Monday, August 6, 2018

ഉദ്ഹിയ : നാം അറിയേണ്ടവ.! - മുഫ്തി ഹാഫിസ് മുസ്സമ്മില്‍ ഹസനി


ഉദ്ഹിയ : 
നാം അറിയേണ്ടവ.! 
- മുഫ്തി ഹാഫിസ് മുസ്സമ്മില്‍ ഹസനി 
http://swahabainfo.blogspot.com/2018/08/blog-post_6.html?spref=tw 

അല്ലാഹുവിന്‍റെ സാമീപ്യത്തെ കരുതി, ദുല്‍ഹജ്ജ് മാസം പത്തിനോ, പതിനൊന്നിനോ, പന്ത്രണ്ടിനോ, പതിമൂന്നിനോ ആട്-മാട്-ഒട്ടകങ്ങളില്‍പ്പെട്ട മൃഗത്തെ അറുക്കുന്നതിനാണ് ഉദ്ഹിയ എന്ന് പറയുന്നത്. (മുഗ് നി 4/376)
ലക്ഷ്യം 
(ആകയാല്‍) നീ നിന്‍റെ രക്ഷിതാവിന് വേണ്ടി നമസ്കരിക്കുകയും ബലി അര്‍പ്പിക്കുകയും ചെയ്യുക. (സൂറത്തുല്‍ കൗസര്‍: 2)
(ബലി) ഒട്ടകങ്ങളെ നാം നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ ചിഹ്നങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. നിങ്ങള്‍ക്ക് അവയില്‍ നന്മയുണ്ട്. അതിനാല്‍ അവയെ വരിവരിയായി നിര്‍ത്തി അല്ലാഹുവിന്‍റെ നാമം ഉച്ചരിച്ച് കൊണ്ട് ബലി അര്‍പ്പിക്കുക. (സൂറത്തുല്‍ ഹജ്ജ്: 36)
ആഇശ (റ) വിവരിക്കുന്നു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: ബലി പെരുന്നാള്‍ ദിനം മനുഷ്യന്‍ ചെയ്യുന്ന സല്‍കര്‍മ്മങ്ങളില്‍ അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായ കര്‍മ്മം ബലി അറുക്കലാണ്. ഈ ബലി മൃഗം അന്ത്യനാളില്‍ അതിന്‍റെ കൊമ്പുകളും, കുളമ്പുകളും, രോമങ്ങളും ഉള്‍പ്പെടെ ഹാജരാക്കപ്പെടുന്നതാണ്. അതിന്‍റെ രക്തം ഭൂമിയില്‍ വീഴുന്നതിന് മുമ്പ് തന്നെ അല്ലാഹുവിന്‍റെ അടുക്കല്‍ സ്വീകരിക്കപ്പെടുന്നതാണ്. (അറുക്കാന്‍ തീരുമാനിക്കുമ്പോള്‍ തന്നെ അല്ലാഹു അതിനെ ഉയര്‍ന്ന നിലയില്‍ സ്വീകരിക്കുന്നതാണ്) ആയതിനാല്‍ പൂര്‍ണ്ണ തൃപ്തിയോടെ ഈ കര്‍മ്മം നിങ്ങള്‍ നിര്‍വ്വഹിക്കുവീന്‍. (ഇബ്നുമാജ:)
സൈദ് ബ്നു അര്‍ഖം (റ) വിവരിക്കുന്നു. സ്വഹാബത്ത് ചോദിച്ചു:  അല്ലാഹുവിന്‍റെ ദൂതരെ, എന്താണ് ഈ ഉദ്ഹിയ.? തിരുദൂതര്‍ അരുളി: നിങ്ങളുടെ പിതാവ് ഇബ്റാഹീം നബി (അ) ന്‍റെ ചര്യയാണ്. അവര്‍ ചോദിച്ചു: അല്ലാഹുവിന്‍റെ ദൂതരെ, നമുക്കിതു കൊണ്ട് എന്താണ് ലഭിക്കുക.? തിരുദൂതര്‍ അരുളി: എല്ലാ ഓരോ രോമത്തിനും പകരം ഓരോ നന്മ ലഭിക്കും. അവര്‍ ചോദിച്ചു: അല്ലാഹുവിന്‍റെ റസൂലെ, ചെമ്മരിയാട്  പോലെ രോമം അധികരിച്ചതാണെങ്കിലോ? റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: അതിന്‍റേയും ഓരോ രോമത്തിനും പകരം ഓരോ പ്രതിഫലം ലഭിക്കും." (ഇബ്നു മാജാ)
സുഹ് രി (റ) നിവേദനം. നിശ്ചയം (ബലി അറുക്കുന്ന സന്ദര്‍ഭത്തില്‍) റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ആഇശ, അല്ലെങ്കില്‍ ഫാത്വിമ (റ) യോട് അരുളി: നിന്‍റെ ബലി മൃഗത്തിന്‍റെ അടുക്കല്‍ നീ ഹാജരാകുക. നിശ്ചയം അതിന്‍റെ ആദ്യ തുള്ളി രക്തത്തോടൊപ്പം (നിന്‍റെ പാപങ്ങളൊക്കെ) പൊറുക്കപ്പെടുന്നതാണ്. (അബ്ദുര്‍റസാഖ്)
ഇംറാനുബ്നു ഹുസൈന്‍ (റ) വിവരിക്കുന്നു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: ഫാത്വിമ, എഴുന്നേറ്റ് നിന്‍റെ ഉദ്ഹിയ അറുക്കുന്ന സ്ഥലത്തേക്ക് പോകുക. അതിന്‍റെ ആദ്യ തുള്ളി രക്തത്തിന് പകരം നിന്‍റെ സര്‍വ്വ പാപങ്ങളും പൊറുക്കപ്പെടുന്നതാണ്. നീ പറയുക: എന്‍റെ നമസ്കാരവും, എന്‍റെ ബലി കര്‍മ്മവും എന്‍റെ ജീവിതവും, എന്‍റെ മരണവും സര്‍വ്വലോക പരിപാലകനായ അല്ലാഹുവിനുള്ളതാണ്. അവന് ഒരു പങ്കുകാരുമില്ല. ഇതാണ് എന്നോട് കല്‍പ്പിക്കപ്പെട്ടിരിക്കുന്നത്. ഞാന്‍ അത് തീര്‍ച്ചയായും അനുസരിക്കുന്നതാണ്. ഇംറാന്‍ (റ) ചോദിച്ചു: അല്ലാഹുവിന്‍റെ ദൂതരെ, ഉപര്യുക്ത പ്രതിഫലം തങ്ങളുടെ കുടുംബത്തിന് മാത്രമുള്ളതാണോ.? അതോ എല്ലാ മുസ് ലിംകള്‍ക്കും ബാധകമാണോ.? റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: എന്‍റെ കുടുംബത്തിന് പ്രത്യേകവും എല്ലാ മുസ് ലിംകള്‍ക്കും പൊതുവിലും ഈ  പ്രതിഫലം ലഭിക്കുന്നതാണ്". (ത്വബ്റാനി)
കൂടുതല്‍ മാംസമുള്ള മൃഗങ്ങളെ നിങ്ങള്‍ ബലി നല്‍കുക.! നിശ്ചയം അവ സിറാത്ത് പാലത്തിലെ നിങ്ങളുടെ വാഹനമാണ്. (അസീസ്)
അബൂ ഹുറയ്റ (റ) വിവരിക്കുന്നു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: ഉദ്ഹിയ അറുക്കാന്‍ സാമ്പത്തിക സ്ഥിതിയുണ്ടായിട്ടും (ഉദ്ഹിയ) അറുക്കുന്നില്ലെങ്കില്‍ അവന്‍ നമ്മുടെ നമസ്കാര സ്ഥലത്തിന്‍റെ പരിസരത്ത് പോലും വരരുത്."  (അഹ് മദ്)
ഖുര്‍ആനിക സൂക്തങ്ങളിലൂടെയും പുണ്യ ഹദീസുകളിലൂടെയും ബലി കര്‍മ്മത്തിന്‍റെ മഹത്വവും, പ്രതിഫലവും, പ്രാധാന്യതയും, ഗൗരവവും നമുക്ക് മനസ്സിലായിക്കാണും. ഇത്ര പ്രാധാന്യമുള്ള ഒരു നന്മ വളരെ ലാഘവത്തോടെയാണ് നമ്മുടെ സമൂഹം ഒഴിവാക്കിക്കൊണ്ടിരിക്കുന്നത.് ഇതിനൊരു മാറ്റമുണ്ടാകണം. കഴിവുള്ളവരെല്ലാം (തന്‍റെ കഴിവിന്‍റെ തോത് അനുസരിച്ച്) വര്‍ഷാവര്‍ഷം ഉദ്ഹിയ അറുക്കുന്നവരാകണം. കഴിവുണ്ടായിരുന്നിട്ടും ബലി അറുക്കാത്തവരുടെ വിഷയത്തിലുള്ള തിരുദൂതരുടെ താക്കീത് നാം മറന്ന് പോകരുത്. നാം നിയമമാക്കിയ ബലികര്‍മ്മം കഴിവുണ്ടായിട്ടും അറുക്കാത്തവന്‍ പെരുന്നാള്‍ നമസ്കാര സ്ഥലത്ത് പോലും വരേണ്ടതില്ല എന്ന് പറയുന്നത് എത്ര വലിയ താക്കീതാണ്.? ഈ പ്രധാനപ്പെട്ട സുന്നത്ത് ഹയാത്ത് ആക്കുവാന്‍ പടച്ചവന്‍ നമുക്ക് തൗഫീഖ് നല്‍കട്ടെ.!

ഭാഗം : 02
ഉദ്ഹിയയുടെ തത്വം 
സര്‍വ്വ ശക്തനായ അല്ലാഹുവിന്‍റെ സാമീപ്യവും, കൂടുതല്‍ പ്രതിഫലവും കരസ്ഥമാക്കാന്‍ സാധിക്കുന്ന സുന്നത്തായ ഒരു കര്‍മ്മമാണ് ഉദ്ഹിയ. അതോടൊപ്പം ഖലീലുല്ലാഹി ഇബ്റാഹീം (അ) യുടെ ത്യാഗത്തെ അയവിറക്കലും, അതിനെ നടപ്പില്‍ വരുത്തലും, പാവങ്ങളെ സഹായിക്കലും, കൂട്ടുകുടുംബാധികളെയും സ്നേഹിതരെയും സന്തോഷിപ്പിക്കലും, സാമൂഹിക ഐക്യവും കെട്ടുറപ്പും പ്രകടമാക്കലുമെല്ലാം ഒത്ത് ചേരുന്ന ഒരു മഹത്തായ പുണ്യകര്‍മ്മമാണ് ഉദ്ഹിയ, അഥവാ ബലി കര്‍മ്മം.
ഉദ്ഹിയയുടെ വിധി 
 ദുല്‍ഹജ്ജ് 10 മുതല്‍ 12 വരെയുള്ള ദിവസങ്ങളില്‍
തന്‍റെ അടിസ്ഥാന ആവശ്യങ്ങളും മറ്റും കഴിഞ്ഞ് 20 ദിര്‍ഹം അഥവാ,
ഇന്നത്തെ കണക്കനുസരിച്ച് 612 ഗ്രാം 360 മില്ലിഗ്രാം വെള്ളിയോ
തത്തുല്ല്യമായ വിലയുള്ള വസ്തുക്കളോ തന്‍റെ ഉടമസ്ഥതയിലുള്ള,
യാത്രക്കാരല്ലാത്ത എല്ലാ സ്ത്രീ-പുരുഷന്മാരുടെ മേലും
ഹനഫീ മദ്ഹബിന്‍റെ വീക്ഷണത്തില്‍
ഉദ്ഹിയ നിര്‍ബന്ധ ബാധ്യത (വാജിബ്) യാണ്. 
എന്നാല്‍ ശാഫിഈ മദ്ഹബിന്‍റെ വീക്ഷണത്തില്‍ പെരുന്നാള്‍ ദിവസം തന്‍റെ ആവശ്യങ്ങള്‍ കഴിച്ച്, ബലി കൊടുക്കാനുള്ളത്രയും സമ്പത്ത് കൈവശമുള്ള, പ്രായപൂര്‍ത്തിയും പക്വതയുമുള്ള ഒരു സത്യവിശ്വാസിക്ക് ഉദ്ഹിയ (ബലികര്‍മ്മം) വളരെ പ്രധാനപ്പെട്ട സുന്നത്താണ്.  പൊതുവായ യാത്ര, ഹജ്ജ് യാത്രാ വേളകളില്‍ പോലും ഈ വിധി നിലനില്‍ക്കുന്നതാണ്.
എന്നാല്‍ പല അംഗങ്ങളുള്ള ഒരു കുടുംബത്തെ സംബന്ധിച്ചിടത്തോളം ഇത് സുന്നത്ത് കിഫായയാണ്. അതായത് കുടുംബത്തിലെ ഒരാള്‍ ഉദ്ഹിയ നിര്‍വ്വഹിക്കുന്നത് മൂലം ബാക്കിയുള്ളവരില്‍ നിന്നും ആ ബാധ്യത ഒഴിവാകുന്നതാണ്. ഉദ്ഹിയ നിര്‍വഹിച്ച വ്യക്തിക്ക് മാത്രമേ പ്രതിഫലം ലഭിക്കുകയുള്ളൂ. എന്നാല്‍ ആരെയെങ്കിലും പ്രതിഫലത്തില്‍ പങ്കാളിയാക്കുന്ന പക്ഷം അത് ശരിയാവുന്നതും പങ്കാളിക്ക്  പ്രതിഫലം ലഭിക്കുന്നതുമാണ്. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ ബലികര്‍മ്മം ഇതിനുദാഹരണമാണ്.
ആഇശ (റ) വിവരിക്കുന്നു. കറുത്ത കൈകാലുകളും, കറുത്ത വയറും, കറുത്ത കണ്‍ പോളകളുമുള്ള കൊമ്പുള്ള ഒരു മുട്ടനാടിനെ കൊണ്ട് വരാന്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) കല്‍പ്പിച്ചു. അപ്രകാരമുള്ള ഒരു ആട് കൊണ്ട് വരപ്പെട്ടു. അപ്പോള്‍ തിരുദൂതര്‍ അരുളി: ആഇശാ, കല്ലുപയോഗിച്ച് കത്തി മൂര്‍ച്ച വരുത്തുക. അവര്‍ അപ്രകാരം ചെയ്തു. ശേഷം റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) കത്തിയെടുത്ത് അതിനെ പിടിച്ച് കിടത്തി അറുത്തു. തദവസരം തിരുദൂതര്‍ (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: അല്ലാഹുവിന്‍റെ നാമത്തില്‍ ഞാനറുക്കുന്നു. അല്ലാഹുവേ, മുഹമ്മദിന്‍റെയും, മുഹമ്മദിന്‍റെ കുടുംബാദികളുടെയും മുഹമ്മദിന്‍റെ ഉമ്മത്തിന്‍റെയും ഭാഗത്ത് നിന്നും നീ ഇത് സ്വീകരിക്കേണമേ.! ശേഷം അതിനെ വിതരണം ചെയ്തു.
അത്വാഇബ്നു യാസിര്‍ (റ) വിവരിക്കുന്നു. ഞാന്‍ അബൂ അയ്യൂബുല്‍ അന്‍സ്വാരി (റ) നോട് ചോദിച്ചു: റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ കാലത്ത് ഉദ്ഹിയ എപ്രകാരമായിരുന്നു.? മഹാനവര്‍കള്‍ പറഞ്ഞു: ഒരാള്‍ തനിക്കും തന്‍റെ കുടുംബാദികള്‍ക്കുമായി  ഒരു ആടിനെ അറുത്ത്, അവര്‍ കഴിക്കുകയും, മറ്റുള്ളവരെ കഴിപ്പിക്കുകയും ചെയ്തിരുന്നു. നീ കാണുന്ന പ്രകാരം ജനങ്ങള്‍ പരസ്പരം പിന്നീട് പൊങ്ങച്ചക്കാരായി മാറി. (തിര്‍മിദി)
ഈ ഹദീസുകളിലൂടെ ഉദ്ഹിയ അറുക്കുമ്പോള്‍ മറ്റുള്ളവരെ കൂടി പ്രതിഫലത്തില്‍ പങ്ക് ചേര്‍ക്കാമെന്നും, പ്രതിഫലത്തില്‍ ഒരു പങ്ക് അവര്‍ക്ക് ലഭിക്കാന്‍ അത് കാരണമാകുമെന്നും ഈ ഹദീസുകള്‍ നമ്മെ പഠിപ്പിക്കുന്നു.
ജനങ്ങള്‍ ഉദ്ഹിയ നിര്‍ബന്ധമാണെന്ന് ധരിക്കാതിരിക്കാന്‍ വേണ്ടി വേണ്ടി അബൂബക്ര്‍ (റ), ഉമര്‍ (റ) എന്നിവര്‍ ഉദ്ഹിയ നിര്‍വ്വഹിക്കാതിരുന്നിട്ടുണ്ട്. ഉദ്ഹിയ സുന്നത്തായ കര്‍മ്മമാണെന്നും റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ക്ക് അത് നിര്‍ബന്ധമാണെന്നും അറിയിക്കുന്ന ഹദീസ് ഉണ്ടെങ്കില്‍ തന്നെയും അത് എല്ലാവര്‍ക്കും നിര്‍ബന്ധമാണെന്ന അഭിപ്രായമുള്ള പണ്ഡിതന്മാരുമുണ്ട്. ആകയാല്‍ ഉദ്ഹിയ്യ നല്‍കാന്‍ കഴിവുള്ളവര്‍ അത് ഉപേക്ഷിക്കല്‍ കറാഹത്താണ്.
എനിക്ക് ഉദ്ഹിയ നിര്‍ബന്ധമാണ്, ഇത് എന്‍റെ ഉദ്ഹിയ മൃഗമാണ് തുടങ്ങിയ പദപ്രയോഗങ്ങളിലൂടെ ഉദ്ഹിയ അറുത്തു കൊടുക്കല്‍ നിര്‍ബന്ധമായിത്തീരുന്നതാണ്. അതായത്, സര്‍വ്വസാധാരണയായി ജനങ്ങള്‍ ബലി മൃഗത്തെ വാങ്ങിയ ശേഷം ഇത് ഉദ്ഹിയ മൃഗമാണ്, ഇതിനെ ഞാന്‍ ഉദ്ഹിയ അറുത്തുകൊടുക്കും എന്ന പോലുള്ള വാചകങ്ങള്‍ പറയാറുണ്ട്. എന്നാല്‍ ഇങ്ങനെ പറയുന്നതിലൂടെ ഉദ്ഹിയ നിര്‍ബന്ധമായിത്തീരുന്നതാണ്. നിര്‍ബന്ധമായ ഉദ്ഹിയയുടെ മാംസം അവന് കഴിക്കാനുള്ള അനുവാദമില്ല. ഇങ്ങനെ പറഞ്ഞതിലൂടെ ഞാന്‍ സുന്നത്തായ ഉദ്ഹിയയാണ് ഉദ്ദേശിച്ചത് എന്ന് പറഞ്ഞാലും അത് പരിഗണിക്കപ്പെടുകയില്ല. ആയതിനാല്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുക. 
തുടരും...
🌐🌐🌐💠🌐🌐🌐
⛔ ഉദ്ഹിയ : 
നാം അറിയേണ്ട
സന്ദേശങ്ങള്‍ക്ക്
Swahaba Islamic Media
എന്ന വാട്സ്അപ് ഗ്രൂപ്പില്‍
അംഗമാവുകയോ ഞങ്ങളുടെ
ഫേസ്ബുക്
അല്ലെങ്കില്‍
ബ്ലോഗ്
Swahabainfo.blogspot.com സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌱 എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?🌱
ആശംസകളോടെ...
🌾 സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍ 🌾 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...