ബലിയും ബലി പെരുന്നാളും
- ഹാഫിസ് യൂസുഫ് മൗലവി അല്‍കൗസരി കാഞ്ഞാര്‍
http://swahabainfo.blogspot.com/2018/08/blog-post_65.html?spref=tw
അല്ലാഹുവിന്‍റെ മഹത്തായ അനുഗ്രഹത്തിലും ഔദാര്യത്തിലും പെട്ടതാണ്, തന്‍റെ ദാസന്‍മാര്‍ക്ക് സല്‍ക്കര്‍മ്മങ്ങള്‍ക്ക് കൂടുതല്‍ പ്രതിഫലം നല്‍കുന്നതിനുവേണ്ടി അവന്‍ പ്രത്യേക കാലവും സമയവും നിര്‍ണ്ണയിച്ചു തന്നിരിക്കുന്നു എന്നുളളത്. അത്തരത്തിലുളള പ്രത്യേക പുണ്യകാലങ്ങളില്‍ പെട്ടതാണ് ദുല്‍ഹജ്ജ് മാസത്തിലെ ബലികര്‍മ്മം ഉള്‍പ്പെടുന്ന ആദ്യ പത്ത് ദിനരാത്രങ്ങള്‍. പ്രസ്തുത ദിവസങ്ങള്‍ക്കുളള മഹത്വങ്ങളും ശ്രേഷ്ഠതകളും വിവരിക്കുന്ന അനേകം വചനങ്ങള്‍ വിശുദ്ധ ഖുര്‍ആനിലും പ്രവാചക വചനങ്ങളിലും കണ്ടെത്താവുന്നതാണ്.ബലിദിനം
ഇന്ന് ആളുകള്‍ വേണ്ടത്ര പ്രാധാന്യം കൊടുത്തു കാണാത്തതും, എന്നാല്‍ ദുല്‍ഹജ്ജ് മാസത്തിലെ വളരെ മഹത്വമുളളതുമായ ഒരു ദിവസമാകുന്നു ബലിദിനം. ദിവസങ്ങളില്‍ ഏറ്റവും മഹത്വമുളള ദിവസം ബലിദിവസം (ദുല്‍ഹജ്ജ് 10) ആകുന്നു എന്ന് വ്യക്തമാക്കിക്കൊണ്ട് ഇമാം അബൂദാവൂദ് തന്‍റെ സുനനില്‍ ഇപ്രകാരം ഒരു ഹദീസ് റിപ്പോര്‍ട്ടു ചെയ്യുന്നത് കാണാം. څڅഅല്ലാഹുവിങ്കല്‍ ഏറ്റവും ശ്രേഷ്ഠമായ ദിനം ബലിദിനവും പിന്നെ ജനങ്ങള്‍ മിനായില്‍ കഴിച്ചുകൂട്ടുന്ന ദിനവുമാണ്.(അബൂദാവൂദ്) അത് കൊണ്ട് ദുല്‍ഹജ്ജ് 10 ആഘോഷങ്ങള്‍ക്കായി മാത്രം മാറ്റിവെക്കാതെ, ആരാധനകളും പുണ്യകര്‍മ്മങ്ങളും കൂടി നിര്‍വ്വഹിക്കുവാന്‍ ശ്രദ്ധിക്കണമെന്ന് ഓര്‍മ്മപ്പെടുത്തുന്നു.
ഉദ്ഹിയ
ദുല്‍ഹജ്ജ് 10 ബലിദിനം യൗമുന്നഹ്ര്‍ എന്ന് പ്രവാചക(സ) ഹദീസിലൂടെ വ്യക്തമാക്കിയതില്‍ നിന്നു തന്നെ, അന്ന് നിര്‍വ്വഹിക്കാനുളള പ്രധാനപ്പെട്ട കര്‍മ്മം ബലികര്‍മ്മം (ഉദ്ഹിയ്യത്ത്) ആണെന്ന് മനസ്സിലാക്കാവുന്നതാണ്. നബി(സ) പറഞ്ഞു: കഴിവുണ്ടായിരുന്നിട്ടും ഉദ്ഹിയ്യത്ത് നിര്‍വ്വഹിക്കാത്തവര്‍ നമ്മുടെ പെരുന്നാള്‍ നമസ്കാര സ്ഥലത്തേക്ക് പോലും അടുക്കേണ്ടതില്ല. (അഹ്മദ്, ഇബ്നുമാജ). അത്തരക്കാര്‍ക്ക്, സ്വന്തം മകനെ അല്ലാഹുവിന്‍റെ പ്രീതിക്കായി ബലിയറുക്കാന്‍ സന്നദ്ധനായ ഖലീലുല്ലാഹി ഇബ്റാഹീം നബിയുടേയും കുടുംബത്തിന്‍റേയും ചരിത്രം അയവിറക്കി പെരുന്നാള്‍ ആഘോഷിക്കാന്‍ പോലും അര്‍ഹതയില്ല. വര്‍ഷത്തില്‍ ഒരു തവണ മാത്രമാണ് നമ്മോട്, നമുക്ക് ആയുസ്സും ജോലിയെടുക്കാനും സമ്പാദിക്കാനുമെല്ലാം കഴിവും സൗകര്യങ്ങളും നല്‍കി അനുഗ്രഹിച്ച അല്ലാഹു, ഇങ്ങിനെയൊരു കാര്യം ആവശ്യപ്പെടുന്നത്! എന്നിട്ടും അത് അവഗണിച്ച് അതില്‍ നിന്നും തിരിഞ്ഞുകളയുന്നു.!? ചിന്തിക്കുക.
പലപ്പോഴും ഐഹികജീവിതത്തിന് പോലും യാതൊരു ഉപകാരവുമില്ലാത്ത വിഷയങ്ങളില്‍ ഓരോ വര്‍ഷവും നാം എത്രപണം അനാവശ്യമായി നശിപ്പിച്ചുകളയുന്നു? അത് കൊണ്ട് ഇപ്പോള്‍ തന്നെ ഒരു തീരുമാനമെടുക്കുക, ഒരു നിശ്ചിത സംഖ്യ ഞാന്‍ ഉദുഹിയ്യത്തിനായി മാറ്റിവെച്ച്, തഖ്വയുളളവനായി ജീവിച്ച്, തനിക്കും തന്നെ ആശ്രയിച്ച് ജീവിക്കുന്ന തന്‍റെ കുടുംബത്തിനും മറ്റും വിശ്വാസികളോടൊപ്പം പെരുന്നാള്‍ ആഘോഷിക്കാവാനും, ഞാന്‍ മുസ്ലിംകളില്‍ പെട്ടവനാണ് എന്ന പ്രതിജ്ഞ യാഥാര്‍ത്ഥമാക്കി ജീവിക്കുവാനും തയ്യാറെടുക്കുക.
പങ്ക് ചേര്‍ന്നു അറുക്കാം
മാട് വര്‍ഗ്ഗത്തില്‍ ഏഴ് പേര്‍ക്ക് വരെ പങ്ക്ചേര്‍ന്ന് അറുക്കുവാന്‍ ഇസ്ലാം സൗകര്യം ചെയ്തു തന്നിരിക്കുന്നു. എന്നിട്ടെങ്കിലും ഈ പുണ്യകര്‍മ്മത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കെടുക്കാന്‍ കഴിയുന്നതിന് വേണ്ടിയത്രെ ഇത്. എന്നാല്‍ ആടില്‍ ഒന്നിലധികം ആളുകള്‍ക്ക് പങ്ക്ചേരാവതല്ല. അതുപോലെ ഒരാള്‍ക്ക് ഒരു മൃഗത്തെ തന്നെ, തനിക്കും തന്‍റെ കുടുംബത്തിനും കൂടി അറുക്കാവുന്നതാണ്. അബൂഅയ്യൂബുല്‍ അന്‍സ്വാരി(റ)യില്‍ നിന്നും ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്യുന്നു: നബി(സ)യുടെ കാലത്ത് ഒരാള്‍ തനിക്കും തന്‍റെ വീട്ടുകാര്‍ക്കും കൂടി ഒരാടിനെ ബലിയറുക്കുകയും, അവരതില്‍ നിന്ന് ഭക്ഷിക്കുകയും മറ്റുളളവരെ ഭക്ഷിപ്പിക്കുകയും ചെയ്യുമായിരുന്നു.چچ (ഇബ്നുമാജ, തുര്‍മുദി)
മൃഗത്തിന്‍റെ സ്വഭാവം
കഴിവതും തടിച്ചുകൊഴുത്തതും ആരോഗ്യമുളളതും വൈകല്യങ്ങള്‍ ഇല്ലാത്തതുമായ നല്ലയിനം മൃഗമായിരിക്കണം ഉദുഹിയ്യത്തിനായി തിരഞ്ഞെടുക്കേണ്ടത് എന്ന് ഹദീസുകളില്‍ കാണാവുന്നതാണ്. നബി(സ) പറഞ്ഞു: څڅകണ്ണിന് തകരാറുകളുളളത്, രോഗം പ്രകടമായത്, മുടന്തുകാലുളളത്, മെലിഞ്ഞു കൊഴുപ്പൊക്കെ നശിച്ചത് എന്നീ നാലു തരം മൃഗങ്ങളെ ബലിയറുക്കല്‍ അനുവദനീയമല്ല. (അഹ്മദ്)
അറുക്കേണ്ട സമയം
പെരുന്നാള്‍ നമസ്കാര ശേഷം മാത്രമേ അറുക്കല്‍ അനുവദിക്കപ്പെടുന്നുളളൂ. നബി(സ) പറഞ്ഞു, ഈ ദിവസത്തില്‍ ആദ്യമായി നാം നിര്‍വ്വഹിക്കുന്നത് നമസ്കാരമാണ്. പിന്നെ നാം മടങ്ങുകയും ബലിയറുക്കുകയും ചെയ്യും. ഇങ്ങിനെ ആരെങ്കിലും നമസ്കാരത്തിനു മുമ്പ് അറുത്താല്‍ അത് തന്‍റെ വീട്ടുകാര്‍ക്ക് മാംസത്തിനു വേണ്ടി മാത്രമായിരിക്കും. ഉദുഹിയ്യത്തില്‍ അതുള്‍പ്പെടുന്നതല്ല. (മുസ്ലിം) ദുല്‍ഹജ്ജ് 10 ന് യൗമുന്നഹ്ര്‍ ബലിദിനം എന്ന് പേര് നല്‍കപ്പെട്ടതിനാല്‍ പ്രസ്തുതദിനം തന്നെയാണ് അറവിന്നേറ്റവും ഉത്തമമായത് എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ അയ്യാമുത്തശ്രീഖ് എന്നറിയപ്പെടുന്ന ദുല്‍ഹജ്ജ് 11,12,13 എന്നീ ദിവസങ്ങളിലും അറുക്കുന്നതിന് വിരോധമില്ല.
മാംസവിതരണം
അവയുടെ (നിങ്ങള്‍ അറുക്കുന്ന മൃഗത്തിന്‍റെ) മാംസങ്ങളോ രക്തമോ അല്ലാഹുവിങ്കല്‍ എത്തുന്നതല്ല. എന്നാല്‍ നിങ്ങളുടെ തഖ്വ (ധര്‍മ്മനിഷ്ഠ)യാണ് അവന്‍റെയടുത്ത് എത്തുന്നത്. (ഖുര്‍ആന്‍ 22:37) മാംസം വിതരണം ചെയ്യുന്നതിന് പ്രത്യേക അനുപാതമോ പരിധിയോ നിശ്ചയിക്കപ്പെട്ടില്ല. ബലിയെ സംബന്ധിച്ച് പറയുന്നിടത്ത് വിശുദ്ധ ഖുര്‍ആന്‍ ഇപ്രകാരം വ്യക്തമാക്കുന്നുണ്ട്. ആ ബലിയൊട്ടകങ്ങള്‍ പാര്‍ശ്വങ്ങളില്‍ വീണുകഴിഞ്ഞാല്‍ അവയില്‍ നിന്ന് നിങ്ങള്‍ ഭക്ഷിക്കുകയും (യാചിക്കാതെ) സംതൃപ്തിയടയുന്നവനും ആവശ്യപ്പെട്ടു വരുന്നവനും നിങ്ങള്‍ ഭക്ഷിപ്പിക്കുകയും ചെയ്യുക. (ഹജ്ജ്:36) മറ്റൊരിടത്ത്, നിങ്ങള്‍ അതില്‍ നിന്ന് ഭക്ഷിക്കുകയും പരവശനും ദരിദ്രനുമായിട്ടുളളവന് ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക. (ഹജ്ജ്: 28) ഇവിടെ നല്‍കപ്പെടേണ്ടവര്‍, പാവപ്പെട്ടവര്‍, യാചിച്ചുവരുന്നവര്‍ എന്ന് മാത്രമാണ് ഖുര്‍ആന്‍ പറഞ്ഞിട്ടുളള നിബന്ധനകള്‍. അപ്രകാരം, നിങ്ങള്‍ തിന്നുക, ദാനം ചെയ്യുക. സൂക്ഷിക്കുക, (തുര്‍മുദി) എന്നുമാത്രമാണ് ഹദീസുകളിലും വന്നിട്ടുളളത്. ഇവിടെയെല്ലാം നിരുപാധികമായ പദങ്ങള്‍ ഉപയോഗിച്ചിട്ടുളളതിനാല്‍, അല്‍പം ഭക്ഷിക്കാന്‍ എടുക്കുകയും ബാക്കി ആവശ്യക്കാര്‍ക്കും, ദരിദ്രര്‍ക്കും വിതരണം ചെയ്യുകയുമാണ് വേണ്ടത് എന്നാണ് വ്യക്തമാകുന്നത്.
അറവുകാരന് കൂലിയെന്നനിലക്ക് മാംസമോ, മൃഗത്തിന്‍റെ തോലോ നല്‍കരുതെന്ന് പ്രത്യേകം ഹദീസുകളില്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. അലി(റ)പറയുന്നു: നബി(സ) തന്‍റെ ഒട്ടകത്തിന്‍റെ കാര്യം നിര്‍വ്വഹിക്കാനും, അതിന്‍റെ മാംസവും തോലും അതിന്മേലുളള വിരിപ്പും ദാനം ചെയ്യുവാനും എന്നോട് കല്‍പ്പിച്ചു. അതില്‍ നിന്ന് ഒരു വസ്തുവും അറവുകാര്‍ക്ക് കൂലിയായി നല്‍കരുതെന്നും കല്‍പ്പിച്ചു. ഞങ്ങള്‍ അവര്‍ക്ക് കൂലിയായി വേറെ സ്വന്തമായി നല്‍കുകയാണ് ചെയ്തിരുന്നത്. (ബുഖാരി, മുസ്ലിം) ഇക്കാര്യം നാമും നമ്മുടെ സമയത്ത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
അറുക്കുന്നവര്‍ ശ്രദ്ധിക്കേണ്ടത്
ഉദ്ഹിയ്യത്ത് കര്‍മ്മം ഉദ്ദേശിക്കുന്നവര്‍ ദുല്‍ഹജ്ജ് മാസം പിറന്നു കഴിഞ്ഞാല്‍ തന്‍റെ ശരീര ഭാഗങ്ങളില്‍ നിന്ന് രോമങ്ങള്‍ നീക്കം ചെയ്യുവാനോ നഖം മുറിക്കുവാനോ പാടുളളതല്ല. ഉമ്മുസല്‍മ:(റ)യില്‍ നിന്ന്; നബി(സ) പറഞ്ഞു: നിങ്ങളില്‍ ആരെങ്കിലും ഉദുഹിയ്യത്ത് ഉദ്ദേശിക്കുന്നുവെങ്കില്‍ ദുല്‍ഹജ്ജ് മാസപ്പിറവി കണ്ട് കഴിഞ്ഞാല്‍ അറവു നടത്തുന്നത് വരെ അവന്‍റെ ശരീരത്തില്‍നിന്ന് മുടികളും നഖങ്ങളും നീക്കം ചെയ്യുന്നത് നിര്‍ത്തിവെക്കേണ്ടതാണ്. (മുസ്ലിം)
കഴിവതും സ്വന്തമായിതന്നെ അറുക്കലാണ് ഏറ്റവും ഉത്തമം. അതിന് പ്രയാസമുളളവര്‍ അറവു നടത്തുന്നിടത്ത് ഹാജരാകുവാനെങ്കിലും ശ്രദ്ധിച്ചിരിക്കണം. അറവിന് സാധാരണ അറവിനുളള നിയമങ്ങള്‍ ഇവിടെയും പാലിക്കപ്പെടേണ്ടതാണ്. അറുക്കുമ്പോള്‍ څബിസ്മില്ലാഹി വല്ലാഹുഅക്ബര്‍چ എന്ന് പറഞ്ഞ് കൊണ്ടായിരിക്കണം അറുക്കേണ്ടത്. പ്രവാചകന്‍(സ) അപ്രകാരമായിരുന്നു നിര്‍വ്വഹിച്ചിരുന്നത്. കൂടാതെ അറവിന് ശേഷം നബി(സ) ബലിയറുത്തപ്പോള്‍ څഅല്ലാഹുമ്മ തഖബ്ബല്‍ മിന്‍ മുഹമ്മദിന്‍چ (അല്ലാഹുവേ മുഹമ്മദില്‍ നിന്നും ഇത് നീ സ്വീകരിക്കേണമേ) എന്ന് പ്രാര്‍ത്ഥിച്ചതായി മുസ്ലിമും അബൂദാവുദും റിപ്പോര്‍ട്ടു ചെയ്തിട്ടുളളതിനാല്‍ നാമും അല്ലാഹുമ്മ തഖബ്ബല്‍ മിന്നീ (നാഥാ എന്നില്‍ നിന്നും ഇത് നീ സ്വീകരിക്കേണമേ) എന്നോ അതല്ലങ്കില്‍ നമ്മുടെ പേര് പറഞ്ഞോ പ്രാര്‍ത്ഥിക്കുന്നത് ഉത്തമമാണ്.
നാമും ഒരുങ്ങുക
സഹോദരങ്ങളേ, മേല്‍പറഞ്ഞ നല്ല നാളുകളിലേക്കടുക്കുമ്പോള്‍ പുണ്യം നേടാനുളള ആവേശവും ആത്മാര്‍ത്ഥതയും നമ്മുടെ ഭാഗത്ത് നിന്നുമുണ്ടാകുമ്പോള്‍ മാത്രമേ നമുക്കത് പ്രതീക്ഷിക്കാനും നേടിയെടുക്കാനും കഴിയുകയുളളൂ. അത്കൊണ്ട് ഒന്നാമതായി നാം നമ്മുടെ മനസ്സ് നന്നാക്കുക. കാരണം തെറ്റുകളില്‍ നിന്നും മുക്തി നേടി പാപരഹിത മനസ്സുമായിട്ടായിരിക്കണം നാം എപ്പോഴും കഴിയേണ്ടത്. അതാകുന്നു അല്ലാഹു ഇഷ്ടപ്പെടുന്ന മാര്‍ഗ്ഗം. അല്ലാഹു പറയുന്നു. څڅനമ്മുടെ മാര്‍ഗ്ഗത്തില്‍ പരിശ്രമിക്കുന്നവരാരോ അവരെ നാം നമ്മുടെ നേര്‍മാര്‍ഗ്ഗത്തിലേക്ക് നയിക്കുക തന്നെ ചെയ്യും. നിശ്ചയമായും അല്ലാഹു സദ്വൃത്തരോടൊപ്പവുമായിരിക്കും.چچ(ഖുര്‍ആന്‍ 29: 69)
അതിനാല്‍ നമുക്കുമൊരുങ്ങാം, തഖ് വയുളളവരായിത്തീരാന്‍, സ്വര്‍ഗ്ഗം നേടിയെടുക്കാന്‍. څڅനിങ്ങള്‍ ധൃതി കാണിക്കുക, ആകാശഭൂമികളോളം വിശാലമായതും മുത്തഖീങ്ങള്‍ക്ക് ഒരുക്കിവെച്ചിട്ടുളളതുമായ സ്വര്‍ഗ്ഗത്തിലേക്കും നിങ്ങളുടെ നാഥനില്‍ നിന്നുളള പാപമോചനത്തിലേക്കുംچچ (ഖുര്‍ആന്‍ 3: 133)
വിജയികളെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത് കാണുക; തീര്‍ച്ചയായും അവര്‍ നന്മയില്‍ ധൃതികാണിക്കുകയും, (സ്വര്‍ഗ്ഗത്തെ) ആഗ്രഹിച്ചുകൊണ്ടും (നരകത്തെ) പേടിച്ചുകൊണ്ടും നമ്മോടു പ്രാര്‍ത്ഥിക്കുകയും, നമ്മോട് ഭക്തി കാണിക്കുകയും ചെയ്യുന്നവരായിരുന്നു. (സൂറ: അന്‍ബിയാഅ്: 90)
മഹാനായ ഖലീലുല്ലാഹി ഇബ്റാഹീം നബിയുടെയും കുടുംബത്തിന്‍റെയും ത്യാഗനിര്‍ഭരമായ ചരിത്രമയവിറക്കി ഒരിക്കല്‍കൂടി പെരുന്നാള്‍ ആഘോഷിക്കാന്‍ അവസരം ലഭിച്ച നമുക്കൊന്നായി അല്ലാഹുവിനെ വാഴ്ത്താം. څഅല്ലാഹു അക്ബര്‍.. വലില്ലാഹില്‍ ഹംദ് നാഥന്‍റെ പ്രഖ്യാപനം ജീവിതത്തില്‍ പകര്‍ത്താന്‍ നമുക്കീ അവസരത്തില്‍ പ്രതിജ്ഞയെടുക്കാം. തീര്‍ച്ചയായും ഇബ്റാഹീമിലും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നവരിലും നിങ്ങള്‍ക്ക് ഉത്തമമായ മാതൃകയുണ്ട്. അവര്‍ തങ്ങളുടെ ജനതയോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം, തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്, നിങ്ങളെ ഞങ്ങള്‍ നിഷേധിക്കുകയും ചെയ്യും. (ഖുര്‍ആന്‍ 60: 4) അതെ, വ്യക്തമായ ആദര്‍ശ പ്രഖ്യാപനം! തൗഹീദിന്‍റെ കാഹളം മുഴക്കല്‍! സമുദായം ഭിന്നിക്കുമല്ലൊ, ശത്രുക്കളാകുമല്ലൊ എന്ന ചിന്തക്ക് ഇസ്ലാമിക പ്രബോധന രംഗത്ത് സ്ഥാനമില്ലെന്ന് പഠിപ്പിക്കുന്നു. എത്ര മഹനീയമാണ് ആ പാത! നമുക്കും അതേറ്റുപാടാം അതിലൂടെ മാത്രം സഞ്ചരിക്കാം. ആ മഹാനവര്‍കളുടെയും കുടുംബത്തിന്‍റെയും മാര്‍ഗ്ഗത്തില്‍ തൗഹീദി പ്രബോധനത്തിനായി, നമുക്ക് പ്രിയപ്പെട്ടതെന്തും ബലിയര്‍പ്പിക്കുവാനായി പ്രതിജ്ഞയെടുക്കാം. അതിനായി പ്രാര്‍ത്ഥിക്കാം!
പെരുന്നാള്‍ ആനന്ദിക്കുവാനും ആഘോഷിക്കുവാനുമുളളതാണ്. എന്നാല്‍ അതോടൊപ്പം അത് ആരാധനയും കൂടിയാണെന്നത് മറക്കാതിരിക്കുക. സന്തേഷാവസരങ്ങളില്‍ പോലും വിശ്വാസികള്‍ മുഴക്കേണ്ട ശബ്ദം څലാ ഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്چ എന്നതായിരിക്കണം. അത് പോലെ ഏകഇലാഹീ വിശ്വാസ പ്രചരണത്തിന് ഇബ്റാഹീം നബിയും ഇസ്മാഈല്‍ നബിയും(അ) വരിച്ച ത്യാഗ ചരിത്രമനുസ്മരിക്കുന്ന സന്ദര്‍ഭത്തിലാണ് നാമുളളത്.
അപ്രകാരം ലക്ഷക്കണക്കിന് മുസ്ലിം സഹോദരങ്ങള്‍ ലോകത്തിന്‍റെ നാനാ ഭാഗങ്ങളില്‍ നിന്നുമായി അറഫയിലും മിനായിലും മുസ്ദലിഫയിലും സമ്മേളിക്കുകയും അല്ലാഹുവിനെ വാഴ്ത്തുകയും ചെയ്തുകൊണ്ടിരിക്കുമ്പോള്‍, പെരുന്നാളാണെന്ന് കരുതി എന്തും പ്രവര്‍ത്തിക്കുവാനോ, മറ്റു മതാനുയായികളുടെ സംസ്കാരങ്ങള്‍ കടമെടുത്ത് പെരുന്നാള്‍ ആഘോഷിക്കുവാനോ ഇസ്ലാം അനുവദിക്കുന്നില്ല. പെരുന്നാളല്ലാത്ത സമയങ്ങളില്‍ ഹറാമായതെന്തും പെരുന്നാള്‍ സ്പെഷ്യലായി ഹലാലാകുന്നില്ലെന്നത് പ്രത്യേകം ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നു.
പെരുന്നാള്‍ നബിചര്യയില്‍
1. അറഫാദിവസം പ്രഭാതംമുതല്‍ അയ്യാമുത്ത ശ്രീഖിന്‍റെ അവസാന ദിവസം അസര്‍ വരെയാണ് തക്ബീര്‍ ചൊല്ലല്‍ നിശ്ചയിക്കപ്പെട്ട സമയം. അത് പളളികളിലും അങ്ങാടികളിലും വഴികളിലുമെല്ലാം വച്ച് ചൊല്ലാവുന്നതാണ്.
2. പെരുന്നാള്‍ ദിവസങ്ങളില്‍ കുളിച്ച് സുഗന്ധം പൂശി നല്ല വസ്ത്രങ്ങള്‍ അണിയുക.
3. പെരുന്നാള്‍ നമസ്കാര സ്ഥലത്തേക്ക് പോകുന്നതും, വരുന്നതും കഴിവതും നടന്നുകൊണ്ടും വേറെ വേറെ വഴികളിലൂടെ ആയിരിക്കലുമാണ് നബിചര്യ.
4. വിശ്വാസികളുടെ ആഘോഷവും ആരാധനയില്‍ അധിഷ്ഠിതമാണ്. പെരുന്നാള്‍ ദിവസത്തെ ഏറ്റവും പ്രധാന ആരാധന പെരുന്നാള്‍ നമസ്കാരം തന്നെയാണ്.
5. എന്നും മനസ്സുകള്‍ക്ക് കടിഞ്ഞാണിട്ട് വരിഞ്ഞുമുറുക്കണമെന്ന് മതം അനുശാസിക്കുന്നില്ല. അതു കൊണ്ട് നിഷിദ്ധമല്ലാത്തതും ഉപകാരപ്രദവുമായ വിനോദങ്ങള്‍ സംഘടിപ്പിച്ച് നമ്മുടെ യുവാക്കളേയും കുട്ടികളെയും, വൃത്തികേടുകളിലേക്കും മറ്റു തെറ്റായ മാര്‍ഗ്ഗത്തിലേക്കും തെറ്റിപ്പോകുന്നത് കടിഞ്ഞാണിടാന്‍ ഇന്നു നാം ഏറെ ശ്രദ്ധിക്കേണ്ടതാണ്.
6. ദാന ധര്‍മ്മങ്ങള്‍ അധികരിപ്പിക്കല്‍, കുടുംബ സന്ദര്‍ശനം, മറ്റു മതസ്ഥരുമായുളള സൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കല്‍ എന്നിവക്കും ഇത്തരം സുദിനങ്ങള്‍ ഉപയോഗപ്പെടുത്തേണ്ടതാണ്.
7. അപ്രകാരം തന്നെ, പല കാരണങ്ങളാലും പെരുന്നാളുകളില്‍ പോലും സന്തോഷിക്കുവാനും ആഹ്ലാദിക്കാനും അവസരങ്ങളില്ലാതെ കഴിഞ്ഞുകൂടുന്ന നമ്മുടെ സഹോദരങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കാനെങ്കിലും നാമീ പുണ്യസുദിനങ്ങളില്‍ മറന്നുപോകരുത്.
പടച്ചവന്‍ പുണ്യ ദിനങ്ങളേയും പെരുന്നാളിനേയും വരവേല്‍ക്കുവാനും അവനിഷ്ടപ്പെടുന്ന പുണ്യകര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുവാനും നമുക്ക് തൗഫീഖ് നല്‍കട്ടെ.
No comments:
Post a Comment