Friday, October 12, 2018

മുസ് ലിം ഐക്യം: കാലം കാത്തിരിക്കുന്ന സ്വപ്നം.!


മുസ് ലിം ഐക്യം: 
കാലം കാത്തിരിക്കുന്ന സ്വപ്നം.!  
സൈദ് മുഹമ്മദ് മൗലവി കൗസരി പരീക്കണ്ണി 
https://swahabainfo.blogspot.com/2018/10/blog-post_12.html?spref=tw 

മുസ് ലിം ഐക്യം കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് പറയാത്തവരും എഴുതാത്തവരുമായി ആരുമില്ല. വിശാല ഐക്യത്തിന് വേണ്ടി പുറപ്പെടുന്നവര്‍ തന്നെ അനൈക്യത്തിന്‍റെ മാര്‍ഗ്ഗത്തിലാണ് അതിന്നായി പരിശ്രമിക്കുന്നത് എന്നതാണ് അതിലെ വിരോധാഭാസം. അതുകൊണ്ടുതന്നെയാണ് അതൊരു സ്വപ്നം മാത്രമായി അവശേഷിക്കുന്നതും. അതിന്‍റെ പ്രതിഫലനമായി അനുദിനം പുതിയ പുതിയ പാര്‍ട്ടികള്‍ രൂപപ്പെടുകയും അത് ആശയ സംവാദങ്ങളിലേക്കും പലപ്പോഴും സംഘട്ടനങ്ങളിലേക്കും എത്തിച്ചേരുകയും ചെയ്യുന്നു. മുഹമ്മദുര്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ ഇരുപത്തിമൂന്ന് വര്‍ഷത്തെ പരിശ്രമത്തിന്‍റെ ഫലമായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള വ്യത്യസ്ത ഗോത്രക്കാരും വര്‍ണ്ണക്കാരും വര്‍ഗ്ഗക്കാരുമായ മനുഷ്യരെ പരിശുദ്ധമായ കലിമത്തുത്തൗഹീദിന്‍റെ സുപ്രയില്‍ ഒരുമിച്ചു കൂട്ടുകയായിരുന്നു. മക്കയിലെ ഉന്നത ഗോത്രക്കാരനും വെളുത്തുസുന്ദരനും സുമുഖനും സമ്പന്നനുമായ അബൂബക്ര്‍, ഹബ്ഷ (എത്യോപ്യ) യിലെ കറുത്തിരുണ്ട വിരൂപിയായ അടിമ ബിലാലുബ്നു റബാഹ്, റോമക്കാരനായ സായിപ്പ് സുഹൈബ്, പേര്‍ഷ്യക്കാരനായ രാജപുത്രന്‍ (മക്കയിലെത്തിയ അദ്ദേഹത്തെ പിടികൂടി അടിമയാക്കി) സല്‍മാന്‍ (റ: അന്‍ഹും) ഇവരായിരുന്നു നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ ആദ്യത്തെ ജമാഅത്ത്. ഇവര്‍ വിവിധ ദേശക്കാരും, സംസ്കാരക്കാരും ആശയക്കാരുമായിരുന്നു. പക്ഷെ നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അവരെ ഒരേ വിശ്വാസത്തിന്‍റെ, ഒരേ ആദര്‍ശത്തിന്‍റെ, കലിമത്തിന്‍റെ ചരടില്‍ കോര്‍ത്തിണക്കിയ മുത്തുമണികളാക്കി. മദീനയില്‍ പ്രവാചകന്‍ (സ്വല്ലല്ലാഹു അലൈഹിവസല്ലം) എത്തിയതോടെ നൂറ്റാണ്ടുകള്‍ ശത്രുക്കളായി കഴിഞ്ഞുകൂടിയിരുന്ന പ്രമുഖ രണ്ട് ഗോത്രങ്ങള്‍ ഔസും, ഖസ്റജും ഇസ്ലാമിലേക്ക് കടന്നുവന്നു. അതോടെ അവര്‍ എല്ലാം മറന്ന് ഉറ്റമിത്രങ്ങളായി. യുദ്ധക്കളങ്ങളില്‍ മരണത്തോട് മല്ലടിക്കുമ്പോള്‍ പോലും തന്‍റെ സഹോദരന്‍റെ ദാഹം ശമിപ്പിക്കുന്നതിന് മുന്‍പ് തന്‍റെ ദാഹം തീര്‍ക്കാന്‍ മനസ്സ് വരാത്ത സ്നേഹത്തിന്‍റെ, സാഹോദര്യത്തിന്‍റെ ഉദാത്ത മാതൃകകളായി.
വിശുദ്ധ ഖുര്‍ആന്‍ പറയുന്നു "തീര്‍ച്ചയായും ഇതാണ് നിങ്ങളുടെ സമുദായം. ഒറ്റ സമൂഹമാണ് നിങ്ങള്‍. ഞാന്‍ നിങ്ങളുടെ ഏകനായ റബ്ബും. അതിനാല്‍ നിങ്ങള്‍ എന്നെ സൂക്ഷിച്ച് ജീവിക്കുവിന്‍. എന്നാല്‍ അവര്‍ തന്‍റെ സമുദായത്തെ പലകഷണങ്ങളാക്കി (കക്ഷികളാക്കി) മുറിച്ചു. ഓരോ കക്ഷികളും തങ്ങളുടെ പക്കലുള്ളതുകൊണ്ട് സംതൃപ്തി അടയുന്നവരാകുന്നു."
(അല്‍ മുഅ്മിനൂന്‍ 52-53)
ഇതല്ലെ യഥാര്‍ത്ഥത്തില്‍ നമ്മുടെ നാടുകളില്‍ നടന്നുകൊണ്ടിരിക്കുന്നത്.? സംഘടനാ പക്ഷപാതിത്വത്തിന്‍റെ അന്ധതയും ബധിരതയും ബാധിക്കാത്ത ഏതൊരു സ്വതന്ത്ര ചിന്താഗതിക്കാരനെയും വേദനിപ്പിക്കുന്ന ഒന്നാണിത്. 'സത്യവിശ്വാസികളെ, നിങ്ങള്‍ അസൂയ വെക്കരുത്, കോപിക്കരുത്. പരസ്പരം വെറുക്കരുത്. നിങ്ങള്‍ കണ്ടുമുട്ടിയാല്‍ പരസ്പരം സലാം പറയാതെ പിന്തിരിഞ്ഞ് നടക്കരുത്. അല്ലാഹുവിന്‍റെ അടിമകളെ; നിങ്ങള്‍ ഏകോദര സഹോദരങ്ങളെപ്പോലെ ജീവിക്കണം. തഖ്വ ഇവിടെയാണ് എന്ന് പറഞ്ഞുകൊണ്ട് പ്രവാചകന്‍ (സ്വല്ലല്ലാഹു അലൈഹിവസല്ലം) വിരലുകള്‍ നെഞ്ചിലേക്ക് ചൂണ്ടി മൂന്ന് പ്രാവശ്യം ആവര്‍ത്തിച്ചു. 'ഒരു മുസ്ലിമിന്‍റെ രക്തവും സമ്പത്തും അഭിമാനവും എന്നല്ല, അവന്‍റേത് മുഴുവന്‍ മറ്റൊരു മുസ്ലിമിന്‍റെമേല്‍ ഹറാമാണ്' എന്ന് പഠിപ്പിച്ച പ്രവാചകന്‍റെ അനുയായികള്‍, നിയമത്തിന്‍റെ മാത്രമല്ല മാന്യതയുടെയും പ്രതിപക്ഷ ബഹുമാനത്തിന്‍ റെതന്നെയും സര്‍വ്വ സീമകളും ലംഘിച്ചുകൊണ്ടുള്ള മതപ്രബോധനങ്ങളും സംഘടനാ പ്രവര്‍ത്തനങ്ങളുമല്ലേ ഇന്ന് നടത്തിക്കൊണ്ടിരിക്കുന്നത്. സംഘടനാ ബാഹുല്യം ഇന്ന് കൊച്ചു കേരളത്തിന്‍റെ ശാപമാണ്എന്നുപറയുന്നതില്‍ ഖേദമുണ്ട്. (സംഘടനാ ബന്ധുക്കള്‍ എന്നോട് ക്ഷമിക്കണം. ഞാന്‍ ഒരു സംഘടനാ വിരോധിയല്ല, മറിച്ച് അതിന്‍റെ ആധിക്യം മൂലം ഉമ്മത്തിലുണ്ടാകുന്ന സാമൂഹ്യ പ്രശ്നങ്ങളും സാംസ്കാരിക ജീര്‍ണ്ണതകളും പങ്കുവെക്കുന്നു എന്നുമാത്രം.) ലോകരാജ്യങ്ങളിലൂടെ യാത്ര ചെയ്താല്‍ കേരളം എന്ന കൊച്ചുഗ്രാമത്തിലുള്ളത്ര സംഘടനകളും സംഘട്ടനങ്ങളും ലോകത്ത് എല്ലായിടത്തും കൂടി നടക്കുന്നുണ്ടെന്ന് തോന്നുന്നില്ല. ഒരേ ആശയത്തിലും ആദര്‍ശത്തിലും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നവര്‍ പെട്ടെന്നൊരു സുപ്രഭാതത്തില്‍ മൂന്നും നാലും ഗ്രൂപ്പുകളായി പൊട്ടിത്തെറിക്കുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇതിന്‍റെ മൂലകാരണം കുന്നുകൂടിയ സമ്പത്തും നേതൃസ്ഥാനത്തേക്കുള്ള കിടമത്സരങ്ങളും. 
ആദരവായ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) പറഞ്ഞതോര്‍മ്മ വരുന്നു. ഞാന്‍ നിങ്ങളില്‍ ദാരിദ്ര്യത്തെ ഭയപ്പെടുന്നില്ല. മറിച്ച് നിങ്ങളില്‍ സമ്പത്ത് കുന്ന് കൂടുകയും അതിന്‍റെ പേരില്‍ നിങ്ങള്‍ കലഹിച്ച് നിങ്ങളുടെ മുന്‍ഗാമികള്‍ നശിച്ചതുപോലെ നിങ്ങളും നശിക്കുന്നതിനെയാണ് ഞാന്‍ ഭയപ്പെടുന്നത്. നേതൃത്വമോഹം നിഷിദ്ധമാണ്. നിങ്ങളില്‍ നേതൃത്വം മോഹിക്കുന്നവനെ നേതാവാക്കരുത്. 
കേരളീയരായ നാം രണ്ട് പ്രധാന തെറ്റിദ്ധാരണകളിലാണ്. ഒന്ന്, സംഘടനയാണ് മതം. എന്‍റെ സംഘടനയാണ് എന്‍റെ മതം. എന്‍റെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ഒതുങ്ങുന്നു എന്‍റെ മതപ്രവര്‍ത്തനങ്ങളും. ആയതിനാല്‍ എന്‍റടുക്കല്‍ ഹഖായ മതത്തിന്‍റെ (സംഘടനയുടെ) സംസ്ഥാപനത്തിനും മറ്റു വഴിപിഴച്ച മതങ്ങളുടെ (സംഘടനകളുടെ) ധ്വംസനത്തിനും ഏതുവിലകുറഞ്ഞ വഴികളും അവലംബിക്കാം. അതെല്ലാം പുണ്യം കിട്ടുന്ന കാര്യങ്ങളുമാണ്. 
രണ്ടാമത്തേത്, സംഘടനയില്ലാതെ ദീനി പ്രവര്‍ത്തനം സാധ്യമല്ല. ഇത് വലിയ തെറ്റിദ്ധാരണയാണ്. ഏതെങ്കിലും സംഘക്കാരന്‍ അംഗീകരിക്കുന്നുണ്ടോ ഈ നാട്ടില്‍ ദീനി പ്രവര്‍ത്തനത്തിന് എന്‍റെ സംഘടനയല്ലാതെ മറ്റുള്ളവയും ആവശ്യമാണെന്ന്? ഒരിക്കലുമില്ല. തങ്ങളുടേത് മാത്രം മതി. മറ്റുള്ളത് അനാവശ്യമാണ് എന്ന് തന്നെയാണ് ഓരോരുത്തരുടെയും ചിന്ത. ഈ ചിന്ത തന്നെ സംഘടനകള്‍ ആവശ്യമില്ലായെന്ന് പരോക്ഷമായി അംഗീകരിക്കലാണ്. സ്വഹാബത്തിന്‍റെയും താബിഈങ്ങളുടെയും തബഉത്താബിഈങ്ങളുടെയും ശേഷം മദ്ധ്യനൂറ്റാണ്ടിലും 1921 വരെയും കേരളത്തിലും ലോകത്തും ധാരാളം നവോത്ഥാന നായകന്മാര്‍ വന്നിരുന്നു. അവരെല്ലാം ഏത് സംഘടനയുടെ വക്താക്കളായിരുന്നു? ഹിജ്റ അഞ്ചാം വര്‍ഷം മദീന മുനവ്വറയില്‍ നിന്നും ഇന്ത്യയില്‍ എത്തിയ ഏഴ് പുരുഷന്മാരും അഞ്ച് സ്ത്രീകളും അടങ്ങുന്ന സംഘം ഏത് സംഘടനയുടെ ലേബലില്‍ വന്നു. ഏത് ലേബലില്‍ പ്രവര്‍ത്തിച്ചു? 
ഇന്ന് ഗള്‍ഫ് നാടുകളില്‍ മലയാളികളുടെ ഇടയില്‍ കേരളത്തിലെ സംഘടനകളുടെയും വിഭാഗീയതകളുടെയും അതിപ്രസരം കാണാം. എന്നാല്‍ അവിടെ ആ നാട്ടുകാരായ അറബി മുസ്ലിംകളുടെ ഇടയില്‍ ഒരു ദീനീ പ്രവര്‍ത്തനങ്ങളും നടക്കുന്നില്ലാ എന്നാണോ കരുതുന്നത്? ഒരിക്കലുമല്ല. അവരുടെ ഇടയിലും ധാരാളം ദീനീ പ്രബോധനങ്ങള്‍ നടക്കുന്നുണ്ട്. അതെല്ലാം ഏതെങ്കിലും രജിസ്ട്രേഡ് സംഘടനയുടെ പേരിലാണോ? എന്ന് പഠനവിധേയമാക്കുന്നത് നന്നായിരിക്കും. അതുപോലെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ദീനീ പ്രവര്‍ത്തനങ്ങളുടെ അവസ്ഥ എന്താണ്? ഞാന്‍ ഈ ലേഖനം എഴുതുന്നത് മലേഷ്യയിലെ സാബാസ്റ്റേറ്റിലുള്ള കോത്തകിനാ
ബാലു എന്ന സ്ഥലത്തിരുന്നുകൊണ്ടാണ്. മുസ്ലിം രാജ്യമായ മലേഷ്യയിലെ മുസ്ലിംകളെല്ലാം ഒന്നാണ്. അവരുടെ ഇടയില്‍ മതപരമായി ഭിന്നതകളില്ല. മത സംഘടനകളുടെ ബാഹുല്യമില്ല. ഒറ്റ യൂണിറ്റിയാണ്. അവര്‍ക്ക് പരിചയമുള്ള ഒരേയൊരു മതപ്രവര്‍ത്തനം ദഅ്വത്തുതബ്ലീഗാണ്. അതില്‍ വലിയവരും ചെറിയവരും ഉണ്ട്. സമയം കൂടുതല്‍ കൊടുക്കുന്നവരും കുറച്ച് കൊടുക്കുന്നവരും ഉണ്ട്. പക്ഷെ അവരെല്ലാം ദീനിന്‍റെ പേരില്‍ ഒന്നാണ്. ദീനി പ്രവര്‍ത്തനത്തിന്‍റെയോ മറ്റേതെങ്കിലും പേരിലോ തന്‍റെ സഹോദരനെ നിന്ദിക്കുവാനും കുറ്റപ്പെടുത്തുവാനും അവര്‍ ശീലിച്ചിട്ടില്ല. അടുത്തരാജ്യമായ സിങ്കപ്പൂര്‍, ഇന്തോനേഷ്യ, തായ്ലന്‍റ് ഇവിടങ്ങളിലേയും അവസ്ഥകള്‍ വിഭിന്നമല്ല. കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടത്തെ കുറേ ടാക്സി ഡ്രൈവര്‍മാരെ പരിചയപ്പെട്ടു. അവര്‍ അടുത്ത നാളുകളിലായി മൂന്ന് ദിവസങ്ങള്‍ ജമാഅത്തില്‍ യാത്രചെയ്തവരാണ്. അവര്‍ പറഞ്ഞു. 'അല്ലാഹുവാണെ സത്യം; ഇത് ലോക മുസ്ലിംകളെ ഒന്നാക്കുന്ന, നന്നാക്കുന്ന പരിശ്രമമാണ്. ഞങ്ങള്‍ ശിഷ്ടജീവിതം കൂടുതല്‍ സമയം കൊടുത്തുകൊണ്ട് പരിശ്രമിക്കും.' 
യാത്രാമദ്ധ്യേ പതിനെട്ടിനും ഇരുപത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ള കുറേ ചെറുപ്പക്കാരെ പരിചയപ്പെട്ടു. അവരുടെ കൂട്ടത്തില്‍ വിദ്യാര്‍ത്ഥികളും എഞ്ചിനീയര്‍മാരും ഉണ്ടായിരുന്നു. അവര്‍ പറഞ്ഞു. അടുത്ത കാലത്താണ് ജമാഅത്തില്‍ പോകുവാന്‍ ഭാഗ്യം കിട്ടിയത്. ഇപ്പോഴാണ് ഞങ്ങള്‍ക്ക് ജീവിതത്തിന്‍റെ വില മനസ്സിലായത്. ഒരു ദിശാബോധം ഉണ്ടായത്. തുടര്‍ന്നും ഈ പരിശ്രമമവുമായി ജീവിക്കും. ഇത് ലോകത്തിലെ എല്ലാ മുക്കുമൂലയിലുമുള്ള മുഴുവന്‍ മുസ്ലിമിന്‍റെയും ഹൃദയങ്ങളെ കോര്‍ക്കുന്ന പ്രവര്‍ത്തനമാണ്. തുടര്‍ന്ന് മരണം വരെ ഈ പരിശ്രമവുമായി മുന്നോട്ട് പോകും എന്ന് ഉറച്ച തീരുമാനവുമായിട്ടാണ് ഞങ്ങള്‍ പരിഞ്ഞത്.
ഇനി ദീനീരംഗത്ത് ഏറ്റവും വേഗതയില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന യൂറോപ്യന്‍-ആഫ്രിക്കന്‍ രാജ്യങ്ങളുടെ അവസ്ഥ പരിശോധിക്കാം. ദിവസവും ആയിരക്കണക്കിന് ആളുകളാണ് ഇസ്ലാമിലേക്ക് കടന്ന് വരുന്നത്. അത് ഏതെങ്കിലും സംഘടനയുടെ ബലത്തിലോ അവരുടെ സമ്പത്തിന്‍റെയും സ്ഥാപനങ്ങളുടെയും സ്രോതസ്സിലോ അല്ല. അവരുടെ സാഹിത്യകൂമ്പാരങ്ങളുടെ ആകര്‍ഷണീയതയിലുമല്ല. മറിച്ച് അവിടെയുള്ള മുസ്ലിമിന്‍റെ അഖ്ലാക്കുള്ള ജീവിതം കണ്ടിട്ടാണ്. മുസ്ലിംകളുടെ യൂണിറ്റിയാണ്. സംഘടനാപക്ഷപാതിത്വം ഇല്ലാത്തതുകൊണ്ടുമാണ്. രണ്ടുവര്‍ഷം മുമ്പ് ഈസ്റ്റ് ആഫ്രിക്കന്‍ രാജ്യങ്ങളായ റുവാണ്ട, ബുറൂണ്ടി, താന്‍സാനിയ, കെനിയ, ഉഗാണ്ട എന്നീ രാജ്യങ്ങളിലൂടെ നാലുമാസം യാത്രചെയ്യാനുള്ള ഭാഗ്യമുണ്ടായി. അതില്‍ ബുറൂണ്ടി ലോകത്തെ ദാരിദ്ര്യം നിറഞ്ഞ 10 രാജ്യങ്ങളില്‍ ഒരു രാജ്യമാണ്. അവിടെ ഭക്ഷണമില്ല, വെള്ളമില്ല, വസ്ത്രമില്ല. താമസിക്കുവാന്‍ കുടിലുകള്‍മാത്രം. എണ്‍പത് ശതമാനം മനുഷ്യരും രണ്ട് ദിവസത്തില്‍ ഒരിക്കല്‍ മാത്രം ഭക്ഷണം കഴിക്കുന്നവരാണ്. കപ്പ, ചോളം, മധുരക്കിഴങ്ങ് എന്നിവയാണ് മുഖ്യാഹാരം. ചോറും റൊട്ടിയുമൊക്കെ സാധാരണക്കാരന് അസുലഭ വസ്തുക്കള്‍. സ്കൂളില്‍ പോകുന്ന കുട്ടികളെ കണ്ടു. വര്‍ഷങ്ങള്‍ പഴക്കമുള്ള കീറിപ്പറിഞ്ഞ മുഷിഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചവര്‍, ഗ്രാമങ്ങളില്‍ 20 -30 കിലോമീറ്ററുകള്‍ കാല്‍നടയായി യാത്രചെയ്യണം സ്കൂളിലെത്താന്‍. എങ്കിലും സ്കൂള്‍ വിദ്യാഭ്യാസം നിര്‍ബന്ധമാണവിടെ. ഇല്ലെങ്കില്‍ മാതാപിതാക്കളെ ജയിലിലടക്കും. അന്‍പത് - നൂറ് കുടുംബങ്ങള്‍ താമസിക്കുന്ന ഗ്രാമങ്ങളില്‍ വെള്ളത്തിന് ഒരു പൈപ്പ് മാത്രം. അതും ദിവസം ഒരു മണിക്കൂര്‍ മാത്രം വെള്ളം ലഭിക്കും. മൊത്തം ജനസംഖ്യ ഒരു മില്യണ്‍ (പത്തുലക്ഷം) അതില്‍ മുപ്പതു ശതമാനം മുസ്ലിംകള്‍. ബാക്കിയുള്ളവര്‍ ക്രൈസ്തവ സഹോദരങ്ങള്‍. 10 വര്‍ഷം മുമ്പുവരെ 8% മാത്രമായിരുന്നു. അത്രയധികം ആളുകള്‍ ദിവസേന ഇസ്ലാമിലേക്ക് കടന്നുവരുന്നു,. രണ്ട് മാസം ഞങ്ങള്‍ അവിടെ മുസ്ലിംകളുടെ ഇടയില്‍ പരിശ്രമിച്ചു . ഒരൊറ്റ അമുസ്ലിമിനും ദഅ്വത്ത് കൊടുത്തില്ല. എന്നിട്ടും മുപ്പത് പേര്‍ ഞങ്ങളുടെ അടുക്കല്‍ വന്ന് കലിമ പറഞ്ഞ് മുസ്ലിംകളായി. ഒരു ദിവസം ഞങ്ങള്‍ ഒരു ഗ്രാമത്തിലെത്തി. ഒരു ക്രിസ്ത്യന്‍ ചെറുപ്പക്കാരന്‍ ഇങ്ങോട്ട് വന്ന് പരിചയപ്പെട്ടു. നന്നായി ഇംഗ്ലീഷ് സംസാരിക്കും. ഖുസൂസി മുലാഖാത്തിന് വഴികാട്ടിയായി കൂടെ വന്നു. മുസ്ലിം വീടുകള്‍ കാട്ടിത്തന്നു. ഞങ്ങള്‍ പറഞ്ഞ അല്ലാഹു- റസൂല്‍ - ആഖിറം ആ ചെറുപ്പക്കാരന്‍ അവര്‍ക്ക് പരിഭാഷപ്പെടുത്തി കൊടുത്തു. വൈകീട്ടായപ്പോള്‍ ആ ചെറുപ്പക്കാരന്‍ ഞങ്ങളുടെ അടുക്കല്‍ വന്നു പറഞ്ഞു. I want Islam, I want became muslim. ഞങ്ങള്‍ ചോദിച്ചു എന്താ കാരണം? അയാള്‍ പറഞ്ഞു. ഞാന്‍ കുറേകാലമായി ഇസ്ലാമിനെ കുറിച്ച് പഠിക്കുകയായിരുന്നു. മുസ്ലിംകളിലൂടെ ഇസ്ലാമിനെ നോക്കി കാണുകയാണ്. ഇപ്പോള്‍ എനിക്ക് ബോദ്ധ്യപ്പെട്ടു. Islam is love and respect. The muslim brothers love each other, they respect each other. I want this love and respect. So I want Islam. ആ ചെറുപ്പക്കാരന്‍ സ്വമനസ്സാലെ മഗ്രിബ് നമസ്ക്കാരാനന്തരം പള്ളിയില്‍ വച്ച് മുസ്ലിമായി. നമ്മുടെ നാടുകളില്‍ ഇസ്ലാമിലേക്ക് കടന്നുവരാന്‍ മടിക്കുന്നതിന്‍റെ പലകാരണങ്ങളില്‍ ഒന്ന് നമ്മുടെ ഇടയിലുള്ള കടിപിടിയാണ്. വന്നാല്‍ ആരുടെ കൂടെ ചേരും? കണ്‍ഫ്യൂഷനാണ്. ഇസ്ലാംതന്നെ വലിയൊരു സംഘടനയാണ്. അത് എത്ര പ്രായോഗികമായി ഓര്‍ഗനൈസ് ചെയ്യപ്പെട്ടിരിക്കുന്നു. ഓരോ പ്രദേശത്തുമുള്ള മുസ്ലിംകള്‍ ദിവസവും അഞ്ചുനേരം ഒരുമിച്ച് കൂടണം. ആഴ്ചയില്‍ ഒരിക്കല്‍ എല്ലാവരും ഒരിടത്ത് ഒരുമിച്ച് കൂടി വാരാന്ത്യ സമ്മേളനം. വര്‍ഷത്തില്‍ രണ്ട് വാര്‍ഷിക സമ്മേളനങ്ങള്‍. ചെറിയ പെരുന്നാളും, വലിയ പെരുന്നാളും. ലോകത്ത് ഒരു സംഘടനക്കാരും ആണ്ടില്‍ രണ്ട് വാര്‍ഷികങ്ങള്‍ നടത്താറില്ല. ലോകത്തെല്ലായിടത്തും ഒരേ ബാങ്ക്. ബാങ്കില്‍ ഒരേ ഭാഷ, ഒരേ വാക്കുകള്‍, ഒരേ നമസ്ക്കാരം, പേരിലും രൂപത്തിലും രൂപത്തിലും മാറ്റമില്ല. ഒരേ ഖിബ്ല, ഒരേ നോമ്പ്, ഒരേ ഹജ്ജ്, അല്ലാഹുഒന്ന്, റസൂല്‍ ഒന്ന് , കലിമത്തുഷഹാദ കഴിഞ്ഞാല്‍ ഏറ്റവും ശ്രേഷ്ഠമായ അമല്‍ നമസ്ക്കാരം . നമസ്ക്കാരത്തില്‍ അത്തഹിയ്യാത്ത് ഫര്‍ളാണെന്ന കാര്യത്തില്‍ മദ്ഹബുകളുടെ ഇടയില്‍ അഭിപ്രായ വ്യത്യാസമില്ല. അത്തഹിയ്യാത്തിലൂടെ അല്ലാഹു നമ്മളില്‍ നിന്നും ആവശ്യപ്പെടുന്നതും പഠിപ്പിക്കുന്നതും എന്താണ്. ആദ്യമായി എല്ലാ തിരുമുല്‍ കാഴ്ചകളും അല്ലാഹുവിന് സമര്‍പ്പിക്കുന്നു. പിന്നീട് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) തങ്ങള്‍ക്ക് വേണ്ടിയുള്ള ദുആ. (അസ്സലാമു അലൈക അയ്യുഹന്നബിയ്യു വറഹ്മത്തുല്ലാഹി വബറകാത്തുഹു) പിന്നീട് സ്വന്തത്തിന് വേണ്ടി. (അസ്സലാമു അലൈനാ) പിന്നീട് ലോകത്ത് ജീവിച്ചിരിക്കുന്ന കലിമ പറഞ്ഞ മുഴുവന്‍ സത്യവിശ്വാസികളായ സ്ത്രീ പുരുഷന്മാര്‍ക്ക് വേണ്ടിയുള്ള ദുആ (വഅലാ ഇബാദില്ലാഹി സ്വാലിഹീന്‍)... എന്താണീ ആദര്‍ശം, ദിവസേന നിര്‍വഹിക്കുന്ന മുഴുവന്‍ ഫര്‍ള് നമസ്ക്കാരങ്ങളിലും സുന്നത്തുകളിലും മുഴുവന്‍ സഹോദരസഹോദരിമാര്‍ക്കും വേണ്ടി പരസ്പരം ദുആ ചെയ്യല്‍ അല്ലാഹു ഫര്‍ളാക്കി. നിന്‍റെ സഹോദരങ്ങള്‍ക്ക് ദുആ ചെയ്യാത്ത നമസ്ക്കാരം അല്ലാഹുവിന് ആവശ്യമില്ല. വാരാന്ത്യ സമ്മേളനമായ ജുമുഅക്ക് ഒരുമിച്ച് കൂടിയാല്‍ നമസ്ക്കാരം രണ്ട് റകഅത്താക്കി ചുരുക്കി അതിന് മുമ്പ് ഖുതുബ നിര്‍വ്വഹിക്കണം. അത് ജുമുഅയുടെ ശര്‍ത്താണ്. ഖുതുബ സ്വഹീഹല്ലങ്കില്‍ ജുമുഅയും സ്വഹീഹല്ല. ആ ഖുതുബയുടെ ഫര്‍ളുകള്‍ അഞ്ച്. അഞ്ചാമത്തേത് സത്യവിശ്വാസികള്‍ക്ക് വേണ്ടി ദുആ ചെയ്യല്‍. ആരാണ് ഈ സത്യവിശ്വാസികള്‍? ലോകത്തുള്ള മിമ്പറായ മിമ്പറുകളിലെല്ലാം ഖതീബുമാര്‍ ദുആ ചെയ്യണം. ജനങ്ങള്‍ ആമീന്‍ പറയുന്നു. അല്ലാഹുവേ ലോകത്തിലെ എല്ലാ മുക്കിലും മൂലയിലും ഞാന്‍ അറിയുന്നവരും അറിയാത്തവരും ഇന്ന് ജീവിച്ചിരിക്കുന്ന വരും ഞാന്‍ ഈ വാക്കുകള്‍ ഉച്ചരിക്കുന്നതിന് തൊട്ടുമുമ്പ് മരിച്ച് പോയവരുമായ ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും
നീ പൊറുത്തുകൊടുക്കണേ നാഥാ; എന്നല്ലെ ഇതിന്‍റെ അര്‍ത്ഥം. അതല്ല ഇതിന് എന്തെങ്കിലും വിഭാഗീയതകളും സംഘടനാപക്ഷപാതിത്വവും ദേശ-ഭാഷ-വര്‍ണ്ണ-വര്‍ഗ്ഗ വിവേചനവും ഉണ്ടോ? ഈ ദുആയിലും ആമീന്‍ പറച്ചിലിലും ആരെങ്കിലും ഞമ്മന്‍റെ പാര്‍ട്ടിക്കാരെയും ആശയക്കാരെയും മാത്രം ഉദ്ദേശിക്കാറുണ്ടോ? ഈ പ്രവിശാലമായ ചിന്തയും ഐക്യവും ജീവിതവുമാണ് ദീനിന്‍റെ അടിസ്ഥാനശിലകള്‍.
ഈ നിലയില്‍ ചിന്തിച്ചും സ്നേഹിച്ചും പരസ്പരം ബഹുമാനിച്ചും ജീവിച്ച് മരിക്കുന്ന സത്യവിശ്വാസിയാണ് നാളെ ഖബറിലും രക്ഷപ്പെടുക. ഖബറിലെ പ്രധാനചോദ്യങ്ങളില്‍ അഞ്ചാമത്തെ ചോദ്യം. നിന്‍റെ സഹോദരങ്ങള്‍ ആരായിരുന്നു? ഇപ്പോള്‍ ആരാണെന്നല്ല കഴിഞ്ഞ ജീവിതത്തില്‍ ഭൂമിക്ക് മുകളില്‍ നീ ആരെയാണ് സഹോദരങ്ങളായി കണക്കാക്കി സ്നേഹിച്ച് ബഹുമാനിച്ച് സേവിച്ച് കഴിഞ്ഞുകൂടിയത്? എന്നാണ് ചോദ്യം. ആര്‍ക്കും കളവ് പറയല്‍ അസാധ്യമായ അന്നേദിവസം ഓരോരുത്തരും തന്‍റെ പാര്‍ട്ടിക്കാരുടെയും ആശയക്കാരുടേയും പേര് പറഞ്ഞ് രക്ഷപ്പെടുമോ, അതോ ലോകത്തുള്ള മുസ്ലിംകളായിരുന്നു എന്‍റെ സഹോദരങ്ങള്‍ എന്ന് പറയേണ്ടി വരുമോ.? നഖം മുറിക്കുന്നതു മുതല്‍ നാട് ഭരിക്കുന്നത് വരെയും അടുക്കള മുതല്‍ അന്താരാഷ്ട്രം വരെയുമുള്ള സകല കാര്യങ്ങളും സവിസ്തരം പഠിപ്പിച്ചു നബി തങ്ങള്‍(സ); ഈമാനും ഇബാദത്തും കൊടുക്കല്‍ വാങ്ങലുകളും കുടുംബജീവിതവും സാമൂഹ്യ ജീവിതവും അക്കമിട്ട് പഠിപ്പിക്കുന്ന സമ്പൂര്‍ണ്ണ ഷരീഅത്തും സുന്നത്തും ഇതെല്ലാം മനുഷ്യജീവിതത്തിലും ലോകത്തും അന്ത്യനാള്‍ വരെ ഉണ്ടായിരിക്കുന്നതിന് ദീനിന്‍റെ പ്രവര്‍ത്തനത്തെ മാത്രം പഠിപ്പിച്ചില്ല എന്ന് കരുതാമോ? അത് ഓരോരുത്തരുടെയും ഇഷ്ടാനുസൃതമായ തോന്നിയപോലെ ചെയ്യാവുന്നതാണ് എന്ന് ചിന്തിക്കുവാന്‍ സാധിക്കുമോ? ഇല്ലായെന്ന് ലോകമെമ്പാടുമുള്ള സാധാരണക്കാര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ കുന്നുകളില്‍ മേടുകളില്‍ ഗഷ്തും തഅ്ലീമും എത്തിയിരിക്കുന്നു. പരിശുദ്ധ കലിമയുടെ പ്ലാറ്റ്ഫോമില്‍ മുസ്ലിം ഉമ്മത്ത് ഒന്നാണ് എന്ന് ഈ പരിശ്രമത്തിലൂടെ ലോകം തിരിച്ചറിഞ്ഞിരിക്കുന്നു. സമ്പത്തും ശരീരവും സമയവും അല്ലാഹുവിന്‍റെ അനുഗ്രഹവും അതേസമയം അമാനത്തുമാണെന്നും അതു മുഴുവന്‍ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ചിലവഴിക്കേണ്ടത് ഓരോ മുസ്ലിമിന്‍റെയും കടമയാണെന്നും ഉമ്മത്ത് തിരിച്ചറിഞ്ഞിരിക്കുന്നു. സമുദായനേതൃത്വത്തിനും ഈ തിരിച്ചറിവ് ഉണ്ടാകുവോളം മുസ്ലിം ഐക്യവും കാലഘട്ടത്തിന്‍റെ ഒരു സ്വപ്നം മാത്രമായി അവശേഷിക്കും. സര്‍വശക്തന്‍ നമ്മെ അനുഗ്രഹിക്കട്ടെ. ആമീന്‍. 
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്. 

🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?* 

1 comment:

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...