ഭിന്നതകൾ പരിഹരിക്കുക.!
- അല്ലാമാ ഖാലിദ് സൈഫുല്ലാഹ് റഹ് മാനി
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
https://swahabainfo.blogspot.com/2019/01/blog-post_14.html?spref=tw
സർവ്വലോക പരിപാലകനായ അല്ലാഹു മനുഷ്യന് ധാരാളം അനുഗ്രഹങ്ങൾ ചെയ്തിട്ടുണ്ട്. ഈ അനുഗ്രഹങ്ങളിൽ പലതും എല്ലാവർക്കും ഒരുപോലെയാണെങ്കിലും ചിലത് ഏറ്റെക്കുറിച്ചിലുകളോട് കൂടിയാണ് നൽകിയിട്ടുള്ളത്. ഉദാഹരണത്തിന് അല്ലാഹു എല്ലാവർക്കും രണ്ട് കണ്ണും രണ്ട് കാതും രണ്ട് കൈകാലുകളും നൽകിയെങ്കിലും കാഴ്ചയുടെയും കേൾവിയുടെയും പിടുത്തത്തിന്റെയും നടത്തത്തിന്റെയും ശേഷികൾ ഒരുപോലെയല്ല. ഇപ്രകാരം അല്ലാഹു മനുഷ്യന് നൽകിയ സമുന്നതമായ ഒരു അനുഗ്രഹമാണ് ബുദ്ധി. ഇത് മനുഷ്യനെ ഇതര ജീവികളിൽ നിന്നും വേർതിരിക്കുന്ന ഒരു മഹൽഗുണമാണ്. അതെ, മനുഷ്യൻ മാത്രമാണ് ചിന്തിക്കുകയും ഗ്രഹിക്കുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്യുന്നത്. എന്നാൽ മനുഷ്യന്റെ ഇതര യോഗ്യതകളിൽ ഏറ്റക്കുറച്ചിലുകൾ ഉള്ളതുപോലെ ചിന്താ-ഗ്രാഹ്യ- അഭിപ്രായങ്ങളിലും വ്യത്യാസങ്ങൾ സംഭവിക്കാറുണ്ട്. അതുകൊണ്ട് തന്നെ ധാരാളം കാര്യങ്ങളിൽ മനുഷ്യർക്കിടയിൽ അഭിപ്രായ വ്യത്യാസം സംഭവിക്കുന്നു. ഇസ്‌ലാമും ഈ അഭിപ്രായ വ്യത്യാസത്തെ നിയമ മര്യാദകളോടെ അംഗീകരിക്കുന്നുണ്ട്. അതെ, ഭിന്നതകളുടെ വിഷയത്തിൽ വളരെ വ്യക്തമായ നിയമങ്ങളും മര്യാദകളും ഇസ്‌ലാം പഠിപ്പിക്കുന്നു. ഭിന്നത എത്ര വലുതായാലും ചെറുതായാലും അവ പാലിക്കേണ്ടതാണ്. പരലോക വിജയത്തിന്റെ അടിസ്ഥാനം കൂടിയായ സത്യാസത്യങ്ങൾക്ക് ഇടയിലുള്ള ഭിന്നതയിൽ പോലും നിയമങ്ങളും മര്യാദകളും പാലിക്കണമെന്ന് ദീൻ ഉണർത്തുന്നു. സത്യവിശ്വാസം സ്വീകരിക്കാത്തവർക്കും ഈ ലോകത്ത് ജീവിക്കാൻ അവകാശമുണ്ടെന്നും അവരുടെയും ജീവനും സ്വത്തും അഭിമാനവും ആദരിക്കണമെന്നും സത്യവിശ്വാസം സ്വീകരിക്കാൻ അവരെ നിർബന്ധിക്കരുതെന്നും ഇസ്‌ലാം ഉപദേശിക്കുന്നു. കാരണം അഭിപ്രായ വ്യത്യാസങ്ങൾ പ്രകൃതിപരമാണ്. ഇസ്‌ലാം പ്രകൃതി മതവുമാണ്.
ഇതുകൊണ്ടുതന്നെ സഹാബാകിറാമിന്റെ കാലഘട്ടംമുതൽ മുസ്‌ലിംകൾക്കിടയിൽ ഭിന്നതകൾ ഉണ്ടായിട്ടുണ്ട്. വിശ്വാസ വിഷയങ്ങളിലും ശാഖാപരമായ കാര്യങ്ങളിലും ധാരാളം അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. ഓരേ യുഗങ്ങളിലും വിവിധ പ്രസ്ഥാനങ്ങളും വിഭാഗങ്ങളും ഉടലെടുത്തു. എന്നാൽ സത്യവാഹകരായ പണ്ഡിതർ അവരുടെ വീക്ഷണങ്ങൾ തെളിവുകളുടെ അടിസ്ഥാനത്തിൽ സമർപ്പിച്ചുകൊണ്ടിരുന്നു. എതിര് അഭിപ്രായം വഴികേടുവരെയും എത്തിച്ചേർന്നിട്ടില്ലെങ്കിൽ മറുവിഭാഗത്തിന്റെ അഭിപ്രായം അസത്യമാണെന്ന് തോന്നുകപോലും ചെയ്യാത്ത നിലയിൽ സ്വന്തം അഭിപ്രായങ്ങൾ അവർ പ്രകടിപ്പിച്ചു. അഹ്‌ലുസ്സുന്നത്ത് വൽ ജമാഅത്തിൽ വിശ്വാസ വിഷയത്തിൽ അശ്അരി, മാത്തുരിദി, ഹംമ്പലി എന്നീ മൂന്ന് സരണികളുണ്ട്. ഫിഖ്ഹി (കർമ്മശാസ്ത്രം)ന്റെ മേഖലയിൽ നാല് മദ്ഹബുകളുണ്ട്. തസവ്വുഫിലും വിവിധ ശൈലികളുണ്ട്. ഇവയുടെയെല്ലാം നായകരും വക്താക്കളും മറുവിഭാഗത്തെക്കുറിച്ച് ഈ ശൈലിയിൽ മാത്രമാണ് അഭിപ്രായം രേഖപ്പെടുത്തിയിട്ടുള്ളത്. ഇനി എതിര് അഭിപ്രായം വഴികേടും അസ്വീകാര്യവുമാണെങ്കിൽ സ്വന്തം അഭിപ്രായത്തെ തെളിവുകളുടെ വെളിച്ചത്തിൽ സമർത്ഥിക്കുകയും മറുവീക്ഷണത്തിന്റെ തെറ്റുകൾ ആവശ്യാനുസൃതം വ്യക്തമാക്കുകയും ചെയ്യാവുന്നതാണ്. പക്ഷേ, ഞങ്ങൾ പറയുന്നത് മാത്രം അംഗീകരിക്കണമെന്ന് പറഞ്ഞ് ആരെയും നിർബന്ധിക്കാൻ പാടില്ല. കൂടാതെ ഇസ്‌ലാമിക ഭരണകൂടത്തിന് ഒഴികെ ആർക്കും വഴികേടിനെ ഇല്ലായ്മ ചെയ്യാൻ ശക്തി ഉപയോഗിക്കാനും അനുവാദമില്ല. നിഷേധത്തിന് എതിരിൽ പോലും ഇതാണ് നിയമമെങ്കിൽ വ്യത്യസ്ത മുസ്‌ലിം വിഭാഗങ്ങൾക്കിടയിൽ ഈ നിയമം എത്ര കടുപ്പമായിരിക്കും! ഈ വിഷയത്തിൽ ഇസ്‌ലാം വീണ്ടും ഉപദേശിക്കുന്നു: ആരോടെങ്കിലും ചിന്താപരമായ അഭിപ്രായ വ്യത്യാസമുണ്ടായാൽ അവരുടെ വെക്തിപരമായ ദൗർബല്യങ്ങളെ ഉയർത്തിക്കാട്ടുകയും നിന്ദിക്കുകയും ചെയ്യരുത്. കാരണം ഇതിൽ മനോച്ഛ കലരാൻ സാധ്യതയുണ്ട്. പലകാര്യങ്ങളും അസത്യമോ അർദ്ധ സത്യമോ ആയിരിക്കും. ഊഹാപോഹങ്ങളും കളവുകളും പരദൂഷണങ്ങളും അപരാധങ്ങളും ഇതിൽ ധാരാളമായി കടന്നുകൂടുന്നതാണ്. മറ്റുള്ളവരുടെ അഭിമാനത്തിനും സ്വത്തിനും ജീവനും കടുത്ത ഭീഷണിയായി ഈ ഭിന്നത മാറുന്നതുമാണ്.
കഴിഞ്ഞ കാലഘട്ടത്തിൽ നന്മകളുടെ പ്രചാരണത്തിന്റെയും പ്രേരണയുടെയും മേഖലയിൽ ഏറ്റവും മുമ്പിൽ നിന്ന പ്രവർത്തനമാണ് തബ്‌ലീഗ് പ്രവർത്തനം. അടിസ്ഥാനപരമായ അറിവും നിരന്തരം ധ്യാനവും മുറുകെ പിടിച്ചുകൊണ്ട് എല്ലാവരെയും സ്‌നേഹിച്ചും ആദരിച്ചും നിഷകളങ്ക മനസ്സോടെ ഓരോ പ്രദേശങ്ങളിലും വീടുകളിലും ഈ പ്രവർത്തനം മുഖേനെ പരിശുദ്ധ കലിമയും സമുന്നത നിസ്‌ക്കാരവും എത്തിച്ചേർന്നു. എന്നാൽ അടുത്ത കാലത്ത് ഇതിന്റെ പണ്ഡിത മഹത്തുക്കൾക്കിടയിൽ ചില ഭിന്നതകളുണ്ടായി. ഇതിനെത്തുടർന്ന് രണ്ട് വിഭാഗമായി മാറിയ പ്രവർത്തകർ പഴയെ കാര്യങ്ങളെല്ലാം മറന്ന് പരിധി ലംഘിക്കുന്നത് അത്യധികം ആശ്ചര്യവും അധിയായ വേദനയും ഉളവാക്കുന്നു. ഈ പ്രവർത്തനത്തിലൂടെ ഇല്ലായ്മകൾക്കിടയിലും ആഗോളതലത്തിൽ ഉയർന്ന രാജ്യമാണ് ബംഗ്ലാദേശ്. ഓരോ വർഷവും അവിടെ നടക്കുന്ന സമ്മേളനങ്ങളിൽ ലോകം മുഴുവനുമുള്ള ആളുകൾ പങ്കെടുക്കുകയും എല്ലാവരിലും ഈമാനിയ്യായ വലിയ മാറ്റം അനുഭവപ്പെടുകയും ചെയ്തിരുന്നു. എന്നാൽ മഹത്തായ ഈ സമ്മേളനങ്ങൾ നടക്കുകയും ലക്ഷങ്ങൾ സുജൂദ് ചെയ്യുകയും ദീനീകാര്യങ്ങൾ ചോദിക്കുകയും ദിക്ർ ദുആകളിലും സേവന ആദരവുകളിലും മുഴുകുകയും ചെയ്ത മണ്ണിൽ ഇരുവിഭാഗങ്ങളും അവരുടെ സഹായികളും നടത്തിയ പരസ്പരമുള്ള വഴക്ക് എല്ലാവരെയും വേദനിപ്പിക്കുകയും ഇതിനോട് എതിർപ്പ് പുലർത്തുന്നവരെപ്പോലും അമ്പരപ്പിക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് അതിനടുത്ത് താമസിച്ചിരുന്ന ഒരു പ്രധാന പണ്ഡിതൻ വിനീതനോട് നേരിട്ട് വിവരിച്ചത് ഇപ്രകാരമാണ്: ഇരുകൂട്ടരും വേറെവേറെ ദിവസങ്ങളിലായി ടോങ്കിയിൽ സമ്മേളനങ്ങൾ തീരുമാനിച്ചു. അതിനുവേണ്ടിയുള്ള തയ്യാറെടുപ്പിന് ഇരുവിഭാഗങ്ങളും വെവ്വേറെ ദിവസങ്ങളിൽ അവിടെക്കൂടി മുശാവറ ചെയ്യാനും ഉദ്ദേശിച്ചു. എന്നാൽ ഒരുവിഭാഗം മുശാവറക്ക് വരുന്നതിന് ഒരു ദിവസം മുമ്പുതന്നെ മറുവിഭാഗം ആളുകളെയും കൂട്ടി അവിടെവന്ന് നിന്നു. ഇതിൽ ദീനീ മദ്‌റസകളിലെ വിദ്യാർത്ഥികളും ഉണ്ടായിരുന്നു എന്നുള്ളത് വളരെ വേദനാജനകമാണ്. കൃത്യസമയത്ത് മറുവിഭാഗം വന്നപ്പോൾ സ്ഥലം മുഴുവൻ വളഞ്ഞ് തടസ്സം സൃഷ്ടിക്കപ്പെട്ടതായി കണ്ടു. മുശാവറക്ക് ഒഴികിവന്നവരും തടഞ്ഞ് നിർത്താൻ പരിശ്രമിച്ചവരും പരസ്പരം ഉന്തും തള്ളുമായി. പോലീസിന് ഒന്നും നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഇതിനിടയിൽ അകത്തുനിന്നും പുറത്തേക്ക് കല്ലേറ് ആരംഭിച്ചു. ഇതിൽ ധാരാളം ആളുകൾക്ക് പരിക്കേറ്റു. ഒരു വ്യക്തി മരണപ്പെടുകയും ചെയ്തു. അവസാനം തടസ്സങ്ങളെ തള്ളിമാറ്റി അകത്തേക്ക് കയറിയവർ കൈയ്യിൽ കിട്ടിയ സാധനങ്ങൾ എല്ലാം എടുത്ത് തടഞ്ഞവരെ കൈകാര്യം ചെയ്യുകയും ധാരാളം ആളുകൾക്ക് മുറിവേൽക്കുകയും ചെയ്തു. ഈ വഴക്ക് ഓരോ പട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്! ഹാ കഷ്ടം, ഇസ്‌ലാമിന്റെ ശത്രുക്കളിലൂടെ പരിക്കുകൾ ഏൽക്കുന്നതിനേക്കാൾ എത്രയോ വേദനാജനകമാണ് ഈ സംഭവം. അതെ, കടുത്ത ശത്രുക്കളെപ്പോലെ സ്വന്തം കൂട്ടുകാരെ ക്രൂരമായി അക്രമിച്ചവരും അക്രമിക്കപ്പെട്ടവരും താടിയും തൊപ്പിയും തലപ്പാവുമുള്ള ദീനീ വേഷധാരികൾ തന്നെ!! ഇരുഭാഗത്തും മുസ്‌ലിംകൾ, ഇരുവിഭാഗവും ബാഹ്യമായി ദീനുള്ളവർ, രണ്ട് കൂട്ടരും ഒരു പ്രവർത്തനവുമായി ബന്ധപ്പെട്ടവർ, ഓരേ ലക്ഷ്യത്തിനുവേണ്ടി ത്യാഗ പരിശ്രമങ്ങൾ ചെയ്യുന്നു എന്ന് വാദിക്കുന്നവർ!!!
അതീവ ദു:ഖത്തിന്റെ പേരിൽ ഇത്രയും എഴുതിപ്പോയതാണ്. ഇതിന്റെ പരിഹാരം എന്താണ് എന്നതാണ് ഇവിടുത്തെ ചിന്താവിഷയം. അതെ, പരിശുദ്ധ ഖുർആനും റസൂലുല്ലാഹി (സ) യും നമ്മെ പഠിപ്പിച്ച മരുന്നുകളിൽ മാത്രമാണ് ഈ രോഗത്തിന്റെയും ശമനമുള്ളത്. അതായത് നാം പരസ്പരം ആദരിക്കുക, ഭിന്നതകളിൽ നിന്നും അകന്ന് കഴിയുക, യോജിപ്പിന്റെ മാർഗ്ഗം സ്വീകരിക്കുക, അല്ലാഹുവിന്റെ ദീനിനെ എല്ലാവരും ഒത്തൊരുമിച്ച് മുറുകെ പിടിക്കുക, മാനസിക അകൽച്ചയും വഴക്കുകളും ഇല്ലാതാക്കുക, ഭിന്നതകൾ ശക്തി ഇല്ലാതാക്കുകയും ബലഹീനത വർദ്ധിപ്പിക്കുകയും ചെയ്യുന്നതാണ്. ഭിന്നത വല്ലതും ഉണ്ടായാൽ യോജിപ്പുണ്ടാക്കാൻ പരിശ്രമിക്കുക. യോജിപ്പ് ഇഹലോകത്തും ഉത്തമമാണ്. റസൂലുല്ലാഹി (സ) മുസ്‌ലിംകൾക്കിടയിൽ മാത്രമല്ല, അമുസ്‌ലിംകളുമായും കഠിന ശത്രുക്കളുമായും യോജിപ്പിന് പരിശ്രമിച്ചിരുന്നു. മക്കയിൽ വെച്ച് കടുത്ത നിഷേധികളുമായി എന്തെങ്കിലും സന്ധിയുണ്ടാകണമെന്ന് റസൂലുല്ലാഹി (സ) ആഗ്രഹിച്ചിരുന്നു. മദീനയിൽ വന്നപ്പോൾ ഏറ്റവും ആദ്യമായി ചെയ്ത കാര്യം യഹൂദികളുമായിട്ടുള്ള സന്ധിയാണ്. ഇതിനുവേണ്ടി പ്രത്യേക ലിഖിതം തയ്യാറാക്കുകയും എല്ലാവരെക്കൊണ്ടും ഒപ്പ് ഇടീക്കുകയും ചെയ്തു. ശേഷം വിവിധ ഗോത്രവിഭാഗങ്ങൾക്കിടയിൽ സന്ധിയുണ്ടാക്കി. ഹുദൈബിയ്യയിൽ വെച്ച് മക്കക്കാരുമായി ഒരു സന്ധി നടത്തി. അതിൽ ബാഹ്യമായി വളരെ താഴ്ന്ന് നിന്നുകൊണ്ട് മക്കക്കാരുടെ കടുത്ത നിബന്ധനകൾ സ്വീകരിച്ചു. അമുസ്‌ലിംകളുമായി സന്ധി ആകാമെങ്കിൽ ഇസ്‌ലാമും ഈമാനുമുള്ള ഓരേ വീക്ഷണക്കാരായ ആളുകൾക്കിടയിൽ സന്ധിയും യോജിപ്പും എത്ര പ്രാധാന്യം അർഹിക്കുന്നതാണ്. കൂടാതെ, പരിശുദ്ധ ഖുർആൻ ഉപദേശിക്കുന്നു: ഭിന്നതകൾ ഉണ്ടായാൽ ആളുകൾ മാത്രമല്ല, സന്ധിയിലേക്ക് മുന്നിടേണ്ടത്. ഇതര മുസ്‌ലിംകളും അവരെ സന്ധിയിലേക്ക് പ്രേരിപ്പിക്കുകയും നിർബന്ധിക്കുകയും ചെയ്യേണ്ടതാണ്. ഗുസ്തി കൂടുന്ന ആളുകളെ ജനങ്ങൾ നോക്കുകയും കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതുപോലെ പരസ്പര വഴക്കുകൾ നോക്കിനിൽക്കാൻ പാടില്ല. മറിച്ച് എല്ലാവരും സഹോദരങ്ങളാണ്. സഹോദരങ്ങൾക്കിടയിൽ യോജിപ്പുണ്ടാക്കാൻ പരിശ്രമിക്കുക. (ഹുജറാത്ത് 10).
യോജിപ്പിന്റെ ഒരു രൂപം ഇരുകൂട്ടരും അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച് ഒന്നാകലാണ്. ഇനി അത് നടന്നില്ലെങ്കിൽ രണ്ടാമത്തെ രൂപം പ്രവർത്തനത്തിലുള്ള സഹകരണമാണ്. അതായത് സംഘടനാപരമായി ഐക്യമുണ്ടായില്ലെങ്കിലും ഇരുകൂട്ടരും അവരവരുടെ നിലയിൽ പ്രവർത്തിക്കുന്നെങ്കിലും ഇരുവർക്കും യോജിപ്പുള്ള കാര്യങ്ങളിൽ ഐക്യപ്പെടലാണ്. ഉദാഹരണത്തിന് മറുവിഭാഗം നമ്മുടെ അരികിൽ വന്നാൽ നമുക്ക് യോജിപ്പുള്ള വിഷയങ്ങളിൽ അവരോട് സഹകരിക്കുക. സന്ധിയുടെ മൂന്നാമത്തെ രൂപം വിഭജനമാണ്. പ്രവർത്തനമോ സ്ഥലമോ സമയമോ വിഭജിക്കുക. ഉദാഹരണത്തിന് ഇന്ന സ്ഥലത്ത് താങ്കൾ പ്രവർത്തിക്കുക. മറ്റുസ്ഥലത്ത് ഞങ്ങൾ പ്രവർത്തിക്കാം. ഇന്ന മസ്ജിദിൽ താങ്കളുടെ കൂട്ടം നടക്കട്ടെ, ഈ മസ്ജിദിൽ ഞങ്ങൾ കൂടിക്കൊള്ളാം. നാം ഇരുവരും മറ്റുള്ളവരുടെ കാര്യങ്ങളിൽ കൈ ഇടുന്നതല്ല. ഭിന്നതകൾ മാറ്റാനുള്ള വളരെ ശക്തമായ ഒരു മാർഗ്ഗമാണിത്. വിശിഷ്യാ ഇസ്‌ലാമിന്റെ രാഷ്ട്രീയ പദ്ധതി ഇതിലാണ് നിലകൊള്ളുന്നത്. ഉസ്മാൻ (റ) ന്റെ കാലംവരെ മുസ്‌ലിംകൾ ഒറ്റക്കൊടിയുടെ കീഴിൽ ഒരുമിച്ച് നിന്നു. എന്നാൽ മഹാനായ അലിയ്യ് (റ) ന്റെ കാലത്ത് സിറിയക്കാർ അദ്ദേഹവുമായി ഭിന്നിച്ചു. ഇത്തരുണത്തിൽ രക്തച്ചൊരിച്ചിൽ ഒഴുവാക്കുന്നതിന് സിറിയ പ്രത്യേക ഭരണ പ്രദേശമായി നിലകൊള്ളട്ടെ എന്നതായിരുന്നു പ്രധാനപ്പെട്ട ചില സഹാബികളുടെയും താബിഉകളുടെയും അഭിപ്രായം. അലിയ്യ് (റ) ന്റെ ശഹാദത്തിന് ശേഷം റസൂലുല്ലാഹി (സ) യുടെ പൗത്രൻ ഹസൻ (റ) ആത്മ ത്യാഗത്തോടെ ഭരണത്തിൽ നിന്നും പിന്മാറിയപ്പോൾ എന്റെ ഈ മകൻ വഴിയായി മുസ്‌ലിം സമുദായത്തിലെ രണ്ട് വിഭാഗങ്ങൾക്കിടയിൽ യോജിപ്പുണ്ടാകും എന്ന പ്രവാചക വചനം പുലരുകയുണ്ടായി. തുടർന്ന് മുആവിയ (റ) മുഴുവൻ മുസ്‌ലിം ലോകത്തിന്റെയും അധികാരിയായി. തൊണ്ണൂറ് വർഷത്തെ അമവീ ഭരണത്തിന് ശേഷം നീണ്ടകാലം അബ്ബാസീ ഭരണകൂടം ഭരണം നടത്തി. ഈ സന്ദർഭങ്ങളിൽ എല്ലാം അധികാരം ഒന്നായിരുന്നെങ്കിലും പരസ്പര വിയോജിപ്പിന്റെ സമയങ്ങളിൽ വലിയ സമാധാനവും മുന്നേറ്റവും സംഭവിക്കുകയും വഴക്കുകളുടെയും പ്രശ്‌നങ്ങളുടെയും സന്ദർഭങ്ങളിൽ ധാരാളം നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തു. അബ്ബാസീ ഭരണത്തിനിടയിൽ സ്‌പെയിനിൽ ബനൂഉമയ്യയുടെ ഭരണം ആരംഭിച്ചു. ഈ സന്ദർഭത്തിൽ സ്‌പെയിനും കീഴടക്കാൻ പലരും അബ്ബാസീ ഭരണകൂടത്തെ പ്രേരിപ്പിച്ചു. എന്നാൽ ഒന്നിലേറെ മുസ്‌ലിം ഭരണകൂടങ്ങൾ ഉണ്ടാകുന്നതുകൊണ്ട് കുഴപ്പമില്ലെന്ന് ചില ഫുഖഹാഅ് പ്രസ്താവിച്ചു. ആദ്യം ഈ അഭിപ്രായം സ്വീകരിക്കപ്പെട്ടില്ലെങ്കിലും പിന്നീട് സ്വീകാര്യമാവുകയും പലഭരണകൂടങ്ങൾ നിലവിൽ വരുകയും ചെയ്തു. അതുകൊണ്ട് ഇതും ഒരു വിഭജനമാണ്. സംഘടനകൾക്കിടയിൽ ഭിന്നതയുണ്ടായാൽ ഇരുവരെയും നിലനിർത്തുകയും പ്രവർത്തന മേഖല വീതിച്ച് കൊടുക്കുകയും ചെയ്യാവുന്നതാണ്.
പരസ്പര യോജിപ്പിന്റെ അവസാനത്തെ മാർഗ്ഗം നാം സത്യത്തിലാണെന്നും മറ്റുള്ളവർ അസത്യത്തിലാണെന്നും വ്യക്തമായാലും അവരുടെ വീക്ഷണത്തെ സഹിക്കുക എന്നതാണ്. അതായത് നമ്മുടെ അഭിപ്രായം രേഖകളുടെ വെളിച്ചത്തിൽ സമർത്ഥിക്കുകയും അത് അനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുക. പക്ഷേ, മറുവിഭാഗത്തെ കുറ്റപ്പെടുത്തുന്നതും കുത്തി ഇളക്കുന്നതും ഒഴിവാക്കുക. നിഷേധത്തിൽ കഴിയുന്നവരെ കുത്തി ഇളക്കുകയും സത്യം അംഗീകരിക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നതിന് അനുവാദമില്ലെങ്കിൽ മുസ്‌ലിംകൾക്കിടയിൽ ഇതിന് ഒരു നിലയ്ക്കും അനുവാദമില്ല. സ്വന്തം വീക്ഷണത്തെ ശരിയായിക്കാണാൻ നമുക്ക് അനുവാദമുണ്ട്. പക്ഷേ, അത് അംഗീകരിച്ചേ മതിയാകൂ എന്ന് മറ്റുള്ളവരെ നിർബന്ധിക്കാൻ അനുവാദമില്ല. ഇത്തരം ഘട്ടങ്ങളിൽ ഉലമാ മഹത്തുക്കളും ഫത്‌വയുടെ വക്താക്കളും വളരെ സൂക്ഷ്മത പുലർത്തേണ്ടതാണ്. ആരെങ്കിലും ചോദ്യം ചോദിച്ചാൽ ചോദിച്ച കാര്യത്തെക്കുറിച്ച് മാത്രം മറുപടി പറയേണ്ടതാണ്. എന്നാൽ ഏറ്റവും ഉത്തമം ഇരുവരെയും വിളിച്ചുവരുത്തി പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കേണ്ടതാണ്. ഇരുവരും വരുന്നില്ലെങ്കിൽ ദീനിന്റെ വിശാലമായ നന്മക്കുവേണ്ടി ഇരുവരുടെയും അരികിൽ പോയി പ്രശ്‌നം പരിഹരിക്കാൻ പരിശ്രമിക്കേണ്ടതാണ്. റസൂലുല്ലാഹി (സ) ബനൂസലമ ഗോത്രത്തിലെ രണ്ട് വിഭാഗങ്ങൾക്കിടയിൽ ഉണ്ടായ ഭിന്നത തീർക്കുന്നതിന് അങ്ങോട്ട് പോയി യത്‌നിക്കുകയും യോജിപ്പിന് മാർഗ്ഗം ഉണ്ടാക്കുകയും ചെയ്തു. ഇനി ആർക്കെങ്കിലും എതിരായി ഫത്‌വ നൽകേണ്ടിവന്നാൽ മുഫ്തിയുടെ ജോലി ഫത്‌വ നൽകൽ മാത്രമാണ്, ഫത്‌വ നടപ്പിലാക്കലല്ല എന്ന് മനസ്സിലാക്കുക.
ചുരുക്കത്തിൽ സമ്പുർണ്ണ ഐക്യം, പ്രവർത്തനത്തിൽ സഹകരണം, പ്രവർത്തന വിഭജനം എന്നീ മൂന്ന് കാര്യങ്ങൾ നടക്കാതെ വരുമ്പോൾ സ്വന്തം അടിയുറച്ച് നിൽക്കുകയും മറ്റുള്ളവരെ സഹിക്കുകയും ചെയ്യുക എന്ന ഒരു ഒറ്റമാർഗ്ഗം മാത്രമേ നമ്മുടെ മുമ്പിലുള്ളൂ. പരിശുദ്ധ ഖുർആൻ കടുത്ത നിഷേധികളെക്കുറിച്ച് പോലും ഈ ഒരു സമീപനമാണ് വിവരിച്ചിട്ടുള്ളത്. നിങ്ങൾക്ക് നിങ്ങളുടെ മതം, എനിക്ക് എന്റെ മതം. (കാഫിറൂൻ 6) ആകയാൽ താങ്കൾ ഇതിലേക്ക് ക്ഷണിക്കുക. താങ്കളോട് കല്പിക്കപ്പെട്ടതുപോലെ അടിയുറച്ച് നിൽക്കുക. അവരുടെ മനോച്ഛകളെ താങ്കൾ പിൻപറ്റരുത്. ഇപ്രകാരം പറയുക: അല്ലാഹു അവതരിപ്പിച്ച എല്ലാ ഗ്രന്ഥങ്ങളിലും ഞാൻ വിശ്വസിച്ചു. നിങ്ങൾക്കിടയിൽ നീതി നടത്താൻ എന്നോട് കല്പിക്കപ്പെട്ടിരിക്കുന്നു. അല്ലാഹു ഞങ്ങളുടെയും നിങ്ങളുടെയും പരിപാലകനാണ്. ഞങ്ങൾക്ക് ഞങ്ങളുടെ കർമ്മം, നിങ്ങൾക്ക് നിങ്ങളുടെ കർമ്മം. നമുക്കിടയിൽ ഒരു തർക്കവുമില്ല. അല്ലാഹു നമ്മെ ഒരുമിച്ച് കൂട്ടുന്നതാണ്. അവനിലേക്കാണ് മടക്കം.(ശൂറ 15).
ഇസ്‌ലാമിക ചരിത്രത്തിൽ ഉദയം ചെയ്ത അതിമഹത്തായ ഒരു പ്രസ്ഥാനമാണ് തബ്‌ലീഗ് പ്രവർത്തനം. പട്ടണങ്ങൾ മുതൽ കുഗ്രാമങ്ങൾ വരെ, പണ്ഡിത മഹത്തുക്കൾ മുതൽ വിദ്യാസമ്പന്നർ വരെ, രാജകൊട്ടാരങ്ങൾ മുതൽ സാധുക്കളുടെ കുടിലുകൾ വരെ ഒരു പരിധിവരെയും മുസ്‌ലിംകൾ മുതൽ അമുസ്‌ലിംകൾ വരെ ഇതിന്റെ പ്രകാശം പരന്നൊഴികി. മഹാനായ പരിഷ്‌കർത്താവ് മൗലാനാ മുഹമ്മദ് ഇല്യാസ് കാന്ദലവി (റഹ്) യുടെ ആത്മാർത്ഥതയുടെ പരിണിത ഫലങ്ങളാണ് ഇതെല്ലാം. ഈ പ്രവർത്തനത്തിനോടൊപ്പം പടച്ചവന്റെ സ്‌നേഹവും സഹായവും ഉണ്ട് എന്ന കാര്യം സൂര്യ പ്രകാശം പോലെ വ്യക്തമായതാണ്. ഈ പ്രവർത്തനത്തിൽ പങ്കെടുത്ത സഹോദരങ്ങൾ വളരെ സൗഭാഗ്യവന്മാരാണ്. ഞങ്ങളെപ്പോലെ ഒന്നുമില്ലാത്തവർക്ക് പലപ്പോഴും ത്യാഗികളായ തബ്‌ലീഗ് പ്രവർത്തകരെ കാണുമ്പോൾ സ്‌നേഹത്തോടെയുള്ള അസൂയതന്നെ ഉണ്ടാകാറുണ്ട്. പക്ഷേ, വളരെ സ്‌നേഹത്തോടെ അതേ സഹോദരങ്ങളോട് ഉണർത്തട്ടെ: നിങ്ങളുടെ കുടിസ്സായ ചിന്താഗതി കാരണം ഈ പ്രവർത്തനത്തിന് വല്ല കോട്ടവും സംഭവിച്ചാൽ നിങ്ങളെപ്പോലെ ഭാഗ്യംകെട്ട മറ്റാരും ഉണ്ടായിരിക്കുന്നതല്ല. ആകയാൽ ദീനിന്റെയും ഈ ദീനീ പരിശ്രമത്തിന്റെയും നന്മയ്ക്കുവേണ്ടി ഐക്യത്തിലും യോജിപ്പിലുമാവുക എന്നത് നിങ്ങളുടെ ബാധ്യതയാണ്. ഒരു നിലയ്ക്കും അത് സാധ്യമല്ലെങ്കിൽ യോജിക്കാവുന്നതിൽ യോജിക്കുകയോ പ്രവർത്തനങ്ങൾ വീതിക്കുകയോ ചെയ്യുക. അതിനും കഴിയുന്നില്ലെങ്കിൽ നിങ്ങൾ നിങ്ങളുടെ പ്രവർത്തനം ചെയ്യുകയും മറ്റുള്ളവരെ സഹിക്കുകയും ചെയ്യുക. നിങ്ങൾ ലോകം മുഴുവൻ പഠിപ്പിച്ച ഇക്‌റാമുൽ മുസ്‌ലിമിന്റെ ഏറ്റവും ചെറിയ ഒരു രൂപമാണിത്!
പണ്ഡിത മഹത്തുക്കളോട് ആദരവോടെ പറയട്ടെ: നിങ്ങൾ പ്രബോധകരാവുക. നിയമങ്ങൾ നിർബന്ധിച്ച് നടപ്പിലാക്കുന്നവർ ആകാതിരിക്കുക. നിങ്ങളോട് വല്ലതും ചോദിക്കപ്പെട്ടാൽ നിങ്ങളുടെ അറിവും ഗ്രാഹ്യവും വെച്ച് മറുപടി പറയുക. പക്ഷേ, പരിധിലംഘനവും തീവ്രദയും പാടില്ല. തിന്മക്ക് അനുസരിച്ച് മാത്രം തിന്മയെ തടയുക. ഉദാഹരണത്തിന് ബംഗ്ലാദേശ് തന്നെ എടുക്കുക. ഒരു ഭാഗത്ത് അവിടെ ദാരിദ്ര്യം കൊടിക്കുത്തി വാഴുന്നു. മറുഭാഗത്ത് ക്രിസ്ത്യീയ മിഷനറിയും ഖാദിയാനി മിഷനും അവിടെ ശക്തമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ഉമ്മത്തിനെ മുർദ്ദത് ആക്കാനുള്ള വേറെയും പരിശ്രമങ്ങൾ ശക്തമാണ്. ദീനില്ലായ്മയിൽ നിഷേധ സ്വഭാവവും പരന്നുകൊണ്ടിരിക്കുന്നു. ദീനീ വിഷയങ്ങളിൽ ഭരണകൂടം അൽപ്പം പോലും ചലിക്കുന്നില്ല. ബംഗ്ലാദേശ് അനുമതി നൽകാത്തത് കൊണ്ട് മാത്രം ധാരാളം റോഹങ്ക്യൻ സഹോദരങ്ങൾ സമുദ്രത്തിൽ മുങ്ങിമരിച്ചു. നിരവധി സാധുക്കളെ ഏത് സമയത്തും മുങ്ങിപ്പോകാൻ സാധ്യതയുള്ളതും ഒരു സൗകര്യവും ഇല്ലാത്തുമായ ദ്വീപിൽ താമസിപ്പിച്ചിരിക്കുകയാണ്. ഖേദപൂർവ്വം പറയട്ടെ, അവിടുത്തെ പണ്ഡിത സഹോദരങ്ങൾ ഈ വിഷയങ്ങളിൽ ഒന്നും കാര്യമായ ശ്രദ്ധ പതിപ്പിക്കുകയോ പരിശ്രമങ്ങൾ നടത്തുകയോ ചെയ്തിട്ടില്ല. ഈ ദുരന്തങ്ങൾ അരങ്ങേറിയപ്പോൾ അവരുടെ വികാരമോ രോഷമോ ഉയർന്നതുമില്ല. എന്നാൽ സമുദായത്തിലെ രണ്ട് വിഭാഗങ്ങൾക്കിടയിലുള്ള പോരാട്ടത്തെ ബദ്ർ, ഉഹ്ദ് യുദ്ധങ്ങളെപ്പോലെയാണ് അവർ കണ്ടത്. യഥാർത്ഥ ശത്രുക്കളെ കാണാതിരിക്കുന്നതും പരസ്പരമുള്ള വഴക്കുകളിൽ കുടുങ്ങി ജീവിതം നശിപ്പിക്കുന്നതും ബോധമില്ലായ്മയാണ്.
നിങ്ങൾക്കിടയിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഇരുവിഭാഗത്തിനും സമ്മതരായ പണ്ഡിത മഹത്തുക്കളെ തെരഞ്ഞെടുക്കുക എന്ന് തബ്‌ലീഗ് പ്രവർത്തകരായ സഹോദരങ്ങളോട് ആത്മാർത്ഥമായി ഉപദേശിക്കുന്നു. ഇത്തരം പണ്ഡിത സഹോദരങ്ങൾ പരിപൂർണ്ണ ഉദ്ദേശ ശുദ്ധിയോടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മുന്നിട്ടിറങ്ങണമെന്നും അഭ്യർത്ഥിക്കുന്നു. ഇവർ ഒരിക്കലും ഒരുവിഭാഗത്തിന്റെയും കൂട്ടത്തിൽ നിൽക്കരുത്. ഇരുവിഭാഗത്തെയും ആദരിക്കേണ്ടതാണ്. ഒരു നിലയ്ക്കും യോജിപ്പുണ്ടായില്ലെങ്കിൽ പരസ്പരം സഹിക്കാൻ പ്രേരിപ്പിക്കുക. വല്ലതും ചോദിക്കപ്പെട്ടാൽ അതിനുമാത്രം മറുപടി നൽകുക.
സമ്മേളനങ്ങളിലും പരിപാടികളിലും വളരെ സൂക്ഷ്മതയും ലാളിത്യവും പുലർത്തുക. തബ്‌ലീഗ് പ്രവർത്തനമല്ലാത്ത പ്രവർത്തനങ്ങളും പ്രസ്ഥാനങ്ങളും വിഭിന്ന ഗ്രൂപ്പുകളും വേറെയും ഉണ്ടെന്ന് ഓർക്കുക. ബംഗ്ലാദേശിൽ നമ്മുടെ സഹോദരങ്ങൾ കാട്ടിക്കൂട്ടിയ പേക്കൂത്തുകൾ ഓരോ വിഭാഗങ്ങളും കാട്ടാൻ തുടങ്ങിയാൽ സമുദായം ഒറ്റക്കെട്ടായ ഉറച്ച ഭിത്തിയാകുമോ ഭിത്തി ഇളകി പൊട്ടിപ്പിളർന്ന് ചിതറിത്തെറിച്ച് കിടക്കുന്ന ഇഷ്ടിക കഷ്ണങ്ങൾ ആകുമോ എന്ന് ആത്മാർത്ഥമായി ആലോചിക്കുക. അല്ലാഹു നന്മക്ക് ഉതവി നൽകട്ടെ. എല്ലാ നന്മകളിലും നമ്മെ സഹായിക്കട്ടെ.
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
No comments:
Post a Comment