Sunday, January 26, 2020

റിപ്പബ്ലിക് ദിന സന്ദേശം.!



റിപ്പബ്ലിക് ദിന സന്ദേശം.!
https://swahabainfo.blogspot.com/2020/01/blog-post_26.html?spref=tw 

ഇന്ന് നമ്മുടെ രാജ്യം റിപ്പബ്ലിക് ദിനം കൊണ്ടാടുകയാണ്. ഇന്ത്യ ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കായതിന്‍റെ സ്മരണയാണ് നാമിന്ന് അയവിറക്കുന്നത്. ഈ രാജ്യത്തിന്‍റെ ഉടമസ്ഥതാവകാശം ജനങ്ങള്‍ക്കാണ് എന്നാണ് റിപ്പബ്ലിക് എന്ന വാക്ക് അര്‍ത്ഥമാക്കുന്നത്. റിപ്പബ്ലിക്കില്‍ രാജ്യത്തെ ഭരിക്കുന്നത് ജനങ്ങളുടെ പ്രതിനിധിയാണ്. 
നീണ്ട കാലത്തെ വൈദേശികാധിപത്യത്തിനും അടിമത്വത്തിനും ശേഷമാണ് നമ്മുടെ പൂര്‍വ്വികന്മാര്‍ നമുക്കീ സ്വാതന്ത്ര്യം നേടിത്തന്നത്. അവരൊഴുക്കിയ വിയര്‍പ്പും അവര്‍ ചിന്തിയ രക്തവുമാണ് നമ്മുടെ സ്വാതന്ത്ര്യം. സ്വാതത്ര്യ പോരാട്ടത്തിന്‍റെ വഴികളില്‍ അവരില്‍ പലരും തൂക്കിലേറ്റപ്പെട്ടു, നിരവധി പേര്‍ക്ക് അംഗഭംഗം സംഭവിച്ചു, പലര്‍ക്കും കാരാഗൃഹവാസം അനുഭവിക്കേണ്ടി വന്നു. അനേകരുടെ സമ്പത്തും സമ്പാദ്യമാര്‍ഗ്ഗങ്ങളും ഇല്ലാതായി. അവരുടെ അനുസ്മരണം ഇല്ലാതെ നമ്മുടെ റിപ്പബ്ലിക് ദിനാചരണം പൂര്‍ണ്ണമാവുകയില്ല.
സ്വാതന്ത്ര്യ പോരാട്ടത്തില്‍ മുന്‍ നിരയില്‍ നിന്നവരാണ് മുസ്ലിം പണ്ഡിതരും നേതാക്കളും. പക്ഷെ അവരില്‍ പലരെയും ഇന്ന് അനുസ്മരിക്കപ്പെടാറില്ലെന്നത് ഖേദകരമാണ്. "ഈ ഉലമാക്കളുടെ കാല്‍പാദങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന മണ്‍തരികള്‍ എന്‍റെ കണ്ണിലെ കൃഷ്ണമണി പോലെയാണ്. അവരുടെ കാല്‍പാദങ്ങളില്‍ ചുംബിക്കുന്നതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു" ജംഇയ്യത്ത് ഉലമാ ഏ ഹിന്ദിന്‍റെ ദേശീയ ജന. സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മൗലാനാ ഹുസൈന്‍ അഹ് മദ് മദനിയെ അഭിനന്ദിക്കാന്‍ ദില്ലി ജുമുഅ മസ്ജിദിന് സമീപം ചേര്‍ന്ന യോഗത്തില്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും സ്വാതന്ത്ര്യസമര തേരാളിയുമായ ജവഹര്‍ലാല്‍ നെഹ്റു നടത്തിയ പ്രസംഗത്തിലെ വാക്കുകളാണിത്. എന്താണ് ജഹര്‍ലാല്‍ നെഹ്റു മുസ് ലിം പണ്ഡിതന്മാരെ ഇത്രയധികം ബഹുമാനിക്കാനും ആദരിക്കാനും കാരണം.? ഇത് മുസ് ലിം സമൂഹത്തെ കയ്യിലെടുക്കാനുള്ള കേവല വാക്ധോരണികള്‍ ആയിരുന്നില്ല. അതല്ലെങ്കില്‍ വെറുമൊരു രാഷ്ട്രീയ പ്രസ്താവനയുമായിരുന്നില്ല. ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലും ദേശീയ ഐക്യം ഊട്ടിയുറപ്പിക്കുന്നതിലും മുസ്ലിം പണ്ഡിതന്മാര്‍ നല്‍കിയ മഹത്തായ സംഭാവനകളായിരുന്നു ഈ ആദരവിന് കാരണം. 
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് അടിസ്ഥാന പ്രചോദനം നല്‍കിയവരാണ് ഇമാം ശാഹ് വലിയുല്ലാഹ് ദഹ് ലവിയും പുത്രന്‍ ശാഹ് അബ്ദുല്‍ അസീസ് ദഹ് ലവിയും. ശാഹ് അബ്ദുല്‍ അസീസ് ദഹ് ലവി, ഇന്ത്യ ദാറുല്‍ ഹര്‍ബ് (യുദ്ധഭൂമി) ആണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ബ്രിട്ടീഷ് വിരുദ്ധ നീക്കത്തിന് തുടക്കമിട്ടു. ബ്രിട്ടീഷുകാരെ മനസ്സാ വെറുത്ത് കഴിയുകയായിരുന്ന മുസ് ലിംകള്‍ക്ക് ഇമാം ദഹ് ലവിയുടെ ഫത് വ ഒരു വിശുദ്ധ സമരം തുടങ്ങുന്നതിനുള്ള അനുമതിപത്രം കൂടിയായി. 
തുടര്‍ന്ന് ശിഷ്യന്‍ സയ്യിദ് അഹ് മദ് ശഹീദ് (റഹ്) യും കൂട്ടുകാരും ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടി രക്തസാക്ഷികളായി. ബ്രിട്ടീഷുകാര്‍ സയ്യിദ് അഹ് മദിന്‍റെ പ്രസ്ഥാനവുമായി സഹകരിച്ചവരെ പിടികൂടുകയും നിരവധി പേരെ തൂക്കിലേറ്റുകയും ചെയ്തു. അനേകം പേരെ വിവിധ പ്രദേശങ്ങളിലേക്ക് നാടു കടത്തി. ധാരാളം പ്രവര്‍ത്തകര്‍ ഇങ്ങനെ ആന്തമാന്‍ ദ്വീപുകളിലുമെത്തി. 
ദക്ഷിണേന്ത്യയില്‍ ബ്രിട്ടീഷ് താല്‍പര്യങ്ങള്‍ക്ക് ഏറ്റവും വലിയ തടസ്സം സൃഷ്ടിച്ചതും മുസ് ലിംകളായിരുന്നു. ഹൈദര്‍ അലിയുടെയും ടിപ്പുസുല്‍ത്വാനിന്‍റെയും നേതൃത്വത്തിലുള്ള മൈസൂറും പിന്നീട് മലബാറിലെ മുസ് ലിം മാപ്പിളമാരും ബ്രിട്ടീഷുകാരുടെ കോളനി വ്യാപനത്തിനെതിരെ ദീര്‍ഘമായ ചെറുത്തുനില്‍പ് നടത്തി. 
1857-ലെ സ്വാതന്ത്ര്യ സമരത്തില്‍ മുഖ്യപങ്ക് മുസ് ലിംകളുടെതായിരുന്നു. ഇന്ത്യയിലെ പണ്ഡിതരും സൂഫികളും അവരോടൊപ്പം ഭൂരിപക്ഷം മുസ്ലിം ഭരണാധിപന്‍മാരും ഒരുമിച്ച് നടത്തിയ മുന്നേറ്റമായിരുന്നു അത്. അവരോടൊപ്പം ബ്രിട്ടീഷ് നീതിയില്‍ വിശ്വാസം നശിച്ച ഹിന്ദു ഭരണാധികാരികളും പ്രജകളും അതില്‍ പങ്കുചേര്‍ന്നു. 
മൗലാനാ ഇംദാദുല്ലാഹ്, അബ്ദുല്‍ ജലീല്‍, ലിയാഖത് അലി, മുഹമ്മദ് ഖാസിം നാനൂതവി, റഷീദ് അഹ്മദ് ഗങ്കോഹി, പീര്‍ അലി, ഗുലാം ഹുസൈന്‍ തുടങ്ങിയ ഒട്ടേറെ പണ്ഡിതന്‍മാര്‍ 1857-ലെ കലാപത്തിന് നായകത്വം വഹിച്ചിരുന്നു. 1857-ലെ വിപ്ളവത്തില്‍ പ്രത്യേകം ശ്രദ്ധയാകര്‍ഷിച്ച സംഭവമായിരുന്നു ത്ഥാനാ ഭവന്‍ വിപ്ളവം. പൂര്‍ണ്ണമായും പണ്ഡിതന്‍മാരും ഇംഗ്ളീഷ് പട്ടാളവും തമ്മില്‍ നടന്ന ഒരു സംഘട്ടനമായിരുന്നു അത്. സയ്യിദ് അഹ് മദ് ശഹീദിന്‍റെയും ശാഹ് വലിയ്യുല്ലാഹിയുടെയും അനുയായികളായിരുന്ന ഈ പണ്ഡിതന്മാരുടെ സര്‍വ്വസൈന്യാധിപന്‍ ഹാജി ഇംദാദുല്ലാഹ് മുഹാജിര്‍ മക്കിയായിരുന്നു. ജനറല്‍ കമാണ്ടറായി മുഹമ്മദ് ഖാസിം നാനൂതവിയും ഉണ്ടായിരുന്നു. റഷീദ് അഹ് മദ് ഗങ്കോഹി ജഡ്ജിയായും മൗലാനാ മുഹമ്മദ് മുനീര്‍ നാനൂതവി, ഹാഫിസ് ളാമിന്‍ ശഹീദ് എന്നിവര്‍ ഇടത്-വലത് സൈനിക വ്യൂഹങ്ങളുടെ നായകന്‍മാരായും നിലകൊണ്ടു. ജനസ്വീകാര്യതയുള്ള പണ്ഡിതന്മാരുടെ നേരിട്ടുള്ള നേതൃത്വം ജനങ്ങളെ ആവേശഭരിതരാക്കി. ദേവ്ബന്ദിനടുത്തുള്ള മുസഫ്ഫര്‍ നഗറില്‍പെട്ട ത്ഥാനാ ഭവനിലാണ് ആദ്യമായി വിപ്ളവം അരങ്ങേറിയത്. ത്ഥാനാ ഭവനും പരിസരങ്ങളും പിടിച്ചടക്കിയ അവര്‍ വിപ്ളവ ഗവണ്‍മെന്‍റ് സ്ഥാപിച്ച് ഭരണം തുടങ്ങി. വൈകാതെ സഹാറന്‍പൂരില്‍നിന്ന് ഇംഗ്ളീഷ് സേന, പീരങ്കികളുമായി പാഞ്ഞെത്തി. നാടന്‍ തോക്കുകളുമായി അവരെ മുഖാമുഖം നേരിടുന്നത് ബുദ്ധിയല്ലെന്ന് മനസ്സിലാക്കിയ മൗലാനാ റഷീദ് അഹ് മദ് ഗങ്കോഹിയും സംഘവും പതിയിരുന്ന് ബ്രിട്ടീഷ് സേനയെ ആക്രമിച്ചു. ഓര്‍ക്കാപുറത്തുള്ള ആക്രമണത്തില്‍ നിലതെറ്റിയ ബ്രിട്ടീഷ് സൈന്യം പീരങ്കികളും മറ്റും വഴിയിലുപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. വിപ്ളവകാരികള്‍ അവ കൈക്കലാക്കി. ഈ സംഭവം വിപ്ളവകാരികളില്‍ ആവേശം പകര്‍ന്നു. പക്ഷേ, വീണ്ടും വിദേശസേന പൂര്‍വ്വാധികം സന്നാഹങ്ങളോടെ തിരിച്ചുവന്നു. ഘോരയുദ്ധം നടന്നു. മുഹമ്മദ് ളാമിന്‍ രക്തസാക്ഷിയായി. എങ്കിലും വിപ്ളവകാരികള്‍ ഉറച്ചുപൊരുതി. പക്ഷേ, ദില്ലിയിലും മറ്റും വിപ്ളവം പരാജയപ്പെട്ടു. ഇംദാദുല്ലാഹ് മുഹാജിര്‍ മക്കി മക്കയിലേക്ക് രക്ഷപ്പെട്ടു. മൗലാനാ റഷീദ് അഹ് മദ് ഗങ്കോഹിയും ഖാസിം നാനൂതവിയും തടവിലായി. വളരെ പണിപ്പെട്ടാണ് ബ്രിട്ടീഷുകാര്‍ ദില്ലിയിലും മറ്റും കലാപം അടിച്ചമര്‍ത്തിയത്. ആയിരക്കണക്കിന് മുസ്ലിം പണ്ഡിതരെയാണ് അന്ന് തൂക്കിലേറ്റപ്പെട്ടത്. എങ്കിലും മുസ്ലിംകളുടെ സ്വാതന്ത്ര്യവാഞ്ഛയെ അത് തെല്ലും ശമിപ്പിച്ചില്ല. അവസരം കിട്ടുമ്പോഴൊക്കെ അത് വീണ്ടും അണപൊട്ടി ഒഴുകി. 
മൗലാനാ ഹുസൈന്‍ അഹ് മദ് മദനിയെ സ്വാതന്ത്ര സമര പോരാട്ടങ്ങളുടെ പേരില്‍ ബ്രിട്ടീഷുകാര്‍ നീണ്ട കാലം ആഫ്രികയിലെ മാള്‍ട്ടാ ജയിലില്‍ അടച്ചു. അവിടെ നിന്നും മോചിതനായതിനു ശേഷവും സ്വാതന്ത്ര സമര പോരാട്ടങ്ങള്‍ തുടര്‍ന്നു. തുടര്‍ന്ന് വീണ്ടും രണ്ടു പ്രാവശ്യം ജയിലില്‍ അഞ്ചര വര്‍ഷത്തോളം അടയ്ക്കപ്പെട്ടു. മൗലാന റഷീദ് അഹ് മദ് ഗംഗോഹി ആറു മാസത്തോളം തുടര്‍ച്ചയായി സഹാറന്‍പൂര്‍ ജയിലില്‍ കടുത്ത മര്‍ദ്ദനത്തിനിരയായി. മൗലാന ഉബൈദുല്ലാഹ് സിന്ധി അഫ്ഗാനിസ്ഥാന്‍, റഷ്യ, തുര്‍ക്കി മുതലായ രാജ്യങ്ങളില്‍ നീണ്ട വര്‍ഷങ്ങള്‍ താമസിച്ച് വിപ്രവാസ ഗവണ്‍മെന്‍റിനും സ്വാതന്ത്ര്യ സമര പോരാട്ടത്തിനും ചരടുവലികള്‍ നടത്തി. 
മൗലാനാ മുഹമ്മദ് അലി ജൗഹര്‍, അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍, മൗലാനാ അബുല്‍ കലാം ആസാദ് മുതലായവരും ഇന്ത്യന്‍  സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ജ്വലിച്ചു നില്‍ക്കുന്ന നാമങ്ങളാണ്. സമര സേനാനികള്‍ക്ക് ആവേശം പകര്‍ന്ന നിരവധി മുദ്രാവാക്യങ്ങളും സമര കാവ്യങ്ങളും മുസ്ലിംകളുടെ സംഭാവനകളാണ്. 
സ്വാതന്ത്ര്യത്തിനു വേണ്ടി മുസ്ലിം നേതാക്കള്‍ സഹോദര സമുദായാംഗങ്ങളോടൊപ്പം തോളോടു തോള്‍ ചേര്‍ന്ന് പരിശ്രമിച്ചതിനു ചരിത്രം സാക്ഷിയാണ്. അവര്‍ പോരാടിയത് സമാധാനവും സമത്വവും സഹവര്‍ത്തിത്വവും തുല്യതയും ഐശ്വര്യവും കളിയാടുന്ന ഒരു ഇന്ത്യക്ക് വേണ്ടിയാണ്. എന്നാല്‍ ഇന്ന് അന്ധമായ വര്‍ഗ്ഗീയത  രാഷ്ട്രത്തിന്‍റെ നന്മകളും ഐശ്വര്യങ്ങളും നശിപ്പിക്കുകയാണ്. അവരുടെ പിന്‍ഗാമികളെന്ന നിലയില്‍  ഈ രാഷ്ട്രത്തെ വീണ്ടെടുക്കേണ്ടത് നമ്മുടെ ചുമതലയാണ്.  
നാം അഭിമാനിക്കുക.! നമ്മുടെ പൂര്‍വ്വികര്‍ ഈ രാജ്യത്തിനു വേണ്ടി മഹത്തായ സേവനം അനുഷ്ടിച്ചവരാണ്. അവര്‍ നട്ടു വളര്‍ത്തിയ പൂന്തോട്ടമാണ് നമ്മുടെ ഇന്ത്യ.! ഈ രാജ്യം നമ്മുടേതും കൂടിയാണ്.!

പ്രതിജ്ഞ
ഇന്ത്യ എന്‍റെ മാതൃ രാജ്യമാണ്. മുസ്ലിം എന്ന നിലയിലും പൗരന്‍ എന്ന നിലയിലും ഞാന്‍ എന്‍റെ രാജ്യത്തെ സ്നേഹിക്കുന്നു. ഈ രാജ്യം അല്ലാഹു നല്‍കിയ ഭവനമാണെന്ന് മനസ്സിലാക്കി ഞാന്‍ അവന് നന്ദി രേഖപ്പെടുത്തുന്നു. ഈ രാജ്യനിവാസികള്‍ എനിക്ക് കുടുംബാംഗങ്ങളെ പോലെയാണ്. അവര്‍ക്ക് ഞാന്‍ ഉപകാരിയായി കഴിയുന്നതാണ്. 
എന്‍റെ രാജ്യത്തെ ഭരണഘടന, പൗരന്മാരെ തുല്യതയോടെ കാണുന്നുവെന്നും എനിക്ക് എന്‍റെ വിശ്വാസാദര്‍ശങ്ങളനുസരിച്ച് ജീവിക്കാന്‍ അനുവാദം തരുന്നുവെന്നും ഞാന്‍ മനസ്സിലാക്കുന്നു. ഈ അവകാശത്തെ ഞാന്‍ അടിയറ വെയ്ക്കുകയില്ല. ഞാന്‍ മുസ്ലിമായി ഈ രാജ്യത്ത് ജീവിക്കും. ഇസ്ലാമിക സന്ദേശങ്ങളനുസരിച്ച് രാജ്യത്തിനും രാജ്യ നിവാസികള്‍ക്കും ലോകത്തിനും ഉപകാരിയായിക്കൊണ്ട് ഇന്ത്യയുടെ യശസ്സ് ലോകമെങ്ങും ഉയര്‍ത്തും. 
ഈ സ്വാതന്ത്ര്യം മഹാന്മാരായ മുന്‍ഗാമികളുടെ പരിശ്രമങ്ങളുടെ ഫലമാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. അവര്‍ക്കായി ഞാന്‍ ദുആ ഇരക്കുന്നു. അവരുടെ ത്യാഗങ്ങള്‍ പാഴാക്കുകയില്ലെന്നും എല്ലാ ജാതി മതസ്ഥരും സഹവര്‍ത്തിത്വത്തോടെ കഴിയുന്ന ഇന്ത്യയായി രാജ്യത്തെ വീണ്ടെടുക്കുമെന്നും ഞാന്‍ ദൃഢനിശ്ചയം ചെയ്യുന്നു. 
തയ്യാറാക്കിയത്: 
ഹാഫിസ് മിസ്അബ് നദ്‌വി 
ഉസ്താദ്; ദാറുൽ ഉലൂം, ഓച്ചിറ
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media* 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
*Group -1*
*Group -2* 
അംഗമാവുകയോ ഞങ്ങളുടെ 
*ഫേസ്ബുക്* 
അല്ലെങ്കില്‍ 
*ബ്ലോഗ്* 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്. 
------------------------------ 
🔹 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന *ഓച്ചിറ ദാറുല്‍ ഉലൂമിനെ* സഹായിക്കുന്നതിന്, 
🔹 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന *സയ്യിദ് ഹസനി അക്കാദമി* യുമായുമായി ബന്ധപ്പെടുന്നതിന്, 
🔹 *അല്‍ ഹസനാത്ത് ത്രൈമാസിക* വരിക്കാരാകുന്നതിന് 
ബന്ധപ്പെടുക: +919961955826 
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*🌱

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...