തഫ്സീറുല്‍ ഹസനി
-മൗലാനാ സയ്യിദ് ബിലാല്‍ ഹസനി നദ് വി വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
തിരുത്ത് വരുത്തുന്നതിന് വേണ്ടി തയ്യാറാക്കപ്പെട്ടത്. ഇതിലുള്ള തെറ്റുകള്‍ ചൂണ്ടിക്കാണിക്കുക. പടച്ചവന്‍ താങ്കളെ അനുഗ്രഹിക്കട്ടെ.!
സൂറത്തുല്‍ ഫാത്തിഹ
(7 ആയത്തുകള്‍, പദങ്ങള്‍ 25, അക്ഷരങ്ങള്‍ 122, മക്കാ മുകര്‍റമയില്‍ അവതരണം, 1 റുകൂഅ്, അവതരണ ക്രമം 5, പാരായണ ക്രമം 1, സൂറത്തുല്‍ മുദ്ദസ്സിറിന് ശേഷം അവതരണം)
എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ആരംഭം. 1.
എല്ലാ ലോകങ്ങളുടെയും പരിപാലകനായ അല്ലാഹുവിനാകുന്നു സര്‍വ്വ സ്തുതികളും. 2 (1)
എല്ലാവരോടും കരുണയുള്ളവന്‍, ഏറ്റവും വലിയ കാരുണ്യവാന്‍.3 (2)
പ്രതിഫല ദിവസത്തിന്‍റെ ഉടമസ്ഥന്‍.4 (3).
അല്ലാഹുവേ, നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോടു മാത്രം ഞങ്ങള്‍ സഹായം തേടുന്നു.5 (4)
ഞങ്ങളെ നേര്‍മാര്‍ഗത്തില്‍ സഞ്ചരിപ്പിക്കേണമേ.!6 (5)
നിന്‍റെ അനുഗ്രഹങ്ങള്‍ക്ക് പാത്രീഭൂതരായ മഹത്തുക്കളുടെ മാര്‍ഗ്ഗത്തില്‍,7 (6)
നിന്‍റെ കോപം ഇറങ്ങിയവരുടെയും വഴിപിഴച്ചവരുടെയും മാര്‍ഗ്ഗത്തിലല്ല.8(7)
വിവരണക്കുറിപ്പുകള്‍
പരിശുദ്ധ ഖുര്‍ആനിലെ പ്രഥമവും പ്രധാനവുമായ സൂറത്താണിത്. ഈ സൂറത്തിന് ഫാത്തിഹ എന്നത് കൂടാതെ വേറെയും നാമങ്ങളുണ്ട്. എല്ലാ നാമങ്ങളുടെയും ആശയം ഈ സൂറത്തില്‍ പുലരുന്നുമുണ്ട്. ഫാത്തിഹ (പരിശുദ്ധ ഖുര്‍ആനിന്‍റെ പ്രാരംഭം, ആമുഖം) ഉമ്മുല്‍ ഖുര്‍ആന്‍ (രത്നചുരുക്കം, അടിസ്ഥാനം) ശാഫിയ്യ (എല്ലാ രോഗങ്ങള്‍ക്കും ശമനം) വാഫിയ്യ (സാരസമ്പൂര്‍ണ്ണം)
1. ബിസ്മില്ലാഹ്: സൂറത്തുതൗബ ഒഴിച്ച് വേറെ എല്ലാ സൂറത്തുകളുടെയും ആരംഭത്തില്‍ ബിസ്മില്ലാഹി ആവര്‍ത്തിക്കപ്പെട്ടിരിക്കുന്നു. സൂറത്തുന്നംലില്‍ ഒരു പ്രത്യേക ആയത്തായി വന്നിട്ടുമുണ്ട്. എല്ലാ കാര്യങ്ങളിലും മനുഷ്യന്‍റെ മനസ്സും മസ്തിഷ്കവും അല്ലാഹുവിലേക്ക് പരിപൂര്‍ണ്ണമായി തിരിക്കാന്‍ പര്യാപ്തമായ വളരെ ശക്തി അടങ്ങിയ ഒരു വചനമാണ്. കൂടാതെ, എല്ലാ കാര്യങ്ങളും അല്ലാഹുവിന്‍റെ നാമത്തില്‍ പടച്ചവന്‍റെ സഹായം തേടിക്കൊണ്ട് ആരംഭിക്കണമെന്നും ഇപ്രകാരം ആരംഭിക്കുന്ന കാര്യങ്ങളില്‍ അല്ലാഹു ഐശ്വര്യവും സ്വീകാര്യതയും നല്‍കുന്നതാണെന്നും ഈ വചനം ഉണര്‍ത്തുന്നു.
2. എല്ലാം പടക്കുകയും പരിപാലിക്കുകയും ചെയ്യുന്ന അല്ലാഹുവിനെ എപ്പോഴും സ്തുതിക്കുക. സ്വന്തം കഴിവിലൂടെ ഉണ്ടായിട്ടുള്ള മേല്‍മകളുടെ പേരില്‍ വാഴ്ത്തുന്നതിലാണ് ഹംദ് (സ്തുതി) എന്ന് പറയപ്പെടുന്നത്. ഇത്തരം സ്തുതിക്ക് അര്‍ഹന്‍ അല്ലാഹു മാത്രമാണ്. അല്ലാഹു എല്ലാ സൃഷ്ടികളുടെയും റബ്ബ് (സര്‍വ്വ ആവശ്യങ്ങളും പൂര്‍ത്തീകരിച്ച് കൊടുക്കുന്നവന്‍) ആണ്.
3. അല്ലാഹു ഇഹലോകത്ത് എല്ലാവരോടും വിശാലമായ കരുണയുള്ളവനും പരലോകത്ത് സത്യവാന്മാരോട് അങ്ങേയറ്റത്തെ കരുണ കാട്ടുന്നവനുമാണ്.
4. പ്രതിഫലദിവസം കൊണ്ടുള്ള ഉദ്ദേശം ലോകാവസാനവും പരലോകവുമാണ്. അന്ന് ഓരോരുത്തര്‍ക്കും കര്‍മ്മ ഫലം നല്‍കപ്പെടുന്നതാണ്. അല്ലാഹു ആ ദിനത്തിന്‍റെ നീതിമാനായ അധികാരിയും ഉടമസ്ഥനുമാണ്.
5. കഴിഞ്ഞ വചനങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പാരായണം ചെയ്യുന്ന ദാസന് അല്ലാഹുവിനെ കാണുന്നതായും അല്ലാഹു അവനെ കാണുന്നതായും അനുഭവപ്പെടുന്നതാണ്. ഇത്തരുണത്തില്‍ അല്ലാഹുവിനെ നേരിട്ട് സംബോധന ചെയ്തുകൊണ്ട് അടിമ പറയുന്നു: നീതിമാനും കരുണാമയനുമായ പരിപാലകനെ എല്ലാ ആരാധനകള്‍ക്കും സര്‍വ്വവിധ പ്രാര്‍ത്ഥനകള്‍ക്കും അര്‍ഹന്‍ നീ മാത്രമാണ്. നിനക്ക് യാതൊരു പങ്കുകാരുമില്ല.
6. നിന്നെ കഴിവിന്‍റെ പരമാവധി നല്ലനിലയില്‍ ആരാധിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അതിന് ഞങ്ങളെ നേരായ മാര്‍ഗ്ഗത്തില്‍ സഞ്ചരിപ്പിക്കേണമേ. നിന്‍റെ ഉതവിയുണ്ടെങ്കില്‍ മാത്രമേ അത് സാധ്യമാവുകയുള്ളൂ. അതെ, ഈ ലോകത്ത് വഴിതെറ്റിപ്പോകാന്‍ നിരവധി അപകടങ്ങള്‍ കാണപ്പെടുന്നു. ആകയാല്‍ ഞങ്ങള്‍ക്ക് സന്മാര്‍ഗ്ഗം കാണിച്ചുതരുകയും അതില്‍ ഞങ്ങളെ ഉറപ്പിച്ച് നിര്‍ത്തുകയും ചെയ്യേണമേ.
7. സന്മാര്‍ഗ്ഗമെന്നാല്‍ പുതിയ ഏതെങ്കിലും ഒരു മാര്‍ഗ്ഗമല്ല. അതിന് സഞ്ചരിച്ച ധാരാളം മഹത്തുക്കളുടെ മാതൃകയുണ്ട്. മഹാന്മാരായ നബിമാര്‍ കാണിച്ചുതരുകയും സമുന്നത പിന്‍ഗാമികള്‍ പാലിക്കുകയും ചെയ്ത ആ മാര്‍ഗ്ഗത്തിന്‍റെ സമ്പൂര്‍ണ്ണവും അന്തിമവുമായ രൂപമാണ് അന്ത്യപ്രവാചകന്‍ മുഹമ്മദുര്‍റസൂലുല്ലാഹി. ?
8.പടച്ചവന് കോപമുണ്ടാക്കുകയും വഴികെടുത്തുകയും ചെയ്യുന്ന ദുര്‍ഗുണങ്ങളെ സൂക്ഷിക്കുക. അല്ലാഹുവിനോട് ധിക്കാരം പുലര്‍ത്തുകയും പ്രവാചകന്മാരെ വധിക്കുകയും ലോകത്ത് നാശങ്ങള്‍ ഉണ്ടാക്കുകയും ചെയ്ത യഹൂദി ദുര്‍ഗുണങ്ങളാണ് പടച്ചവന്‍റെ കോപത്തിന് കാരണമാകുന്ന പാപങ്ങള്‍. ഈസാ നബി ?ന് ദൈവ പുത്രനാക്കിക്കൊണ്ട് പലതരം വഴികേടുകള്‍ ഉണ്ടാക്കി പ്രചരിപ്പിച്ച ക്രൈസ്തവതയാണ് വഴികേട് കൊണ്ട് വിവക്ഷിക്കുന്നത്.
https://swahabainfo.blogspot.com/2020/01/7-25-122-1-5-1.html?spref=tw
No comments:
Post a Comment