ദേവ്ബന്ദീ ചിന്താധാരയും
വിഖ്യാതരായ നാല് പണ്ഡിതരും
മൗലാനാ മുഹമ്മദ് ഇല്‍യാസ് (റഹ്) യും...
- മമ്മൂട്ടി അഞ്ചുകുന്ന്
https://swahabainfo.blogspot.com/2019/01/blog-post_24.html?spref=tw
വൈജ്ഞാനിക രംഗത്ത് തുല്യതയില്ലാത്ത സംഭാവന ചെയ്തവരാണ്
ദേവ്ബന്ദീ
പണ്ഡിതർ, നിരവധി വാല്യങ്ങളുള്ള ഖുർആൻ തഫ്സീറുകളും ഹദീസ് വ്യഖ്യാനങ്ങളും കർമ്മ ശാസ്ത്ര ഗ്രന്ഥങ്ങളും ചരിത്ര അപഗ്രഥനങ്ങളും പ്രവാചക ചരിതങ്ങളും അവരിൽ നിന്ന് വിരചിതമായി, ഹദീസ് വിജ്ഞാന രംഗത്ത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പുതിയ ചരിത്രത്തിന് നാന്ദി കുറിച്ചത് ദയൂബന്ധി പണ്ഡിതരാണ്. കൃസ്ത്യൻ പാതിരിമാരെയും നിരീശ്വര നിർമിത വാദികളെയും അവർ ശക്തമായി നേരിട്ടു, റാഫിദികളും ഖാദിയാനികളും അവരുടെ മുന്നിൽ പത്തി താഴ്ത്തി, ബ്രിട്ടീഷ് അധിനിവേശത്തിനെതിരെയുള്ള സമരങ്ങളിലും അവർ സജീവ സാന്നിധ്യമായിരുന്നു.
ഇനി പ്രധാനമായുള്ളത് ആരെയാണ്
ദേവ്ബന്ദീ
പണ്ഡിതർ എന്ന് അനുകൂലികളും പ്രതികൂലികളും പരാമർശിക്കുന്നത് എന്നുള്ളതാണ്, ദേവ്ബന്ദിലെ ദാറുൽ ഉലൂം എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട പണ്ഡിതരെയാണ്
ദേവ്ബന്ദീ
ഉലമാക്കൾ എന്നു പറയുന്നത്. ഒരു സ്ഥാപനം എന്നതിലുപരി ഇത് ഒരു മൂവ്മെന്റ് ആയും ഒരു ചിന്താധാരയായും വികസിച്ചിട്ടുണ്ട്. അതിനാൽ തന്നെ ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമയും വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്തുമെല്ലാം ദയൂബന്ധി ധാരയിൽ ഉള്ള സ്ഥാപനങ്ങൾ ആണെന്ന് പറയാം, 1860 കളിൽ സ്ഥാപിക്കപ്പെട്ട ഒരു മത കലാലയത്തിന്റെ സ്ഥാപകൻ എന്നതിനെക്കാളേറെ അല്ലാമാ ഖാസിം നാനൂത്തവിയെ
ദേവ്ബന്ദീ
പ്രസ്ഥാനത്തിന്റെ സ്ഥാപകൻ എന്ന നിലയിലാണ് പിൽക്കാല ചരിത്രവും രേഖപ്പെടുത്തിയത്. മൗലാന റഷീദ് അഹമ്മദ് ഗംഗോഹി, മൗലാന അഷറഫ് അലി താനവി, മൗലാന ഖലീൽ അഹമ്മദ് സഹാരൻപൂരി, അല്ലാമാ ഹുസ്സൈൻ അഹമ്മദ് മദനി, മൗലാന അൻവർ ഷാ കാശ്മീരി, അല്ലാമാ ഷബീർ അഹമ്മദ് ഉസ്മാനി, മുഫ്തി ഷഫീ ഉസ്മാനി, സയ്യിദ് അബുൽ ഹസൻ അലി നദ്‌വി തുടങ്ങിയവയെല്ലാം ദയൂബന്ധി ആകാബിരീങ്ങൾ ആയി ആ ധാരയിലുള്ളവർ കണക്കാക്കുന്നു,
സർ സയ്യിദ് അഹമ്മദ് ഖാൻ എഴുതുന്നു " മൗലവി മുഹമ്മദ് ഖാസിം നാനൂത്തവി പകരക്കാരനില്ലാത്ത ഒരു വ്യക്തിത്വമാണ്, അദ്ദേഹത്തിന്റെ ശ്രമഫലമായി ദയൂബന്ദിൽ അത്യന്തം പ്രയോജനപ്രദമായ ഒരു മദ്രസ സ്ഥാപിക്കപ്പെട്ടു, ശൈഖ് ആകാൻ അദ്ദേഹം ഒട്ടും ആഗ്രഹിച്ചില്ലെങ്കിലും ആയിരങ്ങൾ അദ്ദേഹത്തെ തങ്ങളുടെ നായകനായി കണക്കാക്കുന്നു അദ്ദേഹത്തിന്റെ ഏറ്റവും ഉന്നതമായ സ്മാരകമാണ് ദേവബന്ദിലെ മദ്രസ, അത് എന്നും സ്വതന്ത്രമായി നിലനിൽക്കാൻ പരിശ്രമിക്കൽ എല്ലാവരുടെയും ബാധ്യതയാണ്" ( അലിഗഡ് ഗസറ്റ്- 1880 ഏപ്രിൽ 24)
വെല്ലൂർ ബാഖിയാത്ത് സ്വാലിഹാത്തിൽ നിന്ന് ഇറങ്ങിയ അബ്ദുൽ വഹാബ് ഹസ്രത്തിന്റെ ജീവചരിത്ര ഗ്രന്ഥത്തിൽ പറയുന്നത് ഇന്ത്യയിൽ ജീവിച്ചിരുന്ന മൂന്ന് ഖുതുബുകൾ ഹാജി ഇമ്ദാദുല്ല മുഹാജിർ മക്കി, മൗലാന മുഹമ്മദ് ഖാസിം നാനൂത്തവി, ഹാജി അബ്ദുൽ വഹാബ് ഹസ്രത്ത് വേലൂരി എന്നിവരാണ് എന്നാണ്. കാരന്തൂർ മർക്കസ് സഖാഫത് സുന്നിയ്യ യിലെ മുദരിസ് ആയ മുഖ്താർ ബാഖവി തന്റെ ബാഖിയാത്തിന്റെ ചരിത്രം എന്ന പുസ്തകത്തിൽ എഴുതുന്നു : "വടക്കേ ഇന്ത്യയിലും തെക്കേ ഇന്ത്യയിലും 2 അതിപ്രശസ്ത മദ്രസകൾ അതിപ്രശസ്ത മദ്രസകൾ നിലവിൽ വന്നു അതിലൊന്ന് പ്രശസ്ത പണ്ഡിതൻ അല്ലാമാ അശൈഖ് മുഹമ്മദ് ഖാസിം നാനൂതവി യുടെ തൃക്കരങ്ങളാൽ സ്ഥാപിതമായ ദാറുൽ ഉലൂം ദയൂബന്ദ് ആണ് മറ്റൊന്ന് ഹാജി അബ്ദുൽ വഹാബ് ഹസ്രത്ത് സ്ഥാപിച്ച വെല്ലൂർ ബാഖിയാത്തുസ്വാലിഹാത്ത് ആണ്"
മൗലാന ഖാസിം നാനൂതവി യുടെ നിര്യാണത്തിനുശേഷം ദാറുൽ ഉലൂമിൽ രക്ഷാധികാരിയായി ഐകകണ്ഠേന മൗലാനാ റഷീദ് അഹ്മദ് ഗംഗോഹി തിരഞ്ഞെടുക്കപ്പെട്ടു , പിൽക്കാലത്ത് ദാറുൽ ഉലൂമുമായി ബന്ധപ്പെട്ട എല്ലാ പ്രമുഖ പണ്ഡിതരും ഈ രണ്ടു പേരെ തങ്ങളുടെ മുർഷിദും സച്ചരിതരായ മുന്ഗാമികളും ആയി തന്നെയാണ് കണക്കാക്കുന്നത്.
എന്നാൽ ദയൂബന്ധി ധാരയിലെ ഏറ്റവും സമുന്നതാരായ ഈ രണ്ടു പണ്ഡിതരെയും പിൽക്കാലക്കാരായ മൗലാന അഷറഫ് അലി താനവി, മൗലാന ഖലീൽ അഹമ്മദ് സഹാരൻപൂരി എന്നിവരെയും പേരെടുത്ത് പറഞ്ഞു കൊണ്ട് ബറേൽവി വിഭാഗക്കാർ ഇമാം എന്നു വിശേഷിപ്പിക്കുന്ന മഹാ പണ്ഡിതനായ മൗലാന അഹമദ് രസാ ഖാൻ ബറേൽവി കുഫ്രിലേക്ക് ചാർത്തി, അവരുടെ കിതാബുകളിൽ കുഫ്ർ ഉണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം, എന്നാൽ
അദ്ദേഹത്തിന്റെ ഈ നിലപാട് പ്രായോഗികമായി അദ്ദേഹത്തിന്റെ അനുയായികളാൽ തന്നെ സ്വീകരിക്കപ്പെട്ടിട്ടില്ല, കാരണം ബറേൽവി പണ്ഡിതരിൽ ബഹുഭൂരിപക്ഷവും മേൽ പണ്ഡിത മഹത്തുക്കളെ മുസ്ലിം ആയി തന്നെ പരിഗണിക്കുന്നുണ്ട്, കേരളത്തിലെ ബറേൽവി അനുകൂലികൾ പോലും മർഹൂം ബറേൽവി യുടെ തകഫീർ വാദത്തോട് വിയോജിക്കുന്നു, കുഫ്റായ ആരോപണങ്ങൾ ഇവിടെയും മേൽപണ്ഡിതന്മാർക്കെതിരെ ആരോപിക്കുന്നുണ്ടെങ്കിലും വിചിത്രമെന്ന് പറയട്ടെ ഇവരെ ബിദ്അത്തുകാരായി മാത്രമേ ബറേൽവി അനുകൂലികൾ കണക്കാക്കുന്നുള്ളൂ,
ഇവിടെ പ്രധാനമായി പറയേണ്ട മറ്റൊരു വിഷയം തബ്ലീഗ് ജമാഅത്താണ്, അതൊരു ആദർശ പ്രസ്ഥാനമല്ല. ദയൂബന്ധി ധാരയിലെ ചില പണ്ഡിതരാൽ രൂപപ്പെട്ട ഒരു പ്രവർത്തന പ്രസ്ഥാനമാണ്, ഇതിന്റെ സ്ഥാപകനായ മൗലാന മുഹമ്മദ് ഇല്യാസ് മുൻകാല ദയൂബന്ധി ഉലമാക്കാൾക്ക് ഇല്ലാത്ത പുതിയ എന്തെങ്കിലും വാദം കൊണ്ടു വന്നതായി അക്കാലത്തെയോ പിൽക്കാലത്തെയോ ദയൂബന്ധി ധാരയിലുള്ള പണ്ഡിതർക്കോ വിമർശകർക്ക് പോലുമോ വാദമില്ല, തബ്ലീഗ് ജമാഅത്തിനെതിരെ ബറേൽവികൾ ഉയർത്തുന്ന വിമർശനം അത് ദയൂബന്ധി ധാരയിൽ നിന്നുള്ള പ്രവർത്തന രീതിയാണ് എന്നതാണ്, കേരളത്തിൽ തബ്ലീഗ് പ്രവർത്തനത്തെ വിധിക്കാൻ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അവലംബിച്ചത് മർഹൂം അഹമ്മദ് രസാ ഖാന്റെ കിതാബ് ആണെന്ന് അവർ തന്നെ എഴുതിയിട്ടുണ്ട്, അദ്ദേഹം കുഫ്ർ ചാർത്തിയതും എതിർത്തതും മേൽപ്പറഞ്ഞ നാല് ദയൂബന്ധി ആകാബിരീങ്ങളെയാണ്, അപ്പോൾ അവരെ അംഗീകരിക്കുന്നു എന്നതാണ് തബ്‌ലീഗിന്റെ പിഴവായി ഇവിടെ കണക്കാക്കുന്നത്,
ചില കേന്ദ്രങ്ങൾ പുതുതായി പ്രചരിപ്പിക്കുന്നത് പോലെ തബ്ലീഗ് ജമാത്തിന് മാത്രമേ ഇവരുടെ ആദർഷത്തോട് യോജിപ്പുള്ളൂ എന്നതിൽ എത്ര മാത്രം സത്യമുണ്ടെന്ന് നോക്കാം. തബ്ലീഗ് പ്രവർത്തനം മൗലാന ഇല്യാസ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ മരണപ്പെട്ട വ്യക്തിത്വമാണ് മൗലാന ബറേൽവി, ഇദ്ദേഹം വിമർശിച്ച പണ്ഡിതരുടെ ആശയം ദയൂബന്ധിയ്യത്താണ്, ആ ദയൂബന്ധിയത്തിനെ ആര് അംഗീകരിച്ചാലും തബ്ലീഗിന് സമാനമായ വിധി അവർക്കും ബാധകമാവേണ്ടതില്ലേ, ഇല്ലെങ്കിൽ വലിയ വൈരുധ്യം പ്രകടമാവും, അത് മുഴച്ചു നിൽക്കുന്നതാണ് ഈയിടെ കാണുന്നത്.
തബ്ലീഗിന് മാത്രമാണോ ഈ പണ്ഡിതരുടെ ആദർഷത്തോട് യോജിപ്പ് എന്നു നമുക്ക് പരിശോധിക്കാം.. ഈ നാല് വിഖ്യാതരായ പണ്ഡിതരോടും ഇവരുടെ ആദര്ശത്തോടും ദാറുൽ ഉലൂം ദയൂബന്ദിലെ മറ്റു പണ്ഡിതരുടെ നിലപാട് എന്താണെന്ന് കാണാം..
അല്ലാമാ അൻവർ ഷാ കാശ്മീരി എഴുതുന്നു " ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും സൂര്യനും, ആത്മീയ നായകനും, മഹാത്മാവുമായ അല്ലാമാ മുഹമ്മദ് ഖാസിം നാനൂത്തവിയാണ് ഈ പ്രോജ്വലമായ മദ്രസയുടെ സ്ഥാപകൻ, ഒപ്പം കർമ്മ ശാസ്ത്ര പണ്ഡിതനും, മുജ്തഹിദും, സൂഫി വാര്യനുമായ മൗലാന റഷീദ് അഹമ്മദ് ഗംഗോഹിയുമുണ്ട്, മൗലാന മുഹമ്മദ് ഖാസിം നാനൂത്തവിയെ നാം നമ്മുടെ ഉസൂലിന്റെ ഇമാമും, ശൈഖ് റഷീദ് അഹമ്മദ് ഗംഗോഹി യെ നമ്മുടെ ഫുറൂഇന്റെ ഇമാമുമായി കണക്കാക്കുന്നു, അതാണ് നമ്മുടെ പാത" (1912 ൽ ദാറുൽ ഉലൂമിൽ നടത്തിയ അറബി പ്രസംഗത്തിന്റെ തർജ്ജമ)
ശൈഖ് ഹസൻ ഹസ്രത്ത് ഉൾപ്പെടെയുള്ള മഹോന്നതാരായ ഒട്ടനവധി പണ്ഡിതരുടെ ഗുരുവാണ് ദയൂബന്ദിലെ പ്രിൻസിപ്പാൾ ആയിരുന്ന അല്ലാമാ സയ്യിദ് ഹുസ്സൈൻ അഹമ്മദ് മദനി, അദ്ദേഹത്തിന്റെ നാമധേയത്തിൽ ശൈഖ് ഹസൻ ഹസ്രത്ത് സ്ഥാപിച്ചതാണ് പാപ്പിനിശ്ശേരിയിലെ ഹുസൈനിയ്യഃ യതീംഖാന, തന്റെ മഹാ ഗുരുവിനെ കുറിച്ച് ഒട്ടേറെ ഹസ്രത്ത് അവറുകൾ എഴുതിയിട്ടുണ്ട്, ദൈർഘ്യം ഭയന്ന് അതിലേക്ക് കടക്കുന്നില്ല, സയ്യിദ് ഹുസ്സൈൻ അഹമ്മദ് മദനി അവറുകൾ മദാഹിറുൽ ഉലൂമിലേക്ക് എഴുതിയ കത്തിൽ പറയുന്നു " നമ്മൾ എപ്പോഴും നമ്മുടെ ആകാബിരീങ്ങളുടെ മാർഗ്ഗത്തിൽ തന്നെയാണ് നിലകൊണ്ടിട്ടുള്ളത്, ഹസ്രത്ത് നാനൂത്തവി യുടെ ഉപദേശങ്ങളാണ് ദാറുൽ ഉലൂമിന്റെ കാതൽ, ഈ സ്ഥാപനത്തിൽ സേവനം ചെയ്യുന്നവർ ആ പാതയിൽ ഉള്ളവരാവണം എന്ന് മഹാനർ നിഷ്കർശിച്ചിട്ടുണ്ട്. നമ്മുടെ ആകാബിരീങ്ങൾ മുഖല്ലിദീങ്ങളാണ്, അവർ ഹനഫികളാണ്, അവർ സുന്നികളും മാതുരീദികളുമാണ്, അവരിൽ ഏറെയും ഖാദിരി, ചിശ്തി, നക്ഷബന്ധി, സുഹ്രവർദ്ദി ധാരയിലുള്ളവരാണ്. അവർ മതത്തിലെ പുത്തൻ വാദത്തെ എതിരിടുന്നവരാണ്, ഇത് തന്നെയാണ് നമ്മുടെ ആകാബിരീങ്ങളുടെയും അവരുടെ മുൻഗാമികളുടെയും വഴി, (മക്തൂബാതെ സിൽസിലെ മൗദൂദി ജമാഅത്ത്,കത്ത് 14 പേജ് 101)
പ്രമുഖ പണ്ഡിതൻ മുഫ്തി തഖി ഉസ്മാനി എഴുതുന്നു " ദയൂബന്ധി പണ്ഡിതർ നിലകൊള്ളുന്നത് അവരുടെ പൂർവ്വീകരുടെ പാതയിലാണ്, അതിന്റെ സ്ഥാപക മഹത്തുക്കൾ കാണിച്ച ആദർശം അവരുടെ ശൈഖുമാരിൽ നിന്ന് പാരമ്പര്യമായി ലഭിച്ചതാണ്, ആ ശ്രംഖല അവരിലൂടെ പ്രവാചക അനുചരന്മാരിലേക്കാണ് ബന്ധപ്പെട്ടു കിടക്കുന്നത്. അല്ലാമാ ഖാരി ത്വയ്യിബ് സാഹിബ് ആണ് നാം കണ്ട ആദർശ ഗുരു, അദ്ദേഹം തന്റെ മുന്ഗാമികളിൽ നിന്ന് പൊരുത്തം ലഭിച്ചയാളാണ്, മൗലാന അഷറഫ് അലി താനവി, മൗലാന അൻവർ ഷാഹ് കാശ്മീരി, മൗലാന മഹ്മൂദുൽ ഹസൻ തുടങ്ങിയവരുമായി അദ്ദേഹത്തിന്റെ നിരന്തര സമ്പർക്കവും അദ്ദേഹത്തിന്റെ ആദർഷം ഊട്ടിയുറപ്പിക്കാൻ പ്രേരകമായി, അദ്ദേഹത്തിന്റെ മസ്‌ലക്ക് ഉലമ എ ദയൂബന്ദ് എന്ന ഗ്രന്ഥത്തിൽ ദയൂബന്ധി ഉലമാക്കളുടെ ആദർശം വ്യക്തമായി ചർച്ച ചെയ്യുന്നുണ്ട്"
ദയൂബന്ധി പണ്ഡിതരിൽ പ്രമുഖനായ മൗലാന ഉബൈദുല്ല സിന്ധി എഴുതുന്നു : " മൗലാന റഷീദ് അഹമ്മദ് ഗംഗോഹി അഗാധ ജ്ഞാനമുള്ള ഇമാമും , ഹനഫീ മദ്ഹബിലെ മുജ്താഹിദുമാണ് എന്ന് ഞാൻ മനസ്സിലാക്കുന്നു, തന്റെ ഗുരുവായ അബ്ദുൽ ഗനി യുടെ പാതയിൽ ഉറച്ചു നിന്ന അദ്ദേഹം അണുകിട വ്യതിചലിച്ചില്ല, ഷാഹ് വലിയുള്ളവഹിയുടെ പിൻഗാമി എന്ന നിലയിൽ ഇക്കാര്യത്തിൽ അദ്ദേഹം ഷാഹ് മുഹമ്മദ് ഇസഹാഖ് ദഹ്ലവിയോട് തുല്യനാണ്, ഇമ്ദാദുല്ല മുഹാജിർ മക്കിക്കും ഇമാം മുഹമ്മദ് ഖാസിം നാനൂത്തവിക്കും ശേഷം ദയൂബന്ധി മസ്‌ലക്കിന്റെ ഇമാമാണ് അല്ലാമാ റഷീദ് അഹമ്മദ് ഗംഗോഹി" ( ഷാഹ് വലിയുല്ലാഹിയുടെ രാഷ്ട്രീയ മുന്നേറ്റങ്ങൾ പേജ് : 197)
മൗലാന സയ്യിദ് അബുൽ ഹസൻ അലി നദ്‌വി യുടെ പിതാവ് മൗലാന അബ്ദുൽ ഹയ്യ് ഹസനി ലഖ്‌നവി എഴുതുന്നു " നമ്മുടെ ശൈഖും ഇമാമും
മഹാ പണ്ഡിതനുമായ അല്ലാമാ മുഹമ്മദ് ഖാസിം നാനൂത്തവി ഇവിടെ ജീവിച്ച ഉന്നത ജ്ഞാനികളിൽ ഒരാളാണ്, ഹാജി ഇമ്ദാദുല്ല യുടെ യഥാർഥ പിന്മുറക്കാരനായ അദ്ദേഹത്തെ കുറിച്ച് ഹാജി സാഹിബ് പറഞ്ഞത് " ഖാസിമിനെ പോലുള്ളവരെ നമ്മുടെ മുൻകാലക്കാരിൽ (താബിഉകളിൽ) മാത്രമേ കണ്ടെത്താൻ കഴിയൂ" എന്നാണ്, മീററ്റിൽ നിന്ന് മടങ്ങി മൗലാന സയ്യിദ് ആബിദ് ഹുസൈനൊപ്പം ദയൂബന്ധി ലെ ഇസ്ലാമിക കലാലയത്തിന്റെ മുൻ നിരക്കാരിൽ ഒരാളായി"
(നുസ്ഹത്തുൽ ഖവാത്തിർ പേജ് : 1067/8)
അദ്ദേഹം തന്നെ അല്ലാമാ റഷീദ് അഹമ്മദ് ഗംഗോഹിയെ കുറിച്ചു കുറിക്കുന്നു " അദ്ദേഹം തഖ്‌വയുടെയും ഇത്തിബാഇന്റേയും മാതൃകയായിരുന്നു, സുന്നത്തിലും ശരീത്തിലും ഉറച്ചു നിന്നു, തെറ്റുകളോട് ഒരു ദാക്ഷിണ്യവും അദ്ദേഹം കാട്ടിയില്ല, ഇൽമിന്റെ കാര്യത്തിൽ അദ്ദേഹം ഇമാം ആയിരുന്നു, അദ്ദേഹം ആളുകളെ തർബിബിയ്യത്തു ചെയ്ത മുറബ്ബിയായ ശൈഖ് ആയിരുന്നു ഒരു വെള്ളിയാഴ്ച്ച ജുമുഅ ബാങ്കിന് ശേഷമാണ് മഹാനവറുകൾ ഇഹലോക വാസം വെടിഞ്ഞത്, " (അതേ ഗ്രന്ഥം).
മൗലാന റഷീദ് അഹമ്മദ് ഗംഗോഹിയുടെ വാക്കുകൾ ക്രോഡീകരിച്ച് ശിഷ്യനായ മൗലാന യഹ്‌യ കാന്തലവി എഴുതിയ കിതാബ് അദ്ദേഹത്തിന്റെ മകൻ മൗലാനാ മുഹമ്മദ് സകരിയ്യ കാന്തലവി യാണ് "ലാമിഅഃ ദരാരി" എന്ന പേരിൽ പ്രസിദ്ധീകരിച്ചത്.
മൗലാന അബുൽ ഹസൻ അലി നദ്‌വി യാണ് ഈ നാല് മഹത്തുക്കളെ കുറിച്ച് ഏറ്റവുമധികം പ്രകീർത്തിച്ചത്, മൗലാന റാബിഅ് ഹസനി നദ്‌വി യുടെ പിതാവിന്റെ പേര് മൗലാന റഷീദ് അഹമ്മദ് ഗംഗോഹി യുടെ സ്മരണാർത്ഥമാണ് ഇട്ടത് എന്ന് അദ്ദേഹം ഈയുള്ളവനോട് തന്നെ പറഞ്ഞിട്ടുണ്ട്.
ചുരുക്കത്തിൽ ദയൂബന്ധി പണ്ഡിതർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന എല്ലാവരുടെയും അടിത്തറ മൗലാന മുഹമ്മദ് കാസിം നാനൂത്തവി തന്നെയാണ്, ശൈഖ് റഷീദ് അഹമ്മദ് ഗംഗോഹിയാണ് അവരുടെ ആത്മീയ സരണിയിലെ മുർഷിദ്, ഇത് ആ സരണയിലെ എല്ലാവരും അംഗീകരിക്കുന്ന സത്യമാണ്, ശൈഖ് ഹസൻ ഹസ്രത്ത് ബൈഅത്ത് ചെയ്ത
ശൈഖ് ഹുസ്സൈൻ അഹമ്മദ് മദനി അല്ലാമാ ഗംഗോഹിയുടെ ഖലീഫയാണ്,
ദയൂബന്ധി സരണയിലെ ആദരിക്കപ്പെടുന്ന മറ്റു പണ്ഡിതരിൽ പ്രമുഖർ മൗലാന അഷറഫ് അലി താനവിയാണ്. ഹാജി ഇമ്ദാദുല്ല യുടെ മുരീദായ ഹസ്രത്ത് താനവിയെ ഹകീമുൽ ഉമ്മ എന്നാണ് ദയൂബന്ധി പണ്ഡിതർ വിശേഷിപ്പിക്കുന്നത്. ദയൂബന്ധി മസ്ലക്ക് എന്ന ഖാരി ത്വയ്യിബ് അവരുകളുടെ കിതാബിലും ഹസ്രത്ത് താനവി യെ ദയൂബന്ധി മസ്‌ലക്കിന്റെ നെടുംതൂണായി എണ്ണപ്പെടുന്നുണ്ട്,
ജംഇയ്യത്തുൽ ഉലമാ ഏ ഹിന്ദ് സ്ഥാപക നേതാവായ അല്ലാമാ ഹുസ്സൈൻ അഹമ്മദ് മദനി മേൽപറയപ്പെട്ട പണ്ഡിത ശ്രേഷ്ഠരെ കുറിച്ച് എഴുതിയത് മുകളിലുണ്ട്. അതേ പാതയിൽ തന്നെയാണ് ഇന്നും ജംഇയ്യത്തുൽ ഉലമ ഏ ഹിന്ദ്,
കേരളത്തിന്റെ മഹാഗുരു ശൈഖ് ഹസൻ ഹസ്രത്ത് (റ) മരണം ജംഇയ്യത്തുൽ ഉലമാ യെ ഹിന്ദിന്റെ കേരള അധ്യക്ഷനായിരുന്നു, ദയൂബന്ധി ലെ തന്റെ ഗുരുക്കന്മാരെ കുറിച്ച് അദ്ദേഹത്തിന്റെ സമീപനം ഉസ്താദ് കെ കെ സദഖത്തുള്ള മൗലവി എഴുതുന്നു "ദയൂബന്ദീ പണ്ഡിതന്മാരില്‍ അക്കാലത്ത് തലയെടുപ്പുള്ള പലരും അദ്ദേഹത്തിന്റെ ഗുരുവര്യന്മാരുമാണു. തന്റെ ഗുരുനാഥന്മാരെ ബഹുമാനിക്കുന്നതിലും ആദരിക്കുന്നതിലും പ്രസിദ്ധനായിരുന്ന ശൈഖ് ഹസന്‍ ഗുരുഭക്തിയുടെ പ്രതീകവുമായിരുന്നു.
ഈ ഗുരുഭക്തി കാരണം തന്റെ ഗുരുവര്യന്മാരായ ദയൂബന്ദ് ഉലമാക്കളെ പഴിക്കാന്‍ തയ്യാറില്ലാത്തതിന്റെ പേരില്‍ അദ്ദേഹത്തെ പലരും കുറ്റപ്പെടുത്താറുണ്ട്. പക്ഷെ ഗുരുനാഥന്മാരെ വ്യക്തവും സ്പഷ്ടവുമായ ഭാഷയിലും ശൈലിയിലും നിന്ദിക്കുവാനും വ്യക്തിഹത്യ നടത്തുവാനും സങ്കോചമില്ലാത്ത പണ്ഡിതന്മാര്‍ ദീനീ നേതാക്കളായ ഇക്കാലത്ത് അതില്‍ അത്ഭുതമില്ല.” (ഉസ്താദ് കെ.കെ സദഖത്തുള്ള മൗലവി, ശൈഖ് ഹസൻ ഹസ്രത്ത് സ്മരണിക 1983)
ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ അധ്യക്ഷൻ മൗലാന വടുതല മൂസാ ഉസ്താദ് മേൽ പറയപ്പെട്ട ദയൂബന്ധി ഉലമാക്കളെ ഏറെ ആദരിക്കുകയും അവർക്ക് വേണ്ടി എഴുതുകയും പറയുകയും ചെയ്തിട്ടുണ്ട്, കേരളത്തിൽ ജംഇയ്യത്തുൽ ഉലമ ഏ ഹിന്ദിന്റെ സ്ഥാപക നേതാക്കളിൽ പ്രമുഖനാണ് അദ്ദേഹം, ആരുടെ ആദർശം പിന്തുടരുന്നു എന്ന കാരണത്താലാണോ തബ്ലീഗുകാർ പിഴച്ചു എന്ന് ഉത്തര കേരളത്തിലെ സുന്നീ സംഘടനകൾ വിധി പറഞ്ഞത് അതേ കുറിച്ച് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷന്റെ നിലപാട് സുവ്യക്തമാണ്, ആ നാല് പണ്ഡിതരും മറ്റു ദയൂബന്ധി പണ്ഡിതരും അഹ്ലുസ്സുന്ന ആണെന്നും അഹമ്മദ് രസാ ഖാന്റെ ആരോപണങ്ങൾ അടിസ്ഥാന രഹിതം ആണെന്നും സ്ഥാപിച്ചു കൊണ്ട് അൽപ്പ കാലം മുമ്പാണ് അദ്ദേഹം ദയൂബന്ധി ഉലമാക്കളുടെ അഖീദ എന്ന പുസ്തകം മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്‌തത്, ആ പണ്ഡിതരെ കുറിച്ച് അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ മാറി എന്നത് വ്യാജ പ്രചാരണമാണ്, അത് പോലെ ദ്യോതിപ്പിക്കുന്ന ചില പരാമർശങ്ങൾ ഒരു അഭിമുഖത്തിൽ കണ്ടിരുന്നു എന്നാൽ അതേ അഭിമുഖത്തിൽ തന്റെ നിലപാട് അദ്ദേഹം തുറന്നു പറയുന്നു " പ്രസ്തുത ഗ്രന്ഥം പരിഭാഷപ്പെടുത്താനുള്ള സാഹചര്യമെന്നായിരുന്നു?"
"ആ ഗ്രന്ഥത്തിലുള്ള പല നല്ല കാര്യങ്ങളെക്കുറിച്ചും എതിരായി ഓരോരുത്തര്‍ പറയുമ്പോള്‍, എന്നാല്‍ അതൊന്നു പരിഭാഷപ്പെടുത്താമെന്നു തോന്നി. ദയൂബന്ദ് ഉലമാഇനെ എനിക്ക് വളരെ സ്‌നേഹമാണ്. അവര്‍ ഉറച്ച ഹനഫികളാണ്. ഹനഫി ശരിയായി അവതരിപ്പിക്കാന്‍ കഴിവുള്ളവരാണവര്‍. സുന്നികള്‍ ചെയ്യുന്നതെല്ലാം അവര്‍ ചെയ്യുന്നുണ്ട്. മൗലാനാ ഹുസൈന്‍ അഹ്മദ് മദനി പതിമൂന്നു വര്‍ഷമാണ് മദീനാ പള്ളിയില്‍ ദര്‍സ് നടത്തിയത്. അവര്‍ ഉറച്ച സുന്നകളാണ്. നബിയെ പല തവണ സ്വപ്‌നം കണ്ടവരാണ്. ഹുസൈന്‍ അഹ്മദ് മദനി രചിച്ച നഖ്‌ഷേഹയാത്തില്‍ അവര്‍ എന്തുകൊണ്ട് വഹാബിസത്തിനെതിരാകുന്നു എന്ന കാര്യങ്ങള്‍ വ്യക്തമാക്കി എഴുതിയിട്ടുണ്ട്"
ദക്ഷിണയുടെ ഇപ്പോഴത്തെ അധ്യക്ഷൻ ചേലക്കുളം അബുൽ ബുഷ്റാ മൗലവിയും ദയൂബന്ധി ഉലമാക്കളെ അംഗീകരിക്കുന്ന പണ്ഡിതവര്യനാണ്, ദാറുൽ ഉലൂം വാർഷികത്തോടനുബന്ധിച്ച് കേരളത്തിൽ നിന്നിറങ്ങിയ പതിപ്പിൽ അദ്ദേഹത്തിന്റെ തൂലികയും മേൽ പണ്ഡിതരെ മഹത്വപ്പെടുത്തിയിട്ടുണ്ട്, ദക്ഷിണയുടെ നിലവിലെ ഉപാദ്ധ്യക്ഷൻ മൗലാന പി.പി ഇസ്ഹാഖ് മൗലവിയാണ് നിലവിൽ ജംഇയ്യത്തുൽ ഉലമ ഏ ഹിന്ദ് കേരള സംസ്ഥാന അധ്യക്ഷൻ എന്നു കൂടി കുറിക്കട്ടെ...
കാരന്തൂർ മർക്കസിലെ മുദരിസ് ആയ മുഖ്താർ ഹസ്രത്ത് എഴുതിയ ബാഖിയാത്തിന്റെ ചരിത്രം എന്ന പുസ്തകത്തിൽ പഴയ കാലം തൊട്ടേ ബാഖിയാത്തിലെ ഹസ്രത്തുമാർ ദയൂബന്ധിലെ മേൽപ്പറഞ്ഞ പണ്ഡിതരെ ബൈഅത്ത് ചെയ്തതായി ആദരവോടെ വിവരിക്കുന്നു
" ദാറുൽ ഉലൂമിലെ പഠന കാലത്ത് അഷറഫ് അലി താനവി അവയെ ബൈത്ത് ചെയ്യുവാൻ വേണ്ടി അബ്ദുൾ റഹീം ഹസ്രത്ത് ഥാനഭവനിലേക്ക് പുറപ്പെട്ടു , എന്നാൽ അഷ്റഫ് അലി(റ) തന്റെ ശൈഖ് ആയ ഖലീൽ അഹമ്മദ് അംബേട്ടവി ( അല്ലാമാ സഹാരൻപൂരി) യുടെ അടുത്തേക്ക് യാത്ര തിരിച്ചിരുന്നു തിരിച്ചിരുന്നു , അതിനാൽ അബ്ദുൾ റഹീം ഹസ്രത്ത് അമ്പേട്ടയിലേക്ക് യാത്ര ചെയ്യാൻ തീരുമാനിക്കുകയും അമ്പേട്ടയിൽ എത്തുകയും ചെയ്തു ( ബാഖിയാത്തിന്റെ ചരിത്രം : (മുഖ്താർ ബാഖവി) പേജ് 67)
മാത്രമല്ല ബാഖിയാത്തിലെ ഒന്നാം സനദ് ദാന സമ്മേളനത്തിലെ അധ്യക്ഷൻ മൗലാന ഖാസിം നാനൂത്തവിയുടെ മകനായ മൗലാന മുഹമ്മദ് അഹമ്മദ് സാഹിബ് ആയിരുന്നു,
ചുരുക്കത്തിൽ തബ്ലീഗ് ജമാഅത്തിനെ ഉത്തര കേരളത്തിലെ ആദ്യ കാല സുന്നീ പണ്ഡിതർ പിഴച്ച പ്രസ്ഥാനം എന്നു വിളിച്ചത് നാനൂത്തവി,ഗംഗോഹി, താനവി, അമ്പേട്ടവി എന്നിവരുമായുള്ള ആദർശ ബന്ധം കൊണ്ടാണ്, എന്നാൽ തബ്ലീഗ് അനുകൂലികൾ ആവട്ടെ അതിനോട് വിയോജിപ്പുള്ളവരാകട്ടെ മേൽ പറഞ്ഞ പണ്ഡിതരോടുള്ള ആദർശ ബന്ധമാണ് മുകളിൽ സൂചിപ്പിച്ചത്, അപ്പോൾ സ്വാഭാവികമായും തബ്ലീഗിനോട് എടുത്ത സമീപനം ഇവർക്കും ബാധകമാണ്, ബാധകമാവണം, കാരണം അവരും മേൽപ്പറഞ്ഞ പണ്ഡിതരുടെ ആദർശത്തിൽ നിലകൊള്ളുന്നവരാണ് എന്നു തുറന്നു പറഞ്ഞതാണല്ലോ, അവരാരും തബ്ലീഗ് പ്രവർത്തകർ ആവണമെന്നില്ല. കാരണം ആ പ്രവർത്തനമല്ല അത് ഉൾക്കൊള്ളുന്ന മുൻകാല ആകാബിരീങ്ങളുടെ ആദർശമാണല്ലോ പിഴവ് എന്നു വിധിക്കപ്പെട്ടത്, വിഖ്യാതരായ ദയൂബന്ധി പണ്ഡിതരാരും തബ്ലീഗുകാർ അല്ല, മൗലാന ഹുസ്സൈൻ അഹമ്മദ് മദനി, അല്ലാമാ അൻവർ ഷാ കാശ്മീരി, കേരളത്തിൽ നിന്നുള്ള ശൈഖ് ഹസൻ ഹസ്രത്ത്, തുടങ്ങി ഒട്ടേറെ വിഖ്യാത പണ്ഡിതർ തബ്ലീഗ് അമലിലെ പ്രവർത്തകർ ആയിരുന്നില്ല, എന്തിന് മൗലാന മുഹമ്മദ് സകരിയ്യ കാന്തലവി പോലും സാങ്കേതികമായി തബ്ലീഗുകാരൻ ആയിരുന്നില്ല, എന്നാൽ ദയൂബന്ധി ആകാബിരീങ്ങളോടുള്ള അവരുടെ നിലപാടും മൗലാന ഇല്യാസിന്റെ നിലപാടും രണ്ടും രണ്ടല്ല...
വൈരുധ്യം അവിടെയല്ല, ഇവിടെയാണ്.
തബ്ലീഗ് പ്രസ്ഥാനത്തോട് കടുത്ത വിയോജിപ്പ് പുലർത്തുന്നവർ ദയൂബന്ധി പണ്ഡിതന്മാരിലും അവരെ അനുകൂലിക്കുന്ന അവരിലും ഉണ്ടാവാം എന്നാൽ അവരാരുംതന്നെ തബ്ലീഗ് പ്രവർത്തനത്തെയോ, പ്രവർത്തകരെയോ എതിർക്കുന്നത് തബ്ലീഗുകാർ മൗലാനാ നാനൂതവി യുടെയും ഹസ്രത്ത് ഗംഗോഹിയുടെയും അല്ലാമാ അഷറഫ് താനവിയുടെയും ശൈഖ് ഖലീൽ അഹമ്മദ് അമ്പെട്ടവിയുടെയും ആദർശക്കാരാണ് എന്നത് കൊണ്ടല്ല, മറിച്ച് ഇപ്പോൾ ചിലരെങ്കിലും ആ ആദർശത്തിൽ നിന്ന് വ്യതിചലിച്ചോ എന്ന ചിന്ത കൊണ്ടും കൂടിയാണ് , അതിനാലാണ് വടുതല ഉസ്താദ് മുഹന്നദ് ഭാഷാന്തരം ചെയ്തത് എന്ന് ദക്ഷിണയിലെ പണ്ഡിതർ തന്നെ പറയും, അതിനാൽ വസ്തുതകൾ വസ്തുതകളായി മനസ്സിലാക്കുക, സത്യത്തോട് കൂറ് പകർത്തുക. മഹത്തുക്കളായ ദയൂബന്ധി ഉലമാക്കളെ അംഗീകരിച്ചു എന്ന കാരണം കൊണ്ട് ആരെയും അഹ്ലുസ്സുന്നയിൽ നിന്ന് പുറത്താക്കാതിരിക്കുക, ചിലർ പുറത്ത് ചിലർ അകത്ത് എന്ന ഇരട്ടത്താപ്പും അവരെ അംഗീകരിക്കുന്ന എല്ലാവരും പുറത്ത് എന്ന അറിവില്ലായ്മക്കും മീതെ സത്യം ശോഭിച്ചു നിൽക്കുന്നു.. അല്ലാമാ അലി മിയാന്റെയും മൗലാന വാദിഹ് ഹസനി യുടെയുമെല്ലാം മരണം പോലെ, ഈമാൻ ശോഭിച്ചു നിൽക്കട്ടെ...
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
No comments:
Post a Comment