ഇന്ത്യ ആഗ്രഹിക്കുന്ന
യഥാര്‍ത്ഥ സ്വാതന്ത്ര്യം.!
- മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി
http://swahabainfo.blogspot.com/2018/08/blog-post_56.html?spref=tw
1947-ല്‍ ഇന്ത്യാ മഹാരാജ്യം സ്വതന്ത്രമായി. സ്വാതന്ത്ര്യത്തിന് 20-30 വര്‍ഷങ്ങള്‍ക്കു മുമ്പ് സ്വാതന്ത്ര്യം ഒരു സ്വപ്നം മാത്രമായിരുന്നു. ഇത് പുലരുമെന്ന് വിദ്യാസമ്പന്നരായ പലര്‍ക്കും സംശയമായിരുന്നു. ചിലരെങ്കിലും സ്വാതന്ത്ര്യസമരങ്ങളെ നോക്കി പരിഹസിച്ചു ചിരിച്ചിരുന്നു. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്‍റെ അധിപരായ ബ്രിട്ടീഷുകാര്‍ അവരുടെ അമൂല്യ നിധിശേഖരമായ ഇന്ത്യയെ വിട്ടു പോകുന്ന പ്രശ്നമേയില്ലെന്ന് അവര്‍ വിശ്വസിച്ചിരുന്നു. എന്നാല്‍, മഹാന്‍മാരായ സ്വാതന്ത്ര്യസമര സേനാനികളുടെ പിന്നില്‍ അണിനിരന്ന ഇന്ത്യന്‍ ജനത, രാജ്യത്തെ ബ്രിട്ടീഷ് അടിമത്തത്തില്‍ നിന്നും മോചിപ്പിക്കണമെന്ന ഉറച്ച തീരുമാനമെടുത്തു മുന്നിട്ടിറങ്ങി. രാജ്യം സ്വാതന്ത്ര്യം പ്രാപിച്ചു. അതെ, ന്യായമായ ഒരു കാര്യം ലക്ഷ്യമിട്ടുപരിശ്രമിച്ചാല്‍ അതു കരഗതമാകുക തന്നെ ചെയ്യുന്നതാണ്. അന്നത്തെ സുപ്രധാനമായ ആവശ്യം സ്വാതന്ത്ര്യമായിരുന്നു. അതിന് ആഹ്വാനം ചെയ്തവരോടും അവരുടെ പിന്നില്‍ അണിനിരന്നവരോടും നാം നന്ദിയുള്ളവരാണ്. എന്നാല്‍, ഈ രാജ്യത്തിന്‍റെ യാഥാര്‍ത്ഥ്യ വും സമ്പൂര്‍ണ്ണവുമായ സ്വാതന്ത്ര്യം മാനവികതയുടെ നിര്‍മ്മാണമാണെന്നുകൂടി നാം തിരിച്ചറിയേണ്ടതാണ്. സ്വാതന്ത്ര്യ സമരത്തെ ഞാന്‍ നിന്ദിക്കുകയോ നിസ്സാരപ്പെടുത്തുകയോ ചെയ്യുന്നില്ല. വിനീതന്‍ അതില്‍ പങ്കെടുത്ത ആളാണ്. എന്‍റെ കുടുംബാംഗങ്ങള്‍ തന്നെ അതില്‍ ധാരാളം ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ട്. പക്ഷേ, ഒരുകാര്യം വളരെ വ്യക്തമായി പറയട്ടെ; യഥാര്‍ത്ഥ സ്വാതന്ത്ര്യവും സ്വരാജ്യ സ്നേഹവും സേവനവും നാം എല്ലാവരും നല്ല മനുഷ്യരാകുന്നതിലാണ്. ഇതുണ്ടായില്ലെങ്കില്‍ സ്വാതന്ത്ര്യത്തിന് യാതൊരു രസമോ രുചിയോ ഉണ്ടാകുന്നതല്ല. അസമാധാനവും അശാന്തിയും അവസാനിക്കുന്നതല്ല. നാശങ്ങളും പ്രശ്നങ്ങളും മറ്റു പല രൂപങ്ങളിലും വന്നുകൊണ്ടിരിക്കുന്നതാണ്. അക്രമവും അനീതിയും കൊള്ളയും കൊലയും നടത്താന്‍ വിദേശിയായിരിക്കണമെന്നു നിബന്ധനയൊന്നുമില്ല. ചിലപ്പോള്‍ അതു നമുക്കിടയില്‍ നിന്നു തന്നെ ഉണ്ടാകുന്നതാണ്. രാജ്യ നിവാസികള്‍ പരസ്പരം ഈ മാര്‍ഗ്ഗം ഉപയോഗിക്കുന്നതാണ്.
അടിമത്തത്തോടുള്ള വെറുപ്പും സ്വാതന്ത്ര്യ സ്നേഹവും അല്‍പം പോലും കുറയ്ക്കണമെന്ന് എനിക്ക് ആഗ്രഹമില്ല. പക്ഷേ, വികാരാവേശങ്ങള്‍ അല്‍പ നേരത്തേക്കു മാറ്റി നിര്‍ത്തി നാമൊന്നു ചിന്തിക്കുക. നാം എന്തിനാണ് ബ്രിട്ടീഷുകാരെ ശത്രുക്കളായി കണ്ടത്.? അടിമത്തത്തെ നാമെന്തിനാണ് വെറുത്തത്.? അതിന്‍റെ കീഴില്‍ ജീവിതത്തിന്‍റെ യഥാര്‍ത്ഥ സുഖം നമുക്ക് അനുഭവിക്കാന്‍ കഴിഞ്ഞില്ല. സമാധാനവും ശാന്തിയും ലഭിച്ചില്ല. നമ്മുടെ ന്യായമായ ആവശ്യങ്ങള്‍ പോലും നിര്‍വ്വഹിക്കപ്പെട്ടില്ല. നമുക്കു നിഷ്കളങ്കമായ സഹാനുഭൂതിയും സ്നേഹവും സഹകരണവും ലഭിച്ചില്ല. അങ്ങനെ, നമ്മുടെ ജീവിതം കൈപ്പേറിയതും ഇന്ത്യ ജയിലറയുമായി മാറി. അക്കാരണം കൊണ്ടാണ് നാമവരെ എതിര്‍ത്തത്. അല്ലാതെ അവര്‍ ബ്രിട്ടീഷുകാരാണ് എന്ന പേരില്‍ മാത്രം നമുക്കവരോട് ഒരു എതിര്‍പ്പുമില്ലായിരുന്നു. എന്നാല്‍, പുറത്തു നിന്നുള്ള അടിമത്തം നാടുവിട്ടു പോയി. പക്ഷേ, പരസ്പരം അടിമകളാക്കാന്‍ ഉള്ള ആഗ്രഹം നാം ഇന്ത്യക്കാരെ പിടികൂടുന്നതാണ് പിന്നെ കണ്ടത്. പരസ്പരം ആക്രമിക്കുന്നത് നമുക്കു രസമായി. നാം പരസ്പരം അന്യരും അകന്നവരുമായി. സഹാനുഭൂതിയും സഹകരണവും കുറഞ്ഞു. അടിമയോട് വിജയി പുലര്‍ത്തുന്ന സമീപനമാണ് നാം ഇന്നു കാണുന്നത്. ശത്രുവിനെ ശത്രു നോക്കുന്നതു പോലെ നാം സഹോദരങ്ങളെ നോക്കാന്‍ തുടങ്ങി. എന്നാല്‍, അനാവശ്യ വസ്തുക്കളുടെ കൂട്ടത്തില്‍ മറ്റുള്ളവരുടെ അവശ്യ വസ്തുക്കളെയും പിടിച്ചു പറിക്കാന്‍ ആഗ്രഹിക്കുന്ന അവസ്ഥ സംജാതമായി. ഈ രാജ്യത്ത് ഇത്തരം അവസ്ഥ ശക്തി പ്രാപിക്കുന്നത് അത്യന്തം അപകടകരമാണ്.
പരിശുദ്ധ ഖുര്‍ആന്‍ ഒരു കഥാകഥന രൂപത്തില്‍ നമ്മുടെ ഇന്നത്തെ അവസ്ഥ വരച്ചു കാട്ടുന്നുണ്ട്. "ഭരണാധികാരി കൂടിയായ ദാവൂദ് (അ) ന്‍റെ അരികില്‍ രണ്ടുപേര്‍ വന്നു. അതിലൊരാള്‍ പറഞ്ഞു: എന്‍റെ ഈ സഹോദരന് തൊണ്ണൂറ്റി ഒമ്പത് ആടുകളുണ്ട്. എന്‍റെ പക്കല്‍ ഒരാടുമാത്രമേയുള്ളൂ. നൂറു തികയ്ക്കാന്‍ ആകെ എനിക്കുള്ള ഒരാടും കൂടി നല്‍കാന്‍ അദ്ദേഹം ആവശ്യപ്പെടുന്നു!" ഒരു നാട്ടുകാരില്‍ ഈ ചിന്താഗതി വ്യാപകമായാല്‍ ആ നാട് യഥാര്‍ത്ഥ സ്വാതന്ത്ര്യം പ്രാപിച്ചുവെന്നു പറയുവാന്‍ സാധിക്കുമോ.? ഒരു നാട്ടുകാര്‍ മറ്റു നാട്ടുകാരെ നോക്കുന്നതു പോലെയല്ലേ ഇന്നു നാം പരസ്പരം നോക്കുന്നത്.? പഴയ സര്‍വ്വ പ്രശ്നങ്ങളും പുതിയ രൂപത്തില്‍ നമുക്കിടയില്‍ നടമാടുന്നില്ലേ.? അതെ, രാജ്യത്തിന്‍റെ സ്വാതന്ത്രത്തിന് ജീവന്‍മരണ പോരാട്ടം നടത്തി രാജ്യം സ്വതന്ത്രമായി. പക്ഷേ, മനുഷ്യരുടെ മനസ്സും മസ്തിഷ്കവും ആരും സ്വതന്ത്രമാക്കാന്‍ പരിശ്രമിച്ചില്ല. അത് പഴയതുപോലെ ഇന്നും അടിമത്തത്തിന്‍റെ നുകം പേറുന്നു. രാജ്യത്തുനിന്നും അക്രമിയെ നാം ആട്ടിപ്പുറത്താക്കി. പക്ഷേ, മനസ്സില്‍ നിന്നും അക്രമവാസനയെ പുറത്താക്കിയില്ല. അതിപ്പോള്‍ നമുക്കിടയില്‍ അതിന്‍റെ ജോലി നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്നു. ഇവിടെയാണ് പ്രവാചകന്‍മാരുടെ പ്രവര്‍ത്തനം പ്രസക്തമാകുന്നത്. പടച്ചവന്‍ അവര്‍ക്കു നല്‍കിയ സകല ശേഷിയും ശ്രദ്ധയും യഥാര്‍ത്ഥവും സമ്പൂര്‍ണ്ണവുമായ മനുഷ്യരെ നിര്‍മ്മിക്കാന്‍ അവര്‍ ചെലവഴിച്ചു. അവര്‍ വിശുദ്ധമായ വിശ്വാസവും വീക്ഷണവും ജനങ്ങളുടെ മനസ്സിലും മസ്തിഷ്കത്തിലും ഉറപ്പിച്ചു. അതുണ്ടായപ്പോള്‍ മനുഷ്യര്‍ പുറത്തും അകത്തുമുള്ള അടിമത്തങ്ങളെ വലിച്ചെറിഞ്ഞു. അവര്‍ അക്രമം ചെയ്യാത്തവരും അക്രമത്തിന് സമ്മതം നല്‍കാത്തവരുമായി മാറി. മറ്റുള്ളവരെ ഇരകളാക്കുകയോ, സ്വയം ഇരയാകുകയോ ചെയ്തില്ല.
മുഹമ്മദുര്‍റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം)യുടെ ഉദാഹരണം എടുക്കുക. തങ്ങളുടെ ചുറ്റുവട്ടം ത്യാഗമനസ്ഥിതിയും ആത്മാര്‍ത്ഥതയും നിറഞ്ഞു തുളുമ്പുന്ന ഒരു സംഘം ഒത്തുകൂടി. അവരെ കൊണ്ട് തന്‍റെ എന്തു ജോലിയും ചെയ്യിപ്പിക്കാമായിരുന്നു. പക്ഷേ, റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അവരുടെ ജീവിതം നന്നാക്കാന്‍ മുഴുവന്‍ ശേഷിയും വിനിയോഗിച്ചു. യൂറോപ്പിലെ ശാസ്ത്രജ്ഞര്‍ അവസാന യുഗത്തില്‍ ലോകത്തിനു നല്‍കിയ നവനൂതന ഉപകരണങ്ങളൊന്നും ലോകത്തിനു നല്‍കിയില്ല എന്നതു ശരി തന്നെ. പക്ഷേ, അബൂബക്ര്‍, ഉമര്‍, ഉസ്മാന്‍, അലി എന്നിവരെ പോലുള്ള മനുഷ്യരെ നല്‍കി. അവര്‍ മാനവരാശിക്ക് ആകമാനം അനുഗ്രഹവും ഐശ്വര്യവുമായി. അവരെ പോലുള്ളവരെ വേണോ, അതോ പുത്തന്‍ സാധനസാമഗ്രികള്‍ വേണോ എന്ന് മാനവികതയോട് ഇന്നു ചോദിച്ചാല്‍ അവരെ പോലുള്ള മനുഷ്യരെ മതി എന്നു തന്നെ പറയുന്നതാണ്. കാരണം, യഥാര്‍ത്ഥ മനുഷ്യരുടെ അഭാവത്തില്‍ പുതുപുത്തന്‍ കണ്ടുപിടുത്തങ്ങള്‍ ലോകത്തിനു നാശവും നഷ്ടവും മാത്രമാണെന്ന് മാനവ ലോകം നന്നായി മനസ്സിലാക്കി കഴിഞ്ഞു. ആകയാല്‍, ഇന്നത്തെ ഏറ്റവും സുപ്രധാനമായ ദൗത്യം മനുഷ്യനെ യഥാര്‍ത്ഥ മനുഷ്യരാക്കലാണ്. അതിന് പാപത്തിന്‍റെയും അക്രമത്തിന്‍റെയും കൊതി ഇല്ലാതാക്കുക. മനുഷ്യ സ്നേഹവും സേവനവും ഉണ്ടാക്കിയെടുക്കുക. ഇത് ഉണ്ടാകാനുള്ള വഴി പടച്ചവനെ കുറിച്ചുള്ള ഭയഭക്തി മാത്രമാണ്. അതെ, മനുഷ്യരില്‍ ധാരാളം ഭാരമേറിയ പൂട്ടുകള്‍ വീഴുന്നതാണ്. അതെല്ലാം ഒറ്റയടിക്ക് തുറക്കാനുള്ള താക്കോലാണ് ഭയഭക്തി. എല്ലാ വിളക്കുകളും ബന്ധപ്പെട്ട ഒരു സ്വിച്ചാണത്. അതമര്‍ത്തുമ്പോള്‍ എല്ലാ വിളക്കുകളും കത്തി, വീടു മുഴുവന്‍ പ്രകാശിക്കുന്നതാണ്. ഇതുപോലെ പടച്ചവനെ കുറിച്ചുള്ള ഭയഭക്തി ഉണ്ടായാല്‍ എല്ലാ നന്മകളും തനിയെ യഥാര്‍ത്ഥ രൂപത്തില്‍ ഉണ്ടായിത്തീരും. ഇതിനു വേണ്ടിയാണ് പ്രവാചകന്‍മാര്‍ പ്രധാനമായും പരിശ്രമിച്ചത്. നാമും ഈ പരിശ്രമത്തില്‍ പങ്കാളികളാകുക. ഐശ്വര്യവും സന്തോഷവും സമൃദ്ധിയും സമാധാനവും സ്നേഹവും നിറഞ്ഞ ഒരു ഭാരതത്തിനായി നമുക്ക് പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യാം.!
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
No comments:
Post a Comment