മാനവികതകൊണ്ട്
വര്‍ഗ്ഗീയത നേരിടുക!
- മൗലാനാ സയ്യിദ് അര്‍ഷദ് മദനി
(പ്രസിഡന്‍റ് ജംഇയ്യത്ത് ഉലമാ എ ഹിന്ദ്)
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
https://swahabainfo.blogspot.com/2020/01/blog-post_42.html?spref=tw
ബഹുമാന്യരെ,
ഇന്ത്യാ രാജ്യത്തിന്‍റെയും രാജ്യനിവാസികളുടെയും നന്മയ്ക്കുവേണ്ടി പരിശ്രമിക്കുന്ന ഒരു ബഹുജന പ്രസ്ഥാനമാണ് ജംഇയ്യത്തുല്‍ ഉലമാ എ ഹിന്ദ്. ഇതിന് തെരഞ്ഞെടുപ്പ് രാഷ്ട്രീയമായി യാതൊരു ബന്ധമോ താല്‍പ്പര്യമോ ഇല്ല. ജംഇയ്യത്ത് ഒരു കറകളഞ്ഞ മത സംഘടനയാണ്. മുഴുവന്‍ ജനങ്ങളുടെയും ജാതിയോ മതമോ നോക്കാതെ മാനവികതയുടെ അടിസ്ഥാനത്തില്‍ ചെയ്യാന്‍ കഴിയുന്ന സേവനങ്ങള്‍ ജനങ്ങള്‍ക്ക് ചെയ്തുകൊണ്ടിരിക്കുന്നു. 1919 മുതല്‍ ഇതിന്‍റെ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്നു. ഞങ്ങള്‍ മുസ്ലിംകളാണെങ്കിലും ഈ രാജ്യത്തിന്‍റെ ശാന്തിയും സമാധാനവും ഐക്യവും അഖണ്ഡതയും രാജ്യത്തിന്‍റെ പാരമ്പര്യം കൂടിയായ മതേതരത്വത്തിലാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. സ്വാതന്ത്ര്യത്തിന് മുമ്പും സ്വാതന്ത്ര്യത്തിന്‍റെ സമയത്തും സ്വാതന്ത്ര്യത്തിന് ശേഷവും ഞങ്ങള്‍ ഉയര്‍ത്തിയ സന്ദേശം ഇതുതന്നെയാണ്. സ്വാതന്ത്ര്യസമര കാലത്ത് സ്വാതന്ത്ര്യസമര സേനാനികളോട് ഇക്കാര്യത്തില്‍ ഞങ്ങള്‍ നിരന്തരം ബന്ധപ്പെടുകയും അവരില്‍ നിന്നും ഇതിന്‍റെ കാരാര്‍ വാങ്ങുകയും ചെയ്തിരുന്നു. ജംഇയ്യത്തിന്‍റെയും ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്‍റെയും വിവിധ സമ്മേളനങ്ങളുടെ പ്രമേയങ്ങള്‍ ഇതിന് സാക്ഷ്യമാണ്.
കോണ്‍ഗ്രസ് നിലവില്‍ വന്നത് 1883 ലാണ്. എന്നാല്‍ പണ്ഡിതര്‍ 1803 മുതല്‍ രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ട പരിശ്രമങ്ങള്‍ ആരംഭിച്ചു. 1799 ല്‍ ടിപ്പുസുല്‍ത്താന്‍ ശഹീദിനെ ശ്രീരംഗ പട്ടണത്തില്‍ വെച്ച് വധിച്ചതിന് ശേഷം അദ്ദേഹത്തിന്‍റെ മൃതദേഹത്തില്‍ ചവിട്ടി നിന്നുകൊണ്ട് ഇംഗ്ലീഷുകാര്‍ വിളിച്ചു പറഞ്ഞു: ഇന്നുമുതല്‍ ഇന്ത്യ നമ്മുടേതാണ്. തുടര്‍ന്നുള്ള മൂന്ന് വര്‍ഷങ്ങളില്‍ ഇന്ത്യയുടെ വിവിധ സ്ഥലങ്ങളിലുള്ള ഭരണാധികാരികളെ അവര്‍ വകവരുത്തി. 1803 ല്‍ ഡല്‍ഹിയില്‍ അവര്‍ പ്രസ്താവിച്ചു: സൃഷ്ടികള്‍ പടച്ചവന്‍റേതും രാജ്യം രാജാവിന്‍റേതുമാണെങ്കിലും ഭരണം ഈസ്റ്റ് ഇന്ത്യാ കമ്പനിയുടേതായിരിക്കും. അവര്‍ ഈ പ്രസ്താവന നടത്തിയ അതേ ദിസവം തന്നെ ഈ രാജ്യത്തെ ഏറ്റവും പ്രധാന പണ്ഡിതനായിരുന്ന ഹസ്രത്ത് ശാഹ് വലിയുല്ലാഹി ദഹ്ലവിയുടെ മൂത്തമകന്‍ ശാഹ് അബ്ദുല്‍ അസീസ് മുഹദ്ദിസ് ദഹ്ലവി പ്രസ്താവിച്ചു: ഇന്ന് നമ്മുടെ രാജ്യം അടിമയായിരിക്കുന്നു. ഈ അടിമത്വത്തില്‍ നിന്നും രാജ്യത്തെ മോചിപ്പിക്കാന്‍ പോരാട്ട പരിശ്രമങ്ങള്‍ നടത്തേണ്ടത് ഓരോ മുസ്ലിമിന്‍റെയും ബാധ്യതയാണ്!
ഇതിനെത്തുടര്‍ന്ന് വിവിധ പോരാട്ടങ്ങള്‍ നടന്നു. 1831 ല്‍ ശാഹ് അബ്ദുല്‍ അസീസ് ദഹ്ലവിയുടെ പ്രധാന ശിഷ്യനും പ്രവാചക പരമ്പരയിലെ തിളങ്ങുന്ന താരവുമായ സയ്യിദ് അഹ്മദ് ശഹീദിന്‍റെ നേതൃത്വത്തില്‍ ശാഹ് ദഹ്ലവിയുടെ ശിഷ്യന്മാരും പോരാളികളും ശക്തമായ പോരാട്ടം നടത്തി. ബാലാകോട്ടില്‍ അവരില്‍ ഭൂരിഭാഗവും രക്ത സാക്ഷിത്വം വരിച്ചു. അവശേഷിച്ചവര്‍ വീണ്ടും ഒരുക്കങ്ങള്‍ നടത്തി. 26 വര്‍ഷത്തെ ഒരുക്കത്തിന് ശേഷം 1857 ല്‍ ഹൈന്ദവരെയും മുസ്ലിംകളെയും ഒരുമിച്ചുകൂട്ടി വലിയൊരു പ്രക്ഷോഭം നടത്തി. ബ്രിട്ടീഷുകാര്‍ ഇതിന് ശിപായി ലഹള എന്ന് വിളിച്ച് പരിഹസിക്കുമ്പോള്‍ പൊതുജനങ്ങള്‍ ഒന്നാം സ്വാതന്ത്ര്യ സമരമെന്ന് വിശേഷിപ്പിക്കുന്നു. എന്നാല്‍ ഇത് രണ്ടാം സ്വാതന്ത്ര്യ സമരമാണ്. ചരിത്രകാരന്മാര്‍ ഇതിനെക്കുറിച്ച് വിശദമായി വിവരിച്ചിട്ടുണ്ട്. പ്രഫസര്‍ ഇല്യാസ് ബര്‍ണി എഴുതുന്നു: ഡല്‍ഹിയില്‍ മാത്രം മുപ്പത്തി അയ്യായിരത്തില്‍ അധികം പണ്ഡിതരെ തൂക്കിക്കൊന്നു. പക്ഷേ, പണ്ഡിതരും രാജ്യ സ്നേഹികളും ചിത്തം ചിതറിയില്ല. പാദം പതറിയതുമില്ല. സമുന്നത ലക്ഷ്യത്തിനുവേണ്ടി അവര്‍ പോരാട്ട പരിശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. പ്രത്യേകിച്ചും ദാറുല്‍ ദേവ്ബന്ദിന്‍റെ പ്രഥമ സന്തതി ശൈഖുല്‍ ഹിന്ദ് മൗലാനാ മഹ്മൂദുല്‍ ഹസന്‍ ദേവ്ബന്ദി ഉജ്ജലമായ പരിശ്രമങ്ങള്‍ കാഴ്ചവെച്ചു. അതില്‍ പ്രധാനപ്പെട്ടതാണ് പട്ടുതൂവാല പ്രസ്ഥാനം എന്ന പേരില്‍ പ്രസിദ്ധമായ പ്രവര്‍ത്തനം. പക്ഷേ ബ്രിട്ടീഷ് ഭരണകൂടം ഇതിന്‍റെ രഹസ്യം കണ്ടെത്തുകയും ശൈഖുല്‍ ഹിന്ദിനെയും ശൈഖുല്‍ ഇസ്ലാം മൗലാനാ ഹുസൈന്‍ അഹ്മദ് മദനിയെയും മറ്റും മാള്‍ട്ടാ ജയിലില്‍ തടവില്‍ ഇടുകയും ചെയ്തു. പക്ഷേ, പോരാളികള്‍ അടങ്ങിയില്ല.
ഇവരുടെ പിന്‍ഗാമികള്‍ 1919 ല്‍ ഇന്ത്യയിലെ സമുന്നത പണ്ഡിതനായ മുഫ്തി അഅ്സം അല്ലാമാ കിഫായത്തുല്ലാഹ് സാഹിബിന്‍റെ നേതൃത്വത്തില്‍ ജംഇയ്യത്തുല്‍ ഉലമാ എ ഹിന്ദിന് രൂപം നല്‍കി. തുടര്‍ന്ന് സായുധ സമരം ഉപേക്ഷിച്ച് ഇതര മാര്‍ഗ്ഗങ്ങളിലൂടെ പരിശ്രമങ്ങള്‍ ശക്തിപ്പെടുത്തി. വിശിഷ്യാ കോണ്‍ഗ്രസുമായി സഹകരിച്ച് സ്വാതന്ത്ര്യ സമര പ്രസ്ഥാനം ശക്തിപ്പെടുത്തി. അവസാനം ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് നീങ്ങിയപ്പോള്‍ ജംഇയ്യത്ത് നേതാക്കള്‍ ഗാന്ധിജി, നെഹ്റു മുതലായ നേതാക്കളോട് രാജ്യത്തിന്‍റെ ഭാവി മതേതരത്വത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കണമെന്ന് ശക്തമായി ആവശ്യപ്പെടുകയും അവര്‍ ആവര്‍ത്തിച്ച് അത് സമ്മതിക്കുകയും ചെയ്തു. അങ്ങനെ 1947 ല്‍ ഇന്ത്യാ രാജ്യത്ത് സ്വാതന്ത്ര്യത്തിന്‍റെ അരുണന്‍ ഉദിച്ചുയര്‍ന്നു. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ രാജ്യം വിഭജിക്കപ്പെട്ടു. പക്ഷേ, ജംഇയ്യത്ത് വിഭജനത്തെ ശക്തിയുക്തം എതിര്‍ത്തു. ഈ വഴിയില്‍ ജംഇയ്യത്തിന് ധാരാളം ആക്ഷേപങ്ങളും പീഢനങ്ങളും സഹിക്കേണ്ടിവന്നു. പക്ഷേ ജംഇയ്യത്ത് നിലപാടില്‍ മാറ്റം വരുത്തിയില്ല.
സ്വാതന്ത്ര്യത്തിന് ശേഷം ഈ രാജ്യത്ത് ഒരു വിഭാഗം ആളുകള്‍ ഇന്ത്യ ഹിന്ദു രാജ്യമാകണം എന്ന ആവശ്യം ഉന്നയിച്ചു. എന്നാല്‍ ജംഇയ്യത്ത് ഇവര്‍ക്കെതിരില്‍ ഒറ്റയ്ക്ക് പോരാടി. ആടിക്കളിച്ചുകൊണ്ടിരുന്ന നേതാക്കന്മാരോട് സ്വാതന്ത്ര്യ സമരകാലത്ത് ചെയ്ത വാഗ്ദാനം ഓര്‍മ്മിക്കുകയും അതനുസരിച്ച് ഭരണഘടന മതേതരമാക്കണമെന്ന് ശക്തമായി ആവശ്യപ്പെടുകയും ചെയ്തു. ജംഇയ്യത്ത് പറഞ്ഞു: രാജ്യത്തെ വിഭജിക്കാന്‍ കളിച്ചത് ഇന്ത്യയിലെ തന്നെ ചില കുബുദ്ധികളാണ്. ഞങ്ങളാരും അതിനെ അനുകൂലിച്ചിട്ടില്ല. വിഭജനത്തിന്‍റെ പാപഭാരം അത് നടത്തിയവരുടെ മേലാണ്. ഞങ്ങള്‍ക്ക് അതുമായി യാതൊരു ബന്ധവും ഇല്ല. മാത്രമല്ല, അതിനെ എതിര്‍ത്തതിന്‍റെ പേരില്‍ ഞങ്ങളുടെ തൊപ്പികള്‍ പറിച്ചെടുത്ത് മണ്ണിലെട്ട് തേക്കപ്പെട്ടു. പക്ഷേ, ഞങ്ങള്‍ നിലപാടില്‍ നിന്നും അല്‍പ്പവും മാറിയില്ല. ആകയാല്‍ പണ്ടുമുതലേ ഞങ്ങള്‍ ആവശ്യപ്പെടുകയും നിങ്ങള്‍ വാഗ്ദാനം നല്‍കുകയും ചെയ്തതനുസരിച്ച് ഭരണഘഠന മതേതരമാക്കുക! പടച്ചവന്‍ ജംഇയ്യത്തിന്‍റെ ശബ്ദത്തിന് ശക്തി നല്‍കി. രാജ്യത്തിന്‍റെ ഭരണഘടന മതേതരത്വത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രഖ്യാപിക്കപ്പെട്ടു. ഇതേ മതേതരത്വത്തിന്‍റെ അടിസ്ഥാനത്തില്‍ രാജ്യം മുന്നോട്ട് നീങ്ങുന്നതാണ് ഈ രാജ്യത്തിനും രാജ്യനിവാസികള്‍ക്കും ഉത്തമമെന്ന് ഇന്നും ഞങ്ങള്‍ വിശ്വസിക്കുകയും ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഈ രാജ്യം പണ്ടുമുതല്‍ക്കേ വിവിധ മതങ്ങളുടെയും മതസ്ഥരുടെയും കേന്ദ്രമാണ്. ഓരോരുത്തരും അവരവരുടെ മതം പഠിക്കുകയും പകര്‍ത്തുകയും ചെയ്യുന്നതിനോടൊപ്പം നാമെല്ലാവരും ഒരൊറ്റ നാട്ടുകാരും അയല്‍വാസികളുമാണ് എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് പരസ്പരം സ്നേഹദരവുകളോടെ കഴിയണം എന്നതാണ് ജംഇയ്യത്തിന്‍റെ പ്രധാന സന്ദേശം.
കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ഇതര അധികാര കേന്ദ്രങ്ങളിലെയും കസേരകളില്‍ ഇരിക്കണമെന്ന് ഞങ്ങള്‍ക്ക് ആഗ്രഹമോ, അവിടെ ഇരിക്കുന്നവരോട് പ്രത്യേക ബന്ധമോ ഞങ്ങള്‍ക്കില്ല. ഇരിക്കുന്നവര്‍ ഇരിക്കുന്നു. പോകുന്നവര്‍ പോകുന്നു. പക്ഷേ, ഞങ്ങള്‍ക്ക് അതിശക്തമായ ഒരു വിശ്വാസമുണ്ട്: ഈ രാജ്യം മതേതരത്വത്തിന്‍റെ അടിസ്ഥാനത്തില്‍ നീങ്ങുന്നിടത്തോളം ഈ രാജ്യം നിലനില്‍ക്കുകയും വളരുകയും ചെയ്യും. മതേതരത്വം അവസാനിച്ചാല്‍ ഈ രാജ്യം തകര്‍ന്നുപോകും. പ്രത്യേകിച്ചും വര്‍ഗ്ഗീയവാദം ഇവിടെ ശക്തി പ്രാപിച്ചാല്‍ അത് മുഴുവന്‍ രാജ്യനിവാസികള്‍ക്കും അതിഭയങ്കര ഭീഷണിയാണ്. വിശിഷ്യാ വര്‍ഗ്ഗീയവാദികളല്ലാത്ത മുഴുവന്‍ മതസ്ഥര്‍ക്കും അത് നാശമായി ഭവിക്കുന്നതും അവസാനം സ്വയം നശിച്ചൊടുങ്ങുന്നതുമാണ്. ആകയാല്‍ ഈ രാജ്യം എന്നുമെന്നും സുന്ദര സുമോഹനമായി നിലനില്‍ക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. അതിന് മതേതരത്വം നിലനിര്‍ത്താന്‍ നാമെല്ലാവരും പരിശ്രമിക്കുക.
മതേതരത്വം നിലനില്‍ക്കേണ്ടത് മുസ്ലിംകളുടെ മാത്രം ആവശ്യമല്ല എന്ന് എല്ലാവരും നന്നായി മനസ്സിലാക്കുക. മുസ്ലിംകള്‍ക്ക് യഥാര്‍ത്ഥത്തില്‍ വര്‍ഗ്ഗീയത ഒരു വെല്ലുവിളിയേ അല്ല, സഹസ്രാബ്ദങ്ങള്‍ സഞ്ചരിച്ചാണ് ഇസ്ലാം ഇവിടംവരെയും വന്നെത്തിയത്. ഇതിനിടയില്‍ ഒന്നല്ല, നൂറുകണക്കിന് ആളുകളും പ്രസ്ഥാനങ്ങളും ഇസ്ലാമിനെ തകര്‍ക്കാന്‍ കൊണ്ടുപിടിച്ച് പരിശ്രമിച്ചു. പക്ഷേ, നാമം പോലും കേള്‍ക്കപ്പെടാത്ത നിലയില്‍ അവരും അവരുടെ പ്രസ്ഥാനങ്ങളും സ്വയം തകര്‍ന്നു എന്നല്ലാതെ ഇസ്ലാമിന് യാതൊരു കുഴപ്പവും ഉണ്ടായില്ല. ആകയാല്‍ ഇസ്ലാമും മുസ്ലിംകളും ഇവിടെ ലോകാവസാനം വരെ നിലനില്‍ക്കുമെന്നതില്‍ ഞങ്ങള്‍ക്ക് ഒരു സംശയവുമില്ല.
ഒരു കാര്യം കൂടി പ്രത്യേകം മനസ്സിലാക്കുക: ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകിച്ചും പാശ്ചാത്യ രാജ്യങ്ങളില്‍ മുസ്ലിംകള്‍ പലരും പുറത്തുനിന്നും വന്നവരാണ്. എന്നാല്‍ ഇന്ത്യയിലെ മുസ്ലിംകള്‍ ഇവിടെ പുറത്തുനിന്നും വന്നവരല്ല, ഇവിടെത്തന്നെ ഉണ്ടായിരുന്നവരാണ്. ഇവിടെയുള്ള വിവിധ കുടുംബങ്ങളില്‍ കുറേയാളുകള്‍ ഇസ്ലാം സ്വീകരിച്ചു. അവരുടെ പരമ്പയാണ് മുസ്ലിംകളായി ഇവിടെ നിലകൊള്ളുന്നത്. ജാട്ട്, രാജ്പുത്, ഠാക്കൂര്‍, പട്ടേല്‍ തുടങ്ങിയ മുഴുവന്‍ വിഭാഗങ്ങളിലും ഹൈന്ദരെയും മുസ്ലിംകളെയും കാണാന്‍ കഴിയും. നാമാരും പുറത്തുനിന്നും വന്നവരല്ല. പണ്ടുമുതലേ ഉള്ളവരും പരസ്പരം കഴിയുന്നവരുമാണ്.
എന്നാല്‍ ഇന്ന് ഈ ഒരു അവസ്ഥക്ക് മാറ്റം വരുത്താന്‍ വലിയ ശ്രമം നടക്കുന്നു. പലരും അറിഞ്ഞോ അറിയാതെയോ അതിലേക്ക് ചായുകയും ചെയ്യുന്നു. ഇത് വലിയ നാശത്തിന്‍റെ മണിമുഴക്കമാണെന്ന് ഞങ്ങള്‍ ഭയക്കുന്നു. ഭരണഘടന നിലനിര്‍ത്തുകയും മതേതരത്വത്തിന്‍റെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ നീക്കുകയും എല്ലാവരോടും നീതി പുലര്‍ത്തുകയും ചെയ്യേണ്ടത് പ്രത്യേകിച്ചും ഭരണകൂടത്തിന്‍റെ പ്രധാന ബാധ്യതയാണ്. പക്ഷേ, ഇന്ന് കേന്ദ്രത്തില്‍ ഭരണം നടത്തുന്ന പലരുടെയും രീതി രാജ്യത്തിന് വലിയ ഭീഷണിയാണ്. അവരുടെ തണലില്‍ വര്‍ഗ്ഗീയവാദികള്‍ വര്‍ഗ്ഗീയത പരത്തിക്കൊണ്ടിരിക്കുന്നു. ഇതിന് മുമ്പൊരിക്കലും ഈ രാജ്യത്ത് കാണപ്പെട്ടിട്ടില്ലാത്ത അവസ്ഥകള്‍ സംജാതമായിരിക്കൊണ്ടിരിക്കുന്നു. ഘര്‍വാപ്പസി എന്നപേരില്‍ നിര്‍ബന്ധ മതം മാറ്റം ഇവിടെ പരസ്യമായി നടന്നു. മുസ്ലിംകള്‍, ക്രിസ്ത്യാനികള്‍ മുതലായ ന്യൂനപക്ഷങ്ങള്‍ക്ക് വോട്ടവകാശം നിഷേധിക്കണമെന്ന ആവശ്യം ഉയര്‍ത്തപ്പെട്ടു. ഗാന്ധിജിയെപ്പോലെയുള്ള നേതാക്കള്‍ പോലും നിന്ദിക്കപ്പെട്ടു. ഗാന്ധിജിയെ ഞങ്ങളാണ് വധിച്ചതെന്ന് അഭിമാനത്തോടെ പറയുന്ന അവസ്ഥ സംജാതമായി. ഒന്നര നൂറ്റാണ്ടുകാലം നീണ്ടുനിന്ന മഹത്തായ സ്വാതന്ത്ര്യ സമരത്തെതന്നെ നിന്ദിക്കുന്ന പ്രവണതകളാണ് ഇവകളെല്ലാം. അതെ, രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനുവേണ്ടി യാതൊരു പരിശ്രമവും ചെയ്യാത്ത ആളുകളാണ് ഇതെല്ലാം കാട്ടിക്കൊണ്ടിരിക്കുന്നത്.
അവസാനമായി ഒരു കാര്യം കൂടി അറിയിക്കട്ടെ: ഈ അന്ധകാരത്തിനിടയിലും പ്രതീക്ഷയുടെ ധാരാളം കിരണങ്ങളും കാണപ്പെടുന്നുണ്ട്. ഘര്‍വാപ്പസി വലിയൊരു പരിപാടിയായി കൊണ്ടുവന്നെങ്കിലും അത് ഈ രാജ്യത്ത് ഒരു മാസം പോലും പിടിച്ചുനിന്നില്ല. ഇവിടുത്തെ ഭൂരിപക്ഷം വര്‍ഗ്ഗീയ വാദികള്‍ അല്ലായെന്ന് ഇത് അറിയിക്കുന്നു. ഭൂരിപക്ഷം വര്‍ഗ്ഗീയവാദികള്‍ ആയിരുന്നുവെങ്കില്‍ ഇത് ഒരു അഗ്നിയായി രാജ്യത്ത് ആളിപ്പടരുമായിരുന്നു. ന്യൂനപക്ഷ മതസ്ഥര്‍ക്ക് വോട്ട് നിഷേധിക്കുന്ന വാദം വന്നു. പക്ഷേ, വാദം ഉന്നയിച്ചവര്‍ തന്നെ മാളത്തില്‍ ഒളിച്ചു. രാജ്യം അത് സ്വീകരിച്ചില്ല. വര്‍ഗ്ഗീയ വാദത്തിന്‍റെ പേരില്‍ നിരപരാധികളായ അഖ്ലാഖിനെപ്പോലെയുള്ള ഏതാനും സാധുക്കളെ നിഷ്ഠൂരമായി അക്രമികള്‍ വധിച്ചു. എന്നാല്‍ അതിനെത്തുടര്‍ന്ന് രാജ്യം മുഴുവന്‍ അമുസ്ലിം സഹോദരങ്ങളും ശബ്ദമുയര്‍ത്തി. നിരവധി ബുദ്ധിജീവികള്‍ അവരുടെ അവാര്‍ഡുകള്‍ തിരിച്ചുനല്‍കി. ഇപ്പോള്‍ രാജ്യത്തുള്ള ജനങ്ങള്‍ എല്ലാവരും ഇന്ന് ഭരിക്കുന്നവര്‍ക്ക് വോട്ട് നല്‍കിയല്ലോ എന്ന് ദു:ഖിച്ച് കഴിയുകയാണ്. എന്താണെങ്കിലും രാജ്യത്തിന്‍റെ വിവിധ കോണുകളില്‍ നിന്നും ഇടയ്ക്കിടെ ഉയരുന്ന ഈ സുന്ദര ചിത്രങ്ങള്‍ വലിയ പ്രതീക്ഷയും പ്രത്യാശയും പകര്‍ന്ന് തരുന്നുണ്ട്.
ചുരുക്കത്തില്‍ ഈ രാജ്യത്തിന്‍റെ മഹത്തായ പാരമ്പര്യം കൂടിയായ മാനവികതയെ നാം ഓരോരുത്തരും മുറുകെ പിടിക്കുക. വര്‍ഗ്ഗീയതയുടെ തീ ജ്വാലയെ വര്‍ഗ്ഗീയത കൊണ്ട് ഒരിക്കലും അണയ്ക്കാന്‍ സാധിക്കുകയില്ല. അതിലൂടെ വര്‍ഗ്ഗീയതയും അക്രമങ്ങളും ശക്തി പ്രാപിക്കുന്നതാണ്. മറിച്ച് വര്‍ഗ്ഗീയതയെ മാനവികതയുടെ തീര്‍ത്ത ജലംകൊണ്ട് അണയ്ക്കാന്‍ നാം മുന്നിട്ട് ഇറങ്ങുക. ഇതാണ് ജംഇയ്യത്ത് ഉലമാ എ ഹിന്ദിന്‍റെ പ്രധാനപ്പെട്ട ഒരു സന്ദേശം. ജനങ്ങള്‍ക്കെല്ലാവര്‍ക്കും ജംഇയ്യത്തിന്‍റെ ഭാഗത്തുനിന്നും ആശംസ നേരുകയും എല്ലാവരുടെയും നന്മയ്ക്കായി പടച്ചവനോട് പ്രാര്‍ത്ഥിക്കുകയും ചെയ്തുകൊണ്ട് ഉപസംഹരിക്കുന്നു. പടച്ചവന്‍ അനുഗ്രഹിക്കട്ടെ.
ഒരു ദിവസം പുണ്യഹദീസിന്‍റെ പാഠം വിനീതന്‍ കുനിഞ്ഞിരുന്ന് എടുത്തുകൊണ്ടിക്കുകയായിരുന്നു. ഇതിനിടയില്‍ ശൈഖുല്‍ ഇസ്ലാം മൗലാനാ ഹുസൈന്‍ അഹ്മദ് മദനി പാഠത്തിന്‍റെ ഇബാറത്ത് (വാക്യങ്ങള്‍) വായിക്കുന്നത് കേട്ട് ഞാന്‍ ഞെട്ടി. പക്ഷേ, മൗലാനായുടെ രീതി അറിയാവുന്നത് കൊണ്ട് പാഠം മുന്നോട്ട് നീക്കി. മൗലാനാ എപ്പോള്‍ വന്നാലും ഞാന്‍ ഏതൊരു കാര്യത്തിലാണോ അതില്‍ കുഴപ്പമൊന്നും ഉണ്ടാക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പാഠം കഴിഞ്ഞ് വിനീതന്‍ അടുത്ത് ചെന്നപ്പോള്‍ ആശംസ അര്‍പ്പിച്ചു. വിശേഷങ്ങള്‍ പറഞ്ഞ കൂട്ടത്തില്‍ അര്‍ഷദ് എന്ന പേരുള്ള ഒരു മകന്‍ ജനിച്ചുവെന്നും പ്രത്യേകം ദുആ ചെയ്യണമെന്നും അഖീഖക്ക് വീട്ടിലേക്ക് വരുക, അല്ലെങ്കില്‍ താങ്കള്‍ക്ക് ഓഹരി തന്നയക്കാം എന്നും പറഞ്ഞു. അല്ലാഹു ആ മകനെ നല്ല നിലയില്‍ വളര്‍ത്തുകയും ഉയര്‍ത്തുകയും ചെയ്യട്ടെ എന്ന് വിനീതന്‍ ദുആ ചെയ്തു. (ശൈഖുല്‍ ഹദീസ് അല്ലാമാ മുഹമ്മദ് സകരിയ്യാ (റ))
ജംഇയ്യത്ത് ഉലമാ എ ഹിന്ദ്
ദാറുല്‍ ഉലൂം അല്‍ ഇസ് ലാമിയ്യ ഓച്ചിറ കമ്മിറ്റി
ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് അഖിലേന്ത്യാ അദ്ധ്യക്ഷന്‍ മൗലാനാ സയ്യിദ് അര്‍ഷദ് മദനി, നാളെ (2020 ജനുവരി 25 ശനി) തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ആയിരങ്ങളെ അഭിസംബോധന ചെയ്യുന്നു.
ഏവര്‍ക്കും സ്വാഗതം.!
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട് ടെ.!
പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media*
എന്ന വാട്സ്അപ് ഗ്രൂപ്പില്‍
*Group -1*
*Group -2*
അംഗമാവുകയോ ഞങ്ങളുടെ
*ഫേസ്ബുക്*
അല്ലെങ്കില്‍
*ബ്ലോഗ്*
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.
------------------------------
🔹 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന *ഓച്ചിറ ദാറുല്‍ ഉലൂമിനെ* സഹായിക്കുന്നതിന്,
🔹 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന് ന *സയ്യിദ് ഹസനി അക്കാദമി* യുമായുമായി ബന്ധപ്പെടുന്നതിന്,
🔹 *അല്‍ ഹസനാത്ത് ത്രൈമാസിക* വരിക്കാരാകുന്നതിന്
ബന്ധപ്പെടുക: +919961955826
*എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
No comments:
Post a Comment