Saturday, January 25, 2020

രാജ്യം നമ്മുടേത്, രാജ്യ നന്മയ്ക്കായി ഒത്തൊരുമിച്ച് പരിശ്രമിക്കുക.! - മൗലാനാ സയ്യിദ് അര്‍ഷദ് മദനി


രാജ്യം നമ്മുടേത്, 
രാജ്യ നന്മയ്ക്കായി ഒത്തൊരുമിച്ച് പരിശ്രമിക്കുക.! 
- മൗലാനാ സയ്യിദ് അര്‍ഷദ് മദനി
(പ്രസിഡന്‍റ് ജംഇയ്യത്ത് ഉലമാ എ ഹിന്ദ്) 
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
https://swahabainfo.blogspot.com/2020/01/blog-post_12.html?spref=tw  ഇന്ത്യാ മഹാരാജ്യം അതിമഹത്തായ പാരമ്പര്യമുള്ള ഒരു രാജ്യമാണ്. ഈ പാരമ്പര്യത്തിന്‍റെ പൊന്‍തൂവല്‍ നാനാതത്വത്തില്‍ ഏകത്വമെന്നതാണ്. വ്യത്യസ്ത മതങ്ങളും ജാതികളും ഭാഷകളും വിഭാഗങ്ങളും ഇന്ത്യയെന്ന കുടക്കീഴില്‍ ഒത്തൊരുമിച്ച് നില്‍ക്കുന്നു എന്നുള്ളത് ഈ രാജ്യം ലോകത്തിന് നല്‍കുന്ന അഭിമാനകരമായ സന്ദേശമാണ്. ഈ ഒരു അവസ്ഥ നിലനില്‍ക്കുന്നതില്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങളും നേതാക്കളും പങ്കാളികളാണെങ്കിലും ഇതിന് ഏറ്റവും വലിയ പങ്ക് വഹിച്ചത് മുസ്ലിം പണ്ഡിതന്മാരാണ് എന്നതില്‍ ഒരു വസ്തുത മാത്രമാണ്. രാജ്യത്ത് സാഹോദര്യത്തിന്‍റെയും സഹകരണത്തിന്‍റെയും പരസ്പര വിശ്വാസ ആദരവുകളുടെയും അന്തരീക്ഷം നിലനിര്‍ത്താന്‍ ഇവര്‍ നിശബ്ദമായി നിരന്തരം പരിശ്രമിച്ചിരുന്നു. ഇതിനെതിരില്‍ ഉണ്ടാകുന്ന നീക്കങ്ങളെ ഇവര്‍ ശക്തമായി നേരിട്ടിരുന്നു. സ്വന്തം സമുദായ അംഗങ്ങളായ അധികാരികളും വ്യക്തികളും അക്രമത്തിന്‍റെ മാര്‍ഗ്ഗം സ്വീകരിച്ചപ്പോള്‍ പോലും ഇവര്‍ ശക്തമായി പ്രതികരിക്കുകയും തല്‍ഫലമായി അധികാരികള്‍ക്കും നേതാക്കള്‍ക്കും തെറ്റ് തിരുത്തുകയോ അധികാരം നേതൃത്വങ്ങള്‍ ഉപേക്ഷിക്കുകയോ ചെയ്യേണ്ട സന്ദര്‍ഭങ്ങളും ധാരാളമായി സംഭവിച്ചിട്ടുണ്ട്. 
ഇത്തരം ഒരു അവസ്ഥയ്ക്ക് ഇടയിലാണ് ബ്രിട്ടീഷുകാര്‍ കടന്നുവന്നത്. രാജ്യ നിവാസികളുടെ അലസതകള്‍ മുതലെടുത്ത് അവര്‍ അധികാരികള്‍ ആവുകയും ചെയ്തു. എന്നാല്‍ ബ്രിട്ടീഷുകാര്‍ അധികാരികള്‍ ആയപ്പോള്‍ അവര്‍ ബ്രിട്ടീഷുകാര്‍ ആണ് എന്നതിന്‍റെ പേരില്‍ മാത്രം പണ്ഡിതര്‍ക്ക് യാതൊരു എതിര്‍പ്പും ഇല്ലായിരുന്നു. പക്ഷേ, അവര്‍ പലതരം അക്രമങ്ങള്‍ കാട്ടുകയും മറ്റുപലതിനും പദ്ധതി ഇട്ടതായി മനസ്സിലാക്കുകയും ചെയ്തപ്പോള്‍ അവര്‍ക്കെതിരില്‍ പണ്ഡിതന്മാര്‍ ശബ്ദിച്ചു. അവരുടെ അക്രമങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്, ഭിന്നിപ്പിച്ച് ഭരിക്കലും ഓരോ വിഭാഗത്തില്‍ നിന്നും കപടന്മാരെ അടര്‍ത്തിയെടുത്ത് അവര്‍ക്കെതിരില്‍ ഉപയോഗിക്കലും. ഇത്തരം അക്രമങ്ങള്‍ ആദ്യമായി മനസ്സിലാക്കി മുന്നറിയിപ്പ് നില്‍കിയ വ്യക്തിത്വമാണ് ശാഹ് വലിയുല്ലാഹി ദഹ്ലവി. ഇദ്ദേഹത്തിന്‍റെ മഹത്തുക്കളായ മക്കളും ശിഷ്യരും ഇദ്ദേഹത്തിന്‍റെ വഴിയിലൂടെ തന്നെ സഞ്ചരിച്ചു. വിശിഷ്യാ മഹാ പണ്ഡിതനായ ശാഹ് അബ്ദുല്‍ അസീസ് ദഹ്ലവി ബ്രിട്ടീഷുകാര്‍ക്കെതിരില്‍ ആഹ്വാനം ചെയ്തു. തല്‍ഫലമായി അദ്ദേഹത്തിന്‍റെ പ്രധാന ശിഷ്യന്‍ സയ്യിദ് അഹ്മദ് ശഹീദും കൂട്ടരും ധാരാളം പോരാട്ടങ്ങള്‍ നടത്തി. ബാഹ്യമായി ഇവ വിജയം വരിച്ചില്ലെങ്കിലും പിന്‍ഗാമികള്‍ ഇതേ വഴിയിലൂടെ സഞ്ചരിച്ചു. 
തല്‍ഫലമായി ഉണ്ടായിത്തീര്‍ന്ന ഒരു സ്വാതന്ത്ര്യ സമരമാണ് 1857-ല്‍ നടന്ന സ്വാതന്ത്ര്യ സമരം. മുസ്ലിംകളും ഹൈന്ദവരും ഈ പോരാട്ടത്തില്‍ പങ്കെടുത്തെങ്കിലും വിജയം വരിക്കാന്‍ കഴിഞ്ഞില്ല. പ്രതികാര ദാഹം നിറഞ്ഞ ബ്രിട്ടീഷുകാര്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരില്‍ മൃഗീയമായ നടപടി സ്വീകരിച്ചു. പ്രത്യേകിച്ചും മുസ്ലിം പണ്ഡിതരെ കൂട്ടമായി വധിച്ചു. ഡല്‍ഹിയില്‍ മാത്രം മുപ്പത്തി അയ്യായിരം പണ്ഡിതരെ വധിക്കുകയുണ്ടായി. ഇതിനെത്തുടര്‍ന്ന് വളരെയധികം വേദനാജനകമായ അവസ്ഥാവിശേഷങ്ങള്‍ സംജാതമായി. സ്വാതന്ത്ര്യ സമര പോരാളികളുടെ അനാഥരും അഗതികളുമായ സന്താനങ്ങളെ വിദ്യാഭ്യാസമെന്ന പേരില്‍ ബ്രിട്ടീഷ് വല്‍ക്കരിക്കുകയും രാജ്യ ദ്രോഹികളാക്കുകയും ചെയ്യുന്ന അവസ്ഥയായിരുന്നു ഇതില്‍ ഏറ്റവും ഗുരുതരമായത്. ഇത്തരുണത്തില്‍ പണ്ഡിതന്മാര്‍ പരസ്പരം കൂടിയാലോചിച്ച് മഹത്തായ മദ്റസാ പ്രസ്ഥാനം ശക്തമാക്കി. 
ഇതിന്‍റെ അടിസ്ഥാനത്തില്‍ ദാറുല്‍ ഉലൂം ദേവ്ബന്ദും ഇതര മദ്റസകളും സ്ഥാപിതമായി. ഈ സ്ഥാപനങ്ങള്‍ സമുദായത്തോട് പറഞ്ഞു: നിങ്ങളുടെ മക്കളെ ഞങ്ങളെ ഏല്‍പ്പിക്കുക. ഞങ്ങള്‍ ഇവര്‍ക്ക് ആഹാരവും വസ്ത്രവും നല്‍കുകയും വിജ്ഞാനം പകരുകയും ഉത്തമ രാഷ്ട്ര പൗരന്മാരായി വളര്‍ത്തുകയും ചെയ്യാം. പടച്ചവന്‍റെ  അനുഗ്രഹത്താല്‍ ഈ മഹത്തുക്കള്‍ വിജയം വരിച്ചു. ബ്രിട്ടീഷുകാര്‍ സൗജന്യമായി ഇന്ത്യന്‍ മക്കളെ പഠിപ്പിക്കുന്നു എന്ന് പറഞ്ഞ് അവരെ ബ്രിട്ടീഷിന്‍റെ അടിമകള്‍ ആക്കുകയും രാജ്യത്തെ കൊള്ളയടിക്കുകയും ചെയ്തു. സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യത്തിന്‍റെ ഉടമകളായ ബ്രിട്ടീഷുകാരുടെ പക്കല്‍ സമ്പത്തും അധികാരവും ഉണ്ടായിരുന്നു. പക്ഷേ, മദ്റസകള്‍ സ്ഥാപിക്കുകയും മുമ്പോട്ട് കൊണ്ടുപോവുകയും ചെയ്ത മഹത്തുക്കള്‍ സാധുക്കളും നിര്‍ദ്ദനരുമായിരുന്നു. ഇവരുടെ പക്കല്‍ രാവിലെ ആഹാരം ഉണ്ടെങ്കില്‍ വൈകുന്നേരം ആഹാരമില്ല. വൈകുന്നേരം ആഹാരമുണ്ടെങ്കില്‍ രാവിലെ ആഹാരമില്ല. 150 വര്‍ഷത്തെ ചരിത്രത്തിലേക്ക് നോക്കൂ. ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നിന്നും യാത്രയായി. പക്ഷേ, മദ്റസകള്‍ ഇന്നും നിലനില്‍ക്കുന്നു. ഈ പണ്ഡിതര്‍ പടച്ചവനില്‍ എല്ലാം ഭരമേല്‍പ്പിച്ച് കൊണ്ട് പൊതുജനങ്ങളോട് പറഞ്ഞു: രാജ്യത്തിന് ഉത്തമ പൗരന്മാരെ വാര്‍ത്തെടുക്കുന്നതിന് നിങ്ങള്‍ ഈ മദ്റസകളെ സഹായിക്കുക. നിങ്ങളുടെ സന്താനങ്ങളെ ഇതുമായി ബന്ധിപ്പിച്ച് കൊണ്ടോ നിങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്തുകൊണ്ടോ ഈ സ്ഥാപനങ്ങളുമായി ബന്ധപ്പെടുക. ജനങ്ങള്‍ ബന്ധപ്പെട്ടു. ഈ സ്ഥാപനങ്ങള്‍ വളരുകയും നിലനില്‍ക്കുകയും ചെയ്തു. 
ഈ സ്ഥാപനങ്ങളില്‍ നിന്നും സമുന്നതരായ പൗരന്മാരും സ്വാതന്ത്ര്യ സമര നായകരും ഉദിച്ചുയര്‍ന്നു. ഇതിലെ പ്രധാനപ്പെട്ട ഒരു വ്യക്തിത്വമാണ് ദാറുല്‍ ഉലൂം ദേവ്ബന്ദിലെ പ്രഥമ വിദ്യാര്‍ത്ഥിയും ശൈഖുല്‍ ഹിന്ദ് എന്ന നാമത്തില്‍ ഭാരതീയര്‍ മുഴുവന്‍ ആദരിക്കുകയും ചെയ്ത മൗലാനാ മഹ്മൂദുല്‍ ഹസന്‍. ഇദ്ദേഹം ശക്തമായ നിലയില്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കുക മാത്രമല്ല, പട്ട് തൂവാല പ്രസ്ഥാനം എന്ന പേരില്‍ ചരിത്രത്തില്‍ അറിയപ്പെടുന്ന സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നല്‍കുകയും ചെയ്തു. ഈ വഴിയില്‍ വിദൂരത്തുള്ള മാള്‍ട്ടാ ജയിലില്‍ വര്‍ഷങ്ങള്‍ തടവറയില്‍ കഴിഞ്ഞു. ഇതിനിടയില്‍ 1919-ല്‍ ഇദ്ദേഹത്തിന്‍റെ ശിഷ്യര്‍ ജംഇയത്ത് ഉലമാ എ ഹിന്ദ് എന്ന പേരില്‍ ഒരു ബഹുജന പ്രസ്ഥാനം ആരംഭിച്ചു. തുടര്‍ന്ന് പണ്ഡിത മഹത്തുക്കള്‍ ഒരു ഭാഗത്ത് ഏതെങ്കിലും മദ്റസകളുമായി ബന്ധപ്പെട്ട് വൈജ്ഞാനിക സംസ്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും മറുഭാഗത്ത് ജംഇയത്ത് ഉലമാ എ ഹിന്ദ് വഴി സ്വാതന്ത്ര്യ സമരത്തിലും സാമൂഹിക സേവനങ്ങളിലും സജീവമാവുകയും ഇതര സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളുമായി സഹകരിക്കുകയും ചെയ്തു. വിശിഷ്യാ സ്വാതന്ത്ര്യ സമരത്തില്‍ സജീവമാകാതെ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ മാത്രം ബന്ധപ്പെട്ട് കഴിഞ്ഞിരുന്ന ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിനെ സ്വാതന്ത്ര്യ സമരത്തിലേക്ക് പിടിച്ചിറക്കിയതും മഹാത്മാ ഗാന്ധിയെ മുന്നില്‍ നിര്‍ത്തിയതും ജംഇയത്ത് ഉലമാ എ ഹിന്ദാണ്. സ്വാതന്ത്ര്യ സമരം ശക്തമായി മുന്നോട്ട് നീങ്ങുകയും സ്വാതന്ത്ര്യത്തിന്‍റെ അടയാളങ്ങള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങുകയും ചെയ്തപ്പോള്‍ ദൗര്‍ഭാഗ്യവശാല്‍ ഇവിടെ രണ്ട് ശബ്ദങ്ങള്‍ ഉയര്‍ന്നു. ഒരു കൂട്ടം ദ്വിരാഷ്ട്ര വാദവും മറ്റൊരു കൂട്ടര്‍ ഹിന്ദു രാഷ്ട്ര വാദവും ഉയര്‍ത്തി. ജംഇയത്ത് ഉലമാ എ ഹിന്ദ് ഈ രണ്ട് വാദങ്ങളെയും ശക്തിയുക്തം എതിര്‍ത്തു. ദ്വിരാഷ്ട്ര വാദം  ഉയര്‍ത്തിയവര്‍ ജംഇയത്ത് നേതാക്കളായ ഞങ്ങളുടെ പൂര്‍വ്വികന്മാരെ അങ്ങേയറ്റം നിന്ദിക്കുകയും അവരുടെ തൊപ്പിയും തലപ്പാവും വലിച്ച് കീറുകയും ചവിട്ടിത്തേക്കുകയും ചെയ്തു. പക്ഷേ, ആ മഹത്തുക്കള്‍ അവരുടെ നിലപാടില്‍ ഉറച്ച് നിന്നു. ഇന്നും അതില്‍ തന്നെ  ഉറച്ച് നില്‍ക്കുന്നു. വിഭചനം സംഭവിച്ചു, ലക്ഷങ്ങള്‍ മരിച്ചു. പക്ഷേ, ആ രാജ്യം ഇസ്ലാമിക രാജ്യമാകുന്നത് പോകട്ടെ, വ്യക്തമായ ഒരു തീരുമാനവും ഇല്ലാതെ വിവിധ പ്രയാസങ്ങളിലും പ്രശ്നങ്ങളിലും കഴിയുന്നു. അതെ, അക്രമങ്ങളിലൂടെയും മുന്‍ഗാമികള്‍ ലക്ഷ്യം വെച്ച കാര്യങ്ങള്‍ക്ക് വിരുദ്ധമായും നീങ്ങുന്നതിലൂടെ ഒരു ഗുണവും ഉണ്ടാകുന്നതല്ല എന്നതിന്‍റെ പ്രത്യക്ഷ ഉദാഹരണമാണിത്. 
കൂട്ടത്തില്‍ ഹിന്ദു രാഷ്ട്ര വാദം ഉയര്‍ത്തിയവര്‍ക്കെതിരിലും ജംഇയത്ത് ഉലമാ എ ഹിന്ദ് ശക്തമായി നിലകൊണ്ടു. ഇവിടെ ഒരു കാര്യം മനസ്സിലാക്കുക: ഹൈന്ദവ സഹോദരങ്ങള്‍ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിലും ഭരണം നടത്തുന്നതിലും ഞങ്ങള്‍ക്ക് യാതൊരു എതിര്‍പ്പുമില്ല. ശൈഖുല്‍ ഹിന്ദ് അഫ്ഗാനിസ്ഥാന്‍ കേന്ദ്രമായി സ്ഥാപിച്ച ഭാരതത്തിലെ പ്രഥമ സ്വതന്ത്ര ഭരണകൂടത്തിലെ പ്രധാനമന്ത്രി ഹൈന്ദവനായിരുന്നു. ഗാന്ധിജിയെ സ്വാതന്ത്ര്യ സമരത്തില്‍ മുമ്പില്‍ നിര്‍ത്തിയത് മുസ്ലിംകളാണ്. സ്വാതന്ത്ര്യത്തിന് ശേഷം മാറിമാറിവന്ന കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളിലെ ഹൈന്ദവ സഹോദരങ്ങളെ ഞങ്ങള്‍ എന്നും ആദരിച്ചിട്ടുണ്ട്. ഹിന്ദു മതത്തെയും ആരാധന-ആചാരങ്ങളെയും ഞങ്ങള്‍ ഒരിക്കലും നിന്ദിക്കുന്നില്ല. പ്രത്യുത സനാതന ധര്‍മ്മം പഠിപ്പിക്കുന്ന ഇസ്ലാമിനോട് യോജിക്കുന്ന കാര്യങ്ങളെ ഞങ്ങളും അംഗീകരിക്കുന്നു. ഹൈന്ദവരുടെയും ഇതര മതസ്ഥരുടെയും സുഖ ദു:ഖങ്ങളില്‍ പങ്കെടുക്കണമെന്നതും ആശംസകളും ആശ്വാസങ്ങളും നല്‍കണമെന്നതും ഞങ്ങളുടെ പ്രധാന സന്ദേശമാണ്. നാം പല മതങ്ങളിലും വിഭാഗങ്ങളിലും പെട്ടവരാണെങ്കിലും ഇന്ത്യക്കാരാണ് എന്ന നിലയില്‍ പരസ്പരം വിശ്വാസത്തിലും സഹകരണത്തിലും കഴിയണം എന്നത് ജംഇയത്തിന്‍റെ പ്രധാന വീക്ഷണമാണ്. ഏക് ജിഹത്തി എന്ന പേരില്‍ വിവിധ പ്രവര്‍ത്തനങ്ങളും സമ്മേളനങ്ങളും ഇതിനുവേണ്ടി ജംഇയത്ത് നടത്തിക്കൊണ്ടുമിരിക്കുന്നു. ജംഇയത്ത് എതിര്‍ക്കുന്ന ഹിന്ദു രാഷ്ട്രം ഹൈന്ദവരല്ലാത്ത ആര്‍ക്കും യാതൊരുവിധ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും നല്‍കപ്പെടാത്തതും മതപരമായ പീഢനങ്ങളും വിവേചനങ്ങളും നിറഞ്ഞതുമായ ഒരു  രാഷ്ട്ര സങ്കല്‍പ്പത്തെയാണ്. അക്രമവും അനീതിയും നിറഞ്ഞ ഈ കാഴ്ച്ചപ്പാടിനെ ഹിന്ദു രാഷ്ട്രം എന്ന പേരില്‍ അനുസ്മരിക്കുന്നത് പോലും ലജ്ജാവഹമാണ്. എന്താണെങ്കിലും രാജ്യത്തിന്‍റെ മഹത്തായ  പാരമ്പര്യത്തിനും സ്വാതന്ത്ര്യ സമര സേനാനികളുടെ ലക്ഷ്യത്തിനും തീര്‍ത്തും എതിരായ ഇത്തരം ഹിന്ദു രാഷ്ട്ര വാദത്തെയും ജംഇയത്ത് ശക്തമായി എതിര്‍ത്തു. കോണ്‍ഗ്രസ്സ് സമ്മേളനങ്ങളില്‍ പരസ്യമായും നേതാക്കളോട് പ്രത്യേകിച്ചും ഈ വാദത്തിന് കൂട്ട് നില്‍ക്കരുതെന്ന് ഉണര്‍ത്തുകയും ഈ രാജ്യം മതേതരത്വ രാജ്യമായി മുന്നോട്ട് നീങ്ങുന്നതിന് ശക്തമായി നിലയുറപ്പിക്കണമെന്നും ജംഇയത്ത് ഉലമാ എ ഹിന്ദ് ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ അംഗീകരിച്ചു എന്നതിന് കോണ്‍ഗ്രസ്സ് സമ്മേളനങ്ങളുടെ വിവിധ പ്രമേയങ്ങള്‍ സാക്ഷിയാണ്. 
അവസാനം ത്യാഗപൂര്‍ണ്ണമായ പരിശ്രമങ്ങളുടെ പരമ്പരകള്‍ക്ക് ശേഷം രാജ്യം സ്വതന്ത്രമായി. പക്ഷേ, ഒന്നാം വാദക്കാര്‍ കാരണം വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചു. എങ്കിലും ജംഇയത്ത് ഉലമാ എ ഹിന്ദ് രാജ്യ നിവാസികളോട് പൊതുവിലും മുസ്ലിംകളോട് പ്രത്യേകിച്ചും നാം പോരാടിയത് വിഭചനത്തിനുവേണ്ടി അല്ലായിരുന്നുവെന്നും എല്ലാവരും അവരവരുടെ നാടുകളിലും വീടുകളിലും ഉറച്ച് നില്‍ക്കുകയും സാഹോദര്യത്തോടെ ജീവിക്കുകയും ചെയ്യുക എന്നും ആഹ്വാനം ചെയ്തു. തുടര്‍ന്ന് ഭണണാധികാരികളോട് രാജ്യത്തിന്‍റെ പൈതൃകം കാത്ത് സൂക്ഷിക്കണമെന്ന് നിരന്തരം ഉണര്‍ത്തി. ഭരണഘടന തയ്യാറാക്കപ്പെടുന്ന സന്ദര്‍ഭത്തില്‍ ഈ കാര്യം ശക്തിയുക്തം ഉണര്‍ത്തി. പടച്ചവന്‍റെ അനുഗ്രഹത്താല്‍ വളരെയധികം മാതൃകാപരമായ ഒരു ഭരണഘടന നിലവില്‍ വന്നു. ഭരണാധികാരികള്‍ ഭൂരിഭാഗവും മാന്യമാന്മാരുമായിരുന്നു. പക്ഷേ, രണ്ടാം വിഭാഗം അക്രമങ്ങളുടെ പരമ്പര ആരംഭിച്ചു. ഭരണകൂടത്തിലെ ചില വ്യക്തികളും നിയമപാലകരും അവര്‍ക്ക് പരസ്യമായും രഹസ്യമായും പിന്തുണയും നല്‍കി. രാജ്യത്തെ പ്രധാനപ്പെട്ട പട്ടണങ്ങളില്‍ എല്ലാം വര്‍ഗ്ഗീയ കലാപങ്ങള്‍ അരങ്ങേറുകയും ആയിരക്കണക്കിന് ഭാരതീയര്‍ കൊല്ലപ്പെടുകയും രാഷ്ട്രത്തിന്‍റെ കൂടി സമ്പത്തായ ധാരാളം സമ്പത്തുകള്‍ തകര്‍ക്കപ്പെടുകയും ചെയ്തു. പക്ഷേ, വര്‍ഗ്ഗീയത ഒരു വല്ലാത്ത ഭ്രാന്തും ആര്‍ത്തിയുമാണ്. എന്ത് കിട്ടിയാലും എത്ര ലഭിച്ചാലും അതിന് മതിവരുകയില്ല. രാജ്യത്തിന് മുഴുവന്‍ നാണക്കേടുകള്‍ ഉണ്ടാക്കിയിട്ടും കലാപങ്ങള്‍ തുടര്‍ന്നു. മാധ്യമങ്ങള്‍ ഇതിന്‍റെ വാര്‍ത്തകളെ മൂടിവെക്കുക മാത്രമല്ല, പലപ്പോഴും എരിതീയില്‍ എണ്ണ ഒഴിച്ചുകൊണ്ടിരുന്നു. 
അവസാനം ഗുജറാത്തില്‍ കുപ്രസിദ്ധമായ വര്‍ഗ്ഗീയ കലാപം നടന്നു. അതിന്‍റെ പൈശാചികത മൂടിവെക്കാന്‍ പരിശ്രമങ്ങള്‍ നടന്നുവെങ്കിലും ലോകം മുഴുവന്‍ അതിന്‍റെ വാര്‍ത്തകള്‍ പരന്നു. ഇത്തരുണത്തില്‍ വര്‍ഗ്ഗീയ വാദികള്‍ പുതിയ മറ്റുപല ശൈലികളും ഉപയോഗിച്ച് തുടങ്ങി. കള്ളക്കേസുകള്‍ ഉണ്ടാക്കി ധാരാളം സാധുക്കളെ ജയിലില്‍ അടച്ചു. ഘര്‍വാപ്പസി എന്ന പേരില്‍ നിര്‍ബന്ധ മതപരിവര്‍ത്തനത്തിന് പരിശ്രമങ്ങള്‍ നടത്തി. ജനങ്ങള്‍ക്കിടയില്‍ വര്‍ഗ്ഗീയവാദങ്ങള്‍ ശക്തമാക്കി. ഇതിനിടയില്‍ കേന്ദ്ര ഭരണം കരസ്ഥമാക്കിയ ഇവര്‍ക്ക് ബോധം തന്നെ നഷ്ടപ്പെട്ടു. രാജ്യത്ത് വിവിധ പ്രശ്നങ്ങള്‍ നിലനില്‍ക്കുകയാണ്. അന്നത്തിന്‍റെ അടിസ്ഥാനമായ കര്‍ഷകര്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുന്നു. ചെറുപ്പക്കാര്‍ ജോലിയില്ലാതെ നട്ടം തിരിയുന്നു. സാമ്പത്തിക രംഗം വളരെ അസമത്വത്തിലും അപകട ഭീഷണിയിലുമാണ്. സ്ത്രീകളും കുട്ടികളും നിരന്തരം ക്രൂരമായി അക്രമിക്കപ്പെടുന്നു. പക്ഷേ, ഭരണകൂടം ഇതൊന്നും ശ്രദ്ധിക്കാതെ വിവിധങ്ങളായ വര്‍ഗ്ഗീയ അജണ്ടകളുമായി മുമ്പോട്ട് നീങ്ങുകയാണ്. എന്നാല്‍ ഒരു കാര്യം മനസ്സിലാക്കുക: വര്‍ഗ്ഗീയതകളുടെ കളവുകളുമായി എന്നുമെന്നും ഒരു ഭരണകൂടത്തിനും നിലനില്‍ക്കുക സാധ്യമല്ല. വിശിഷ്യാ ഭാരതത്തിന്‍റെ മണ്ണില്‍ വര്‍ഗ്ഗീയതയുടെ വേര് ഒരിക്കലും ഉറയ്ക്കുന്നതല്ല.    
അവസാനമായി ഒരു കാര്യം കൂടി അറിയിക്കട്ടെ: ഈ അന്ധകാരത്തിനിടയിലും പ്രതീക്ഷയുടെ ധാരാളം കിരണങ്ങളും കാണപ്പെടുന്നുണ്ട്. ഘര്‍വാപ്പസി വലിയൊരു പരിപാടിയായി കൊണ്ടുവന്നെങ്കിലും അത് ഈ രാജ്യത്ത് ഒരു മാസം പോലും പിടിച്ചുനിന്നില്ല. ഇവിടുത്തെ ഭൂരിപക്ഷം വര്‍ഗ്ഗീയ വാദികള്‍ അല്ലായെന്ന് ഇത് അറിയിക്കുന്നു. ഭൂരിപക്ഷം വര്‍ഗ്ഗീയവാദികള്‍ ആയിരുന്നുവെങ്കില്‍ ഇത് ഒരു അഗ്നിയായി രാജ്യത്ത് ആളിപ്പടരുമായിരുന്നു. ന്യൂനപക്ഷ മതസ്ഥര്‍ക്ക് വോട്ട് നിഷേധിക്കുന്ന വാദം വന്നു. പക്ഷേ, വാദം ഉന്നയിച്ചവര്‍ തന്നെ മാളത്തില്‍ ഒളിച്ചു. രാജ്യം അത് സ്വീകരിച്ചില്ല. വര്‍ഗ്ഗീയ വാദത്തിന്‍റെ പേരില്‍ നിരപരാധികളായ അഖ്ലാഖിനെപ്പോലെയുള്ള ഏതാനും സാധുക്കളെ നിഷ്ഠൂരമായി അക്രമികള്‍ വധിച്ചു. എന്നാല്‍ അതിനെത്തുടര്‍ന്ന് രാജ്യം മുഴുവന്‍ അമുസ്ലിം സഹോദരങ്ങളും ശബ്ദമുയര്‍ത്തി. നിരവധി ബുദ്ധിജീവികള്‍ അവരുടെ അവാര്‍ഡുകള്‍ തിരിച്ചുനല്‍കി. ഇപ്പോള്‍ രാജ്യത്തുള്ള ജനങ്ങള്‍ എല്ലാവരും ഇന്ന് ഭരിക്കുന്നവര്‍ക്ക് വോട്ട് നല്‍കിയല്ലോ എന്ന് ദു:ഖിച്ച് കഴിയുകയാണ്. എന്താണെങ്കിലും രാജ്യത്തിന്‍റെ വിവിധ കോണുകളില്‍ നിന്നും ഇടയ്ക്കിടെ ഉയരുന്ന ഈ സുന്ദര ചിത്രങ്ങള്‍ വലിയ പ്രതീക്ഷയും പ്രത്യാശയും പകര്‍ന്ന് തരുന്നുണ്ട്. 
ചുരുക്കത്തില്‍ ഈ രാജ്യത്തിന്‍റെ മഹത്തായ പാരമ്പര്യം കൂടിയായ മാനവികതയെ നാം ഓരോരുത്തരും മുറുകെ പിടിക്കുക. വര്‍ഗ്ഗീയതയുടെ തീ ജ്വാലയെ വര്‍ഗ്ഗീയത കൊണ്ട് ഒരിക്കലും അണയ്ക്കാന്‍ സാധിക്കുകയില്ല. അതിലൂടെ വര്‍ഗ്ഗീയതയും അക്രമങ്ങളും ശക്തി പ്രാപിക്കുന്നതാണ്. മറിച്ച് വര്‍ഗ്ഗീയതയെ മാനവികതയുടെ തീര്‍ത്ത ജലംകൊണ്ട് അണയ്ക്കാന്‍ നാം മുന്നിട്ട് ഇറങ്ങുക. ഇതാണ് ജംഇയ്യത്ത് ഉലമാ എ ഹിന്ദിന്‍റെ പ്രധാനപ്പെട്ട ഒരു സന്ദേശം. ജനങ്ങള്‍ക്കെല്ലാവര്‍ക്കും ജംഇയ്യത്തിന്‍റെ ഭാഗത്തുനിന്നും ആശംസ നേരുകയും എല്ലാവരുടെയും നന്മയ്ക്കായി പടച്ചവനോട് പ്രാര്‍ത്ഥിക്കുകയും ചെയ്തുകൊണ്ട് ഉപസംഹരിക്കുന്നു. പടച്ചവന്‍ അനുഗ്രഹിക്കട്ടെ.! 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media* 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
*Group -1*
*Group -2* 
അംഗമാവുകയോ ഞങ്ങളുടെ 
*ഫേസ്ബുക്* 
അല്ലെങ്കില്‍ 
*ബ്ലോഗ്* 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്. 
------------------------------ 
🔹 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന *ഓച്ചിറ ദാറുല്‍ ഉലൂമിനെ* സഹായിക്കുന്നതിന്, 
🔹 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന *സയ്യിദ് ഹസനി അക്കാദമി* യുമായുമായി ബന്ധപ്പെടുന്നതിന്, 
🔹 *അല്‍ ഹസനാത്ത് ത്രൈമാസിക* വരിക്കാരാകുന്നതിന് 
ബന്ധപ്പെടുക: +919961955826 
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*🌱

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...