മര്‍ഹൂം ശൈഖുനാ വടുതല മൂസാ ഉസ്താദ് (റഹിമഹുല്ലാഹ്...)
- ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
https://swahabainfo.blogspot.com/2019/01/blog-post_22.html?spref=tw
കാരുണ്യവാനായ അല്ലാഹു മുഴുവന്‍ മനുഷ്യര്‍ക്കും പൊതുവിലും, സത്യവിശ്വാസികളായ സമൂഹത്തിന് പ്രത്യേകിച്ചും കനിഞ്ഞരുളുന്ന അതിമഹത്തായ അനുഗ്രഹമാണ് റബ്ബാനികളായ പണ്ഡിത മഹത്തുക്കള്‍. ഇവരുടെ സാന്നിധ്യം മുഴുവന്‍ ജനങ്ങള്‍ക്കും വലിയ അനുഗ്രഹമായിരിക്കും. ഇവരുടെ വിയോഗം എല്ലാവര്‍ക്കും തീരാനഷ്ടവുമായിരിക്കും. ഇക്കൂട്ടത്തില്‍ കേരളം മുഴുവന്‍ നായക സ്ഥാനം അലങ്കരിച്ചിരുന്ന ഒരു വ്യക്തിത്വമായിരുന്നു മഹാനായ ശൈഖുനാ മൂസാ ഉസ്താദ് ഫാളില്‍ ബാഖവി അവര്‍കള്‍.
ദീനിന്‍റെയും ഇല്‍മിന്‍റെയും നാടായ വടുതലയില്‍ ഈ നക്ഷത്രം ഉദിച്ചു. കേരളത്തിലെ പ്രഗത്ഭ പണ്ഡിത മഹത്തുക്കളില്‍ നിന്നും പഠിച്ചു വളര്‍ന്നു. വിശിഷ്യാ, മര്‍ഹൂം അസ്ഹരി തങ്ങള്‍ പ്രധാന ഗുരുനാഥനാണ്. അന്ത്യം വരെ അത്ഭുതകരമായ ഗുരുശിഷ്യ ബന്ധം ഇരുവര്‍ക്കുമിടയില്‍ നിലനിന്നിരുന്നു. തുടര്‍ന്ന് ഉമ്മുല്‍ മദാരിസുകളിലൊന്നായ വെല്ലൂര്‍ ബാഖിയാത്തുസ്വാലിഹാത്തില്‍ ഉപരി പഠനം നടത്തി. ദാറുല്‍ ഉലൂം ദേവ്ബന്ദിലെ ശൈഖുല്‍ ഇസ്ലാം മൗലാനാ ഹുസൈന്‍ അഹ്മദ് മദനിയുടെ പ്രഗത്ഭ ശിഷ്യനും ദാറുല്‍ ഉലൂമിന്‍റെ അഭിമാനവുമായിരുന്ന മൗലാനാ ശൈഖ് ഹസന്‍ ഹസ്രത്ത് ബാഖിയാത്തിന്‍റെ ഐശ്വര്യമായിരുന്ന കാലഘട്ടമായിരുന്നു ഇത്. ഹസ്രത്തിന്‍റെ വിശിഷ്യ ശിഷ്യനായി മഹാനായ ഉസ്താദി മാറി. തുടര്‍ന്ന് നാട്ടിലെത്തി നക്ഷത്രം പ്രകാശിക്കുകയും ചന്ദ്രനും സൂര്യനുമായി ഉയരുകയും ചെയ്തു. ദക്ഷിണ കേരളത്തിലെ കാഞ്ഞിരപ്പള്ളിയിലും കുഞ്ഞുണ്ണിക്കരയിലും മറ്റും നിറഞ്ഞ ദറസുകള്‍ നടത്തി. ഗുരുവര്യന്‍റെ സ്ഥാപനമായ വാഴക്കുളം ജാമിഅ ഹസനിയ്യയെ പ്രകാശിപ്പിച്ചു. തുടര്‍ന്ന് സ്വന്തം നാട്ടില്‍ മജ്ലിസുല്‍ അബ്റാറിന്‍റെ വിശാലമായ പദ്ധതികള്‍ നടപ്പിലാക്കി. ഇതിലൂടെ ആയിരക്കണക്കിന് ശിഷ്യരുണ്ടായി.
ഉസ്താദ് ശിഷ്യരെയും, ശിഷ്യര്‍ ഉസ്താദിനെയും അതിരറ്റ് സ്നേഹിച്ചു എന്നുള്ളതാണ് വലിയൊരു പ്രത്യേകത. ഞങ്ങളുടെ എളിയ സ്ഥാപനമായ ഓച്ചിറ ദാറുല്‍ ഉലൂമിന്‍റെ ഐശ്വര്യം, മര്‍ഹൂം ചന്തിരൂര്‍ ഇബ്റാഹീം ഉസ്താദ് (റഹ്) ഇതിന്‍റെ ഉദാത്ത ഉദാഹരണമാണ്. ഇരുവരും നിരന്തരം കാണുകയും സദാ അനുസ്മരിക്കുകയും ബന്ധപ്പെടുകയും ചെയ്തിരുന്നു. ചന്തിരൂര്‍ ഉസ്താദിനോട് എന്ത് ചോദിച്ചാലും വടുതല ഉസ്താദിന്‍റെ മറുപടി ഉറപ്പായും ഉള്‍പ്പെടുത്തിയിരിക്കും. ക്ലാസ്സിലെ പിരീഡ് മുഴുവനും ഉസ്താദിനെ കുറിച്ച് വാചാലമായ സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. ഉസ്താദിനും ശിഷ്യരോട് കാരുണ്യം നിറഞ്ഞ ബന്ധമായിരുന്നു. അവരുടെ വിവാഹം, മരണം തുടങ്ങി മിക്ക പരിപാടികളിലും പങ്കെടുത്തിരുന്നു. ദറസിന്‍റെ വിശാലമായ പ്രവര്‍ത്തനത്തോടൊപ്പം സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമായി.
മഹാനായ ഗുരുവര്യനില്‍ നിന്നും ജംഇയ്യത്ത് ഉലമാ ഏ ഹിന്ദിന്‍റെ അംഗത്വം സ്വീകരിച്ചു. ശേഷം ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയില്‍ സജീവമായി. റഈസുല്‍ ഉലമാ ശിഹാബുദ്ദീന്‍ ഉസ്താദിന്‍റെ കാലത്ത് തന്നെ ജംഇയ്യത്തിന്‍റെ വര്‍ക്കിംഗ് പ്രസിഡന്‍റും ശേഷം സംസ്ഥാന അദ്ധ്യക്ഷനുമായി. ശബ്ദം വളരെ പതുങ്ങിയതായിരുന്നുവെങ്കിലും വളരെ പ്രധാനപ്പെട്ട വിശയങ്ങള്‍ പറഞ്ഞിരുന്നു. ഒരിക്കല്‍ സൂറത്തുല്‍ ഹജ്ജിലെ അവസാന ആയത്തായ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ജിഹാദ് ചെയ്യേണ്ടത് പോലെ ജിഹാദ് ചെയ്യുക... എന്ന് തുടങ്ങുന്ന ആയത്ത് ഓതിക്കൊണ്ട് വിജ്ഞാനത്തിന്‍റെ വിവിധ പ്രവര്‍ത്തനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുമെന്ന് വിശദീകരിച്ചു. റഈസുല്‍ ഉലമയുടെ വിയോഗാനന്തരം കരുനാഗപ്പള്ളിയിലെ പഴയ ശൈഖ് മസ്ജിദില്‍ വെച്ച് ഉസ്താദ് നടത്തിയ പ്രഭാഷണം ശിഷ്യന്മാര്‍ക്ക് പ്രത്യേകിച്ചും, നാം പാപികള്‍ക്ക് പൊതുവിലും വലിയ സന്ദേശമാണ്. ഉസ്താദ് പറഞ്ഞു: റഈസുല്‍ ഉലമാ യാത്രയായി. പക്ഷെ, അദ്ദേഹത്തെ പോലുള്ള വ്യക്തിത്വങ്ങളെ വാര്‍ത്തെടുക്കാന്‍ അദ്ദേഹം തന്നെ കഠിനാധ്വാനം നടത്തുകയും അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുകയുണ്ടായി. ആകയാല്‍ അദ്ദേഹത്തിന്‍റെ മഹത്തായ പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും അനാഥമാകുന്നതല്ല. അനാഥമാകാന്‍ ഇടവരുത്താനും പാടില്ല.!
ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയില്‍ ഉറച്ച് നിന്നതിനോടൊപ്പം ഉസ്താദ് ഇതര പ്രവര്‍ത്തനങ്ങളെയും സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നതില്‍ ഒരു പിശുക്കും കാട്ടിയിട്ടില്ല എന്നുള്ളത് വലിയ ഒരു കാര്യമാണ്. ഉസ്താദ് ഞങ്ങളുടെ ആളാണ് എന്ന് തോന്നിപ്പോകുന്ന നിലയില്‍ എല്ലാവരോടും സത്സ്വഭാവത്തിലും സഹകരിക്കാന്‍ സാധിക്കുന്ന കാര്യങ്ങളില്‍ സഹകരിച്ചും കഴിഞ്ഞിരുന്നു.
വിശിഷ്യാ, ദേവ്ബന്ദ് ഉലമാഉം തബ് ലീഗ് പ്രവര്‍ത്തനവുമായും വലിയ ബന്ധമായിരുന്നു. ദാറുല്‍ ഉലൂം ദേവ്ബന്ദില്‍ നിന്നും 1990 കളില്‍ കേരളത്തിലേക്ക് വന്ന മൗലാനാ സയ്യിദ് അര്‍ഷദ് മദനിയെ വിമാനത്താവളത്തില്‍ വന്ന് സ്വീകരിച്ചവരില്‍ മര്‍ഹൂം മൂസാ മൗലാനാ, മര്‍ഹൂം നൂഹ് മൗലാനാ എന്നിവരോടൊപ്പം മുന്‍പന്തിയില്‍ ഉണ്ടായിരുന്നത് ഉസ്താദവര്‍കളാണ്. ദേവ്ബന്ദ് ഉലമാഇന്‍റെ ഭാഗത്ത് നിന്നും കോട്ടയത്ത് വെച്ച് നടന്ന സംവാദത്തിന് ഉസ്താദാണ് നേതൃത്വം നല്‍കിയത്. അവസാന കാലത്ത് ദേവ്ബന്ദ് ഉലമാഇനെ കുറിച്ച് ചിലര്‍ അപരാധങ്ങള്‍ പ്രചരിപ്പിച്ചപ്പോള്‍ അല്ലാമാ ഖലീല്‍ അഹ് മദ് സഹാറന്‍പൂരി (റഹ്) യുടെ അല്‍ മുഹന്നദ് എന്ന രചന വിവര്‍ത്തനം ചെയ്തു. തബ് ലീഗ് പ്രവര്‍ത്തനത്തില്‍ സഹകരിക്കാമോ എന്ന ചോദ്യത്തിന് സഹകരിക്കാമെന്ന വിശദമായ ഫത് വ നല്‍കുകയുമുണ്ടായി.
സാമൂഹ്യ പ്രവര്‍ത്തനങ്ങളോടൊപ്പം രചനാ മേഖലയിലും ശ്രദ്ധ പതിപ്പിച്ചിരുന്നു. അന്നസീമില്‍ വന്ന ചോദ്യങ്ങള്‍ക്ക് ഉസ്താദ് സരളമായി മറുപടി നല്‍കിയിരുന്നു. റൗളത്തുല്‍ ജന്ന എന്ന പേരില്‍ അത് സമാഹരിക്കപ്പെട്ടിട്ടുണ്ട്. ഹജ്ജിനെ കുറിച്ചും പ്രധാന രചനയുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ഇടയിലെല്ലാം ഇല്‍മും അമലും വര്‍ദ്ധിപ്പിക്കാനുള്ള പരിശ്രമമാണ് ആകര്‍ഷണീയമായ മറ്റൊരു പ്രത്യേകത. ഉസ്താദിന്‍റെ വാഹനത്തില്‍ നിരന്തരം കിതാബുകള്‍ കാണപ്പെടുമായിരുന്നു. ഒരിക്കല്‍ ജാമിഅത്തിര്‍മിദി കൈയ്യില്‍ പിടിച്ചുകൊണ്ട് യാത്ര ചെയ്യുന്നത് കണ്ടു.
നമസ്കാരം, ദിക്ര്‍-ദുആ ഇവകളില്‍ വലിയ നിഷ്ഠയായിരുന്നു. വുദു നിരന്തരം നിലനിര്‍ത്തിയിരുന്നു. അനുജന്‍ റഫീഖ് മര്‍ഹൂമിന്‍റെ ജനാസയില്‍ പങ്കെടുക്കാന്‍ വന്നപ്പോള്‍ ഉസ്താദ് വീട്ടില്‍ വെച്ച് തന്നെ മയ്യിത്ത് നമസ്കരിക്കാമെന്ന് പറഞ്ഞു. വുദു എടുക്കാന്‍ സൗകര്യം ഒരുക്കട്ടെ എന്ന് ചോദിച്ചപ്പോള്‍ വുദു എപ്പോഴും ഉണ്ടാകാറുണ്ട് എന്ന് പറഞ്ഞ് ആളുകള്‍ക്കിടയില്‍ വെച്ച് തന്നെ കൈകെട്ടി ഇരുന്ന് നമസ്കരിക്കുകയുണ്ടായി.
അനുഗ്രഹീത ഹറമുകളുമായിട്ടുള്ള ബന്ധം അത്ഭുതകരമായിരുന്നു. ഈ വര്‍ഷവും ഉസ്താദ് ഹജ്ജിന് വന്നിട്ടുണ്ട് എന്ന് ഞങ്ങള്‍ ആശ്ചര്യത്തോടെയാണ് കേട്ടിരുന്നത്. ഹറമുകളില്‍ വളരെ ഉന്മേഷവാനായും കാണപ്പെട്ടിരുന്നു. മിനയിലെ ഞെരുക്കമുള്ള സ്ഥലങ്ങളില്‍ പോലും ഉസ്താദ് സന്തുഷ്ടനായിരുന്നു.
പലവിധ രോഗങ്ങളുണ്ടായിട്ടും തികഞ്ഞ പ്രസന്നതയോടെ വിവിധ സേവനങ്ങളില്‍ മുഴുകിയ ഉസ്താദിന് ഇടയ്ക്കിടെ രോഗം കഠിനമാകാറുണ്ടായിരുന്നു. അല്ലാഹുവിന്‍റെ അനുഗ്രഹം കൊണ്ട് അത് ഭേദമായി ഉസ്താദ് വീണ്ടും സേവന നിരതനാകുന്ന കാഴ്ചയാണ് സാധാരണ കണ്ടിരുന്നത്. എന്നാല്‍ അവസാനത്തെ രോഗം അല്‍പ്പം കഠിനമായിരുന്നു. പക്ഷെ, ഉസ്താദിന്‍റെ വിശിഷ്ട ശിഷ്യന്‍ ഉസ്താദ് ഫത്ഹുദ്ദീന്‍ മൗലവിയുടെ വിവരണം വലിയ ആശ്വാസം പകര്‍ന്നു. എന്നിട്ടും കഴിയുന്നത്ര ദുആകള്‍ ചെയ്തു. പക്ഷെ, ഉസ്താദ് അല്ലാഹുവിന്‍റെ കാരുണ്യത്തിലേക്കുള്ള യാത്രയുടെ തയ്യാറെടുപ്പിലായിരുന്നു.
വിയോഗ ദിവസം (2019 ജനുവരി 02 ബുധനാഴ്ച) ആദരവായ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ മേല്‍ ബന്ധുക്കളും ശിഷ്യരും സ്വലാത്തുകള്‍ ഓതാന്‍ തുടങ്ങി. തീര്‍ച്ചയായും ഉസ്താദും അതില്‍ അങ്ങേയറ്റം ആവേശത്തോടെ ഹൃദയംഗമായി പങ്കെടുത്തിരിക്കും. എന്നാല്‍ ഇതിനിടയില്‍ ഉസ്താദ് വളരെ നിശബ്ദനായി അല്ലാഹുവിന്‍റെ കാരുണ്യത്തിലേക്ക് യാത്രയായി. സമാധാനമടഞ്ഞ ആത്മാവേ, നീ സംതൃപ്തനും നിന്നില്‍ രക്ഷിതാവ് സംതൃപ്തനുമായ നിലയില്‍ നിന്‍റെ രക്ഷിതാവിലേക്ക് നീ മടങ്ങുക. എന്‍റെ ദാസരില്‍ നീ പ്രവേശിക്കുക. എന്‍റെ സ്വര്‍ഗ്ഗത്തില്‍ നീ കടക്കുക. (സൂറത്തുല്‍ ഫജ്ര്‍)
വിയോഗ വിവരം നാടാകെ പരന്നു. എല്ലാവരും ആലപ്പുഴ ജില്ലയുടെ വടക്കെ അറ്റത്തുള്ള വടുതല മജ് ലിസുല്‍ അബ്റാറിലേക്ക് ഒഴുകി. ഉസ്താദിന്‍റെ ആഗ്രഹ പ്രകാരം പരിശുദ്ധ ഖുര്‍ആന്‍ പാരായണം മദ്റസയുടെ അരുകിലായി ഖബ്ര്‍ ശരീഫ് ഒരുക്കപ്പെട്ടു. വരുന്നവരെല്ലാവരും ജമാഅത്തായി ജനാസ നമസ്കാരം നിര്‍വ്വഹിച്ചു. വൈകുന്നേരം ആരംഭിച്ച ജനാസ നമസ്കാരങ്ങള്‍ രാത്രി വൈകുവോളം നീണ്ടു. അവസാനം ആത്മ മിത്രങ്ങളുടെയും വിശിഷ്ട ശിഷ്യരുടെയും സാന്നിദ്ധ്യത്തില്‍ നന്മകള്‍ നിറഞ്ഞ ഈ അമൂല്യ നിധിയെ അബ്റാറിന്‍റെ മടിത്തട്ടില്‍ ഏല്‍പ്പിക്കപ്പെട്ടു. അല്ലാഹു റഹ്മാത്ത്-ബറകാത്തുകള്‍ അവിടെ അനവരതം വര്‍ഷിപ്പിക്കട്ടെ.!
അല്ലാഹുവിന്‍റെ തീരുമാന പ്രകാരം ഉസ്താദ് അവര്‍കള്‍ അല്ലാഹുവിന്‍റെ റഹ് മത്തിലേക്ക് യാത്രയായി. തീര്‍ച്ചയായും ഇത് സമുദായത്തിന് വലിയൊരു നഷ്ടം തന്നെയാണ്. എന്നാല്‍ ഉസ്താദിന്‍റെ ധന്യമായ ജീവിതവും സത്ഗുണങ്ങളും ഈ ശൂന്യത ഒരളവോളം പരിഹരിക്കാന്‍ പര്യാപ്തമാണ്. ആകയാല്‍ സത്ഗുണ സമ്പന്നമായ ജീവിതത്തിന്‍റെ സ്മരണകള്‍ എന്നും നിലനിര്‍ത്താന്‍ നാം പരിശ്രമിക്കുക. അല്ലാഹു ഉസ്താദിന് ഉന്നതമായ പ്രതിഫലവും ഉത്തമ ദറജകളും കനിഞ്ഞരുളട്ടെ.! കുടുംബത്തെയും പിന്‍ഗാമികളെയും അനുഗ്രഹിക്കട്ടെ.! ഉസ്താദുമുയി ബന്ധപ്പെട്ട സ്ഥാപനങ്ങളെയും പ്രവര്‍ത്തനങ്ങളെയും കൂടുതല്‍ സജീവമാക്കുകയും ഐശ്വര്യങ്ങള്‍ കനിഞ്ഞരുളുകയും ചെയ്യട്ടെ.!
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
No comments:
Post a Comment