Friday, January 10, 2020

ഇന്ത്യ, ഇസ് ലാം, മുസ് ലിംകള്‍.! -ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി


ഇന്ത്യ, ഇസ് ലാം, മുസ് ലിംകള്‍.! 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
(വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍, ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്)

ഇസ് ലാമും, മുസ് ലിംകളും, ഇന്ത്യയും തമ്മിലുള്ള ബന്ധം ലോകത്തിന്‍റെ ആദ്യം മുതല്‍ക്കുള്ളതും ഇന്നും എന്നും ശക്തമായി നിലനില്‍ക്കുന്നതുമാണ്. എന്നാല്‍ ദുഖകരമെന്ന് പറയട്ടെ, ചില കറുത്ത ശക്തികള്‍ അത് മുറിച്ച് മാറ്റാന്‍ കിണഞ്ഞ് പരിശ്രമിക്കുന്നു. അതിന് അവര്‍ സ്വീകരിച്ച പ്രധാന മാര്‍ഗ്ഗമാണ് മാതൃകാപരവും അനുഗ്രഹീതവുമായ ചരിത്ര വസ്തുതകളെ വളച്ചൊടിച്ച്, അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും കൂട്ടിയിണക്കിക്കൊണ്ടുള്ള പ്രചണ്ഠമായ പ്രചാരണങ്ങള്‍. എന്നാല്‍ നല്ലവരും നന്മകളും മാത്രമായിട്ടേ ഇസ്ലാമിനും മുസ്ലിംകള്‍ക്കും മുഴുവന്‍ ഭാരതീയര്‍ക്കും ബന്ധമുള്ളൂ. ബന്ധമുണ്ടാകാന്‍ പാടുള്ളൂ. പടച്ചവന്‍റെ അനുഗ്രഹീത നാമത്തില്‍ ഈ വിഷയത്തില്‍ ഒരു പരമ്പര ആരംഭിക്കുകയാണ്. ഇതിന് നിര്‍മ്മാണാത്മക അഭിപ്രായങ്ങളും കൂട്ടിച്ചേര്‍ക്കലുകളും പ്രചാരണങ്ങളും നടത്തി മാന്യ അനുവാചകര്‍ക്കും ഇതില്‍ പങ്കാളികളാകാന്‍ കഴിയുന്നതാണ്. പടച്ചവന്‍ അനുഗ്രഹിക്കട്ടെ.
1. ഇസ് ലാമും ഇന്ത്യയും തമ്മിലുള്ള ബന്ധം ഇന്നോ ഇന്നലെയോ ആരംഭിച്ചതല്ല. ഇസ്ലാമിന്‍റെ പ്രഥമ വ്യക്തിത്വം ആദം (അ) സ്വര്‍ഗ്ഗലോകത്ത് നിന്നും ഇന്ത്യയിലേക്കാണ് ഇറങ്ങിയത്. സത്യവിശ്വാസവും സത്കര്‍മ്മങ്ങളും അനുഷ്ഠിക്കുന്നവര്‍ ഇരുലോകത്തും വിജയിക്കുമെന്നും നിഷേധവും നന്ദികേടുമുള്ളവര്‍ ഇരുലോകത്തും പരാജയപ്പെടുമെന്നുമുള്ള പ്രഥമ വഹ് യ് (ബോധനം) അവതരിച്ചതും ഇന്ത്യയിലാണ്. (സുബ്ഹത്തുല്‍ മര്‍ജാന്‍). പടച്ചവന്‍റെ ഭാഗത്ത് നിന്നും സമ്പൂര്‍ണ്ണ ജീവിത വ്യവസ്ഥിതിയായ ശരീഅത്തുമായി അവതരിച്ച പ്രഥമ പ്രവാചകന്‍ നൂഹ് (അ) ന്‍റെ പ്രവര്‍ത്തന മണ്ഡലം ഭാരതമായിരുന്നുവത്രെ.! തന്നൂറില്‍ നിന്നുമാണ് നൂഹ് നബി (അ) യുടെ കാലത്തുണ്ടായ പ്രളയം ആരംഭിച്ചതെന്ന് ഖുര്‍ആന്‍ പറയുന്നു. തന്നൂര്‍ എന്നതിന്‍റെ ഒരു വ്യാഖ്യാനം ഇന്ത്യയിലെ ഒരു സ്ഥലം എന്നാണ്. അത് കേരളക്കരയിലെ താനൂര്‍ ആയിരിക്കാനാണ് സാധ്യതയെന്ന് ഗവേഷകനായ മൗലാനാ ഷംദ് നവീദ് നിരീക്ഷിക്കുന്നു. (അഗര്‍ അബ്ബീ ന ജാഗേ തോ). പഞ്ചാബിലെ സര്‍ഹിന്ദിനടുത്ത് ഏതാനും നദികളുടെ പ്രവാഹം ആരംഭിക്കുന്ന സ്ഥലത്ത് ചില നബിമാര്‍ അടങ്ങിയിട്ടുള്ളതായി ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സകരിയ്യ ഉദ്ധരിക്കുന്നു. (ആപ് ബീതീ). ദാവൂദ് (അ), സുലൈമാന്‍ (അ) തുടങ്ങിയ പല നബിമാര്‍ക്കും ഈ മഹാരാജ്യവുമായി ബന്ധമുണ്ടായിരുന്നുവത്രെ.! ലോകത്തിലെ മുഴുവന്‍ ജനതകളിലും നബിമാര്‍ വന്നുവെന്ന് പരിശുദ്ധ ഖുര്‍ആനില്‍ ആവര്‍ത്തിച്ചിരിക്കുന്നു. ഇന്ത്യാ മഹാരാജ്യം പണ്ട് മുതല്‍ക്കേ ജനവാസമുള്ള ഒരു പ്രദേശമാണ്. ഇത്തരുണത്തില്‍ ഈ രാജ്യത്തും നബിമാര്‍ വന്നിരിക്കും എന്ന കാര്യം വ്യക്തമാണ്. 
2. മഹാന്മാരായ നബിമാരുടെ നിഷ്കളങ്കവും ത്യാഗോജ്വലവുമായ പരിശ്രമങ്ങളിലൂടെ ലോകം പൂര്‍ണ്ണത പ്രാപിക്കുകയും പരസ്പരം ബന്ധം സാധ്യമാകുകയും മാനവരാശി അന്തിമ ഘട്ടത്തിലേക്ക് പ്രവേശിക്കുകയും ചെയ്തപ്പോള്‍ അന്ത്യ പ്രവാചകന്‍ മുഹമ്മദുര്‍ റസൂലുല്ലാഹ് (സ്വ) ആഗതനായി. മുഴുവന്‍ മാനവരാശിക്കും അഖില ലോകത്തിനും സര്‍വ്വ കാലത്തിനും പ്രവാചകനായി നിയുക്തനായ റസൂലുല്ലാഹി (സ്വ) പൗരാണിക പ്രദേശമായ ഇന്ത്യാ മഹാരാജ്യത്തെയും സ്നേഹിക്കുകയും ശ്രദ്ധിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട പല സംഭവങ്ങളുണ്ട്. അതിലെ ഏറ്റവും മനോഹരമായ സംഭവം ഇപ്രകാരമാണ്: റസൂലുല്ലാഹി (സ്വ) ഒരിക്കല്‍ ജനങ്ങളെ പ്രബോധനം ചെയ്തപ്പോള്‍ അവര്‍ ചന്ദ്രനെ പിളര്‍ത്തിക്കാണിക്കാമോ എന്ന് ചോദിച്ചു. റസൂലുല്ലാഹി (സ്വ) പടച്ചവനോട് പ്രാര്‍ത്ഥിക്കുകയും പ്രാര്‍ത്ഥന സ്വീകരിച്ച് പടച്ചവന്‍ ചന്ദ്രനെ പിളര്‍ത്തി, രണ്ട് കഷ്ണമാക്കുകയും ശേഷം ഒന്നാക്കുകയും ചെയ്തു. പഴയ രാജാക്കന്മാര്‍ പ്രത്യേകിച്ചും ചാന്ദ്രിക രാവില്‍ കൂടിയിരുന്ന് സംസാരിക്കുമായിരുന്നു. ഇക്കൂട്ടത്തില്‍ കേരളത്തിലെ കൊടുങ്ങല്ലൂര്‍ രാജാവായ ചേരമാന്‍ പെരുമാള്‍ ഇത് ദര്‍ശിക്കുകയും അത്ഭുതപ്പെടുകയും ചെയ്തു. നാളുകള്‍ക്ക് ശേഷം മലബാറില്‍ അറേബ്യയില്‍ നിന്നും ഒരു കച്ചവട സംഘം എത്തിച്ചേര്‍ന്നു. അവരില്‍ ചിലര്‍ സ്വഹാബികളായിരുന്നുവത്രെ.! അവര്‍ രാജാവിനെ കാണുകയും റസൂലുല്ലാഹി (സ്വ) യെ പരിചയപ്പെടുത്തുകയും കൂട്ടത്തില്‍ ഉപര്യുക്ത സംഭവം വിവരിക്കുകയും ചെയ്തു. അതിന് ദൃക്സാക്ഷിയായ രാജാവ് ഇതില്‍ ആകൃഷ്ടനായി അറേബ്യയിലേക്ക് പുറപ്പെട്ടു. റസൂലുല്ലാഹി (സ്വ) യെ കാണുകയും ഇസ്ലാം സ്വീകരിക്കുകയും ചെയ്തു. തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയ അദ്ദേഹം ഒമാനിലെ സലാലയില്‍ വെച്ച് ഇഹലോകവാസം വെടിഞ്ഞു. അവിടെ അദ്ദേഹത്തിന്‍റെ ഖബ്റില്‍ മലികുല്‍ ഹിന്ദ് എന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അദ്ദേഹം മരുമകനോട് രാജ്യത്തെ കുറിച്ച് വസ്വിയ്യത്ത് ചെയ്തു. അദ്ദേഹം കൊടുങ്ങല്ലൂരില്‍ വന്ന് ചേരമാന്‍ മസ്ജിദ് സ്ഥാപിച്ച് പ്രബോധന-സംസ്കരണ-വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തി. 
3. തുടര്‍ന്നുള്ള കാലങ്ങളിലും പ്രബോധന തല്‍പരരായ കച്ചവടക്കാര്‍ കേരളക്കരയില്‍ വരികയുണ്ടായി. പ്രഗത്ഭ സ്വഹാബിയായ അദിയ്യ് ബിന്‍ ഹാതിം (റ), ത്യാഗിവര്യനായ മാലിക് ബിന്‍ ദീനാര്‍ (റ) തുടങ്ങിയ പല മഹത്തുക്കളും കേരളത്തില്‍ വന്നുവത്രെ.! (സ്വഹാബികള്‍ കേരളത്തില്‍). ഇവര്‍ കച്ചവടത്തിനാണ് വന്നതെങ്കിലും യഥാര്‍ത്ഥ മുസ്ലിം കച്ചവടക്കാരായിരുന്നതിനാല്‍ ഇവരിലൂടെ ജനങ്ങള്‍ ഇസ്ലാമിനെയും പഠിച്ചു. കൂടാതെ, ഇവര്‍ ഓരോ പ്രദേശത്തും മസ്ജിദുകള്‍ സ്ഥാപിക്കാനും അതിനെ കേന്ദ്രമാക്കി ആരാധനകളും സേവനങ്ങളും അനുഷ്ടിക്കാനും ശ്രദ്ധിച്ചിരുന്നു. ഇപ്രകാരം കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ധാരാളം മസ്ജിദുകള്‍ സ്ഥാപിതമായി. (കേരള മുസ്ലിം സംസ്കാരം). ഇവരാരും പണം വാരിയെറിഞ്ഞുകൊണ്ടോ, ബലപ്രയോഗത്തിലൂടെയോ വാഗ്ചാതുര്യത്തിലൂടെയോ ജനങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിച്ചില്ല എന്ന കാര്യം വ്യക്തമാണ്. എന്നാല്‍ ഞങ്ങളും എല്ലാവരും നന്നാകണമെന്നും ഇരുലോകത്തും വിജയിക്കണമെന്നും നാട്ടില്‍ നടമാടുന്ന അസമത്വങ്ങളും അക്രമങ്ങളും അനീതികളും ഇല്ലാതാകണമെന്നും അതിയായി ആഗ്രഹിക്കുകയും കഴിയുന്നത്ര പരിശ്രമിക്കുകയും ചെയ്തിരുന്നു. ഇതിലൂടെ ജനങ്ങള്‍ ഇസ്ലാമിലേക്ക് അടുക്കുകയും ഇസ്ലാം സ്വീകരിക്കുകയോ സ്നേഹിക്കുകയോ ചെയ്യുകയുമുണ്ടായി. (തുടരും...)
4. അന്ന് ഇന്ത്യ, വളരെ വിസ്തൃതമായ ഒരു രാജ്യമായിരുന്നു. പ്രത്യേകിച്ചും ഉത്തര ഭാഗത്തുള്ള സിന്ദ് ഇന്ത്യന്‍ പ്രദേശമായി അറിയപ്പെട്ടിരുന്നു. ഈ പ്രദേശങ്ങളില്‍ ധാരാളം അക്രമങ്ങള്‍ അരങ്ങേറിയിരുന്നു. നീതിയുടെ സംസ്ഥാപനവും അക്രമ-ഉച്ച നീചത്വങ്ങളുടെ വിപാടനവും മുസ്ലിംകളുടെ പ്രധാന ദൗത്യമാണ്. ഈ അടിസ്ഥാനത്തില്‍ ഹിജ്രി 15-ല്‍ ഉമറുല്‍ ഫാറൂഖ് (റ) ന്‍റെ ഖിലാഫത്ത് കാലത്ത് ബഹ്റൈന്‍ ഗവര്‍ണ്ണറായ ഉസ്മാനുബ്നു അബില്‍ ആസ് (റ) ഇതിനെ കുറിച്ച് അന്വേഷിക്കുന്നതിന് സഹോദരന്‍ ഹകമിനെ സിന്ദിലേക്ക് അയച്ചു. ശേഷം ഉസ്മാന്‍ (റ), കാര്യങ്ങള്‍ പഠിക്കുന്നതിന് ഒരു സംഘത്തെ അയച്ചു. പിന്നീട് മുആവിയ (റ), ഹിജ്രി 44-ല്‍ കാബൂളിലേക്ക് ഒരു സൈന്യത്തെ അയയ്ക്കുകയും അവര്‍ കാബൂള്‍ പരിസരത്ത് അവസ്ഥ നന്നാക്കുകയും ചെയ്തു. പക്ഷെ, മറ്റ് ഭാഗങ്ങളില്‍ വീണ്ടും അക്രമങ്ങള്‍ ശക്തി പ്രാപിച്ചുകൊണ്ടിരുന്നു. അക്രമങ്ങള്‍ക്കിരയായ ജനങ്ങള്‍ അന്നത്തെ പ്രധാന സേനാനായകനായിരുന്ന ഹജ്ജാജിബ്നു യൂസുഫിനോട് സഹായമിരന്നു. ഹജ്ജാജ്, ഖലീഫ വലീദുബ്നു അബ്ദില്‍ മലികിനോട് അനുവാദം ചോദിച്ചു. അദ്ദേഹം അനുവദിച്ചപ്പോള്‍ ഹജ്ജാജ് മുഹമ്മദ് ബിന്‍ ഖാസിമുസ്സഖഫിയുടെ നേതൃത്വത്തില്‍ സിന്ധിലേക്ക് സൈന്യത്തെ അയച്ചു. 
5. ഇസ് ലാമിക ചരിത്രത്തില്‍ കുപ്രസിദ്ധി നേടിയ ഭരണാധികാരിയാണ് ഹജ്ജാജ്. പക്ഷെ, അദ്ദേഹം സൈന്യത്തിന് ഇടയ്ക്കിടെ കത്തുകള്‍ അയച്ച് ധാരാളം നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. ഈ കത്തുകള്‍ ഓരോന്നും അത്യന്തം ചിന്തനീയമാണ്. ധാരാളം കുഴപ്പങ്ങളുള്ള ഒരു നേതാവ് ഇപ്രകാരമാണ് ഉപദേശങ്ങള്‍ നടത്തുന്നതെങ്കില്‍ യഥാര്‍ത്ഥ ധര്‍മ്മ ബോധമുള്ളവരുടെ ജീവിതവും സന്ദേശവും എത്ര മഹത്തരമായിരിക്കും എന്ന് ചിന്തിച്ചുകൊണ്ട് അതിലെ ചില വചനങ്ങള്‍ വായിക്കുക: 
(എ.) നിങ്ങള്‍ ഒരു പ്രദേശം കീഴടക്കിയാല്‍ അവിടെ നിന്ന് ലഭിക്കുന്ന സമ്പത്ത് മുഴുവന്‍ പൊതുജന ക്ഷേമത്തിന് ചെലവഴിക്കേണ്ടതാണ്. കര്‍ഷകര്‍, വ്യാപാരികള്‍, തൊഴിലാളികള്‍ ഇവരിലൂടെയാണ് രാജ്യത്ത് സമൃദ്ധിയുണ്ടാകുന്നത്. ഭരണീയരോട് നല്ല നിലയില്‍ വര്‍ത്തിച്ചാല്‍ അവര്‍ ഭരണാധികാരികളെ സ്നേഹിക്കുന്നതാണ്. (ആയിനെ ഹഖീഖത് പുറം: 104) 
(ബി.) ജനങ്ങളോട് വളരെ മയത്തിലും ഇണക്കത്തിലും വര്‍ത്തിക്കുക. അവരുടെ പുരോഗതിക്ക് പരിശ്രമിക്കുക. അഭയം ചോദിക്കുന്ന എതിരാളികള്‍ക്ക് തീര്‍ച്ചയായും അഭയം നല്‍കുക. അവരുടെ നേതാക്കള്‍ വന്നാല്‍ വിലയേറിയ ഉപഹാരങ്ങള്‍ നല്‍കുക. ബുദ്ധിയും ബോധവും വഴികാട്ടിയാക്കുക. വാഗ്ദാനങ്ങള്‍ പാലിക്കുക. (പുറം : 104) സ്വത്ത് ചോദിക്കുന്നവരെ നിരാശപ്പെടുത്തരുത്. അപേക്ഷകള്‍ സ്വീകരിക്കുക. മാപ്പ് കൊടുത്ത് സമാധാനിപ്പിക്കുക. 

ഒന്നാമതായി, ഇണക്കുകയും രണ്ടാമതായി, ഉപകാരങ്ങള്‍ ചെയ്യുകയും മൂന്നാമതായി, ശത്രുക്കളോട് വിവേകത്തോടെ വര്‍ത്തിക്കുകയും നാലാമതായി, ശക്തിയും ധീരതയും നിലനിര്‍ത്തുകയും ചെയ്യുക. (പുറം : 04) 
6. ഇവ വെറും ഉപദേശം മാത്രമല്ലായിരുന്നു. പാലിക്കാന്‍ ശ്രദ്ധിക്കുകയും നേതാക്കള്‍ ഉണര്‍ത്തുകയും ചെയ്തിരുന്നു. ഒരു പ്രദേശത്തെ അമ്പലങ്ങളിലെ പൂജാരികള്‍ സഖഫിയുടെ അരികിലെത്തി. ഞങ്ങളുടെ വരുമാനും കുറഞ്ഞിരിക്കുകയാണെന്നും അമ്പലങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു എന്നും പരാതി പറഞ്ഞു. സഖഫി ഇക്കാര്യം ഹജ്ജാജിനെ അറിയിച്ചപ്പോള്‍ അദ്ദേഹം എഴുതി: നമ്മുടെ കീഴില്‍ അനുസരണയോടെ കഴിയുന്ന അമുസ്ലിംകള്‍ക്ക് ആരാധനാ സൗകര്യമുണ്ട്. മത കാര്യങ്ങളില്‍ ഒരിക്കലും നിര്‍ബന്ധം പാടില്ല. അന്വേഷിച്ച് വേണ്ടത് പോലെ ചെയ്യുക.! അന്വേഷിച്ച് വിവരം ശരിയാണെന്ന് അറിഞ്ഞപ്പോള്‍ മുഹമ്മദ് ബിന്‍ ഖാസിം സഖഫി പ്രസ്തുത നാട്ടില്‍ ഇപ്രകാരം പ്രഖ്യാപിച്ചു: എല്ലാവര്‍ക്കും അവരവരുടെ മത ആചാരങ്ങള്‍ നിലനിര്‍ത്താന്‍ അവകാശമുണ്ട്. ആരും അതിനെ ചോദ്യം ചെയ്യുന്നതല്ല. ആരാധനാലങ്ങളില്‍ സ്വതന്ത്രമായി ആരാധനകള്‍ നടത്താവുന്നതാണ്. നാട്ടാകാരെല്ലാവരും കഴിയുന്നത്ര സംഭാവന ഭരണകൂടത്തെ ഏല്‍പ്പിക്കേണ്ടതാണ്. പൂജാരിമാരുടെ ആവശ്യങ്ങള്‍ക്കും അമ്പലങ്ങളുടെ പുനര്‍നിര്‍മ്മാണത്തിനും മാത്രമായി അത് ചിലവഴിക്കുന്നതാണ്. ആഇന : 106) 
7. അമുസ് ലിംകള്‍ രണ്ട് വിഭാഗമാണ്. ഹര്‍ബിയ്യ് (മുസ് ലിംകളോട് യുദ്ധപ്രഖ്യാപനം നടത്തിയവര്‍). ദിമ്മിയ്യ്, മുആഹിദ് (മുസ്ലിംകളുമായി സഹകരണ കരാറില്‍ കഴിയുന്നവര്‍). ഇതില്‍ ഹര്‍ബിയ്യിനോട് പോലും നല്ല നിലയില്‍ പെരുമാറണമെന്നാണ് കല്‍പ്പിക്കപ്പെട്ടിരിക്കുന്നത്. ഹജ്ജാജ് എഴുതി: ഹര്‍ബിയ്യുകളായ അമുസ്ലിംകളെയും തുടക്കത്തില്‍ തന്നെ വധിക്കരുത്. അവരില്‍ കീഴ്പ്പെടുന്നവര്‍ക്ക് അഭയം നല്‍കുക. കച്ചവടക്കാര്‍ക്കും മറ്റും നികുതി വര്‍ദ്ധിപ്പിക്കരുത്. മറിച്ച്, കര്‍ഷകരെ പോലെ അദ്ധ്വാനിക്കുന്നവര്‍ക്ക് സഹായം നല്‍കുക. (ആഇന : 107) മുഹമ്മദ് ബിന്‍ ഖാസിം സഖഫി ഇത് പാലിക്കുകയും ഇപ്രകാരം പ്രഖ്യാപിക്കുകയും ചെയ്തു: ഓരോരുത്തരുടെയും ഭൂമി അവരവരുടെ ഉടമാവകാശം തന്നെയായിരിക്കും. താഴ്ന്നവരെ ഉയര്‍ത്തണമെന്ന് ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്. പക്ഷെ, ഉയര്‍ന്നവരെ താഴ്ത്തണമെന്ന് ഞങ്ങള്‍ക്കാഗ്രഹമില്ല. (ആഇന : 109) ഹജ്ജാജ് നിരന്തരം കത്തുകളയച്ചുകൊണ്ടിരുന്നു. പ്രസ്തുത കത്തുകളെല്ലാം അങ്ങേയറ്റം പഠനാര്‍ഹവും ചിന്തനീയവുമാണ്. മുഫ്തി മുഹമ്മദ് പാലന്‍പൂരി വലുതും ചെറുതുമായ അഞ്ച് കത്തുകള്‍ ഉദ്ധരിച്ചിട്ടുണ്ട്. (താരീഖെ ഹിന്ദ് : 28-38) 
 8. മുഹമ്മദ് ബിന്‍ ഖാസിം സഖഫി ഹിജ് രി 99-ല്‍ സിന്ധ് മുതല്‍ മുല്‍ത്താന്‍ വരെ ഭരണം സ്ഥാപിച്ചു. അദ്ദേഹത്തിന്‍റെ പ്രധാന ശക്തി ഇസ്ലാമിക ജീവിതമായിരുന്നു. അദ്ദേഹം കൂട്ടത്തിലുള്ളവരും സ്വയം ഇസ്ലാമിനെ പഠിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇന്ത്യയെ മൊത്തത്തില്‍ കീഴടക്കാന്‍ ആരംഭിച്ച വ്യക്തിത്വം സുല്‍ത്താന്‍ മഹ്മൂദ് ഗസ്നവിയാണ്. ഹിജ്രി 390-ല്‍ അദ്ദേഹം ഇന്ത്യയിലേക്ക് വന്നു. ഓരോ പ്രദേശങ്ങളും കീഴടക്കി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടമാടിയിരുന്ന അക്രമങ്ങളെ തുടച്ച് നീക്കി. ഈ വഴിയില്‍ ചില ക്ഷേത്രങ്ങള്‍ മറയാക്കി നടത്തപ്പെട്ടിരുന്ന അക്രമങ്ങളെയും അദ്ദേഹം അവസാനിപ്പിക്കുകയുണ്ടായി. ഇതിനെ കുറിച്ച് വര്‍ഗ്ഗീയ വാദികള്‍ ധാരാളം അപരാധങ്ങള്‍ പ്രചരിപ്പിക്കുന്നതിനാല്‍ ചരിത്രത്തിന്‍റെ വെളിച്ചത്തില്‍ ഒരു യാഥാര്‍ത്ഥ്യം വ്യക്തമാക്കട്ടെ: അമുസ്ലിംകളില്‍ ആരുടെയും ആരാധനാലയങ്ങള്‍ തകര്‍ക്കാന്‍ ഇസ്ലാം അനുവദിക്കുന്നില്ല. ആരെങ്കിലും അപ്രകാരം ചെയ്താല്‍ മുസ്ലിംകള്‍ വിശിഷ്യാ, പണ്ഡിതര്‍ അതിനെ ശക്തിയുക്തം തടയുന്നതാണ്. അന്ന് സ്ത്രീജനങ്ങള്‍ ക്രൂരമായി അക്രമിക്കപ്പെടുകയും മാനഭംഗത്തിന് ഇരയാകുകയും അവരുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കൊള്ളയടിക്കപ്പെടുകയും ചെയ്തിരുന്നു. അവര്‍ സുല്‍ത്വാന്‍ മഹ് മൂദിനോട് സഹായമിരന്നു. ആദ്യം അദ്ദേഹം കത്തുകളും ദൂതന്മാരും വഴി തിരുത്താന്‍ പരിശ്രമിച്ചു. എന്നാല്‍ അക്രമികള്‍ പിന്മാറിയില്ല. ഇതിനിടയില്‍ ചില സഹോദരിമാര്‍, താങ്കള്‍ സഹായിച്ചില്ലെങ്കില്‍ ഞങ്ങള്‍ നാളെ പടച്ചവനോട് പരാതി പറയുമെന്ന് അറിയിച്ചു. ഇതിനെ തുടര്‍ന്നാണ് സുല്‍ത്വാന്‍ മഹ് മൂദ്, സോമനാഥ് ക്ഷേത്രത്തില്‍ കടക്കുകയും അക്രമങ്ങള്‍ ഇല്ലാതാക്കുകയും ചെയ്തത്. (അല്‍ ഫുര്‍ഖാന്‍, ലക്നൗ) 
9. ശേഷം ഹിജ് രി 587 (ഗ്രി: 1192) ല്‍ സുല്‍ത്വാന്‍ ശിഹാബുദ്ദീന്‍ മുഹമ്മദ് ഗോറി ഇന്ത്യയിലേക്ക് വന്നു. തദവസരം പൃത്ഥവിരാജ് വലിയ അക്രമങ്ങള്‍ നടത്തിയിരുന്നു. മഹാന്മാര്‍ എല്ലാം സഹിക്കുമെങ്കിലും അക്രമങ്ങള്‍ സഹിക്കുകയില്ല. അന്ന് ഇന്ത്യയില്‍ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരുന്ന ഖാജാ മുഈനുദ്ദീന്‍ ചിശ്തി (റ), പൃത്ഥവിയെ ഉപദേശിച്ചു. അദ്ദേഹം അഹങ്കാരപൂര്‍ണ്ണമായ മറുപടി നല്‍കി. അപ്പോള്‍ ഖാജ പറഞ്ഞു: നാം പൃത്ഥവിയെ തടവിലാക്കി, മുഹമ്മദ് ഗോറിക്ക് നല്‍കിയിരിക്കുന്നു. തുടര്‍ന്നുള്ള പോരാട്ടത്തില്‍ പൃത്ഥവി പരാജയപ്പെടുകയും മുഹമ്മദ് ഗോറി വിജയിക്കുകയും ചെയ്തു. അമുസ്ലിംകളോട് വലിയ സ്നേഹം പുലര്‍ത്തിയിരുന്ന ഗോറി, അവരെ നിന്ദിക്കുകയോ നിസ്സാരപ്പെടുത്തുകയോ ചെയ്തിരുന്നില്ല. മാത്രമല്ല, പല ഹൈന്ദവ രാജാക്കന്മാര്‍ക്കും സഹായിയായി നിന്ന് കൊണ്ട് പോരാടുകയും ചെയ്തു. 
 10. മുസ് ലിം പോരാളികള്‍ ഒരു കാരണവുമില്ലാതെ ഇസ്ലാമിന് വേണ്ടി മാത്രമാണ് ഇന്ത്യയെ അക്രമിച്ചതെന്നും ധാരാളം ആളുകളെ അവര്‍ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം ചെയ്യിപ്പിച്ചുവെന്നും പ്രചണ്ഡമായ ഒരു പ്രചാരണം നടക്കുന്നുണ്ട്. എന്നാല്‍ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തരുതെന്ന് പരിശുദ്ധ ഖുര്‍ആന്‍ തന്നെ വിലക്കിയിരിക്കുന്നു. മറിച്ച് അവരെ പോരാട്ടത്തിന് നിര്‍ബന്ധിതരാക്കിയത് ഇന്ത്യയിലെ നാട്ട് രാജാക്കന്മാര്‍ ജനങ്ങളോടും ഇസ്ലാമിനോടും നടത്തിയ അക്രമങ്ങളാണ്. ജനങ്ങളോടുള്ള അക്രമങ്ങള്‍ കാരണം, അവര്‍ മുസ്ലിം പോരാളികളില്‍ പ്രതീക്ഷയര്‍പ്പിച്ച് അവരോട് സഹായം തേടിയിരുന്നു. കൂടാതെ മുസ്ലിം രാജ്യങ്ങളില്‍ പ്രശ്നങ്ങളുണ്ടാക്കിയിരുന്ന പലര്‍ക്കും ഇവര്‍ അഭയം നല്‍കുകയും ഇവരുടെ ബലത്തില്‍ അവര്‍ അക്രമം ശക്തിപ്പെടുത്തുകയും ചെയ്തിരുന്നു. ഇത് പോലെ പലരും മുസ്ലിം ഭരണാധികാരികളുമായി നടത്തിയിരുന്ന യുദ്ധമില്ലാ കരാറുകള്‍ ലംഘിക്കുകയും ചെയ്തിരുന്നു. ഈശ്വര്‍ ടൂപ്പ എഴുതുന്നു: മഹ്മൂദ് ഗസ്നവി ഒരു അമുസ്ലിമിനെയും നിര്‍ബന്ധിച്ച് മുസ്ലിമാക്കിയിട്ടില്ല. അദ്ദേഹം മതപരമായ വിട്ടുവീഴ്ചകള്‍ ധാരാളമായി ചെയ്തിരുന്നു. അദ്ദേഹത്തിന്‍റെ ഭരണകാലത്ത് ഹൈന്ദവര്‍ക്ക് പൂര്‍ണ്ണമായ മതസ്വാതന്ത്ര്യം നല്‍കപ്പെടുകയും സൈന്യത്തിലും ഉന്നത മേഖലകളിലും അവരെ നിയമിക്കുകയും ചെയ്തിരുന്നു. (മുസല്‍മാന്‍ കി റവാദാരി : 34) തുടര്‍ന്ന് സി.വി. വൈദ്യ കുറിക്കുന്നു: മഹ്മൂദ് ഒരു സമുന്നത രാജാവായിരുന്നു. അദ്ദേഹത്തിന്‍റെ സാമര്‍ത്ഥ്യം കൊണ്ട് മലയോര മേഖലയെ സമ്പല്‍സമൃദ്ധമാക്കി. ഓരോ യുഗങ്ങളിലും പ്രകൃതി കനിഞ്ഞരുളുന്ന അപാര കഴിവുകളുള്ള ഉത്തമ വ്യക്തിത്വങ്ങളിലൊന്നാണ് അദ്ദേഹം. (ഹിസ്റ്ററി ഓഫ് മിഡില്‍ ഇന്ത്യ - ഭാഗം : 3) ഈ വിഷയത്തില്‍ അദ്ദേഹത്തിന്‍റെ ഒരു സംഭവം മാത്രം ശ്രദ്ധിക്കുക: നെഹ്ര്‍വാല എന്ന സ്ഥലത്ത് വെച്ച് നടന്ന പോരാട്ടത്തില്‍ അദ്ദേഹം പരാജയപ്പെട്ടപ്പോള്‍ ഒരാള്‍ അദ്ദേഹത്തെ അറിയിച്ചു: ഇവിടെ സമ്പന്നനായ ഒരു ഹൈന്ദവ വ്യാപാരിയുണ്ട്. അദ്ദേഹത്തിന്‍റെ പത്ത് ലക്ഷം വില വരുന്ന സാധനങ്ങള്‍ നമ്മുടെ നാട്ടില്‍ വന്നിരിക്കുന്നു. താങ്കള്‍ നിര്‍ദ്ദേശിക്കുന്ന പക്ഷം, അത് പിടിച്ചെടുത്ത് ഖജനാവിലേക്ക് ചേര്‍ക്കാം. അദ്ദേഹം പറഞ്ഞു: നമ്മുടെ നാട്ടില്‍ നാം അഭയം കൊടുത്ത വ്യക്തിയുടെ സമ്പത്ത് പിടിച്ചെടുക്കുന്നത് നമുക്ക് നിഷിദ്ധമാണ്. (റവാദാരി : 72). 
11. ശേഷം വന്ന ഭരണാധികാരിയായ ഖുത്ബുദ്ദീന്‍ വലിയ ധര്‍മ്മിഷ്ഠനായിരുന്നു. ജാതി-മത വ്യത്യാസമില്ലാതെ ആവശ്യക്കാരെയെല്ലാം വാരിക്കോരി കൊടുക്കുമായിരുന്നു. വലിയ ധര്‍മ്മം ചെയ്യുന്നവര്‍ക്കെല്ലാം കാലഘട്ടത്തിന്‍റെ ഖുത്ബുദ്ദീന്‍ എന്ന് പറയപ്പെടുമായിരുന്നു. ഹിജ്രി : 607 (ഗ്രി: 1211) ല്‍ ഭരണാധികാരിയായ ഷംസുദ്ദീന്‍ അല്‍തുമിഷ് വലിയ പോരാളിയായിരുന്നതിനോടൊപ്പം വലിയ ഭക്തനുമായിരുന്നു. ശൈഖുല്‍ ഇസ്ലാം ഖാജാ മുഈനുദ്ദീന്‍ ചിശ്തിയുടെ പ്രധാന പിന്‍ഗാമിയായ ഖാജാ ഖുത്ബുദ്ദീന്‍ ബഖ്തിയാര്‍ കഅ്കിയുടെ വിനീത ശിഷ്യനായിരുന്നു. ഖാജായുടെ വഫാത്ത് സംഭവിച്ചപ്പോള്‍ ജനാസയ്ക്ക് കണ്ണെത്താ ദൂരത്തില്‍ ആളുകള്‍ തടിച്ചുകൂടി. നമസ്കരിക്കാന്‍ സമയമായപ്പോള്‍ ഒരാള്‍ മുമ്പോട്ട് വന്ന് വിളിച്ചുപറഞ്ഞു: എന്നോട് നിങ്ങളെല്ലാവരെയും അറിയിക്കാന്‍ ഖാജാ ഒരു വസ്വിയ്യത്ത് ചെയ്തിട്ടുണ്ട്. നാല് ഗുണങ്ങളുള്ള വ്യക്തിയാണ് എന്‍റെ ജനാസയ്ക്ക് ഇമാമത്ത് നില്‍ക്കേണ്ടത്: 1. ജീവിതത്തിലൊരിക്കലും ജമാഅത്ത് നമസ്കാരത്തിന് തക്ബീറത്തുല്‍ ഇഹ്റാം നഷ്ടപ്പെടാന്‍ പാടില്ല. 2. തഹജ്ജുദ് നമസ്കാരം ഒരിക്കലും മുടങ്ങാന്‍ പാടില്ല. 3. ഹറാമായ നോട്ടം നോക്കരുത്. 4. അസ്റിന്‍റെ സുന്നത്ത് എന്നും നമസ്കരിച്ചിരിക്കണം.! ഇത് കേട്ടപ്പോള്‍ സദസ്സ് മുഴുവന്‍ നിശബ്ദമായി. ആരും മുന്നോട്ട് വന്നില്ല. അവസാനം ഒരാള്‍ മുഖം മൂടിക്കൊണ്ട് മുന്നോട്ട് വരികയും കരഞ്ഞുകൊണ്ട് ഇമാമത്ത് നില്‍ക്കുകയും ചെയ്തു. അദ്ദേഹമാണ് ഷംസുദ്ദീന്‍ ഇല്‍തമിഷ് രാജാവ്. (ഖുതുബാത് ദുല്‍ഫുഖാര്‍). ഇദ്ദേഹം വലിയ വിജ്ഞാന സ്നേഹിയായിരുന്നു. യുദ്ധ മര്യാദകള്‍, ഭരണ മര്യാദകള്‍ മുതലായ രചനകള്‍ തയ്യാറാക്കുകയും ഇഹ്യാ ഉലൂമുദ്ദീന്‍ പോലുള്ള ഗ്രന്ഥങ്ങള്‍ ഫാരിസിയിലേക്ക് വിവര്‍ത്തനം നടത്തിക്കുകയും ചെയ്തു. 
12. ഹിജ് രി : 244 (ഗ്രി: 1246) ല്‍ അല്‍ത്തമിഷിന്‍റെ ഇളയ മകന്‍ നാസ്വിറുദ്ദീന്‍ മഹ് മൂദ് അധികാരിയായി. അദ്ദേഹം വലിയ ഭൗതിക വിരക്തനായിരുന്നു. പൊതുഖജനാവില്‍ നിന്നും പണമൊന്നും എടുത്തിരുന്നില്ല. ഖുര്‍ആന്‍ എഴുതി കച്ചവടം നടത്തിയിരുന്നു. അധികാര കാര്യങ്ങള്‍ മുഴുവന്‍ പ്രധാനമന്ത്രിയായ ബല്‍ബനെ ഏല്‍പ്പിക്കുകയും നിരന്തരം ഖുര്‍ആന്‍ പാരായണത്തില്‍ മുഴുകുകയും ചെയ്തിരുന്നു. പൊതു സദസ്സുകളില്‍ രാജകീയ വസ്ത്രം ധരിച്ചിരുന്നെങ്കിലും വീട്ടില്‍ കീറിപ്പറിഞ്ഞ വസ്ത്രം ധരിച്ച് കഴിയുമായിരുന്നു. വീട്ടില്‍ വേലക്കാരാരും ഉണ്ടായിരുന്നില്ല. ആഹാരമുണ്ടാക്കി എന്‍റെ കൈ തളര്‍ന്നു, ഒരു വേലക്കാരിയെ നിര്‍ത്തുക എന്ന് രാജ്ഞി പറഞ്ഞപ്പോള്‍ അതിന് പൊതുഖജനാവില്‍ നിന്നും പണമെടുക്കാന്‍ നിര്‍വ്വാഹമില്ല. ഉള്ള ആഹാരം കഴിച്ച് ക്ഷമിച്ച് കഴിഞ്ഞാല്‍ പടച്ചവന്‍ പരലോകത്ത് ഉന്നത പകരം നല്‍കുന്നതാണെന്ന് മറുപടി നല്‍കി. (താരീഖെ ഫിരിഷ്ത) 
13. ഹിജ് രി : 664 (ഗ്രി : 1265) ല്‍ സുല്‍ത്വാന്‍ ഗിയാസുദ്ദീന്‍ ബല്‍ബന്‍ അധികാരിയായി. അതീവ സമര്‍ത്ഥനും വലിയ സൂക്ഷ്മതയുള്ള വ്യക്തിയുമായിരുന്നു അദ്ദേഹം. ഗവര്‍ണ്ണര്‍മാരെ തെരഞ്ഞെടുക്കുമ്പോള്‍ ഭയഭക്തിയ്ക്ക് മുന്‍ഗണന കൊടുത്തിരുന്നു. വല്ല ന്യൂനതകളും വെളിവായാല്‍ ഉടനെ അവരെ പുറത്താക്കിയിരുന്നു. ഇരുപത്തിരണ്ട് വര്‍ഷം നീണ്ട ഭരണകാലത്ത് ഒരിക്കലും കളി-തമാശകളുമായി ബന്ധപ്പെട്ടിട്ടില്ല. (താരീഖെ ഫിരിഷ്ത). നീതിയും ന്യായവും പുലര്‍ത്തുന്നതില്‍ വളരെയധികം ശ്രദ്ധിച്ചിരുന്നു. സാധുക്കളെ ഉപദ്രവിക്കുന്ന സമ്പന്നരെ കഠിനമായി ശിക്ഷിച്ചിരുന്നു. ഒരിക്കല്‍ ബദായൂനില്‍ ഒരു സാധുവിനെ ജന്മി വധിച്ചു. വിധവ പരാതി സമര്‍പ്പിച്ചപ്പോള്‍ ജന്മിയെ വിളിച്ച് വരുത്തി, കഠിന ശിക്ഷ നല്‍കി. ഇത് പോലെ ധാരാളം സംഭവങ്ങളുണ്ടായിട്ടുണ്ട്. ബല്‍ബന്‍ പറയുന്നു: അധികാരിയില്‍ നാല് ഗുണങ്ങള്‍ വേണം. 1. ആവശ്യാനുസൃതം കടുപ്പം കാണിക്കണം. പടച്ചവനെ ഭയക്കുകയും സൃഷ്ടികളെ സേവിക്കുകയും ചെയ്യണം. 2. ഭരണപ്രദേശത്ത് തിന്മകള്‍ പരക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. തെമ്മാടികളെയും നാണം കെട്ടവരെയും നിന്ദിക്കണം. 3. ബുദ്ധിയും സംസ്കാരവും സത്യസന്ധതയും ദൈവഭയവുമുള്ളവരെ അധികാരം ഏല്‍പ്പിക്കണം. 4. രാജാവ് നീതി പുലര്‍ത്തുകയും കാര്യങ്ങളെല്ലാം നീതിയോടെ വിലയിരുത്തുകയും രാജ്യത്ത് നിന്നും അക്രമങ്ങള്‍ മുഴുവനും തുടച്ച് നീക്കുകയും വേണം. (താരീഖെ ഫിരിഷ്ത). ഓരോ പ്രദേശത്ത് പോകുമ്പോഴും രോഗികളുടെയും സ്ത്രീകളുടെയും കുട്ടികളുടെയും സാധുക്കളെയും കാര്യങ്ങള്‍ ശ്രദ്ധിച്ചിരുന്നു. യാത്രയില്‍ മൃഗങ്ങളുടെ കാര്യങ്ങള്‍ പ്രത്യേകം ഗൗനിച്ചിരുന്നു. ആദ്യകാലത്ത് മദ്യപാനം, ഗാനമേള പോലുള്ള ചില പാപങ്ങളുമായി ബന്ധപ്പെട്ടിരുന്നെങ്കിലും അധികാരം ഏറ്റെടുത്തതോടെ അവസ്ഥകള്‍ മുഴുവന്‍ മാറിമറിഞ്ഞു. ഫര്‍ളുകള്‍ കൂടാതെ തഹജ്ജുദും ഇഷ്റാഖും മുടക്കിയിരുന്നില്ല. സദാ നോമ്പ് പിടിച്ചിരുന്നു. സദാ വുളൂഅ് നിലനിര്‍ത്തിയിരുന്നു. പണ്ഡിതരെയും സൂഫികളെയും ആദരിച്ചിരുന്നു. കാര്യങ്ങള്‍ അവരെ കൊണ്ട് ആരംഭിക്കുകയും അവരോട് മസ്അലകള്‍ ചോദിക്കുകയും ചെയ്തിരുന്നു. അക്രമത്തോട് കഠിന വെറുപ്പായിരുന്നു. അക്രമിയെ മതം നോക്കാതെ ശിക്ഷിച്ചിരുന്നു. 
14. ബല്‍ബന്‍ പ്രിയപ്പെട്ട മകന്‍ സുല്‍ത്വാന്‍ മുഹമ്മദ് ഖാന്‍ ശഹീദിനെ അങ്ങേയറ്റം സ്നേഹത്തോടെയും തികഞ്ഞ സൂക്ഷ്മതയോടെയും വളര്‍ത്തി. അദ്ദേഹം അധികാരവുമായി ബന്ധപ്പെട്ട് നടത്തിയ ഉപദേശങ്ങള്‍ ശ്രദ്ധേയമാണ്? സ്വന്തം ഇഷ്ടത്തിന്‍റെ പേരില്‍ മാത്രം ഒന്നും ചെയ്യരുത്. പടച്ചവന്‍റെ പൊരുത്തത്തിന് വേണ്ടി മാത്രം ചെയ്യുക. പൊതുസ്വത്ത് നല്ല കാര്യങ്ങള്‍ക്ക് മാത്രം ചെലവഴിക്കുക. ജനങ്ങളുടെ നന്മയില്‍ സദാ ശ്രദ്ധിക്കുക. സത്യത്തിന്‍റെ ശത്രുക്കളെ വളരാന്‍ അനുവദിക്കരുത്. പടച്ചവന്‍ അധികാരം നല്‍കിയാല്‍ അതിനെ നിസ്സാരമായി കാണുകയും നിന്ദ്യമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മലീമസമാക്കുകയും ചെയ്യരുത്. മോശപ്പെട്ടവരുടെ സഹവാസം വര്‍ജ്ജിക്കുക. രാജ്യത്തിന്‍റെ അവസ്ഥകള്‍ ശ്രദ്ധിക്കുകയും ഭരണാധികാരികളോട് അവസ്ഥകള്‍ നന്നാക്കാന്‍ ഉപദേശിക്കുകയും ചെയ്യുക. (താരീഖെ ഹിന്ദ് 74-75). മകന്‍ ഈ ഉപദേശങ്ങള്‍ പരിപൂര്‍ണ്ണമായി പാലിക്കുകയും വലിയ മുന്നേറ്റങ്ങള്‍ നടത്തുകയും അവസാനം രക്തസാക്ഷിത്വം വഹിക്കുകയും ചെയ്തു. 
15. ഹിജ് രി 685-ല്‍ ബല്‍ബന്‍ ഇഹലോകവാസം വെടിഞ്ഞു. പ്രിയമകന്‍ മുഹമ്മദ് ഖാന്‍ ശഹീദിന്‍റെ മകനെ തഴഞ്ഞ് ഖേഖ്ബാദ് അധികാരിയായി. ആദ്യം നല്ല അവസ്ഥയിലായിരുന്ന ഇദ്ദേഹം പിന്നീട് സുഖലോലുപതകളിലും കളി-തമാശകളിലും മദ്യത്തിലും മദിരാക്ഷിയിലും മുഴുകി. ജനങ്ങള്‍ അധികാരികളുടെ മാര്‍ഗ്ഗത്തിലായിരിക്കും എന്ന ആപ്തവാക്യത്തിന്‍റെ അടിസ്ഥാനത്തില്‍ ആബാലവൃദ്ധം ജനങ്ങളും ഇതേ വഴിയിലൂടെ സഞ്ചരിച്ചു. മൂന്ന് വര്‍ഷം നീണ്ട് നിന്ന അധികാരം, അവസാനം തകരുകയും ഖില്‍ജി വംശം അധികാരം ഏറ്റെടുക്കുകയും ചെയ്തു. ഇവിടെ ഒരു കാര്യം നന്നായി മനസ്സിലാക്കുക. നല്ലവരും നന്മകളുമായി മാത്രമേ ഇസ്ലാമിനും ഇന്ത്യയ്ക്കും മുസ്ലിംകള്‍ക്കും ഇന്ത്യക്കാര്‍ക്കും ബന്ധമുള്ളൂ. നല്ലവര്‍ ആരായിരുന്നാലും നന്മകള്‍ എന്തായിരുന്നാലും നമുക്ക് അഭിമാനമാണ്. അവരുമായി നമുക്ക് ബന്ധമുണ്ട്. തിന്മകള്‍ എന്തായിരുന്നാലും ചീത്തവര്‍ ആരായിരുന്നാലും അതുമായി അവരുമായി നമുക്ക് യാതൊരു ബന്ധവുമില്ല. അവയെ ന്യായീകരിക്കേണ്ട യാതൊരു ആവശ്യവുമില്ല. അവയും അവരുമായും യാതൊരു ബന്ധവുമില്ലാത്ത സാധുക്കളെ അതിന്‍റെ പേരില്‍ പീഢിപ്പിക്കുന്നത് വലിയ അക്രമമാണ്. 
16. ഗോറി ഭരണത്തിന്‍റെ കീഴില്‍ ജോലി ചെയ്തിരുന്ന വിഭാഗമാണ് ഖില്‍ജി വംശജര്‍. ഇവരില്‍ ചിലര്‍ അധികാര-സ്ഥാനങ്ങളുടെ അരികിലെത്തി. തുടര്‍ന്ന് ജലാലുദ്ദീന്‍ ഖില്‍ജി എഴുപതാം വയസ്സില്‍ അധികാരമേറ്റെടുത്തു. ഔദാര്യരീതി, സ്വഭാവമായി സ്വീകരിക്കുകയും ജനങ്ങളില്‍ അത് പ്രസിദ്ധമാകുകയും ചെയ്തു. അദ്ദേഹം ഡല്‍ഹിയിലേക്ക് അധികാരം ഏറ്റെടുക്കാന്‍ വന്നപ്പോള്‍ ആദ്യം നന്ദിയുടെ രണ്ട് റക്അത്ത് നമസ്കരിക്കുകയും ജനങ്ങളോട് വളരെ സ്നേഹത്തോടെ സംസാരിക്കുകയും ചെയ്തു. ഇതിനിടയില്‍ ചിലര്‍ ഗിയാസുദ്ദീന്‍ ബല്‍ബനിന്‍റെ കൊട്ടാരത്തില്‍ താമസമാക്കണമെന്ന് അഭിപ്രായപ്പെട്ടു. ഉടനെ ഖില്‍ജി പറഞ്ഞു: അത് മര്‍ഹൂം ഗിയാസുദ്ദീന്‍ ബല്‍ബനിന്‍റെ അനന്തരാവകാശികളുടെ അവകാശമാണ്.! തുടര്‍ന്ന് ബല്‍ബന്‍ ഇരുന്ന പീഠത്തിന്‍റെ അരികിലുള്ള തിണ്ണയിലിരുന്ന് നേതാക്കന്മാരോട് പറഞ്ഞു: വലിയ സമ്പത്തും അധികാരവുമുണ്ടായിരുന്നിട്ടും ബല്‍ബനിന്‍റെ കുടുംബത്തിന് യാതൊരു ഗുണവുമുണ്ടായില്ല. അദ്ദേഹത്തിന്‍റെ കണ്ണുകളടഞ്ഞതോടെ സന്താനങ്ങള്‍ തരിപ്പണമായി. പടച്ചവനേ, എന്‍റെ സന്താനങ്ങളുടെ അവസ്ഥ എന്തായിരിക്കും.! ഖില്‍ജി അധികാരമേറ്റ ശേഷം കട്ടറ എന്ന നാട്ടിലെ രാജാവായ ചച്ചു ഖില്‍ജിയെ നേരിടാന്‍ വരുന്നതായി അറിവ് കിട്ടി. ഇരു സൈന്യവും പോരാടുകയും ഖില്‍ജി വിജയിക്കുകയും ചച്ചു തടവിലാക്കപ്പെടുകയും ചെയ്തു. അദ്ദേഹത്തെ കണ്ടപ്പോള്‍ ഖില്‍ജിക്ക് കരുണ തോന്നുകയും എല്ലാവരെയും മോചിപ്പിക്കുകയും ചച്ചുവിനും കുടുംബത്തിനും മുല്‍ത്താനില്‍ താമസിക്കാന്‍ വലിയ സൗകര്യം ചെയ്തുകൊടുക്കുകയും ചെയ്തു. ചില മന്ത്രിമാര്‍ ഇതിനെ എതിര്‍ക്കുകയും എതിരാളിയായ ചച്ചുവിനെ വധശിക്ഷയ്ക്ക് വിധേയമാക്കുകയാണ് വേണ്ടത് എന്ന് പറയുകയും ചെയ്തപ്പോള്‍ ഖില്‍ജി പറഞ്ഞു: എനിക്ക് എഴുപത് വയസ്സായി. ഇന്നുവരെ ഒരു സഹോദരനെയും ഞാന്‍ കൊന്നിട്ടില്ല. ഞാന്‍ പല വര്‍ഷം ബല്‍ബനിന്‍റെ കീഴില്‍ കഴിഞ്ഞവനാണ്. അദ്ദേഹവുമായി ബന്ധപ്പെട്ട ആരെയെങ്കിലും കൊല്ലുന്നത് വലിയ നന്ദികേട് കൂടിയാണ്. (താരീഖ് ഫിരിഷ്ത - 320) 
17. സുല്‍ത്വാന്‍ ജലാലുദ്ദീന്‍ ഖില്‍ജിയുടെ മയവും വിട്ടുവീഴ്ചയും പല മന്ത്രിമാര്‍ക്കും ഇഷ്ടപ്പെട്ടില്ല. അവസാനം നാശകാരികളായ ചിലര്‍ സംഘടിച്ച് അദ്ദേഹത്തെ വധിച്ചു. എന്നാല്‍ അദ്ദേഹത്തിന്‍റെ വധത്തില്‍ പങ്കെടുത്തവര്‍ക്ക് അത് കൊണ്ട് യാതൊരു ഗുണവുമുണ്ടായില്ലെന്ന് മാത്രമല്ല, വലിയ നാശ-നഷ്ടങ്ങള്‍ സംഭവിക്കുകയുമുണ്ടായി. ഹിജ്രി 695 (1295) ല്‍ ജലാലുദ്ദീന്‍ ഖില്‍ജിയുടെ സഹോദരീ പുത്രനായ അലാഉദ്ദീന്‍ ഖില്‍ജി അധികാരിയായി. അദ്ദേഹം ജലാലുദ്ദീന്‍ ഖില്‍ജിയുടെ രക്ത സാക്ഷിത്വത്തിന് കാരണക്കാരായ മുഴുവന്‍ നന്ദികെട്ടവരെയും പിടികൂടി കഠിനമായി ശിക്ഷിക്കുകയും അവര്‍ വളഞ്ഞ വഴിയിലൂടെ സമ്പാദിച്ച സമ്പത്ത് മുഴുവന്‍ പിടിച്ചെടുത്ത് ഖജനാവില്‍ ചേര്‍ക്കുകയും ചെയ്തു. (ഫിരിഷ്ത - 349) മൂന്ന് വര്‍ഷം വരെ നല്ല നിലയില്‍ ഭരണം നടത്തിയ അലാഉദ്ദീന്‍ ഖില്‍ജിക്ക് ഗുജറാത്ത് അടക്കം പല സ്ഥലങ്ങളിലും വമ്പിച്ച വിജയം വരിച്ചു. ഇതില്‍ മതിമറന്ന അദ്ദേഹം ശരിയായ മാര്‍ഗ്ഗത്തില്‍ നിന്നും തെറ്റാനാരംഭിച്ചു. പുതിയ ഒരു മതം സ്ഥാപിക്കുക എന്നതായിരുന്നു അതില്‍ ഏറ്റവും ഗുരുതരമായ പ്രശ്നം. ഭയം കാരണം മന്ത്രിമാരും പണ്ഡിതന്മാരും നന്മ ഉപദേശിക്കാനും തിന്മ തടയാനും ഭയക്കുക മാത്രമല്ല, പലരും അദ്ദേഹത്തിന്‍റെ ധീരത പോലുള്ള ഗുണങ്ങളെ വാഴ്ത്തി തിന്മകളെ മറച്ച് വെച്ചു. എന്നാല്‍ മഹാത്മാക്കളും പൊതു ജനങ്ങളും ഇതില്‍ അസ്വസ്ഥരായി. വിശിഷ്യാ, ഹസ്രത്ത് നിസാമുദ്ദീന്‍ ഔലിയായെ പോലുള്ള മഹത്തുക്കള്‍ കാര്യമായി ചിന്തിക്കുകയും ദുആ ഇരക്കുകയും ചെയ്തു. തദ്ഫലമായി അലാഉല്‍ മലിക് എന്ന് പേരുള്ള ഒരു പ്രധാന വ്യക്തി രാജാവിനടുത്ത് ഹാജരായി. രാജാവ് അദ്ദേഹത്തിന് മുന്നില്‍ അദ്ദേഹത്തിന്‍റെ തെറ്റായ പദ്ധതികള്‍ വിവരിച്ചു. ഭയഭക്തനും പണ്ഡിതനുമായ അലാഉല്‍ മലിക്, എന്‍റെ മരണം അടുത്തിരിക്കെ കുറഞ്ഞ ജീവിതത്തിന്‍റെ സുഖത്തിന് വേണ്ടി സത്യം മറച്ച് വെക്കുന്നത് ശരിയല്ലെന്ന് മനസ്സിലാക്കുകയും അവസാനം സത്യത്തിന് വേണ്ടി മരിക്കേണ്ടി വന്നാല്‍ സൗഭാഗ്യമാണെന്ന് വിചാരിക്കുകയും ചെയ്തുകൊണ്ട് ഇപ്രകാരം തുറന്നടിച്ചു: മതത്തിന്‍റെ ബന്ധം ബഹുമാന്യ നബിമാരുമായും അവരുടെ ബന്ധം പരിശുദ്ധ വഹ്യുമായിട്ടുമാണ്. മുഹമ്മദുര്‍ റസൂലുല്ലാഹി (സ്വ) യിലൂടെ പ്രവാചകത്വത്തിന് പരിസമാപ്തി കുറിക്കപ്പെട്ടുകഴിഞ്ഞു. താങ്കള്‍ പുതിയ ഒരു മതം പ്രഖ്യാപിച്ചാല്‍ മുസ്ലിംകള്‍ എതിരാവുകയും നാട്ടില്‍ പ്രശ്നങ്ങളുണ്ടാവുകയും ചെയ്യുന്നതാണ്. ചെങ്കിസ്ഖാനും മക്കളും ഇസ്ലാമിനെ ഇല്ലാതാക്കാന്‍ ധാരാളം പരിശ്രമിക്കുകയും അതിന് വേണ്ടി നിരവധി മുസ്ലിംകളെ കൊല്ലുകയും ചെയ്തിരുന്നു. അതില്‍ അവര്‍ വിജയിച്ചില്ലെന്ന് മാത്രമല്ല, അവസാനം അവര്‍ ഇസ്ലാം സ്വീകരിക്കുകയും ഇസ്ലാമിന് വേണ്ടി പോരാടുകയും ചെയ്തു.! ഇത് കേട്ടപ്പോള്‍ നിങ്ങള്‍ പറയുന്നത് ശരിയാണെന്ന് പറഞ്ഞ് അദ്ദേഹത്തിന്‍റെ ഈ തീരുമാനത്തില്‍ നിന്നും അദ്ദേഹം പിന്മാറി. 
18. സുല്‍ത്വാന്‍ അലാഉദ്ദീന്‍ ഖില്‍ജി, ഹസ്രത്ത് നിസാമുദ്ദീന്‍ ഔലിയാഇനോട് വളരെയധികം സ്നേഹാദരവുകള്‍ പുലര്‍ത്തുകയും നിരന്തരം കത്തുകളെഴുതി ഉപദേശങ്ങള്‍ തേടുകയും ഹസ്രത്ത് നിസാമുദ്ദീന്‍ ഔലിയ ഉത്തമ ഉപദേശങ്ങള്‍ നല്‍കുകയും സുല്‍ത്വാന്‍ അത് കഴിവിന്‍റെ പരമാവധി പാലിക്കുകയും ചെയ്തിരുന്നു. തദ്ഫലമായി രാജ്യം മുഴുവന്‍ വലിയ നന്മകള്‍ ഉളവായി. അതില്‍ ചിലത് ഇപ്രകാരമാണ്: മഴയുടെ കുറവ് കുഴപ്പം ചെയ്യാത്ത നിലയില്‍ ധാന്യങ്ങളും ജീവിത വിഭവങ്ങളും സമൃദ്ധമായി. രാജ്യം വളരെയധികം വികസിച്ചു. അക്രമികള്‍ തുരത്തപ്പെട്ടു. സാധുക്കള്‍ക്ക് കാരുണ്യമുണ്ടായി. രാജ്യത്തും വഴികളിലും സമാധാനം പരന്നു. കച്ചവടക്കാര്‍ ന്യായ വിലയ്ക്ക് നിര്‍ബന്ധിതരായി. മസ്ജിദുകളും വഴിയമ്പലങ്ങളും അധികരിച്ചു. സംസ്കരണ പ്രവര്‍ത്തനങ്ങള്‍ സജീവമായി. വൈജ്ഞാനിക മുന്നേറ്റങ്ങള്‍ സംഭവിച്ചു. 
19. എല്ലാ പുരോഗതിക്ക് ശേഷവും അധോഗതിക്ക് സാധ്യതയുണ്ട് എന്ന പഴമൊഴി അനുസരിച്ച് അവസാന നാളുകളില്‍ സുല്‍ത്വാന്‍ അലാഉദ്ദീനില്‍ നിന്നും ധാരാളം കുഴപ്പങ്ങള്‍ സംഭവിച്ചു. അദ്ദേഹത്തിന്‍റെ മരണത്തിന് ശേഷം മൂന്ന് പിന്‍ഗാമികള്‍ അഞ്ച് വര്‍ഷം മാറിമാറി ഭരണം നടത്തിയെങ്കിലും അവസ്ഥകള്‍ തകിടം മറിഞ്ഞു. ഇവിടെ ഒരിക്കല്‍ കൂടി ഉറക്കെ പറയുക: നല്ലവരുടെ നന്മകളുമായി മാത്രമാണ് നമ്മുടെ ബന്ധം. അതുമായി മാത്രമേ ബന്ധം പാടുള്ളൂ താനും. ആരുടെയും തിന്മകളുമായി നമുക്ക് ഒരു ബന്ധവുമില്ല. ന്യായീകരണവുമില്ല. അതെ, തിന്മകളും അബദ്ധങ്ങളും കാരണം അവര്‍ക്ക് തന്നെ തകര്‍ച്ച സംഭവിച്ചെങ്കില്‍ അതിനെ ദുര്‍വ്യാഖ്യാനം ചെയ്യുന്നത് കൊണ്ട് നമുക്ക് ഒരു ഗുണവുമില്ലെന്ന് മാത്രമല്ല, നാശങ്ങളും നഷ്ടങ്ങളുമുണ്ടായേക്കാം. 
20. ഹിജ് രി 721 (1321) -ല്‍ അവസാനിച്ച ഖില്‍ജി ഭരണത്തിന് ശേഷം സുല്‍ത്വാന്‍ ഗിയാസുദ്ദീന്‍ തുഗ്ലക്കിന്‍റെ ഭരണമാരംഭിച്ചു. ഇദ്ദേഹം ഖില്‍ജിയുടെ പട്ടാള അംഗമായിരുന്നു. അവിടെ നിന്നും മുന്നേറി അവസാനം ഡല്‍ഹി ദര്‍ബാറില്‍ അധികാരിയായി. ഇദ്ദേഹം ഭയഭക്തിയും സൂക്ഷ്മതയും സഹനതയും ബുദ്ധിയും ബോധവുമുള്ള വ്യക്തിയായിരുന്നു. അഞ്ച് നേരം ജമാഅത്തായി നമസ്കരിക്കുകയും ഭരണ കാര്യങ്ങള്‍ ശരിയായി ശ്രദ്ധിക്കുകയും ചെയ്തിരുന്നു. സിംഹാസനത്തില്‍ സുഖിച്ചിരിക്കാതെ ജനങ്ങളുടെ സേവകനാണെന്ന് പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. സ്ഥാനമാനങ്ങള്‍ നല്‍കുമ്പോള്‍ വളരെ സൂക്ഷ്മത പുലര്‍ത്തിയിരുന്നു. പണ്ഡിതരെയും സൂഫികളെയും ആദരിച്ചിരുന്നു. പൊതുജനങ്ങളുടെ പ്രയാസങ്ങള്‍ ദൂരീകരിച്ചിരുന്നു. കെട്ടിടങ്ങള്‍ കെട്ടാന്‍ ആവേശമായിരുന്നു. മദ്യപാനത്തോട് കടുത്ത എതിര്‍പ്പായിരുന്നു. പഴയ ഭരണകൂടത്തിലെ നേതാക്കളെയും ആദരിച്ചിരുന്നു. ഹിജ്രി 724-ല്‍ ബംഗാളാ പ്രദേശത്ത് വലിയ അക്രമങ്ങള്‍ നടക്കുന്നതായി വിവരം ലഭിച്ചപ്പോള്‍ മകന്‍ തുഗ്ലക്കിനെ ഡല്‍ഹിയുടെ കാര്യം ഏല്‍പ്പിച്ച് രാജാവ് നേരിട്ട് ബംഗാളയിലേക്ക് യാത്രയായി. അവിടെ പ്രശ്നങ്ങള്‍ അവസാനിപ്പിക്കുകയും പുതിയ അധികാരികളെ ഏല്‍പ്പിച്ച് ഡല്‍ഹിയിലേക്ക് മടങ്ങുകയും ചെയ്തപ്പോള്‍ മകന്‍ പിതാവിന് വേണ്ടി ഡല്‍ഹിക്കടുത്തുള്ള തുഗ്ലക്കാബാദില്‍ വലിയൊരു കെട്ടിടം സ്ഥാപിക്കുകയും രാജാവിനെ സ്വീകരിക്കാന്‍ വലിയ സജ്ജീകരണങ്ങള്‍ നടത്തുകയും ചെയ്തു. എന്നാല്‍ അദ്ദേഹം വീട്ടില്‍ കയറി ആഹാരം കഴിച്ച് കഴിഞ്ഞപ്പോള്‍ അതിന്‍റെ മേല്‍ക്കൂര രാജാവിന്‍റെ തലയിലേക്ക് ഇടിഞ്ഞ് വീണ് അദ്ദേഹത്തിന്‍റെ മരണം സംഭവിച്ചു. ഹിജ്രി 725-ലായിരുന്നു ഈ സംഭവം. ഇദ്ദേഹത്തിന്‍റെ മരണം ഇന്ത്യന്‍ ജനതയ്ക്ക് വലിയ നാശ-നഷ്ടങ്ങള്‍ക്ക് കാരണമായി. ധാരാളം പ്രദേശങ്ങള്‍ ഡല്‍ഹിയില്‍ നിന്നും മാറിപ്പോകുകയും അതില്‍ പലതും ഡല്‍ഹിക്കെതിരില്‍ തിരിയുകയും ചെയ്തു. (ആബെ കൗസര്‍ - 400) 
21. ഗിയാസുദ്ദീന്‍ തുഗ്ലക്കിന് ശേഷം മകന്‍ മുഹമ്മദ് തുഗ്ലക്ക് അധികാരിയായി. വലിയ മനക്കരുത്തും ധര്‍മ്മിഷ്ഠതയും ഉള്ള ആളായിരുന്നു അദ്ദേഹം. ഖുര്‍ആന്‍ ഹാഫിസും നമസ്കാര-നോമ്പുകളില്‍ ശ്രദ്ധാലുവുമായിരുന്നു. (ആബെ കൗസര്‍). ഡോക്ടര്‍ താരാചന്ദ് എഴുതുന്നു: അദ്ദേഹം വലിയ മത ഭക്തനായിരുന്നു. ഒരിക്കലും മതഭ്രാന്തനായിരുന്നില്ല. ഹൈന്ദവരോട് വലിയ വിട്ടുവീഴ്ചകള്‍ ചെയ്തു. സതി ആചാരം ഇല്ലാതാക്കാന്‍ പരിശ്രമിച്ചു. സിന്ദില്‍ അദ്ദേഹം ഗവര്‍ണ്ണര്‍ ആയി നിയമിച്ചത് ഹൈന്ദവനെയാണ്. ഹൈന്ദവര്‍ക്ക് ഭരണത്തില്‍ പല സ്ഥാനങ്ങളും നല്‍കി. (മുഖ്തസര്‍ താരീഖെ ഹിന്ദ്). എന്നാല്‍ ഇദ്ദേഹം കടുംപിടുത്തക്കാരനായിരുന്നു. മനസ്സില്‍ ഉറയ്ക്കുന്ന കാര്യം എത്ര ബലപ്രയോഗം നടത്തിയും നടപ്പില്‍ വരുത്തുമായിരുന്നു. ഈ വഴിയില്‍ പല വിഢിത്തരങ്ങളും അക്രമങ്ങളും കാട്ടിക്കൂട്ടി. ദൗലത്താബാദിനെ തലസ്ഥാനമാക്കാന്‍ ഉദ്ദേശിക്കുകയും അതിന്‍റെ പേരില്‍ ഡല്‍ഹി നിവാസികളോട് വലിയ അക്രമങ്ങള്‍ കാട്ടുകയും ചെയ്തു. (ആബെ കൗസര്‍). മുഹമ്മദ് തുഗ്ലക്ക് വിജ്ഞാന സ്നേഹിയും പണ്ഡിത പ്രേമിയും സാഹിത്യകാരനും ഉജ്ജ്വല പ്രഭാഷകനുമായിരുന്നു. ഓര്‍മ്മ അത്ഭുതകരമായിരുന്നു. ചരിത്ര വിജ്ഞാനത്തില്‍ മുന്തി നിന്നിരുന്നു. തര്‍ക്ക ശാസ്ത്രത്തോട് വലിയ താല്‍പര്യവും കര്‍മ്മ ശാസ്ത്രത്തോട് അകല്‍ച്ചയും പുലര്‍ത്തിയിരുന്നു. ചുരുക്കത്തില്‍ നന്മയും തിന്മയും കൂടിക്കലര്‍ന്ന അത്ഭുത വ്യക്തിത്വമായിരുന്നു അദ്ദേഹം. തദ്ഫലമായി അധികാരത്തിന്‍റെ അവസാന കാലഘട്ടം വലിയ പ്രശ്നങ്ങള്‍ സംജാതമായി. ഗുജറാത്ത് ഒഴിച്ച് മറ്റ് മുഴുവന്‍ നാടുകളും നഷ്ടപ്പെട്ടു. അതിന്‍റെ അഞ്ച് കാരണങ്ങള്‍ പണ്ഡിതര്‍ ഇപ്രകാരം വിവരിക്കുന്നു: നികുതി വര്‍ദ്ധിപ്പിച്ചു, സ്വര്‍ണ്ണ-വെള്ളി നാണയങ്ങള്‍ക്ക് പകരം പിത്തളയുടെ നാണയങ്ങളാക്കി, വിദൂര ദേശം പിടിച്ചെടുക്കുന്നതിന് ധാരാളം സൈന്യത്തെ യാത്രയാക്കി, ഹിമാചല്‍ പ്രദേശം പിടിച്ചടക്കുന്നതിനും വലിയ സൈന്യത്തെ അയച്ചു, ജാതി-മത വ്യത്യാസമില്ലാതെ നിസ്സാര കാര്യങ്ങള്‍ക്ക് വധശിക്ഷ നല്‍കിയിരുന്നു. (താരീഖെ ഹിന്ദ്). 
22. ഇരുപത്തി ഏഴ് ഭരണത്തിന് ശേഷം ഹിജ് രി 752 (1351) ല്‍ മുഹമ്മദ് തുഗ്ലക്ക് ഇഹലോകവാസം വെടിഞ്ഞു. തുടര്‍ന്ന് നേതാക്കന്മാര്‍ കൂടിയിരുന്ന് മകന്‍ ഫൈറൂസ് ഷാഹിനെ അധികാരിയാക്കി. അദ്ദേഹം അധികാരമേറ്റ പാടെ മുഹമ്മദ് തുഗ്ലക്ക് ജയിലില്‍ അടച്ച തടവുകാരെ മോചിപ്പിച്ചു. അദ്ദേഹം വധിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കി. പിടിച്ചടക്കിയ പ്രദേശങ്ങള്‍ അവകാശികള്‍ക്ക് തിരിച്ചുകൊടുത്തു. (ആബെ കൗസര്‍). ഫൈറൂസ് ഷായുടെ നീതിയും ന്യായവും കാരണം, രാജ്യം മുഴുവന്‍ ശാന്തിയും സമാധാനവും നിറഞ്ഞു. പണ്ഡിതമഹത്തുക്കള്‍ അദ്ദേഹത്തിന് ശൈഖുല്‍ ഇസ്ലാം എന്ന അപരനാമം നല്‍കി. മക്കള്‍ക്ക് വിശിഷ്യാ, രാജകുമാരന് ശിക്ഷണ ശീലനങ്ങള്‍ നല്‍കാന്‍ വളരെയധികം ശ്രദ്ധിച്ചു. മകനും ഇത് നല്ല നിലയില്‍ ഉള്‍ക്കൊണ്ടു. ചെറുപ്പം മുതലേ സാധുക്കളെ സഹായിക്കുന്ന സ്വഭാവം സ്വീകരിച്ചു. ഫൈറൂസ് ഷാഹ് ഭരണകൂടത്തിന് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ എല്ലാ ഭരണാധികാരികള്‍ക്കും അനുകരണീയമാണ്. അതില്‍ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിക്കുക: 1. ആരോടും അക്രമം കാട്ടരുത്. കഴിവിന്‍റെ പരമാവധി ശിക്ഷാ നടപടികള്‍ മാറ്റി വെയ്ക്കുക. ധര്‍മ്മിഷ്ഠതയും ഉദാര മനസ്ഥിതിയും മുറുകെ പിടിക്കുക. ജനങ്ങള്‍ സ്നേഹിക്കുന്നതാണ്. 2. നികുതി കഴിവതും ഒഴിവാക്കുക. ജനങ്ങളുടെ കഴിവിനനുസരിച്ച് മാത്രമേ നികുതി വാങ്ങാവൂ. ആരുടെയും ഏഷണിയും മറ്റുള്ളവരെ കുറിച്ചുള്ള പരാതിയും കേള്‍ക്കരുത്. ഇതിലൂടെ ഭരണം പുരോഗതി പ്രാപിക്കുന്നതും ഐശ്വരം വര്‍ദ്ധിക്കുകയും ചെയ്യുന്നതാണ്. 3. പടച്ചവനോട് പേടിയും ജനങ്ങളോട് കരുണയുമുള്ള നല്ലവരെ കാര്യങ്ങള്‍ ഏല്‍പ്പിക്കുക. ദുഃസ്വഭാവികളെ ഒന്നും ഏല്‍പ്പിക്കരുത്. ഈ മൂന്ന് ഗുണങ്ങളിലൂടെ അദ്ദേഹം നാടിനും നാട്ടുകാര്‍ക്കും വലിയ അനുഗ്രഹമായി. ധാരാളം ആരാധനാലയങ്ങളും പാഠശാലകളും സംസ്കരണ കേന്ദ്രങ്ങളും സ്ഥാപിക്കുകയും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തു. കിണറുകളും തടാകങ്ങളും പാലങ്ങളും ധാരാളമായി നിര്‍മ്മിക്കുകയും അതിന് വേണ്ടി പ്രത്യേകം വഖ്ഫ് ഏര്‍പ്പാടാക്കുകയും ചെയ്തു. 799-ല്‍ ഫൈറൂസ് ഷാഹ് തുഗ്ലക്കിന്‍റെ വിയോഗം സംഭവിച്ചു. പക്ഷെ, പിന്‍ഗാമികല്‍ പരസ്പരം പോരാടി. ഇതിനിടയില്‍ തൈമൂര്‍ ഡല്‍ഹിയെ അക്രമിക്കുകയും പടച്ചവന്‍റെ ശിക്ഷ പോലെ പ്രദേശം മുഴുവന്‍ തകര്‍ത്ത് തരിപ്പണമാക്കുകയും ചെയ്തു. പഴയ ഭരണാധികാരി മഹ്മൂദ് തുഗ്ലക്ക് വീണ്ടും ഡല്‍ഹിയിലേക്ക് മടങ്ങി വന്നെങ്കിലും അവസ്ഥകളെല്ലാം താറുമാറായിരുന്നു. ഇദ്ദേഹം 815-ല്‍ മരണപ്പെട്ടതോടെ ഇരുന്നൂറ് വര്‍ഷം നീണ്ടുനിന്ന ഒരു ഭരണകൂടത്തിന് പരിസമാപ്തിയായി. 
(തുടരും...) 
https://swahabainfo.blogspot.com/2020/01/blog-post_10.html?spref=tw
പ്രസിദ്ധീകരണം:
സ്വഹാബ ഫൗണ്ടേഷന്‍ 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...