മൗലാനാ സയ്യിദ് മുഹമ്മദ് വാദിഹ് റഷീദ് ഹസനി നദ് വി :
വിസ്മയിപ്പിച്ച പണ്ഡിത പ്രതിഭ.!
- മമ്മൂട്ടി അഞ്ചുകുന്ന്
https://swahabainfo.blogspot.com/2019/01/blog-post_99.html?spref=tw
രണ്ടു വർഷം മുമ്പാണ്.. ഇതേ പോലെ തണുത്ത ഒരു ജനുവരിയിൽ മൗലാന സയ്യിദ് റാബിഅ് ഹസനി നദ്‌വി കേരളത്തിൽ വന്നപ്പോൾ അദേഹത്തെ കണ്ടു സംസാരിക്കണം എന്ന ആഗ്രഹത്താൽ ഞാൻ ചുരമിറങ്ങിയിരുന്നു, അപ്പോൾ നദ്‌വത്തുൽ ഉലമ യിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന എന്റെ അമ്മാവന് അറിയേണ്ടിയിരുന്നത് ഒപ്പം അല്ലാമാ വാളിഹ് റഷീദ് നദ്‌വി ഉണ്ടായിരുന്നോ എന്നായിരുന്നു, വീട്ടിലുള്ള ഉറുദു പുസ്തകക്കൂട്ടത്തിൽ അദ്ദേഹമെഴുതിയ പുസ്തകവും കണ്ടിരുന്നതിനാൽ ആ പേര് പരിചിതമായിരുന്നു. അദ്ദേഹത്തിന്റെ പ്രഭാഷണം കേൾക്കുകയും നേരിട്ട് കാണുകയും ചെയ്തപ്പോഴും നദ്‌വ യിലെ ഒരു മുതിർന്ന അധ്യാപകൻ എന്നതിലപ്പുറം ഒന്നും അറിയുമായിരുന്നില്ല. കാരണം അല്ലാമാ റാബിഅ് നദ്‌വി ക്കൊപ്പം അനുഗമിച്ച ഒരു സഹചാരിക്കപ്പുറമൊന്നും ആ മുഖത്ത് നിന്ന് വായിച്ചെടുക്കാൻ കഴിഞ്ഞില്ല, പിന്നീട് ആ മഹാ പ്രതിഭയെ കുറിച്ച് ഏറെ അറിയാൻ സാധിച്ചത്.
ബിലാൽ ഹസനി അടക്കമുള്ള ഒട്ടേറെ പണ്ഡിത പ്രതിഭകൾ അന്നത്തെ സന്ദർശക സംഘത്തിലുണ്ടായിരുന്നു. എത്ര ലാളിത്യവും വിനയവും നിറഞ്ഞ പെരുമാറ്റമായിരുന്നു അവരിലെ ഓരോരുത്തരുടെയും എന്ന് അത്ഭുതപ്പെട്ടിരുന്നു, അവരോടൊപ്പം അൽപ്പം യാത്ര ചെയ്യാനും ഒന്നോ രണ്ടോ ദിവസം അടുത്തു കഴിയാനുമുള്ള സൗഭാഗ്യം ലഭിച്ചിരുന്നു. അവരുടെ ഒട്ടേറെ സ്വഭാവ വൈശിഷ്ട്യങ്ങൾ അത്ഭുതത്തോടെ അടുത്തറിയാൻ സാധിച്ച ആ ദിവസങ്ങൾ ഇവന്റെ ജീവിതത്തിലെ ഓർത്തു വെക്കാൻ ബാക്കിവെച്ച അപൂർവ്വ സൗഭാഗ്യങ്ങളിലൊന്നാണ്.
ഇന്ന് സുബഹിയോടെ മാഞ്ഞു പോയത് രാജ്യത്തെ തലയെടുപ്പുള്ള ആ പണ്ഡിത ശ്രേഷ്ഠനാണ്. ഇന്ത്യൻ മുസ്‌ലമാന്റെ അഭിമാന ജ്യോതിസായിരുന്ന മൗലാന സയ്യിദ് അബുൽ ഹസൻ അലി നദ്‌വി യുടെ ധിഷണയുടെയും തൂലികയുടെയും പിന്മുറക്കാരനായത് അദ്ദേഹത്തിന്റെ സഹോദരീ പുത്രനായിരുന്ന മൗലാന സയ്യിദ് വാദിഹ് റഷീദ് നദ്‌വി ആയിരുന്നു. തന്റെ സഹോദരനും ഇന്ത്യൻ മുസല്മാന്റെ അമരക്കാരനുമായ മൗലാന സയ്യിദ് റാബി ഹസനി നദ്‌വി യുടെ സഹചാരിയായി ഒതുങ്ങി നിന്നത് മൂലമാവാം ആ പ്രതിഭാശാലിയെ മലയാളികൾ അധികം അറിയാതെ പോയത്, എങ്കിലും അറബി ഭാഷാ താത്പരർക്ക് അവിടുത്തെ അറിയാതിരിക്കാൻ വഴിയില്ല. അർ റായിദിന്റെ കോളങ്ങളിൽ തന്റെ തൂലിക കൊണ്ട് വിസ്മയിപ്പിച്ച മഹാപ്രതിഭ ഓർമ്മയാവുമ്പോൾ പ്രാർത്ഥന മാത്രമാണ് പകരം നൽകാനാവുക.
ഇന്ത്യയിലേക്ക് കുടിയേറിയ ഹസനി സദാത്തുക്കളുടെ പരമ്പരയിലാണ് 1935 ൽ മൗലാന വാദിഹ് റഷീദ് ഹസനി ജനിക്കുന്നത്. രായബറേലി യിലെ ഈ വിഖ്യാത കുടുംബം ഇന്ത്യാ ചരിത്രത്തിലെ വിഖ്യാത പോരാളി സയ്യിദ് അഹമ്മദ് ശഹീദ് ന്റെ സാന്നിധ്യം മൂലം ചരിത്രത്തിൽ ഇടം നേടിയതാണ്. ഒട്ടേറെ മഹാ പണ്ഡിതർ പിറവിയെടുത്ത ഈ പരമ്പരയിൽ പിതാമഹനും വിഖ്യാത ഗ്രന്ഥകാരനായ മൗലാന അബ്ദുൽ ഹയ്യ് ഹസനി, മാതുലൻ സയ്യിദ് അബുൽ ഹസൻ അലി നദ്‌വി എന്ന അലി മിയാൻ തുടങ്ങിയ പ്രോജ്വല വ്യക്തിത്വങ്ങൾ ജന്മമെടുത്തിരുന്നു. മദ്രസത്തുൽ ഇലാഹിയ യിൽ പ്രാഥമിക മതവിദ്യഭ്യാസം പൂർത്തിയാക്കിയ ശേഷം ലക്‌നോ നദ്‌വത്തുൽ ഉലൂമിൽ ഉന്നത മത പഠനത്തിന് ചേർന്നു. ഇക്കാലയളവിൽ തന്നെ തന്റെ മാതുലനും ഗുരുവര്യനുമായ മൗലാന അബുൽ ഹസൻ അലി നദ്‌വിയുമായുള്ള സമ്പർക്കം മൂലം ഭാഷ, സാഹിത്യം, വായന എന്നിവയിൽ അഭിരുചി കൈവന്നിരുന്നു. നദ്‌വത്തുൽ ഉലമ യിലെ പഠനത്തിന് ശേഷം അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി യിൽ നിന്ന് ഇംഗ്ലീഷ് ഭാഷയിൽ ബിരുദം കരസ്ഥമാക്കി, പിന്നീട് 1953 മുതൽ 1973 വരെ ഓൾ ഇന്ത്യ റേഡിയോയിൽ സേവനം ചെയ്തു. ഇംഗ്ലീഷ് , അറബി, ഉറുദു ഭാഷകളിൽ നല്ല പാണ്ഡിത്യമുണ്ടായിരുന്ന അല്ലാമാ വാദിഹ് റഷീദ് ഇക്കാലയളവിൽ തന്നെ തന്റെ തൂലികാ വൈഭവം വിനിയോഗിക്കാൻ ആരംഭിച്ചിരുന്നു. തുടർന്ന് നദ്‌വത്തുൽ ഉലൂമിൽ അധ്യാപകനായി സേവനം ആരംഭിച്ചു, അറബ് സാഹിത്യമായിരുന്നു മുഖ്യ വിഷയം. അന്ന് തൊട്ട് ഇന്ന് വരെ നദ്‌വത്തുൽ ഉലൂമിൽ ആ സേവനം തുടർന്ന് വന്നു.
അറബി സാഹിത്യ പഠന മേഖലയിൽ അദ്ദേഹത്തിന്റെ സേവനങ്ങളെ മാനിച്ചു കൊണ്ട് അനേകം ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തി. അദ്ദേഹത്തിന്റെ സേവനങ്ങളെ കുറിച്ച് ഗവേഷണ വിദ്യാർഥികൾ പി.എച്ച്. ഡി തിസീസുകൾ തയ്യാറാക്കിയിട്ടുണ്ട്. റാബിതതുൽ അദബുൽ ഇസ്ളാമിയ്യയുടെ ദേശീയ ജനറൽ സെക്രട്ടറിയും അന്തർ ദേശീയ അംഗവുമാണ്. നദ്‌വയിൽ നിന്നുള്ള അർ റായിദിന്റെ ചീഫ് എഡിറ്ററും, അൽ ബഹ്സുൽ ഇസ്ലാമി ന്റെ മുഖ്യ പത്രാധിപരുമാണ്. നദ്‌വത്തുൽ ഉലമയുടെ വിദ്യാഭ്യാസ ബോർഡ് ചെയർമാനുമായിരുന്നു അദ്ദേഹം
വാക്കുകളിലെ കൃത്യതയും ചിന്തകളിലെ ആഴവും വരികളിലെ ഊർജ്ജവും അദ്ദേഹത്തെ തന്റെ ഇഷ്ടജനങ്ങൾക്ക് ഏറെ പ്രിയങ്കരനാക്കി.
അറബി ഭാഷ, സാഹിത്യം എന്നിവയായിരുന്നു അദ്ദേഹത്തിന്റെ സുപ്രധാന മേഖല, നദ്‌വത്തുൽ ഉലമയിൽ അറബി ഭാഷാ വിഭാഗത്തിന്റെ തലവനായിരുന്നു അദ്ദേഹം.
സ്വരാജ്യത്തെയും വിദേശങ്ങളിലെയും വിശിഷ്യാ പാശ്ചാത്യ രാജ്യങ്ങളിലെയും രാഷ്ട്രീയ സാംസ്കാരിക ചലനങ്ങൾ സസൂക്ഷ്മം അദ്ദേഹം നിരീക്ഷിച്ചു പോന്നിരുന്നു. ഭാഷ, സംസ്കാരം എന്നിവയിൽ ആഴമുള്ള പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹം ആധുനിക ഇസ്ലാമിക ലോകത്തെ ചിന്തകരിൽ പ്രമുഖനായിരുന്നു.
പതിഞ്ഞ ശബ്ദത്തിൽ അളന്നു മുറിച്ച വാക്കുകളിലായിരുന്നു അദ്ദേഹം വേദികളിൽ സംസാരിച്ചിരുന്നത്.
അനുഗ്രഹീതനായ എഴുത്തുകാരനായിരുന്നു അദ്ദേഹം. വിവിധ വിഷയങ്ങളിലായി അനേകം ഗ്രന്ഥങ്ങൾ പ്രതിഭാധനന്റെ തൂലികയിൽ നിന്ന് പിറവിയെടുത്തിട്ടുണ്ട്. മതം, ചരിത്രം, സംസ്കാരം, ഭാഷ തുടങ്ങി വിഷയ വൈവിധ്യത്തോടെ അവിടുന്ന് രചനകൾ നടത്തി. പാശ്ചാത്യൻ സംസ്കാരത്തെയും സാഹിത്യത്തെയും ഉൾക്കാഴ്ചയോടെ അപഗ്രഥിച്ച അതേ കരുത്തോടെ നബി തങ്ങളുടെ മേൽ സ്വലാത്ത് ചൊല്ലുന്ന ത്തിന്റെ മഹത്വത്തെ കുറിച്ചും ഗ്രന്ഥമെഴുതി. മതത്തെ ബുദ്ധിപരമായി സമാർത്ഥിക്കുന്ന പുസ്തകങ്ങൾ വിരചിതമായ അതേ തൂലികയിൽ നിന്ന് തന്നെ അറബി ഭാഷ സാഹിത്യ ചരിത്രവും പിറന്നു. ഗഹനവും ശക്തവുമായിരുന്നു ആ തൂലിക,അറബി വാരാദ്യങ്ങളിൽ തന്റെ നിരീക്ഷണങ്ങൾ പങ്കു വെക്കുമ്പോൾ അദ്ദേഹത്തെ അറിയുന്നവർ അത് ആർത്തിയോടെ വായിച്ചു, എഴുത്തുകാരുടെ പരമ്പരയിൽ പിറന്ന വാസിഹ് ഹസനി പൂർണ്ണ ശോഭയുടെ ആ രംഗത്ത് ജ്വലിച്ചു നിന്നു. 25 ലധികം ഗ്രന്ഥങ്ങളും ഒട്ടേറെ ലേഖനങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്.
നദ്‌വത്തുൽ ഉലമായിൽ നിന്ന് പ്രസിദ്ധപ്പെടുത്തുന്ന 'അർ റായിദ്' എന്ന പ്രസിദ്ധമായ അറബി മാസികയിൽ അദ്ദേഹത്തിന്റെ ഗഹനമായ പഠനങ്ങൾ നിറഞ്ഞു നിന്നു. പതിറ്റാണ്ടുകളോളം മുടങ്ങാതെ അതിന്റെ പേജുകളെ പോഷിപ്പിച്ച തൂലികയും മറ്റാരുടേതുമായിരുന്നില്ല.
സമകാലിക പ്രശ്നങ്ങളിൽ നിലപാട് കൈക്കൊള്ളാൻ ഇന്ത്യൻ പണ്ഡിതർ ഏറെയും കാതോർത്തിരുന്നത് മൗലാന വാസിഹ് റഷീദ് അവറുകളെയായിരുന്നു. ആഴവും പരപ്പുമുള്ള വായനയുടെ ഫലമായും ഇസ്ലാമിക ചിന്തയുടെ ബഹിസ്ഫുരണമായും ആ തൂലിക നിർണയിച്ച നിലപാടുകൾക്കൊപ്പമായിരുന്നു ഉത്തരേന്ത്യൻ പണ്ഡിത ലോകം സഞ്ചരിച്ചു പോന്നത് എന്നു പറഞ്ഞാൽ അധികമാവില്ല. ലോക ഇസ്ലാമിക ചലനങ്ങൾക്കൊപ്പം സമകാലികമായി ആ തൂലിക പതിറ്റാണ്ടുകളോളം സഞ്ചരിച്ചു പോന്നു.
അടുത്തറിഞ്ഞവർക്ക് ഏറെ പ്രിയപ്പെട്ടവരായിരുന്നു അല്ലാമാ വാസിഹ് റഷീദ് ഹസനി, അധികമൊന്നും സംസാരിക്കുമായിരുന്നില്ല, എന്നാൽ അവിടുന്ന് പറയുന്നതിന് ചുറ്റുമുള്ളവർ കാത് കൂർപ്പിച്ചു, അത്തരം വാക്കുകളേ പറയൂ. പ്രതിഭയുടെ ചിന്താ മൂശയിൽ വിളക്കിയ മൊഴിമുത്തുകൾ.
വിനയത്തിന്റെ ആൾ രൂപമായിരുന്നു അദ്ദേഹം, ഏറെ അനുസരണയുള്ള കുട്ടിയെ പോലെ തന്റെ ജേഷ്‌ഠ സഹോദരനായ മൗലാന റാബിഅ് ഹസനി നദ്‌വിയെ എവിടെയും അനുഗമിച്ചു, ഏറെ ആദരവോടെ പെരുമാറി, അതിനാൽ തന്നെ റാബിഅ് മൗലാന യുടെ നിഴലായി സ്വയം ഒതുങ്ങിയ ആ മഹാപ്രതിഭയെ അതിനാൽ തന്നെ അധികമാരും തിരിച്ചറിഞ്ഞിരുന്നില്ല, അദ്ദേഹം അതാഗ്രഹിച്ചതുമില്ല. ആകാരത്തിലും മുഖഭാവത്തിലും മാത്രമല്ല പെരുമാറ്റത്തിലും തന്റെ ജ്യേഷ്ഠ സഹോദരൻ സയ്യിദ് റാബിഅ് ഹസനിയെ പകർത്തി വെച്ചതായിരുന്നു നദ്‌വ ക്കാരുടെ പ്രിയപ്പെട്ട ഉസ്താദ്. നദ്‌വ യിലെ മലയാളികളായ പൂർവ്വ വിദ്യാർഥികൾ അദ്ദേഹത്തെ അനുസമരിക്കുന്നത് ഏറെ സ്നേഹത്തോടെയാണ്. അത്രയും പ്രിയപ്പെട്ടവരായിരുന്നു അവർക്ക് ഉസ്താദ് വാസിഹ് റഷീദ്. വിവിധ രാജ്യങ്ങളിലായി പതിനായിരക്കണക്കിന് ശിഷ്യഗങ്ങളാൽ സമ്പന്നനാണ് ഉസ്തദാദുൽ അസാത്തീദ് അല്ലാമാ വാസിഹ് റഷീദ് നദ്‌വി, ഒട്ടേറെ പ്രതിഭാധനരായ ശിഷ്യരുടെ വഴി നിർണയിച്ചു കൊടുത്തതിൽ ആ മഹാ മനീഷിക്ക് വലിയ പങ്കുണ്ട്. അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ ചിറകു വിടർത്തിയ പ്രതിഭാധനർ ഏറെയാണ്.
ആ മഹദ് സാന്നിധ്യം ഒരിക്കൽ അനുഭവിച്ചവർ അദ്ദേഹത്തെ തുടർച്ചയായി കേൾക്കുവാനും വായിക്കുവാനും ഏറെ താൽപ്പര്യം കാണിച്ചു. തന്റെ ജീവിത ദൗത്യം ബഹളങ്ങളില്ലാതെ, ശാന്തമായി നിർവ്വഹിച്ചു തീർത്ത ആ മഹാമനീഷി പുതിയ കാലക്കാർക്ക് അപ്രാപ്യമായൊരു മഹനീയ വലിയ മാതൃകയാണ് ആ ജീവിതം കൊണ്ട് വരച്ചിട്ടത്. അറബി ഭാഷയ്ക്കും ഇസ്‌ലാമിക വിജ്ഞാനീയങ്ങൾക്കും മഹത്തായ സേവനം നൽകിയ ചിന്തകന്റെ വേർപാട് ഇന്ത്യൻ ഇസ്ലാമിക ലോകത്ത് വലിയൊരു വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ വിളക്ക് മിഴി ചിമ്മിയതോടെ പരക്കുന്ന ഇരുളിൽ നിന്ന് റബ്ബ് നദ് വയെ രക്ഷിക്കട്ടെ എന്നാണ് പ്രാർത്ഥന.
ആ വിയോഗം നദ്‌വത്തുൽ ഉലമക്ക് മാത്രമല്ല ഇസ്ലാമിക ലോകത്തിന് തന്നെ വലിയൊരു ആഘാതമാണ്. ധിഷണയും സൂക്ഷ്മതയും ലാളിത്യവും ഒത്തിണങ്ങിയ അനുഗ്രഹീത പണ്ഡിത പ്രതിഭകളെ നാഥൻ തിരിച്ചു വിളിക്കുമ്പോൾ ആകുലത ബാക്കിയാവുന്നു. അത്തരം സമ്മേളനങ്ങൾ പുതിയ കാലത്ത് ആരിലാണിനി കാണാൻ സാധിക്കുക.
റഹ്മത്തുല്ലാഹി റഹ്മത്തൻ വാസിഅ
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
No comments:
Post a Comment