Tuesday, January 21, 2020

മുസ് ലിം ഉമ്മത്ത്: പ്രശ്നവും പരിഹാരമാര്‍ഗ്ഗവും.! - മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി


മുസ് ലിം ഉമ്മത്ത്: 
പ്രശ്നവും പരിഹാരമാര്‍ഗ്ഗവും.! 
- മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി 
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി

"വാക്കുകള്‍ ശ്രദ്ധിച്ചു കേള്‍ക്കുകയും എന്നിട്ട് അതില്‍ ഉല്‍കൃഷ്ടമായതിനെ പിന്തുടരുകയും ചെയ്യുന്നതാരോ അവര്‍ക്കാണ് അല്ലാഹു മാര്‍ഗ്ഗദര്‍ശനം നല്‍കുന്നത്. അവര്‍ തന്നെയാണ് ബുദ്ധിജീവികള്‍" (സുമര്‍: 18) 
"പറയുക; സ്വന്തം ആത്മാക്കളോട് അതിക്രമം കാണിച്ച എന്‍റെ ദാസരേ, അല്ലാഹുവിന്‍റെ അനുഗ്രഹത്തെക്കുറിച്ച് ഇഛാഭംഗപ്പെടാതിരിപ്പിന്‍. അല്ലാഹു മുഴുവന്‍ പാപങ്ങളും പൊറുക്കുക തന്നെ ചെയ്യും. അവന്‍ തന്നെയാണ് ഏറെ മാപ്പരുളുന്നവനും കരുണക്കടലും. (അതിന് നിങ്ങള്‍ ഒരു കാര്യം ചെയ്യേണ്ടതുണ്ട്) നിങ്ങള്‍ക്ക് ശിക്ഷ വന്നെത്തുന്നതിനു മുന്‍പായി അല്ലാഹുവിങ്കലേക്ക് ഖേദിച്ച് മടങ്ങുകയും, അവന് കീഴ്വണങ്ങി ജീവിക്കുകയും ചെയ്യുവീന്‍. (ആ ശിക്ഷ വന്നു കഴിഞ്ഞാല്‍) പിന്നെ (ഖേദിച്ചതുകൊണ്ട്) നിങ്ങള്‍ക്ക് സഹായം സിദ്ധിക്കുകയില്ല" (സുമര്‍: 3-54) 
ഹിജ്രി 1407- ഈദുല്‍ഫിത്വ്ര്‍ നമസ്കാരവേളയില്‍ ലഖ്നൗ ദാറുല്‍ ഉലൂം നദ്വതുല്‍ ഉലമയിലെ പ്രവിശാലമായ മസ്ജിദില്‍ വെച്ച് ബഹുമാന്യ മൗലാനാ നുഅ്മാനി അവര്‍കള്‍ നടത്തിയ ഉദ്ബോധനം. കടുത്ത രോഗമായിരുന്നിട്ടും നടത്തിയ ഈ പ്രഭാഷണത്തില്‍ മുസ്ലിം ഉമ്മത്ത് നേരിടുന്ന ദുഃഖ-ദുരിതമാര്‍ന്ന അവസ്ഥാ വിശേഷങ്ങളുടെ കാര്യകാരണങ്ങളും അതിന്‍റെ പരിഹാര മാര്‍ഗങ്ങളെയും കുറിച്ച് പരിശുദ്ധ ഖുര്‍ആനിന്‍റെ വെളിച്ചത്തില്‍ സവിശദവും സ്പഷ്ടവുമായി വിവരിച്ചിട്ടുണ്ട്. 
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
(എക്സിക്യുട്ടീവ് മെമ്പര്‍, ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്) 
https://swahabainfo.blogspot.com/2020/01/blog-post_21.html?spref=tw 
മുസ് ലിം ഉമ്മത്ത്: 
പ്രശ്നവും പരിഹാരമാര്‍ഗ്ഗവും
ഹംദ്-സ്വലാത്തുകള്‍ക്ക് ശേഷം: 
സഹോദരന്‍മാരേ ! സ്നേഹിതരെ ! 
എനിക്കിപ്പോള്‍ നല്ല പനിയുണ്ട്. ഈ അവസ്ഥയില്‍ തന്നെ നിങ്ങള്‍ ഏവരോടും ചില അത്യാവശ്യ കാര്യങ്ങള്‍ പറയുവാന്‍ ആഗ്രഹിക്കുകയാണ്. സാധിക്കുമായിരുന്നെങ്കില്‍ നിങ്ങള്‍ ഓരോരുത്തരുടെയും വീടുകളില്‍ വന്ന് വരെ പറയാന്‍ ബാധ്യതപ്പെട്ട കാര്യങ്ങളാണവ. പക്ഷെ, എന്നെ സംബന്ധിച്ചിടത്തോളം നടക്കാന്‍ പോലും കഴിയാത്ത ഈ അവസ്ഥയില്‍ അത് സാധ്യമല്ല. ആകയാല്‍, ഇപ്പറയുന്ന കാര്യങ്ങള്‍ ഓരോരുത്തരോടും പ്രത്യേകം പറയുകയാണെന്ന നിലയില്‍ നിങ്ങള്‍ ഓരോരുത്തരും ശ്രദ്ധിക്കണമെന്ന് ആദ്യമായി അപേക്ഷിക്കുകയാണ്. ദീനിന്‍റെ ശരിയും അവശ്യവുമായ കാര്യങ്ങള്‍ പറയുവാന്‍ എനിക്കും അതു സ്വീകരിക്കാന്‍ നിങ്ങള്‍ക്കും അല്ലാഹു തൗഫീഖ് നല്‍കുമാറാകട്ടെ.! 
ഏറ്റം ആദ്യമായി പറയാനുള്ളത് ഇതാണ് ; അല്ലാഹുവിന്‍റെ മഹത്തായ അനുഗ്രഹത്താല്‍ നാമേവരും മുസ്ലിംകളാണ്. ആ ഇസ്ലാമിക ബന്ധത്തിന്‍റെ അടിസ്ഥാനത്തില്‍ തന്നെയാണ് നമസ്കാരത്തിനായി നാമിവിടെ ഒരുമിച്ചുകൂടിയിരിക്കുന്നത്. 
ഇസ്ലാം എന്നത് സയ്യിദ്-ശൈഖ്-പഠാന്‍ എന്നിവയെപ്പോലെ ഏതെങ്കിലും കുടുംബ-ഗോത്രങ്ങളുടെ നാമമല്ല എന്നകാര്യം നമുക്കെല്ലാം നന്നായി അറിയാം. അതാത് കുടുംബത്തില്‍ ജനിക്കുന്നവരെല്ലാം സയ്യിദും ശൈഖും പഠാണിയുമായി മാറുന്നു. ഇപ്രകാരം ഹൈന്ദവരില്‍ ബ്രാഹ്മണ കുടുംബത്തില്‍ ജനിക്കുന്ന കുട്ടികളെല്ലാം താനെ തനിയെ ബ്രാഹ്മണനായി മാറുന്നു. സയ്യിദോ ശൈഖോ പഠാണിയോ ബ്രാഹ്മണനോ ആകാന്‍ ആ കുഞ്ഞുങ്ങള്‍ക്ക് ഒന്നും ചെയ്യേണ്ടതില്ല. എന്നാല്‍ ഇസ്ലാം എന്നത് മുസ്ലിം കുടുംബത്തില്‍ ജനിച്ചവരെല്ലാം, അല്ലെങ്കില്‍ മുസ്ലിം നാമധാരികളെല്ലാം, മുസ്ലിംകളാണെന്ന് പറയാന്‍ ഇത്തരം ഏതെങ്കിലും ഒരു കുടുംബത്തിന്‍റെയോ ഗോത്രത്തിന്‍റെയോ നാമമല്ല. പ്രത്യുത, ഒരു വ്യക്തിയുടെ വിശ്വാസ-കര്‍മ്മങ്ങളെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ഒരു തീരുമാനത്തിന്‍റെയും ഉന്നതമായൊരു കരാറിന്‍റെയും നാമമാണ് ഇസ്ലാം. 
വിശുദ്ധ കലിമ, "ലാഇലാഹ ഇല്ലല്ലാഹു മുഹമ്മദുര്‍ റസൂലുല്ലാഹ്" ഉച്ചരിക്കുകയും മനസാ-വാചാ അംഗീകരിക്കുകയും ചെയ്യുമ്പോഴാണ് ഒരു മനുഷ്യന്‍ മുസ്ലിമായിത്തീരുന്നത് എന്ന കാര്യം നമുക്കറിയാം. ഈ വിശുദ്ധകലിമ, ഏതെങ്കിലും മന്ത്രം പോലെ വെറും ചില വാക്കുകളല്ല. മറിച്ച്, അടിസ്ഥാനപരമായ രണ്ട് കാര്യങ്ങളുടെ സമ്മതവും പ്രഖ്യാപനവുമാണത്. കലിമയുടെ ഒന്നാം ഭാഗമായ ലാഇലാഹ ഇല്ലല്ലാഹു'വിലൂടെ പ്രകടമാകുന്ന വിശ്വാസമിതാണ്: എന്നെയും ആകാശ-ഭൂമികളെയും സര്‍വ്വ ചരാചരങ്ങളെയും സൃഷ്ടിച്ച് സംരക്ഷിക്കുന്നവന്‍ അല്ലാഹു ഒരുവന്‍ മാത്രമാണ്. സര്‍വ്വരുടെയും മരണവും ജീവിതവും രോഗവും ആരോഗ്യവും എല്ലാമെല്ലാം അവന്‍റെ തീരുമാനപ്രകാരം മാത്രമാണ്. സര്‍വ്വവും നടക്കുന്നത് അവന്‍റെ നിര്‍ദ്ദേശാനുസൃതമാണ്. അവനല്ലാത്ത ആരുടെയും കൈവശാധികാരത്തില്‍ ഒന്നുമില്ല. ആവശ്യങ്ങള്‍ നിറവേറ്റുന്നതും പ്രയാസങ്ങള്‍ ദൂരീകരിക്കുന്നതും അവന്‍ ഒരുവനാണ്. ബഹുമാന്യ നബിമാരും അവനാല്‍ പടയ്ക്കപ്പെട്ടവരാണ്. മറ്റുള്ളവരെക്കാള്‍ അടിമത്വത്തിലും ആരാധനയിലും മുന്നേറിയ അവരുടെ സ്ഥാനങ്ങള്‍ ഉന്നതമാണ്. "ലാ ഇലാഹ ഇല്ലല്ലാഹ്' തന്നെയാണ് അവരുടെ അദ്ധ്യാപന വിഷയം. 
വിശുദ്ധ കലിമയുടെ രണ്ടാം ഭാഗമായ മുഹമ്മദുര്‍ റസൂലുല്ലാഹി'യിലൂടെ പ്രഖ്യാപിതമാകുന്ന വിശ്വാസമിതാണ്: ബഹുമാനപ്പെട്ട മുഹമ്മദ് നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അല്ലാഹുവിനാല്‍ നിയുക്തരായ സത്യദൂതരാണ്. അവിടുന്ന് ബോധനം ചെയ്തിട്ടുളള സന്‍മാര്‍ഗ്ഗ ദര്‍ശനങ്ങള്‍ അല്ലാഹുവിങ്കല്‍ നിന്നുള്ളവയാണ്. തിരുദൂതരെ അനുസരിക്കല്‍ അല്ലാഹുവിനെ അനുസരിക്കലും, തങ്ങളെ നിരാകരിക്കല്‍ അല്ലാഹുവിനെ നിരാകരിക്കലുമാണ്. തങ്ങളുടെ ശരീഅത്തിനെ അനുസരിക്കുന്നതിലും അനുകരിക്കുന്നതിലും മാത്രമാണ് ഇനി എന്നെന്നും വിജയം. ഭൗതിക ജീവിതത്തിലും വിജയം വരിക്കാനും ഉന്നതി പ്രാപിക്കാനും ഒരേ ഒരു പാതയേയുള്ളൂ. അത്, ജീവിതത്തിന്‍റെ അഖില മേഖലകളിലും നബി തിരുമേനി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ പാതയെ അനുധാവനം ചെയ്യലാണ്. 
സഹോദരന്‍മാരെ.! നാം നമ്മുടെ ഇന്നത്തെ അവസ്ഥാ വിശേഷങ്ങളെ കുറിച്ച് കൂടുതലായി വിശകലനം നടത്താറുണ്ട്. പക്ഷേ, അതിന് കാരണമാകുന്ന നമ്മുടെ കര്‍മ്മങ്ങളെ കുറിച്ച് നാം ചിന്തിക്കാറില്ല. വരൂ, അല്‍പനേരത്തേക്ക് നമുക്ക് അതിനെക്കുറിച്ച് വിശകലനം ചെയ്യാം. ഏറ്റം ആദ്യമായി നമസ്കാരത്തെ കുറിച്ച് പറയാം. ദീനില്‍ നമസ്കാരത്തിനുളള സ്ഥാനവും പ്രാധാന്യവും ഇങ്ങനെ മനസ്സിലാക്കുക: ശറഇയ്യായ തക്കകാരണം കൂടാതെ ഫര്‍ള് നമസ്കാരം നിര്‍വ്വഹിക്കാത്തവന്‍ മുര്‍തദ്ദും കാഫിറുമാണെന്നും ഈയടിസ്ഥാനത്തില്‍ അയാള്‍ വധാര്‍ഹനാണെന്നുമാണ് ഉമ്മത്തിലെ സമുന്നത സമുദ്ധാരകനും നാല് ഇമാമുകളില്‍ ഒരുവരുമായ ഇമാം അഹ്മദ് ബിന്‍ ഹംബല്‍ (റ) യുടെ നിഗമനം. മറ്റൊരു ഇമാമായ ഇമാം ശാഫിഈ (റ) യുടെ അഭിപ്രായം, വിവാഹിതന്‍ വ്യഭിചരിക്കുകയോ ഒരാള്‍ മറ്റൊരാളെ മനഃപൂര്‍വ്വം കൊലപ്പെടുത്തുകയോ ചെയ്താല്‍ കാഫിറാകില്ലെങ്കിലും വധശിക്ഷാര്‍ഹനാണെന്നതു പോലെ നമസ്കാരം മുടക്കുന്നവനും കാഫിറാകില്ലെങ്കിലും വധശിക്ഷാര്‍ഹനാണ്. ഇമാം അബൂഹനീഫ (റ) യുടെ അഭിപ്രായമാകട്ടെ, നമസ്കാരം ഉപേക്ഷിക്കുന്നവന്‍ തൗബ ചെയ്ത് നമസ്കാരം തുടങ്ങുന്നതുവരെ, അല്ലെങ്കില്‍ മരണം വരെ കല്‍തുറുങ്കില്‍ തളളപ്പെടണമെന്നാണ്. 
സമുദായത്തിലെ സമുന്നത സ്ഥാനവാഹകരായ ഈ ഇമാമുകള്‍ നമസ്കാരത്തിന്‍റെ പ്രാധാന്യതയെകുറിച്ച് സ്ഥാപിച്ചിട്ടുളള ഈ അഭിപ്രായങ്ങള്‍ ഖുര്‍ആന്‍-ഹദീസുകളുടെ നിരവധി രേഖകളുടെ പശ്ചാത്തലത്തിലാണെന്നതില്‍ സംശയമില്ല. അല്ലാഹു, ഈ മഹാരഥര്‍ക്ക് സമുചിത പ്രതിഫലം നല്‍കുമാറാകട്ടെ.! വിശുദ്ധ കലിമയുടെ കാര്‍മിക രൂപമാണ് നമസ്കാരം. അതായത്, കലിമതുത്ത്വയ്യിബയിലൂടെ ഒരു മനുഷ്യന്‍ തിരഞ്ഞെടുക്കുന്ന ഉന്നതമായ ജീവിതത്തിന്‍റെ പ്രകടനവും ബാഹ്യ രൂപവുമാണ് നമസ്കാരം. 
ഇനി നാം നമ്മുടെ പരിസരത്തേക്ക് ഒന്ന് നോക്കുക; മുസ്ലിം നാമവും ധരിച്ചു നടക്കുന്ന സമൂഹത്തില്‍, നമസ്കാരത്തില്‍ കൃത്യനിഷ്ടയുള്ളവര്‍ എത്രപേരാണ്.? കടകളും വീടുകളും മസ്ജിദിന്‍റെ സമീപത്തായിരുന്നിട്ടും നമസ്കാരത്തിന് മസ്ജിദില്‍ വരാത്ത നൂറു കണക്കിന് മുസ്ലിംകളെ ഓരോ മഹല്ലിലും കാണാം. 
ചിന്തിക്കുക; ഇവരെങ്ങനെയാണ് മുസ്ലിംകളാവുക.? ഇവര്‍ തന്നെയാണോ അല്ലാഹുവിന്‍റെ സഹായത്തിന് അവകാശികളായ സമൂഹം.? ഇവരാണോ "സമുത്തമസമുദായം" എന്ന് പറഞ്ഞ് അഭിമാനിക്കുന്നത്.? 
നമസ്കാരത്തിന് ശേഷം ദീനില്‍ പ്രധാന സ്ഥാനമര്‍ഹിക്കുന്നത് സകാത്തിനാണ്. കുഫ്റിന്‍റെ പാതയുപേക്ഷിച്ച് ഇസ്ലാമിന്‍റെ രക്ഷാസരണി സ്വീകരിക്കുകയും നമസ്കാരം നിലനിര്‍ത്തുകയും സകാത്ത് നല്‍കുകയും ചെയ്യുമ്പോഴാണ് കാഫിറും മുശ്രിക്കുമായിരുന്ന ഒരു വ്യക്തിയെ മുസ്ലിം സഹോദരനായി ഗണിക്കുകയുള്ളൂ എന്ന് പരിശുദ്ധ ഖുര്‍ആനിലെ പല സൂക്തങ്ങളും സൂചിപ്പിക്കുന്നുണ്ട്. 
പുതുതായി ഇസ്ലാം ആശ്ലേഷിക്കുകയും ശരിയായ അദ്ധ്യാപന-സംസ്കരണങ്ങള്‍ സിദ്ധിക്കാതിരിക്കുകയും ചെയ്ത പല അറേബ്യന്‍ ഗോത്രങ്ങളും നബി തിരുമേനി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ വിയോഗാനന്തരം സകാത്ത് നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ മഹാനായ അബൂബക്ര്‍ സ്വിദ്ദീഖ് (റ) അവര്‍ക്കെതിരില്‍ യുദ്ധം പ്രഖ്യാപിക്കുകയും സ്വഹാബി വരേണ്യരഖിലം അതിനെ പിന്തുണയ്ക്കുകയും ചെയ്ത സംഭവം പ്രസിദ്ധമാണല്ലോ.? 
അല്ലാഹുവിനെ ഓര്‍ത്ത് ഒന്ന് ചിന്തിക്കുവീന്‍, വര്‍ഷാവര്‍ഷം തങ്ങളുടെ ധന സമ്പാദ്യം കണക്കാക്കി സകാത്ത് നല്‍കുന്നവര്‍ മുസ്ലിംകളില്‍ ഇന്ന് എത്ര ശതമാനമുണ്ട്.? നമസ്കാരക്കാരുമായി തുലനം ചെയ്യുമ്പോള്‍ അവരെക്കാളും കുറവാണ് ഇക്കൂട്ടര്‍ എന്നതാണ് എന്‍റെ അനുമാനം. സകാത്ത് നിര്‍ബന്ധമായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സകാത്ത് നല്‍കല്‍ തങ്ങളുടെ മേല്‍ നിര്‍ബന്ധമാണോ എന്ന് ചിന്തിച്ചിട്ടു പോലുമില്ലാത്ത ആയിരങ്ങളെ തന്നെ കാണാന്‍ കഴിയും. 
ഇപ്രകാരം, അല്ലാഹു കര്‍ശനമായി നിരോധിച്ചിട്ടുള്ള പാപങ്ങളില്‍നിന്നും സൂക്ഷിച്ചു കഴിയുന്ന മുസ്ലിംകളുടെ ശതമാനം എത്രയുണ്ട്.? വ്യഭിചാരം ഹറാമാണ്. ആരെയെങ്കിലും അക്രമിക്കല്‍ -ഇതില്‍ മുസ്ലിം-അമുസ്ലിം വിവേചനമില്ല- ഹറാമാണ്. മദ്യപാനം ഹറാമാണ്. മറ്റനവധി പാപങ്ങളിലേക്ക് വഴുതി വീഴാന്‍ കാരണമാകുന്നതിനാലാണ് മുന്‍കാലങ്ങളില്‍ മദ്യപാനത്തെ 'തിന്മകളുടെ മാതാവ്' എന്നു വിളിച്ചിരുന്നതെങ്കില്‍ ആ അടിസ്ഥാനത്തില്‍ പറയട്ടെ; നമ്മുടെ ഇക്കാലത്ത് സിനിമയും 'തിന്മകളുടെ മാതാവ്' ആണ്. ഇത്തരം പാപങ്ങളില്‍ നിന്നും വിട്ടകന്നു കഴിയുന്ന എത്ര മുസ്ലിംകളാണുള്ളതെന്ന് ചിന്തിക്കുക. ഞാന്‍ കുഫ്റിന്‍റെ ഫത്വ നല്‍കുകയല്ല. പക്ഷെ, അല്ലാഹുവിന്‍റെ ഈ ഭവനത്തില്‍ വെച്ച് നിങ്ങളേവരുടെയും മുമ്പാകെ അല്ലാഹുവിനെ സാക്ഷിനിര്‍ത്തിക്കൊണ്ട് പറയട്ടെ; ഇത്തരം ആളുകള്‍ ഖുര്‍ആനിക ഭാഷയില്‍ മുഅ്മിനല്ല. അല്ലാഹുവിലും റസൂലിലും അഖിറത്തിലും വിശ്വസിക്കുകയും ഇസ്ലാമിക ജീവിതം നയിക്കുകയും ചെയ്യുന്നവരാണ് ഖുര്‍ആനിക ഭാഷ്യത്തില്‍ മുഅ്മിനുകള്‍. അവരില്‍ നിന്നും തെറ്റുകളൊന്നുമുണ്ടാകുകയില്ല എന്നല്ല ഇതിന്‍റെ വിവക്ഷ. പാപസുരക്ഷിതര്‍ നബിമാരും മലക്കുകളും മാത്രമാണ്. മുഅ്മിനുകളില്‍ നിന്നും ചിലപ്പോള്‍ പാപമുണ്ടായേക്കാം. എങ്കിലും പാപശേഷം താന്‍ അല്ലാഹുവിന്‍റെ കല്‍പനയ്ക്ക് വിരുദ്ധം ചെയ്തിരിക്കുകയാണെന്ന ബോധമുണ്ടാവുകയും അവനോട് മാപ്പപേക്ഷിക്കുകയും ചെയ്യുന്നവരാണവര്‍. അല്ലാഹുവിലും ആഖിറത്തിലും "പൂര്‍ണ്ണവിശ്വാസമുണ്ടായിരിക്കുന്നതോടൊപ്പം ചിന്തയില്ലാതെ അശ്രദ്ധനായി നമസ്കാരം-നോമ്പ് മുതലായ ഫര്‍ളുകള്‍ ഉപേക്ഷിച്ചു കൊണ്ടിരിക്കലും പാപകര്‍മങ്ങളില്‍ മുഴുകിക്കഴിയലും ഒരു വ്യക്തിയ്ക്ക് സാധ്യമല്ല. 
ഒരു നബിയില്‍ വിശ്വസിച്ച സമുദായം, തങ്ങളുടെ നബി ദര്‍ശിച്ച പാതയിലൂടെ സഞ്ചരിക്കുമ്പോഴെല്ലാം ദുന്‍യാവിലും അല്ലാഹുവിന്‍റെ സഹായം അവര്‍ക്ക് സിദ്ധിക്കുന്നതാണ്. യഥാര്‍ത്ഥ പ്രതിഫലം ആഖിറത്തില്‍ സ്വര്‍ഗ്ഗത്തിലാണെങ്കിലും. 
ഇനി, ഇതിന് വിരുദ്ധമായി ഒരു നബിയില്‍ വിശ്വസിച്ച സമൂഹം അനുസരണക്കേടിന്‍റെ പാത സ്വീകരിക്കുകയും അല്ലാഹുവിന്‍റെയും റസൂലിന്‍റെയും വിധി-വിലക്കുകള്‍ക്ക് പകരമായി ശാരീരികേഛകളനുസരിച്ച് ജീവിക്കുകയും ചെയ്താല്‍ അല്ലാഹു ദുന്‍യാവില്‍വെച്ച് തന്നെ അവരില്‍നിന്നും സഹായം പിന്‍വലിക്കുകയും കഠിന ഹൃഭയരും നീചരുമായ അവിശ്വാസികളെയും അക്രമികളെയും അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നതാണ്. അല്ലാഹുവിന്‍റെ ഒരു നിയമവും നടപടിയുമാണിത്. 
പരിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ അതില്‍ ബനൂഇസ്റാഈല്യരെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് അനുസ്മരിച്ചിട്ടുളളതായി കാണാം. ചരിത്രമാലയോ കഥാസമാഹാരമോ അല്ല വിശുദ്ധ ഖുര്‍ആന്‍. പ്രത്യുത, അല്ലാഹുവിങ്കല്‍നിന്നും അവതീര്‍ണ്ണമായ സത്യസരണിയുടെ വഴിവിളക്കാണത്. ഗുണപാഠമുള്‍ക്കൊള്ളാന്‍ വേണ്ടിയാണ് ഗതകാല സമൂഹങ്ങളുടെ സംഭവങ്ങള്‍ അതില്‍ വിരിച്ചിട്ടുളളത്. 
ബനൂ ഇസ്റാഈല്യര്‍ അന്ന് അവരുടെ കാലഘട്ടത്തില്‍ ഏതാണ്ട് നാം മുസ്ലിംകളെപോലെതന്നെ മുസ്ലിംകളായിരുന്നു. എന്നല്ല, നമ്മെക്കാള്‍ ഉന്നതരുമായിരുന്നു. കാരണം, നബിമാരുടെ കുടുംബക്കാരായിരുന്നു അവരെല്ലാവരും. അല്ലാഹുവിന്‍റെ സദ്വൃത്തരായ അടിയാറുകള്‍ അവരിലുമുണ്ടായിരുന്നെങ്കിലും സമൂഹത്തിന്‍റെ പൊതു ജീവിതമേഖല അനുസരണക്കേടിന്‍റെതായിരുന്നു. അവര്‍, അവരുടെ പ്രവാചകരുടെ ദീനിനെ നിരാകരിക്കുന്നവരായിരുന്നില്ല. പക്ഷെ, ജീവിതത്തില്‍ അല്ലാഹുവിന്‍റെയും ദൂദരുടെയും അനുസരണത്തിനു പകരം ശരീരേഛകളെ അനുധാവനം ചെയ്യുന്നവരായിരുന്നു. പരിശുദ്ധ ഖുര്‍ആനില്‍ തുടക്കത്തില്‍തന്നെ അവരുടെ ആ അവസ്ഥ വിവരിച്ചിട്ടുണ്ട്. അതിന്‍റെ സാരം ഇപ്രകാരമാണ്; 'ഇസ്റാഈല്‍ സന്തതികളെ, നിങ്ങള്‍ അല്ലാഹുവിനെയല്ലാതെ ആരാധിക്കരുതെന്നും മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും അനാഥ-അഗതികള്‍ക്കും നന്മ ചെയ്യണമെന്നും പൊതുജനങ്ങളോട് സത്സ്വഭാവം കാട്ടണമെന്നും നമസ്കാരം നിലനിറുത്തുകയും സകാത്ത് കൊടുക്കുകയും ചെയ്യണമെന്നും നിങ്ങളോട് കരാര്‍ വാങ്ങിയ സന്ദര്‍ഭം സ്മരിക്കുക. ഇസ്റാഈല്യരെ, നിങ്ങള്‍ പരസ്പരം രക്തം ചിന്തുകയില്ലെന്നും നിങ്ങളുടെ വീട്ടില്‍നിന്നും ആരെയും പുറംതള്ളുകയില്ലെന്നും നിങ്ങള്‍ കരാര്‍ ചെയ്തിരുന്നില്ലെ.? പക്ഷെ, നിങ്ങളില്‍ ചിലരൊഴികെ ബഹുഭൂരിഭാഗവും ആ കരാര്‍ പാലിക്കുകയുണ്ടായില്ല. മറിച്ച്, നിങ്ങള്‍ പരസ്പരം കൊല നടത്തുകയും സ്വന്തക്കാരെ വീട്ടില്‍നിന്നും പുറത്താക്കുകയും അവരുടെ ശത്രുക്കളെ സഹായിക്കുകയും ചെയ്യുന്നു... വേദ ഗ്രന്ഥത്തിലെ വിധി-വിലക്കുകളില്‍ ചിലതില്‍ വിശ്വസിക്കുകയും ചിലതില്‍ വിശ്വസിക്കാതിരിക്കുകയും ചെയ്യുന്നു എന്നതാണ് ഇത്തരുണത്തില്‍ നിങ്ങളുടെ അവസ്ഥ. ആകയാല്‍, നിങ്ങളില്‍ ഇത്തരം ജീവിതം സ്വീകരിച്ചവര്‍ക്ക് ഇഹലോക ജീവിതത്തില്‍ നിന്ദ്യത തന്നെയാണ്. ഖിയാമത്ത് നാളിലാകട്ടെ, കഠിന കഠോര ശിക്ഷയിലേക്ക് തള്ളപ്പെടുന്നതുമാണ്." (അല്‍ബഖറ: 83, 84, 85) 
സ്നേഹം നിറഞ്ഞ സഹോദരന്‍മാരേ, അല്ലാഹുവിനെ ഓര്‍ത്ത് ഗഹനമായൊന്ന് ചിന്തിക്കുക ; എന്താ, ഈ ആയത്തുകള്‍ നൂറ് ശതമാനം ഇന്ന് നാം മുസ്ലിംകളില്‍ പുലരുന്നില്ലയോ.? 'ബനൂ ഇസ്റാഈല്യരെ കുറിച്ചുളള "ശേഷം നിങ്ങളില്‍ ചിലരൊഴികെ ഈ കരാര്‍ പാലിച്ചില്ല", "നിങ്ങള്‍ നമ്മുടെ വിശുദ്ധ വേദഗ്രന്ഥത്തിലെ ചില ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുകയും മറ്റ് ചിലത് തള്ളുകയും ചെയ്യുകയാണോ.?" എന്നീ പ്രസ്താവനകള്‍ നമുക്കും ബാധകമല്ലേ.? ദുന്‍യാവില്‍ കടുത്ത നിന്ദ്യതയും നികഴ്ചയും ആഖിറത്തില്‍ കഠോര ശിക്ഷയുമാണ് നിങ്ങളുടെ ഇത്തരം ജീവിതത്തിന്‍റെ ഫലം എന്ന പ്രഖ്യാപനം ഇത്തരുണത്തില്‍ നമ്മോടും കൂടിയല്ലേ.? 
ഭൂമുഖത്തുള്ള അത്യുന്നത സമൂഹമെന്ന് അല്ലാഹു വിശേഷിപ്പിക്കുകയും അല്ലാഹുവിന്‍റെ വിശിഷ്ട അനുഗ്രഹവും സഹായവും സിദ്ധിക്കുകയും ചെയ്തിരുന്ന ബനൂ ഇസ്റാഈല്‍ അശ്രദ്ധയുടെയും അവഗണനയുടെയും, ദീനുമായുള്ള ബന്ധവിഛേദനത്തിന്‍റെയും, ആഖിറത്തെകുറിച്ച് വിസ്മൃതിയുടെയും പാത തിരഞ്ഞെടുത്തപ്പോള്‍ കരുണയറ്റവരും കഠിന മാനസരുമായ കടുത്ത ശത്രുക്കളെ അവരുടെ മേല്‍ അല്ലാഹു അടിച്ചേല്‍പ്പിക്കുകയുണ്ടായി. ഇന്ന് ലോകസമൂഹങ്ങള്‍ നമ്മോട് കാട്ടിക്കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ അന്ന് അവര്‍ അവരോട് കാട്ടുകയുമുണ്ടായി. അതെ, വീടുവീടാന്തരം കയറിയിറങ്ങി കൂട്ടക്കൊല നടത്തുകയും നിര്‍ദ്ദയം ചോരയൊഴുക്കുകയും കൊള്ളയടിക്കുകയും മാനഭംഗപ്പെടുത്തുകയും ചെയ്തു. എന്തിനേറെ ആരാധനാ കേന്ദ്രങ്ങളില്‍ കയറിച്ചെന്നുപോലും അവരെ മര്‍ദ്ദിക്കുകയും തൗറാത്തിന്‍റെ പ്രതികള്‍ ചുട്ടെരിച്ച് നാമാവശേഷമാക്കുകയുമുണ്ടായി. 
എന്‍റെ മാന്യ സുഹ്യത്തുക്കളെ, പെരുന്നാള്‍ സുദിനത്തില്‍ ഇത്തരം കാര്യങ്ങളനുസ്മരിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ട്. പക്ഷെ, ഇവിടെ തടിച്ചുകൂടിയിരിക്കുന്ന നിങ്ങളോട് ഇതല്ലാതെ ഞാനെന്ത് പറയാനാണ്.? ഇതിനെക്കാള്‍ അവശ്യകരമായ മറ്റ് വല്ലകാര്യങ്ങളുമുണ്ടോ.? 
ബനൂ ഇസ്റാഈല്യരോട് അവരുടെ കര്‍മ്മങ്ങളുടെ തിന്മകള്‍നുസ്യതമായി പല പാവശ്യം അല്ലാഹു അനുവര്‍ത്തിച്ച നയം ഇതായിരുന്നുവെങ്കില്‍ നാം മുസ്ലിംകളോടും ഇതേനയം എന്തുകൊണ്ട് ഉണ്ടായിക്കൂടാ.? അല്ലാഹു നമ്മോട് ഒറ്റപ്പെട്ടതും വിശിഷ്യമായതുമായ എന്തെങ്കിലും നടപടിക്രമം സ്വീകരിക്കുമെന്നാണ് നാം പ്രതീക്ഷിക്കുന്നത്. നാം അല്ലാഹുവിന്‍റെ പ്രിയപെട്ടവരുടെ ഉമ്മത്തായതിനാല്‍ അല്ലാഹു നമ്മോട് നല്ല നയം മാത്രമേ സ്വീകരിക്കുകയുളളൂ എന്നാണ് നമ്മില്‍ പലരും ധരിച്ചു വെച്ചിരിക്കുന്നത്. അല്ലാവിവില്‍ സത്യം, ഇത് പൈശാചിക വഞ്ചനയാണ്. 
ഇപ്പോള്‍ ചിലയിടങ്ങളില്‍ നടന്ന സംഭവങ്ങള്‍ ഇതിന് ചൂടാറാത്ത ഉദാഹരണമാണ്. അത്യധികം വേദനയുളവാക്കുന്ന വാര്‍ത്തകളാണ് അവിടെനിന്നും കിട്ടിക്കൊണ്ടിരിക്കുന്നത്. അല്ലാഹുവിങ്കല്‍ അഭയം.! അവിടുത്തെ അവസ്ഥകള്‍ കേട്ട് നമുക്കെത്ര വേദനയുണ്ടായാലും അത് കുറവാണ്. പകരം കാണാന്‍ കഴിയാത്തവിധം അക്രമങ്ങളാണ് അവിടെ നടന്നിട്ടുളളത് എന്നാല്‍ അല്ലാഹുവിന്‍റെ ഈ ഭവനത്തിലിരുന്ന് അവനെ സാക്ഷിയാക്കിക്കൊണ്ട് തന്നെ പറയട്ടെ, ദുന്‍യാവിന്‍റെ ലഹരിയില്‍ ആറാടി നാം നമ്മുടെ മേല്‍തന്നെ ചെയ്തു കൊണ്ടിരിക്കുന്ന അതിക്രമങ്ങളുടെ പരിണിതഫലങ്ങളാണ് ഈ അക്രമങ്ങളഖിലം. 
നമ്മുടെ ഇന്നത്തെ അവസ്ഥയെന്താണ്.? പുണ്യ റമദാനില്‍ പരസ്യമായി നോമ്പ് ഉപേക്ഷിക്കുന്നവരുടെ എണ്ണം നമുക്കിടയില്‍ വേഗത്തില്‍ അധികരിച്ചു കൊണ്ടിരിക്കുകയാണ്. റമദാന്‍ രാവുകള്‍ ഫിലിം നോക്കി രസിക്കുന്നതില്‍ ചിലവഴിക്കുന്നു എന്നും കേള്‍ക്കാന്‍ കഴിഞ്ഞു. പുണ്യറമദാനിലെ അവസാന ജുമുഅയെകുറിച്ച് ലഖ്നൗവില്‍ നിന്നു തന്നെ കിട്ടിയ വാര്‍ത്തയിതാണ്. ജുമുഅ കഴിഞ്ഞ് നമസ്കാരക്കാര്‍ കൂട്ടമായി പിരിഞ്ഞപ്പോള്‍ വഴിയില്‍ സര്‍ബത്ത് വണ്ടികള്‍ നിറഞ്ഞിരുന്നു. ബിരിയാണിയും തയ്യാറാക്കപ്പെട്ടിരുന്നു. നിരവധിയാളുകള്‍ കൂട്ടംകൂട്ടമായി വഴിയില്‍ നിന്നുകൊണ്ടു തന്നെ ബിരിയാണി തിന്നുകയും സര്‍ബത്ത് കുടിക്കുകയുമുണ്ടായി. ഈ വണ്ടിക്കാരും കടക്കാരും തിന്നവരും കുടിച്ചവരും ഇരുകുട്ടരും മുസ്ലിംകള്‍തന്നെ. ഇനിപറയുക; നമ്മുടെ ഈ പ്രവര്‍ത്തനങ്ങള്‍ അല്ലാഹുവിന്‍റെ കോപവും ശിക്ഷയും വിളിച്ചുവരുത്തുന്നതല്ലേ.? 
പൂര്‍ണ്ണ വിവേകവും തന്ത്രജ്ഞതയും സൂഷ്മതയും മുറുകെ പിടിച്ചു നീങ്ങുകയും തങ്ങളുടെ വികാരങ്ങളെ അടക്കി നിര്‍ത്തുകയും അല്ലാഹുവിന്‍റെ കല്‍പനകളിലും ദീനീപാതയിലും ദൃഢചിത്തപാദരായി നിലയുറപ്പിക്കുകയും ചെയ്യല്‍ പ്രശ്നങ്ങള്‍ നിറഞ്ഞ ഇന്നത്തെ അവസ്ഥയില്‍ എത്രമാത്രം ആവശ്യമാണെന്ന കാര്യം വിവരിക്കേണ്ടതില്ല. എന്‍റെ ജീവിതം കൂടുതലും കഴിഞ്ഞു കടന്നിട്ടുളത് പൊതു മുസ്ലിംകളോടൊപ്പമാണ്. അവസ്ഥകളെ നേരിടേണ്ടതെങ്ങനെയന്നതിനെ കുറിച്ച് പൊതു മുസ്ലിംകള്‍ക്ക് യാതൊരു ബോധവുമില്ല എന്നത് ജീവിതത്തിലാദ്യന്തം മനസ്സിലാക്കാന്‍ കഴിഞ്ഞ ഒരു വസ്തുതയാണ്. അല്ലാഹുവിന്‍റെ വിധിയും ബുദ്ധിയുടെ തീരുമാനവും കേള്‍ക്കാനും സത്യദീനിന്‍റെ സമുന്നത പ്രകൃതിയും രീതിയും മനസ്സിലാക്കാനും ഒരു നിലക്കും സന്നദ്ധരാരാവില്ലെന്ന് പലരും തീരുമാനമെടുത്തതു പോലെയുണ്ട്. പരിശുദ്ധ ഖുര്‍ആനില്‍ വഴിപിഴച്ച ചില സമൂഹങ്ങളെപ്പറ്റി പറഞ്ഞ അവസ്ഥയാണിത്; "സത്യ സന്‍മാര്‍ഗ്ഗം കണ്ടാല്‍ അവരത് സ്വീകരിക്കുകയില്ല. ദുര്‍മാര്‍ഗ്ഗം കണ്ടാല്‍ അവരത് സ്വീകരിക്കുകയും ചെയ്യും". 
സുഹൃത്തുക്കളെ, നാം മര്‍ദ്ദിതരല്ല എന്നല്ല പറയുന്നത്. തീര്‍ച്ചയായും നാം മര്‍ദ്ദിതര്‍ തന്നെയാണ്. ഇത് നിഷേധിക്കുന്നവര്‍ അവസ്ഥകളെ കുറിച്ച് വിവരമില്ലാത്തവരാണ്. നാം നമ്മുടെ മേല്‍ തന്നെ ചെയ്തു കൂട്ടുന്ന മര്‍ദ്ദനങ്ങളുടെ പരിണിത ഫലമാണ് ഈ മര്‍ദ്ദനങ്ങളഖിലം എന്നാണ് ഞാന്‍ പറഞ്ഞത്. നാം ഒരു തരത്തിലും അക്രമികളല്ലാതിരിക്കുകയും മര്‍ദ്ദിതര്‍ മാത്രമാകുകയും ചെയ്തിരുന്നെങ്കില്‍ നമുക്ക് അല്ലാഹുവിന്‍റെ സഹായം വന്നണയുകയും അക്രമികളെ അല്ലാഹു പിടികൂടുകയും ചെയ്യുമായിരുന്നു. അക്രമികളുടെ മേല്‍ അല്ലാഹുവിന്‍റെ ശിക്ഷയിറങ്ങിയാല്‍ അതിനെ തടുക്കാന്‍ ലോകത്തൊരു ശക്തിയ്ക്കും സാധ്യമല്ല. 
നാം നമ്മുടെ മേല്‍ കാട്ടിക്കൂട്ടുന്ന അക്രമങ്ങളുടെ പട്ടികയും വളരെ വലുതാണ്. നമ്മുടെ വിവാഹ സദസ്സുകളിലേക്കും ഇതര ആഘോഷ മേഖലകളിലേക്കും അനാവശ്യ ചിലവുകളിലേക്കും അല്‍പം ശ്രദ്ധിക്കൂ. ജീവിതാവശ്യങ്ങള്‍ ലളിതമായി നടത്തുകയും അല്ലാഹു കനിഞ്ഞരുളിയ അനുഗ്രഹങ്ങളെ ജീവിതത്തിന്‍റെ പരമോന്നത ലക്ഷ്യങ്ങള്‍ക്കും മാനുഷ സേവനത്തിനുമായി ഉപയോഗപ്പെടുത്തുകയും ചെയ്തുകൊണ്ട് ലോകത്ത് മാതൃകാമന്നരാകേണ്ട ഒരു സമൂഹത്തിന്‍റെതാണ് ഈ ആഘോഷ-സദസ്സുകളെന്ന് അവകള്‍ കണ്ട് ആര്‍ക്കെങ്കിലും അനുമാനിക്കുക സാധ്യമാണോ.? നാം നമ്മുടെ മേല്‍ കാട്ടിക്കൂട്ടിയിട്ടുളള അനവധി അതിക്രമങ്ങളില്‍ ഒന്നാണ് ഇതും. 
നാം നമ്മുടെ മേല്‍ ചെയ്തു കൂട്ടിക്കൊണ്ടിരിക്കുന്ന മറ്റൊരു അക്രമമാണ്, നാം നമ്മുടെ പരിസരവാസികളെ നമ്മുടെ എതിരാളിയും ശത്രുവുമായാണ് കണക്കാക്കുന്നത്. യഥാര്‍ത്ഥത്തില്‍, നാം അവരെ അല്ലാഹുവിന്‍റെ ദാസരായി കാണുകയും സ്നേഹം-തന്ത്രജ്ഞത-സത്സ്വഭാവം എന്നിവയിലൂടെ അവരെ അല്ലാഹുവിന്‍റെ അനുഗ്രഹത്തിലേക്കും സത്യ-സന്‍മാര്‍ഗ്ഗത്തിലേക്കും സ്വര്‍ഗീയാരാമത്തിലേക്കും അടുപ്പിക്കുകയും അവരില്‍, നേരെയായതും സംശുദ്ധവുമായ പ്രകൃതിക്കാര്‍ ഹിദായത്ത് പ്രാപിക്കാന്‍ വേണ്ടി അവരെ നമ്മുടെ പ്രബോധന-പരിശ്രമങ്ങളുടെ മൈതാനമാക്കുകയുമായിരുന്നു നാം ചെയ്യേണ്ടിയിരുന്നത്. അല്ലാഹുവിന്‍റെ അനുഗ്രഹ-സഹായങ്ങള്‍ ദീനിന്‍റെ ദഅ്വത്തിലായി ത്യാഗ-പരിശ്രമങ്ങള്‍ നടത്തുന്നവര്‍ക്കാണ് സിദ്ധിക്കുന്നത്. 
സഹോദരരെ, അവര്‍ നമ്മെ അവരുടെ ശത്രുക്കളായാണ് കാണുന്നതെന്നത് ശരി തന്നെ. എന്നാല്‍, കാരുണ്യത്തിന്‍റെ തിരുദൂതര്‍ മുഹമ്മദ് മുസ്ത്വഫാ (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ ആനുയായികളെന്ന നിലയ്ക്ക് നാമും അവരെ ശത്രുക്കളായിട്ടാണോ കാണേണ്ടത്.? നബിമാരെല്ലാം ഇതരരെ ശത്രുക്കളായിട്ടാണ് കണ്ടിരുന്നതെങ്കില്‍ അവരുടെ കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ കഴിയുമായിരുന്നോ.? 
എന്‍റെ സുഹൃത്തുക്കളെ, ചുരുക്കത്തില്‍, അല്ലാഹുവിന്‍റെയടുക്കല്‍ വളഞ്ഞ വഴിയില്ല. അല്ലാഹു അവന്‍ അക്രമിയല്ല. പ്രത്യുത, കരുണാവാരിധിയും സര്‍വ്വജ്ഞാനിയും തന്ത്രജ്ഞനും നീതിമാനുമാണവന്‍. ഈ അവസ്ഥകളഖിലം അവന്‍റെ തീരുമാന പ്രകാരവും നമ്മുടെ സ്വഭാവ-കര്‍മ്മങ്ങളുടെയും നമ്മുടെ അവിവേകത്തിന്‍റെയും മഠയത്തരങ്ങളുടെയും പരിണിത ഫലമായിട്ടുമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 
ഏതാണ്ട് മൂന്നര നൂറ്റാണ്ടിന് മുമ്പ് മുഗള്‍ ഭരണകൂടത്തിന്‍റെ അസ്തമന ഘട്ടത്തില്‍ നാദിര്‍ഷാ ഡല്‍ഹി ആക്രമിക്കുകയും നശിപ്പിക്കുകയും അവിടുത്തുകാരായ നിരപരാധികളെ നിര്‍ദ്ദയം കൊന്നൊടുക്കുകയും ചെയ്തപ്പോള്‍ അന്നത്തെ ആത്മീയ നായകനായ മിര്‍സാ മള്ഹര്‍ ജാനേ ജാന്‍ (റ) യുടെ സന്നിധിയില്‍ വന്നു കൂടിയ ജനങ്ങള്‍ ആരാഞ്ഞു; "ഹള്റത്ത്, ഇതെന്താണിത്.? എന്തുകൊണ്ടാണിത്?". മഹാനവര്‍കള്‍ പ്രത്യുത്തരമായിപ്പറഞ്ഞത് രണ്ട് വാക്കുകളായിരുന്നു: 'നമ്മുടെ ദുഷ്പ്രവര്‍ത്തന ഫലങ്ങള്‍ നാദിര്‍ഷായുടെ രൂപത്തില്‍ നമ്മെ പിടികൂടിയിരിക്കുകയാണ്". 
വെറും പാപി മാത്രമായ ഈ അശക്തന് മഹത്തായ മഅ്രിഫത്തിന്‍റെ മണം മണക്കാന്‍ പോലും കഴിഞ്ഞിട്ടില്ലെങ്കിലും പരിശുദ്ധ ഖുര്‍ആനിന്‍റെയും പുണ്യ ഹദീസുകളുടെയും വെളിച്ചത്തില്‍ ഉറപ്പുണ്ട്; ഇന്ന് നാം മുസ്ലിംകളുടെ മേല്‍ എവിടെയെല്ലാം എങ്ങിനെയെല്ലാം അക്രമ-മര്‍ദ്ദന-പീഢനങ്ങള്‍ നടക്കുന്നുണ്ടോ അവകളെല്ലാം നമ്മുടെ ദുഷ്പ്രവര്‍ത്തനങ്ങളുടെയും അനുസരണക്കേടിന്‍റെയും ഫലങ്ങള്‍ തന്നെയാണ്. ഈ യാഥാര്‍ത്ഥ്യത്തെ കുറിച്ചാണ് വിശുദ്ധ ഖുര്‍ആനില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് "നാം അവരെ അക്രമിക്കുന്നില്ല. അവര്‍ അവരുടെ മേല്‍ തന്നെ അക്രമങ്ങള്‍ ചെയ്തു കൂട്ടുന്നു" എന്നും ഖുദ്സിയായ ഹദീസില്‍ 'നാം നിങ്ങളുടെ മേല്‍ എണ്ണിക്കണക്കാക്കി തരുന്ന നിങ്ങളുടെ കര്‍മ്മഫലങ്ങള്‍ തന്നെയാണിത്" എന്നുമുളള വാക്കുകളിലൂടെ വിവരിച്ചിരിക്കുന്നത്. 
സ്നേഹമുള്ള സഹോദരങ്ങളെ, സുഹൃത്തുക്കളെ, നാം നമ്മുടെ ജീവിതത്തില്‍ അല്ലാഹുവിന്‍റെയും റസൂലിന്‍റെയും വിധി-വിലക്കുകളനുസരിക്കാനുപയുക്തമായ പാത സ്വീകരിക്കുകയാണെങ്കില്‍ അല്ലാഹു തആലായുടെ പ്രത്യേക കാരുണ്യവും സഹായവും നമുക്ക് സിദ്ധിക്കുകയും, മനസ്സുകളെ വളരെ നോവിക്കുവാനും കണ്ണില്‍ കൂടി രക്തത്തുള്ളികളിറക്കുവാനും കാരണമാകത്തക്ക മര്‍ദ്ദന-യാതനകളില്‍ നിന്നും നാം മോചിതരാകുകയും ചെയ്യുമെന്നത് അല്ലാഹുവിന്‍റെ വാഗ്ദാനമാണ്. "നിങ്ങളെ അല്ലാഹു സഹായിച്ചാല്‍ നിങ്ങളെ ആര്‍ക്കും കീഴ്പെടുത്താന്‍ കഴിയുകയില്ല. അവന്‍ നിങ്ങളെ നിസ്സാരപ്പെടുത്തിയാല്‍ പിന്നെ ആര്‍ക്കാണ് നിങ്ങളെ സഹായിക്കുവാന്‍ കഴിയുക". ഇലാഹിന്‍റെ അലംഘനീയ നിയമവും അവന്‍റെ സ്പഷ്ടമായ പ്രഖ്യാപനവുമാണിത്.
ഖേദകരമെന്ന് പറയട്ടെ, ഈമാനിക ഭാഗ്യം സിദ്ധിക്കാത്തവരും അല്ലാഹുവും റസൂലുമായി യാതൊരു ബന്ധവുമില്ലാത്തവരുമായ സമൂഹങ്ങളുടെ മാര്‍ഗ്ഗ രീതികളാണ് അല്ലാഹുവുമായി അടുപ്പവും ദീനുമായി ബന്ധവുമില്ലാത്ത ചില നേതാക്കള്‍ മുസ്ലിംകളുടെ പ്രശ്ന പരിഹാരത്തിന് തിരഞ്ഞെടുക്കുന്നത്. അന്ത്യനാള്‍വരേയ്ക്കും സത്യ-സന്‍മാര്‍ഗ്ഗ ദര്‍ശനമായ വിശുദ്ധ ഖുര്‍ആനില്‍ നിന്നും മാര്‍ഗ്ഗദര്‍ശനം ഉള്‍ക്കൊളളാനുളള ചിന്തപോലും അവര്‍ക്കില്ല. നമ്മുടെ ഏറ്റം വലിയ ഭാഗ്യദോഷവും അല്ലാഹുവിന്‍റെ സഹായത്തില്‍ നിന്നും നമ്മെ കൂടുതല്‍ ദൂരത്താക്കുവാന്‍ കാരണവുമാണിത്. അല്ലാഹുവിനെ ഓര്‍ത്ത് ഈ മാര്‍ഗ്ഗ-രീതികള്‍ മാറ്റുക. ഇല്ലെങ്കില്‍ നിന്ദ്യതയില്‍ നിന്നും നിന്ദ്യതയിലേക്ക് താഴലായിരിക്കും പരിണതഫലം.! 
എന്‍റെ സുഹൃത്തുക്കളെ, ദയവായി ശ്രദ്ധിക്കുക; നമ്മുടെ പ്രശ്ന പരിഹാരത്തിന് അല്ലാഹുവിങ്കലേക്ക് ഖേദിച്ചു മടങ്ങലല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല. അല്ലാഹുവിന്‍റെ ഈ വീട്ടില്‍ അവനെയും അവന്‍റെ മലക്കുകളെയും സാക്ഷി നിറുത്തിക്കൊണ്ട് നിങ്ങള്‍ ഏവരോടും വളരെ സ്പഷ്ടമായി ഒരു കാര്യം പറയല്‍ എന്‍റെ ബാധ്യതയായി കരുതുന്നു; ദീനുമായി ബന്ധമില്ലാതെയും, അല്ലാഹുവിന്‍റെയും റസൂലിന്‍റെയും അനുസരണയില്ലാതെയും, ഒരു പദ്ധതിയും പ്രകടനവും ബന്ദും നമ്മെ ഈ മര്‍ദ്ദന-യാതനകളില്‍ നിന്നും മോചിപ്പിക്കുകയില്ല. ഈ പ്രശ്നങ്ങള്‍ പരിഹരിക്കാനും മര്‍ദ്ദനത്തില്‍ നിന്നും മോചനം നേടാനും പദ്ധതികളൊന്നും ആവിഷ്കരിക്കേണ്ടതില്ല എന്നല്ല ഇപ്പറഞ്ഞതിന്‍റെ വിവക്ഷ. ശ്രദ്ധിക്കുക; അനുവദനീയമായ പദ്ധതികളെല്ലാം ഫര്‍ളാണ്, പക്ഷെ അല്ലാഹുവിന്‍റെ സഹായം സിദ്ധിച്ചാലേ അത് വിജയം പ്രാപിക്കുകയുള്ളൂ. അല്ലാഹുവിലേക്കു ഖേദിച്ചു മടങ്ങലും അല്ലാഹുവും റസൂലും പറഞ്ഞതനുസരിച്ചുള്ള ജീവിതവുമാണ് അവന്‍റെ സഹായം സിദ്ധിക്കുവാനുളള നിബന്ധന. എന്നല്ല, ഏറ്റം കൂടുതല്‍ വിജയം വരിക്കുന്ന പദ്ധതിയും ഇതു തന്നെയാണ്". ഖുര്‍ആന്‍-ഹദീസുകളുടെ വെളിച്ചത്തിലും സ്വാനുഭവങ്ങളുടെ അടിസ്ഥാനത്തിലും സത്യം ചെയ്തു കൊണ്ട് പറയട്ടെ; മുസ്ലിം നാമധാരികളായ സമൂഹത്തിന്‍റെ ജീവിതം പൊതുവില്‍ അല്ലാഹുവിനും റസൂലിനും അനുസരണമായതും ദീനീ ദഅ്വത്തുടയതുമായതായിത്തീരുകയാണെങ്കില്‍ ഇന്നത്തെ അവരുടെ ശത്രുക്കള്‍ അവരെ തലയ്ക്കു മീതെ കയറ്റി വെയ്ക്കുകയും തങ്ങളുടെ ആവശ്യങ്ങള്‍ക്ക് ദുആ ഇരപ്പിക്കാനായി അവരുടെ അടുക്കല്‍ വന്നെത്തുകയും ചെയ്യുന്നതാണ്. നാം നമ്മെ ലോകസമക്ഷം ദഅ്വത്തിന്‍റെയും ഹിദായത്തിന്‍റെയും ഉമ്മത്തായി അവതരിപ്പിക്കുന്നതിനു പകരം നാം നമ്മെ ലോക സമൂഹങ്ങളോട് ശത്രുത പുലര്‍ത്തുന്ന ഒരു സമൂഹമായാണ് അവതരിപ്പിക്കുന്നത്. നാം നമ്മുടെ മേല്‍ ചെയ്യുന്ന മഹാപാതകമാണിത്. നാം ഇന്ന് അനുഭവിക്കുന്നതെല്ലാം ഈ മഹാപാപത്തിന്‍റെ ശിക്ഷയാണ്. 
ഇത്തരുണത്തില്‍, ഒരു കാര്യം വ്യക്തമായിപ്പറയലും എന്‍റെ കടമയായി മനസ്സിലാക്കുന്നു; അന്ന് അത്തരം പട്ടണത്തില്‍ ഹിന്ദുക്കള്‍ മുസ്ലിംകളെ അക്രമിച്ചപ്പോള്‍ മുസ്ലിംകള്‍ വേറൊരു പട്ടണത്തില്‍ ഹിന്ദുക്കള്‍ക്ക് തിരിച്ചടി നല്‍കിയതായി ചിലപ്പോഴൊക്കെ കേള്‍ക്കാനിടയാകുന്നുണ്ട്. ശ്രദ്ധിച്ചു കേള്‍ക്കുക, അല്ലാഹുവിന്‍റെയും റസൂലിന്‍റെയും സത്യമതമായ ദീനുല്‍ ഇസ്ലാമില്‍ ഇത് ഖണ്ഡിതമായും നിഷിദ്ധമാണ്. നിരപരാധികളോട് പ്രതികാരം പ്രവര്‍ത്തിക്കലും അവരെ ഉപദ്രവിക്കലും പരലോകത്ത് മാപ്പില്ലാത്ത പാപമാണ്. വിശുദ്ധ ഖുര്‍ആനിന്‍റെ അടിസ്ഥാനപരമായ അദ്ധ്യാപനങ്ങളിലൊന്നാണിത്. ഇസ്ലാമിന്‍റെ പേരില്‍ ഇത് കാട്ടിക്കൂട്ടുന്നവര്‍ നിരപരാധികളായ ആ അമുസ്ലിംകളെ കൂടാതെ ഇസ്ലാമിനോടും അക്രമം കാട്ടുകയും അല്ലാഹുവിന്‍റെ താപ-കോപത്തെ വിളിച്ചു വരുത്തുകയുമാണ് ചെയ്യുന്നത്. 
അല്ലാഹുവേ, നീ സാക്ഷിയാവുക. പാപിയായ ഈ അടിമ നിലവിലുളള അവസ്ഥയില്‍ പറയാന്‍ കടപ്പെട്ടതായി മനസ്സിലാക്കിയ കാര്യങ്ങള്‍ നിന്‍റെ തൗഫീഖ് ഒന്നു കൊണ്ട് മാത്രം പറഞ്ഞു കഴിഞ്ഞു. ഈ സഹോദരന്‍മാര്‍ കേള്‍ക്കുകയും ചെയ്തു. ഇതിനെ അവരുടെ മനസ്സുകളിലേക്കിറക്കലും അവര്‍ക്കും എനിക്കും അതനുസരിച്ചു പ്രവര്‍ത്തിക്കാന്‍ തൗഫീഖ് നല്‍കലും നിന്‍റെ കഴിവില്‍പ്പെട്ടതാണ്. അല്ലാഹുവേ, ഞങ്ങളെല്ലാവര്‍ക്കും ഇതനുസരിച്ചു പ്രവര്‍ത്തിക്കാന്‍ തൗഫീഖ് നല്‍കണമേ.! എന്‍റെ ഈ വാക്കുകളെ നീ സ്വീകരിക്കണമേ.! 
സഹോദരന്‍മാരെ, ഞാനെന്‍റെ വാക്കുകളവസാനിപ്പിക്കുകയാണ്. ഇനി, നമുക്കെല്ലാം ഒരുമിച്ച് അല്ലാഹുവിങ്കലേക്ക് മനസ് മടക്കുകയും ഈമാനിക കരാര്‍ പുതുക്കുകയും നമസ്കാരം-നോമ്പ്-സകാത്ത് മുതലായ ഫര്‍ളുകളും സൃഷ്ടികളോടുള്ള ബാദ്ധ്യതകളും സൂക്ഷമതയോടെ നിറവേറ്റാന്‍ തീരുമാനമെടുക്കുകയും പാപങ്ങളില്‍ നിന്നും തൗബ ചെയ്യുകയും ദുന്‍യാവിലെയും ആഖിറത്തിലെയും സര്‍വ്വ വിധ നന്മകള്‍ സിദ്ധിക്കാനും നാശങ്ങള്‍ മാറാനും അല്ലാഹുവിനോട് ദുആ ഇരക്കുകയും ചെയ്യാം. 
-വസ്സലാം 
⭕⭕⭕🔷⭕⭕⭕
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾 
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.! 
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 
🌱 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media* 
എന്ന വാട്സ്അപ് ഗ്രൂപ്പില്‍ 
*Group -1*
*Group -2* 
അംഗമാവുകയോ ഞങ്ങളുടെ 
*ഫേസ്ബുക്* 
അല്ലെങ്കില്‍ 
*ബ്ലോഗ്* 
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്. 
------------------------------ 
🔹 വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന *ഓച്ചിറ ദാറുല്‍ ഉലൂമിനെ* സഹായിക്കുന്നതിന്, 
🔹 പ്രയോജന പ്രദമായ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന *സയ്യിദ് ഹസനി അക്കാദമി* യുമായുമായി ബന്ധപ്പെടുന്നതിന്, 
🔹 *അല്‍ ഹസനാത്ത് ത്രൈമാസിക* വരിക്കാരാകുന്നതിന് 
ബന്ധപ്പെടുക: +919961955826 
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*🌱

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...