മാനവികതയുടെ സന്ദേശം
(പയാമെ ഇന്‍സാനിയത്ത്)
- മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
(പയാമെ ഇന്‍സാനിയത്ത്)
- മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
നമ്മുടെ സൂഫീ പരമ്പരയിലെ ഒരു മഹാനാണ് ഖാജാ ഫരീദുദ്ദീന്‍ ഗഞ്ച് ശകര്‍. അദ്ദേഹത്തിന്‍റെ പക്കല്‍ വന്ന ഒരു ശിഷ്യന്‍ വിലകൂടിയ ഒരു കത്തി ഉപഹാരമായി സമര്‍പ്പിച്ചു. ഈ സ്ഥാപനത്തില്‍ വരുന്നവര്‍ക്ക് ഇത് കൊണ്ട് പഴങ്ങളും മറ്റും മുറിച്ച് നല്‍കാമല്ലോ എന്ന് വിചാരിച്ച് സന്തോഷിച്ചാണ് അദ്ദേഹം ഈ ഉപഹാരം സമര്‍പ്പിച്ചത്. എന്നാല്‍ ഫരീദ് ഔലിയ പറഞ്ഞു: കത്തിയുമായി നമുക്ക് യാതൊരു ബന്ധവുമില്ല. നമുക്ക് വേണ്ടത് സൂചിയാണ്. കത്തി, കീറി മുറിക്കുന്നു. സൂചി തുന്നിച്ചേര്‍ക്കുന്നു. നമ്മുടെ ജോലി കീറി മുറിക്കലല്ല. മുറിഞ്ഞ് മാറിക്കിടക്കുന്ന മനസ്സുകളെ തുന്നിച്ചേര്‍ക്കലാണ്.! ഈ മഹാന്‍റെ ശിഷ്യന്‍ ഹസ്രത്ത് നിസാമുദ്ദീന്‍ ഔലിയയുടെ കാര്യവും ഇങ്ങനെ തന്നെയായിരുന്നു. നിസാമുദ്ദീനിലെ അദ്ദേഹത്തിന്‍റെ കേന്ദ്രത്തില്‍ ജനങ്ങള്‍ ഉപഹാരമായി കൊണ്ടുവരുന്ന സര്‍വ്വ ആഹാരങ്ങളും പഴങ്ങളും പലഹാരങ്ങളും ജാതി-മത വ്യത്യാസമില്ലാതെ ജനങ്ങള്‍ക്ക് വിതരണം ചെയ്യുകയും ജീവിതകാലം മുഴുവനും നോമ്പനുഷ്ഠിക്കുകയും ചെയ്തിരുന്നു. ഇസ്ലാമിക ശരീഅത്തില്‍ രണ്ട് പെരുന്നാളുകളില്‍ നോമ്പ് അനുഷ്ഠിക്കാന്‍ പാടില്ലാത്തത് കൊണ്ട് അന്ന് മാത്രം നോമ്പ് പിടിച്ചിരുന്നില്ല. കൊണ്ടുവരുന്ന സാധനം എന്താണെന്ന് തുറന്ന് നോക്കുക പോലും ചെയ്യാതെ വിതരണം ചെയ്യുമായിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ചിലര്‍ കളി-തമാശകളും നടത്താറുണ്ട്. ഹസ്രത്ത് ഒന്നും തുറന്ന് നോക്കാതെ ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നത് കണ്ടപ്പോള്‍ അദ്ദേഹം ഒരു കടലാസില്‍ മണ്ണ് പൊതിഞ്ഞുകൊണ്ട് വന്ന് കാണിക്കയായി സമര്‍പ്പിച്ചു. ഇഖ്ബാല്‍ എന്ന സേവകന്‍ വന്ന് സാധനങ്ങള്‍ വിതരണം ചെയ്യാന്‍ വേണ്ടി എടുത്തുകൊണ്ട് പോയപ്പോല്‍ ഹസ്രത്ത് പറഞ്ഞു: ഹസ്രത്ത് മണ്ണ് പൊതിയിലേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു: അത് എന്നെ ഏല്‍പ്പിക്കുക. എനിക്ക് കണ്ണിലിടാനുള്ള സുറുമയാണത്. അതെ, ആ മഹത്തുക്കള്‍ അവരെ നിന്ദിച്ചവരോട് പോലും പ്രതികാരം ചെയ്യുന്നത് പോകട്ടെ, മോശമായി പ്രതികരിക്കാന്‍ പോലും തയ്യാറായില്ല.
ഇന്ന് നമ്മുടെ രാജ്യം ഭൗതികമായി വളരെ പുരോഗതി പ്രാപിച്ചിരിക്കുന്നു. ശാസ്ത്ര-സാങ്കേതിക വിദ്യകളിലും പ്രഭാഷണ-രചനകളിലും സര്‍വ്വ മേഖലകളിലും ഉന്നത വ്യക്തിത്വങ്ങളല്ല, ഉന്നതരുടെ സംഘങ്ങള്‍ തന്നെ നിലവിലുണ്ട്. എല്ലാ മേഖലകളും സമര്‍ദ്ധരായ ആളുകളെ കൊണ്ട് സജീവമാണ്. നാം അതിനെയൊന്നും നിസ്സാരപ്പെടുത്തുകയോ നിന്ദിക്കുകയോ ചെയ്യുന്നില്ല. പക്ഷെ, ഇവയെ കൊണ്ട് മാത്രം നാം മതിയാക്കരുത്. മാനവികതയുടെ മനസ്സും ജീവിതവും ഉണ്ടാക്കിയെടുക്കാനുള്ള പരിശ്രമം നടത്തുന്ന സംഘം പോകട്ടെ, വ്യക്തികള്‍ പോലും കുറഞ്ഞിരിക്കുന്നു. ഇത് അങ്ങേയറ്റം ദുഃഖകരമായ കാര്യമാണ്. പുരോഗതികളും സൗകര്യങ്ങളും കൂടിയെങ്കിലും മനുഷ്യത്വം ഇല്ലായെങ്കില്‍ ഇതെല്ലാം അക്രമങ്ങള്‍ക്ക് മാത്രം ഉപയോഗിക്കപ്പെടുന്നതാണ്. വളരെ പതുക്കെയും പ്രയാസപ്പെട്ടും നടത്തപ്പെട്ടിരുന്ന അക്രമങ്ങള്‍ അതിവേഗതയിലും എളുപ്പത്തിലും നടക്കുകയും അക്രമങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നതാണ്. അത് തന്നെയാണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്. ഇത്തരുണത്തില്‍ അസ്വസ്ഥമായി രംഗത്തേക്ക് കുറെ സുമനസ്സുകള്‍ ചാടിയിറങ്ങേണ്ടിയിരിക്കുന്നു. സ്വകാര്യ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഇപ്രകാരം അവര്‍ വിളിച്ച് പറയട്ടെ: ഭാരതീയന്‍ ഭാരതീയനെ കൊല്ലാന്‍ ഞങ്ങള്‍ അനുവദിക്കില്ല.! അയല്‍വാസികളെയും സഹോദരങ്ങളെയും തകര്‍ക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല.!! കൈക്കൂലിയും കൊള്ളയും അപഹരണവും അക്രമവും ഞങ്ങള്‍ അനുവദിക്കുകയില്ല.!!!... ഭരണകൂടത്തെയും അതുമായി ബന്ധപ്പെട്ടവരെയും നാം ആദരിക്കുന്നു. പക്ഷെ, അവര്‍ എല്ലാം ചെയ്തുകൊള്ളുമെന്ന് ധരിച്ച് കഴിയുന്നത് മൗഢ്യമാണ്. പൊതുജനങ്ങളുടെ ചിന്ത ഉണരുകയും നിലപാട് ശരിയാകുകയും ചെയ്യുന്നത് വരെ അക്രമങ്ങള്‍ ഇല്ലാതാകുന്നതല്ല. തിന്മയെ തിന്മയായി കാണുകയും നന്മയെ നന്മയായി കാണുകയും നന്മ ചെയ്യുന്നവരെ സ്നേഹിക്കുകയും അക്രമത്തെയും അക്രമികളെയും വെറുക്കുകയും കുറഞ്ഞപക്ഷം, അക്രമങ്ങളോട് അതൃപ്തി പുലര്‍ത്തുകയും ചെയ്യുന്നത് വരെ ഒരു രാജ്യവും നന്നാകുന്നതല്ല.
സഹോദരങ്ങളെ, നിങ്ങള്‍ ഞാന്‍ പറയുന്നത് അംഗീകരിക്കുക. ഞാന്‍ പ്രവാചകനോ മഹാപുരുഷനോ അല്ല. പക്ഷെ, ഒരു ചരിത്ര വിദ്യാര്‍ത്ഥിയാണ്. ചരിത്ര പുസ്തകങ്ങളില്‍ പുഴുവിനെ പോലെ കഴിയുന്നവനാണ്. അതിന്‍റെ വെളിച്ചത്തില്‍ ഞാന്‍ പറയട്ടെ, ഒരു രാജ്യം സയന്‍സിലും ടെക്നോളജിയിലും എത്ര വികസിച്ചാലും ഒരു രാജ്യത്തെ സമ്പത്തും സാഹിത്യവും ശേഷികളും എത്ര വര്‍ദ്ധിച്ചാലും രാജ്യം അണവശക്തിയായി ഉയര്‍ന്നാലും ആ രാജ്യത്ത് നീതിയും ന്യായവും ഉയര്‍ന്ന് നില്‍ക്കുകയും രാജ്യനിവാസികളില്‍ കാരുണ്യത്തിന്‍റെ അംശവും മനുഷ്യ സ്നേഹവും ഉണ്ടായിരിക്കുകയും അക്രമത്തോടും അനീതിയോടും വെറുപ്പ് നിലനില്‍ക്കുകയും ചെയ്യുന്നത് വരെ ആ രാജ്യം രക്ഷപ്പെടുന്നതല്ല.
ഈ യാഥാര്‍ത്ഥ്യത്തെ കുറിച്ചുള്ള ബോധമാണ് ഇത്തരമൊരു പ്രവര്‍ത്തനത്തിന് ഞങ്ങളെ പ്രേരിപ്പിച്ചത്. ഞങ്ങളുടെ പക്കല്‍ യാതൊരു വിധ സാധന-സാമഗ്രികളുമില്ല. ഞങ്ങള്‍ക്ക് ഒരു സംഘടനാ ശക്തിയുമില്ല. പക്ഷെ, പടച്ചവന്‍റെ അനുഗ്രഹത്താല്‍ ജാതി-മത വ്യത്യാസമില്ലാതെ ഈ രാജ്യത്തുള്ള കുറെ സഹോദരങ്ങള്‍ ഞങ്ങള്‍ പറയുന്നത് അംഗീകരിക്കുകയും ഞങ്ങളോട് അനുകൂലിക്കുകയും ചെയ്യുന്നു. ഇന്ത്യയില്‍ ഞങ്ങള്‍ക്ക് പോകാന്‍ സാധിക്കുന്ന എല്ലാ സ്ഥലങ്ങളിലും ഞങ്ങള്‍ എത്തുകയുണ്ടായി. ഇവിടെയും ഞങ്ങളെത്തി. ഞങ്ങള്‍ക്ക് എല്ലാവരോടും ഒരു കാര്യമാണ് പറയാനുള്ളത്: മനുഷ്യരായ നാം മനുഷ്യരോട് സ്നേഹാദരവുകളും ശുഭ പ്രതീക്ഷകളും പുലര്‍ത്തുക. ഒരിക്കലും മനുഷ്യനെ വെറുക്കുകയോ മാനവികതയില്‍ നിന്നും നിരാശപ്പെടുകയോ ചെയ്യരുത്. മനുഷ്യന്‍ എന്താണെങ്കിലും മറ്റുള്ളവരോട് ഇണങ്ങേണ്ട വിഭാഗമാണ്. ചിലപ്പോള്‍ മനുഷ്യന് മുകളില്‍ പൊടിപടലങ്ങള്‍ കൂടുമ്പോള്‍ ചെറിയ പ്രയാസങ്ങളെല്ലാം ഉണ്ടായേക്കാം. പക്ഷെ, ഓരോ മനുഷ്യന്‍റെയും ഉള്ളില്‍ പിടയ്ക്കുന്ന മനസ്സും ചിന്തിക്കുന്ന മസ്തിഷ്കവുമുണ്ട്. പൊടിപടലങ്ങള്‍ മാറ്റിയാല്‍ അത് ഉണരുന്നതും ഉയരുന്നതും പ്രകാശിക്കുന്നതുമാണ്.
ആകയാല്‍ നാം ഓരോരുത്തരും ആദ്യം നമ്മുടെ പ്രദേശത്തെയും പട്ടണത്തെയും കുറിച്ച് ചിന്തിക്കുക. തുടര്‍ന്ന് സംസ്ഥാനത്തെയും രാജ്യത്തെയും കുറിച്ച് ആലോചിക്കുക. ആരും തടയാനില്ലാതെ അക്രമങ്ങള്‍ തുടരുകയാണെങ്കില്‍ ഈ രാജ്യം അധികനാള്‍ മുമ്പോട്ട് പോകുന്നതല്ല. ഭൂകമ്പമോ ക്ഷാമമോ പോലുള്ള എന്തെങ്കിലും പ്രകൃതിപരമായ ശിക്ഷകള്‍ ഇറങ്ങുന്നതാണ്. ചിലപ്പോള്‍ കൃഷികളും വിളകളും ഇല്ലാതാകും. മറ്റ് ചിലപ്പോള്‍ രോഗങ്ങള്‍ പെരുകുകയും പടരുകയും ചെയ്യും. എന്താണെങ്കിലും അക്രമത്തിന് ഏതെങ്കിലും നിലയിലുള്ള തിരിച്ചടി ഉറപ്പാണ്. നാം അതിന് അവസരം നല്‍കാതിരിക്കുക. അതിന് മുമ്പായി തന്നെ അവസ്ഥ നന്നാക്കുകയും നന്നാക്കാന്‍ പരിശ്രമിക്കുകയും ചെയ്യുക.
നാം മനുഷ്യനെ കണ്ടാല്‍ സന്തോഷിക്കണം. ഇത് മുസ്ലിമാണോ ഹിന്ദുവാണോ കൃസ്ത്യാനിയാണോ അല്ലയോ എന്ന് ഒരിക്കലും ചിന്തിക്കരുത്. ഇത് മനുഷ്യനാണ്, എന്‍റെ സഹോദരനാണ് എന്ന് ഓരോരുത്തരെ കാണുമ്പോഴും നാം ചിന്തിക്കുക. ഒന്നാമതായി, മാനവ കുടുംബത്തിന്‍റെ അടിസ്ഥാനത്തില്‍ നാം സഹോദരങ്ങളാണ്. രണ്ടാമതായി, ഇന്ത്യയുടെയും നമ്മുടെ നാടിന്‍റെയും അടിസ്ഥാനത്തില്‍ നാം സഹോദരങ്ങളാണ്. എല്ലാത്തിലുമുപരി, സര്‍വ്വ ലോക പരിപാലകനായ പടച്ചവന്‍റെ അടിമകള്‍ എന്ന നിലയില്‍ നാം സഹോദരങ്ങളാണ്. നമുക്കിടയില്‍ എന്തെല്ലാം ഭിന്നതകളുണ്ടെങ്കിലും ഒരിക്കലും മുറിച്ചുമാറ്റപ്പെടാത്ത സമുന്നത സാഹോദര്യമാണ് ഈ സാഹോദര്യം.
ഈ മഹത്തായ ഗുണം ഈ രാജ്യത്തിന്‍റെ പൗരാണിക ഗുണമാണ്. ഈ ഗുണത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ രാജ്യം പല പ്രയാസ ഘട്ടങ്ങളെയും വൈതരണികളെയും മറികടന്ന് ഇവിടം വരെയും എത്തിയിരിക്കുന്നത്. ഇതില്ലായിരുന്നുവെങ്കില്‍ നാമും നമ്മുടെ നാടും എന്നേ നശിച്ച് പോകുമായിരുന്നു. ഈ ഗുണങ്ങളുള്ള ഇതര നാടുകളും നിലനില്‍ക്കുന്നു. ഇതില്ലാതായ നാടുകളെല്ലാം തകര്‍ന്ന് തരിപ്പണമാകുകയും ചരിത്രത്തിന്‍റെ ചവറ്റുകൊട്ടയിലേക്ക് തള്ളപ്പെടുകയും ചെയ്തിട്ടുണ്ട്. ചരിത്രത്തിലേക്ക് നാം നോക്കുക: ധാരാളം അക്രമികള്‍ അഴിഞ്ഞാടിയതായി കാണാന്‍ സാധിക്കും. അവര്‍ വലിയ അക്രമങ്ങള്‍ കാട്ടിക്കൂട്ടി. വംശനശീകരണത്തിനുള്ള പദ്ധതികള്‍ തയ്യാറാക്കി. ഇതിനിടയില്‍ കരുണയുള്ള മനസ്സിന്‍റെ വക്താക്കള്‍ ഉണര്‍ന്നെഴുന്നേറ്റു. അവര്‍ അക്രമികളടക്കമുള്ള ജനങ്ങളുടെ ഇടയിലേക്ക് നുഴഞ്ഞുകയറി. മാനവികതയുടെ മഹത്വവും അക്രമത്തിന്‍റെ അപകടവും ഉണര്‍ത്തി. തദവസരം ചിലര്‍ അക്രമത്തില്‍ ഉറച്ചുനില്‍ക്കുകയും നശിച്ചൊടുങ്ങുകയും ചെയ്തു. എന്നാല്‍ ബഹുഭൂരിഭാഗവും കാര്യം ഗ്രഹിക്കുകയും അക്രമികളല്ലാത്തവര്‍ അക്രമികളെ തടഞ്ഞുനിര്‍ത്തുകയും അക്രമികള്‍ അക്രമത്തില്‍ നിന്നും പിന്മാറുകയും ചെയ്തു. താര്‍ത്താരികളുടെ ഒരു ഉദാഹരണം പറഞ്ഞുകഴിഞ്ഞു. ഇത് ഒരു ഉദാഹരണം മാത്രമാണ്. ഇത് പോലെ ധാരാളം സംഭവങ്ങള്‍ ചരിത്രത്തില്‍ കഴിഞ്ഞുകടന്നിട്ടുണ്ട്. അതെ, പടച്ചവന്‍റെ ഉത്തമ ദാസന്മാര്‍ അക്രമങ്ങള്‍ നോക്കിക്കൊണ്ട് നിന്നില്ല. അവര്‍ ജനങ്ങളിലേക്ക് ഇറങ്ങി. അവരോട് സംസാരിച്ചു. അവരുടെ മനസ്സില്‍ ഒളിഞ്ഞ് കിടന്ന മഹത്ഗുണത്തെ തൊട്ടുണര്‍ത്തി. അവരെ വെറുപ്പിക്കുന്ന കാര്യങ്ങളൊന്നും പറഞ്ഞില്ല. നാം മനുഷ്യരായില്ലെങ്കില്‍ നാമും മറ്റ് മനുഷ്യരും ഇവിടെ ഉണ്ടാകുന്നതല്ലായെന്ന് അത്യന്തം ഗുണകാക്ഷയോടെ അവര്‍ ഉണര്‍ത്തി. ജനങ്ങള്‍ക്ക് കാര്യം മനസ്സിലായി. അവര്‍ അക്രമത്തില്‍ നിന്നും പിന്മാറി. മാത്രമല്ല, നീതിയുടെയും പരോപകാരത്തിന്‍റെയും ദാന-ധര്‍മ്മങ്ങളുടെയും വക്താക്കളായി. അവര്‍ വലിയ ഭരണകൂടങ്ങള്‍ സ്ഥാപിച്ചു. നീതിയുടെയും കാരുണ്യത്തിന്‍റെയും അരുവികള്‍ ഒഴുക്കി. വിജ്ഞാന ശാലകളും ഗ്രന്ഥാലയങ്ങളും വളര്‍ത്തി. മാനവ സംസ്കാരത്തെ പുരോഗതിയിലേക്ക് നയിച്ചു.
ആകയാല്‍ നിങ്ങള്‍ ഓരോരുത്തരുടെയും സ്ഥാപനങ്ങളും പ്രവര്‍ത്തനങ്ങളും എല്ലാം നിങ്ങള്‍ക്ക് അനുഗ്രഹമായിരിക്കട്ടെ.! നിങ്ങളുടെ അഭിരുചികള്‍ക്കനുസരിച്ചുള്ള കാര്യങ്ങളില്‍ നിങ്ങള്‍ നന്നായി ബന്ധപ്പെടുക. പക്ഷെ, ഇതോടൊപ്പം രാജ്യത്തെ നാശത്തിലേക്ക് വിടുകയില്ലെന്ന് ഉറച്ച തീരുമാനമെടുക്കുകയും അതിന് വേണ്ടി ആത്മാര്‍ത്ഥമായി പരിശ്രമിക്കുകയും ചെയ്യുക. വിശിഷ്യാ, അക്രമം ഇല്ലാതാക്കാനും പരസ്പര ബന്ധം നന്നാക്കാനും ശ്രദ്ധിക്കുക. അക്രമം പടച്ചവന് ഒട്ടും ഇഷ്ടമല്ലെന്നോര്‍ക്കുക. മനുഷ്യന്‍ മനുഷ്യനെ കൊല്ലുന്നത് പടച്ചവന്‍ അധികം നാള്‍ നോക്കി നില്‍ക്കുന്നതല്ല. മനുഷ്യന്‍ പാമ്പിനെ കൊല്ലുന്നതും, വന്യമൃഗം മനുഷ്യനെ അക്രമിക്കുന്നതും മനസ്സിലാക്കാന്‍ കഴിയുന്ന കാര്യമാണ്. എന്നാല്‍ മനുഷ്യന്‍ മനുഷ്യന്‍റെ മേല്‍ പാമ്പായും വന്യമൃഗമായും മാറുന്നത് അല്‍പ്പം പോലും മനസ്സിലാക്കാന്‍ കഴിയാത്ത കാര്യമാണ്. ദൗര്‍ഭാഗ്യവശാല്‍ ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നതിന് ഇന്ന് രാജ്യനിവാസികള്‍ മൊത്തത്തില്‍ വീഴ്ച വരുത്തിയിരിക്കുന്നു. അത് കൊണ്ട് തന്നെ പലതരം അക്രമങ്ങള്‍ ഇവിടെ പെരുകുകയാണ്. പലതിലും നാം മുന്നേറിയെങ്കിലും മാനവികതയിലും പരസ്പര വിശ്വാസത്തിലും സാഹോദര്യത്തിലും വളരെ പിന്നിലായിപ്പോയി. രാഷ്ട്രീയ ശക്തിയും അധികാര നേട്ടവും കരസ്ഥമാക്കാനുള്ള ആഗ്രഹവും എങ്ങിനെയെങ്കിലും വോട്ട് പിടിക്കാനുള്ള ആര്‍ത്തിയും തന്‍റെ ആള്‍ക്കാരെ സന്തോഷിപ്പിക്കാനുള്ള ആവേശവും രാജ്യത്തെ അധോഗതിയിലെത്തിച്ചിരിക്കുന്നു. ഈ കളികള്‍ അധികം നാളുകള്‍ നിലനില്‍ക്കുകയില്ലെന്നും ഇത് മാനവ മഹത്വത്തിനും മനുഷ്യത്വത്തിനും എതിരാണെന്നും നാം മനസ്സിലാക്കുക.
ഈ വിഷയത്തില്‍ നാം ഓരോരുത്തരുടെയും നാടുകളില്‍ നിന്നും പ്രവര്‍ത്തനം ആരംഭിക്കുക. ഒരു ഭാഗത്ത് ഈ പ്രഭാഷണം പോലുള്ള രചനകള്‍ ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുകയും ഈ പ്രവര്‍ത്തനത്തിന് അവരെ പ്രേരിപ്പിക്കുകയും ചെയ്യുക. മറുഭാഗത്ത് നമുക്ക് കഴിയുന്ന നിലയില്‍ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ജാതി-മത വ്യത്യാസമില്ലാതെ പ്രവര്‍ത്തിച്ച് തുടങ്ങുക. ഓരോരുത്തരുടെയും കഴിവനുസരിച്ച് ലഭിക്കുന്ന അവസരങ്ങളെല്ലാം ഇതിന് വേണ്ടി പ്രയോജനപ്പെടുത്തുക. തുടര്‍ന്ന് ഇത് വിളക്കുകളില്‍ നിന്നും വിളക്കുകളായി രാജ്യം മുഴുവന്‍ പ്രകാശിക്കുന്നതാണ്. പടച്ചവന്‍ കാക്കട്ടെ, ഇതിന് നാം തയ്യാറായില്ലെങ്കില്‍ രാജ്യത്തിന്‍റെ അവസ്ഥ കൂടുതല്‍ മോശമാകുന്നതാണ്. Genocide (.............) Communal Riots (.............) Corruption (...............)എന്നീ കുഴപ്പങ്ങള്‍ രാജ്യത്ത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പണം എല്ലാവരുടെയും ആരാധ്യ വസ്തുവായി മാറി. പണത്തിന് വേണ്ടി എന്തും ചെയ്യുന്ന അവസ്ഥ സംജാതമായിരിക്കുന്നു. ഇത് വലിയ വിഷമാണ്. ഇത് സമൂഹത്തെ മുഴുവന്‍ കൊന്ന് കളയും. ഇത്തരമൊരു അവസ്ഥയില്‍ നമ്മുടെ മക്കള്‍ക്ക് സമാധാനത്തോടെ ഒന്നും പഠിക്കാന്‍ സാധിക്കുന്നതല്ല. മര്യാദയ്ക്ക് ജോലി ചെയ്ത് സമ്പാദിക്കാന്‍ കഴിയുന്നതുമല്ല. രാത്രി ഉറക്കവും പകലില്‍ സമാധാനവും ഇല്ലാതാകുന്നതാണ്.
പഴയ കാലത്ത് ഹൈന്ദവരും മുസ്ലിംകളും പരസ്പരം കാണുമ്പോള്‍ വളരെയധികം സന്തോഷിക്കുമായിരുന്നു. ഞങ്ങളുടെ വീടുകളിലേക്ക് കല്ല്യാണത്തിനും മറ്റുമുള്ള ക്ഷണങ്ങളുമായി ഹൈന്ദവ സഹോദരങ്ങള്‍ വന്നിരുന്നതും ഞങ്ങള്‍ അവരെ ക്ഷണിക്കാന്‍ അവരുടെ വീടുകളിലേക്ക് പോയിരുന്നതും പരസ്പരം സുഖ-ദുഃഖങ്ങളില്‍ പങ്കെടുത്ത് ആശംസകളും ആശ്വാസങ്ങളും ആത്മാര്‍ത്ഥമായി നേര്‍ന്നിരുന്നതും നല്ല ഓര്‍മ്മയുണ്ട്. എന്‍റെ ചെറുപ്പത്തില്‍ ഞങ്ങളുടെ പ്രദേശത്ത് വല്ല ആവശ്യങ്ങളും വന്നാല്‍ ജാതി-മത വ്യത്യാസമില്ലാതെ എല്ലാവരും ഒരുമിച്ച് കൂടുകയും നിര്‍വ്വഹിക്കുകയും ചെയ്തിരുന്നു. ആര്‍ക്കെങ്കിലും വല്ല പ്രയാസങ്ങളും പ്രശ്നങ്ങളുമുണ്ടായാല്‍ അത് ആരാണെന്ന് ചോദിക്കാതെ ജനങ്ങള്‍ ഓടി വന്ന് സഹായിക്കുമായിരുന്നു. ലോകം മുഴുവനും മാനവികതയുടെ ഗുണങ്ങളുണ്ടെങ്കിലും ഇന്ത്യാ മഹാരാജ്യം ഇതിലേറ്റം മുമ്പിലായിരുന്നുവെന്ന കാര്യം വളരെ അഭിമാനത്തോടെ സത്യസന്ധമായി അറിയിക്കുകയാണ്. ഞാന്‍ ഏതാണ്ട് ലോകരാജ്യങ്ങള്‍ മുഴുവനും കറങ്ങിയിട്ടുണ്ട്. ബ്രിട്ടണ്‍ പോലുള്ള രാജ്യങ്ങളില്‍ പല പ്രാവശ്യം പോയിട്ടുണ്ട്. പടച്ചവന്‍ എന്നെ അമേരിക്ക, ജര്‍മ്മനി, ബല്‍ജിയം, ഫ്രാന്‍സ്, സ്വിറ്റ്സര്‍ലാന്‍റ്, സ്പെയിന്‍ മുതലായ രാജ്യങ്ങളില്‍ എത്തിച്ചു. ഞാന്‍ നിങ്ങള്‍ക്ക് മുമ്പാകെ സാക്ഷ്യമെന്നോണം പറയട്ടെ, ഇവിടെയെല്ലാം ഭാരതത്തെ ജനങ്ങള്‍ വാഴ്ത്തുന്നതായി എനിക്ക് കേള്‍ക്കാന്‍ സാധിച്ചു. അതിന്‍റെ കാരണം ഈ രാജ്യത്തെയും രാജ്യ നിവാസികളെയും ആത്മാര്‍ത്ഥമായി സ്നേഹിക്കുകയും സേവിക്കുകയും ചെയ്ത മഹാത്മാക്കളാണ്. ഗാന്ധിജി, ജവഹര്‍ലാല്‍ നെഹ്റു, മൗലാനാ അബുല്‍ കലാം ആസാദ് തുടങ്ങിയ ധാരാളം മഹത്തുക്കള്‍ പ്രയാസ-പ്രശ്നങ്ങളൊന്നും വകവെയ്ക്കാതെ സ്വാതന്ത്ര്യ സമരത്തിലേക്ക് എടുത്ത് ചാടുകയും രാജ്യത്ത് നീതിയും ന്യായവും പരോപകാരവും മാനവികതയും വളരുന്നതിന് അവര്‍ പരിശ്രമിക്കുകയും ചെയ്തു. ആദ്യം അവര്‍ രാജ്യത്തിന്‍റെ സ്വാതന്ത്യത്തിന് വേണ്ടി പരിശ്രമിച്ചു. ശേഷം ഈ രാജ്യത്തെ നല്ല നിലയില്‍ മുമ്പോട്ട് കൊണ്ടുപോകുന്നതിന് വേണ്ടി യത്നിച്ചു. ഇന്ന് നാം അവരുടെ പിന്‍ഗാമികളാണ്. മുന്‍ഗാമികളുടെ അത്രയും ത്യാഗം നാം സഹിച്ചില്ലെങ്കിലും അവര്‍ കൈമാറിത്തന്ന മാനവികതയുടെ മഹത്തായ സന്ദേശം നമ്മുടെ വീടുകളില്‍ മക്കളെ കേള്‍പ്പിക്കാനും പ്രദേശങ്ങളില്‍ ജനങ്ങള്‍ക്ക് മനസ്സിലാക്കി കൊടുക്കാനും പരിശ്രമിക്കുക. നമ്മുടെ കഴിവില്‍ പെട്ട നിലയില്‍ അന്തരീക്ഷത്തെ നന്നാക്കാന്‍ യത്നിക്കുക.
വാര്‍ത്താ മാധ്യമങ്ങളുടെ കാര്യം വളരെ സങ്കടകരമാണ്. ഏറ്റവും കൂടുതല്‍ വിഷം പരത്തുന്നത് വാര്‍ത്താ മാധ്യമങ്ങളാണ് എന്ന് ഖേദത്തോട് കൂടി പറയേണ്ടിയിരിക്കുന്നു. മുഴുവന്‍ മാധ്യമങ്ങളും ഏതെങ്കിലും പക്ഷം പിടിക്കുന്നതായും മറ്റുള്ളവരോടുള്ള ശത്രുത വളര്‍ത്തുന്നതായും മാറിപ്പോയി. മനുഷ്യന്‍റെ മനസ്സും മസ്തിഷ്കവും ശാന്തമാവുകയും ശരിയായ ദിശയിലേക്ക് തിരിയുകയും ചെയ്യുന്ന ഒന്നും ആരും എഴുതുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്നില്ല. രക്തം തിളയ്ക്കുകയും വെറുപ്പ് വളരുകയും ചെയ്യുന്ന കാര്യങ്ങള്‍ പ്രചരിപ്പിക്കാനാണ് എല്ലാവര്‍ക്കും ആവേശം. നമുക്ക് ഇത്തരം വാര്‍ത്തകളോട് യാതൊരു താല്പര്യവുമില്ലെന്ന് നാം അവര്‍ക്ക് വ്യക്തമാക്കി കൊടുക്കുകയും ഭൂരിപക്ഷം ജനങ്ങളുടെയും വീക്ഷണം ഇതിലേക്ക് തിരിച്ചുവിടുകയും ചെയ്താല്‍ മാധ്യമങ്ങള്‍ അവരുടെ ശൈലി മാറ്റാന്‍ നിര്‍ബന്ധിതരാകുന്നതാണ്.
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media*
എന്ന വാട്സ്അപ് ഗ്രൂപ്പില്‍
*Group -1*
*Group -2*
അംഗമാവുകയോ ഞങ്ങളുടെ
*ഫേസ്ബുക്*
അല്ലെങ്കില്‍
*ബ്ലോഗ്*
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.
------------------------------
🔹 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന *ഓച്ചിറ ദാറുല്‍ ഉലൂമിനെ* സഹായിക്കുന്നതിന്,
🔹 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന *സയ്യിദ് ഹസനി അക്കാദമി* യുമായുമായി ബന്ധപ്പെടുന്നതിന്,
🔹 *അല്‍ ഹസനാത്ത് ത്രൈമാസിക* വരിക്കാരാകുന്നതിന്
ബന്ധപ്പെടുക: +919961955826
No comments:
Post a Comment