അല്ലാഹുവിന്‍റെ അതിഥികള്‍.!
-ഹാഫിസ് മുസ്സമ്മില്‍ ഖാസിമി
http://swahabainfo.blogspot.com/2018/08/blog-post.html?spref=tw
ഖലീലുല്ലാഹിയുടെ വിളികേട്ട അല്ലാഹുവിന്‍റെ ദാസന്മാര്‍ ഭൂലോകത്തിന്‍റെ മര്‍കസിലേക്ക് വീണ്ടും യാത്ര തുടങ്ങി. സത്യവിശ്വാസിയുടെ ആദര്‍ശത്തിന്‍റെ പാരമ്പര്യം വിളിച്ചറിയിക്കുന്ന കര്‍മ്മത്തിന് വേണ്ടിയാണ് ഈ യാത്ര.! ലോകത്തിന്‍റെ അഷ്ടദിക്കുകളും ഭൂഗോളത്തിന്‍റെ മാതൃഭൂമിയില്‍ വീണ്ടും സംഗമിക്കുന്ന അനര്‍ഘ നിമിഷത്തിനാണ് ഒന്നു കൂടി കാലം സാക്ഷിയാകാന്‍ പോകുന്നത്. അതാണ് ഹജ്ജിന്‍റെ ഒരു പ്രത്യേകതയും.
ഈ കര്‍മ്മത്തിന് നിശ്ചയിക്കപ്പെട്ടിരിക്കുന്ന സ്ഥലവും, സമയവും പ്രവര്‍ത്തനങ്ങളുമെല്ലാം അനുഗ്രഹീതവും, അത്ഭുതങ്ങള്‍ നിറഞ്ഞതുമാണ്. ലോകാത്ഭുതങ്ങളും മനം കവരുന്ന കാഴ്ച്ചകളും കണ്ട് ഹൃദയം കുളിര്‍ത്ത ഒരാളാണ് പരിശുദ്ധ കഅ്ബയുടെ തിരുമുറ്റത്ത് എത്തുന്നതെങ്കിലും അയാളും ഇന്നേവരെ അനുഭവിച്ചിട്ടില്ലാത്ത ആനന്ദമായിരിക്കും അവിടെ അനുഭവിക്കുക.!
اللَّهُمَّ زِدْ
بَيْتَكَ هَذَا تَشْرِيفًا، وَتَعْظِيمًا، وَتَكْرِيمًا، وَبِرًّا، وَمَهَابَةً،
وَزِدْ مَنْ شَرَّفَهُ، وَعَظَّمَهُ مِمَّنْ حَجَّهُ أَوِ اعْتَمَرَهُ تَعْظِيمًا،
وَتَشْرِيفًا، وَتَكْرِيمًا، وَبِرًّا، وَمَهَابَةً
اللَّهُمَّ أَنْت
السَّلَام ومنك السَّلَام رَبنَا بِالسَّلَامِ
അല്ലാഹുവേ, ഈ പുണ്യ ഭവനത്തിന്‍റെ ഔന്നത്യവും, മഹത്വവും, ആദരണീയതയും, ഗാംഭീര്യവും നീ വര്‍ദ്ധിപ്പിക്കേണമേ.! ഹജ്ജിനും, ഉംറക്കുമായി വന്നവരില്‍നിന്ന് അതിനെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തവര്‍ക്ക് ഔന്നത്യവും ആദരണീയവും, മഹത്വവും, പുണ്യവും നീ വര്‍ദ്ധിപ്പിച്ചു കൊടുക്കേണമേ.! അല്ലാഹുവേ, നീയാണ് സമാധാനം.! നിന്നില്‍ നിന്നാണ് സമാധാനം.! നാഥാ, സമാധാനത്തോടെ നീ ഞങ്ങളെ സ്വീകരിച്ചാലും.! എന്ന് ഗാംഭീര്യം നിറഞ്ഞ ആ പുണ്യ ഗേഹത്തെ നോക്കി ഓരോ സെക്കന്‍റിലും നടക്കുന്ന പ്രാര്‍ത്ഥനയുടെ അനന്തരഫലം കഅ്ബ ദര്‍ശിക്കുന്ന ഓരോ വിശ്വാസിയും കണ്ടനുഭവിച്ചറിയുന്നു. കഅ്ബയുടെ തിരുമുറ്റത്ത് എത്തിയ പ്രശസ്ത ചിന്തകന്‍ മുറാദ് ഹോഫ്മാന്‍ എഴുതി. സിനിമയിലൂടെയും ഫോട്ടോഗ്രാഫികളിലൂടെയും പരിചിതമായ വാസ്തു ശില്‍പ മാതൃകകളും പ്രകൃത്യായുളള സ്മാരകങ്ങളുമൊക്കെ ആദ്യമായി നേരില്‍ കാണുമ്പോള്‍ മിക്കപ്പോഴും കടുത്ത നിരാശ അനുഭവപ്പെട്ടേക്കും. സങ്കല്‍പ്പം ഒരിക്കലും യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാറില്ല. ഇവിടെയാകട്ടെ, നേരെ മറിച്ചാണ്.!കഅ്ബയും അതുമായി ബന്ധപ്പെട്ട ഓരോന്നും അങ്ങനെ തന്നെയാണ്. അതെല്ലാം ഹൃദ്യവും ആത്മീയ സുഖം നല്‍കുന്നതുമാണ്.
സ്വര്‍ഗ്ഗത്തില്‍ നിന്ന് ജിബ് രീല്‍ (അ) കൊണ്ടുവരികയും കഅ്ബയുടെ തെക്ക് കിഴക്കേ മൂലയില്‍ സ്ഥാപിക്കപ്പെട്ടതുമായ ഹജറുല്‍ അസ് വദ്.! അതിനെ ചുംബിക്കുന്നവര്‍ക്കും, തൊട്ടുമുത്തുന്നവര്‍ക്കുമൊക്കെ പരലോകത്ത് അത് സാക്ഷിയാകുമെന്ന് റസൂലുല്ലാഹി ﷺ അരുളിയിരിക്കുന്നു.
ഹജറുല്‍ അസ് വദിന്‍റെയും, വാതിലിന്‍റെയും ഇടയിലുളള മുല്‍തസം.! നെഞ്ചും കവിളും ചേര്‍ത്തുവച്ച് പ്രാര്‍ത്ഥിക്കാന്‍ സ്വഹാബാക്കള്‍ മാതൃക കാണിച്ച ഭാഗം.!
കഅ്ബയുടെ ഉളളില്‍പെട്ടതും നിലവില്‍ പുറം ഭാഗത്തുളളതുമായ ഹജര്‍ ഇസ്മാഈല്‍.! കഅ്ബയുടെ ഉളളില്‍ പ്രവേശിക്കുന്നതിന് പകരം അവിടെ പ്രവേശിച്ചാല്‍ മതിയെന്ന് റസൂലുല്ലാഹി ﷺ യുടെ വചനങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു.
മീസാബുര്‍റഹ് മ എന്ന സ്വര്‍ണ്ണപ്പാത്തി.! റഹ് മത്തിന്‍െറ മന്ദമാരുതന്‍ അവിടെ വിശ്വാസിയെ തലോടുന്നു.
തൊട്ടു കൈ ചുംബിക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ട റുക്നുല്‍ യമാനി.!
വ്യക്തമായ ദൃഷ്ടാന്തമെന്നും, മുസ്വല്ല എന്നും ഖുര്‍ആന്‍ വിശേഷിപ്പിച്ച ഇബ്റാഹീം (അ) ന്‍റെ കാല്‍പാടുകള്‍ തെളിഞ്ഞുകാണുന്ന
മഖാമു ഇബ്റാഹീം.!
അനേകം പ്രവാചകന്മാര്‍ വിശ്രമിക്കുന്നു എന്ന് ഇമാം മുജാഹിദ് രേഖപ്പെടുത്തിയ മത്വാഫ്.!
അല്ലാഹുവിന്‍റെ ചിഹ്നം എന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്ന സഫയും മര്‍വയും.!
ലോകാത്ഭുതമായ സംസം.!
കഅ്ബയെ ആവരണം ചെയ്തു നില്‍ക്കുന്ന, ഖുര്‍ആന്‍ ധാരാളമായി എടുത്തു പറയുന്ന അനുഗ്രഹീത മസ്ജിദുല്‍ ഹറാം.!
അതിന്‍റെ ചുറ്റുഭാഗത്തായി അല്ലാഹു പവിത്രമായി പ്രഖ്യാപിച്ച് അടയാളപ്പെടുത്തി നല്‍കിയ ഹറം പ്രദേശം.! സ്വര്‍ഗ്ഗത്തിലെന്നപോലെ, വിശ്വാസികള്‍ക്കല്ലാതെ അവിടെ പ്രവേശനമില്ല. നിര്‍ഭയത്വവും സമാധാനവും അല്ലാഹു വാഗ്ദാനം ചെയ്ത പുണ്യസ്ഥലം.!
അതിനും വെളിയിലായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന മീഖാത്തുകള്‍.! ഹജ്ജ്-ഉംറ ലക്ഷ്യത്തില്‍ പോകുന്നവര്‍ ഇഹ്റാം നിര്‍വ്വഹിച്ച് അല്ലാഹുവിന്‍റെ അതിഥിയായി മാത്രമേ അവിടം കടന്നുപോകാന്‍ പറ്റൂ. മനുഷ്യപിതാവ് ആദമും മാതാവ് ഹവ്വയും ഭൂലോകത്ത് വച്ച് പ്രഥമമായി കണ്ടുട്ടിയ അറഫ.!
മാനവചരിത്രത്തിലെ രണ്ടാം ഘട്ട പ്രവാചകത്വത്തുടക്കക്കാരന്‍ ഖലീലുല്ലാഹി ഇബ്റാഹീം, സ്വന്തം പുത്രന്‍ ഇസ്മാഈലിനെ അല്ലാഹുവിന് ബലി നല്‍കാന്‍ തയ്യാറാകുകയും സാക്ഷാല്‍ പിശാചിനെ എറിഞ്ഞു ഭൂമിയിലേക്ക് ആഴ്ത്തുകയും ചെയ്ത മിന.!
ഇങ്ങനെ മധുരിക്കുന്ന ആദര്‍ശ പശ്ചാത്തലമുളള, അഭൗതിക ലോകവുമായി ഭൂലോകത്തെ കൃത്യമായി ബന്ധിക്കുന്ന, ആദര്‍ശത്തിന്‍റെ പിതൃത്വം ബോധ്യപ്പെടുത്തുന്ന പുണ്യപ്രദേശങ്ങളാണ് ഹജ്ജിന് വേണ്ടി അല്ലാഹു നിശ്ചയിച്ച് തന്നത്.
ഹജ്ജിന്‍റെ കര്‍മ്മങ്ങളും അപ്രകാരമാണ്. ഈ അമലില്‍ പ്രവേശിക്കുന്നയാള്‍ക്ക് അതിന് തൊട്ടു മുമ്പുവരെ ഇബാദത്തുകളില്‍പോലും അനുവദിക്കപ്പെട്ടിരുന്നതും, പ്രതിഫലാര്‍ഹമായതുമായ പല കാര്യങ്ങളും പൂര്‍ണ്ണമായും വെടിയാനുളള ആഹ്വാനം.! പുരുഷന്‍മാര്‍ക്ക് ഇരുവസ്ത്രം മാത്രം.! സുഗന്ധം പൂശരുത്. മുടി, നഖം മുറിക്കരുത്. ഭാര്യ-ഭര്‍തൃ സഹകരണം അരുത്. അതിന് പ്രേരകമായതൊന്നുമായി ബന്ധപ്പെടരുത്.
ഒരു സര്‍വ്വപരിത്യാഗിയെപ്പോലെ ഭൗതികമായ സകലതും വെടിഞ്ഞ് പടച്ചവനെ മാത്രം ലക്ഷ്യമാക്കി അവന്‍റെ ഭവനത്തിലേക്ക് ഒരു യാത്ര.! അടിമ ഉടമയെ കെട്ടിപ്പുണര്‍ന്ന് നിര്‍വൃതി കൊളളുന്നതുപോലെയുളള അനുഭവം.!
ഈ അടിമക്ക് പ്രത്യേക മന്ത്രങ്ങളുണ്ട്. അതാണ് തല്‍ബിയത്ത്.!
لَبَّيْكَ اللَّهُمَّ لَبَّيْكَ، لَبَّيْكَ لَا شَرِيكَ لَكَ، لَبَّيْكَ إِنَّ الْحَمْدَ وَالنِّعْمَةَ لَكَ وَالْمُلْكَ لَا شَرِيكَ لَكَ
യജമാനനായ അല്ലാഹുവേ, അടിയനിതാ ഹാജര്‍; നിന്‍റെ വിളിക്ക് ഉത്തരം ചെയ്ത് അടിമ ഇതാ വന്നിരിക്കുന്നു. നിനക്കാണ് സ്തുതി.! നിനക്കാണ് അനുഗ്രഹം.! നിനക്ക് മാത്രമാണ് അധികാരം.! നിനക്ക് ഒരു പങ്കുകാരനും ഇല്ല തന്നെ.!ഇത് ഈ അടിമക്ക് മാത്രമുളള ദിക്റാണ്. മറ്റാര്‍ക്കും എവിടെയും ഈ പുണ്യ മന്ത്രമില്ല.
ഇബ്നുമസ്ഊദ് (റ) വിവരിക്കുന്നു. റസൂലുല്ലാഹി ﷺ അരുളി:
അല്ലാഹു ഒരു പ്രത്യേക വിഭാഗം മലക്കുകളോട് പറയും: എന്‍റെ അതിഥികളെ ആദരിച്ചാനയിക്കുക, അവര്‍ തല്‍ബിയത്ത് ചൊല്ലിക്കൊണ്ടിതാ വരുന്നു.
കഅ്ബയ്ക്ക് ചുറ്റുമുള്ള ത്വവാഫ്, സഫാ-മര്‍വയുടെ ഇടയിലുളള സഅ് യ്, തലമുടി നീക്കം ചെയ്യല്‍ തുടങ്ങി ഹജ്ജിന്‍റെ മറ്റ് കര്‍മ്മങ്ങളും വ്യത്യസ്തമായതും, ഒരു പാട് പ്രത്യേകതകളുളളതും, ഉടമസ്ഥനെ വല്ലാതെ സന്തോഷിപ്പിച്ച് ഉടമസ്ഥനില്‍ ലയിച്ച് ചേര്‍ന്ന് അവനെ പ്രാപിക്കുന്നതുമായ കര്‍മ്മങ്ങളാണ്. ഈ കര്‍മ്മങ്ങള്‍ക്ക് വേണ്ടി നിശ്ചയിക്കപ്പെട്ട സമയവും അങ്ങനെ തന്നെ.
സത്യത്തിന് വേണ്ടിയാണെങ്കിലും യുദ്ധം ഒരു ഭീകരരംഗമാണ്. മാനവരക്തം ചാലിട്ടൊഴുകുന്ന അത്യന്തം ദാരുണമായ സംഭവങ്ങള്‍ക്ക് സാക്ഷിയാകാന്‍ സാധ്യതയുളള രംഗം. അങ്ങനെയുളള യുദ്ധങ്ങളും, പോരാട്ടങ്ങളും, രക്തച്ചൊരിച്ചിലുമൊക്കെ തടയപ്പെട്ട മാസങ്ങളാണ് ഹജ്ജിന്‍റെ മാസങ്ങള്‍.!
മനുഷ്യന്‍റെ ജന്മ ശത്രുവായ പിശാച് ഏറ്റവും വലിയ നിരാശനാകുന്ന സമയമാണ് ഹജ്ജിന്‍റെ സമയം.! കര്‍മ്മങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന സന്ദര്‍ഭവുമാണ്. ദുല്‍ഹജ്ജിന്‍റെ ആദ്യ പത്ത് ദിനങ്ങളെക്കുറിച്ച് റസൂലുല്ലാഹി ﷺ അരുളി: സല്‍കര്‍മ്മങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന ഇതിനേക്കാള്‍ ശ്രേഷ്ഠമായ മറ്റൊരു സമയവുമില്ല. (ബുഖാരി)
ഹജ്ജിന്‍റെ കര്‍മ്മങ്ങളും, അതിന് നിശ്ചയിക്കപ്പെട്ടിരിക്കുന്ന സമയവും, സ്ഥലവും എല്ലാം അല്ലാഹു ഏറ്റവും ഉയര്‍ന്നതും ഔന്നത്യമുളളതുമാക്കി. അതുകൊണ്ടുതന്നെ അതിന്‍റെ പ്രതിഫലവും അങ്ങനെ തന്നെയാണ്.
അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) വിവരിക്കുന്നു. റസൂലുല്ലാഹി ﷺ അരുളി : ഹജ്ജും ഉംറയും നിങ്ങള്‍ ഒരുമിച്ച് അനുഷ്ഠിക്കുക. കാരണം അവ രണ്ടും ഇരുമ്പിന്‍റെയും, സ്വര്‍ണ്ണത്തിന്‍റെയും, വെളളിയുടെയും കീടത്തെ, ഉല നീക്കം ചെയ്യുന്നതുപോലെ ദാരിദ്ര്യവും, പാപവും നീക്കം ചെയ്യും. മബ്റൂറായ ഹജ്ജിന് സ്വര്‍ഗ്ഗമല്ലാതെ പ്രതിഫലമില്ല. (നസാഈ, തിര്‍മിദി)
പുണ്യ ഹജ്ജ് കര്‍മ്മത്തിന് വേണ്ടി ലോകത്തിന്‍റെ എല്ലാ ഭാഗത്തുമുളള വിശ്വാസികള്‍ വീണ്ടും ഒന്നിച്ചു സമ്മേളിക്കുമ്പോള്‍ ഒരിക്കല്‍ കൂടി ഉത്തമ സമുദായം വീണ്ടും കരുത്താര്‍ജ്ജിക്കുന്നു. ഈ വര്‍ഷത്തെ പുണ്യ ഹജ്ജും അല്ലാഹു ആ അര്‍ത്ഥത്തില്‍ തന്നെ ഫലപ്രദമാക്കട്ടെ. അല്ലാഹുവിന്‍റെ അതിഥികള്‍ക്ക് സര്‍വ്വ മംഗളങ്ങളും.!
*ഹജ്ജ്-ഉംറ:*
സന്ദേശങ്ങള്‍ക്ക്
*Swahaba Islamic Media*
എന്ന വാട്സ്അപ് ഗ്രൂപ്പില്‍
അംഗമാവുകയോ ഞങ്ങളുടെ
*ഫേസ്ബുക്*
https://www.facebook.com/ swahaba islamic foundation
അല്ലെങ്കില്‍
*ബ്ലോഗ്*
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്. ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട് ടെ.!
പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
*എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
ആശംസകളോടെ...
*സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍*
No comments:
Post a Comment