Saturday, January 25, 2020

രാജ്യസ്നേഹികള്‍ രാജ്യത്തെക്കുറിച്ച് ചിന്തിക്കുക.! - മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി


രാജ്യസ്നേഹികള്‍ 
രാജ്യത്തെക്കുറിച്ച് ചിന്തിക്കുക.! 
- മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി 
വിവ; ഹാഫിസ് അബ്ദു ശ്ശകൂർ ഖാസിമി
https://swahabainfo.blogspot.com/2020/01/blog-post_34.html?spref=tw   (1994 ഡിസംബര്‍ 7-ന് ഡല്‍ഹിയിലെ രാംലീല മൈതാനത്ത് കൂടിയ മഹാ സമ്മേളനത്തില്‍ കേന്ദ്ര മന്ത്രിമാരും സംസ്ഥാന മുഖ്യമന്ത്രിമാരും അടങ്ങുന്ന ഒരു മഹാസമ്മേളനത്തില്‍ മൗലാനാ അലീമിയാന്‍ നടത്തിയ പ്രധാന പ്രഭാഷണം.)
ബഹുമാന്യരെ, ഇന്ത്യയുടെ തലസ്ഥാനത്ത് പ്രധാനപ്പെട്ട ഒരു സമയത്ത്, പ്രധാനികളടക്കം ഒരുമിച്ചുകൂടിയ ഈ മഹാസമ്മേളനത്തിന് മുമ്പാകെ ഈ രാജ്യത്തിന്‍റെയും രാജ്യനിവാസികളുടെയും ഭാവിയുമായി ബന്ധപ്പെട്ട വളരെ ഗൗരവമായ ഒരു വിഷയം സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നു. ഇക്കാര്യം നിങ്ങള്‍ ഓരോരുത്തരും ശ്രദ്ധിച്ച് മനസ്സിലാക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്താല്‍ ഈ രാജ്യത്തെ നാശ-നഷ്ടങ്ങളില്‍ നിന്നും മാത്രമല്ല, വംശ നശീകരണത്തില്‍ നിന്നും ആത്മഹത്യയില്‍ നിന്നും രക്ഷിക്കാന്‍ സാധിക്കുന്നതാണ്. 
സഹോദരങ്ങളെ, ഇന്ത്യാ മഹാരാജ്യത്തെ സംബന്ധിച്ചിടത്തോളം സര്‍വ്വലോക പരിപാലകനായ പടച്ച തമ്പുരാന്‍ ധാരാളം തത്വങ്ങളും നിരവധി അനുഗ്രഹങ്ങളും അടങ്ങിയ ഒരു തീരുമാനമാണ് എടുത്തിട്ടുള്ളത്: അതെ, നമ്മുടെ ഈ രാജ്യം വ്യത്യസ്ഥ സമുദായങ്ങളുടെയും വിഭാഗങ്ങളുടെയും മതങ്ങളുടെയും ഭാഷകളുടെയും സംസ്കാരങ്ങളുടെയും കേന്ദ്ര സ്ഥാനമാണ്. ഈ രാജ്യം ഒരു പുഷ്പമല്ല, പല പുഷ്പങ്ങള്‍ നിറഞ്ഞ ഒരു പൂച്ചട്ടിയാണ്. ഈ മഹാ രാജ്യം ഒരു വൃക്ഷമല്ല, ഫലങ്ങള്‍ നിറഞ്ഞ തണല്‍ വിരിച്ച് നില്‍ക്കുന്ന ധാരാളം വൃക്ഷങ്ങളുടെ തോപ്പാണ്. മതങ്ങളുടെയും ഭാഷകളുടെയും സംസ്കാര രീതികളുടെയും ഭിന്നതയോടൊപ്പം തന്നെ ഒരുമിച്ച് കൂടി ജീവിക്കാനും പരസ്പരം ആദരിക്കാനും സഹകരിക്കാനും സാധിക്കുമെന്ന് ലോകത്തിന് പഠിപ്പിച്ച് കൊടുക്കുന്ന ഒരു രാജ്യമാണിത്. മറ്റുള്ളവരുടെ പ്രയാസ-പ്രശ്നങ്ങള്‍ പരിഹരിക്കാനും അക്രമ-അനീതികളെ തടയാനും മര്‍ദ്ദിതരെ സഹായിക്കാനും ലോകത്തിന് വലിയ സന്ദേശം നല്‍കുന്ന മണ്ണാണ് ഭാരതം. ഇത് ഒരിക്കലും അമിത പ്രശംസയോ ഇല്ലാത്ത കാര്യമോ അല്ല. ഇന്ത്യാ മഹാരാജ്യത്തിന്‍റെ സുദീര്‍ഘമായ ചരിത്രത്തില്‍ ഇത്തരം ധാരാളം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതിലൂടെ ഈ രാജ്യം ലോകത്തിന് മുന്നില്‍ പലപ്പോഴും അഭിമാനത്തോടെ ഉയര്‍ന്ന് നില്‍ക്കുകയും ലോകം ഈ രാജ്യത്തെ ആദരിക്കുകയും ചെയ്തു. ഭാരതത്തിന്‍റെ മഹാനായ ഒരു പുത്രന്‍ മൗലാനാ അബുല്‍ കലാം ആസാദ് ഈ രാജ്യത്തെക്കുറിച്ച്  സാധാരണ ഉദ്ധരിക്കുന്ന ഒരു കവിതാ ശകലമുണ്ട്: ഈ പൂന്തോട്ടത്തിന്‍റെ അലങ്കാരം തന്നെ വ്യത്യസ്ഥ നിറങ്ങളും മണങ്ങളുമാണ്. പരസ്പര വ്യത്യാസങ്ങളും അഭിരുചികളും ഈ തോട്ടത്തിന്‍റെ അന്തസ്സാണ്.! 
എന്നാല്‍ ഇന്ന് എന്‍റെ നെഞ്ചില്‍ കൈ വെച്ചുകൊണ്ട് വളരെ സ്നേഹത്തോടെ ഒരു കാര്യം അറിയിക്കട്ടെ: കുറച്ച് കാലമായി രാജ്യത്തിന്‍റെ അവസ്ഥ പൗരാണിക രീതിയില്‍ നിന്നും മാറിക്കൊണ്ടിരിക്കുന്നു. പരസ്പര സ്നേഹാദരവുകളുടെയും സാഹോദര്യ-സഹാനുഭൂതികളുടെയും വിഷയത്തില്‍ ഉദാഹരണമായി ലോകം മുഴുവന്‍ പ്രസിദ്ധിയാര്‍ജ്ജിച്ച ഈ രാജ്യം, വര്‍ഗ്ഗീയ ചേരിതിരിവുകളുടെയും പരസ്പര വിദ്വേഷങ്ങളുടെയും വംശീയ കലാപങ്ങളുടെയും പ്രദേശമായി തിരിയുകയാണ്. ശാരീരികമായിട്ടുള്ള വംശ നശീകരണം ചിലര്‍ വ്യക്തമാക്കുമ്പോള്‍ മതപരമായും സാംസ്കാരികമായും ചില വംശങ്ങളെ നശിപ്പിക്കണം എന്ന പദ്ധതി മറ്റ് ചിലര്‍ വ്യക്തമാക്കിക്കൊണ്ടിരിക്കുന്നു. ഈ രാജ്യത്തിന്‍റെ മഹത്തായ പാരമ്പര്യത്തിന്‍റെ അടിസ്ഥാനത്തില്‍ രാഷ്ട്ര നിര്‍മ്മാതാക്കള്‍ ഈ രാജ്യത്തിന് മൂന്ന് അടിസ്ഥാനങ്ങള്‍ നിര്‍ദ്ദേശിച്ചു: 
🔹 ജനാധിപത്യം 
(ഡമോക്രസി). 
🔹 അഹിംസ 
(നോണ്‍ വയലന്‍സ്). 
🔹 മതേതരത്വം (സെക്യുലറിസം). 
എന്നാല്‍ സാധാരണക്കാരല്ല, പ്രധാനപ്പെട്ട പലരും ഇന്ന് ഇതിനെ തള്ളിപ്പറയുന്നു. ഇതിന് പകരം ഈ രാജ്യത്തിന് തീര്‍ത്തും അന്യമായ നാല് ദൈവങ്ങള്‍ ഇന്ന് പ്രത്യക്ഷപ്പെട്ട് തുടങ്ങിയിരിക്കുന്നു. 
1.കൈയ്യൂക്ക്. 
2. രാഷ്ട്രീയ കൗശലം. 
3. പണം. 
4. വര്‍ഗ്ഗീയത. 
ഇതിന് മുന്നില്‍ തല കുനിക്കാനും ഇവയെ പൊക്കിപ്പിടിച്ച് കാര്യങ്ങള്‍ നടത്താനും പലരും മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നു. ഇത് ഈ രാജ്യത്തിന് അങ്ങേയറ്റം അപകടകരമായ കാര്യമാണ്. 
അതിമഹത്തായ ഒരു ചരിത്രം നിലനില്‍ക്കുന്ന പ്രവിശ്യാലമായ ഒരു ഭൂമിയാണ് ഇന്ത്യ. ഇവിടുത്തെ ഓരോ പ്രദേശവും സ്നേഹ ബഹുമാനങ്ങളുടെ ഗീതം ആലപിക്കുന്നു. കവിത, സാഹിത്യം, വ്യത്യസ്ഥ മതങ്ങളുടെ അദ്ധ്യാപന സന്ദേശങ്ങള്‍, മാതൃകാ വ്യക്തിത്വങ്ങള്‍ എന്നിവയെക്കൊണ്ട് ഈ രാജ്യം വളരെയധികം സമ്പന്നമാണ്. എന്നാല്‍ ഇതേ രാജ്യത്ത് നിസ്സാരമായ പണത്തിന്‍റെ പേരില്‍ ആളുകളെ കൊന്നുകളയുന്നു. എന്തെങ്കിലും സാധന സാമഗ്രികളോ മറ്റോ കൊണ്ടുവരാത്തതിന്‍റെ പേരില്‍ പാവപ്പെട്ട മണവാട്ടികളെ തീയിട്ട് കൊല്ലുന്നു. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി എന്തും അനുവദനീയമായി കാണുന്നു. 
വര്‍ഗ്ഗീയ കലാപങ്ങളില്‍ സാധുക്കളായ സ്ത്രീകളോടും നിരപരാധികളായ കുഞ്ഞുങ്ങളോടും പോലും കരുണ കാട്ടപ്പെടുന്നില്ല. കൊലകളുടെയും അക്രമങ്ങളുടെയും പുതിയ പുതിയ രൂപങ്ങള്‍ പ്രത്യക്ഷപ്പെട്ട് കൊണ്ടിരിക്കുന്നു. 
🔖 ഇതിനേക്കാളെല്ലാം ദു:ഖകരമായ മറ്റൊരു കാര്യം പറയട്ടെ: 
വലിയ വലിയ ആരാധനാലയങ്ങളും വിജ്ഞാന കേന്ദ്രങ്ങളും ആത്മീയ സ്ഥലങ്ങളും നിറഞ്ഞുനില്‍ക്കുന്ന ഈ രാജ്യത്ത് മാനവികതയുടെ സന്ദേശം ഉയര്‍ത്തിപ്പിടിക്കാന്‍ -നാം വ്യത്യസ്ഥ മത വിഭാഗങ്ങളാണെങ്കിലും ഒരു രാജ്യക്കാരാണ്. ഈ രാജ്യത്തിന്‍റെ ഏറ്റവും വലിയ നന്മ നാം പരസ്പരം സാഹോദര്യത്തോടെ കഴിയലാണ്. എന്ന സന്ദേശം പ്രചരിപ്പിക്കുന്ന-ഒരു സംഘം പോലും ഈ രാജ്യത്ത് ഇല്ലാ എന്നുള്ളതാണ്. ഇനി ഉണ്ടെങ്കില്‍ തന്നെ വാര്‍ത്താ മാധ്യമങ്ങളും രാഷ്ട്രീയ-സാമുദായിക നേതൃത്വങ്ങളും അണികളും അവരെ ശ്രദ്ധിക്കേണ്ടതുപോലെ ശ്രദ്ധിക്കുന്നില്ല. യഥാര്‍ത്ഥത്തില്‍ ഇത്തരം ഒരു വിഭാഗമാണ് രാജ്യത്തുണ്ടാകേണ്ടത്. എല്ലാവരും അവര്‍ക്ക് പിന്തുണ നല്‍കലും രാജ്യത്തിന്‍റെ ഏറ്റവും വലിയ ആവശ്യമാണ്. 
🔖 ഒരു കാര്യം ഉണരുക: 
അക്രമങ്ങളും രക്തച്ചൊരിച്ചിലുകളും കൊള്ളകളും കൊലകളും ആര്‍ക്കും അല്‍പ്പവും ഗുണം ചെയ്യില്ല. 
🔖 ചരിത്രം പഠനമാക്കിയ ഒരു വ്യക്തി എന്ന നിലയില്‍ ധൈര്യ സമേതം ഞാന്‍ ഒരു കാര്യം നിങ്ങളെ അറിയിക്കട്ടെ: അക്രമങ്ങള്‍ കാരണം ധാരാളം രാജ്യങ്ങളും സംസ്കാരങ്ങളും സംഘങ്ങളും തകര്‍ന്ന് തരിപ്പണമായിട്ടുണ്ട്. 
കൂട്ടത്തില്‍ ഒരു കാര്യം കൂടി ഉണര്‍ത്തട്ടെ: അറബിയില്‍ ഒരു പഴമൊഴിയുണ്ട്: അഗ്നിക്ക് തിന്നാന്‍ ഒന്നും കിട്ടാതെ വന്നാല്‍ അത് സ്വയം ഭക്ഷിക്കുന്നതാണ്.! അതെ, പണപൂജയും സ്ഥാനമോഹവും വര്‍ഗ്ഗീയതയും കുറച്ച് നാളത്തേക്ക് ചിലര്‍ക്ക് ഗുണപ്പെട്ടേക്കാം. എന്നാല്‍ അടുത്തവരെ എല്ലാം നശിപ്പിച്ച ശേഷം അത് വീടിനുള്ളില്‍ തന്നെ അടുത്ത പരിപാടി ആരംഭിക്കും. പരിസര വീടുകളെ തകര്‍ത്ത ശേഷം സ്വന്തം വീട്ടിലുള്ളവരെ കൊല്ലാന്‍ തുടങ്ങും. വെറുപ്പ് ഒരു മാരക രോഗമാണ്. മറ്റുള്ളവരെ വെറുക്കുന്നവന്‍ പിന്നീട് സ്വന്തം ആളുകളെയും വെറുക്കാന്‍ തുടങ്ങും. 
ചുരുക്കത്തില്‍, ഈ രാജ്യം മുഴുവന്‍ സ്വന്തം നാട്ടുകാരെയും വീട്ടുകാരെയും കൊല്ലുകയും തിന്നുകയും ചെയ്യുന്ന ഭീതിദമായ അവസ്ഥ സംജാതമാക്കിക്കൊണ്ടിരിക്കുന്നു. ആകയാല്‍ പരസ്പര വിദ്വേഷത്തിന്‍റെയും മനുഷ്യ വിരോധത്തിന്‍റെയും പണപൂജയുടെയും അധികാര മോഹത്തിന്‍റെയും രാഷ്ട്രീയ കളികളുടെയും മാരക രോഗത്തെ അതിന്‍റെ തുടക്ക സ്ഥാനത്ത് തന്നെ നിയന്ത്രിച്ച് ഇല്ലാതാക്കാന്‍ നാം പരിശ്രമിക്കുക. പരസ്പര വിശ്വാസത്തിന്‍റെയും സാഹോദര്യത്തിന്‍റെയും അന്തരീക്ഷം രാജ്യത്തുണ്ടാകാനുള്ള പരിശ്രമം വളരെ ആവശ്യമായതിനോടൊപ്പം അത്യന്തം പ്രതിഫലാത്മകവുമാണ്. ഇത് പ്രവര്‍ത്തിക്കാന്‍ വരുന്നവര്‍ ഈ രാജ്യത്തിന്‍റെ സേവകന്മാരും സ്നേഹികളുമാണ്. പടച്ചവന്‍ ഇവര്‍ക്ക് ശക്തി നല്‍കുകയും വിജയം കനിയുകയും ചെയ്യുന്നതാണ്. നാം എല്ലാവരും ഈ വാഹക സംഘത്തില്‍ ഉള്‍പ്പെടാന്‍ പരിശ്രമിക്കുക. പടച്ചവന്‍ അനുഗ്രഹിക്കട്ടെ.! 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media* 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
*Group -1*
*Group -2* 
അംഗമാവുകയോ ഞങ്ങളുടെ 
*ഫേസ്ബുക്* 
അല്ലെങ്കില്‍ 
*ബ്ലോഗ്* 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്. 
------------------------------ 
🔹 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന *ഓച്ചിറ ദാറുല്‍ ഉലൂമിനെ* സഹായിക്കുന്നതിന്, 
🔹 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന *സയ്യിദ് ഹസനി അക്കാദമി* യുമായുമായി ബന്ധപ്പെടുന്നതിന്, 
🔹 *അല്‍ ഹസനാത്ത് ത്രൈമാസിക* വരിക്കാരാകുന്നതിന് 
ബന്ധപ്പെടുക: +919961955826 
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*🌱

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...