Wednesday, August 8, 2018

സ്വാതന്ത്ര്യസമരത്തിലെ കണ്ണീരില്‍ കുതിര്‍ന്ന ഒരു സംഭവം.! -മൗലാനാ സജ്ജാദ് നുഅ്മാനി


സ്വാതന്ത്ര്യസമരത്തിലെ 
കണ്ണീരില്‍ കുതിര്‍ന്ന ഒരു സംഭവം.! 
-മൗലാനാ സജ്ജാദ് നുഅ്മാനി  
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
http://swahabainfo.blogspot.com/2018/08/blog-post_8.html?spref=tw 

ഒരിക്കല്‍ കൂടി ആഗസ്റ്റ് മാസം കടന്ന് വരുന്നു. അതെ, ഇതുപോലെയൊരു ആഗസ്റ്റ് 15 അര്‍ദ്ധരാത്രിയിലാണ് ഇന്ത്യയില്‍ സ്വാതന്ത്ര്യത്തിന്‍റെ അരുണന്‍ ഉദിച്ചുയര്‍ന്നത്. നാടുനീളെ സ്വാതന്ത്ര്യദിനാഘോഷങ്ങളും സ്വാതന്ത്ര്യസമര ചരിത്രത്തിന്‍റെ സ്മരണകളുമാണ്. പക്ഷെ, വിരോധാഭാസമെന്ന് പറയട്ടെ, സ്വാതന്ത്ര്യ സമരത്തിന്‍റെ മണം പോലും അടിച്ചിട്ടില്ലാത്ത പലരേയും സേനാനികളായി വാഴ്ത്തപ്പെടുന്നു.! യഥാര്‍ത്ഥ യോദ്ധാക്കളെ തമസ്ക്കരിക്കപ്പെടുന്നു.! മറ്റുള്ളവരെക്കുറിച്ച് എന്ത് പരാതിപ്പെടാന്‍.? നമ്മുടെ പല പ്രഭാഷകരും എഴുത്തുകാരും ഈ നന്ദികേടില്‍ ആവേശത്തോടെ പങ്കെടുക്കുന്നതാണ് കൂടുതല്‍ ഖേദകരം.!
ഇവിടെ ഒരു പണ്ഡിതന്‍റെ ആത്മകഥ ഉദ്ധരിക്കുന്നു. ഇത് ഒറ്റപ്പെട്ട ഒരു അദ്ഭുത സംഭവമല്ല. ഇത്തരം നൂറുകണക്കിന്, അല്ല, ആയിരക്കണക്കിന് സംഭവങ്ങളില്‍ ഒന്നുമാത്രം.! സ്വാതന്ത്ര്യസമരത്തില്‍ സജീവമായി പങ്കെടുത്ത് യാതനകള്‍ അനുഭവിച്ച മൗലാനാ അബ്ദുല്ലാഹ് എന്ന ത്യാഗി വിവരിക്കുന്നു.
ഒരു ഇടത്തരം കുടുംബത്തിലെ അംഗമായ എന്നെ മാതാ-പിതാക്കള്‍, തങ്ങള്‍ക്ക് അനുഭവമുള്ള പണ്ഡിതവര്യനായ മൗലാനാ ഹബീബുര്‍റഹ്മാന്‍ സാഹിബിനെ ഏല്‍പിച്ചു. ഖുര്‍ആന്‍-ഹദീസ് വിജ്ഞാനത്തോടൊപ്പം സ്വാതന്ത്ര്യസമരാവേശവും ഉസ്താദ് ഞങ്ങള്‍ക്ക് പകര്‍ന്ന് തന്നു. ധര്‍മ്മത്തിന്‍റെ സംസ്ഥാപനത്തിന് വേണ്ടിയുള്ള സ്വാതന്ത്ര്യസമരാവേശം തിളച്ചുമറിയുന്ന നിലയില്‍ ഞങ്ങള്‍ പഠനം പൂര്‍ത്തീകരിച്ചു. 
പഠനാനന്തരം അദ്ധ്യാപനത്തോടൊപ്പം സ്വാതന്ത്ര്യസമരത്തില്‍ സജീവമായി. ഇടയ്ക്ക് കല്യാണം കഴിഞ്ഞു. ഒരു കുഞ്ഞ് പിറന്നു. രണ്ടാമത്തെ കുഞ്ഞ് ഗര്‍ഭത്തിലായിരിക്കവെ, ബ്രിട്ടീഷുകാര്‍ എന്നെ അറസ്റ്റുചെയ്ത് പഞ്ചാബിലെ ഒരു ജയിലിലടച്ചു. 
നീണ്ട പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം ജയില്‍ മോചിതനായി. ഭാര്യയും പ്രായമായ മക്കളും നിറകണ്ണുകളോടെ പുഞ്ചിരിച്ച് എന്നെ സ്വീകരിച്ചു. രാത്രി ആഹാരം കഴിക്കാന്‍ നേരം ആഹാരത്തിന് പകരം വെള്ളം മാത്രം ഭാര്യ നല്‍കി. വാപ്പയുടെ മരണത്തിന് ശേഷം എന്നും രാത്രി ഞങ്ങളുടെ ആഹാരം ഇത് തന്നെയാണെന്ന് ഭാര്യ പറഞ്ഞപ്പോള്‍ ഞാന്‍ പൊട്ടിക്കരഞ്ഞുപോയി. മദ്റസയില്‍ നിന്നും വല്ലപ്പോഴും കിട്ടുന്ന ഉച്ചഭക്ഷണം മാത്രമാണ് ആകെയുള്ള ആഹാരമെന്ന് ഭാര്യ പറഞ്ഞപ്പോള്‍, ഉന്നതമായ ഒരു ലക്ഷ്യത്തിന്‍റെ പേരില്‍ പട്ടിണി സഹിക്കുന്നത് മഹാത്മാക്കളുടെ മാര്‍ഗ്ഗമാണെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു. രാത്രി ഉറങ്ങാന്‍ കിടന്നെങ്കിലും യാത്ര ചെയ്ത് തളര്‍ന്ന എനിക്ക് പക്ഷെ ഉറക്കം വന്നില്ല. മകന്‍റെ ജയില്‍വാസത്തില്‍ ദുഃഖിച്ച് കരഞ്ഞ് ഈ ലോകത്തോട് വിട പറഞ്ഞ മാതാപിതാക്കളുടെ ചിത്രങ്ങള്‍ ഓര്‍ത്ത് ഞാന്‍ കണ്ണീര്‍ വാര്‍ത്തു. ഒന്നുമില്ലാത്ത വീടും തളര്‍ന്നുറങ്ങുന്ന പ്രായമായ മക്കളും എന്നെ അസ്വസ്ഥമാക്കി. വല്ലതും സമ്പാദിച്ച്, കുടുംബത്തെ ആഹരിപ്പിക്കണമെന്ന ചിന്ത ശക്തിയായി. പാതിരാത്രി ഞാന്‍ വീട് വിട്ടിറങ്ങി. നാടും പരിസരവും ആകെ മാറിയിരിക്കുന്നു. എങ്ങോട്ട് പോയി എന്ത് ചെയ്യും എന്ന ചിന്ത എന്നെ പിടിച്ചുനിര്‍ത്തി. ഉടനെ ട്രെയിനിന്‍റെ ശബ്ദം കേട്ടു. അപ്പോള്‍ ഒരു ബുദ്ധി ഉദിച്ചു. റെയില്‍വേ സ്റ്റേഷനില്‍ പോയി കൂലിപ്പണി ചെയ്യാം. പക്ഷേ, പരിചയക്കാര്‍ കാണുമല്ലോ. നാട്ടിലറിയപ്പെടുന്ന ഒരു പണ്ഡിതന്‍ എങ്ങനെ കൂലിപ്പണി ചെയ്യും.? അതിനും പരിഹാരം കണ്ടെത്തി. തലപ്പാവിന്‍റെ അറ്റംകൊണ്ട് വായയും മൂക്കും മറച്ചുപിടിക്കുക. അങ്ങനെ ഞാന്‍ പഠാന്‍കോട്ട് റെയില്‍വേ സ്റ്റേഷനിലെത്തി. പാതിരാത്രി കഴിഞ്ഞ് ഒരു വണ്ടിവന്നുനിര്‍ത്തി. കൂലിക്കാര്‍ കൂലി വിളിച്ച് ഓടിക്കയറി. പരിചയമില്ലെങ്കിലും ഞാനും അവരുടെ പിന്നാലെ പതുക്കെ നടന്നു. മറ്റുള്ള കൂലിക്കാരുമായി തര്‍ക്കിച്ച് മാറിനിന്ന ഒരു സര്‍ദാര്‍ജിയുടെ അരികിലെത്തി കൂലിവേല ചെയ്യണമോ എന്നുചോദിച്ചു. അദ്ദേഹം കുറഞ്ഞ കൂലി പറഞ്ഞു. മക്കളെ ഓര്‍ത്ത് അതിന് സന്നദ്ധനായി. മദ്റസയില്‍ ഗോതമ്പ് ചാക്കുകളെടുത്തിട്ടുള്ള അനുഭവത്തിന്‍റെ അടിസ്ഥാനത്തില്‍ ഞാന്‍ അദ്ദേഹത്തിന്‍റെ ഭാരമേറിയ കെട്ടുകള്‍ തലയില്‍ വെച്ചു. പക്ഷേ, പത്തുവര്‍ഷത്തെ തടവറയുടെ യാതനകള്‍ ഓര്‍ത്തില്ല. സാധനങ്ങളുടെ ഭാരം കാരണം തലകറങ്ങി. എല്ലുകള്‍ പൊട്ടുന്നതുപോലെ തോന്നി. കണ്ണുകള്‍ നിറഞ്ഞൊഴുകി. ദിക്റുകള്‍ ചൊല്ലിക്കൊണ്ട് സര്‍ദാര്‍ജിയുടെ പിന്നില്‍ നടന്നു. 
തുടര്‍ന്ന് എല്ലാ രാത്രിയിലും ഇത് പതിവാക്കി. പാതിരാത്രി കഴിഞ്ഞാല്‍ വീട്ടില്‍ നിന്നും ഇറങ്ങും. റെയില്‍വേ സ്റ്റേഷനില്‍ പോയി കൂലിവേല ചെയ്യും. കിട്ടുന്ന തുകയും കൊണ്ട് തഹജ്ജുദിന്‍റെ സമയത്ത് വീട്ടിലെത്തും.
എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കകം ഒരു സുഹൃത്ത് ഇത് അറിയുകയും ഉസ്താദ് മൗലാനാ ഹബീബുര്‍റഹ്മാനെ അറിയിക്കുകയും ചെയ്തു. അദ്ദേഹം എന്നെ വിളിച്ചുവരുത്തി കണ്ണീരോടെ ആലിംഗനം ചെയ്യുകയും ഞാന്‍ ഉള്ളപ്പോള്‍ നീ ഇത് ചെയ്യരുതായിരുന്നുവെന്ന് പറഞ്ഞ്, അദ്ദേഹത്തിന്‍റെ സ്വന്തം പൈസയില്‍ നിന്നും കുറച്ച് നല്‍കുകയും അഹ്ദാറില്‍ സ്ഥിതിചെയ്യുന്ന മദ്റസയില്‍ എനിക്ക് ഒരു ജോലി നല്‍കുകയും ചെയ്തു. 
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

1 comment:

  1. കണ്ണീരിൽ കുതിർന്ന സ്മരണ അല്ലാഹു അനുഗ്രഹിക്കെട്ടെ

    ReplyDelete

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...