ദുല്‍ ഹജ്ജിന്‍റെ പത്ത് ദിന-രാത്രങ്ങള്‍.!
-ഇമാം ഇബ്നു റജബുല്‍ ഹംബലി
http://swahabainfo.blogspot.com/2018/08/blog-post_13.html?spref=tw
ഇബ്നു അബ്ബാസ് (റ) വിവരിക്കുന്നു :
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
ദുല്‍ഹജ്ജ് മാസത്തിലെ പത്തു ദിവസങ്ങളെക്കാള്‍ സല്‍കര്‍മ്മങ്ങള്‍ അല്ലാഹുവിന് പ്രിയങ്കരമായ മറ്റൊരു ദിവസങ്ങളുമില്ല. സ്വഹാബത്ത് ചോദിച്ചു; അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തിലുള്ള ജിഹാദും ആ ദിവസത്തെ അമലിന് തുല്യമാവുകയില്ലേ.? റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തിലുള്ള ജിഹാദും ആ ദിനങ്ങളിലെ അമലുകള്‍ക്ക് തുല്യമാവുകയില്ല. സ്വന്തം ധനവും ശരീരവുമായി പുറപ്പെടുകയും പിന്നെ അതില്‍ ഒന്നുമായി തിരിച്ചുവരാതിരിക്കുകയും ചെയ്ത ഒരാളുടെ ജിഹാദൊഴികെ. (ബുഖാരി)
മറ്റൊരു രിവായത്തില്‍ ഇപ്രകാരം വന്നിരിക്കുന്നു: ദുല്‍ഹജ്ജ് പത്ത് ദിനത്തെക്കാള്‍ സല്‍കര്‍മ്മങ്ങള്‍ അനുഷ്ഠിക്കാന്‍ ഏറ്റവും ശ്രേഷ്ഠമായ മറ്റൊരു ദിനവുമില്ല.
അല്ലാഹുവിന്‍റെ അടുക്കല്‍ അമലുകള്‍ ഏറ്റവും പ്രിയപ്പെട്ടതും ശ്രേഷ്ഠമായതുമായ ദിനങ്ങള്‍ ഈ പത്ത് ദിവസങ്ങളാകയാല്‍ മറ്റു സമയങ്ങളില്‍ ചെയ്യുന്ന ഉയര്‍ന്ന അമലുകളെക്കാള്‍ ഈ സമയത്തെ ചെറിയ അമലുകള്‍ക്ക് മഹത്വം ലഭിക്കുന്നതാണ്. അതുകൊണ്ടാണ് സ്വഹാബത്ത് ഏറ്റവും ഉയര്‍ന്ന അമലായ ജിഹാദും ഈ ദിവസത്തോട് തുല്യമല്ലേ എന്നു ചോദിച്ചത്. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഇല്ല എന്നു പറയുകയും എന്നാല്‍ ഉയര്‍ന്ന അമലായ ജിഹാദിന്‍റെ ഏറ്റവും ഉയര്‍ന്ന ഒരു വിഭാഗത്തെ മാത്രം ഒഴിവാക്കുകയും ചെയ്തു. അഥവാ സ്വശരീരം അല്ലാഹുവിന്‍റെ വഴിയില്‍ അര്‍പ്പിച്ച് രക്തസാക്ഷിയായ ഒരാളുടെ അമല്‍ ഒഴികെ എന്ന് പ്രത്യേകം പറഞ്ഞു.
എന്നാല്‍, ജിഹാദിന്‍റെ മറ്റെല്ലാ വിഭാഗങ്ങളെക്കാള്‍ ഈ പത്ത് ദിനങ്ങളിലെ സല്‍കര്‍മ്മങ്ങള്‍ ശ്രേഷ്ഠം തന്നെയാണ്. മഹത്വമേറിയ സന്ദര്‍ഭങ്ങളില്‍ ചെയ്യുന്ന ചെറിയ സല്‍കര്‍മ്മങ്ങളും മറ്റ് സമയങ്ങളില്‍ അനുഷ്ഠിക്കുന്ന വലിയ കര്‍മ്മങ്ങളോട് ചേര്‍ക്കപ്പെടുന്നതാണ്.
ഇബ്നു അബ്ബാസ് (റ) വിവരിക്കുന്നു :
ദുല്‍ഹജ്ജ് ആദ്യത്തെ പത്ത് ദിനങ്ങളിലെ അമലുകള്‍ എഴുന്നൂറ് ഇരട്ടിയായി വര്‍ദ്ധിപ്പിക്കപ്പെടുന്നതാണ്.
അബൂഹുറയ്റ (റ) വിവരിക്കുന്നു:
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
ദുല്‍ഹജ്ജ് മാസത്തിലെ ആദ്യത്തെ പത്തു ദിനങ്ങളെക്കാള്‍ ശ്രേഷ്ഠവും അല്ലാഹുവിന് ഇഷ്ടവുമുള്ളതായ മറ്റൊരു ദിനവുമില്ല. അതിലെ ഒരു ദിവസത്തെ നോമ്പ് ഒരു വര്‍ഷത്തെ നോമ്പിനും ഒരു രാത്രിയിലെ നമസ്കാരം ലൈലത്തുല്‍ ഖദ്റിലെ നമസ്കാരത്തിനും തുല്യമാണ്. (തിര്‍മുദി, ഇബ്നുമാജ:)
ഇമാം ഹുമൈദി പറയുന്നു:
ഇമാം ഇബ്നു സീരീനും ഖതാദയും പറയുന്നതായി ഞാന്‍ കേട്ടു:
ദുല്‍ഹജ്ജ് ആദ്യത്തെ പത്ത് ദിവസം വരെയുള്ള നോമ്പ് ഒരു വര്‍ഷത്തെ നോമ്പിന് തുല്യമാണ്.
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ദുല്‍ഹജ്ജ് 9 ദിവസത്തെ നോമ്പ് ഉപേക്ഷിക്കുകയേ ഇല്ലായിരുന്നു എന്ന് തിരുനബിയുടെ പ്രിയ പത്നിമാരില്‍ നിന്നും ഇമാം നസാഇയുടെ സ്വഹീഹായ രിവായത്തില്‍ വരുന്നുണ്ട്.
ഇബ്നു അബ്ബാസ് (റ) ദുല്‍ഹജ്ജ് ആദ്യ പത്ത് ദിനങ്ങളുടെ രാത്രികളില്‍ ഇബാദത്തില്‍ വ്യാപൃതനാവുകയും നിങ്ങള്‍ ഈ പത്ത് രാത്രികളില്‍ വിളക്ക് കെടുത്തരുത് എന്നു പറയുകയും ചെയ്യുമായിരുന്നു.
ഈ ദിനങ്ങളില്‍ അധികമായി അല്ലാഹുവിനെ സ്മരിക്കാന്‍ അല്ലാഹു തന്നെ കല്‍പിക്കുന്നുണ്ട്. "നിശ്ചിത ദിനങ്ങളില്‍ അല്ലാഹുവിന്‍റെ നാമം സ്മരിക്കപ്പെടാനും വേണ്ടി". ( ഹജ്ജ് 28)
ഇബ്നു ഉമര്‍ (റ) വിവരിക്കുന്നു :
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
ദുല്‍ഹജ്ജ് പത്ത് ദിനത്തെക്കാള്‍ മഹത്വവും അല്ലാഹുവിന് സല്‍കര്‍മങ്ങള്‍ പ്രിയങ്കരവുമായ മറ്റൊരു ദിവസവുമില്ല. ഈ ദിനങ്ങളില്‍ നിങ്ങള്‍ അല്ലാഹുവിന് അധികമായി ഹംദും, തഹ് ലീലും, തക്ബീറും പറയുക.
(അഹ് മദ്)
ദുല്‍ഹജ്ജ് പത്തു ദിനങ്ങളുടെ മഹത്വം അറിയിക്കുന്ന ധാരാളം ഹദീസുകള്‍ വന്നിട്ടുണ്ട്.
ജാബിര്‍ (റ) വിവരിക്കുന്നു:
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
ദുന്‍യാവിലെ ദിനങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായ ദിനങ്ങള്‍ ദുല്‍ഹജ്ജിന്‍റെ പത്തു ദിനങ്ങളാണ്. സ്വഹാബത്ത് ചോദിച്ചു: ജിഹാദിന്‍റെ ദിനങ്ങളും ഇതിനോട് സമമാവുകയില്ലേ? റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: "ഇല്ല, മുഖം മണ്ണില്‍ ഉരുണ്ട ഒരാളുടെ ഒഴികെ. (ബസ്സാര്‍)
അഥവാ, ശഹാദത്ത് വരിച്ച മുജാഹിദിന്‍റെ ഒഴികെ.
റമദാനിലെ അവസാന പത്തു രാത്രികളാണോ ദുല്‍ഹജ്ജിന്‍റെ പത്തു രാത്രികളാണോ മഹത്വമേറിയത് എന്ന വിഷയത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
ലൈലത്തുല്‍ ഖദ്റിന്‍റെ രാത്രി ഏറ്റവും ശ്രേഷ്ഠമായ രാത്രിയാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, മൊത്തം പത്തു രാത്രികള്‍ കണക്കാക്കുമ്പോള്‍ ദുല്‍ഹജ്ജിന്‍റെ പത്തു രാത്രികള്‍ റമദാനിന്‍റെ പത്തു രാത്രികളെക്കാള്‍ ശ്രേഷ്ഠമാണെന്ന് ഒരു വിഭാഗം ഉലമാക്കള്‍ അഭിപ്രായപ്പെടുന്നു.
അല്ലാഹു ദുല്‍ഹജ്ജിന്‍റെ പത്തു രാത്രികള്‍ കൊണ്ടു സത്യം ചെയ്തു. "പ്രഭാതം തന്നെയാണെ സത്യം.! പത്തു രാത്രികള്‍ തന്നെയാണെ സത്യം.!" (ഫജ്ര്‍-1-2)
ഏറ്റവും ശ്രേഷ്ഠമായ അറഫാദിനവും മഹത്വമേറിയ യൗമുന്നഹറുമെല്ലാം ഈ പത്ത് ദിനങ്ങളിലാണ് വരുന്നത്.
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
മാസങ്ങളുടെ നേതാവ് റമദാനാണ്. മാസങ്ങളില്‍ ഏറ്റവും പവിത്രമായത് ദുല്‍ഹജ്ജാണ്. (ബസാര്‍).
ഹജ്ജത്തുല്‍ വദാഇലെ പ്രഭാഷണത്തില്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
നിങ്ങളുടെ ദിനങ്ങളില്‍ ഏറ്റവും പവിത്രത നിറഞ്ഞ ദിനം ഈ ദിനമാണ്. ഏറ്റവും പവിത്രമേറിയ മാസം ഈ മാസവും പവിത്രമായ നാട് ഈ നാടുമാകുന്നു.
പുണ്യ ഹജ്ജ് കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കപ്പെടുന്ന ഈ ദുല്‍ഹജ്ജ് പത്തു ദിനത്തിന്‍റെ പരാമര്‍ശം ഖുര്‍ആനിലും ഹദീസിലും ധാരാളമുണ്ട്.
സൂറത്തുല്‍ ഫജ്റിലെ ആദ്യ നാലു വചനങ്ങളില്‍ പരാമര്‍ശിച്ചിരിക്കുന്ന പത്ത് രാത്രികള്‍ ദുല്‍ഹജ്ജിന്‍റെ പത്തു രാത്രികളും, ഇരട്ടയും ഒറ്റയും എന്നതു കൊണ്ടു ഉദ്ദേശം, ഒറ്റ എന്നത് അറഫ ദിനവും ഇരട്ട എന്നത് ബലിപെരുന്നാള്‍ ദിനവുമാണെന്ന് ഇബ്നു അബ്ബാസ് (റ) പറഞ്ഞിരിക്കുന്നു.
'ഹജ്ജുകാലം അറിയപ്പെട്ട മാസങ്ങളാകുന്നു' (ബഖറ. 197)
ഈ അറിയപ്പെട്ട മാസങ്ങള്‍ പൂര്‍ത്തിയാകുന്നത് ദുല്‍ഹജ്ജ് പത്തു ദിനങ്ങള്‍ കൊണ്ടാണ്. പിശാച് ഏറ്റവും നിലവിളിച്ചു കരയുന്ന ദിനങ്ങള്‍ ഈ പത്തു ദിനങ്ങളാണ്. പ്രത്യേകിച്ച്, അറഫാ ദിനം.
സൂറത്തുഹജ്ജില്‍ 'നിശ്ചിത ദിനങ്ങളില്‍ അല്ലാഹുവിന്‍റെ നാമം ഉച്ചരിച്ചു ബലികര്‍മ്മം നടത്തുവാനും' എന്ന വചനത്തിലെ നിശ്ചിത ദിനങ്ങളും ദുല്‍ഹജ്ജ് പത്തിലാണ്.
ഇങ്ങനെ ഖുര്‍ആനിലും ഹദീസിലും ധാരാളമായി പരാമര്‍ശിക്കപ്പെട്ട ഈ പത്തു ദിനങ്ങള്‍ ആരാധനകളും അല്ലാഹുവിനെ പ്രീതിപ്പെടുത്തുന്ന കര്‍മ്മങ്ങളും കൊണ്ട് സജീവമാക്കേണ്ട സമയമാണ്.
പരിശുദ്ധ റമദാനിലെ നോമ്പ് ഏതെങ്കിലും കാരണത്താല്‍ നഷ്ടപ്പെട്ടുപോകുകയും അതു വീണ്ടെടുക്കാന്‍ സാധിക്കാതെ വരികയും ചെയ്തവര്‍ക്ക് ഈ ഒമ്പതു ദിനങ്ങള്‍ ഏറ്റവും പ്രയോജനപ്പെടുത്താവുന്നതാണ്. ദുല്‍ഹജ്ജ് 9-ാം ദിനത്തിലെ നോമ്പ് വളരെ പ്രാധാന്യം കൊടുത്തു അനുഷ്ഠിക്കേണ്ട നോമ്പാണ്. മുന്‍കഴിഞ്ഞ ഒരു വര്‍ഷത്തെ പാപത്തിന് പരിഹാരമാണെന്ന് ഹദീസുകള്‍ ബോധ്യപ്പെടുത്തുന്നുണ്ട്.
സത്യവിശ്വാസികളുടെ ഹൃദയങ്ങളില്‍ പരിശുദ്ധ കഅ്ബയെ കാണാനുളള താല്‍പര്യം അല്ലാഹു തന്നെ നല്‍കിയതാണ്. പക്ഷെ, എല്ലാവര്‍ക്കും അതിനു കഴിയാത്തത് കൊണ്ടു കഴിവുളളവര്‍ക്ക് ആയുസില്‍ ഒരിക്കല്‍ അതു നിര്‍ബന്ധമാക്കി. എന്നാല്‍, കഅ്ബയിലേക്കു യാത്ര ചെയ്ത അല്ലാഹുവിന്‍റെ അതിഥികളോട് പങ്കുചേരാന്‍ അല്ലാഹു എല്ലാവര്‍ക്കും അവസരം നല്‍കി. അഥവാ, പോകാന്‍ കഴിയാത്തവര്‍ക്കും ദുല്‍ഹജ്ജിന്‍റെ പത്തുദിനം ഇബാദത്തുകൊണ്ട് ഉയര്‍ന്ന പുണ്യം നേടാന്‍ സാധിക്കുന്നു. ഏറ്റവും ശ്രേഷ്ഠമായ ജിഹാദിനെക്കാള്‍ പുണ്യമായ അമലുകള്‍ക്ക് അവസരം നല്‍കിയിരിക്കുന്നു. അതുകൊണ്ട് നന്മകളില്‍ മുന്നേറുക. ഈ പത്തു ദിനങ്ങള്‍ ഹുജ്ജാജിനോടു നാട്ടില്‍ നിന്നും പങ്ക് ചേരുക. പാപങ്ങള്‍ വര്‍ജ്ജിക്കുക. കാരണം, പാപങ്ങള്‍ നന്മകളില്‍ നിന്നും (ഈ ഉന്നത ദിനങ്ങളിലും) വിദൂരത്താക്കും.
അനുഗൃഹീതമായ ഈ പുണ്യ ദിനങ്ങള്‍ ജീവിതത്തില്‍ പ്രയോജനപ്പെടുത്താതിരിക്കരുത്.
അശ്രദ്ധയുടെ ഉറക്കത്തില്‍ നിന്നും നാമുണരുക.
ആലസ്യവും മടിയും ഒഴിവാക്കുക.
ഓ... കാരിരുമ്പിന്‍റെ ശക്തിയുളള യുവാക്കളേ,
നിങ്ങളുടെ പേശീബലങ്ങള്‍ എന്തിലാണ് ക്ഷയിപ്പിക്കുന്നത്.?
നുബുവ്വത്തിന്‍റെ പ്രായം പൂര്‍ത്തിയാക്കിയ പക്വമതികളേ,
നിങ്ങളുടെ പക്വത നിങ്ങള്‍ക്ക് എന്താണ് സമ്മാനിക്കുന്നത്.?
നരയുടെ പ്രഭാതം പുലര്‍ന്നവരേ,
നിങ്ങളുടെ രാത്രികള്‍ എന്തിലാണ് കഴിച്ചുകൂട്ടുന്നത്.?
അറുപതിന്‍റെയും എഴുപതിന്‍റെയും ഇടയില്‍ മരണമാകുന്ന യുദ്ധഭൂമിയില്‍ പോരടിക്കുന്ന കിഴവാ,
ഇനിയും നന്മയുടെ അവസരങ്ങള്‍ മുതലാക്കിയില്ലെങ്കില്‍ എന്തിനാണ് ഈ പോരാട്ടം?
പുണ്യം നിറഞ്ഞ ഈ ദിനങ്ങളിലും പാപം ചെയ്യാന്‍ മുതിരുന്നവരേ,
ഇടതും വലതുമുളള മാന്യന്മാരായ എഴുത്തുകാരുടെ മുമ്പില്‍ നിനക്ക് ലജ്ജ തോന്നുന്നില്ലേ?
നിന്‍റെ ഹൃദയം പ്രകാശിപ്പിക്കാന്‍ കഴിയുന്ന ഈ പത്തു ദിനങ്ങള്‍ നീ പ്രയോജനപ്പെടുത്തിയാല്‍ രക്ഷിതാവിലേക്കുളള യാത്ര നിനക്ക് ആനന്ദദായകമായിരിക്കും.!
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
No comments:
Post a Comment