Tuesday, June 19, 2018

നന്മ നിറഞ്ഞ ഹജ്ജ്-ഉംറ: മഹത്വങ്ങളും മര്യാദകളും.!



നന്മ നിറഞ്ഞ ഹജ്ജ്-ഉംറ: 
മഹത്വങ്ങളും മര്യാദകളും.!
http://swahabainfo.blogspot.com/2018/06/blog-post_12.html?spref=tw

1. അബൂഹുറയ്റ رضي الله عنه വിവരിക്കുന്നു:
റസൂലുല്ലാഹി   അരുളി:
അല്ലാഹുവിന് വേണ്ടി ഒരുവന്‍ ഹജ്ജ് ചെയ്യുകയും ആ ഹജ്ജില്‍ അനാവശ്യ വര്‍ത്തമാനങ്ങള്‍ പറയുകയോ കുറ്റകരമായ  പ്രവൃത്തികള്‍ ചെയ്യുകയോ ചെയ്തതുമില്ല. എന്നാല്‍ ഉമ്മ അവനെ പ്രസവിച്ച ദിവസം പോലെ അവന്‍ ഹജ്ജ് കഴിഞ്ഞ് പരിശുദ്ധനായി മടങ്ങി വരുന്നതാണ്. (ബുഖാരി-മുസ് ലിം)
പരിശുദ്ധ ഹജ്ജ് - ഉംറ നിര്‍വ്വഹിക്കുന്നവര്‍ക്കും കൊതിക്കുന്നവര്‍ക്കും എത്തിച്ചുകൊടുക്കൂ...
പഠിക്കൂ. പകര്‍ത്തൂ.. പ്രചരിപ്പിക്കൂ...
പരിശുദ്ധ ഹജ്ജ്-ഉംറ:
മഹത്വങ്ങളും മര്യാദകളും.!
01 മുതല്‍ 100 വരെയുള്ള സന്ദേശങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ...

2. അബൂഹുറയ്റ رضي الله عنه  വിവരിക്കുന്നു:
റസൂലുല്ലാഹി   അരുളി:
ഓരോ ഉംറയും തൊട്ട് മുമ്പുള്ള ഉംറകള്‍ക്കിടയിലുള്ള പാപങ്ങള്‍ക്ക് പരിഹാരമാണ്.
(പരിശുദ്ധവും നിഷ്ക്കളങ്കവുമായ) ഹജ്ജിന്‍റ പ്രതിഫലം സ്വര്‍ഗ്ഗം തന്നെയാണ്. (ബുഖാരി, മുസ് ലിം)

3. അബൂഹുറയ്റ رضي الله عنه  വിവരിക്കുന്നു:
റസൂലുല്ലാഹി   അരുളി:
ഹജ്ജും ഉംറയും ചെയ്യുന്നവര്‍ അല്ലാഹുവിന്‍റെ അതിഥികളാണ്. അവര്‍ അല്ലാഹുവിനോട് ദുആ ചെയ്താല്‍ അല്ലാഹു സ്വീകരിക്കുന്നതും പാപമോചനം തേടിയാല്‍ പൊറുത്ത് കൊടുക്കുന്നതുമാണ്. (ഇബ്നുമാജ:)

4. ആഇശ رضي الله عنه  വിവരിക്കുന്നു:
റസൂലുല്ലാഹി   അരുളി:
അല്ലാഹു അടിമകളെ നരകത്തില്‍ നിന്നും മോചിപ്പിക്കുന്നതായിട്ട്, അറഫാ ദിവസത്തെക്കാള്‍ കൂടുതലായി ഒരു ദിവസവുമില്ല. (മുസ് ലിം)

5. റസൂലുല്ലാഹി   അരുളി:
നന്മയുടയതായ ഹജ്ജിന്‍റെ പ്രതിഫലം സ്വര്‍ഗ്ഗമല്ലാതെ മറ്റൊന്നുമല്ല. അപ്പോള്‍ സ്വഹാബാക്കള്‍ ചോദിച്ചു: നന്മയുടയ ഹജ്ജ് എന്നാല്‍ എന്താണ്.?
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
ഭക്ഷണം കൊടുക്കലും അധികമായി സലാം പറയലുമാണ്. (കന്‍സ്)

6. സഹ്ല്‍ ബിന്‍ സഅ്ദ് رضي الله عنه  വിവരിക്കുന്നു:
റസൂലുല്ലാഹി   അരുളി:
ഹാജി ലബ്ബൈക പറയുമ്പോള്‍ അവന്‍റെ വലത്തും ഇടത്തുമുള്ള കല്ല്, മരം, മണ്‍കട്ട മുതലായവയും അവനോടൊപ്പം ലബ്ബൈക പറഞ്ഞുകൊണ്ടിരിക്കുന്നതാണ്. ഇതേ രീതിയില്‍ എല്ലാ ഭാഗത്തുനിന്നും ഭൂമിയുടെ അങ്ങേയറ്റം വരെ ഉണ്ടായിക്കൊണ്ടിരിക്കുന്നതാണ്. (തിര്‍മിദി, ഇബ്നുമാജ:)

7. ഇബ്നു ഉമര്‍ رضي الله عنه  വിവരിക്കുന്നു:
റസൂലുല്ലാഹി   അരുളി:
നീ ഒരു ഹാജിയെ കണ്ടുമുട്ടിയാല്‍ അദ്ദേഹത്തിന് സലാം പറയുകയും മുസാഫഹ ചെയ്യുകയും അദ്ദേഹം വീട്ടില്‍ പ്രവേശിക്കുന്നതിന് മുമ്പായി നിനക്കുവേണ്ടി പൊറുക്കലിനെ തേടുന്നതിനായി ആവശ്യപ്പെടുകയും ചെയ്യുക. കാരണം, അദ്ദേഹം തന്‍റെ പാപങ്ങളില്‍ നിന്നെല്ലാം പരിശുദ്ധനായി വന്നിരിക്കുകയാണ്. (അഹ്മദ്)

8. ബുറയ്ദ: رضي الله عنه  വിവരിക്കുന്നു:
റസൂലുല്ലാഹി   അരുളി:
ഹജ്ജില്‍ ചെലവഴിക്കല്‍ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ചെലവഴിക്കുന്നതുപോലെ ഒരു രൂപക്ക് പകരമായി എഴുന്നൂറ് രൂപയാണ്. (അഹ്മദ്, ത്വബ്റാനി, ബൈഹഖി)

9. ഇബ്നു അബ്ബാസ്  رضي الله عنه  വിവരിക്കുന്നു:
റസൂലുല്ലാഹി   അരുളി:
ആരെങ്കിലും ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അതവന്‍ വേഗത്തില്‍ ചെയ്തുകൊള്ളട്ടെ.!
(അബൂദാവൂദ്, തിര്‍മിദി)
10. അബൂഹുറയ്റ رضي الله عنه  വിവരിക്കുന്നു:
റസൂലുല്ലാഹി   അരുളി:
ആരെങ്കിലും ഹജ്ജിന് പുറപ്പെടുകയും യാത്രയില്‍ മരണപ്പെടുകയും ചെയ്താല്‍ അദ്ദേഹത്തിനുവേണ്ടി അന്ത്യനാള്‍ വരെയും ഹജ്ജിന്‍റെ പ്രതിഫലം എഴുതപ്പെടുന്നതാണ്.
ഇപ്രകാരം ആരെങ്കിലും ഉംറ നിര്‍വ്വഹിക്കാന്‍ പുറപ്പെടുകയും യാത്രക്കിടയില്‍ മരണപ്പെടുകയും ചെയ്താല്‍ ഖിയാമത്ത് നാള്‍ വരെയും അവന് ഉംറയുടെ പ്രതിഫലം ലഭിച്ചുകൊണ്ടിരിക്കുന്നതാണ്. (തര്‍ഗീബ്)

11. ഇബ്നു അബ്ബാസ് رضي الله عنه  വിവരിക്കുന്നു:
ഒരു സ്വഹാബി സ്ത്രീ റസൂലുല്ലാഹി   യോട് ചോദിച്ചു: അല്ലാഹുവിന്‍റെ റസൂലേ, അല്ലാഹു ഹജ്ജ് നിര്‍ബന്ധമാക്കിയപ്പോള്‍ എന്‍റെ പിതാവ് വലിയ വയസ്സനായ അവസ്ഥയിലായിരുന്നു. വാഹനത്തില്‍ യാത്ര ചെയ്യാന്‍ അദ്ദേഹത്തിന് സാധിക്കുമായിരുന്നില്ല. ഞാന്‍ അദ്ദേഹത്തിനുവേണ്ടി പകരം ഹജ്ജ് നിര്‍വ്വഹിക്കണമോ.? റസൂലുല്ലാഹി   അരുളി: ഹാ, നിങ്ങള്‍ അദ്ദേഹത്തിനുവേണ്ടി ഹജ്ജ് നിര്‍വ്വഹിക്കുക.!
ഇത് ഹജ്ജത്തുല്‍ വദാഇല്‍ വെച്ചായിരുന്നു. (ബുഖാരി)

12. ജാബിര്‍ رضي الله عنه  വിവരിക്കുന്നു:
റസൂലുല്ലാഹി   അരുളി: 
(പകരം ചെയ്യുന്ന) ഹജ്ജ് കാരണമായി മൂന്ന് ആളുകളെ അല്ലാഹു സ്വര്‍ഗ്ഗത്തില്‍  പ്രവേശിപ്പിക്കുന്നതാണ്.
1. മരണപ്പെട്ട ആള്‍ (ആര്‍ക്ക് വേണ്ടിയാണോ ബദല്‍ ഹജ്ജ് ചെയ്യപ്പെടുന്നത്, അയാള്‍)
2. ഹജ്ജ് നിര്‍വ്വഹിക്കുന്ന വ്യക്തി.
3. ഹജ്ജ് ചെയ്യിപ്പിക്കുന്ന വ്യക്തി. (ബദല്‍ ഹജ്ജിന് പണം ചിലവഴിക്കുന്ന വ്യക്തി.) (കന്‍സ്)

13. അബൂ ഉമാമ (റ) വിവരിക്കുന്നു:
റസൂലുല്ലാഹി   അരുളി: 
എന്തെങ്കിലും വ്യക്തമായ ആവശ്യം ഹജ്ജ് നിര്‍വ്വഹിക്കുന്നതില്‍ നിന്നും ഒരു മനുഷ്യനെ തടഞ്ഞില്ല, അല്ലെങ്കില്‍ അക്രമിയായ രാജാവില്‍ നിന്നും തടസ്സമുണ്ടായില്ല, അല്ലെങ്കില്‍ ഹജ്ജില്‍ നിന്നും തടയുന്ന കഠിനമായ രോഗം ഉണ്ടായില്ല, എന്നിട്ടും അവന്‍ ഹജ്ജ് നിര്‍വ്വഹിക്കാതെ മരണപ്പെടുകയാണെങ്കില്‍ അവനുദ്ദേശിക്കുന്നതുപോലെ യഹൂദിയായിട്ടോ നസ്രാനിയായിട്ടോ മരിച്ചുകൊള്ളട്ടെ.! (മിഷ്കാത്ത്)

14. ഇബ്നു അബ്ബാസ്  (റ) വിവരിക്കുന്നു:
റസൂലുല്ലാഹി   അരുളി: 
ഒരു മനുഷ്യന്‍ ഹജ്ജ് നിര്‍വ്വഹിക്കുന്നതിനായി കാല്‍നടയായി പോവുകയും വരികയും ചെയ്താല്‍ അവന്‍റെ ഓരോ ചവുട്ടടികളുടെ പേരിലും ഹറമിലെ നന്മകളില്‍ നിന്നുള്ള എഴുന്നൂറ് നന്മകള്‍ എഴുതപ്പെടുന്നതാണ്.
ഹറമിലെ നന്മകള്‍ എന്നതിന്‍റെ ഉദ്ദേശമെന്താണ് എന്നൊരാള്‍ ചോദിച്ചു:
തിരുദൂതര്‍ അരുളി: ഓരോ നന്മയും ഒരു ലക്ഷം നന്മയ്ക്ക് തുല്ല്യമാണ്. (ഹാകിം)

15. ആഇശ (റ) വിവരിക്കുന്നു:
റസൂലുല്ലാഹി   അരുളി: 
മലക്കുകള്‍ വാഹനത്തില്‍ വരുന്ന ഹാജിമാരെ മുസാഫഹ ചെയ്യുന്നതും കാല്‍ നടയായി വരുന്ന ഹാജിമാരെ ആലിംഗനം ചെയ്യുന്നതുമാണ്. (ബൈഹഖി)
16. ഇബ്നു ഉമര്‍ (റ) വിവരിക്കുന്നു: റസൂലുല്ലാഹി   അരുളി:
ഒരു സ്വഹാബി റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യോട് ചോദിച്ചു; ഹാജി ഏതവസ്ഥയിലായിരിക്കണം.?
തിരുദൂതര്‍ അരുളി: മുടി പാറിപ്പറന്നവനും അഴുക്ക് പിടിച്ചവനുമായിരിക്കണം. മറ്റൊരു സ്വഹാബി ചോദിച്ചു: അല്ലാഹുവിന്‍റെ റസൂലെ, ഏത് ഹജ്ജാണ് ഏറ്റവും ശ്രേഷ്ഠമായത്.?
തിരുദൂതര്‍ അരുളി: (ലബ്ബൈക) കൂടുതലായി ഉച്ചത്തില്‍ പറയപ്പെടുന്നതും (ഖുര്‍ബാനി അറുത്ത്) നല്ലതുപോലെ രക്തം ഒലിപ്പിക്കുന്നതുമായ ഹജ്ജാണ്. (മിഷ്കാത്ത്)
17. ഇബ്നു അബ്ബാസ് (റ) വിവരിക്കുന്നു: റസൂലുല്ലാഹി  അരുളി:
അല്ലാഹു തആലായുടെ നൂറ്റി ഇരുപത് റഹ്മത്തുകള്‍ ദിനവും രാപകല്‍ ഈ വീട്ടിന്‍ മേല്‍ (കഅ്ബ ശരീഫ) ഇറങ്ങിക്കൊണ്ടിരിക്കുന്നതാണ്. അതില്‍ നിന്നുള്ള അറുപത് റഹ്മത്തുകള്‍ ത്വവാഫ് ചെയ്തുകൊണ്ടിരിക്കുന്നവര്‍ക്കും, നാല്‍പത് റഹ്മത്തുകള്‍ അവിടെ നമസ്കരിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും, ഇരുപത് റഹ്മത്തുകള്‍ കഅ്ബ ശരീഫയെ നോക്കിക്കൊണ്ടിരിക്കുന്നവര്‍ക്കും ലഭിക്കുന്നതാണ്.
18. അബൂ ഹുറയ്റ (റ) വിവരിക്കുന്നു: റസൂലുല്ലാഹി അരുളി:
ഹലാലായ സമ്പാദ്യം കൊണ്ട് ഹജ്ജ് നിര്‍വ്വഹിക്കാന്‍ ഒരു ഹാജി പുറപ്പെടുകയും, വാഹനത്തില്‍ കയറിയിട്ട് ലബ്ബൈക പറയുകയും ചെയ്താല്‍, ആകാശത്ത് നിന്നും ഒരു മലക്ക് ഇപ്രകാരം പറയും: നിന്‍റെ ലബ്ബൈക സ്വീകരിക്കപ്പെട്ടതാണ്. നിന്‍റെ യാത്രാചിലവ് ഹലാലായതാണ്. നിന്‍റെ വാഹനവും   ഹലാലായതാണ്. നിന്‍റെ ഹജ്ജ് നന്മയുടയതാണ്. നിനക്ക് യാതൊരു ദോഷവും ഉണ്ടാകുന്നതല്ല.
ഹറാമായ സമ്പാദ്യം കൊണ്ട് ഹജ്ജ് നിര്‍വ്വഹിക്കാന്‍ പുറപ്പെടുകയും വാഹനത്തില്‍ കയറി ലബ്ബൈക പറയുകയും ചെയ്താല്‍ ഒരു മലക്ക് ആകാശത്ത് നിന്നും ഇപ്രകാരം പറയും: നിന്‍റെ ലബ്ബൈക സ്വീകരിക്കപ്പെട്ടതല്ല, നിന്‍റെ യാത്രാ സാധനവും   ഹറാമാണ്. നിന്‍റെ ചെലവും ഹറാമാണ്. നിന്‍റെ ഹജ്ജ് കുറ്റകരമായതും സ്വീകരിക്കപ്പെടാത്തതുമാണ്. (ത്വബ്റാനി)
19. ഇബ്നു അബ്ബാസ്  (റ)  വിവരിക്കുന്നു:
ഒരു ചെറുപ്പക്കാരന്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യോടൊപ്പം അറഫാ ദിവസം വാഹനത്തില്‍ യാത്ര ചെയ്യുകയായിരുന്നു. അദ്ദേഹത്തിന്‍റെ നോട്ടം സ്ത്രീകളില്‍ പതിയുകയും അവരെ സൂക്ഷിച്ചുനോക്കുകയും ചെയ്തുകൊണ്ടിരുന്നു. അപ്പോള്‍ തിരുദൂതര്‍ അരുളി:
എന്‍റെ സഹോദര പുത്രാ, ഇന്നത്തെ ഈ ദിവസം തന്‍റെ കാതിനെയും കണ്ണിനെയും നാവിനെയും സൂക്ഷിക്കുന്നവന് മാപ്പ് ചെയ്യപ്പെടുന്നതാണ്. (അഹ് മദ്)
20. അല്ലാഹു പറയുന്നു :
ഹജ്ജ് (ന്‍റെ കാലം) പ്രസിദ്ധമായി അറിയപ്പെട്ട ചില മാസങ്ങളാണ്. (ശവ്വാല്‍ ഒന്നുമുതല്‍ ദുല്‍ഹജ്ജ് പത്തുവരെയാണ്.) അപ്പോള്‍ ആ മാസങ്ങളില്‍ ആരെങ്കിലും തന്‍റെമേല്‍ ഹജ്ജ് നിര്‍ബന്ധമായി നിശ്ചയിക്കുകയാണെങ്കില്‍ (ഹജ്ജിന് ഇഹ്റാം കെട്ടുകയാണെങ്കില്‍) പിന്നെ അവന്‍ യാതൊരു മോശമായ വര്‍ത്തമാനവും പറയാന്‍ പാടില്ല. യാതൊരു തെറ്റായ പ്രവൃത്തിയും ചെയ്യാന്‍ പാടില്ല. യാതൊരു നിലയിലുള്ള തര്‍ക്കങ്ങളോ വഴക്കുകളോ കൂടാന്‍ പാടില്ല. നിങ്ങള്‍ എന്ത് നന്മ പ്രവര്‍ത്തിച്ചാലും അല്ലാഹു അതറിയുന്നതാണ്. (ഖുര്‍ആന്‍)
21. ത്വല്‍ഹ (റ) വിവരിക്കുന്നു: റസൂലുല്ലാഹി അരുളി:
 ബദ്ര്‍ യുദ്ധദിവസം ഒഴിച്ചാല്‍ അറഫാ ദിവസമല്ലാതെ മറ്റൊരു ദിവസവും പിശാചിനെ വളരേയേറെ നിസാരനും ആട്ടിയോടിക്കപ്പെട്ടവ നും നിന്ദ്യനും കോപാകുലനുമായി കാണപ്പെട്ടിട്ടില്ല.
 ഇതിന് കാരണം, അറഫാ ദിവസത്തില്‍ അല്ലാഹുവിന്‍റെ റഹ്മത്ത് അധികമായി ഇറങ്ങുകയും അവന്‍ ദാസന്‍മാരുടെ വന്‍പാപങ്ങളെല്ലാം പൊറുത്തു കൊടുക്കുകയും ചെയ്യുന്നതായി കാണുന്നു എന്നതാണ്. (മുവത്വ)
22. അനസുബ്നു മാലിക് (റ) വിവരിക്കുന്നു: റസൂലുല്ലാഹി അരുളി:
   ഒരു മനുഷ്യന്‍ അവന്‍റെ വീട്ടില്‍ നമസ്കരിക്കുകയാണെങ്കില്‍ ഒരു നമസ്കാരത്തിന്‍റെ പ്രതിഫലം അവന് ലഭിക്കുന്നതാണ്.
 അവന്‍റെ മഹല്ലിലുള്ള പള്ളിയില്‍ നമസ്കരിക്കുകയാണെങ്കില്‍ ഇരുപത്തിഅഞ്ച് ഇരട്ടി പ്രതിഫലം അവന് ലഭിക്കുന്നതാണ്.
  ജുമുഅ മസ്ജിദില്‍ നമസ്കരിക്കുകയാണെങ്കില്‍ അഞ്ഞൂറ് ഇരട്ടി പ്രതിഫലം ലഭിക്കുന്നതാണ്.
 ഇനി ബൈതുല്‍ മുഖദ്ദസില്‍ നമസ്കരിക്കുകയാണെങ്കില്‍ അന്‍പതിനായിരം നമസ്കാരത്തിന്‍റെ പ്രതിഫലം ലഭിക്കുന്ന താണ്.
 എന്‍റെ ഈ മസ്ജിദില്‍ അതായത് മദീനാമുനവ്വറയിലുള്ള മസ്ജിദുന്നബവിയില്‍ നമസ്കരിക്കുകയാണെങ്കില്‍ അന്‍പതി നായിരം നമസ്കാരത്തിന്‍റെ പ്രതിഫലം ലഭിക്കുന്നതാണ്.
 മക്കാ മുകര്‍റമയിലുള്ള മസ്ജിദുല്‍ ഹറാമില്‍ നമസ്കരി ക്കുകയാണെങ്കില്‍ ഒരു ലക്ഷം നമസ്കാരത്തിന്‍റെ പ്രതിഫലം ലഭിക്കുന്നതാണ്. (ഇബ്നുമാജ)
23. ഇബ്നു അബ്ബാസ് (റ) വിവരിക്കുന്നു: റസൂലുല്ലാഹി അരുളി:
മുല്‍തസം, ദുആ സ്വീകരിക്കപ്പെടുന്ന സ്ഥലമാണ്. ഒരു ദാസനും അവിടെ വെച്ച് ദുആ ചെയ്തിട്ട് അല്ലാഹു അത് സ്വീകരിക്കാതിരുന്നിട്ടില്ല.
24. ഹസന്‍ ബസരി (റഹ്) എഴുതുന്നു:
മക്കയില്‍ പതിനഞ്ചു സ്ഥലത്ത് ദുആ സ്വീകരിക്കപ്പെടുന്നതാണ്.
1. ത്വവാഫ് ചെയ്യുന്ന സ്ഥലം.
2. മുല്‍തസം.
3. മീസാബുര്‍ റഹ്മയുടെ സമീപം.
4. കഅ്ബാ ഷരീഫിന്‍റെ ഉള്ളില്‍.
5. സംസം കിണറിന്‍റെ അടുക്കല്‍.
6. സ്വഫാ.
7. മര്‍വ.
8. അതിനിടയില്‍ നടക്കുന്ന സമയം.
9. മഖാമു ഇബ്റാഹീമിന്‍റെ സമീപം.
10. അറഫാ മൈതാനിയില്‍.
11. മുസ്ദലിഫയില്‍.
12. മിനായില്‍
13, 14, 15 മൂന്നു ജംറകളിലും എറിയുന്ന സമയം.
(ഹിസ്വ്നുല്‍ഹസീന്‍)

25. അബൂ മൂസാ (റ) വിവരിക്കുന്നു: റസൂലുല്ലാഹി അരുളി:
കുടുംബത്തില്‍ നിന്നും 400 വീട്ടുകാരുടെ വിഷയത്തില്‍ ഹാജിയുടെ ശുപാര്‍ശ സ്വീകരിക്കപ്പെടുന്നതാണ്.
കൂടാതെ ഹാജി അവന്‍റെ പാപങ്ങളില്‍ നിന്നെല്ലാം അവന്‍റെ മാതാവ് അവനെ പ്രസവിച്ച ദിവസത്തിലെന്ന  പോലെ പരിശുദ്ധനാകുന്നതുമാണ്.! (തര്‍ഗീബ്)
26. ജാബിര്‍ (റ) വിവരിക്കുന്നു: റസൂലുല്ലാഹി അരുളി:
ഹാജി ഒരിക്കലും ദരിദ്രനായിപ്പോവുകയേ ഇല്ല. (ത്വബ്റാനി)
27. ഇബ്നുഅബ്ബാസ് (റ) വിവരിക്കുന്നു: റസൂലുല്ലാഹി അരുളി:
അല്ലാഹുവില്‍ സത്യം! അല്ലാഹു തആലാ ഹജറുല്‍ അസ് വദിനെ ഖിയാമത്ത് നാളില്‍ യാത്രയാക്കുന്നതാണ്. അപ്പോള്‍ അതിന് ശരിക്കും കാണുന്ന രണ്ട് കണ്ണുകളും നന്നായി സംസാരിക്കുന്ന നാവും ഉണ്ടായിരിക്കും.
അതിനെ സത്യവിശ്വാസത്തോടു കൂടി ഇസ്തിലാം ചെയ്തവര്‍ക്കു വേണ്ടി അത് സാക്ഷി  പറയുന്നതാണ്.
28. അല്ലാഹു പറയുന്നു :
(ഹജ്ജിന് ഉദ്ദേശിച്ചുകഴിഞ്ഞാല്‍) ചെലവിനുള്ളത് കൂട്ടത്തില്‍ കൊണ്ടുപോകുക. യാത്രാ ചെലവിനുള്ളതില്‍
ഏറ്റവും ശ്രേഷ്ഠമായത് (യാചനയില്‍ നിന്നും) സൂക്ഷ്മത പാലിക്കുകയാണ്. (സൂറത്തുല്‍ ബഖറ)
29. ഫര്‍ളോ നഫ് ലോ ആയ ഹജ്ജിനുള്ള സൗകര്യങ്ങള്‍ ഉണ്ടായാല്‍ അത് പ്രയോജനപ്പെടുത്താന്‍ ധൃതി കാണിക്കേണ്ടതാണ്. വിശിഷ്യാ, ഫര്‍ളായ ഹജ്ജാണെങ്കില്‍ ചെറിയ കാരണങ്ങളുടെ പേരില്‍ ഒരിക്കലും പിന്തിക്കരുത്. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ പിശാച്, ധാരാളം പാഴ്ചിന്തകളും അസ്ഥാനത്തുള്ള അത്യാവശ്യങ്ങളും ദുഷ്ചിന്തക ളും തോന്നിപ്പിക്കുകയും ഹജ്ജില്‍ നിന്നും തടയുകയും ചെയ്യുന്നതാണ്.
   ആയതിനാല്‍, അല്ലാഹു ആര്‍ക്കെങ്കിലും ഒരു നന്മയ്ക്കുള്ള തൗഫീഖ് നല്‍കിയാല്‍ പ്രസ്തുത നന്മ പ്രവര്‍ത്തിക്കാന്‍ ധൃതി കാണിക്കേണ്ടതാണ്.
30. അംറുബ്നുല്‍ ആസ് (റ) നോട് റസൂലുല്ലാഹി അരുളി:
ഇസ്ലാം മതാവലംബം അതിന് മുമ്പുള്ള പാപങ്ങളെയും, ഹിജ്റ (മതത്തെ അടിസ്ഥാനമാക്കിയുള്ള സ്വദേശ പരിത്യാഗം) അതിന് മുമ്പുള്ള പാപങ്ങളെയും, ഹജ്ജ് അതിന് മുമ്പുള്ള പാപങ്ങളെയും നശിപ്പിക്കുന്നതാണെന്ന വസ്തുത നീ മനസ്സിലാക്കിയില്ലയോ.? (മുസ്ലിം)
31. അബൂ ഉമാമ (റ)  വിവരിക്കുന്നു: റസൂലുല്ലാഹി അരുളി:
 ഒരുവന്‍റെ നോട്ടം അന്യസ്ത്രീയിലേക്ക് പതിയുകയും പെട്ടെന്നുതന്നെ ആ നോട്ടം അവന്‍ തിരിച്ചു കളയുകയും ചെയ്താല്‍, അവന് വലിയ രസവും ആനന്ദാനുഭൂതി യും അനുഭവപ്പെടുന്ന ഇബാദത്ത് ചെയ്യാനുള്ള തൗഫീഖ് ലഭിക്കുന്നതാണ്. (അഹ്മദ്)
32. കഅ്ബാശരീഫയെ കാണുമ്പോള്‍ ഇപ്രകാരം ദുആ ചെയ്യുക :
.............................................................
  അല്ലാഹുവേ, നിന്‍റെ ഈ ഭവനത്തിന് അനുഗ്രഹവും ആദരവും ഉന്നതിയും നന്മയും പ്രോഢിയും ഏറ്റിയേറ്റി നല്‍കേണമേ! ഹജ്ജും ഉംറയും ചെയ്യുന്നവരുടെ കൂട്ടത്തില്‍ ഈ ഭവനത്തെ ആദരിക്കുക യും ബഹുമാനിക്കുകയും ചെയ്യുന്നവര്‍ക്ക് മഹത്വവും ഉന്നതിയും നന്മയും പ്രൗഢിയും അധികമായി നല്‍കേണമേ.!
33. ഹജറുല്‍ അസ്വദിനെ ചുംബിക്കുമ്പോള്‍ ഇപ്രകാരം ദുആ ചെയ്യുക :
................................................
  അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അല്ലാഹു അല്ലാതെ ഒരു ആരാധ്യനുമില്ല. അല്ലാഹു ഏറ്റവും വലിയവനാകുന്നു. അല്ലാഹുവേ, നിന്‍റെ കിത്താബില്‍ വിശ്വസിച്ച് അംഗീകരിച്ചുകൊണ്ടും നിന്‍റെ ദൂതന്‍റെ ചര്യയെ പിന്‍പറ്റിക്കൊണ്ടും ഞാന്‍ ഈ കര്‍മ്മം നിര്‍വ്വഹിക്കുന്നു.
34. യാത്ര തുടങ്ങുന്ന സന്ദര്‍ഭത്തില്‍ ഇപ്രകാരം ദുആ ചെയ്യുക :
..............................
അല്ലാഹുവേ, ഞങ്ങളുടെ ഈ യാത്രയില്‍ പുണ്യവും ഭക്തിയും നീ തൃപ്തിപ്പെടുന്ന കര്‍മ്മങ്ങളും ഞങ്ങള്‍ നിന്നോട് ചോദിക്കുന്നു. അല്ലാഹുവേ, ഈ യാത്ര നീ എളുപ്പമാക്കിത്തരുകയും അതിന്‍റെ ദൂരം നീ ചുരുക്കിത്തരുകയും ചെയ്യേണമേ. അല്ലാഹുവേ, യാത്രയില്‍ നീയാണ് കൂട്ടുകാരന്‍.! ഞങ്ങളുടെ കുടുംബത്തിലെ പ്രതിനിധിയും നീ തന്നെ.! അല്ലാഹുവേ, യാത്രയിലെ പ്രയാസങ്ങളില്‍ നിന്നും, ദു:ഖകരമാ യ കാഴ്ചയില്‍ നിന്നും, സമ്പത്തിലും കുടുംബത്തിലും മോശമായ മടക്കത്തില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷ തേടുന്നു. (മുസ്ലിം)
35. റുക്നുല്‍യമാനിയുടെ അടുക്കല്‍ ഇപ്രകാരം ദുആ ചെയ്യുക :
..........................
അല്ലാഹുവേ, ഞാന്‍ നിന്നോട് പാപമോചനവും ദുന്‍യാവിലെയും ആഖിറത്തിലെയും സുഖവും ചോദിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, നീ ഞങ്ങള്‍ക്ക് ദുന്‍യാവിലും ആഖിറത്തിലും നന്മ നല്‍കുകയും, നരകശിക്ഷയില്‍ നിന്നും രക്ഷിക്കുകയും ചെയ്യേണമേ.! (റുക്നുല്‍യമാനി (ത്വവാഫ് ചെയ്യുമ്പോള്‍ ഹജറുല്‍ അസ്വദിനുമുമ്പുള്ള ആദ്യമൂല) വഴി കടന്നുപോകുമ്പോള്‍ രണ്ട് കൈകൊണ്ടോ അല്ലെങ്കില്‍ ഒരു കൈ കൊണ്ടോ അതിനെ സ്പര്‍ശിക്കാന്‍ സാധിക്കുമെങ്കില്‍ അപ്രകാരം ചെയ്യുക. സാധിച്ചില്ലായെങ്കില്‍ ഹജറുല്‍ അസ്വദില്‍ കാണിച്ചതുപോലെ ഇവിടെ ആംഗ്യം കാണിക്കേണ്ടതില്ല. മറിച്ച് വന്ന നിലയില്‍ത്തന്നെ മൂന്നോട്ട് നീങ്ങണം.
ഒരു ഹദീസില്‍ വന്നിരിക്കുന്നു: റുക്നുല്‍ യമാനിയില്‍ 70 മലക്കുകള്‍ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. അതുവഴി കടന്നുപോകുമ്പോള്‍ ആരെങ്കിലും ഈ ദുആ പറഞ്ഞാല്‍ മലക്കുകള്‍ അതിന് ആമീന്‍ പറയുന്നതാണ്.)
36. ത്വവാഫ് നിര്‍വ്വഹിക്കുമ്പോള്‍ അധികമായി ഇപ്രകാരം പറയുക :
...................................
അല്ലാഹു പരിശുദ്ധനാകുന്നു. സര്‍വ്വസ്തുതിയും അല്ലാഹുവിനാകുന്നു. അവനല്ലാതൊരു ആരാധ്യനുമില്ല. അല്ലാഹു ഏറ്റവും മഹോന്നതനാകുന്നു. ഉയര്‍ന്നവനും ഉന്നതനുമായ അല്ലാഹുവിനെക്കൊണ്ടല്ലാതെ (നന്മ ചെയ്യുന്നതിനുള്ള) ശക്തിയോ (തിന്മയില്‍ നിന്നും ഒഴിവാകുന്നതിനുള്ള ) കഴിവോ ഇല്ല.
ഈ ദിക്റും അധികമായി പറയുക :
..........................
അല്ലാഹുവിനെക്കൂടാതെ ഒരാരാധ്യനുമില്ല. അവന്‍ ഏകനാകുന്നു. അവന് തുല്യനായി ആരുമില്ല. മുഴുവന്‍ അധികാരങ്ങളും അവനാണ്. സ്തുതികീര്‍ത്തനങ്ങളഖിലത്തിനും അര്‍ഹനും എല്ലാ കാര്യത്തിനും കഴിവുള്ളവനും അവന്‍ മാത്രമാണ്.
നന്മ നിറഞ്ഞ ഹജ്ജ് : 
ഒരു ലഘു വിവരണം.!
ദുല്‍ഹജ്ജ് 8 : ഇന്നാണ് ഹജ്ജിന്‍റെ സുദിനങ്ങള്‍ ആരംഭിക്കുന്നത്. ദുല്‍ഹജ്ജ് ഏഴിന് അഞ്ച് ദിവസത്തേക്കുള്ള അത്യാവശ്യ സാധനങ്ങള്‍ തയ്യാറാക്കുക. കുളിച്ച് വൃത്തിയായി നമസ്കരിച്ച് ഹജ്ജിന് ഇഹ്റാം നിര്‍വ്വഹിക്കുക. തുടര്‍ന്ന് തല്‍ബിയ്യത്ത് ചൊല്ലിക്കൊണ്ട് മിനായിലേക്ക് തിരിക്കുക. മിനായില്‍ പ്രത്യേകിച്ച് ജോലിയൊന്നുമില്ല. നമസ്കാരങ്ങള്‍ നിര്‍വ്വഹിച്ച് ദിക്ര്‍-ദുആകളിലും വിശ്രമങ്ങളിലും ചിലവഴിക്കുക.
ദുല്‍ഹജ്ജ് 9 : ഇന്നാണ് ഹജ്ജിന്‍റെ പ്രധാന ഫര്‍ളായ അറഫാത്ത്. വളരെ പ്രധാനപ്പെട്ടതും അനുഗ്രഹപൂര്‍ണ്ണവുമായ ദിവസമാണിത്. സൂര്യന്‍ ഉദിച്ചശേഷം അറഫയിലേക്ക്. ഇന്ന് മദ്ധ്യാഹ്നം മുതല്‍ അസ്തമയം വരെ കഴിവിന്‍റെ പരമാവധി ശുദ്ധിയോടെ ദിക്ര്‍-ദുആകളില്‍ മുഴുകുക. അല്ലാഹുവിന്‍റെ മുമ്പാകെ കരയുകയും യാചിക്കുകയും ചെയ്യേണ്ട സമയമാണിത്. കഴിയുന്നത്ര നിന്നുകൊണ്ട് ദിക്ര്‍-ദുആകള്‍ ചെയ്യുക.
لآاِلاَهَ اِلاَّاللَّهُ وَحْدَهُ لاَشَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٌ 
ഈ ദിക്റും ഇതര ദിക്റുകളും, ഇസ്തിഗ്ഫാറും, സ്വലാത്തുകളും, ദുആകളും വളരെ കൂടുതലായി ചെയ്യുക. എല്ലാവര്‍ക്കും വേണ്ടി ദുആ ഇരക്കുക. നരകത്തില്‍ നിന്നുമുള്ള രക്ഷയ്ക്കും ഇലാഹീ പ്രീതിക്കും യാചിക്കുക. ഇഹ-പര വിഷയങ്ങള്‍ക്കും ദുആ ഇരക്കുക.
സൂര്യാസ്തമയത്തിനുശേഷം മുസ്ദലിഫയിലേക്ക് മടങ്ങുക. നടത്തമാണ് ഏറ്റവും നല്ലത്. മുസ്ദലിഫയിലെത്തിയാല്‍ ഉടന്‍ മഗ് രിബും ഇശായും ജംഅ് ആക്കി നമസ്കരിക്കുക. ക്ഷീണമുണ്ടെങ്കില്‍ അല്പം വിശ്രമിച്ചശേഷം  ദിക്ര്‍- ദുആകളില്‍ മുഴുകുക. ഐശ്വര്യം നിറഞ്ഞ രാവാണിത്. റസൂലുല്ലാഹി  യുടെ ദുആ ഖബൂലായ സ്ഥലമാണിത്. ആകയാല്‍ ക്ഷീണമുണ്ടെങ്കില്‍ അല്പം വിശ്രമിച്ചശേഷം ദിക്ര്‍-ഇബാദത്തുകളിലേക്ക് തിരിയുക. സുബ്ഹ് നമസ്കാരം ആദ്യ സമയത്ത് തന്നെ നിര്‍വ്വഹിച്ച് വീണ്ടും ദിക്ര്‍-ദുആകളില്‍ ലയിക്കുക. നേരം നന്നായി വെളുത്താല്‍ ഏഴ് അല്ലെങ്കില്‍ 70 കല്ലുകള്‍ പെറുക്കിയെടുത്ത് മിനായിലേക്ക് യാത്രയാവുക.
ദുല്‍ഹജ്ജ് 10 : ഇന്ന് പല കാര്യങ്ങളും ചെയ്യേണ്ടതുണ്ട്. ആദ്യമായി മിനായിലെ ജംറയിലെത്തി അവസാനത്തെ ജംറയില്‍ (ജംറത്തുല്‍ അഖബ) ഏഴ് കല്ലുകള്‍ എറിയണം. ഓരോ കല്ലും എടുത്ത് بِسْمِ اللَّهِ اللَّهُ أَكْبَرُ
എന്നുപറഞ്ഞുകൊണ്ട് എറിയുക. കല്ല് എറിയുന്നതോടെ തല്‍ബിയത്ത് അവസാനിക്കുന്നതാണ്. ഇനി, അതിന് പകരം മറ്റ് ദിക്റുകള്‍ കൊണ്ട് നാവിനെ നനച്ചുകൊണ്ടിരിക്കുക. ഏറിനുശേഷം, അറവ് നിര്‍വ്വഹിക്കുക. തമത്തുഅ്, ഖിറാന്‍ രീതികളില്‍ ഹജ്ജ് ചെയ്യുന്നവര്‍ക്ക് അറവ് നിര്‍ബന്ധമാണ്. ഇഫ്റാദ് ആയി ഹജ്ജ് ചെയ്യുന്നവര്‍ക്ക് നിര്‍ബന്ധമില്ല. തുടര്‍ന്ന് മുടി എടുക്കുക. ഇതോടെ ഇഹ്റാമില്‍നിന്നും ഭാഗികമായി ഒഴിവാകുന്നതാണ്. അതായത്, ഭാര്യയുമായുള്ള സംസര്‍ഗ്ഗം ഒഴിച്ചുള്ള കാര്യങ്ങളെല്ലാം അനുവദനീയമായി. പിന്നീട് കുളിച്ച് വൃത്തിയായി സാധാരണ വസ്ത്രം ധരിച്ചുകൊണ്ടോ ഇഹ്റാമിന്‍റെ തന്നെ വസ്ത്രം ധരിച്ചുകൊണ്ടോ മക്കാ മുകര്‍മയില്‍ പോയി ത്വവാഫും സഅ് യും നിര്‍വ്വഹിക്കുക. ഇതോടെ ഇഹ്റാമില്‍നിന്നും പരിപൂര്‍ണ്ണമായി ഒഴിവായി.
(ഈ ത്വവാഫും സഅ് യും  ദുല്‍ഹജ്ജ് 10-ന് സാധിച്ചില്ലെങ്കില്‍ അടുത്ത ദിവസങ്ങളിലും നടത്താവുന്നതാണ്.)
ദുല്‍ഹജ്ജ് 11, 12, 13. : വീണ്ടും മിനായില്‍ തന്നെ തിരിച്ച് വരണം. ദുല്‍ഹജ്ജ് 11, 12 രാവുകള്‍ മിനായില്‍ താമസിക്കണം. 11, 12 ദിവസങ്ങളിലെ മദ്ധ്യാഹ്നത്തിനുശേഷം 1, 2, 3 ജംറകളില്‍ ഏഴ് കല്ലുകള്‍ വീതം എറിയുക.
13-നും കൂടി ഏറ് നടത്തുന്നതാണ് ഉത്തമം. ഒന്നും രണ്ടും ജംറകളിലെ ഏറിന് ശേഷം അല്പം മുന്നോട്ട് നീങ്ങിനിന്ന് നീണ്ടനേരം ദുആ ചെയ്യണം. ദുആ സ്വീകരിക്കപ്പെടുന്ന പ്രത്യേക സ്ഥലമാണിത്. മൂന്നാമത്തെ ജംറയ്ക്ക് ശേഷം ദുആയില്ല.
12 അല്ലെങ്കില്‍ 13-ന് മക്കാമുകര്‍റമയില്‍ തിരിച്ചെത്തുന്നതോടെ -അല്‍ഹംദുലില്ലാഹ്- ഹജ്ജ് പൂര്‍ത്തിയായി. അല്ലാഹു സ്വീകരിക്കട്ടെ.! വിടവാങ്ങല്‍ നേരത്തുള്ള വിടവാങ്ങല്‍ ത്വവാഫ് മാത്രമേ ഇനി അവശേഷിക്കുന്നുള്ളൂ. ഇനി യാത്ര തിരിക്കുന്നത് വരെയുള്ള സമയം, അല്ലാഹുവിന്‍റെ വലിയ അനുഗ്രഹമായി മനസ്സിലാക്കുക. പരിപൂര്‍ണ്ണ സന്തോഷത്തോടെ മക്കാ മുകര്‍റമയില്‍ കഴിയുക. ത്വവാഫ്, നമസ്കാരം, ദിക്ര്‍, ദുആ മുതലായ നന്മകള്‍ കഴിയുന്നത്ര നിര്‍വ്വഹിച്ച് അവിടുത്തെ അനുഗ്രഹങ്ങള്‍ ഇരു കരങ്ങള്‍ കൊണ്ടും വാരിക്കൂട്ടുക.
വിടവാങ്ങല്‍ ത്വവാഫ്: മക്കാമുകര്‍റമയില്‍ നിന്നും യാത്ര തിരിക്കുന്ന ദിവസമാകുമ്പോള്‍ വിടവാങ്ങലിന്‍റെ നിയ്യത്തില്‍ ഒരു ത്വവാഫ് ചെയ്യണം. ഈ അവസാന ത്വവാഫ് ചെയ്യുമ്പോള്‍ കഅ്ബാ ശരീഫിനോട് വിടപറയുന്ന ദുഃഖം സ്വാഭാവികമായും ഉണ്ടായിരിക്കും. അത് ഉണ്ടായിരിക്കുകയും വേണം. പ്രസ്തുത ദുഃഖം കൂടുന്നത് നല്ലതും ഈമാനിന്‍റെ അടയാളവുമാണ്. ഇതര ത്വവാഫുകള്‍ പോലെ ഈ ത്വവാഫും ശാന്തമായി ചെയ്യുക. തുടര്‍ന്ന് മഖാമു ഇബ്റാഹീമിന് പിന്നിലോ മറ്റെവിടെയെങ്കിലുമോ നിന്ന് രണ്ട് റക്അത്ത് നമസ്കരിക്കുക. നമസ്കാരാനന്തരം ഹൃദയംഗമായി ദുആ ഇരക്കുക. യാത്രാ ഭക്ഷണമായി സംസം പാനം ചെയ്ത് ദുആ ഇരക്കുക. മുല്‍തസമിന് ശേഷം ഹജറുല്‍ അസ്വദിന് അടുത്തും ദുആ ഇരക്കുക. ദുഃഖത്തോടെ അല്ലാഹുവിന്‍റെ ഭവനത്തെ അവസാനമായി നോക്കുക. തുടര്‍ന്ന് ദിക്ര്‍-ദുആകള്‍ ചെയ്തുകൊണ്ട് പുറത്തേക്ക് ഇറങ്ങുക. വിരഹദുഃഖം കാരണം ഇന്ന് നിങ്ങള്‍ എത്ര കരയുന്നുവോ അത്രയും നല്ലതാണ്.

2 comments:

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...