Monday, September 10, 2018

മുഹര്‍റം: ചില ചിന്തകള്‍.! -അല്ലാമാ മുഫ്തി തഖിയ്യ് ഉസ്മാനി


മുഹര്‍റം: 
ചില ചിന്തകള്‍.! 
-അല്ലാമാ മുഫ്തി തഖിയ്യ് ഉസ്മാനി 
അല്ലാഹുവിന് അവന്‍റെ ദാസന്മാരോടുള്ള അളവറ്റ ഔദാര്യത്തിന്‍റെ പേരില്‍ ചില മാസങ്ങള്‍ക്കും ദിവസങ്ങള്‍ക്കും സമയങ്ങള്‍ക്കും കൂടുതല്‍ ശ്രേഷ്ഠത നല്‍കിയിട്ടുണ്ട്. ആ സമയങ്ങളിലുള്ള പ്രത്യേക ഇബാദത്തുകള്‍ മുഖേന മനുഷ്യര്‍ക്ക് അല്ലാഹുവിന്‍റെ സാമീപ്യം കൂടുതല്‍ നേടിയെടുക്കാന്‍ സാധിക്കും. വര്‍ഷത്തിലെ 12 മാസങ്ങളില്‍ അല്ലാഹു കൂടുതല്‍ പവിത്രത നല്‍കി ആദരിച്ച നാല് മാസങ്ങളാണ് ദുല്‍ഖഅദ്, ദുല്‍ഹജ്ജ്, മുഹര്‍റം, റജബ്. അല്ലാഹു പറയുന്നു: ആകാശ-ഭൂമികള്‍ സൃഷ്ടിച്ച ദിവസം അല്ലാഹുവിന്‍റെ ഗ്രന്ഥത്തില്‍ (അവന്‍ രേഖപ്പെടുത്തിയതനുസരിച്ച്) അല്ലാഹുവിന്‍റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ട് ആകുന്നു. യുദ്ധ നിരോധിത മാസങ്ങളാണ് അതത്രെ. ചൊവ്വായ മതം (നടപടി) ആകയാല്‍ അവയില്‍ നിങ്ങള്‍ നിങ്ങളോട് ദ്രോഹം പ്രവര്‍ത്തിക്കരുത്. (തൗബ) 
ആശൂറാഅ് നോമ്പ് 
മുഹര്‍റം മാസത്തിലെ പത്താം ദിവസമാണ് ആശൂറാഅ് എന്ന് അറിയപ്പെടുന്നത്. ഈ ദിവസത്തില്‍ അല്ലാഹു അവന്‍റെ പ്രത്യേക അനുഗ്രഹങ്ങള്‍ ചൊരിഞ്ഞിട്ടുണ്ട്. റമദാനിലെ നോമ്പ് നിര്‍ബന്ധമാക്കപ്പെടുന്നതിന് മുന്‍പ് ഈ നോമ്പ് മുഅ്മിനുകള്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ടിരുന്നു. പിന്നീട് റമദാനിലെ നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടപ്പോഴാണ് ആ നോമ്പിനെ സുന്നത്തിന്‍റെ ഗണത്തില്‍ പെടുത്തിയത്. ആശൂറാഇന്‍റെ മഹത്വം നിരവധി ഹദീസുകളിലൂടെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: ആശൂറാഅ് നോമ്പ് നോല്‍ക്കുന്നവന്‍റെ കഴിഞ്ഞ് പോയ ഒരു വര്‍ഷത്തെ പാപങ്ങള്‍ മാപ്പാക്കപ്പെടുമെന്ന് അല്ലാഹുവിന്‍റെ റഹ് മത്തില്‍ ഞാന്‍ പ്രതീക്ഷിക്കുന്നു. (മുസ്ലിം, മിശ്കാത്ത്) 
മറ്റൊരിക്കല്‍ അരുളി: റമദാനിന് ശേഷം ഏറ്റവും ഏറ്റം ശ്രേഷ്ഠമായ നോമ്പ് മുഹര്‍റം മാസത്തിലെ നോമ്പാണ്. ഫര്‍ദ് നമസ്കാരത്തിന് ശേഷം ഏറ്റം ശ്രേഷ്ഠമായ നമസ്കാരം രാത്രി നമസ്കാരം (തഹജ്ജുദ്) ആണ്. (മിശ്കാത്ത്) 
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ ചെറുമകന്‍ ഹുസൈന്‍ (റ) ന്‍റെ രക്ത സാക്ഷിത്വവുമായി ബന്ധപ്പെട്ടാണ് ഈ ദിവസത്തിന് മഹത്വമുണ്ടായത് എന്ന് ചിലരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ട്. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ കാലത്ത് തന്നെ ഈ ദിവസം മഹത്വമുള്ളതായി കണക്കാക്കപ്പെടുകയും അന്ന് പ്രത്യേക കര്‍മ്മങ്ങള്‍ക്ക് തങ്ങള്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട് എന്നിരിക്കേ തങ്ങള്‍ വഫാത്തായി അറുപത് വര്‍ഷത്തിന് ശേഷം ശഹീദായ ഹുസൈന്‍ (റ) ന്‍റെ സംഭവവുമായി ഈ ദിവസത്തെ ബന്ധപ്പെടുത്തിയുള്ള ധാരണ തികച്ചും ബാലിശമാണ്. മറിച്ച് ഈ ദിവസം രണഭൂമിയില്‍ ശഹീദാക്കപ്പെടാനുള്ള ഭാഗ്യം ഹുസൈന്‍ (റ) ന് ലഭിച്ചത് ഒരു ബഹുമതിയായിട്ടാണ് കണക്കാക്കേണ്ടത്. 
മൂസാ നബി (അ) യെയും സമൂഹത്തെയും നശിപ്പിക്കാനായി പുറപ്പെട്ട ഫിര്‍ഔനെയും സംഘത്തെയും അല്ലാഹു സമുദ്രത്തില്‍ മുക്കി നശിപ്പിക്കുകയും മൂസാ നബിയും സംഘവും സുരക്ഷിതരായി രക്ഷപ്പെടുകയും ചെയ്ത സംഭവം നടന്നത് മുഹര്‍റം പത്തിനായിരുന്നുവെന്നത് ബുഖാരി-മുസ്ലിം റിപ്പോര്‍ട്ട് ചെയ്ത സ്വഹീഹായ ഹദീസ് കൊണ്ട് സ്ഥിരപ്പെട്ടതാണ്. എന്നാല്‍ ഇതിനുമപ്പുറം ആദം നബി (അ) ഭൂമിയില്‍ ഇറക്കപ്പെട്ടതും അദ്ദേഹത്തിന്‍റെ തൗബ       സ്വീകരിക്കപ്പെട്ടതും ജലപ്രളയത്തിന് ശേഷം നൂഹ് നബി (അ) യുടെ കപ്പല്‍ കരപറ്റിയതും ഇബ്റാഹീം നബി (അ) യുടെ തീ ശീതീകരിക്കപ്പെട്ടതും യൂസുഫ് നബി (അ) ജയില്‍ മോചിതനായതും സുലൈമാന്‍ നബി (അ) ക്ക് അധികാരം കൈവന്നതും തുടങ്ങി മിക്ക പ്രധാന സംഭവങ്ങള്‍ക്കും സാക്ഷിയായത് ആശൂറാഅ് ദിവസമാണെന്നും ഇനി ലോകാവസാനം സംഭവിക്കുന്നതും ഇതേ ദിവസം തന്നെയായിരിക്കും എന്നെല്ലാമുള്ള വിശ്വാസങ്ങള്‍ അടിസ്ഥാന     രഹിതവും സ്വീകാര്യയോഗ്യമായ ഹദീസുകളുടെ പിന്‍ബലമില്ലാത്തവയുമാണ്. 
എന്നാല്‍ അല്ലാഹു അവന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിക്കുന്നതിന് ഈ ദിവസം തെരഞ്ഞെടുത്തിട്ടുണ്ട് എന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്. ആ ദിവസത്തോട് നാം പ്രത്യേക മര്യാദ പുലര്‍ത്തുകയും റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യില്‍ നിന്നും സ്ഥിരപ്പെട്ട കാര്യങ്ങള്‍ ആ ദിവസം ചെയ്യാന്‍ നാം സന്നദ്ധരാവുകയും വേണം. അന്നേ ദിവസം നോമ്പനുഷ്ഠിക്കുക എന്നതാണ് പ്രധാന കര്‍മ്മമായി റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യില്‍ നിന്നും സ്ഥിരപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഇതേ ദിവസം ജൂതന്മാര്‍, മൂസാ നബി (അ) യെ അല്ലാഹു രക്ഷിച്ചതിന് നന്ദി രേഖപ്പെടുത്തുവാന്‍ നോമ്പനുഷ്ഠിച്ചത് കാരണം അവരോടുള്ള അനുകരണം ഒഴിവാക്കുവാന്‍ ഒരു നോമ്പ് കൂടി ചേര്‍ത്ത് അനുഷ്ഠിക്കുവാന്‍ കല്‍പ്പിച്ചിരിക്കുന്നു. ഇബ്നു അബ്ബാസ് (റ) ല്‍ നിന്നും ത്വഹാവി റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ വരുന്നു: റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: ആശൂറാഅ് ദിവസം നിങ്ങള്‍ നോമ്പനുഷ്ഠിക്കുക. അതിന് മുമ്പോ ശേഷമോ ഒരു ദിവസം ചേര്‍ത്ത് നിര്‍വ്വഹിക്കുക. നിങ്ങള്‍ ജൂതന്മാരെ അനുകരിക്കരുത്. ഇത് പറഞ്ഞ അതേ വര്‍ഷം റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) വഫാതായതിനാല്‍ ഇപ്രകാരം രണ്ട് നോമ്പനുഷ്ഠിക്കുവാന്‍ അവസരം ലഭിച്ചില്ല. എങ്കിലും റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ മുഴുവന്‍ സുന്നത്തുകളും അതീവ ശ്രദ്ധയോടെ പിന്‍പറ്റിയിരുന്ന സ്വഹാബാക്കള്‍ മുഹര്‍റം പത്തിന്‍റെ നോമ്പിനോട് ചേര്‍ത്ത് രണ്ട് നോമ്പുകള്‍ അനുഷ്ഠിച്ചിരുന്നു. അപ്രകാരം രണ്ട് ദിവസത്തെ നോമ്പ് സുന്നത്താക്കപ്പെടുകയും ചെയ്തു. 
മുകളില്‍ ഉദ്ധരിച്ച നബി വചനത്തില്‍ നിന്നും നമുക്ക് ലഭിക്കുന്ന ഒരു പാഠം, അമുസ്ലിംകളുമായുള്ള ഒരു ചെറിയ സാദൃശ്യം പോലും റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഇഷ്ടപ്പെട്ടിരുന്നില്ല എന്നാണ്. അല്ലാഹു നമുക്ക് നല്‍കിയ ദീന്‍ ഉത്തമവും സമ്പൂര്‍ണ്ണവുമാണ്. ഒരു മുസ്ലിം പ്രത്യക്ഷമായോ പരോക്ഷമായോ അമുസ്ലിംകളുമായി വ്യത്യാസം പുലര്‍ത്തേണതാണ്. ഈ വിഷയത്തില്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ ഒട്ടനവധി ഹദീസുകള്‍ കാണാന്‍ കഴിയും. 
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: നിങ്ങള്‍ മുശ്രിക്കുകളോട് എതിരാവുക. സല്‍കര്‍മ്മങ്ങളില്‍ പോലും അമുസ്ലിം ശൈലി അനുകരിക്കുന്നത് ഇഷ്ടമായിരുന്നില്ലെങ്കില്‍ മറ്റ് കാര്യങ്ങളില്‍ നാം അവരെ അനുകരിക്കല്‍ എത്രയോ മോശമാണ്. മാത്രമല്ല, നാമും അവരെപ്പോലെയാകണം എന്ന ലക്ഷ്യത്തിലുള്ള അനുകരണം വന്‍ പാപമാണ്. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: ആര് ഒരു ജനതയെ അനുകരിക്കുന്നോ അവന്‍ അവരില്‍പെട്ടവനാണ്. (അബൂദാവൂദ്) 
തദ്വാരാ മറ്റുള്ളവരെപ്പോലെ താനും ആകണം എന്ന ഉദ്ദേശത്തില്‍ ഇതര സമുദായത്തെ അനുകരിക്കല്‍ ഹറാമും എന്നാല്‍ പ്രത്യേക ഉദ്ദേശമൊന്നുമില്ലാതെ അനുകരണമുണ്ടായാല്‍ അത് കറാഹത്തുമാണ്. 
ഇത്തരുണത്തില്‍ ആരെയും അനുകരിക്കാതെ ആശൂറാഇന്‍റെ നോമ്പ് അനുഷ്ഠിക്കല്‍ വളരെ ശ്രേഷ്ഠമായ കാര്യമാണ്. നോമ്പല്ലാതെ, ജനങ്ങളില്‍ പ്രചാരത്തിലുള്ള ഇതര പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല. എന്നാല്‍ നിവേദക പരമ്പര ബലഹീനമായ മറ്റൊരു ഹദീസില്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യില്‍ നിന്നും ഇപ്രകാരം വരുന്നു: ഈ ദിവസം ഒരു വ്യക്തി തന്‍റെ വീട്ടുകാര്‍ക്കും കുടുംബക്കാര്‍ക്കും ചെലവഴിക്കുന്നതില്‍ വിശാലത കാട്ടിയാല്‍ അല്ലാഹു അവന്‍റെ ഉപജീവനത്തില്‍ ബറകത്ത് നല്‍കുന്നതാണ്. ഹദീസിന്‍റെ നിവേദക പരമ്പര ബലഹീനമാണെങ്കിലും ഇതനുസരിച്ച് അമല്‍ ചെയ്യാവുന്നതാണ്. ഇതിനുള്ള പ്രതിഫലം അവന് ലഭിക്കുകയും ചെയ്യും. 
പരിശുദ്ധ ഖുര്‍ആനില്‍ പവിത്രമാക്കപ്പെട്ട മാസങ്ങളെക്കുറിച്ച്    പ്രതിപാദിക്കുന്ന സ്ഥലങ്ങളില്‍ ഒരു പ്രധാന കാര്യം അല്ലാഹു ഉണര്‍ത്തുന്നു: ഈ മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോട് തന്നെ ദ്രോഹം പ്രവര്‍ത്തിക്കരുത്. അക്രമം ചെയ്യരുത് എന്നതിന്‍റെ ഉദ്ദേശം, അന്നേ ദിവസം പാപങ്ങളില്‍ നിന്നും ബിദ്അത്തുകളില്‍ നിന്നും വിട്ടുനില്‍ക്കുക എന്നതാണ്. കാരണം അല്ലാഹു അദൃശ്യജ്ഞാനിയാണ്. അന്നേ ദിവസം ജനങ്ങള്‍ അവരുടെ ഭാഗത്ത് നിന്നും പുതിയ  കര്‍മ്മങ്ങള്‍ നിശ്ചയിച്ച് പാപികളാകുമെന്ന് അറിയാവുന്നതിനാലാണ് ഈ താക്കീത് അല്ലാഹു മുന്‍കൂട്ടി നല്‍കിയത്. 
ശിയാക്കള്‍ അവരുടെ വാസ്തവ വിരുദ്ധമായ വിശ്വാസപ്രകാരം കാട്ടിക്കൂട്ടുന്ന പ്രവര്‍ത്തനങ്ങളില്‍ നാം പങ്കുചേരുകയോ അവരുടെ സദസ്സുകളില്‍ പങ്കെടുക്കുകയോ ചെയ്യല്‍ വലിയ പാപമാണ്. ഇത്തരം അനാവശ്യ പ്രവണതകളില്‍ നിന്നും അകന്നു നില്‍ക്കേണ്ടത് നമ്മുടെ കടമയാണ്. ഈ ദിവസത്തെ പവിത്രതയുടെ പ്രയോജനമെടുക്കാനും അല്ലാഹുവിന്‍റെ തൃപ്തിക്കനുസരിച്ച് ചെലവഴിക്കാനുമുള്ള സൗഭാഗ്യം അല്ലാഹു നമുക്ക് നല്‍കി അനുഗ്രഹിക്കട്ടെ.! 




🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...