Saturday, January 26, 2019

അല്ലാമാ സയ്യിദ് വാദിഹ് റഷീദ് ഹസനി നദ് വി : ധിഷണ, പാണ്ഡിത്യം, ലാളിത്യം.! - മമ്മൂട്ടി അഞ്ചുകുന്ന്


അല്ലാമാ സയ്യിദ് വാദിഹ് റഷീദ് ഹസനി നദ് വി : 
ധിഷണ, പാണ്ഡിത്യം, ലാളിത്യം.! 
- മമ്മൂട്ടി അഞ്ചുകുന്ന് 
https://swahabainfo.blogspot.com/2019/01/blog-post_86.html?spref=tw 
ലക്‌നോവിലെ വിഖ്യാതമായ ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമയിൽ നിന്ന് പഠിച്ചിറങ്ങിയ  ഓരോ വിദ്യാർത്ഥിയുടെയും മനസ്സിൽ  മസ്ജിദിനുള്ളിലെ  തൂണിൽ ചാരിയിരിക്കുന്ന ഒരു ചെറിയ മനുഷ്യന്റെ ചിത്രം കൊത്തിവെക്കപ്പെട്ടിരിക്കും, അൽപ്പം കുനിഞ്ഞു നടന്നു വരുന്ന ആ കുറിയ മനുഷ്യനെ നെഞ്ചിലേറ്റാത്ത നദ്‌വ വിദ്യാർഥികൾ ആരുണ്ടാവാനാണ്.., അവർക്ക് ആ ചെറിയ മനുഷ്യൻ  തങ്ങളുടെ സ്നേഹനിധിയായ അധ്യാപകനായിരുന്നു, എന്നാൽ ഇസ്ലാമിക ലോകത്തിന് തങ്ങൾ  കാതോർക്കുന്ന മഹാനായ ചിന്തകനും ഗ്രന്ഥകാരനും അറബി ഭാഷയിലെയും സാഹിത്യത്തിലെയും കുലപതിയുമായിരുന്നു ആ വലിയ മനുഷ്യൻ , കഴിഞ്ഞ വാരം  വിടപറഞ്ഞ മൗലാന സയ്യിദ്‌ മുഹമ്മദ് വാദിഹ് റഷീദ് നദ്‌വി എന്ന രാജ്യത്തെ തലയെടുപ്പുള്ള ആ  പണ്ഡിതശ്രേഷ്ഠൻ സ്ഥിരമായി  ഇരുന്നിരുന്ന കസേര ഇന്നും നദ്‍വയിലെ  മസ്ജിദിനുള്ളിൽ ഒരോ നിസ്കാര സമയത്തും വെറുതെയെന്നറിയാതെ  കാത്തിരിക്കുന്നുണ്ട്.  ചരിത്രവും സാഹിത്യവും മതവും സംസ്കാരവും തത്വചിന്തയുമെല്ലാം പുസ്തകത്താളുകളിലേക്ക് പകർത്താൻ ആ വന്ദ്യവയോധികൻ തന്റെ ചുളിഞ്ഞ വിരലുകളിൽ അമർത്തിപ്പിടിച്ച ആ പേന എഴുത്തിന്റെ ചൂടും ചൂരുമാവാഹിച്ച ആ വിരൽ സ്പർഷം വീണ്ടും കൊതിക്കുന്നുണ്ടാവാം.

ഇസ്‌ലാമിക ലോകത്ത് ഇന്ത്യയെ പ്രതിനിധീകരിച്ച ശബ്ദവും തൂലികയുമായിരുന്നു മൗലാന സയ്യിദ് വാദിഹ്  റഷീദ് ഹസനി നദ്‌വി,  നദ്‌വത്തുൽ ഉലമ എന്ന ചരിത്ര ദൗത്യത്തിന് അടിത്തറ പാകിയ മൗലാന ശിബിലി നുഅമാനി യുടെയും അല്ലാമാ സയ്യിദ് സുലൈമാൻ നദ്‌വിയുടെയും ചിന്തകളുടെ പുതിയ കാലത്തെ പ്രകാശനമായിരുന്നു ആ മഹദ് ജീവിതം .ഇന്ത്യൻ മുസ്‌ലമാന്റെ അഭിമാന ജ്യോതിസായിരുന്ന മൗലാന സയ്യിദ് അബുൽ ഹസൻ അലി നദ്‌വി യുടെ ധിഷണയുടെയും തൂലികയുടെയും പിന്മുറക്കാരനാവാനുള്ള നിയോഗം  അദ്ദേഹത്തിന്റെ സഹോദരീ പുത്രനായിരുന്ന മൗലാന സയ്യിദ് വാദിഹ് റഷീദ് നദ്‌വിക്കായിരുന്നു. തന്റെ സഹോദരനും ആൾ ഇന്ത്യ മുസ്ലിം പേഴ്‌സണൽ ലോ ബോർഡ് ചെയർമാനുമായ മൗലാന സയ്യിദ് റാബിഅ്‌ ഹസനി നദ്‌വിയോടൊത്ത് നിശബ്ദമായി അദ്ദേഹം തന്റെ ദൗത്യ നിർവ്വഹണം നടത്തി, ബഹളങ്ങളില്ലാതെ  ഉപഭൂഖണ്ഡത്തിൽ തന്റെ വൈജ്ഞാനിക ജീവിതം അടയാളപ്പെടുത്തി, 
ഭൂമിശാസ്ത്ര പരവും ഭാഷാപരവുമായ ഇതരത്തം കൊണ്ടാവണം ഉത്തരേന്ത്യൻ പണ്ഡിത പ്രതിഭകൾ പലരും മുസ്‌ലിം കൈരളിക്ക്  അത്ര പരിചിതരല്ല. എന്നാൽ ഇവിടുത്തെ അറബി ഭാഷാ തത്പരർക്ക് മൗലാന സയ്യിദ്  വാദിഹ് റഷീദ്  നദ്‌വി  സുപരിചിതനായിരുന്നു. മത പണ്ഡിതൻ,ഭാഷാ പണ്ഡിതൻ, കോളമിസ്റ്റ്, ഗ്രന്ഥകാരൻ, ചിന്തകൻ, അധ്യാപകൻ എന്നിങ്ങനെ  ബഹുമുഖ സാന്നിധ്യം അറിയിച്ച അദ്ദേഹത്തെ കേരളീയരും നന്നായി വായിച്ചിരുന്നു,   രാജ്യത്തെ പ്രമുഖ അറബി ആനുകാലികങ്ങളുടെ കോളങ്ങളിൽ തന്റെ തൂലിക കൊണ്ട് വിസ്മയം തീർത്ത മഹാപ്രതിഭ ഓർമ്മയാവുമ്പോൾ പ്രാർത്ഥനകൾ മാത്രമാണ് പകരം നൽകാനാവുക.

ഇന്ത്യയിലേക്ക് കുടിയേറിയ ഹസനി സദാത്തുക്കളുടെ പരമ്പരയിലാണ് 1935 ൽ മൗലാന വാദിഹ് റഷീദ് ഹസനി ജനിക്കുന്നത്. പ്രവാചക പരമ്പരയിൽ വിജ്ഞാനം കൊണ്ടും സേവനം കൊണ്ടും ചരിത്രം കുറിച്ചവരാണ് തഖിയകലാനിലെ ഹസനികൾ, ലക്‌നോവിൽ നിന്ന് അകലെ തഖിയ കലാനിലെ ഷാഹ് അല്ലമാഹുല്ലാ ഭവനത്തിലെ  ഈ വിഖ്യാത കുടുംബത്തിലാണ്  ഇന്ത്യാ ചരിത്രത്തിലെ അധിനിവേശ വിരുദ്ധ പോരാട്ട നായകനായ സയ്യിദ് അഹമ്മദ് ശഹീദ് പിറവിയെടുത്തത്.  ഒട്ടേറെ മഹാ പണ്ഡിതർ സാന്നിധ്യം തീർത്ത ഈ ശൃംഖലയിൽ പിതാമഹനും വിഖ്യാത ഗ്രന്ഥകാരനായ മൗലാന അബ്ദുൽ ഹയ്യ്‌ ഹസനി, മാതുലൻ സയ്യിദ് അബുൽ ഹസൻ അലി നദ്‌വി എന്ന അലി മിയാൻ തുടങ്ങിയ പ്രോജ്വല വ്യക്തിത്വങ്ങൾ ജന്മമെടുത്തിരുന്നു. ജന്മ നാട്ടിൽ തന്നെയുള്ള മദ്രസത്തുൽ ഇലാഹിയയിലായിരുന്നു സയ്യിദ് വാദിഹ് റഷീദിന്റെ പ്രാഥമിക മതപഠനം. സമർത്ഥരായ വിദ്യാർത്ഥികളായിരുന്നു സഹോദരങ്ങളായിരുന്ന വാദിഹും റാബിഉം,  മാതുലന്മാരായിരുന്ന ഡോ. സയ്യിദ് അബ്ദുൽ അലിയും  മൗലാന സയ്യിദ് അലി മിയാനും അവരെ തങ്ങളുടെ തട്ടകമായ ലക്‌നോ നദ്‌വത്തുൽ ഉലമ യിലേക്ക് കൂട്ടി,   ലക്‌നോ നദ്‌വത്തുൽ ഉലൂമിലെ ഗുരു വാര്യന്മാരിൽ നിന്നുമാണ് അറബി ഭാഷയോട് അഭിരുചി തോന്നിയത്, കഥകളും കവിതകളുമെല്ലാം അറബിയിൽ തന്നെ വായിച്ചു ശീലിച്ചു, ഇന്ത്യ കണ്ട എക്കാലത്തെയും വലിയ അറബി ഭാഷാ പണ്ഡിതരിൽ ഒരാളുടെ ജ്ഞാന ജീവിതത്തിന്റെ നാന്ദി കുറിക്കലായിരുന്നു അത്.  അമ്മാവനും ഗുരുവര്യനുമായ മൗലാന അബുൽ ഹസൻ അലി നദ്‌വിയുമായുള്ള സമ്പർക്കം മൂലം ഭാഷ, സാഹിത്യം, വായന എന്നിവയോടുള്ള അഭിനിവേശം കൂടുതൽ ശക്തമായി.  നദ്‌വത്തുൽ ഉലമ യിലെ പഠനത്തിന് ശേഷം അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി യിൽ നിന്ന് ഇംഗ്ലീഷ് ഭാഷയിൽ ബിരുദം , തുടർന്ന് 1953 മുതൽ 1973 വരെ ഓൾ ഇന്ത്യ റേഡിയോയിൽ സേവനം , ഇക്കാലയളവിൽ തന്നെ തന്റെ തൂലിക വൈഭവം വിനിയോഗിക്കാൻ ആരംഭിച്ചിരുന്നു. വിരമിച്ചതിന് ശേഷം നദ്‌വത്തുൽ ഉലൂമിൽ അറബിക് വകുപ്പിൽ  അധ്യാപകനായി സേവനം ആരംഭിച്ചു, അന്ന് തൊട്ട് നിര്യാണം വരെ നദ്‌വത്തുൽ ഉലൂമിൽ ആ മഹത്തായ സേവനം തുടർന്ന് പോന്നു.
കനപ്പെട്ട ധിഷണാ വൈഭവമായിരുന്നു  അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്.  
വാക്കുകളിലെ കൃത്യതയും ചിന്തകളിലെ ആഴവും വരികളിലെ ഊർജ്ജവും അദ്ദേഹത്തെ തന്റെ  ഇഷ്ടജനങ്ങൾക്ക് ഏറെ പ്രിയങ്കരനാക്കി. 
അറബി ഭാഷ, സാഹിത്യം എന്നിവയായിരുന്നു അദ്ദേഹത്തിന്റെ സുപ്രധാന മേഖല, നദ്‌വത്തുൽ ഉലമയിൽ അറബി ഭാഷാ വിഭാഗത്തിന്റെ തലവനായിരുന്നു അദ്ദേഹം. നദ്‌വത്തുൽ ഉലൂമിൽ നിന്ന് പുറത്തിറങ്ങുന്ന 'അർ റാഇദ്' എന്ന ആനുകാലികത്തിലാണ് അദ്ദേഹം സ്ഥിരമായി എഴുതിയിരുന്നത്. സ്വരാജ്യത്തെയും വിദേശങ്ങളിലെയും വിശിഷ്യാ പാശ്ചാത്യ രാജ്യങ്ങളിലെ സാമൂഹിക സാംസ്കാരിക ചലനങ്ങൾ സസൂക്ഷ്മം അദ്ദേഹം നിരീക്ഷിച്ചു പോന്നിരുന്നു. പാശ്ചാത്യ സംസ്കാരത്തെക്കുറിച്ചും ഓറിയന്റലിസ്റ്റുകളുടെ ചതിക്കുഴികളെ കുറിച്ചും അദ്ദേഹം മനോഹരമായ അറബിയിൽ യുവജനങ്ങളെ ഉദ്‌ബോധിപ്പിച്ചു. ഇസ്ലാമിക ചരിത്രം, വർത്തമാനം, എന്നിവയെ സംബന്ധിച്ച് ആഴമേറിയ ചിന്തകൾ അദ്ദേഹം അവതരിപ്പിച്ചു.  മുസ്‌ലിം ലോകത്തെ പാശ്ചാത്യ അജണ്ടകളെ ആ തൂലിക തുറന്നു കാട്ടി. ഭാഷ, സംസ്കാരം എന്നിവയിൽ കനം തൂങ്ങുന്ന പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹം പുതിയ കാലത്തെ ഇസ്ലാമിക  ചിന്തകരിൽ പ്രമുഖനായിരുന്നു.  ഇംഗ്ലീഷ് , അറബി, ഉറുദു ഭാഷകളിൽ നല്ല പാണ്ഡിത്യമുണ്ടായിരുന്നതിനാൽ  നദ്‌വയിലെ വിദ്യാർത്ഥികളോട് അവർക്ക് പ്രാവീണ്യമുള്ള ഭാഷയിലായിരുന്നു അദ്ദേഹം സ്വകാര്യ സംഭാഷണങ്ങൾ നടത്തിയിരുന്നത്.  

അനുഗ്രഹീതമായ തൂലികയുടെ ഉടമയായിരുന്നു അദ്ദേഹം. വിവിധ വിഷയങ്ങളിലായി അനേകം ഗ്രന്ഥങ്ങൾ ആ പ്രതിഭാധനന്റെ തൂലികയിൽ നിന്ന് പിറവിയെടുത്തിട്ടുണ്ട്. മതം, ചരിത്രം, സംസ്കാരം, ഭാഷ തുടങ്ങി വിഷയ വൈവിധ്യത്തോടെ അവിടുന്ന് രചനകൾ നടത്തി.  ഗഹനവും ശക്തവുമായിരുന്നു ആ തൂലിക,അറബി വാരാദ്യങ്ങളിൽ  തന്റെ നിരീക്ഷണങ്ങൾ പങ്കു വെക്കുമ്പോൾ അദ്ദേഹത്തെ അറിയുന്നവർ അത് ആർത്തിയോടെ വായിച്ചു, നദ്‌വത്തുൽ ഉലമായിൽ നിന്ന് പ്രസിദ്ധപ്പെടുത്തുന്ന 'അർ റാഇദ്' എന്ന പ്രസിദ്ധമായ അറബി മാസികയിലും അൽ ബഹ്‌സുൽ ഇസ്ലാമിലും അദ്ദേഹത്തിന്റെ ഗഹനമായ പഠനങ്ങൾ നിറഞ്ഞു നിന്നു.  പതിറ്റാണ്ടുകളോളം മുടങ്ങാതെ അവയുടെ താളുകളെ സമ്പന്നമാക്കിയ തൂലികയും മറ്റാരുടേതുമായിരുന്നില്ല.  
സമകാലിക പ്രശ്നങ്ങളിൽ നിലപാട് കൈക്കൊള്ളാൻ ഇന്ത്യൻ പണ്ഡിതർ ഏറെയും കാതോർത്തിരുന്നത് മൗലാന വാദിഹ് റഷീദ് അവറുകളെയായിരുന്നു.  ആഴവും പരപ്പുമുള്ള തന്റെ  വായനയുടെയും, അതുല്യമായ ആ ധിഷണയുടെയും ബഹിസ്ഫുരണമായ  ആ തൂലിക നിർണയിച്ച നിലപാടുകൾക്കൊപ്പമായിരുന്നു ഇന്ത്യൻ പണ്ഡിത ലോകം സഞ്ചരിച്ചു പോന്നത് എന്നു പറഞ്ഞാൽ അധികമാവില്ല.  ഇസ്ലാമിക ലോകത്തെ ചലനങ്ങൾക്കൊപ്പം സമകാലികമായി ആ തൂലിക പതിറ്റാണ്ടുകളോളം സഞ്ചരിച്ചു പോന്നു.
എഴുത്തുകാരുടെ പരമ്പരയിൽ പിറന്ന വാദിഹ് ഹസനി പൂർണ്ണ ശോഭയുടെ ആ രംഗത്ത് ജ്വലിച്ചു നിന്നു. 25 ലധികം ഗ്രന്ഥങ്ങളും ഒട്ടേറെ ലേഖനങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്. മൗലാന മർഹൂമിന്റെ രചനാ വൈവിധ്യം ഓരോ കൃതിയിലും പ്രകടമാണ് 'മുഹ്സിനെ ഇൻസാനിയ്യത്ത്' എന്ന പ്രവാചക ചരിതം മാനവികതയുടെ സ്നേഹ സന്ദേശമായി വർത്തിക്കുമ്പോൾ  സുൽത്താൻ ടിപ്പു ശഹീദ് , ഇമാം അഹമ്മദ് ഇർഫാൻ ശഹീദ് എന്നീ ചരിത്ര ഗ്രന്ഥങ്ങൾ അന്വേഷണ ത്വരയും ചരിത്ര ബോധവും ഉണർത്തുന്നു, 'മസ്അലെ ഫലസ്തീൻ' എന്ന കൃതി പശ്ചിമേഷ്യൻ രാഷ്ട്രീയത്തെയും സയണിസ്റ്റ് അജണ്ടകളെയും ഇഴകീറി പരിശോധിക്കുന്നു, പാശ്ചാത്യ സംസ്കാരത്തെയും സാഹിത്യത്തെയും ഉൾക്കാഴ്ചയോടെ അപഗ്രഥിച്ച ബ്രഹത്തായ കൃതികൾ പിറന്ന ആ വിരലുകളാൽ,  അതേ ഉൾക്കരുത്തോടെ  തിരുദൂതരുടെ  മേൽ സ്വലാത്ത് ചൊല്ലുന്നത്തിന്റെ മഹത്വത്തെ കുറിച്ചും ഗ്രന്ഥമെഴുതി. മതത്തെ ബുദ്ധിപരമായി സമർത്ഥിക്കുന്ന നിരവധി പുസ്തകങ്ങൾ വിരചിതമായ അതേ തൂലികയിൽ നിന്ന് തന്നെ അറബി ഭാഷ സാഹിത്യ പഠനവും  ചരിത്രവും പിറന്നു.

 വിവിധ യൂണിവേഴ്‌സിറ്റികളിൽ അദ്ദേഹത്തിന്റെ രചനകൾ പഠപുസ്തകങ്ങളാണ്. ഇസ്ലാമിക പ്രബോധന രീതികൾ ഇന്ത്യയിൽ , ആധുനിക ലോകക്രമത്തിന് ഒരു ആമുഖം, ആധുനിക സാഹിത്യത്തിലെ അഗ്രേസരർ, ആധുനിക അറബി സാഹിത്യത്തിന്റെ ഉദ്ഭവം, മതവും ബൗദ്ധികതയും, ഇസ്‌ലാമിന്റെ സാംസ്കാരിക ചരിത്രം, ഇസ്‌ലാമിക ചിന്തയുടെ പ്രതിസന്ധികൾ,   തുടങ്ങി ഒട്ടനവധി ഗ്രന്ഥങ്ങൾ അദ്ദേഹത്തിന്റെ സംഭാവനയാണ്.

അറബി സാഹിത്യ പഠന മേഖലയിൽ അദ്ദേഹത്തിന്റെ സേവനങ്ങളെ മാനിച്ചു കൊണ്ട് അനേകം ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തി. അദ്ദേഹത്തിന്റെ സേവനങ്ങളെ കുറിച്ച് ഗവേഷണ വിദ്യാർഥികൾ  പി.എച്ച്. ഡി തിസീസുകൾ തയ്യാറാക്കിയിട്ടുണ്ട്. റാബിതതുൽ അദബുൽ ഇസ്ളാമിയ്യയുടെ ദേശീയ ജനറൽ സെക്രട്ടറിയും അന്തർ ദേശീയ അംഗവുമായിരുന്നു അദ്ദേഹം. നദ്‌വയിൽ നിന്നുള്ള അർ റായിദിന്റെ ചീഫ് എഡിറ്ററും, അൽ ബഹ്സുൽ ഇസ്ലാമി ന്റെ സഹ പത്രാധിപരുമാണ്. നദ്‌വത്തുൽ ഉലമയുടെ വിദ്യാഭ്യാസ ബോർഡ് ചെയർമാൻ കൂടിയിരുന്നു. നിരവധി അന്താരാഷ്ട്ര ഇസ്ലാമിക സംരംഭങ്ങളിലെ സുപ്രധാന സാന്നിധ്യമായിരുന്നു ഇദ്ദേഹം.

മനോഹരമായ ശബ്ദത്തിൽ അളന്നു മുറിച്ച വാക്കുകളിലായിരുന്നു അദ്ദേഹം വേദികളിൽ സംസാരിച്ചിരുന്നത്. അരികിൽ കിട്ടുമ്പോഴെല്ലാം ആ  മൊഴിമുത്തുകൾക്കായി ശിഷ്യഗണങ്ങൾ കാത് കൂർപ്പിച്ചു നിന്നു, അതുല്യമായ ധിഷണയുടെ മൂശയിലിട്ടു പാകപ്പെടുത്തിയ ചിന്തകൾ ഏറെ ലളിതമായും
സൗമ്യമായുമാണ് അദ്ദേഹം അവതരിപ്പിച്ചിരുന്നത് എന്നത് കൗതുകകരമാണ്. ചിന്തകളിലെ കൂർമ്മത യോട് ഒട്ടും യോജിക്കാത്ത സൗമ്യ ഭാവമായിരുന്നു എപ്പോഴും മുഖത്ത്. ആകാരത്തിലും മുഖഭാവത്തിലും മാത്രമല്ല പെരുമാറ്റത്തിലും തന്റെ ജ്യേഷ്ഠ സഹോദരൻ സയ്യിദ് റാബിഅ്‌  ഹസനിയെ പകർത്തി വെച്ചതായിരുന്നു നദ്‌വക്കാരുടെ പ്രിയപ്പെട്ട ഉസ്താദ്.  വിനയം, ലാളിത്യം എന്നിവ പാരമ്പര്യ ഗുണങ്ങളായി ലഭിച്ചവരാണ് ഈ സഹോദരങ്ങൾ, നദ്‌വയുടെ പരിസരത്ത് തന്നെ അടുത്തടുത്തായി താമസിച്ചിരുന്ന ഈ പണ്ഡിത സഹോദരങ്ങൾ  ഒന്നിച്ചായിരുന്നു പ്രഭാതത്തിൽ   നടന്നു വരികയെന്ന് പൂർവ്വ വിദ്യാർഥികൾ അനുസ്മരിക്കുന്നുണ്ട്. അലി മിയാൻ താമസിച്ചിരുന്നിടത്തു തന്നെയാണ് ഇരുവരും താമസിച്ചു പോന്നത്. തന്റെ പ്രതിഭയെയും പാടവത്തെയും സഹോദരൻ അല്ലാമാ റാബിഅ്‌ ഹസനി നദ്‌വിയുടെ പ്രഭാവത്തിന് കീഴെ ഒതുക്കി വെക്കാനായിരുന്നു എന്നും സയ്യിദ് വാദിഹ് റഷീദ് നദ്‌വിക്ക് താല്പര്യം. ഏറെ അനുസരണയുള്ള കുട്ടിയെ പോലെ തന്റെ ജേഷ്‌ഠ സഹോദരനായ മൗലാന റാബിഅ്‌ ഹസനി നദ്‌വിയെ അദ്ദേഹം എലായിടത്തും അനുഗമിച്ചു, രണ്ടു വർഷം മുമ്പ് അല്ലാമാ റാബിഅ്‌ നദ്‌വി കേരളത്തിൽ വന്നപ്പോഴും നിഴലായി അല്ലാമാ വാദിഹ് റഷീദ് കൂടെയുണ്ടായിരുന്നു. സുപ്രധാന വേദികളിൽ റാബിഅ്‌ മൗലാന പ്രസംഗിക്കുമ്പോൾ കൂടെ വന്നൊരാൾ എന്ന പോലെ വേദിക്ക് പുറകിൽ ഇരുന്നിരുന്ന ആ കുറിയ മനുഷ്യനെ പലപ്പോഴും അധികമാരും തിരിച്ചറിഞ്ഞിരുന്നില്ല. അദ്ദേഹം അതാഗ്രഹിച്ചതുമില്ല എന്നത് മറ്റൊരു യാഥാർഥ്യം. ആത്മീയ സരണികളിൽ ശൈഖ് റാബിഅ്‌ നദ്‌വി യുടെ 'ഖലീഫ' ആയിരുന്നു ശൈഖ് സയ്യിദ് വാദിഹ് റഷീദ്.

നദ്‌വത്തുൽ ഉലൂമിലെ പള്ളിക്കകത്തിരുന്ന് ശിഷ്യന്മാരുടെ ഖുർആൻ പാരായണം ശ്രവിക്കൽ അവസാന കാലത്ത് അദ്ദേഹത്തിന്റെ പതിവായിരുന്നു, ആരാധനാ കർമ്മങ്ങളിൽ ഏറെ  സൂക്ഷ്മതയും കൃത്യതയും പാലിച്ചിരുന്നു. ബാല്യ കാലത്ത് പിതാവിൽ നിന്നും അമ്മാവന്മാരിൽ നിന്നുമാണ് ആരാധനാ കർമ്മങ്ങളിലെ കൃത്യത ശീലിച്ചത് എന്ന് അദ്ദേഹം അനുസ്മരിക്കുന്നുണ്ട്, ഏറെ നേരം ദിക്ർ, വിർദുകളിലായി ചെലവിടും, അത് കഴിഞ്ഞ് വായന, എഴുത്ത് , അധ്യാപനം , തിരക്കിട്ട ജീവിതത്തിലും പുഞ്ചിരിക്കുന്ന മുഖം ,എല്ലാവരോടും ആദരവരവോടെയും സൗമ്യമായും പെരുമാറുന്ന രീതി. 
തന്റെ വിദ്യാർത്ഥികൾക്ക് ഓരോ ചെറിയ കാര്യങ്ങൾക്ക് പോലും മാർഗ്ഗ നിർദേശങ്ങൾ നൽകിയിരുന്ന അദ്ദേഹം അവർക്ക് ഏറെ പ്രിയപ്പെട്ടവരായിരുന്നു. 
നദ്‌വ യിലെ മലയാളികളായ പൂർവ്വ വിദ്യാർഥികൾ അദ്ദേഹത്തെ അനുസമരിക്കുന്നത് ഏറെ സ്നേഹത്തോടെയാണ്. ഉസ്താദ് വാദിഹ് റഷീദ് വലിയ അളവിൽ അവിടെ പഠിച്ചിരുന്ന ഓരോ വിദ്യാർഥിയെയും  സ്വാധീനിച്ചിരുന്നു.  വിവിധ രാജ്യങ്ങളിലായി പതിനായിരക്കണക്കിന് ശിഷ്യഗങ്ങളാൽ സമ്പന്നനാണ് ഉസ്തദാദുൽ അസാത്തീദ് അല്ലാമാ വാസിഹ് റഷീദ് നദ്‌വി, ഒട്ടേറെ പ്രതിഭാധനരായ ശിഷ്യരുടെ വഴി നിർണയിച്ചു കൊടുത്തതിൽ ആ മഹാ മനീഷിക്ക് വലിയ പങ്കുണ്ട്. അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ ചിറകു വിടർത്തിയ പ്രതിഭാധനർ ഏറെയാണ്.

ആ മഹദ് സാന്നിധ്യം ഒരിക്കൽ അനുഭവിച്ചവർ  അദ്ദേഹത്തെ തുടർച്ചയായി കേൾക്കുവാനും വായിക്കുവാനും  ഏറെ താൽപ്പര്യം കാണിച്ചു. തന്റെ ജീവിത ദൗത്യം ബഹളങ്ങളില്ലാതെ, ശാന്തമായി നിർവ്വഹിച്ചു തീർത്ത ആ മഹാമനീഷി പുതിയ കാലക്കാർക്ക് അപ്രാപ്യമായൊരു മഹനീയ   മാതൃകയാണ് ആ ജീവിതം കൊണ്ട്  വരച്ചിട്ടത്. അറബി ഭാഷയ്ക്കും ഇസ്‌ലാമിക വിജ്ഞാനീയങ്ങൾക്കും മഹത്തായ സേവനം നൽകിയ  ചിന്തകന്റെ വേർപാട് ഇന്ത്യൻ ഇസ്ലാമിക ലോകത്ത് വലിയൊരു വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്.
ആ വിയോഗം നദ്‌വത്തുൽ ഉലമക്ക് മാത്രമല്ല ഇസ്ലാമിക ലോകത്തിന് തന്നെ വലിയ ആഘാതമാണ്. ധിഷണയും സൂക്ഷ്മതയും ലാളിത്യവും ഒത്തിണങ്ങിയ അനുഗ്രഹീത പണ്ഡിത പ്രതിഭകളെ നാഥൻ തിരിച്ചു വിളിക്കുമ്പോൾ  ആകുലത ബാക്കിയാവുന്നു. ഇത്തരം പ്രതിഭാ സമ്മേളനങ്ങൾ ഇനി നമുക്ക് അനുഭവവേദ്യമാകുമോ എന്ന ആശങ്കയും.. 
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...