദ് യൂസുഫിൽ ആ പ്രവർത്തനത്തിന്റെ നേതൃത്വം ഏല്പിക്കപ്പെട്ടു, അദ്ദേഹത്തിന്റെ കാലത്താണ് തബ്ലീഗ് ഒരു ആഘോള ഇസ്ലാമിക പ്രസ്ഥാനം എന്ന നിലയിൽ വ്യാപിക്കുന്നത്. വിഖ്യാതമായ താരിഖ് ഗ്രന്ഥമായ ഹയാത്തു സ്വഹാബ അദ്ദേഹത്താൽ വിരചിതമായതാണ്, ശൈഖ് മുഹമ്മദ് ബിൻ അലവി അൽ മാലികി അദ്ദേഹത്തിന്റെ ശിഷ്യനാണ്. 
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...