Monday, August 13, 2018

നന്മ നിറഞ്ഞ ഹജ്ജ്: ഇബ്റാഹീമീ മില്ലത്തിന്‍റെ അടിത്തറ.! - മൗലാനാ സയ്യിദ് മുഹമ്മദ് സുലൈമാന്‍ നദ് വി


നന്മ നിറഞ്ഞ ഹജ്ജ്: 
ഇബ്റാഹീമീ മില്ലത്തിന്‍റെ അടിത്തറ.! 
- മൗലാനാ സയ്യിദ് മുഹമ്മദ് സുലൈമാന്‍ നദ് വി 
http://swahabainfo.blogspot.com/2018/08/blog-post_29.html?spref=tw 

ഇസ് ലാമിലെ ഇബാദത്തിന്‍റെ പ്രധാന ഘടകമാണ് ഹജ്ജ്. ഉദ്ദേശിക്കുക എന്നാണ് വാക്കര്‍ത്ഥം. വിശുദ്ധ മക്കയിലെത്തി കഅ്ബയെ പ്രദക്ഷിണം നടത്തുകയും അവിടെയുള്ള പുണ്യസ്ഥലങ്ങളില്‍ സന്നിഹിതനായി നിശ്ചയിക്കപ്പെട്ട കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുകയും അതുദ്ദേശിച്ചു പുറപ്പെടുകയുമാണ് ഹജ്ജ് കൊണ്ട് വിവക്ഷിക്കുന്നത്.
ബലി: ഇബ്റാഹീമീ മില്ലത്ത്
ഇബ്റാഹീമീ മില്ലത്തിന്‍റെ അടിത്തറ ബലിയായിരുന്നു എന്ന് ഖൂര്‍ആന്‍ പ്രഖ്യാപിക്കുന്നുണ്ട്. ഇബ്റാഹീം (അ) ന്‍റെ രിസാലത്തിന്‍റെ സവിശേഷതകൂടിയാണത്. പ്രസ്തുത ത്യാഗത്തിനും പരീക്ഷണത്തിനും സമ്പൂര്‍ണ്ണമായി സന്നദ്ധമായപ്പോഴാണ് ഖലീലുല്ലാഹിയുടെയും സന്തതികളുടെയും മേല്‍ അല്ലാഹു അളവറ്റ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചത്. ഇബ്റാഹീം (അ) ന്‍റെ ബലി കേവലം രക്തത്തിന്‍റെയും മാംസത്തിന്‍റേതുമായിരുന്നില്ല. ആത്മാവിന്‍റെയും ഹൃദയത്തിന്‍റെയും ബലിയായിരുന്നു. സകലതിനോടുമുള്ള സ്നേഹത്തെ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ബലിയര്‍പ്പിക്കലായിരുന്നു. തനിക്കേറ്റവും പ്രിയപ്പെട്ടതിനെ അല്ലാഹുവിന് വേണ്ടി സമര്‍പ്പിക്കലായിരുന്നു. അല്ലാഹുവിനോടുള്ള അനുസരണയുടെ പൂര്‍ണ്ണ പ്രകടനമായിരുന്നു അത്. അല്ലാഹുവിന്‍റെ മുന്‍പില്‍ തന്‍റെ മുഴുവന്‍ ആഗ്രഹങ്ങളും അഭിലാഷങ്ങളും അടിയറ വെക്കുക, ഇലാഹിയായ കല്‍പ്പനക്കു മുന്‍പില്‍ തന്‍റെ സകല താല്പര്യങ്ങളും പരിത്യജിക്കുക. അതായിരുന്നു ആ ബലി. അതിനെ പ്രതിനിധീകരിക്കുന്നതാണ് മൃഗബലി.
ഇസ് ലാം സമര്‍പ്പണമാണ് 
സ്വന്തത്തെ സമര്‍പ്പിക്കുക, സമ്പൂര്‍ണ്ണമായി അനുസരിക്കുക എന്നൊക്കെയാണ് ഇസ് ലാമിന്‍റെ അര്‍ത്ഥം.  ഇതാണ് ഇബ്റാഹീമി (അ) ന്‍റെയും ഇസ്മാഈലി (അ) ന്‍റെയും ബലിയര്‍പ്പണത്തില്‍ പ്രകടമായി കണ്ടത്. ആ പിതാവും പുത്രനും കാണിച്ച അനുസരണത്തിന്‍റെയും കീഴ്പ്പെടലിന്‍റെയും വികാരത്തെ ഖുര്‍ആന്‍ ഇസ്ലാം എന്ന വാക്കുകൊണ്ടാണ് പരിചയ പ്പെടുത്തിയത്. ("അവരിരുവരും മുസ്ലിമാവുകയും (കീഴ്വഴങ്ങു കയും) പിതാവ് പുത്രനെ നെറ്റിമേല്‍ ചരിച്ച് കിടത്തുകയും ചെയ്തപ്പോള്‍") സ്വന്തത്തെ അല്ലാഹുവിലര്‍പ്പിക്കുകയും അവന്‍റെ മുന്നില്‍ ശിരസ്സ് കുനിക്കുകയും ചെയ്യുക എന്ന അതേ ഇസ് ലാമാണ് ഇബ്റാഹീമീ മില്ലത്തിന്‍റെ അടിത്തറ. ഇസ് ലാമിന്‍റെ അര്‍ത്ഥവും അതു തന്നെയാ ണല്ലോ.
ഹജ്ജ്: ഇബ്റാഹീം (അ) ന്‍റെ മാര്‍ഗ്ഗം 
പുത്രന്‍ ഇസ്മാഈലിനെ ബലി കൊടുക്കുന്നു എന്ന് ഇബ്റാഹീം (അ) ന് സ്വപ്നദര്‍ശനമുണ്ടായി. അത് സാക്ഷാത്കരിക്കാന്‍ മക്കയുടെ മലമടക്കില്‍ വെച്ച് പൊന്നുമകന്‍റെ കഴുത്തില്‍ കത്തിയമര്‍ത്താന്‍ അദ്ദേഹം സന്നദ്ധനായി. അപ്പോള്‍ അതാ അദ്ദേഹം ഒരശരീരി കേള്‍ക്കുന്നു: "ഹേ ഇബ്റാഹീം, തീര്‍ച്ചയായും നീ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു. തീര്‍ച്ചയായും അപ്രകാരമാണ് നാം സദ്വൃത്തര്‍ക്ക് പ്രതിഫലം നല്‍കുന്നത്. നിശ്ചയം ഇത് സ്പഷ്ടമായ പരീക്ഷണം തന്നെയാണ്. മഹത്തായ ഒരു ബലിമൃഗത്തെ നല്‍കി അദ്ദേഹത്തെ (ഇസ്മാഈലിനെ) നാം വീണ്ടെടുത്തു."
പുത്രനെ കഅ്ബത്തിന്‍റെ പരിചരണത്തിനും തൗഹീദിന്‍റെ  പ്രബോധനത്തിനുമായി സമര്‍പ്പി ക്കുക. അതുവഴി കഅ്ബ ഭൂമുഖത്ത് അല്ലാഹുവിനെ ആരാധിക്കാനുള്ള കേന്ദ്രമായി മാറുക അതാണ് സ്വപ്നത്തിന്‍റെ സാക്ഷാല്‍ താത്പര്യമെന്നു ഇബ്റാഹീം (അ) തിരിച്ചറിഞ്ഞു. മനുഷ്യരോ വൃക്ഷങ്ങളോ ജലമോ ഇല്ലാത്തതായിരുന്നു ആ സ്ഥലം. അത് കൊണ്ടു തന്നെ ഇബ്റാഹീം (അ) ഇങ്ങനെ ദുആ ചെയ്തു: "ഞങ്ങളുടെ രക്ഷിതാവേ, എന്‍റെ സന്തതികളില്‍ ചിലരെ കൃഷിയൊന്നുമില്ലാത്ത ഒരു താഴ്വരയില്‍, നിന്‍റെ പവിത്രമായ ഭവനത്തിന്‍റെ അടുത്ത് ഞാനിതാ താമസിപ്പിച്ചിരിക്കുന്നു. അവര്‍ നമസ്കാരം മുറപ്രകാരം നിര്‍വ്വഹി ക്കാന്‍ വേണ്ടിയാണത്. അവര്‍ക്ക് നീ ആഹാരമേര്‍പ്പെടുത്തിയാലും, ജനഹൃദയങ്ങളെ അങ്ങോട്ടാകര്‍ഷിച്ചാലും."  പ്രസ്തുത ഭവനത്തി ലും അതിന്‍റെ പരിസരത്തും ഇബ്റാഹീം (അ) ന്‍റെ പല ചിഹ്നങ്ങളുമുണ്ട്. അദ്ദേഹം നില്‍ക്കുകയും നമസ്കരിക്കുകയും ചെയ്ത സ്ഥലം, ബലി അറുത്ത ഇടം... അങ്ങനെ പലതും. അതുകൊണ്ടു തന്നെ വിശ്വാസികള്‍ ദൂരദിക്കുകളില്‍ നിന്ന് അവിടെയെത്തണം, ആ പുണ്യ ഗേഹത്തെ പ്രദക്ഷിണം നടത്തണം, ഇസ്മാഈലി (അ) നെ അനുസ്മരിച്ചു കൊണ്ട് ബലിയറു ത്ത് സാധുക്കള്‍ക്ക് ദാനം ചെയ്യണം. ആ സന്ദര്‍ഭത്തില്‍ അവര്‍ സമാധാനത്തിന്‍റെ ദൂതന്മാരായി രിക്കണം. ആര്‍ക്കു നേരെയും ആയുധമേന്തുകയോ ഒരു ഉറുമ്പിനെപ്പോലും ദ്രോഹിക്കു കയോ അരുത്. സുഖാനുഭൂതികളും ആര്‍ഭാടങ്ങളും ഉപേക്ഷിക്കണം. അഥവാ കുറഞ്ഞ ദിനങ്ങള്‍ ഇബ്റാഹീം (അ) ന്‍റെ മാര്‍ഗ്ഗങ്ങളു മായി ബന്ധപ്പെട്ട് ഇബ്റാഹീമീ ജീവിതം നയിച്ച് ഇബ്റാഹീമീ മില്ലത്തനുസരിച്ച് അല്ലാഹുവിനെ സ്മരിക്കണം. ഇതാണ് ഹജ്ജിന്‍റെ യാഥാര്‍ത്ഥ്യം .
ഹജ്ജിന്‍റെ അമലുകള്‍ 
ഇഹ്റാം: എല്ലാ അമലുകളും നിയ്യത്തിന്‍റെ അടിസ്ഥാനത്തിലാണെങ്കിലും നിയ്യത്ത് കര്‍മ്മത്തിലൂടെയാണ് വെളിവാകുന്നത്. നമസ്കാരത്തില്‍ തക്ബീറത്തുല്‍ ഇഹ്റാം നിയ്യത്തിന്‍റെ പ്രകടമായ പ്രഖ്യാപനമാണ്. ഹജ്ജിന്‍റെ ഇഹ്റാമും അപ്രകാരമാണ്. ഇഹ്റാ മോടു കൂടി വിശ്വാസി ഒരു പ്രത്യേക അവസ്ഥയിലേക്കു മാറുന്നു. സുഖാസ്വാദനങ്ങള്‍ക്കും ഉല്ലാസ ത്തിനും ഹേതുവാകുന്ന സകല കാര്യങ്ങളും അവന് നിഷിദ്ധമായിത്തീരുന്നു. ഭാര്യയുമായി സംസര്‍ഗ്ഗമരുത്. കാരണം, ശാരീരികവും വൈകാരികവുമായ ആസ്വാദനങ്ങളില്‍ നിന്ന് പരിശുദ്ധമായിരിക്കേണ്ട സമയമാണത്. നായാട്ടു പാടില്ല. കാരണം, ജീവികളെ വധിക്കുന്നത് സ്വാര്‍ത്ഥ പ്രേരണ കൊണ്ടാണ്. തുന്നിച്ചേര്‍ത്ത വസ്ത്രങ്ങള്‍ ധരിച്ചു കൂടാ. അത് പ്രൗഢിയുടെ ചിഹ്നമാണ്. ഇഹ്റാ മോടു കൂടി രാജാവും പ്രജയുമെല്ലാം തങ്ങളുടെ തുന്നിയ വസ്ത്രങ്ങളൊഴിവാക്കി മനുഷ്യന്‍റെ  പ്രഥമഘട്ടത്തിലെ തുന്നാത്ത വസ്ത്രം ധരിക്കണം. ഒന്നുടുക്കണം, മറ്റൊന്ന് തലമറയാതെ ചുമലിലൂടെ വലതുകൈ പുറത്തായിരിക്കത്തക്ക വണ്ണം താഴേക്ക് തൂക്കിയിടണം. ഇബ്റാഹീം (അ) ന്‍റെ കാലഘട്ടത്തി ലെ വസ്ത്രത്തിന്‍റെ പ്രതിരൂപമാ ണത്. അത് ഹാജിയുടെ വേഷവിധാനത്തിലൂടെ പ്രകടമാകു ന്നതിനു വേണ്ടിയാണ് അപ്രകാരം ചെയ്യുന്നത്.
ത്വവാഫ്
ത്വവാഫ് ഒരു രൂപത്തിലുള്ള  ഇബ്റാഹീമീ നമസ്കാരമാണ്. ആ കാലഘട്ടത്തിലെ പ്രധാന ഇബാദത്തായിരുന്നു ത്വവാഫ്. അതു കൊണ്ടാണ് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഇപ്രകാരമരുളിയത്: "ത്വവാഫ് നമസ്കാരം പോലെയാണ്. എന്നാല്‍, അതില്‍ സംസാരം അനുവദിച്ചിരിക്കുന്നു എന്ന വ്യത്യാസം ഉണ്ട്. എന്നാല്‍, നല്ലതല്ലാതെ ഒന്നും സംസാരിക്കരുത്."  ത്വവാഫിനെപ്പറ്റി ഖുര്‍ആന്‍ പറയുന്നു: "ആ പൗരാണിക ഗേഹത്തെ അവര്‍ പ്രദക്ഷിണം ചെയ്യുകയും ചെയ്യട്ടെ."
ഹജറുല്‍ അസ്വദ്
കറുത്ത കല്ല് എന്നാണ് ഹജറുല്‍ അസ്വദിന്‍റെ വാക്കര്‍ത്ഥം. കഅ്ബാ മന്ദിരത്തിന്‍റെ ചുമരിന്‍റെ ഒരു മൂലയിലത് സ്ഥാപിച്ചിരിക്കുന്നു. ഇബ്റാഹീം (അ) പണിത അസ്ഥിവാരത്തിന്‍റെ ശേഷിക്കുന്ന സ്മാരകമാണത്. അറബികള്‍ ജാഹിലിയ്യാ കാലത്തും വളരെ ശ്രദ്ധയോടെ അത് സംരക്ഷിച്ചു. കഅ്ബാ പ്രദക്ഷിണം തുടങ്ങുന്നതിനും അവസാനിക്കുന്നതിനും ഒരടയാളമുണ്ടായിരിക്കുക എന്നതാ ണ് ഈ ശില സ്ഥാപിച്ചതിന്‍റെ ഉദ്ദേശ്യം. ഓരോ പ്രദക്ഷിണമവസാ നിക്കുമ്പോഴും അതിനെ മുത്തുക യോ കൈകൊണ്ടോ വടികൊ ണ്ടോ മറ്റു വല്ലതും കൊണ്ടോ സ്പര്‍ശിച്ച് അതിനെ മുത്തുകയോ ആകാം. സാധ്യമായില്ലെങ്കില്‍ ആംഗ്യം കാണിച്ചാലും മതി. എന്നാല്‍, ഈ കല്ലില്‍ ഒരു ദൃശ്യ ശക്തിയോ ദിവ്യ ശക്തിയോ ഇല്ല. ഒരു സ്മാരക ശിലമാത്രമാണത്. ഒരു സന്ദര്‍ശകന്‍റെ ഹൃദയത്തില്‍ പല സ്മരണകളും അതുണര്‍ത്തു ന്നുവെന്നു മാത്രം. ഇബ്റാഹീം (അ) മുതല്‍ മുഹമ്മദ് മുസ്തഫാ (സ്വല്ലല്ലാഹു അലൈഹിവസല്ലം) വരെയുള്ള പ്രവാചകന്മാരുടെ പവിത്രമായ അധരങ്ങളുടെയും അനുഗ്രഹീതമായ കരങ്ങളുടെയും സ്പര്‍ശനമേറ്റ ശിലയാണത്. ഖുലഫാഉര്‍ റാഷിദുകള്‍,  സഹാബാക്കള്‍ തുടങ്ങിയ മഹാന്മാരുടെ ചുംബനമേറ്റ ശിലയാണത്. കഅ്ബയെ ത്വവാഫ് ചെയ്യുമ്പോള്‍ അങ്ങനെയുള്ള നിരവധി ചിന്തകള്‍ വിശ്വാസിയുടെ ഹൃദയത്തെ കുളിരണിയിക്കുന്നു. അത് വിശ്വാസിയില്‍ തീവ്രമായ വികാര ത്തിന്‍റെ അവസ്ഥകള്‍ സൃഷ്ടി ക്കുന്നു. എന്നാല്‍, വിശ്വാസികള്‍ക്ക് ഉത്തമ ബോധ്യമുള്ള ഒരു കാര്യമുണ്ട്, അതൊരു കല്ല് മാത്രമാണ്. അതിന് യാതൊരു കഴിവുമില്ല. മഹാനായ ഉമറുല്‍ ഫാറൂഖ് (റ) അതിനെ ചുംബിച്ചപ്പോള്‍ പറഞ്ഞ വാക്കുകള്‍ ഇങ്ങനെ ആയിരുന്നു: "നീ ഒരു കല്ലാണെന്നെനിക്കറിയാം. ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ നിനക്ക് സാധ്യമല്ല. മുഹമ്മദ് നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) നിന്നെ ചുംബിക്കുന്നതായി ഞാന്‍ കണ്ടില്ലായിരുന്നുവെങ്കില്‍ ഞാന്‍ നിന്നെ ചുംബിക്കുമായിരുന്നില്ല." അതുകൊണ്ടുതന്നെ ആ ചുംബ നവും സ്പര്‍ശനവും ആരാധ നയുടെയോ ആദരവിന്‍റേയോ അല്ല, ഇബ്റാഹീം (അ) ന്‍റെയും ഇസ്മാ ഈല്‍ (അ) ന്‍റെയും ആദര്‍ശ സന്തതികള്‍ക്ക് അവരോടുള്ള സ്നേഹപ്രകടനം മാത്രമാണ്. അതിനെ മുത്തിയില്ലെങ്കിലും ഹജ്ജിന് ഒരു കോട്ടവും സംഭവിക്കുകയുമില്ല.
സഫാ, മര്‍വ 
കഅ്ബയുടെ ചാരത്തുള്ള രണ്ട് കുന്നുകളാണ് സഫയും മര്‍വയും. ഇബ്റാഹീം (അ) മക്കയില്‍ വിട്ടിട്ടു പോയ ഹാജറ അവര്‍കള്‍ പിഞ്ചുകുഞ്ഞായ ഇസ്മാഈലിനുവേണ്ടി വെള്ളമന്വേഷിച്ചു ഓടിയത് സഫക്കും മര്‍വക്കുമിടയിലായി രുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഹാജറയുടെ അസ്വസ്ഥമായ ആ പ്രയാണത്തിന്‍റെ ജീവിക്കുന്ന സ്മാരകമാണ് സഫ-മര്‍വക്കിടയിലെ സഅ്യ്. ആദ്യം സഫയിലും അവിടുന്ന് മര്‍വയിലേക്കും നടക്കുകയും ഇരുസ്ഥലങ്ങളിലും കഅ്ബയിലേക്കു തിരിഞ്ഞു നിന്ന് അല്ലാഹുവിനെ പുകഴ്ത്തുകയും ദുആ ചെയ്യുകയും ചെയ്യുക എന്നത് ഹജ്ജിന്‍റെ അമലുകളില്‍ പെട്ട താണ്. ഇബ്റാഹീമീ കുടുംബത്തിന് ഇലാഹീ ശക്തിയുടെ അത്ഭുതങ്ങള്‍ അനുഭവിച്ചറിഞ്ഞ രണ്ടു സ്ഥലങ്ങളാണിവ. അല്ലാഹു പറയുന്നു; "തീര്‍ച്ചയായും സഫയും മര്‍വയും അല്ലാഹുവിന്‍റെ ചിഹ്നങ്ങളില്‍ പെട്ടതത്രെ.! കഅ്ബാ മന്ദിരത്തെ ഹജ്ജോ ഉംറയോ ചെയ്യുന്നവര്‍ അവ രണ്ടും പ്രദക്ഷിണം ചെയ്യുന്നതില്‍ കുറ്റമില്ല."
അറഫ 
ദുല്‍ഹജ്ജ് ഒന്‍പതിന് മുഴുവന്‍ ഹാജിമാരും അറഫയിലെത്തുകയും ഉച്ച മുതല്‍ അസ്തമയം വരെ ദുആയിലും ആരാധനകളിലുമായി കഴിയുകയും വേണം. ഹജ്ജിന്‍റെ സുപ്രധാന ഫര്‍ളാണത്. നാനാ വര്‍ണ്ണക്കാരും, ദേശക്കാരും ഭാഷക്കാരുമായ ജനലക്ഷങ്ങള്‍ ഒരേ വസ്ത്രത്തില്‍ പാപമോചനത്തിനായി വിലപിച്ചു കരയുന്ന രംഗം അറഫയില്‍ നമുക്ക് കാണാം. അവര്‍ അല്ലാഹുവിനോട് പുതിയ പ്രതിജ്ഞയിലേര്‍പ്പെടുന്നു, അവനോടുള്ള ബന്ധത്തെ ഊട്ടിയുറപ്പിക്കുന്നു. അറഫാത്തില്‍ നിന്നു കൊണ്ട്  ഭൂലോകത്തിന്‍റെ വിവിധ ദിക്കുകളില്‍ നിന്ന് വന്നെത്തിയ പ്രതിനിധികളോട് ഇമാം പൊതു പ്രഭാഷണം നടത്തുന്നു. അറഫയിലെ ഈ നിര്‍ത്തം ഒരു ഭാഗത്ത് ഇസ്ലാമിന്‍റെ കരുത്തിന്‍റെയും സൗന്ദര്യത്തിന്‍റെയും പ്രകടനമാണ്. മറുഭാഗത്ത് ഉയര്‍ത്തെഴുന്നേല്‍പ്പു നാളിലെ പ്രപഞ്ച മഹാ സമ്മേളനത്തിന്‍റെ അനുസ്മരണവുമാണത്. അതുകൊണ്ടാകാം സൂറത്തുല്‍ ഹജ്ജ് അന്ത്യദിനത്തെക്കുറിച്ചുള്ള പരാമര്‍ശത്തോടെയാരംഭിച്ചത്. അറഫയിലെ ഈ മഹാസമ്മേളനവും അവിടുത്തെ അത്ഭുതകരമായ കാഴ്ചകളും വിശ്വാസിയുടെ ഹൃദയത്തെ പ്രകമ്പനം കൊള്ളിക്കുന്നു. കണ്ണെത്താദൂരത്ത് നീണ്ടു വിശാലമായിക്കിടക്കുന്ന ആ അത്ഭുത കാഴ്ച വാക്കുകള്‍ക്ക് വിവരിക്കാനാകാത്ത വൈകാരികത വിശ്വാസിയില്‍ സൃഷ്ടിക്കുന്നു. ജീവിതത്തിലൊരിക്കലും അവനത് മറക്കാന്‍ കഴിയില്ല.
മുസ്ദലിഫ 
ഹജ്ജിന്‍റെ സുപ്രധാനമായ മറ്റൊരു കര്‍മ്മമാണ് മുസ്ദലിഫയിലെ രാപാര്‍ക്കല്‍. അറഫയില്‍ നിന്നും അസ്തമയശേഷം പുറപ്പെട്ട് രാത്രി അവിടെ താമസിക്കുകയും പ്രഭാതാനന്തരം അല്‍പ സമയം അവിടെ കഴിച്ചു കൂട്ടുകയും ചെയ്യണമെന്ന് ഇസ്ലാം നിശ്ചയിച്ചു. അവിടെ മശ്അറുല്‍ ഹറാം എന്ന മസ്ജിദുണ്ട്. പൂര്‍വ്വ കാലഘട്ടത്തിലും അറഫയില്‍ നിന്ന് പുറപ്പെട്ട് ഇവിടെ രാപാര്‍ക്കുമായിരുന്നു. ഖുര്‍ആന്‍ പറയുന്നു: "അറഫയില്‍നിന്ന് പുറപ്പെട്ടാല്‍ മശ്അറുല്‍ ഹറാമിന്‍റെ അടുത്ത് വച്ച് നിങ്ങള്‍ അല്ലാഹു വിനെ സ്മരിക്കുക. അവനെ നിങ്ങള്‍ സ്മരിക്കുക. അവന്‍ നിങ്ങളെ നേര്‍മാര്‍ഗത്തിലാക്കിയതിന് നിങ്ങള്‍ മുമ്പ് വഴിപിഴച്ചവരായിരുന്നാലും." 
മിന
മസ്ജിദുല്‍ ഹറാമില്‍ നിന്നും അല്‍പ്പമകലെയാണ് മിന സ്ഥിതി ചെയ്യുന്നത്. ഇവിടെ ഹാജിമാര്‍ മുഴുവന്‍ രണ്ടുമൂന്ന് ദിവസം താമസിക്കുകയും പരസ്പരം ഇടപഴകുകയും ചെയ്യുന്നു. അവിടെ വെച്ചാണ് ബലി കൊടുക്കുന്നത്. ജാഹിലിയ്യാ കാലത്ത് അറബികള്‍ ഇവിടെ സമ്മേളിച്ച് ഓരോ ഗോത്രക്കാരും തങ്ങളുടെ പിതാക്കന്മാരുടെ മഹത്വം പറഞ്ഞ് ഊറ്റം കൊള്ളുമായിരുന്നു. അത് പലപ്പോഴും യുദ്ധത്തില്‍ അവസാനിക്കുമായിരുന്നു. ആ നിരര്‍ത്ഥകമായ ആചാരത്തെ തടയുന്നതിനും ഏറ്റവും ഉത്തമമായ മാര്‍ഗ്ഗമെന്ന നിലയില്‍ അല്ലാഹുവിനെ സ്തുതിക്കുവാനും അവനെ സ്മരിക്കുവാനും ഇസ്ലാം അനുശാസിച്ചു. ഗോത്രങ്ങളുടെയും സമുദായങ്ങളു ടെയും ദുരഭിമാനത്തിനും ആത്മപ്രശംസക്കും പകരം സ്നേഹത്തിന്‍റെയും ഐക്യത്തിന്‍റെയും രംഗമായി ഇസ്ലാം അതിനെ നിശ്ചയിച്ചു. അല്ലാഹു പറയുന്നു:  "ചില നിശ്ചിത ദിവസങ്ങളില്‍ അല്ലാഹുവിനെ സ്മരിക്കുക."
ബലി
ഇസ്മാഈല്‍ (അ) ന്‍റെ ബലിയുടെ പ്രതീകമാണ് ഹജ്ജ് കാലത്തെ മൃഗബലി. അല്ലാഹു പറയുന്നു; "അല്ലാഹു അവര്‍ക്ക് പ്രദാനം ചെയ്ത മൃഗങ്ങളുടെ മേല്‍ നിശ്ചിത ദിവസങ്ങളില്‍ അവന്‍റെ നാമം ഉച്ചരിക്കാന്‍ വേണ്ടിയത്രെ അത്. ആ മൃഗമാംസത്തില്‍ നിന്ന് നിങ്ങള്‍ ഭക്ഷിക്കുവീന്‍. അവശനായ ദരിദ്രനെ ഭക്ഷിപ്പിക്കുകയും ചെയ്യുക." സാധുക്കള്‍ക്കും അശരണര്‍ക്കും ആഹാരം നല്‍കുകയും വിശ്വാസികള്‍ അവര്‍ക്കിടയില്‍ സത്കാരങ്ങള്‍ നടത്തി ബന്ധുമിത്രാദികളെ സഹായിക്കലുമൊക്കെയാണ് ഈ ബലി കൊണ്ടുള്ള ഉദ്ദേശ്യം. എന്നാല്‍, ഇബ്റാഹീം (അ) മകനെ സമര്‍പ്പിച്ചതു പോലെ തനിക്ക് പ്രിയപ്പെട്ട സകലതും അല്ലാഹുവിന് സമര്‍പ്പിക്കാന്‍ സന്നദ്ധനാണെന്ന് പ്രഖ്യാപിക്കലാണ് ആത്യന്തിക ലക്ഷ്യം. ചില സന്ദര്‍ഭങ്ങളില്‍ ബലി നടത്താന്‍ കഴിഞ്ഞില്ലെന്നു വരാം. അപ്പോള്‍ പത്തു ദിവസം വ്രതമനുഷ്ടിക്കണം. മൂന്ന് ദിവസം ഹജ്ജ് കാലത്തും ഏഴ് ദിവസം മടങ്ങിവന്ന ശേഷവും. കാരണം, വ്രതവും സമര്‍പ്പണത്തിന്‍റെ ഒരു പ്രതിരൂപമാണ്.
തലമുടി മുണ്ഡനം 
ബലി കൊടുത്ത ശേഷം മിനായില്‍ വച്ച് ഹാജി തലമുണ്ഡനം ചെയ്യുകയോ വെട്ടിക്കുകയോ ചെയ്യുന്നു. നാഗരികതയുടെ പ്രാരംഭഘട്ടത്തില്‍ ഒരാളെ അടിമത്തത്തില്‍ നിന്നും സ്വതന്ത്രനാക്കുമ്പോള്‍ തല മുണ്ഡനം ചെയ്യുക പതിവായിരുന്നു. അടിമത്തത്തിന്‍റെ ചിഹ്നമായിട്ടാണ് അത് ഗണിക്കപ്പെട്ടിരുന്നത്. ഹജ്ജ് അല്ലാഹുവിനുള്ള അടിമത്തവും കീഴ്വണക്കവുമായതിനാല്‍ ആ പുരാതന ആചാരത്തെ നിലനിര്‍ത്തി.
ജംറ
കല്ലുകൊണ്ടുള്ള മൂന്ന് സ്തൂപങ്ങളാണ് ജംറ. അത് മിനാ മൈതാനത്ത് സ്ഥിതി ചെയ്യുന്നു. ഇബ്റാഹീം (അ) പുത്രനെ ബലി കൊടുക്കാന്‍ പോയപ്പോള്‍ ആ മൂന്നിടങ്ങളില്‍ വച്ച് പിശാച് അദ്ദേഹത്തെ വ്യതിചലിപ്പിക്കാന്‍ ശ്രമിച്ചു എന്നും അദ്ദേഹം പിശാചിനെ കല്ലെറിഞ്ഞു എന്നും പറയപ്പെടുന്നു. എറിയുന്നതിന് 'റജ്മ്' എന്നാണ് പറയുന്നത്. പൂര്‍വ്വകാലത്ത് ശാപം പ്രകടിപ്പിക്കാനുള്ള മാര്‍ഗ്ഗമായിരുന്നു കല്ലേറ്. ഇതുകൊണ്ടാണ് പിശാചിനെ 'റജീം' എന്ന് വിളിക്കുന്നത്. അല്ലാഹുവിനെ സ്തുതിച്ചുകൊണ്ട് പ്രസ്തുത മൂന്ന് സ്തൂപങ്ങളിലേക്ക് കല്ലെറിയണം. പിശാചിന്‍റെ ദുര്‍ബോധനങ്ങളില്‍ നിന്നും അഭയം തേടുകയും വേണം. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: "അല്ലാഹുവിന്‍റെ സ്മരണ നിലനിര്‍ത്തുക മാത്രമാണ് കല്ലെറിയുന്നതിന്‍റെ ഉദ്ദേശ്യം."
ഹജ്ജിന്‍റെ ആത്മാവ്
പശ്ചാത്തപവും അല്ലാഹുവിലേക്കുള്ള മടക്കവുമാണ് യഥാര്‍ത്ഥത്തില്‍ ഹജ്ജ്. ഇഹ്റാം ചെയ്യുന്നതോടെ ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്... എന്ന മന്ത്രധ്വനി ഹാജിയുടെ കണ്ഠത്തില്‍ നിന്ന് ഉയര്‍ന്നുകൊണ്ടി രിക്കുന്നു. അറഫയില്‍, മുസ്ദലിഫയില്‍, മിനായില്‍ എല്ലാം അത് മാറ്റൊലികൊള്ളുന്നു. അവിടെ വെച്ചുള്ള ദുആക്കളുടെ അധികഭാഗവും തൗബയും ഇസ്തിഗ്ഫാറുമാണ്. സകല പാപങ്ങളും പൊറുത്ത് കിട്ടാന്‍ അവന്‍ അങ്ങേയറ്റം ആഗ്രഹിക്കുന്നു. ഹജ്ജിന്‍റെ എല്ലാ രംഗങ്ങളും പശ്ചാത്താപത്തിന് ഏറ്റവും പറ്റിയ രംഗങ്ങള്‍ കൂടിയാണ്. പ്രാര്‍ത്ഥന ക്കുത്തരം ലഭിക്കുന്നതിന് ഏറ്റവും അര്‍ഹമായ ഇടങ്ങളാണവ. ശിലാഹൃദയനായ മനുഷ്യന്‍ പോലും ആ അവസ്ഥകളുടെയും ദൃശ്യങ്ങളുടെയും നടുവില്‍ മഞ്ഞു പോലെ ഉരുകിയലിയുന്നു. ഭൂതകാല ജീവിത ത്തിനും ഭാവി ജീവിതത്തിനും മദ്ധ്യേ ഒരു നിര്‍ണ്ണായക വേളയേയും സംസ്കരണത്തിന്‍റെയും നന്നാവലി ന്‍റെയും ഭാഗത്തേക്ക് തിരിച്ചു നിര്‍ത്തുന്ന ഒരവസര ത്തേയും പ്രദാനം ചെയ്യുന്നു ഹജ്ജ്. ഈ അവസ്ഥാ വിശേഷം തിന്‍മയില്‍ നിന്നും നന്‍മയിലേക്കും നന്‍മയില്‍ നിന്നും കൂടുതല്‍ നന്‍മയിലേക്കും മനുഷ്യനെ എത്തിക്കുന്നു. ജീവിതത്തിന്‍റെ പഴയവാതില്‍ അടഞ്ഞ് പുതിയ വാതില്‍ തുറക്കുന്നു. ഇരുലോക വിജയങ്ങള്‍ ലഭ്യമാകുന്ന ഒരു പുതിയ ജീവിതം.! ഒരു പുത്തന്‍ ചൈതന്യം ആരംഭിക്കുന്നു.!
ചുരുക്കത്തില്‍, കേവലം ഒരു ആചാരമല്ല ഹജ്ജ്. ധാര്‍മ്മിക-സാമ്പത്തിക-രാഷ്ട്രീയ-സാമൂഹിക ജീവിതത്തിന്‍റെ നിഖില മേഖലകളെയും ചൂഴ്ന്നു നില്‍ക്കുന്ന, അതിനെയെല്ലാം ശുദ്ധീകരിക്കുന്ന സമുന്നതമായൊരു കര്‍മ്മമാണ് നന്മ നിറഞ്ഞ ഹജ്ജ്.!
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...