Sunday, August 19, 2018

ചന്ദ്രമാസ നിര്‍ണ്ണയം : കണക്കും വസ്തുതകളും.! -ഉസ്താദ് അബ്ദുസ്വമദ് അല്‍ കൗസരി


ചന്ദ്രമാസ നിര്‍ണ്ണയം : കണക്കും വസ്തുതകളും.! -ഉസ്താദ് അബ്ദുസ്വമദ് അല്‍ കൗസരി
http://swahabainfo.blogspot.com/2018/08/blog-post_19.html?spref=tw

ഇസ്ലാമിന്‍റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നാണ് വ്രതം. നമസ്കാരം, ഹജ്ജ്, സകാത്ത് മുതലായവ എങ്ങിനെ അനുഷ്ഠിക്കണം.? എങ്ങിനെ തുടങ്ങണം.? എന്ന് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) വിവരിച്ചുതന്നിട്ടുള്ളതുപോലെ, നോമ്പും എപ്പോള്‍ തുടങ്ങണം.? എങ്ങിനെ തുടങ്ങണം.? എപ്പോള്‍ അവസാനിപ്പിക്കണം.? എന്ന് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) വിവരിച്ചു തന്നിട്ടുണ്ട്. വാക്കാല്‍ മാത്രമല്ല, തങ്ങളുടെയും സ്വഹാബത്തിന്‍റെയും പ്രവര്‍ത്തികളിലൂടെയും ഈ വിഷയം നമുക്ക് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. 
ഇതേരീതി തന്നെയാണ് ഇമാമീങ്ങളും അന്നുമുതല്‍ ഇന്നുവരെയുള്ള പണ്ഡിതന്മാരും സ്വീകരിച്ചു വരുന്നതും. പ്രഭാതം വിടര്‍ന്നാല്‍ സുബ്ഹ് നമസ്കരിക്കാനും സൂര്യന്‍ മദ്ധ്യാഹ്നത്തില്‍ നിന്ന് തെറ്റിയാല്‍ ളുഹ്ര്‍ നമസ്കരിക്കാനും അവിടുന്ന്  നിര്‍ദ്ദേശിച്ചു. സുബ്ഹിയുടെ സമയം ഉദയത്തോടെയും ളുഹ്റിന്‍റെ സമയം ഒരുവസ്തുവിന്‍റെ നിഴല്‍ അതിനോളമെത്തുന്നതോടെയും അവസാനിക്കും. ഈ  സമയത്തുതന്നെയാണ് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം)  യും  സ്വഹാബത്തും ശേഷമുള്ളവരും നമസ്കരിച്ചത്. പ്രഭാതത്തിനുമുമ്പ് സുബ്ഹിയോ സൂര്യന്‍ മദ്ധ്യാഹ്നത്തിനുമുമ്പ് ളുഹ്റോ നമസ്കരിച്ചാല്‍ ശരിയാകുമെന്ന് ആരും പറയില്ല. ഇതുപോലുള്ള നിര്‍ദ്ദേശങ്ങള്‍ തന്നെയാണ് നോമ്പിന്‍റെ വിഷയത്തിലുള്ളതും. റമദാന്‍ വ്രതം തുടങ്ങേണ്ടത് ചന്ദ്രപ്പിറ കാണുന്നതോടെയാണ്. നോമ്പ് അവസാനിപ്പിക്കേണ്ടത് ശവ്വാലിന്‍റെ പിറ പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ദൃശ്യമാകുന്നതോടെയുമാണ്. ഇക്കാര്യം അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം ഹദീസുകളില്‍ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. 
അബൂഹുറയ്റ (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: പിറ കണ്ടാല്‍ നിങ്ങള്‍ നോമ്പ് അനുഷ്ടിക്കാന്‍ തുടങ്ങുക. പിറ കണ്ടാല്‍ നിങ്ങള്‍ നോമ്പ് അവസാനിപ്പിക്കുക. (മേഘം കൊണ്ടോ, പൊടിപടലം കാരണമോ)   ഉദയസ്ഥാനം തെളിയാത്തതുകൊണ്ട് ചന്ദ്രപ്പിറവി ദൃശ്യമായില്ലെങ്കില്‍ ശഅ്ബാന്‍ 30 പൂര്‍ത്തിയാക്കുക (ബുഖാരി, മുസ്ലിം) ഈ ഒരൊറ്റ ഹദീസ് മാത്രം മതി റമദാന്‍ വ്രതം ആരംഭിക്കേണ്ടതെങ്ങിനെയെന്ന് മനസ്സിലാക്കാന്‍. വ്രതം ആരംഭിക്കേണ്ടതെങ്ങനെയെന്ന നിര്‍ദ്ദേശത്തോടൊപ്പം അതുമായി ബന്ധപ്പെട്ട് ഉണ്ടാകാവുന്ന രണ്ട് സംശയങ്ങള്‍ക്ക് നിവാരണവും റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) നല്‍കിയിട്ടുണ്ട്. അതിലൊന്ന്, നഗ്ന നേത്രങ്ങള്‍ കൊണ്ടുതന്നെ പിറ ദര്‍ശിക്കണം എന്ന നിര്‍ദ്ദേശമാണ്. സന്ധ്യാസമയത്ത് ചക്രവാളത്തില്‍ കാര്‍മേഘങ്ങളുണ്ടെങ്കില്‍ പിറകാണാന്‍ സാധിക്കുകയില്ല. അറേബ്യയെ പോലെ മരുപ്രദേശങ്ങളുള്ള നാടുകളില്‍ കാറ്റിലും മറ്റും പൊടിപടലങ്ങളുയര്‍ന്ന് അന്തരീക്ഷം മൂടിയാലും പിറകാണാന്‍ കഴിയാതെ വരും. ഈ സന്ദര്‍ഭത്തില്‍ എന്താണ് ചെയ്യേണ്ടതെന്ന സംശയത്തിനും ഇവിടെ ഏറെ പ്രസക്തിയുണ്ട്. ഇതിനും പ്രവാചകന്‍ നിവാരണം നല്‍കി. നോമ്പനുഷ്ഠിക്കേണ്ടതില്ല. ശഅ്ബാന്‍ 30 പൂര്‍ത്തിയാക്കുകയാണ് വേണ്ടത്. സമുദായത്തിനുണ്ടാകുന്ന സംശയം മുന്‍കൂട്ടി കണ്ട് അതിന് പ്രവാചകന്‍ (സ്വല്ലല്ലാഹു അലൈഹിവസല്ലം) നല്‍കിയ നിവാരണമാണ് മുകളില്‍ കാണുന്നത്. പ്രവാചകന്‍റെ പ്രവൃത്തിയും അങ്ങിനെ തന്നെയായിരുന്നു. 
ആഇശ (റ) വിവരിക്കുന്നു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ശഅ്ബാനില്‍ മറ്റുമാസത്തെക്കാള്‍ ശ്രദ്ധ ചെലുത്തുമായിരുന്നു. ശേഷം റമദാനിന്‍റെ നിലാവ് കണ്ടാല്‍ നോമ്പനുഷ്ഠിക്കും. നിലാവുകാണാന്‍ തടസ്സമുണ്ടായാല്‍ 30 പൂര്‍ത്തിയാക്കുകയും ശേഷം നോമ്പനുഷ്ഠിക്കുകയും ചെയ്യുമായിരുന്നു. (അബൂദാവൂദ്) സംശയമുള്ള ദിവസം (യൗമുശ്ശക്) നോമ്പനുഷ്ഠിക്കുന്നവന്‍ പ്രവാചകന്‍ (സ്വല്ലല്ലാഹു അലൈഹിവസല്ലം) ക്ക് എതിര് പ്രവര്‍ത്തിക്കുന്നവനാണെന്ന് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതെല്ലാം അവഗണിച്ചുകൊണ്ട് ചന്ദ്രപിറ കാണേണ്ടതില്ലെന്നും നോക്കേണ്ടതില്ലെന്നും ഗോളശാസ്ത്ര കണക്കുപ്രകാരം കണക്കുകൂട്ടി കാലേകൂട്ടിതന്നെ  നോമ്പും  പെരുന്നാളും  നിശ്ചയിക്കാമെന്നും അലി മണിക് ഫാനും അദ്ദേഹത്തിന്‍റെ അനുയായികളും പ്രവചിക്കാന്‍ തുടങ്ങിയിരിക്കുന്നു. വിഷയത്തെ സംബന്ധിച്ച് വേണ്ടപോലെ മനസ്സിലാക്കാതെ ചില സാധാരണക്കാര്‍ ഇവരാല്‍ വശീകരിക്കപ്പെടുന്നുമുണ്ട്. 
നോമ്പും പെരുന്നാളും ഇസ്ലാമിലെ ആരാധനകളാണ്. ആരാധനകള്‍ അനുഷ്ഠിക്കേണ്ടത് ഖുര്‍ആനിന്‍റെയും, ഹദീസിന്‍റെയും അടിസ്ഥാനത്തിലാണ്. ഗോള ശാസ്ത്രത്തെയോ മറ്റെന്തെങ്കിലും തത്ത്വങ്ങളുടെയോ അടിസ്ഥാനമാക്കിയല്ല. അത് ഒരുപക്ഷെ കൂടുതല്‍ കൃത്യത നല്‍കുന്നതായും ആധുനിക ലോകത്തിന്‍റെ പുതിയ ചുറ്റുപാടുകളോട് കൂടുതല്‍ യോജിക്കുന്നതായും തോന്നിയാലും ശരി. അലി മണിക്ഫാന്‍ സാഹിബ് പറയുന്നതുപോലെ ഗോളശാസ്ത്ര കണക്കുകളുടെ അടിസ്ഥാനത്തിലാണ് നോമ്പും പെരുന്നാളും നിര്‍ണ്ണയിക്കേണ്ടതെങ്കില്‍ മുന്‍ഗാമികള്‍ മുതല്‍ ഇന്നുവരെയുള്ള മുസ്ലിം സമൂഹത്തില്‍ ആര്‍ക്കും തന്നെ കൃത്യമായി നോമ്പെടുക്കാനും പെരുന്നാള്‍ ആഘോഷിക്കാനും കഴിഞ്ഞിട്ടില്ല എന്നുപറയേണ്ടിവരും. സമുദായത്തിനു മാത്രമല്ല, ലോകാവസാനം വരെയുള്ള മുഴുവന്‍ ജനങ്ങള്‍ക്കും മാതൃകയായി അയക്കപ്പെട്ട അന്ത്യപ്രവാചകതിരുമേനിക്കു പോലും അതിനു സാധിച്ചിട്ടില്ല എന്നുപറയേണ്ടിവരും. ഇത് എത്ര മാത്രം ഭീമമായ അബദ്ധമാണെന്ന് പറയേണ്ടതില്ലല്ലോ? അഥവാ ഹലാലും, ഹറാമും തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല എന്നു പറയേണ്ടിവരും. (അല്ലാഹുവില്‍ അഭയം). കാരണം റമദാന്‍ തുടങ്ങിയാല്‍ നോമ്പ് പിടിക്കാതിരിക്കലും പെരുന്നാളായാല്‍ അത് ആഘോഷിക്കാതെ നോമ്പ് പിടിക്കുന്നതും ഹറാമാണ്. മുഴുവന്‍ സമുദായവും പ്രവാചകനും അങ്ങിനെയാണ് ചെയ്തിരുന്നത്. അത് തിരുത്തണം എന്നല്ലേ അലിമണിക്ഫാന്‍ പറയുന്നത്. നോമ്പും പെരുന്നാളും തിരിച്ചറിയാന്‍ ഗോളശാസ്ത്രം പഠിക്കേണ്ടിയിരുന്നെങ്കില്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അത് ഉമ്മത്തിനു പഠിപ്പിക്കുമായിരുന്നല്ലോ.? ഹറാമും, ഹലാലും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയില്‍ ഈ ഉമ്മത്തിനെ വിടുമായിരുന്നോ? അദ്ദേഹത്തിന്‍റെ അഭിപ്രായപ്രകാരം 14 നൂറ്റാണ്ടുകളായി ഈ ഉമ്മത്ത് പിഴച്ച വഴിയിലായിരുന്നല്ലോ. (പടച്ചവന്‍ കാക്കട്ടെ). ഇന്നേ ദിവസം നിങ്ങളുടെ ദീനിനെ നിങ്ങള്‍ക്കു ഞാന്‍ പൂര്‍ത്തിയാക്കിതന്നിരിക്കുന്നു എന്ന ഖുര്‍ആനിന്‍റെ പ്രഖ്യാപനത്തിനും ഇത് എതിരാണ്. കാരണം പൂര്‍ത്തിയാക്കണമെങ്കില്‍ ഗോളശാസ്ത്രം പഠിക്കുകയും അത് പ്രാവര്‍ത്തികമാക്കുകയും ചെയ്യണമല്ലോ? ഈ വിഷയം ഈ ലേഖകന്‍ അലിമാണിക്ഫാന്‍ സാഹിബിനോട് ചോദിച്ചപ്പോള്‍ അദ്ദേഹം അതിനുനല്‍കിയ മറുപടി: ഞാന്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അനുഷ്ഠിച്ചി ട്ടുള്ള നോമ്പുകളും പെരുന്നാളുകളും പിറകോട്ട് കണക്കുകൂട്ടി നോക്കിയിട്ടുണ്ട് എല്ലാം ഞാന്‍ പറയുന്ന രീതിയിലായിരുന്നു എന്നായിരുന്നു. ഞാന്‍ പറഞ്ഞു; താങ്കളുടെ കണക്ക് തെറ്റാണ്. കാരണം, ഒരിക്കല്‍ റമദാന്‍ നോമ്പ് 29 പൂര്‍ത്തിയാക്കിയ ശേഷം പിറ കണ്ടവിവരം ഉച്ചക്ക് ശേഷം അറിഞ്ഞ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) സ്വഹാബത്തിനോട് നോമ്പ് മുറിക്കാനും നാളെ പെരുന്നാള്‍ നമസ്കാരത്തിനെത്താനും ആഹ്വാനം ചെയ്തു. (അബൂദാവൂദ്, അഹ്മദ്). താങ്കള്‍ പറയുന്ന പോലെയായിരുന്നെങ്കില്‍ ഇങ്ങനെ ചെയ്യേണ്ടിവരില്ലായിരുന്നു. മാത്രമല്ല, ഒന്നാം പിറ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയില്ല, നിങ്ങള്‍ കാണുന്നത് രണ്ടാം പിറയാണ് എന്നു പറയുന്ന അലി മാണിക്ഫാന്‍റെ വീക്ഷണമനുസരിച്ച് ഇതെങ്ങനെ ശരിയാകും. അവര്‍ അന്ന് കണ്ടത് അലി മണിക്ഫാന്‍റെ കണക്കു പ്രകാരം രണ്ടാം പിറയല്ലേ.! 
ഇബ്നു ഉമര്‍ (റ) ല്‍ നിന്നും നിവേദനം: റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: റമദാനിന്‍റെ ചന്ദ്രപിറ കാണാതെ നിങ്ങള്‍ നോമ്പു തുടങ്ങരുത്. (ശവ്വാലിന്‍റെ) പിറകാണുന്നതുവരെ നോമ്പ് അവസാനിപ്പിക്കുകയും ചെയ്യരുത്. ചക്രവാളം തെളിയാത്തതിനാല്‍ പിറകാണാന്‍ കഴിയാതെ വന്നാല്‍ നിങ്ങള്‍ 30 കണക്കാക്കിക്കൊള്ളുക (ബുഖാരി, മുസ്ലിം) പിറകണ്ടാല്‍ നോമ്പ് തുടങ്ങുക, പിറകാണാതെ നോമ്പ് തുടങ്ങരുത്, അവസാനിപ്പിക്കരുത്, എന്നിങ്ങനെ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അടിവരയിട്ട് ഈ വിഷയം സംശയത്തിനിടയില്ലാത്ത വിധം പറഞ്ഞിട്ടുള്ളതു കൊണ്ട് തന്നെയാണ് ഇന്നേ വരെയുള്ള പണ്ഡിതന്മാര്‍ നഗ്നനേത്രങ്ങള്‍ കൊണ്ട് പിറകാണണം എന്ന് നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം അഭിപ്രായപ്പെട്ടിട്ടുള്ളത്. ഇമാമുകളോടും മുന്‍കാല പണ്ഡിതന്‍മാരോടും പലവിഷയങ്ങളിലും വിരുദ്ധവും നവീനവുമായ വീക്ഷണങ്ങള്‍ പുലര്‍ത്തുന്ന അബുല്‍ അഅ്ലാ മൗദൂദി സാഹിബിന്‍റെ പോലും ഈ വിഷയത്തിലുള്ള വീക്ഷണം കാണുക: "ശാസ്ത്രത്തിന്‍റെ ബാധയേറ്റ ചിലരുണ്ട്. ഇത് ശാസ്ത്രത്തിന്‍റെ യുഗമാണ് എന്ന് അവര്‍ ഘോഷിക്കുന്നു. അവരെ സംബന്ധിച്ചിടത്തോളം ചന്ദ്രന്‍ ഉദിച്ചോ ഇല്ലയോ എന്നെല്ലാം കണ്ടുപിടിക്കുക വളരെ എളുപ്പം. ഉദയ സ്ഥാനം തെളിഞ്ഞതല്ലാത്തതിനാല്‍ ചന്ദ്രന്‍ ദൃശ്യമാകുന്നില്ലെങ്കില്‍ അവരുടെയടുത്ത് ഉപകരണങ്ങളുണ്ട്. അവയുടെ സഹായത്തോടെ നോക്കാവുന്നതാണ്. മാത്രമല്ല ഗോളശാസ്ത്രവും ജ്യോതിശാസ്ത്രവും മുഖേന മാസപ്പിറവി ആയോ ഇല്ലേ എന്നു നിശ്ചയിക്കാവുന്നതാണ്. പക്ഷെ അവരൊരിക്കലും ചിന്തിക്കുന്നില്ല; സര്‍വ്വലൗകികമായ ഒരു മതത്തിന് സാങ്കേതിക മാര്‍ഗ്ഗങ്ങളെ മാത്രം അവലംബിക്കാന്‍ സാധ്യമല്ലായെന്ന്. മാസപ്പിറവി നിശ്ചയിക്കാന്‍ ശാസ്ത്രമാര്‍ഗ്ഗങ്ങള്‍ അവലംബിക്കണമെന്ന് ശഠിക്കുന്നവര്‍ തങ്ങളുടെ വാദത്തിന് ഉപോല്‍ബലകമായി മുമ്പോട്ടുവെയ്ക്കുന്ന മറ്റൊരു ന്യായം ഇതാണ്, ശാസ്ത്രീയ മാര്‍ഗ്ഗം അവലംബിച്ചാല്‍ പെരുന്നാള്‍ ഒറ്റ ദിവസം തന്നെ ആഘോഷിക്കാന്‍ കഴിയും. ലോകത്തെങ്ങുമുള്ള മുസ്ലിംകള്‍ക്ക് പെരുന്നാള്‍ ഒറ്റ ദിവസമായിരിക്കണം എന്ന വാദം നിരര്‍ത്ഥകമാണ്. കാരണം ലോകത്തെല്ലായിടത്തും മാസപ്പിറവി ഒരേ ദിവസം ആയിരിക്കില്ല. ഒരു രാജ്യത്ത് അഥവാ വിശാലമായ ഒരു പ്രദേശത്ത് വസിക്കുന്ന മുസ്ലിംകള്‍ക്കെല്ലാം പെരുന്നാള്‍ ഒറ്റ ദിവസം ആയിരിക്കണം എന്ന് പോലും ശരീഅത്ത് നിര്‍ബന്ധിക്കുന്നില്ല. (വ്രതാനുഷ്ടാനം-38,39 അബുല്‍ അഅ്ലാ മൗദൂദി) 
ഗോളശാസ്ത്ര തത്വങ്ങള്‍ വിവരിക്കുന്ന അലിമണിക്ഫാന്‍, ഇസ്ലാമിന്‍റെ അടിസ്ഥാനമായ ഖുര്‍ആനിന്‍റെയും ഹദീസിന്‍റെയും തെളിവുകള്‍ക്കുനേരെ കണ്ണടക്കുകയാണ്. അതുസംബന്ധമായ സംശയങ്ങള്‍ക്കു മുമ്പില്‍ മൗനം പാലിക്കുകയും ചെയ്യുന്നു. ഗോളശാസ്ത്രകണക്കുകള്‍ മാത്രം ആധാരമാക്കി അലി മണിക്ഫാനും അദ്ദേഹം ചെയര്‍മാനായ ഹിജ്റ കമ്മിറ്റിയും നോമ്പും പെരുന്നാളും നിശ്ചയിക്കാന്‍ മുതിര്‍ന്നപ്പോള്‍ ഇസ്ലാമിന്‍റെ അടിസ്ഥാന രേഖകളായ ഖുര്‍ആനിന്‍റേയും ഹദീസിന്‍റെയും ഖണ്ഡിതമായ തെളിവുകള്‍ക്കു മുമ്പില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വരികയായിരുന്നു. യാഥാര്‍ത്ഥ്യം ബോദ്ധ്യപ്പെട്ടിട്ടും അതംഗീകരിക്കാന്‍ തയ്യാറാകാതെ, ആയത്തുകളേയും ഹദീസുകളേയും ദുര്‍വ്യാഖ്യാനം ചെയ്യുകയാണ് അദ്ദേഹം ചെയ്തത്. സ്വൂമൂ ലി റുഅ്യത്തിഹി (പിറ കണ്ടാല്‍ നോമ്പ് തുടങ്ങുക) എന്നു തുടങ്ങുന്ന ഹദീസിലെ റുഅ്യത്തിനര്‍ത്ഥം 'കാണുക' എന്നാണ്. ഇതിനദ്ദേഹം നല്‍കുന്ന അര്‍ത്ഥം ബോദ്ധ്യപ്പെടുക എന്നാണ്. ഇത് മുന്‍കാല ഹദീസ് പണ്ഡിതരും    ഭാഷാ പണ്ഡിതന്മാരും നല്‍കാത്ത അവര്‍ക്കാര്‍ക്കും അറിയില്ലാത്ത അര്‍ത്ഥമാണ്. റുഅ്യത് എന്ന ക്രിയാധാതുവില്‍ നിന്നുള്ള അനേകം ക്രിയകള്‍ ഹദീസുകളില്‍ നിലാവിനെ സംബന്ധിച്ച പരാമര്‍ശങ്ങളില്‍ വന്നിട്ടുണ്ട്. ഉദാ: ഇദാ റഅല്‍ ഹിലാല, ഇന്നീ റഅയ്ത്തുല്‍ ഹിലാല, തറാഅന്നാസുല്‍ഹിലാല, ഇവിടെയൊന്നും ബോദ്ധ്യപ്പെടുക എന്നര്‍ത്ഥമല്ല; ആണെന്ന് അലി മണിക്ഫാനും പറയുകയില്ല. എങ്കില്‍ ഒരേ വിഷയത്തെക്കുറിച്ച് പ്രതിപാദിക്കുമ്പോള്‍ ക്രിയക്ക് ലഭിക്കാത്ത അര്‍ത്ഥം ധാതുവിന് എങ്ങനെ ലഭിച്ചു എന്ന ചോദ്യത്തിന് അദ്ദേഹത്തിന് മറുപടിയില്ല. 
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഉമ്മത്തിനെ പഠിപ്പിച്ചത് ഉദയചന്ദ്രന്‍ (ഇൃലരെലിേ) ദൃശ്യമായതുമുതല്‍ മാസം തുടങ്ങാനാണ്. എന്നാല്‍ അലി മണിക്ഫാന്‍ പറയുന്നത് അമാവാസിയെ അടിസ്ഥാനപ്പെടുത്തി അതുമുതല്‍ മാസം തുടങ്ങാനാണ്. ഇത് ഇതിനുമുമ്പ് ഒരു പണ്ഡിതനും പറയാത്തതാണെന്ന് മാത്രമല്ല ജൂതന്മാരുടെ രീതിയുമാണ്. ജൂതന്മാര്‍ കറുത്ത വാവുമുതല്‍ കണക്കാക്കുന്ന ജാവിഷ് കലണ്ടറാണ് ഉപയോഗിക്കുന്നത്. ഇസ്രായേലിന്‍റെ ഔദ്യോഗിക കലണ്ടറും ഇതുതന്നെയാണ്. ന്യൂ മൂണ്‍ എന്നാല്‍ അമാവാസിയാണ്. എന്നാല്‍ ഉദയചന്ദ്രനാണെന്ന് പദപ്രയോഗത്തില്‍ നിന്നും ചിലര്‍ തെറ്റിദ്ധരിച്ചിട്ടുണ്ട്. ഇത് ആസ്ട്രോണമിക്കല്‍ ന്യൂ മൂണ്‍ ആണ്. അഥവാ വിസിബിള്‍ ന്യൂ മൂണ്‍ അല്ല. അലി മണിക്ഫാന്‍ സാഹിബിനും ഈ അബദ്ധം സംഭവിച്ചിരിക്കാം. ആയതിനാല്‍ മുസ്ലിംകള്‍ക്കായി അദ്ദേഹം പുതുതായി അവതരിപ്പിക്കുന്നത് ശുദ്ധമായ ജൂത കലണ്ടറാണ്. ഇതിന് ഇസ്ലാമികമായി യാതൊരടിസ്ഥാനവുമില്ല. അതുകൊണ്ടുതന്നെ അത് തള്ളേണ്ടതാണ്. ദീനിലില്ലാത്തൊരു കാര്യം ആരെങ്കിലും പുതുതായി ഉണ്ടാക്കിയാല്‍ അത് തള്ളപ്പെടേണ്ടതാണ് എന്ന പ്രവാചക വചനത്തിന്‍റെ പരിധിയില്‍ ഇതും വരുന്നതാണ്. 
ഇസ്ലാമിലെ ദിനാരംഭം അസ്തമനം മുതലാണ്. അതായത് അസ്തമനത്തോടെ ഒരു ദിവസം തുടങ്ങുകയും അടുത്ത അസ്തമനത്തോടെ അവസാനിക്കുകയും ചെയ്യും. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ കാലം മുതല്‍ ഇന്നുവരെ മുസ്ലിംകളൊന്നടങ്കം അഭിപ്രായ വ്യത്യാസമില്ലാതെ തുടര്‍ന്നുവരുന്ന ഒരു കാര്യമാണിത്. മാസം തുടങ്ങാന്‍ പിറ കാണേണ്ടതില്ല എന്ന് സ്ഥാപിച്ചെടുക്കുന്നതിനുവേണ്ടി, ഒരു കളവ് അംഗീകരിപ്പിക്കാന്‍ വേറെയും അനേകം കളവുകള്‍ എന്നു പറഞ്ഞത് പോലെ, മറ്റുചില ഇസ്ലാമിക വിരുദ്ധ നിലപാടുകള്‍ കൂടി അലി മണിക്ഫാനിനും ഹിജ്റ കമ്മിറ്റിക്കും സ്വീകരിക്കേണ്ടി വന്നു. അതിലൊന്നാണ് ദിനാരംഭം സന്ധ്യയോടെയല്ല എന്നത്. വെള്ളിയാഴ്ച ദിവസം ആരംഭിക്കുന്നത് വ്യാഴാഴ്ച അസ്തമിക്കുന്നതോടെയാണ്. ആദ്യം വെള്ളിയാഴ്ച രാവാണ് വരുന്നത്, അതിനുശേഷമാണ് വെള്ളിയാഴ്ച പകല്‍. റമദാനിന്‍റെ ഇരുപത്തിയേഴാം രാവ് എന്നാല്‍ ഇരുപത്തിയേഴാമത്തെ നോമ്പിന്‍റെ തലേരാത്രിയാണ്. ഇതാണ് ലോക മുസ്ലിംകള്‍ ആചരിച്ച് അംഗീകരിച്ചു വരുന്ന രീതി. ഈ വിഷയത്തില്‍ അഭിപ്രായങ്ങള്‍ തോന്നിയതുപോലെ മാറ്റിമാറ്റി പറയുകയാണ് അലി മണിക്ഫാന്‍ ചെയ്യുന്നത്. ആദ്യം അദ്ദേഹം പറഞ്ഞിരുന്നത് ദിനാരംഭം ളുഹ്ര്‍ മുതല്‍ എന്നാണ്. അതായത് മദ്ധ്യാഹ്നം മുതല്‍ മദ്ധ്യാഹ്നം വരെയാണ് ഒരു ദിവസം. പിന്നീട് സൂര്യോദയം മുതല്‍ സൂര്യോദയം വരെയാണ് എന്നു തിരുത്തി. ഇപ്പോള്‍ അദ്ദേഹവും ഹിജ്റ കമ്മിറ്റിയും പറയുന്നത് സുബ്ഹി മുതല്‍ സുബ്ഹി വരെയാണ് ഒരു ദിവസം എന്നാണ്. അദ്ദേഹത്തിന്‍റെ അടുത്ത അഭിപ്രായത്തിനായി നാം കാതോര്‍ക്കേണ്ടിയിരിക്കുന്നു.! ഇത് ശരീഅത്തിന്‍റെ നിയമത്തെക്കൊണ്ട് അമ്മാനമാടലല്ലാതെ മറ്റെന്താണ്.? 
അലി മണിക്ഫാന്‍റെ പുതിയ കണ്ടെത്തലിന് തെളിവുകൊണ്ടു  വരാന്‍ ഡോ. കോയാക്കുട്ടി ഫാറൂഖി ദിനാരംഭം എപ്പോള്‍ എന്ന തന്‍റെ പുസ്തകത്തില്‍ വ്യക്തമായ ഇരുട്ടില്‍ തപ്പലാണ് നടത്തുന്നത്. സൂറത്തു യാസീനിലെ നാല്‍പ്പതാമത്തെ ആയത്താണ് ഈ വിഷയത്തിലുള്ള അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ തെളിവ്. "സൂര്യന് ചന്ദ്രനെ പ്രാപിക്കാന്‍ കഴിയുകയില്ല. രാവ് പകലിനെ മറികടക്കുന്നതുമല്ല. ഓരോന്നും ഓരോ ഭ്രമണപഥത്തില്‍ നീന്തിക്കൊണ്ടിരിക്കുകയാണ്."ഈ ആയതിന് അദ്ദേഹം നല്‍കുന്ന അര്‍ത്ഥം ഇങ്ങനെയാണ്. "രാവ് പകലിന്‍റെ മുന്നോടിയുമല്ല." ഇതില്‍ നിന്നാണ് ദിനാരംഭം പ്രഭാതം മുതലാണ് എന്ന ആശയം പിടിച്ചെടുത്തത്. മറ്റുചില തെറ്റായ ധാരണകളും കൃത്യമായ ശാസ്ത്രീയ ജ്ഞാനത്തിന്‍റെ അഭാവത്താലും മുസ്ലിംകളും ഇത് (പകലിന്‍റെ പിറകെയാണ് രാത്രി എന്നാണ് ഈ ആയതിന്‍റെ അര്‍ത്ഥം എന്ന കാര്യം) വേണ്ടവിധം ഗൗനിച്ചിട്ടില്ലെന്ന്   തോന്നുന്നു, എന്ന അദ്ദേഹത്തിന്‍റെ തോന്നല്‍ വെളിപ്പെടുത്തിയതല്ലാതെ ഈ അര്‍ത്ഥം ഏത് മുഫസ്സിര്‍ (ഖുര്‍ആന്‍ വ്യാഖ്യാതാവ്) പറഞ്ഞതാണെന്നോ ഏത് ഗ്രന്ഥത്തില്‍ നിന്നാണ് ഉദ്ധരിക്കുന്നത് എന്നോ അദ്ദേഹം  പറഞ്ഞിട്ടില്ല. "വിശുദ്ധ ഖുര്‍ആനിന് വ്യാഖ്യാനമെഴുതിയിട്ടുള്ള അനേകം വ്യാഖ്യാതാക്കളില്‍ ആരും ഈ ആശയത്തിനെതിരില്‍ എഴുതിയിട്ടില്ല."എന്ന പ്രഖ്യാപനം കൂടി നടത്തുന്നുണ്ട്. ഡോ. സാഹിബ്. അദ്ദേഹം ഈ ആശയം പ്രകടിപ്പിച്ചതിനുശേഷം   വ്യാഖ്യാനമെഴുതുന്നവര്‍ക്കല്ലേ അതിനെതിരെ എഴുതാന്‍ കഴിയൂ. മുന്‍കാല മുഫസ്സിറുകള്‍ തെറ്റിദ്ധരിച്ചും ശാസ്ത്രീയ ജ്ഞാനത്തിന്‍റെ അഭാവത്തിലുമാണ്. ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ എഴുതിയിട്ടുള്ളത് എന്ന വെളിപ്പെടുത്തലും കൗതുകമുണര്‍ത്തുന്നുണ്ട്. ആയത്തിന്‍റെ ശരിയായ ആശയം തഫ്സീറിന്‍റെ പണ്ഡിതന്മാര്‍ നല്‍കുന്നത് ഇപ്രകാരമാണ്. രാത്രി വന്നാല്‍ ശേഷം ഒരു പകല്‍ വരാതെ വീണ്ടും ഒരു രാത്രി ഉണ്ടാവുകയില്ല. വരാനിരിക്കുന്ന രാത്രിക്ക്  പകലിനെ മറികടക്കാനാവുകയുമില്ല എന്നതാണ്. വിവരണ സാഹചര്യത്തോട് കൂടുതല്‍ യോജിക്കുന്നതും മുഫസ്സിറുകള്‍ അഖിലവും പറഞ്ഞിട്ടുള്ളതും പ്രബലവുമായ ഈ അര്‍ത്ഥം നല്‍കിയാല്‍ തങ്ങളുടെ പുതിയ കണ്ടെത്തലുകള്‍ക്ക് തെളിവുണ്ടാക്കാന്‍ കഴിയില്ലല്ലോ.? 
ഇവിടെ ലളിതമായൊരു ചോദ്യം അലി മണിക്ഫാനോട് ചോദിക്കാനുണ്ട്. ദിനവും തദ്വാരാ റമദാന്‍ മാസവും തുടങ്ങുന്നത് താങ്കള്‍ വാദിക്കുന്നതുപോലെ പ്രഭാതം മുതലാണെങ്കില്‍ തലേ രാത്രി റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യും സ്വഹാബത്തും ലോക മുസ്ലിംകളും തറാവീഹ് നമസ്കരിച്ചതും ഇന്ന് നമസ്കരിക്കുന്നതും എന്തിനാണ്.? റമദാന്‍ നാളെ രാവിലെ   മുതലേ തുടങ്ങൂ എങ്കില്‍ പിന്നെ എന്താണതിന്‍റെ പ്രസക്തി. പെരുന്നാളിന്‍റെ തലേരാത്രി എന്തുകൊണ്ട് ഇവരാരും നമസ്കരിച്ചില്ല.? നമസ്കരിക്കുന്നില്ല.? മണിക്ഫാനും ഹിജ്റാ കമ്മിറ്റിയും പറയുന്നതനുസരിച്ച് ആദ്യത്തേത് റമദാനില്‍ പെട്ടതല്ല. രണ്ടാമത്തേത് പെരുന്നാള്‍ രാവ് റമദാനില്‍ പെട്ടതാണ്. വളരെ പ്രസക്തമായ ഈ ചോദ്യം സാധാരണക്കാര്‍ പോലും ചോദിക്കും എന്ന് മനസ്സിലാക്കിയ ഡോ. കോയക്കുട്ടി ഫാറൂഖി തന്‍റെ പുസ്തകത്തില്‍ ഇതൊരു ബാലിശമായ തര്‍ക്കമായി തള്ളിയിരിക്കുകയാണ്. അലി മണിക്ഫാന്‍റെ ആശയങ്ങള്‍ക്ക് ബുദ്ധി പണയം വെച്ചവരെ പിടിച്ചു നിര്‍ത്താന്‍ ബാലിശത്തില്‍ ബാലിശമായ ഒരു മറുപടിയും നല്‍കുന്നുണ്ട്. കല്യാണം തിങ്കളാഴ്ചയാണെങ്കില്‍ തലേരാത്രിയെ കല്യാണ രാവ് എന്നുപറയുന്നതുപോലെ വെറും ഒരു സംഭാഷണ പ്രയോഗത്തിലൂടെ വന്നെത്തിയ തെറ്റിദ്ധാരണയില്‍ നിന്നുടലെടുത്തതാണത്രെ ഇത്! ഹാ! കാര്യം എത്ര ലളിതം.! റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യില്‍ നിന്നും ദീന്‍ പഠിച്ചു മനസ്സിലാക്കിയ സ്വഹാബാക്കള്‍ക്കും വിജ്ഞാനസാഗരങ്ങളായ ഇമാമുകള്‍ക്കും പണ്ഡിതന്മാര്‍ക്കുമൊന്നും റമദാന്‍ തുടങ്ങുന്നതും അവസാനിക്കുന്നതും എപ്പോളാണെന്നോ, തറാവീഹ് എപ്പോള്‍ നമസ്കരിക്കണമെന്നോ അറിയില്ലായിരുന്നുവെന്നും ഇതുവരെ ചെയ്തുവന്നതെല്ലാം വിവരക്കേടും തെറ്റിദ്ധാരണയെ അടിസ്ഥാനപ്പെടുത്തി ചെയ്തു പോന്നതുമാണ് എന്നാണ് ഡോക്ടര്‍ സാഹിബിന്‍റെ കണ്ടെത്തല്‍. അറബി ഭാഷയിലെ സംഭാഷണ ശൈലി, അറബി സാഹിത്യത്തിന്‍റെ മടിയില്‍ പെറ്റുവീണ സ്വഹാബാക്കള്‍ക്കോ മുന്‍പു കഴിഞ്ഞ ഭാഷാ സാമ്രാട്ടുകളായിരുന്ന പണ്ഡിതന്മാര്‍ക്കോ മനസ്സിലാക്കാന്‍ കഴിഞ്ഞില്ലത്രേ.! നൂറ്റാണ്ടുകളായി തുടരുന്ന ഈ തെറ്റ് തിരുത്താന്‍ കാലം ഫാറൂഖിയെയും മണിക്ഫാനേയും കാത്തിരുന്നു. എത്ര ബാലിശമാണീ മറുപടി. കൂടാതെ പെരുന്നാളിന്‍റെ തലേരാത്രി അദ്ദേഹത്തിന്‍റെ വാദമനുസരിച്ച് റമദാനില്‍ പെട്ടതാണെങ്കിലും തറാവീഹ് നമസ്കരിക്കാതിരുന്നതിന് രസകരമായ മറ്റൊരു കാരണം കൂടി ഡോ. ഫാറൂഖി കണ്ടെത്തുന്നുണ്ട്. പെരുന്നാളാഘോഷത്തിനൊരുങ്ങുക എന്ന പ്രധാന കാര്യത്തിനായി അപ്രധാന കാര്യമായ തറാവീഹ് നമസ്കാരം ഒഴിവാക്കിയതാണത്രേ, അത് പിറ്റേ ദിവസത്തെ രാവായതുകൊണ്ടല്ല (ദിനാരംഭം എപ്പോള്‍? പേജ്: 22) 
"പെരുന്നാളാഘോഷം കേമമാക്കുന്നതിന് പുടവയും സുഗന്ധദ്രവ്യങ്ങളും ഭക്ഷണ സാധനങ്ങളും വാങ്ങാന്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) സ്വഹാബത്തും മാര്‍ക്കറ്റിലേക്ക് പോയി, അനേകം മഹത്വങ്ങളുണ്ടെന്ന് അവിടുന്ന് തന്നെ പഠിപ്പിച്ച തറാവീഹും (മണിക്ഫാന്‍റെ അഭിപ്രായപ്രകാരം) ലൈലത്തുല്‍ ഖദ്ര്‍ ആകാന്‍ സാധ്യതയുള്ള രാത്രിയും ഒക്കെ ഉപേക്ഷിച്ച് പള്ളി കാലിയാക്കിയെന്നാണ് കോയാക്കുട്ടി ഫാറൂഖി പറയുന്നത്. അത്ഭുതകരമായ കണ്ടെത്തലുകളാണിത്. തങ്ങളുടെ വാദം സ്ഥിരപ്പെടുത്താമെന്ന വ്യാമോഹത്തില്‍ വായില്‍ തോന്നുന്നതെന്തും റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യെ സംബന്ധിച്ചും സ്വഹാബത്തിനെ സംബന്ധിച്ചും പറയുന്നതിന് ഒരു മടിയും ഇവര്‍ക്കില്ല എന്നാണ് ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത്. പ്രവാചകന്‍ തന്നെ ശ്രേഷ്ഠത പഠിപ്പിച്ച, അവിടുന്ന് തന്നെ മാതൃകയാകേണ്ട മഹത്തായൊരു കാര്യം ഉപേക്ഷിച്ചുകൊണ്ട് സ്വഹാബത്തിനേയും കൂട്ടി ആഘോഷത്തിന്‍റെ പിറകെ പോയി എന്ന പ്രഖ്യാപനം എത്ര ലാഘവത്തോടെയാണ് പറഞ്ഞിരിക്കുന്നത്.! പ്രവാചകന്‍ ആരാണെന്നും ആരാധനാ കാര്യങ്ങളില്‍ അവിടുന്നു പുലര്‍ത്തിയിരുന്ന കണിശമായ ചിട്ടകള്‍ എന്തായിരുന്നുവെന്നും അറിയാവുന്ന ആരെങ്കിലും ഇതു വിശ്വസിക്കാന്‍ തയ്യാറാകുമെന്ന് ഡോ. ഫാറൂഖി പോലും വിശ്വസിക്കുന്നുണ്ടോ? ദിനാരംഭവും തദ്വാരാ മാസാരംഭവും പ്രഭാതം മുതലാണെന്ന തെറ്റായ വാദമാണ് അലി മണിക്ഫാനേയും ഡോ. ഫാറൂഖിയേയും അവരുടെ ഹിജ്റ കമ്മിറ്റിയെയും ഇവിടെവരെ എത്തിച്ചത്. ദിനാരംഭം അസ്തമനം മുതലാണെന്ന് ഖുര്‍ആനും ഹദീസും നമ്മെ പഠിപ്പിക്കുന്നുണ്ട്. ആ തെളിവുകള്‍ ഇവര്‍ കാണാതെ പോയതല്ല. അതിനുനേരെ കണ്ണടച്ചതാണെന്നല്ലാതെ കരുതാന്‍ തരമില്ല. 
അല്ലാഹു പറയുന്നു. നോമ്പിന്‍റെ രാത്രിയില്‍ നിങ്ങളുടെ ഭാര്യമാരുമായുള്ള സംസര്‍ഗ്ഗം നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു... (സൂറത്തുല്‍ ബഖറ 187) ഈ ആയത്തില്‍ തന്നെ കാണാം, പ്രഭാതത്തില്‍ വെളുത്തനൂല് കറുത്ത നൂലില്‍ നിന്ന് തെളിഞ്ഞു കാണുന്നതുവരെ നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക. ഇവിടെ നോമ്പിന്‍റെ രാത്രി എന്ന് അല്ലാഹു പറഞ്ഞത് ഏത് രാത്രിയെ സംബന്ധിച്ചാണെന്ന് നോക്കാം. ഇസ്ലാമിന്‍റെ തുടക്കത്തില്‍ വ്രതമനുഷ്ഠിക്കാന്‍ ഉദ്ദേശിക്കുന്ന ദിവസത്തിന്‍റെ തലേരാത്രി ഉറങ്ങിയാല്‍ പിന്നെ ഭക്ഷണ പാനീയങ്ങളും ഭാര്യ സംസര്‍ഗ്ഗവും വിരോധമായിരുന്നു. ഉമറുബ്നുല്‍ ഖത്താബിന് ഇത് പാലിക്കുന്നതില്‍ പിഴവ് സംഭവിച്ചു. പശ്ചാത്താപ മനസ്കനായി അദ്ദേഹം പ്രവാചക തിരുസന്നിധിയിലെത്തി. സിര്‍മത്തുബ്നു ഖൈസ് (റ) വയലില്‍ പണിയെടുത്ത് മഗ്രിബിന്  ശേഷം ക്ഷീണിതനായി വീട്ടിലെത്തി ഭാര്യയോട് ഭക്ഷണം ആവശ്യപ്പെട്ടു. ഭാര്യ ചൂടാക്കിയ ഭക്ഷണവുമായി എത്തിയപ്പോഴേക്കും സിര്‍മ ക്ഷീണത്താല്‍ ഉറങ്ങിപ്പോയിരുന്നു. നിലവിലെ നിയമപ്രകാരം പിന്നീടദ്ദേഹത്തിന് ഭക്ഷണം കഴിക്കാന്‍ കഴിയില്ലല്ലോ? അദ്ദേഹം കാലി വയറുമായി പിറ്റേന്ന് നോമ്പെടുത്ത് പ്രവാചക സദസ്സില്‍ ക്ഷീണിതനായി എത്തി. അനുചരന്മാരോട് അങ്ങേയറ്റം സ്നേഹമുള്ള പ്രവാചകന്‍ സിര്‍മയോട് ക്ഷീണത്തിന്‍റെ വിവരം തിരക്കി. സിര്‍മ നടന്ന സംഭവങ്ങളെല്ലാം സദസ്സില്‍ വിവരിച്ചു. ഈ രണ്ട് സംഭവങ്ങളോടും ബന്ധപ്പെട്ടാണ് മേല്‍ ഉദ്ധരിച്ച ആയത്ത് അവതരിച്ചത്. ഇവിടെ നോമ്പിന്‍റെ രാത്രി ലൈലത്തു സിയാമി എന്ന് അല്ലാഹു പറഞ്ഞിരിക്കുന്നത് ഏത് രാത്രിയെക്കുറിച്ചാണ്.? ഹിജ്റ കമ്മിറ്റി പറയുന്നതുപോലെ പിറ്റേ രാത്രിയാണോ? ഒരു ദിവസത്തെ നോമ്പില്‍ ഇസ്ലാമിന്‍റെ തുടക്കത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത് ഏത് രാത്രിയുടെ ഭാഗത്തേയാണ്. ഇതൊന്നും ഫാറൂഖിക്കോ മണിക്ഫാനോ മനസ്സിലാകാഞ്ഞിട്ടാണോ? ഒരിക്കലുമല്ല. കണ്ണടച്ച് ഇരുട്ടാക്കുകയാണ് അവര്‍ ചെയ്യുന്നത്. ശേഷം ഈ ആയത്തില്‍ തന്നെ പിന്നെ രാത്രിവരെ നിങ്ങള്‍ നോമ്പ്  പൂര്‍ത്തിയാക്കുക. (അല്‍ബഖറ: 187) എന്ന വചനത്തില്‍ നിന്നും ആ ദിവസം അസ്തമനത്തോടെ അവസാനിക്കുന്നുവെന്നും അതോടെ അടുത്തദിവസം ആരംഭിക്കുന്നുവെന്നും മനസ്സിലാക്കാം. 
ഖതാദ (റ) വിവരിക്കുന്നു : റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) പിറകണ്ടാല്‍ ഇപ്രകാരം പറയുമായിരുന്നു. ഇന്ന മാസത്തെ അവസാനിപ്പിക്കുകയും ഇന്ന മാസത്തെ കൊണ്ടുവരികയും ചെയ്ത അല്ലാഹുവിനാണ് സര്‍വ്വ സ്തുതിയും (അബൂദാവൂദ്). പിറ കാണുമ്പോള്‍ പ്രവാചകന്‍ ചെയ്തിരുന്ന ദുആയാണിത്. ഇന്ന (കഴിഞ്ഞ) മാസത്തെ അവസാനിപ്പിച്ചു എന്നു പറയുന്നതില്‍ നിന്നുതന്നെ പുതിയ മാസത്തിന് തുടക്കമായി. കഴിഞ്ഞ മാസം അവസാനിച്ചു. (ജാഅ ബി ഷഹ്രി കദാ) പുതിയ ഈ മാസത്തെ കൊണ്ടുവന്നു എന്ന് അര്‍ത്ഥ ശങ്കക്കിട നല്‍കാത്ത വിധം ദുആയില്‍ പറയുന്നുണ്ട്. എന്നിട്ടും മാസം തുടങ്ങാന്‍ പ്രഭാതം വരെ കാത്തിരിക്കണമെന്നാണ് ഇവര്‍ പറയുന്നത്. ഖുര്‍ആനും ഹദീസും എന്തുപറയുന്നുവെന്നും അലി മാണിക് ഫാനും സംഘവും എന്ത് പറയുന്നുവെന്നും നോക്കുക!. 
ഹിജ്റ കമ്മിറ്റി പറയുന്നതുപോലെയാണ് സൗദിയുടെ മുഖ്യ മുഫ്തിയുടെ ഫത്വകളും എന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പല വാര്‍ത്തകളും മാണിക് ഫാന്‍ പറയുന്നുണ്ട്. ഹിജ്റ കമ്മിറ്റിയുടെ പ്രസിദ്ധീകരണമായ ദൗത്യം ഒന്നാം ലക്കം 20-ാം പേജിലും ഇത്തരത്തിലുള്ള ഒരു വാര്‍ത്ത നല്‍കിയിട്ടുണ്ട് ആ വര്‍ഷത്തെ മുഹറം 1 തിങ്കളാഴ്ചയായിരുന്നുവെന്നാണ് ഉമ്മുല്‍ ഖുറാ കലണ്ടറില്‍ ഉണ്ടായിരുന്നത.് ഇത് ഞായറാഴ്ചയാണെന്ന് തിരുത്തി. ഇതാണ് വാര്‍ത്ത. ഇത് ഗോളശാസ്ത്ര പ്രകാരം തെറ്റുതിരുത്തിയതാണെന്നോ മറ്റോ വാര്‍ത്തയിലില്ല. പിന്നെങ്ങിനെയാണിത് മണിക്ഫാന് തെളിവാകുന്നത്. കലണ്ടറില്‍ വന്ന അബദ്ധം തിരുത്തി, അത്രമാത്രം. അത് ഒരു ഫത്വയായി അവതരിപ്പിച്ച് തനിക്കനുകൂലമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണ് അദ്ദേഹം. ഇതൊന്നും അദ്ദേഹത്തിന് തെളിവാകുന്നില്ല. എന്നാല്‍ സൗദി മുഖ്യ മുഫ്തിയുടെ, മാധ്യമം റിപ്പോര്‍ട്ടു ചെയ്ത യഥാര്‍ത്ഥ ഫത്വ കാണുക. 
ഗോളശാസ്ത്ര കണക്കല്ല മാസപ്പിറവിയാണ് അവലംബിക്കേണ്ടത്: ഗ്രാന്‍റ് മുഫ്തി:- മക്ക; ഗോളശാസ്ത്ര കണക്കുകളുടെ അടിസ്ഥാനത്തില്‍ ചന്ദ്രമാസാരംഭം കൃത്യമായി നിര്‍ണ്ണയിക്കാന്‍ കഴിയുമെന്ന വാദത്തെ സൗദി ഉന്നതപണ്ഡിത സഭ തള്ളി. മാസപ്പിറവി ദര്‍ശനത്തിന് ശേഷമേ റമദാന്‍ തുടങ്ങുകയുള്ളൂവെന്ന് ഉന്നതപണ്ഡിത സഭ വ്യക്തമാക്കി. ആഗോള ശാസ്ത്ര കണക്കുകളെ അവലംബിച്ച് റമദാന്‍ ആരംഭിക്കാനും പെരുന്നാള്‍ ഉറപ്പിക്കാനും ശരീഅത്ത് അനുവദിക്കുന്നില്ലെന്ന് സൗദി ഗ്രാന്‍റ് മുഫ്തി കൂടിയായ ശൈഖ് അബ്ദുല്‍ അസീസ് ആലു ശൈഖാണ് വ്യക്തമാക്കിയത്. ഇതോടെ ഈ കാര്യത്തിലെ അവ്യക്തത നീങ്ങി. കഴിഞ്ഞ ദിവസം ചില അറബ് ഗോളശാസ്ത്രജ്ഞന്മാരാണ് ഗോളശാസ്ത്ര കണക്കുകളുടെ വെളിച്ചത്തില്‍ സെപ്റ്റംബര്‍ ഒന്നിന് റമദാന്‍ ആരംഭിക്കുമെന്നും (2008-ല്‍) റമദാന്‍ 30 പൂര്‍ത്തിയാക്കി ഒക്ടോബര്‍ ഒന്നിനായിരിക്കും ഈദുല്‍ ഫിത്വ്റെന്നും അഭിപ്രായപ്പെട്ടത്. ഗോളശാസ്ത്ര കണക്കനുസരിച്ച് ഈ മാസം 30 ന് 6.30 ഓടെ സൂര്യാസ്തമയം നടക്കുന്നതിനാല്‍ ആ സമയത്ത് മാസപ്പിറവി കാണാന്‍ കഴിയില്ലെന്നാണ് ഇവര്‍ വാദിച്ചത്. ഇതുപ്രകാരം സെപ്തംബര്‍ ഒന്നിന് ആകുമെന്നാണ് ഇവരുടെ അഭിപ്രായം. എന്നാല്‍ ഇസ്ലാമിക വിധി പ്രകാരം നഗ്നനേത്രംകൊണ്ട് മാസപ്പിറവി ദര്‍ശിച്ചാണ് നോമ്പ,് പെരുന്നാള്‍ തുടങ്ങിയ ആരാധനകളുടെ സമയം നിര്‍ണ്ണയിക്കേണ്ടത് എന്ന പ്രവാചക വചനം ഉദ്ധരിച്ചാണ് ഗോളശാസ്ത്ര കണക്കുകളുടെ ആധികാരികതയെ തള്ളിയത്. വിശ്വാസ യോഗ്യരായവര്‍ നഗ്നനേത്രങ്ങള്‍കൊണ്ട് മാസപ്പിറവി ദര്‍ശിച്ചതായി അവകാശപ്പെട്ടാല്‍ നോമ്പ് ആരംഭിക്കല്‍ വിശ്വാസികളുടെ ബാധ്യതയാണെന്ന് ശൈഖ് അബ്ദുല്‍ അസീസ് ആലു ശൈഖ് ചൂണ്ടിക്കാട്ടി. ഇതുതന്നെയാണ് സൗദിഅറേബ്യയിലെ രീതി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിശ്വാസയോഗ്യരായവരുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലാണ് രാജ്യത്ത് മാസപ്പിറവി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. ഇത്തവണയും ഇത് മാറ്റമില്ലാതെ തുടരും. (മാധ്യമം ആഗസ്റ്റ് 28 തിങ്കള്‍ 2008) 
ഇബാദത്തുകളാകുന്ന നോമ്പും പെരുന്നാളും ഗോളശാസ്ത്ര തത്വങ്ങളുടെ അടിസ്ഥാനത്തില്‍ നിര്‍ണ്ണയിക്കാനും ഖുര്‍ആനും ഹദീസുകളും അതിനെതിരായി വന്നപ്പോള്‍ തന്‍റെ അഭിപ്രായങ്ങള്‍ക്കൊപ്പിച്ച് വ്യാഖ്യാനിക്കുവാനും ശ്രമിച്ചപ്പോഴാണ് അലി മാണിക് ഫാനും ഹിജ്റ കമ്മിറ്റിയും ലോകത്തിന്നേവരെ ആരും പറയാത്ത വാദങ്ങളിലേക്കും അബദ്ധങ്ങളിലേക്കും ചെന്നെത്തിയത്. നാല്‍പ്പതിലധികം വര്‍ഷങ്ങളായി താനീ ആശയവുമായി പണ്ഡിതന്മാരെ സമീപിക്കുന്നു. ഒരു സംഘടനയും ഇതുവരെ ഇത് അംഗീകരിക്കുവാന്‍ തയ്യാറായിട്ടില്ല എന്നുപറഞ്ഞ് അലി മാണിക്ഫാന്‍ പെരുമ്പാവൂരില്‍ വെച്ച് നടന്ന ഒരു സംവാദത്തിനിടയില്‍ വിഷമം പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ ഈ വിഷയത്തിലുള്ള വിഷമം, സത്യത്തിലേക്ക് തിരിച്ചുവരാതെ അവസാനിക്കില്ല എന്നാണ് ഈ ലേഖകന് പറയാനുള്ളത്. യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കി സത്യം ഉള്‍ക്കൊള്ളാന്‍ അല്ലാഹു അനുഗ്രഹിക്കട്ടെ.! ആമീന്‍. 
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...