Tuesday, June 5, 2018

റമദാനുല്‍ മുബാറക്: പ്രധാനപ്പെട്ട പത്ത് ലേഖനങ്ങള്‍.!

റമദാനുല്‍ മുബാറക്: 
പ്രധാനപ്പെട്ട പത്ത് ലേഖനങ്ങള്‍.! http://swahabainfo.blogspot.com/2018/06/blog-post_63.html?spref=tw


1. റമദാനുല്‍ മുബാറക്:  
നോമ്പ്-തറാവീഹ്-ഇഅ്തികാഫ് 
- ഹകീമുല്‍ ഉമ്മത്ത് അല്ലാമാ അശ്റഫ് അലി ത്ഥാനവി 
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി  
നോമ്പ് അനുഷ്ടിക്കല്‍ -വിശിഷ്യാ റമദാന്‍ മാസത്തിലെ വ്രതാനുഷ്ടാനം
ഇസ് ലാമിലെ നിര്‍ബന്ധ ബാധ്യതയാണ്. അല്ലാഹു അറിയിക്കുന്നു: സത്യവിശ്വാസികളേ, നിങ്ങളുടെ മേല്‍ നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. (സൂറത്തുല്‍ ബഖറ: 183)
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: ലാഇലാഹ ഇല്ലല്ലാഹ് എന്ന വിശ്വാസം കൂടാതെ, അല്ലാഹു ഇസ്ലാമില്‍ നാല് കാര്യങ്ങള്‍ കൂടി നിര്‍ബന്ധമാക്കിയിട്ടുണ്ട്. അവയിലൊന്ന് ഉപേക്ഷിച്ചാല്‍ അവന് പൂര്‍ണ്ണ വിജയം ലഭിക്കുന്നതല്ല. നമസ്കാരം, സകാത്ത്, റമദാനിലെ നോമ്പ്, ഹജ്ജ് എന്നിവയാണവ. (അഹ് മദ്)
നമസ്കാരം, സകാത്ത്, ഹജ്ജ് ഇവയെല്ലാം അനുഷ്ടിക്കുന്നതോടൊപ്പം നോമ്പ് ഉപേക്ഷിക്കുന്നവന്‍ സമ്പൂര്‍ണ്ണ മുസ് ലിമല്ലെന്ന് ഈ ഹദീസ് പഠിപ്പിക്കുന്നു.
ഒരാള്‍ക്ക് നോമ്പ് ഉണ്ടോ ഇല്ലയോ എന്ന കാര്യം അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും അറിയാന്‍ കഴിയില്ല എന്നത് നോമ്പിന്‍റെ മാത്രം പ്രത്യേകതയാണ്. അതുകൊണ്ട് അല്ലാഹുവിനോട് സ്നേഹവും ഭയവും ഉള്ളവര്‍ക്ക് മാത്രമേ നോമ്പ് അനുഷ്ടിക്കുവാന്‍ സാധിക്കുകയുള്ളൂ. അല്ലാഹുവിനോടുള്ള സ്നേഹ-ഭയങ്ങളില്‍ ഇപ്പോള്‍ അല്‍പം കുറവ് അനുഭവപ്പെട്ടാലും, അവയുടെ അടയാളമായ കാര്യം ചെയ്യുന്നതിലൂടെ അവ ക്രമേണ പൂര്‍ണ്ണമായി ഉണ്ടായിത്തീരുന്നതാണ്. ഇവ രണ്ടും ഉണ്ടായിത്തീര്‍ന്നാല്‍ ഇസ് ലാമില്‍ വലിയ അടിയുറപ്പ് ഉണ്ടാകുന്നതാണ്. ഇക്കാര്യത്തെ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഇപ്രകാരം വിവരിച്ചു: അല്ലാഹു അരുളുന്നു: മനുഷ്യന്‍റെ നോമ്പൊഴിച്ചുള്ള എല്ലാ കര്‍മ്മങ്ങളും അവനുള്ളത് തന്നെയാണ്. എന്നാല്‍ നോമ്പ് എനിക്ക് മാത്രം ഉള്ളതാണ്. (ബുഖാരി)
മറ്റൊരിക്കല്‍ ഇപ്രകാരം അരുളി: അല്ലാഹു അരുളുകയുണ്ടായി: ഭക്ഷണം, പാനീയം, വികാരം എന്നിവ എനിക്ക് വേണ്ടി ഉപേക്ഷിക്കുന്നവനാണ് നോമ്പുകാരന്‍. (ബുഖാരി)
നോമ്പിലൂടെ ഇലാഹീ സ്നേഹവും ഭയവും ഉണ്ടായിത്തീരുന്നതാണ് എന്ന് ഈ ഹദീസുകള്‍ പഠിപ്പിക്കുന്നു. ഇതുകൊണ്ട് തന്നെ നോമ്പിനെ കുറിച്ച് ശക്തമായ പ്രേരണയും അത് അതുല്യമായ ഇബാദത്താണെന്ന പ്രഖ്യാപനവും ഹദീസില്‍ വന്നിട്ടുണ്ട്.
അബൂ ഉമാമ (റ) വിവരിക്കുന്നു. ഞാന്‍ ചോദിച്ചു: അല്ലാഹുവിന്‍റെ റസൂലേ, അല്ലാഹു എനിക്ക് ധാരാളം പ്രയോജനങ്ങള്‍ നല്‍കുന്ന ഒരു സല്‍കര്‍മ്മം എന്നോട് കല്‍പിച്ചാലും. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: നീ അധികമായി നോമ്പ് അനുഷ്ടിക്കുക. കാരണം, അതിന് തുല്ല്യമായ ഒരു സല്‍കര്‍മ്മവും ഇല്ല. (നസാഈ) ഉപരിസൂചിത പ്രത്യേകതകളില്‍ അതുല്യമായ കര്‍മ്മമെന്നാണ് ഇതിന്‍റെ വിവക്ഷ.
അല്ലാഹുവിനോടുള്ള സ്നേഹവും ഭയവും ഉണ്ടാകണമെന്ന ആഗ്രഹത്തോടെ നോമ്പനുഷ്ടിച്ചാല്, അവന് അവ ലഭിക്കുന്നതും പാപങ്ങളില്‍ നിന്നും അകലാന്‍ കഴിയുന്നതുമാണ്. കാരണം, സ്നേഹ-ഭയങ്ങളുടെ കുറവാണ് പാപത്തിന്‍റെ പ്രേരകം. പാപങ്ങളില്‍ നിന്നും അകന്ന് കഴിഞ്ഞാല്‍ നരകത്തില്‍ നിന്നും സുരക്ഷിതത്വം ലഭിക്കുന്നതാണ്. അത് കൊണ്ടാണ് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളിയത്: നരകത്തില്‍ നിന്നും രക്ഷപ്പെടാനുള്ള ഒരു ഉറച്ച കോട്ടയാണ് നോമ്പ്. (ബൈഹഖി)
ആന്തരിക രോഗങ്ങളുടെ പരിണിത ഫലമായ പാപങ്ങളില്‍ നിന്നും അകന്ന് കഴിയാന്‍ നോമ്പുകാരന് കഴിയുന്നത് പോലെ, ബാഹ്യമായ നിരവധി രോഗങ്ങള്‍ക്കും നോമ്പ് സിദ്ധൗഷധമാണ്. കാരണം, ആഹാര-പാനീയങ്ങളുടെ ആധിക്യമാണ് ബഹുഭൂരിഭാഗം രോഗങ്ങളുടെയും ഹേതു. നോമ്പിലൂടെ അതിന് കുറവ് ലഭിക്കുകയും രോഗങ്ങള്‍ വരാതിരിക്കുകയും ചെയ്യുന്നതാണ്.
അബൂ ഹുറയ്റ (റ) വിവരിക്കുന്നു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: ഓരോന്നിനെയും ശുദ്ധീകരിക്കുന്ന ഓരോ വസ്തുക്കളുണ്ട്. ശരീരത്തിനെ ശുദ്ധീകരിക്കുന്നത് നോമ്പാകുന്നു. (ഇബ്നുമാജ)
അതായത്, സകാത്തിലൂടെ സമ്പത്തിന്‍റെ അഴുക്ക് ദൂരീകരിക്കുന്നത് പോലെ നോമ്പ് കാരണം ശരീരത്തിന്‍റെ അഴുക്കുകള്‍ നീങ്ങുന്നതാണ്. അബൂഹുറയ്റ (റ) തന്നെ നിവേദനം ചെയ്ത മറ്റൊരു ഹദീസില്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമാക്കിയിട്ടുണ്ട്. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: നോമ്പ് അനുഷ്ടിക്കുക. ആരോഗ്യവാനായിരിക്കുന്നതാണ്. (ത്വബ്റാനി)
നോമ്പിലൂടെ ശാരീരിക-മാനസിക പ്രയാസങ്ങള്‍ മാറുന്നത് പോലെ ശാരീരിക-മാനസിക സുഖ-സന്തോഷങ്ങള്‍ സിദ്ധിക്കുന്നതുമാണ്. അബൂ ഹുറയ്റ (റ) നിവേദനം ചെയ്ത സുദീര്‍ഘമായ ഒരു ഹദീസില്‍ ഇപ്രകാരം വന്നിരിക്കുന്നു: നോമ്പുകാരന് രണ്ട് സന്തോഷങ്ങളുണ്ടാകുന്നതാണ്. ഒന്ന്, നോമ്പ് തുറക്കുമ്പോള്‍ (വിശപ്പും ദാഹവും ശമിച്ചതിന്‍റെ സന്തോഷം). രണ്ട്, (നോമ്പ് അനുഷ്ടിച്ചതില്‍ തൃപ്തിപ്പെട്ടവനായ നിലയില്‍) രക്ഷിതാവിനെ കണ്ട് മുട്ടുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം. (ബുഖാരി)
റമദാനിലെ മറ്റൊരു പ്രത്യേക ഇബാദത്താണ് തറാവീഹ് നമസ്കാരം. അതില്‍ പരിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതും കേള്‍ക്കുന്നതും പ്രധാന സുന്നത്താണ്. തറാവീഹിനും നോമ്പിനുമിടയില്‍ ചില സാദൃശ്യങ്ങളുണ്ട്. ഉദാഹരണത്തിന്, ആഹാര-പാനീയങ്ങളെ പോലെതന്നെ മനസ്സിന് പ്രിയംകരമായ ഉറക്കത്തെ അല്‍പ നേരത്തേക്ക് ത്യാഗം ചെയ്യുക. ഇപ്രകാരം നമസ്കാരത്തില്‍ ഉറങ്ങുന്നതും ഉറങ്ങാതിരിക്കുന്നതും ആരും അറിയാതിരിക്കുക. ചുരുക്കത്തില്‍, പരസ്പരം സാദൃശ്യമുള്ള രണ്ട് ഇബാദത്തുകളാണ് റമദാനിലെ പകലിലും രാവിലും അല്ലാഹു ഒരുമിച്ച് കൂട്ടിയത്. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: റമദാനിലെ നോമ്പിനെ അല്ലാഹു ഫര്‍ളാക്കിയിരിക്കുന്നു. തറാവീഹ് നമസ്കാരത്തെ സുന്നത്താക്കിയിരിക്കുന്നു. വിശ്വാസത്തോടെയും പ്രതിഫലം കാംക്ഷിച്ചുകൊണ്ടും ആരെങ്കിലും അത് രണ്ടും നിര്‍വ്വഹിച്ചാല്‍ ഉമ്മ പ്രസവിച്ചതുപോലെ അവന്‍ പാപത്തില്‍ നിന്നും പരിശുദ്ധനായിത്തീരുന്നതാണ്. (നസാഈ)
ഇബ്നു ഉമര്‍ (റ) വിവരിക്കുന്നു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: നോമ്പും ഖുര്‍ആനും ഖിയാമത്ത് ദിനം ദാസന്മാര്‍ക്ക് വേണ്ടി ശുപാര്‍ശ ചെയ്യുന്നതാണ്. നോമ്പ് പറയും: രക്ഷിതാവേ, ആഹാര-വികാരങ്ങളില്‍ നിന്നും ഇവനെ ഞാന്‍ തടഞ്ഞു നിര്‍ത്തി. ഇവന്‍റെ വിഷയത്തില്‍ എന്‍റെ ശുപാര്‍ശ സ്വീകരിക്കേണമേ.! ഖുര്‍ആന്‍ പറയും: നാഥാ, ഉറങ്ങുന്നതില്‍ നിന്നും ഇവനെ ഞാന്‍ തടഞ്ഞുവെച്ചു. ഇവന്‍റെ വിഷയത്തില്‍ എന്‍റെ ശുപാര്‍ശ നീ സ്വീകരിക്കേണമേ. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: അവ രണ്ടിന്‍റെയും ശുപാര്‍ശ സ്വീകരിക്കപ്പെടുന്നതാണ്. (അഹ് മദ്)
ഇരു ഹദീസുകളിലും ചിന്തിച്ചാല്‍ നോമ്പ്-തറാവീഹുകളുടെ ഇടയിലുള്ള ബന്ധം വ്യക്തമാകുന്നതാണ്.
അടുത്തതായി വിവിധ വിഷയങ്ങളിലുള്ള ഏതാനും ആയത്ത്-ഹദീസുകള്‍ ശ്രദ്ധിക്കുക: വിജയികളെ കുറിച്ച് വിവരിച്ചിട്ടുള്ള സുദീര്‍ഘമായ ഒരു ആയത്തിന്‍റെ ഇടയില്‍ അല്ലാഹു അരുളുന്നു: നോമ്പനുഷ്ടിക്കുന്ന പുരുഷന്മാരും സ്ത്രീകളും. അതിന്‍റെ അവസാനം അറിയിക്കുന്നു: അല്ലാഹു അവര്‍ക്ക് പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കി വെച്ചിരിക്കുന്നു. (അഹ്സാബ് -35)
അബൂഹുറയ്റ (റ) വിവരിക്കുന്നു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: അല്ലാഹുവില്‍ സത്യം.! നോമ്പുകാരന്‍റെ വായില്‍ നിന്നും (വിശപ്പ് കാരണം) ഉണ്ടായിത്തീരുന്ന ഗന്ധത്തിന് അല്ലാഹുവിങ്കല്‍ കസ്തൂരിയെക്കാള്‍ സുഗന്ധമുണ്ടായിരിക്കുന്നതാണ്. (ബുഖാരി)
ഇബ്നു ഉമര്‍ (റ) വിവരിക്കുന്നു. (വിവിധ കര്‍മ്മങ്ങളുടെ പ്രതിഫലങ്ങള്‍ വിവരിച്ച കൂട്ടത്തില്‍) റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: നോമ്പ് അല്ലാഹുവിന് മാത്രമുള്ളതാണ്. അത് അനുഷ്ടിക്കുന്നവനുള്ള പ്രതിഫലത്തെക്കുറിച്ച് അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും അറിയില്ല. (ത്വബ്റാനി)
അബൂ സഈദ് (റ) വിവരിക്കുന്നു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: റമദാനിലെ പ്രഥമ രാത്രിയായാല്‍ ആകാശ കവാടങ്ങള്‍ തുറക്കപ്പെടും. റമദാന്‍ അവസാനിക്കുന്നത് വരെ ഒരു കവാടവും അടയ്ക്കപ്പെടുന്നതല്ല. ആ രാവുകളില്‍ ഒരാള്‍ നമസ്കരിച്ചാല്‍, ഓരോ സുജൂദിനും ആയിരത്തി അഞ്ഞൂറ് നന്മകള്‍ എഴുതപ്പെടുന്നതും ഉന്നതമായ ഒരു മാളിക സ്വര്‍ഗ്ഗലോകത്ത് പണിയപ്പെടുന്നതുമാണ്. തുടര്‍ന്ന് ഒരാള്‍ നോമ്പനുഷ്ടിച്ചാല്‍ ഒരു വര്‍ഷത്തെ പാപങ്ങള്‍ മാപ്പാക്കപ്പെടുന്നതും രാവിലെ മുതല്‍ വൈകുന്നേരം വരെ എഴുപതിനായിരം മലക്കുകള്‍ അവന്‍റെ പാപമോചനത്തിനായി ദുആ ഇരക്കുന്നതുമാണ്. (ബൈഹഖി)
സല്‍മാന്‍ (റ) വിവരിക്കുന്നു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ശഅ്ബാന്‍ മാസത്തിലെ അവസാന ഖുത്ബയില്‍ ഇപ്രകാരം അരുളി: ജനങ്ങളേ, വളരെയധികം ഐശ്വര്യസമ്പൂര്‍ണ്ണമായ ഒരു മാസം (റമദാന്‍) നിങ്ങളിലേക്കിതാ വന്നണഞ്ഞിരിക്കുന്നു. അതിലൊരു രാവുണ്ട്. ആ രാവില്‍ (ഇബാദത്ത് അനുഷ്ടിക്കല്‍) ആയിരം മാസത്തേക്കാള്‍ ഉത്തമമാണ്. അല്ലാഹു ആ മാസത്തെ നോമ്പ് ഫര്‍ളാക്കിയിരിക്കുന്നു. അതിന്‍റെ രാത്രി നമസ്കാരത്തെ (തറാവീഹ്) സുന്നത്താക്കിയിരിക്കുന്നു. ആ മാസത്തില്‍ ചെയ്യപ്പെടുന്ന ഒരു സുന്നത്തിന് ഫര്‍ളിന്‍റെ പ്രതിഫലം ലഭിക്കും. ഫര്‍ളിന് എഴുപത് ഫര്‍ളുകളുടെ പ്രതിഫലം സിദ്ധിക്കും. ഒരു നോമ്പുകാരനെ നോമ്പ് തുറപ്പിക്കുന്നവന് പാപ-നരക-മോചനങ്ങള്‍ ലഭിക്കുന്നതും, നോമ്പുകാരന് തുല്യമായ പ്രതിഫലം നല്‍കപ്പെടുന്നതുമാണ്. ഒരു നോമ്പുകാരന് കാരയ്ക്കയോ വെള്ളമോ പാലോ നല്‍കുന്നവനും ഇതേ കൂലി ലഭിക്കുന്നതാണ്. (ഇബ്നു ഘുസൈമ)
റമദാനിലെ മറ്റൊരു പ്രധാന കര്‍മ്മമാണ് അവസാനത്തെ പത്തിലെ ഇഅ്തികാഫ്. പത്ത് ദിവസം മസ്ജിദില്‍ തന്നെ കഴിഞ്ഞുകൂടുന്നതിന് ഇഅ്തികാഫ് എന്ന് പറയുന്നു. മല-മൂത്ര വിസര്‍ജ്ജനം പോലുള്ള അവശ്യ കാര്യങ്ങള്‍ക്കല്ലാതെ അവിടെ നിന്നും പുറത്തിറങ്ങാന്‍ പാടില്ല. ആഹാരം-പാനീയം-ഉറക്കം പോലെ പ്രിയങ്കരമായ ഒരു കാര്യമാണ് പുറത്ത് ചുറ്റിക്കറങ്ങി നടക്കല്‍. ഇത്തരുണത്തില്‍ നോമ്പും തറാവീഹുമായി ഇഅ്തികാഫിനുള്ള ബന്ധം വ്യക്തമാണ്.
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: റമദാനില്‍ പത്ത് ദിവസം ഇഅ്തികാഫ് ഇരിക്കുന്നവന് രണ്ട് ഹജ്ജ്-ഉംറകളുടേത് പോലുള്ള പ്രതിഫലം ലഭിക്കുന്നതാണ്. 
ഇബ്നു അബ്ബാസ് (റ) വിവരിക്കുന്നു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: ഇഅ്തികാഫ് ഇരിക്കുന്നവന്‍ എല്ലാ പാപങ്ങളില്‍ നിന്നും അകന്ന് കഴിയുന്നതാണ്. എല്ലാ നന്മകളും പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലഭിക്കുന്ന കൂലിക്ക് തുല്യമായത് നല്‍കപ്പെടുന്നതുമാണ്. (ഇബ്നുമാജ)
മസ്ജിദില്‍ തന്നെ കഴിയാമെന്നത് ഇഅ്തികാഫിന്‍റെ മറ്റൊരു ഗുണമാണ്. അതാകട്ടെ, വലിയൊരു പുണ്യകര്‍മ്മമാണ്. എന്നാല്‍ മസ്ജിദില്‍ പുരുഷന്മാര്‍ മാത്രമേ ഇഅ്തികാഫ് ഇരിക്കാവൂ. വീട്ടില്‍ നമസ്കരിക്കുന്ന സ്ഥലത്ത് തന്നെയാണ് സ്ത്രീകള്‍ ഇഅ്തികാഫ് ഇരിക്കേണ്ടത്.
ഈദുല്‍ ഫിത്റിലൂടെ റമദാന്‍ അവസാനിക്കും. ആ ദിവസത്തിനും വലിയ ശ്രേഷ്ടതയുണ്ട്. അനസ് (റ) വിവരിക്കുന്നു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: പെരുന്നാള്‍ ദിവസം മലക്കുകളോട് അല്ലാഹു പറയും: എന്‍റെ അടിമകള്‍, ഞാന്‍ നിര്‍ബന്ധമാക്കിയ കാര്യം അനുഷ്ടിച്ച ശേഷം എന്നോട് ദുആ ഇരക്കാന്‍ പെരുന്നാള്‍ നമസ്കാര സ്ഥലത്തേക്ക് പുറപ്പെട്ടിരിക്കുകയാണ്. എന്‍റെ അന്തസ്സില്‍ സത്യം.! ഞാന്‍ അവരുടെ ദുആ സ്വീകരിക്കുന്നതാണ്. ശേഷം മനുഷ്യരോട് പറയും: പോകുക, നിങ്ങളുടെ പാപങ്ങള്‍ നാം പൊറുത്ത് തന്നിരിക്കുന്നു. തിന്മകള്‍ നന്മകളായി മാറ്റിയിരിക്കുന്നു. അങ്ങിനെ പാപങ്ങള്‍ പൊറുക്കപ്പെട്ട് അനുഗ്രഹീതരായി അവര്‍ മടങ്ങുന്നതാണ്. (ബൈഹഖി)
നോമ്പ്: ചില പ്രധാന നിര്‍ദ്ദേശങ്ങള്‍
1. നോമ്പിനിടയില്‍ നാവിനെ വളരെയധികം സൂക്ഷിക്കുക. മോശമായതൊന്നും പറയാതിരിക്കുക. വഴക്കും ബഹളവും ഉണ്ടാക്കാതിരിക്കുക. ആരെങ്കിലും വഴക്കുണ്ടാക്കാന്‍ വന്നാല്‍ എനിക്ക് നോമ്പാണ്, എന്നെ വെറുതെ വിട്ടേക്കുക.! എന്ന് പറയുക.
2. ചന്ദ്രനെ കണ്ടാല്‍ ഇത് ഇന്ന ദിവസമാണ്, ഇക്കണക്കിന് ഇത് റമദാനിലെ ഇന്ന ദിവസമാണ്.! എന്ന് ചിലര്‍ പറയാറുണ്ട്. അങ്ങിനെ പറയാന്‍ പാടില്ല. ചന്ദ്രന്‍റെ വലിപ്പമല്ല അടിസ്ഥാനം. ജനങ്ങള്‍ അതിനെ ദര്‍ശിക്കലാണ് വിഷയം.
3. ഭര്‍ത്താവ് നാട്ടിലുള്ളപ്പോള്‍ അദ്ദേഹത്തിന്‍റെ അനുമതി കൂടാതെ സ്ത്രീകള്‍ സുന്നത്ത് നോമ്പ് അനുഷ്ടിക്കരുത്.
4. ഇടയ്ക്കിടെ സുന്നത്ത് നോമ്പുകള്‍ അനുഷ്ടിക്കുക.
5. നോമ്പിന്‍റെ ദിവസം വല്ലവരും ആഹാരത്തിന് ക്ഷണിച്ചാല്‍ അവരെ സന്തോഷിപ്പിക്കുന്നതിന് അവരുടെ വീട്ടില്‍ പോകുകയും അവര്‍ക്ക് വേണ്ടി ദുആ ഇരക്കുകയും ചെയ്യുക.
6. റമദാനിലെ അവസാനത്തെ പത്ത് ദിവസങ്ങളില്‍ കൂടുതലായി ഇബാദത്തില്‍ മുഴുകാന്‍ ശ്രദ്ധിക്കുക. അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.! ആമീന്‍.


2. റമദാന്‍ മാസത്തിലെ 
നമ്മുടെ ചില വീഴ്ചകള്‍.!     
- അല്ലാമാ മുഫ്തി മുഹമ്മദ് തഖിയ്യ് ഉസ്മാനി
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
റമദാന്‍റെ പുണ്യമാസം ഒരിക്കല്‍ കൂടി വന്നെത്തിയിരിക്കുന്നു. അല്ലാഹുവിന്‍റെ അനുഗ്രഹങ്ങളുടെ വസന്തകാലമാണിത്. പക്ഷെ, നാം ഈ മാസത്തിന്‍റെ വില ഇതുവരെ മനസ്സിലാക്കിയിട്ടില്ലെന്നാണ് നമ്മുടെ പ്രവര്‍ത്തനങ്ങള്‍ വിളിച്ചറിയിക്കുന്നത്. ആയതിനാല്‍ ഈ ലേഖനത്തില്‍, നാം എല്ലാവര്‍ക്കും ഈ മാസത്തില്‍ ഉണ്ടാകാറുള്ള ഏതാനും വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുകയാണ്. ഇവകള്‍ കാരണമായി ഈ മാസത്തിന്‍റെ അനുഗ്രഹങ്ങള്‍ തടയപ്പെടുക മാത്രമല്ല, പാപത്തിന്‍റെ വലിയ കുഴികളില്‍ നാം പെട്ടുപോകുമോ എന്നുപോലും ഭയമുണ്ട്. അല്ലാഹു നമ്മെ കാത്തുരക്ഷിക്കുമാറാകട്ടെ.!
റമദാന്‍ മാസത്തിന്‍റെ ഗൗരവം നാം ശരിയായി ഉള്‍ക്കൊള്ളുന്നില്ല എന്നതാണ് നമ്മുടെ ഒന്നാമത്തെ വീഴ്ച. യഥാര്‍ത്ഥത്തില്‍ റമദാന്‍ മാസം ഒരു തര്‍ബിയത്തീ കോഴ്സാണ്. ഇതിലൂടെ അല്ലാഹുവിന്‍റെ കരുണ കൊണ്ട് നമ്മുടെ കഴിഞ്ഞ നാളുകളിലെ പാപങ്ങള്‍ കഴുകപ്പെടുകയും ഒരു പുതുജീവന്‍ നല്‍കപ്പെടുകയും ചെയ്യുന്നതാണ്. അതുകൊണ്ട് നോമ്പ് അനുഷ്ഠിക്കലും തറാവീഹ് നമസ്കരിക്കലും മാത്രമല്ല, ഈ മാസത്തിലെ കടമ. റമദാന്‍ മുഴുവനും സര്‍വ്വ പാപങ്ങളില്‍ നിന്നും അകന്നുമാറി, അല്ലാഹുവിങ്കലേക്ക് മടങ്ങുന്നതില്‍ ചിലവഴിക്കേണ്ടതാണ്. ആഹാരം പോലുള്ള അനുവദനീയമായ ആവശ്യങ്ങള്‍ പോലും നോമ്പില്‍ ഉപേക്ഷിക്കാറുള്ള മനുഷ്യന്‍, നോമ്പില്ലാത്തപ്പോള്‍ നിഷിദ്ധമായ പാപങ്ങള്‍ പോലും ഉപേക്ഷിക്കാന്‍ തയ്യാറായില്ലെങ്കില്‍ അത് നോമ്പിനോടുള്ള ഒരു തരം പരിഹാസമാണ്. അതുകൊണ്ടാണ് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളിയത്: ഇത്തരം നോമ്പുകാര്‍ക്ക് വിശന്നുകഴിയലല്ലാതെ ഒരു ഫലവും ഉണ്ടാകുന്നതല്ല.
നാം ഓര്‍ക്കുക: ഇതര ഭൗതിക കാര്യങ്ങള്‍ക്ക് ഇനിയും അവസരങ്ങളുണ്ട്. പക്ഷെ, അനുഗ്രഹ-ഐശ്വര്യങ്ങളുടെ ഈ അമൂല്യ നിമിഷങ്ങള്‍ ഇനി മറ്റൊരു മാസത്തിലും ലഭിക്കുന്നതല്ല. ആകയാല്‍ ഇതര ജോലികള്‍ അത്യാവശ്യത്തിന് മാത്രം ചെയ്ത് അധിക സമയങ്ങളിലും ഇബാദത്തുകളില്‍ ചിലവഴിക്കുക. വായയെയും തൊണ്ടയെയും നോമ്പനുഷ്ഠിപ്പിക്കുന്നതുപോലെ, കണ്ണ്, ചെവി, മനസ്സ് ഇവകളെയും നോമ്പനുഷ്ഠിപ്പിക്കുക. അല്ലാഹു കനിഞ്ഞരുളിയ ഈ അനുഗ്രഹങ്ങളെ അവനെതിരായ കാര്യങ്ങളില്‍ ഉപയോഗിക്കുന്നതില്‍ നിന്നും പരിപൂര്‍ണ്ണമായി സൂക്ഷിക്കുക. നമ്മില്‍ പലരും ഏതാനും മണിക്കൂറുകള്‍ ആഹാര-പാനീയങ്ങള്‍ ഉപേക്ഷിക്കാറുണ്ട്. പക്ഷെ, കളവ്, പരദൂഷണം, ഗാനം, മ്യൂസിക്, കൈക്കൂലി, വഞ്ചന മുതലായ പാപങ്ങള്‍, റമദാനില്‍ പോലും വര്‍ജ്ജിക്കാറില്ല. പലരും ഇത്തരം പാപങ്ങള്‍ക്കുള്ള ഒരു സുവര്‍ണ്ണാവസരമായിട്ടാണ് റമദാനിനെ കാണുന്നത് തന്നെ. മറ്റു ചിലര്‍ ഇത്തരം പാപങ്ങളില്‍ നിന്നും ഒഴിഞ്ഞുകഴിയുമെങ്കിലും റമദാനിന്‍റെ അനുഗ്രഹീത നിമിഷങ്ങളെ പാഴ്വര്‍ത്തമാനങ്ങളിലും സൊറ പരച്ചിലുകളിലും പാഴാക്കിക്കളയുന്നു. വേറെ ചിലരാകട്ടെ, ക്ഷമയുടെയും സഹാനുഭൂതിയുടെയും മാസമായ റമദാന്‍ മുഴുവന്‍ നിസ്സാര വിഷയങ്ങളില്‍ പോലും കോപിച്ചും തര്‍ക്കിച്ചും വഴക്കുണ്ടാക്കിയും അടി-പിടി നടത്തിയും നശിപ്പിക്കുന്നു. കച്ചവടക്കാര്‍ രാവും പകലും കച്ചവടത്തില്‍ ആണ്ടിറങ്ങുന്നു. സ്ഥാപന-പ്രസ്ഥാനങ്ങളുടെ പിരിവുകാര്‍ പിരിവില്‍ തന്നെ മുഴുകുന്നു. അതില്‍ ചതിയും വഞ്ചനയും നടത്തുന്നവരുടെ കാര്യം ഇരിക്കട്ടെ, സാക്ഷാല്‍ ദീനിയ്യായ ആവശ്യങ്ങള്‍ക്ക് പിരിക്കുന്നവര്‍ പോലും ദീനിനും റമദാനിനും നാണക്കേടുണ്ടാക്കുന്ന നിലയിലാണ് പിരിവുകള്‍ നടത്തുന്നത്.
നമുക്കിടയില്‍ വലിയൊരു ഫിത്നയായിത്തീര്‍ന്ന ഒന്നാണ് പെരുന്നാള്‍ ഒരുക്കങ്ങള്‍. തീര്‍ച്ചയായും പെരുന്നാള്‍ സന്തോഷിക്കാനുള്ള ദിവസം തന്നെയാണ്. അന്ന് കഴിയുന്നതും നല്ല വസ്ത്രം ധരിക്കാനും പ്രേരണ വന്നിട്ടുണ്ട്. പക്ഷെ, ഇന്ന് ഇതിന്‍റെ പേരില്‍ നടത്തുന്ന ധൂര്‍ത്തിന്‍റെ പ്രളയവുമായി ശരീഅത്തിന് യാതൊരു ബന്ധവുമില്ല. കഴിവില്ലെങ്കിലും വീട്ടിലെ ഓരോ അംഗത്തിനും ഏറ്റവും വിലകൂടിയ വസ്ത്രവും ശൂസും വാങ്ങല്‍ ഇന്ന് ഫര്‍ള് പോലെയാണ് പലരും കാണുന്നത്. വീട് മുഴുവന്‍ പുതുപുത്തന്‍  സാധനങ്ങള്‍  കൊണ്ട്  അലങ്കരിക്കുന്നതിലും, ബന്ധുമിത്രാദികള്‍ക്ക് വിലകൂടിയ പെരുന്നാള്‍ കാര്‍ഡുകള്‍ അയക്കുന്നതിലും ഓരോരുത്തരും മല്‍സരിക്കുകയാണ്. ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഒരു പ്രത്യേക തലവേദനയായി ഇന്നത്തെ പെരുന്നാള്‍ മാറിയിരിക്കുന്നു. ഈ തലവേദന മാറ്റാന്‍ ഇത്തരക്കാര്‍ ഏത് തിന്മയുടെ മാര്‍ഗ്ഗം സ്വീകരിച്ചാലും അതില്‍ അത്ഭുതപ്പെടാനില്ല. റമദാനിലെ ഏറ്റം അനുഗ്രഹീത രാവുകളായ അവസാനത്തെ പത്ത് രാവുകള്‍ ഇബാദത്തില്‍ മുഴുകേണ്ടതിനുപകരം കമ്പോളങ്ങളില്‍ ചുറ്റിത്തിരിഞ്ഞു തുലക്കുന്നു എന്നതാണ് പെരുന്നാള്‍ ഒരുക്കങ്ങളുടെ ഏറ്റവും വലിയ നഷ്ടം. സമ്മേളന-പ്രഭാഷണങ്ങളുടെ പേമാരിയാണ് റമദാന്‍ മാസത്തിലെ മറ്റൊരു കുഴപ്പം. റമദാന്‍ മാസം യഥാര്‍ത്ഥത്തില്‍ പ്രസംഗത്തിനുള്ളതല്ല, കര്‍മ്മത്തിനുള്ളതാണ്. പള്ളികളില്‍ ഒരു ഭാഗത്ത് വിളക്കുകള്‍ മിന്നിത്തിളങ്ങുന്നു. മറുഭാഗത്ത് വലിയ പാത്രങ്ങളില്‍ ഭക്ഷണം പാകം ചെയ്യുന്നു. മുതിര്‍ന്നവരെല്ലാം ഒരുക്കങ്ങളുടെ പിന്നാലെ കൂടുന്നു. കുട്ടികള്‍ പള്ളികളും പരിസരങ്ങളും ശബ്ദമലിനമാക്കുന്നു. ചുരുക്കത്തില്‍, ഏകാഗ്രതയോടെ ഇബാദത്തില്‍ മുഴുകേണ്ട ഈ നിമിഷങ്ങള്‍ വലിയ ഒച്ചപ്പാടിലും ബഹളങ്ങളിലുമായി കഴിച്ചുകൂട്ടപ്പെടുന്നു.
ആരെയെങ്കിലും പരിഹസിക്കലോ, വെറുതെ വിമര്‍ശിക്കലോ അല്ല, ഈ വരികള്‍ കൊണ്ടുള്ള ഉദ്ദേശം. മറിച്ച് അല്ലാഹും ഔദാര്യപൂര്‍വ്വം കനിഞ്ഞരുളിയ ഈ മാസത്തെ നാം തികഞ്ഞ ലാഘവത്തോടെ പാഴാക്കിക്കൊണ്ടിരിക്കുകയാണെന്ന് എന്നെയും മുഴുവന്‍ മുസ്ലിം സഹോദരങ്ങളെയും ഉണര്‍ത്തല്‍ മാത്രമാണ് ലക്ഷ്യം.
വര്‍ഷത്തിലെ പതിനൊന്നു മാസവും മനോഛകളുടെ പൂര്‍ത്തീകരണത്തില്‍ മുഴുകിക്കഴിയുന്ന നാം, ഈ മാസത്തിലെങ്കിലും അല്ലാഹുവിനോടുള്ള പരസ്യമായ അനുസരണക്കേടില്‍ നിന്നെങ്കിലും ഒഴിഞ്ഞുമാറുക. മുന്‍ഗാമികളെ പോലെ ഈ മാസത്തിന്‍റെ അനുഗ്രഹീത നിമിഷങ്ങള്‍ മുഴുവന്‍ ഇബാദത്തുകളില്‍ ചെലവഴിക്കാന്‍ സാധ്യമല്ലെങ്കില്‍, കുറഞ്ഞപക്ഷം പാപങ്ങളെ വര്‍ജ്ജിക്കുകയെങ്കിലും ചെയ്യുക. ആത്മ പരിത്യാഗത്തിന്‍റെയും സഹാനുഭൂതിയുടെയും മാതൃകകളാകാന്‍ നമുക്ക് കഴിവില്ലെങ്കില്‍, ചുരുങ്ങിയത് മറ്റുള്ളവരെ ഉപദ്രവിക്കുകയും വഞ്ചിക്കുകയും ചെയ്യുന്നതില്‍ നിന്നെങ്കിലും അകന്നുകഴിയുക. ഇഖ്ലാസോടുകൂടി രാത്രി ഉണര്‍ന്ന് ഇബാദത്തുകളില്‍ ലയിക്കാന്‍ കഴിയുന്നില്ലെങ്കില്‍, ഈ വിശുദ്ധ രാവുകളില്‍ പൊങ്ങച്ച പ്രകടനങ്ങളുടെ സമ്മേളനങ്ങള്‍ നടത്തി ഇതിന്‍റെ വിശുദ്ധിയെ പരിഹസിക്കാതിരിക്കുകയെങ്കിലും ചെയ്യുക. ഇരുലോക നായകന്‍ മുഹമ്മദുര്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ അദ്ധ്യാപനങ്ങളോട് സ്നേഹവും അവിടുത്തെ ശഫാഅത്തില്‍ പ്രതീക്ഷയും തിരുദൂതരുടെ ശാപത്തില്‍ നിന്നും ഭയവും ഉള്ളവരാണ് നാമെങ്കില്‍, നാം നമ്മെക്കുറിച്ച് നന്നായി വിചാരണ ചെയ്യുക. കഴിഞ്ഞ തെറ്റുകുറ്റങ്ങളില്‍ നിന്നും നിഷ്കളങ്കമായി തൗബ ചെയ്യുക. ഈ വിശുദ്ധ നിമിഷങ്ങളില്‍ പടച്ചവന് പൊരുത്തമായ കാര്യങ്ങള്‍ കൂടുതലായി ചെയ്യുമെന്ന് നിഷ്കളങ്കമായി തീരുമാനമെടുക്കുക. അല്ലാഹു നമുക്കെല്ലാം തൗഫീഖ് നല്കട്ടെ.!

3. റമദാനുല്‍ മുബാറക്ക് സമ്പന്നമാക്കാം.! 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
റമദാന്‍ മാസം ഒരിക്കല്‍ കൂടി കടന്നുവരികയാണ്. ഇബാദത്തുകളുടെ വസന്തമായ ഈ മാസം മുസ് ലിമിനെ സംബന്ധിച്ചിടത്തോളം ഒരു അസുലഭ മുഹൂര്‍ത്തമാണ്. എന്നാല്‍ ഈ സുന്ദര നിമിഷങ്ങള്‍ ഫലവത്താകണമെങ്കില്‍ അതിനെ അര്‍ഹമായ രീതിയില്‍ സ്വീകരിക്കണം. അതിന് നമ്മുടെ ചുറ്റുവട്ടത്തെ ഇസ് ലാമികമായി ഉദ്ധരിക്കാനുള്ള പരിശ്രമം നടത്തേണ്ടത് അത്യാവശ്യമാണ്. ആകയാല്‍, റമദാനുല്‍ മുബാറക് വരുന്നതിന് മുമ്പായി നാം വീട്ടുകാരെയും നാട്ടുകാരെയും ഉണര്‍ത്തുക.! ധാരാളം സ്ഥലങ്ങളില്‍ റമദാനിന് മുമ്പ് മതപ്രസംഗങ്ങളും മറ്റും നടക്കാറുണ്ട്. പക്ഷെ, അവയില്‍ പലതും സമ്പത്തും സമയവും ആരോഗ്യവും പാഴാക്കലാണെന്ന് പറയാതിരിക്കാന്‍ വയ്യ. മത പ്രഭാഷണങ്ങളുടെ കേരളീയ ശൈലി, നമ്മുടെ മുന്‍ഗാമികള്‍ ആരംഭിച്ചുവെച്ച, നിരവധി നന്മകള്‍ നിറഞ്ഞ ഒരു കര്‍മ്മമാണ്. പുരുഷനും സ്ത്രീയും മുസ് ലിമും അമുസ് ലിമും നമസ്കാരക്കാരനും മദ്യപാനിയും... എല്ലാ വിഭാഗങ്ങളും അതില്‍ പങ്കെടുത്തിരുന്നു. പ്രഭാഷക മഹത്തുക്കള്‍ തികഞ്ഞ ഇഖ്ലാസോടെ കാര്യങ്ങള്‍ പറയുമ്പോള്‍ അവ ഓരോ വിഭാഗത്തിലും നല്ല നല്ല പരിവര്‍ത്തനങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇന്നത്തെ സ്ഥിതിയെന്താണ്.? പൊതുവേദികളില്‍ പറയാന്‍ പാടില്ലാത്തതും വളരെ അപകടം പിടിച്ചതുമായ കാര്യങ്ങളാണ് പല പ്രാസംഗികരും പറയുന്നത്. ആ വിഷയങ്ങളോട് ഭ്രാന്തമായ പ്രതിപത്തിയുള്ള കുറച്ചുപേര്‍ പതിനായിരങ്ങള്‍ മുടക്കിയുള്ള സദസ്സില്‍ കാണും. ബാക്കി സമൂഹത്തെ മുഴുവന്‍ കേള്‍പ്പിക്കുന്നത് ഇടിമുഴക്കത്തെക്കാള്‍ ശബ്ദമുള്ള മൈക്കുകളിലൂടെയാണ്. പ്രഭാഷകന്‍റെ വാഗ്വിലാസം എണ്ണപ്പെട്ട സദസ്യരെ ഹരംകൊള്ളിച്ച് ഭ്രാന്ത് കൂടുമ്പോള്‍, മൈക്കിലൂടെ ഉതിര്‍ന്ന് വീഴുന്ന തീപ്പൊരികള്‍ അതിനോടെതിര്‍പ്പുള്ള വിഭാഗങ്ങളെ ചൂടാക്കും. നാളെ നേരം വെളുത്ത ശേഷം, പ്രഭാഷണം നടന്ന മൈതാനം ഇരുവിഭാഗവും പടനിലമാക്കും. ഇതുകാണുന്ന അമുസ് ലിംകള്‍ ഇസ് ലാമിനെ പഠിക്കാന്‍ തയ്യാറാകുന്നതുപോകട്ടെ, ഉള്ള പഠനവും കൂടി നിറുത്തി വേറെ ജോലി നോക്കും. ഇതാരെയും കുറ്റപ്പെടുത്തുന്നതല്ല. സമുദായത്തിലെ മുഴുവന്‍ സംഘടനകളും ശാന്തമായി ചിന്തിക്കേണ്ട ഒരു വിഷയമാണ്.
ദീനീ തഅ് ലീമീ കൗണ്‍സിലിന്‍റെ ഒരു യോഗത്തില്‍ മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി (റ) പറഞ്ഞത് എത്ര വാസ്തവമാണ്: വളരെ ഖേദത്തോടെ പറയട്ടെ, സംഘടനാപരമായ യുദ്ധങ്ങളിലാണ് നമ്മുടെ കൂടുതല്‍ ആരോഗ്യവും ചെലവഴിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. നമ്മുടെ ശേഷികള്‍ ഇസ് ലാമിന്‍റെ ദഅ്വത്തിലായി നാം ചെലവഴിച്ചിരുന്നെങ്കില്‍, ഇന്ത്യയില്‍ ഇസ് ലാം ഇത്രമാത്രം അവഹേളിക്കപ്പെടുകയില്ലായിരുന്നു.
നമ്മുടെ പ്രഭാഷണ സദസ്സുകള്‍ പ്രയോജനപ്രദമായിത്തീരാന്‍ എന്ത് ചെയ്യണം.? ഈ ചോദ്യത്തിനുത്തരം വിവരിച്ചെഴുതാന്‍ പരിമിതി അനുവദിക്കുന്നില്ല. എങ്കിലും ഇത്രമാത്രം കുറിക്കുകയാണ്: ഞാനും എന്‍റെ വീട്ടുകാരും നാട്ടുകാരും മുഴുവന്‍ മനുഷ്യരും നന്നാകണം എന്ന നബവീ ചിന്തയുടെ ഒരു അംശമെങ്കിലും നാം ഉണ്ടാക്കിയെടുത്താല്‍ പരിശ്രമങ്ങള്‍ പ്രയോജനപ്രദമാകുമെന്നതില്‍ യാതൊരു സംശയവുമില്ല. അല്ലാഹു, ഈ ചിന്ത നമുക്കെല്ലാവര്‍ക്കും ഔദാര്യമായി നല്‍കുമാറാകട്ടെ.! ഇന്നത്തെ മുഴുവന്‍ പ്രശ്നങ്ങള്‍ക്കുമുള്ള ഒരു സിദ്ധൗഷധമാണിത്.
പരിശുദ്ധ റമദാന്‍ നന്മകളുടെ പൂക്കാലമാണ്. പകലുകളിലെ നോമ്പ്, ഇരവുകളിലെ തറാവീഹ്, ഖുര്‍ആനുമായുള്ള ബന്ധം, ആവശ്യക്കാരെ സഹായിക്കല്‍, അല്ലാഹുവിന്‍റെ അടിമകളെ അവനിലേക്ക് അടുപ്പിക്കല്‍ മുതലായ മഹത്കര്‍മ്മങ്ങള്‍ക്കുള്ള സുവര്‍ണ്ണാവസരമാണിത്. എന്നാല്‍ നന്മകളിലൂടെ തുടങ്ങി, തിന്മകളില്‍ എത്തിച്ചേരുന്ന പലതും ഈ മാസത്തില്‍ നാം കാട്ടിക്കൂട്ടാറുണ്ട്. സ്നേഹ-സൗഹൃദ ബന്ധം ഉറപ്പിക്കാനെന്ന പേരില്‍ സമ്പത്തും സമയവും ആരോഗ്യവും പാഴാക്കുന്ന നോമ്പുതുറ പ്രകടനങ്ങള്‍ അതിലൊന്നാണ്. സമ്പന്നരുടെ വീടുകളില്‍ നടക്കുന്ന പൊങ്ങച്ചങ്ങളിരിക്കട്ടെ, ദീനീ സംഘടകളുടെയും മറ്റും പേരില്‍ നടത്തപ്പെടുന്ന നോമ്പുതുറകളും പരിധി ലംഘിച്ചുതുടങ്ങിയിരിക്കുന്നു. നൂറ് കണക്കിന് സഹോദരങ്ങള്‍ ജയിലുകളിലും ആശുപത്രികളിലും തീ തിന്ന് കഴിയുകയും, അവരുടെ ഭാര്യാ-മക്കളുടെ ജീവിതം താറുമാറാകുകയും ചെയ്യുന്ന ഘട്ടത്തില്‍, ദീനീകര്‍മ്മം എന്ന പേരില്‍ നടത്തപ്പെടുന്ന ഈ ധൂര്‍ത്തുകള്‍ കാരുണ്യമില്ലായ്മയാണ്. ഇത്തരം പരിപാടികള്‍ നാം നടത്താതിരിക്കലും ജനങ്ങളെ നിരുത്സാഹപ്പെടുത്തലുമാണ് ഇതില്ലാതാക്കാനുള്ള പോംവഴി. ബന്ധു-മിത്രങ്ങളെ ക്ഷണിച്ച് ആഹാരം കൊടുത്തുകൊള്ളുക, പക്ഷെ, നമസ്കാരം മുടക്കരുത്, പണം ധൂര്‍ത്തടിക്കരുത്. അല്ലാഹു നല്‍കിയ സമ്പത്ത് അമാനത്താണ്. അതിന് അര്‍ഹരായവര്‍ നമ്മുടെ ചുറ്റുഭാഗത്ത് തന്നെയുണ്ട്. അവര്‍ക്ക് അത് എത്തിച്ച് നല്‍കുക. അല്ലാഹു തൗഫീഖ് നല്‍കട്ടെ.!
പരിശുദ്ധ റമദാനില്‍ വേദനാജനകമായ പല രംഗങ്ങളും അരങ്ങേറാറുണ്ട്. സമ്പന്നരുടെ കടമകളെ കുറിച്ച് നിര്‍ധനരും, അവരുടെ ബാധ്യതകളെ കുറിച്ച് സമ്പന്നരും വാചാലരാകുന്നതും, കുറ്റപ്പെടുത്തല്‍-പരദൂഷണം-പരിഹാസം-പരനിന്ദ മുതലായ വന്‍പാപങ്ങളിലേക്ക് മറിഞ്ഞ് വീഴുന്നതും അതില്‍ പ്രധാനപ്പെട്ട ഒന്നാണ്. ഇരു കൂട്ടരുടെയും ഈ ശൈലി വലിയ അപകടങ്ങള്‍ ക്ഷണിച്ച് വരുത്തുന്നുണ്ട്. നിരപരാധികളായ സമ്പന്നരും സാധുക്കളും ക്രൂശിക്കപ്പെടുന്നു എന്നതാണ് ഇതിന്‍റെ വേദനാജനകമായ ഒരു പരിണിത ഫലം. അല്ലാഹു ഈ അവസ്ഥ മാറ്റുമാറാകട്ടെ.!
മുസ് ലിം ഉമ്മത്തിന്‍റെ ഇമാനിയായ സൗധത്തിന്‍റെ അടിസ്ഥാന ശിലകളാണ് നമസ്കാരവും സകാത്തും. റമദാന്‍ മാസത്തില്‍, മൊത്തത്തില്‍ സമൂഹം ഇവ രണ്ടിലേക്കും തിരിയാറുണ്ട്. പക്ഷെ, നമസ്കാരം കൂടുതല്‍ നന്നാക്കുക, സകാത്ത് ഉത്തമമായ നിലയില്‍ നല്‍കുക എന്ന കാര്യം വളരെ പിന്നിലാണ്. ബഹുമാന്യ ഉലമാ മഹത്തുക്കള്‍ക്ക് ഈ വിഷയത്തില്‍ വലിയ സേവനങ്ങള്‍ ചെയ്യാന്‍ കഴിയും. നമസ്കരിക്കുന്നവരെ കാര്‍മ്മികമായി പഠിപ്പിക്കുക. സകാത്ത് കൊടുക്കാന്‍ ബാധ്യതയുള്ളവരെ കണ്ട്, അവരെ പ്രേരിപ്പിക്കുകയും ഉത്തമമായ വിനിയോഗ സ്ഥാനം ചൂണ്ടിക്കാട്ടുകയും ചെയ്യുക. ഉലമാ മഹത്തുക്കള്‍ ഈ വിഷയത്തില്‍ മുന്നിട്ടിറങ്ങിയില്ലെങ്കില്‍, നമസ്കാരക്കാരും സകാത്ത് നല്‍കുന്നവരുമായ സഹോദരങ്ങള്‍ ഈ ഭാഗത്തേക്ക് ശ്രദ്ധിക്കേണ്ടതാണ്. പണ്ഡിതരെ കുറ്റം പറഞ്ഞ് നാം തെറ്റ് ചെയ്യാന്‍ നമുക്ക് അനുവാദമില്ല.!
ഇവ പഠിക്കാനും പകര്‍ത്താനും പ്രചരിപ്പിക്കാനും അല്ലാഹു തൗഫീഖ് നല്‍കട്ടെ.!
ആമീന്‍ പറയുന്നവര്‍ക്കും അല്ലാഹു കരുണ ചൊരിയട്ടെ.! 


4. ഇന്ത്യന്‍ മുസ് ലിംകളോട് 
റമദാനുല്‍ മുബാറക് സംസാരിക്കുന്നു.! 
അല്ലാമാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി (റഹ്) 
വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
സത്യവിശ്വാസികളേ, നിങ്ങളുടെ മേല്‍ നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ക്ക് മുന്‍പുളളവരുടെ മേല്‍ നിര്‍ബന്ധമാക്കപ്പെട്ടത് പോലെ. നിങ്ങള്‍ ഭയഭക്തി ഉള്ളവരാകാന്‍ വേണ്ടി. (സൂറത്തുല്‍ ബഖറ:183)
ഈ പരിശുദ്ധ ആയത്തില്‍ നോമ്പിനെ കുറിച്ചുളള പ്രേരണയും നിര്‍ബന്ധതയും  ലക്ഷ്യവും അടങ്ങിയിരിക്കുന്നു. ആദ്യം, സത്യ വിശ്വാസികളേ എന്ന് വിളിച്ച്കൊണ്ട് സംബോധന ചെയ്തിരിക്കുന്നു. അതെ, ഈമാനാണ് എല്ലാ നന്മകളുടെയും അടിസ്ഥാനം. ഈമാന്‍ ഇല്ലെങ്കില്‍ ഒന്നുകില്‍ നന്മ ഉണ്ടാകില്ല. അല്ലെങ്കില്‍ ശരിയാവുകയില്ല. ഈമാന്‍ ഉണ്ടെങ്കില്‍ നന്മ എളുപ്പമാകുന്നതാണ്. നന്മയിലേക്ക് ആഗ്രഹം ജനിക്കുന്നതാണ്.
തുടര്‍ന്ന് കല്‍പിച്ചു: നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. പ്രായപൂര്‍ത്തിയായ കഴിവുളള എല്ലാ
മുസ് ലിം സ്ത്രീ-പുരുഷന്‍മാര്‍ക്കും റമദാനിലെ നോമ്പ് നിര്‍ബന്ധമാണ്. ന്യായമായ കാരണമില്ലാതെ നോമ്പ് ഉപേക്ഷിക്കുന്നത് കഠിനകുറ്റമാണ്. മഹാപാപമാണ്. കൂട്ടത്തില്‍ ഉണര്‍ത്തി; നിങ്ങള്‍ക്ക് മുന്‍പുളളവര്‍ക്കും നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു.
ഇത് ഒരു ഭാഗത്ത് നോമ്പിന്‍റെ ഗൗരവം ഉണര്‍ത്തുമ്പോള്‍ മറു ഭാഗത്ത് കല്പനയുടെ ലാളിത്യം വരച്ച് കാട്ടുകയും ചെയ്യുന്നു. എല്ലാമതങ്ങളിലും നോമ്പ് നിര്‍ബന്ധമായിരുന്നു. അവയുടെ രൂപം, എണ്ണം, സമയം, തുടക്കം, നിയമം ഇവ വ്യക്തമല്ലെങ്കിലും നോമ്പ് എല്ലാവര്‍ക്കും സ്ഥിരപ്പെട്ട കാര്യമാണ്. എന്നാല്‍, ഇസ്ലാമിലെ നോമ്പ് വളരെ മധ്യമ നിലയിലുളളതാണ്. ധാരാളം തത്വങ്ങള്‍ അടങ്ങിയതുമാണ്.
1. പ്രഭാതം മുതല്‍ അസ്തമയം വരെ സമയം നിശ്ചയിച്ചു.
2. ഒരു മാസം തെരഞ്ഞടുത്തു.
3. എല്ലാവരും ഒരേ മാസത്തില്‍ നോമ്പനുഷ്ടിക്കുന്നു.
4. ആത്മീയ ദര്‍ശനമായ ഖുര്‍ആന്‍ അവതരിച്ച മാസമായ റമദാനില്‍ ആത്മീയത നിറഞ്ഞ നോമ്പ് പ്രകാശത്തിന് മേല്‍ പ്രകാശമാണ്.
5. ഓരോ വര്‍ഷവും നോമ്പ് അനുഷ്ടിക്കുന്നത് നമ്മില്‍ ഉന്മേഷവും ഉണര്‍വും നല്‍കുന്നു. (വിവരണത്തിന് ഇമാം ശാഹ് വലിയ്യുല്ലാഹിദ്ദഹ് ലവിയുടെ ഹുജ്ജതുല്ലാഹില്‍ ബാലിഗ നോക്കുക)
അവസാനമായി ഉണര്‍ത്തുന്നു: നിങ്ങള്‍ ഭയഭക്തി ഉളളവരായിത്തീരലാണ് നോമ്പിന്‍റെ പരമമായ ലക്ഷ്യം. അതായത്, അല്ലാഹുവിനോടുളള സ്നേഹവും ഭയവും ഉണ്ടാക്കിയെടുത്ത് ജീവിതം മുഴുവന്‍ സൂക്ഷ്മതയുളളതാക്കിത്തീര്‍ക്കുകയും കഴിവിന്‍റെ പരമാവധി കടമകള്‍ പരിപൂര്‍ണ്ണമായി നിര്‍വ്വഹിക്കുകയും ചെയ്യുക എന്നതാണ് നോമ്പിന്‍റെ ലക്ഷ്യം.
അധികമായി ഉപയോഗിക്കപ്പെടുന്ന ചില വാക്കുകളുടെ ശരിയായ ആശയം നഷ്ടപ്പെട്ട് പോകാറുണ്ട്.
തഖ് വ (ഭയഭക്തി) എന്നവാക്ക് ഇതില്‍പ്പെടും. അധികമായി നമസ്കരിക്കുകയും നമസ്കാരത്തില്‍ വലിയ ശ്രദ്ധ പുലര്‍ത്തുകയും ചെയ്യുന്നവര്‍ക്ക് തഖ് വ എന്ന സ്ഥാനം സാധാരണ നല്‍കപ്പെടാറുണ്ട്. എന്നാല്‍, അത് നമസ്കാരത്തിന്‍റെ വിഷയത്തിലുളള തഖ് വ മാത്രമാണ്. തഖ് വയെന്നാല്‍, ജീവിതം മുഴുവന്‍ സൂക്ഷ്മത പുലര്‍ത്തലും എല്ലാ കടമകളും കഴിവിന്‍റെ പരമാവധി നല്ല നിലയില്‍ നിര്‍വ്വഹിക്കലുമാണ്. ഇതിന്, നോമ്പിലൂടെ അല്ലാഹുവിനോടുളള സ്നേഹവും ഭയവും ഉണ്ടാക്കിയെടുക്കുക. കണ്ണ്, കാത്, നാവ്, വയര്‍, മനസ്സ് ഇവകളെ നിയന്ത്രിച്ച് നോമ്പ് അനുഷ്ഠിക്കുകയും പരിശുദ്ധ ഖുര്‍ആന്‍ പാരായണ-പഠനങ്ങളിലേര്‍പ്പെടുകയും രാത്രിയിലെ നമസ്കാരം അധികരിപ്പിക്കുകയും ദിക്ര്‍-ദുആകള്‍ വര്‍ദ്ധിപ്പിക്കുകയും മസ്ജിദുകളില്‍ അധികമായി കഴിഞ്ഞ് കൂടുകയും ചെയ്യുന്നത് കൊണ്ട് ഈ ഭയവും ഭക്തിയും ഉണ്ടാക്കിയെടുക്കാന്‍ കഴിയുന്നതാണ്.
ഇവിടെ തഖ് വ (ഭയഭക്തി) യുമായി ബന്ധപ്പെട്ട് വളരെ പ്രാധാന്യമര്‍ഹിക്കുന്ന അഞ്ച് കാര്യങ്ങള്‍ ഉണര്‍ത്തുകയാണ്.
ഒന്നാമതായി, എല്ലാ പാപങ്ങളില്‍ നിന്നും വിശിഷ്യാ വന്‍പാപങ്ങളില്‍ നിന്നും നാം തൗബ  ചെയ്ത് ഖേദിച്ച് മടങ്ങുക. തൗബയെന്നാല്‍, വെറുതെ അസ്തഗ്ഫിറുല്ലാഹ് എന്ന് പറയുക മാത്രമല്ല; പാപത്തെ വര്‍ജ്ജിക്കുകയും ഇനി ചെയ്യില്ലെന്ന് തീരുമാനിക്കുകയും സങ്കടത്തോടെ അല്ലാഹുവിനോട് പാപമോചനം തേടുകയും ചെയ്യലാണ്.
രണ്ടാമതായി, നാം പരസ്പരമുളള കടമകള്‍ പാലിക്കുന്നവരാകുക. മുന്‍പ് വന്നുപോയ വീഴ്ചകള്‍ പരസ്പരം പൊരുത്തപ്പെടുക. ഇത് തഖ്വയുടെ ഒരു പ്രധാനഭാഗമാണ്. ഇതിന് ശ്രമിച്ചില്ലെങ്കില്‍ നമ്മുടെ നന്‍മകളെല്ലാം മറ്റുളളവര്‍ക്ക് നല്‍കപ്പെടുന്നതാണ്.
മൂന്നാമതായി, നമ്മുടെയും മറ്റുളളവരുടെയും സന്താനങ്ങളുടെ ദീനീ വിദ്യാഭ്യാസത്തിലും ശിക്ഷണ-ശീലങ്ങളിലും ശ്രദ്ധിക്കുക. കുടുംബത്തിന് ആഹാരം നല്‍കുന്നത് പോലുളള ബാധ്യതയാണ് ആത്മീയ ആഹാരവും ശാശ്വത വിജയത്തിന്‍റെ അടിസ്ഥാനവുമായ ദീനീവിജ്ഞാനം. വിശിഷ്യാ, പാഠ്യപദ്ധതികളിലൂടെയും ദൃശ്യ-ശ്രവ്യ വാര്‍ത്താ മാധ്യമങ്ങളിലൂടെയും പ്രസിദ്ധീകരണങ്ങളിലൂടെയും അനിസ്ലാമികത പ്രചരിപ്പിക്കപ്പെടുന്ന ഇന്ത്യയില്‍ ഈ കടമ അതീവ പ്രാധാന്യമര്‍ഹിക്കുന്നു. ഇസ് ലാമിനെതിരില്‍ വളരെ ആസൂത്രിതമായ പരിശ്രമങ്ങളാണ് ചില പ്രസ്ഥാനങ്ങള്‍ നടത്തുന്നത് എന്നകാര്യം പരസ്യമായ രഹസ്യമാണ്. ബഹുമാന്യ നബിമാര്‍പോലും സന്താനങ്ങളുടെ ദീനീ വിഷയത്തില്‍ വലിയ ശ്രദ്ധ പുലര്‍ത്തിയിരുന്നു. ആകയാല്‍, സന്താനങ്ങള്‍ക്ക് ദീന്‍ നല്‍കുന്നതിന് മദ്റസകള്‍ സ്ഥാപിക്കുക, മദ്രസകളെ സഹായിക്കുക, ദീനീ രചനകള്‍ വായിപ്പിക്കുക, അല്ലാത്തപക്ഷം അടുത്ത തലമുറയ്ക്ക് ദീനുമായി ബന്ധം കാണില്ലെന്ന് മാത്രമല്ല ദീനീനെ പരിഹസിക്കുന്നവരും എതിര്‍ക്കുന്നവരും ആകാനും സാധ്യതയുണ്ട്.
നാലാമതായി, നമ്മുടെ അയല്‍വാസികളായ അമുസ്ലിംകളുമായി നല്ല ബന്ധം സ്ഥാപിക്കുക. ഇസ്ലാമിനെ അവര്‍ മനസ്സിലാക്കുകയും മനസ്സിലാക്കാന്‍ ആഗ്രഹമുണ്ടാക്കുകയും ചെയ്യുക. അതിന് മുന്‍നിരയില്‍ നിന്ന് വര്‍ത്തിക്കുക. ഈ രാജ്യവും രാജ്യനിവാസികളും അല്ലാഹു നമ്മെ ഏല്‍പ്പിച്ച വലിയ സൂക്ഷിപ്പ് മുതലാണ്. അവരോടുളള കടമ നാം ഉണര്‍ന്ന് പ്രവര്‍ത്തിക്കുക.
ഇവയെക്കാളെല്ലാം പ്രഥമവും പ്രധാനവുമായ തഖ് വ, 
നാം ഇസ് ലാമിനെ പഠിക്കുകയും പകര്‍ത്തുകയും ചെയ്യലാണ്. നമ്മുടെ ജീവിതം ഇസ് ലാമികമാക്കുക. നമ്മുടെ സ്വഭാവ രീതികളും സംസ്കാര-ശൈലികളും ദീനനുസരിച്ചാക്കുക. എന്നാല്‍, മറ്റുളളവരും ദീനിനെ മനസ്സിലാക്കുകയും ഇസ് ലാമില്‍ ആകൃഷ്ടരാകുകയും ചെയ്യുന്നതാണ്.
ഇത് വെറും തത്വങ്ങളല്ല, അല്ലാഹു പരിശുദ്ധ ഖുര്‍ആനിലൂടെ അറിയിച്ചതും കാലഘട്ടം സാക്ഷ്യം വഹിച്ചതുമായ യാഥാര്‍ത്ഥ്യങ്ങളാണ്.
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിച്ചു ജീവിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് സത്യവും അസത്യവും വിവേചിക്കാനുളള കഴിവ് അവനുണ്ടാക്കിത്തരികയും, അവന്‍ നിങ്ങളുടെ തിന്‍മകള്‍ മായ്ച്ചു കളയുകയും, നിങ്ങള്‍ക്ക് പൊറുത്തു തരികയും ചെയ്യുന്നതാണ്. അല്ലാഹു മഹത്തായ അനുഗ്രഹമുളളവനാകുന്നു. (സൂറത്തു അന്‍ഫാല്‍ : 29)


5. റമദാനുല്‍ മുബാറക് 
ആസ്വദിക്കാം.! 
-ഹാഫിസ് മുസ്സമ്മില്‍ കൗസരി ഖാസിമി 
അല്ലാഹുവിന്‍റെ കാരുണ്യം സത്യവിശ്വാസികള്‍ക്ക് ഏറ്റവും അധികം ലഭ്യമാകുന്ന റമദാനുല്‍ മുബാറക് സമാഗതമായിരിക്കുന്നു. ഇത് ഖുര്‍ആനിന്‍റെ മാസമാണ്.! ഖുര്‍ആന്‍ മാത്രമല്ല ,സകല ഇലാഹിയായ ഗ്രന്ഥങ്ങളുടെയും മാസം.! തൗറാത്ത് റമദാനിന്‍റെ ആദ്യ വാരത്തിലും സബൂര്‍ രണ്ടാം വാരത്തിലും ഇന്‍ജീല്‍ മൂന്നാം വാരത്തിലും ഫുര്‍ഖാന്‍ അവസാന ഭാഗത്തിന്‍റെ ഖദ്റിന്‍റെ രാത്രിയിലുമാണ് അല്ലാഹു അവതരിപ്പിച്ചത്.! ഈ നാല് ഗ്രന്ഥങ്ങള്‍ക്ക് മുമ്പ് ഇറക്കപ്പെട്ട ഏടുകളും റമദാനില്‍ തന്നെയാണവതരിപ്പിച്ചതെന്നും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ആകാശ ഭൂമികളെ സൃഷ്ടിച്ച നാളു മുതല്‍ മാസം പന്ത്രണ്ട് ആണെന്ന ഖുര്‍ആനിക പ്രഖ്യാപനം റമദാന്‍ പ്രപഞ്ചോല്‍പ്പത്തി മുതല്‍ അല്ലാഹു തെരഞ്ഞെടുത്തു എന്ന് ബോധ്യപ്പെടുത്തുന്നു.
അല്ലാഹു തന്‍റെ ദാസന്മാരായ മനുഷ്യര്‍ക്ക് നല്‍കിയ ഏറ്റവും വലിയ കാരുണ്യമാണ് അവന്‍റെ ഗ്രന്ഥങ്ങള്‍. അതില്‍ എല്ലാ ഗ്രന്ഥങ്ങളുടെയും ആകെ തുകയാണ് ഖുര്‍ആന്‍.!
ഖുര്‍ആന്‍ കാരുണ്യവാനായ അല്ലാഹുവിന്‍റെ കരുണയുടെ ഒരു ഭാഗമാണ്. അത് കാരുണ്യത്തിന്‍റെ തിരുദൂതര്‍ക്ക് അവതരിപ്പിച്ചുകൊണ്ട് ലോകത്തോട് അല്ലാഹു കരുണ കാണിച്ചത് വിശുദ്ധ റമദാനിലാണ്. അല്ലാഹുവിന്‍റെ അതിരുകളില്ലാത്ത കാരുണ്യം ഒഴുകിയെത്തുന്ന ഈ പുണ്യ മാസം വിശ്വാസികള്‍ക്ക് ആനന്ദത്തിന്‍റെയും ആത്മ നിര്‍വൃതിയുടെയും മാസമാണ്. ഈ വ്രത മാസത്തില്‍ അല്ലാഹുവിന്‍റെ കാരുണ്യത്തിന്‍റെ ആഴം അറിയിക്കുന്ന അനവധി കാര്യങ്ങള്‍ പ്രവാചകന്‍ എണ്ണിയെണ്ണി പറയുന്നുണ്ട്.
അല്ലാഹുവിന്‍റെ കരുണയുടെ പ്രപഞ്ചമായ സ്വര്‍ഗ്ഗത്തിലേക്കുളള എല്ലാ പാതകളും തുറക്കപ്പെടുന്ന മാസം.! ഇലാഹിന്‍റെ കോപം തിളച്ചുമറിയുന്ന നരകലോകത്തിന്‍റെ കവാടങ്ങള്‍ അടച്ചു പൂട്ടപ്പെടുന്ന മാസം.! ഇലാഹീ കരുണ ആദമിന്‍റെ മകന് ലഭിക്കാതിരിക്കാന്‍ പ്രവര്‍ത്തിക്കുന്ന നീചന്മാരായ പൈശാചിക ശക്തികളെ അടിച്ചമര്‍ത്തപ്പെടുന്ന മാസം.! അല്ലാഹുവിന്‍റെ കാരുണ്യവും പാപമോചനവും ദാസന്മാര്‍ക്ക് ലഭിക്കാന്‍ മലാഇകത്തുകള്‍ പ്രാര്‍ത്ഥനാനിരതരാകുന്ന പുണ്യമാസം.! എല്ലാറ്റിലുമുപരി ഉടമസ്ഥനായ നാഥന്‍ ആകാശലോകത്തേക്ക് ഇറങ്ങി വന്നുകൊണ്ട് പ്രപഞ്ചത്തിനാകമാനം കാരുണ്യം വര്‍ഷിക്കുകയും പശ്ചാത്തപിക്കുന്നവരുടെ തൗബ സ്വീകരിച്ച് ശുദ്ധീകരിക്കുകയും ചെയ്യുന്ന മാസം.! ഇങ്ങനെ സൃഷ്ടി പ്രപഞ്ചമഖിലവും ഇലാഹീ കാരുണ്യം കൊണ്ടുപൊതിയുന്ന പുണ്യ ദിനരാത്രങ്ങള്‍ക്കാണ് റമദാനുല്‍ മുബാറക് സാക്ഷിയാകുന്നത്.
റമദാനുല്‍ മുബാറക് ഒരു മഹാ സംഭവമാണ്.! മനുഷ്യ ചിന്തകള്‍ക്കും കണക്കുകൂട്ടലുകള്‍ക്കും വഴങ്ങാത്ത അനുഗ്രങ്ങളുടെ പുണ്യമാസം.! അതുകൊണ്ടു തന്നെ റമദാനുല്‍ മുബാറക് ആസ്വാദനത്തിന്‍റെ മാസമാണ്. തിന്നും കുടിച്ചും രമിച്ചും ആസ്വദിക്കുന്ന മൃഗീയതയുടെയും ഒരു പടികൂടി കടന്നു പൈശാചികതയുടെയും അര്‍ത്ഥശൂന്യമായ ആസ്വാദനമല്ല. മറിച്ച്, മനുഷ്യന് അനുഭവവേദ്യമായതും എന്നാല്‍ അറിയാന്‍ കഴിഞ്ഞിട്ടില്ലാത്തതുമായ ആത്മാവിന്‍റെയും മനസിന്‍റെയും ആസ്വാദനത്തിന്‍റെ മാസം.! ഇലാഹില്‍ നിന്നും ലഭിച്ച ആത്മാവ് പരിശുദ്ധിയുടെ തിളക്കം കൊണ്ട് പ്രകാശിച്ച് ആകാശ ഭൂമികളുടെ പ്രകാശമായ സ്രഷ്ടാവിനോട് അടുത്ത് ആ പ്രകാശത്തില്‍ ലയിക്കാന്‍ കൊതിച്ചു പ്രശോഭിക്കുന്ന അവസരം.! വ്രതം യഥാര്‍ത്ഥത്തില്‍ അത്തരം അനുഭൂതിയിലേക്കാണ് മനുഷ്യനെ ആനയിക്കുന്നത്. അതുകൊണ്ടുതന്നെയാണ് വ്രതത്തിന്‍റെ വ്യത്യസ്ത പദവികളെക്കുറിച്ച് ഇമാം ഗസ്സാലിയെ പോലെയുളളവര്‍ നിരീക്ഷിച്ചത്.
ഇമാം ഗസ്സാലി (റ) എഴുതി :
വ്രതം മൂന്ന് തരത്തിലുണ്ട്.
ഒന്ന്; സാധാരണക്കാരുടെ വ്രതം. ഉദരത്തെയും ഗുഹ്യസ്ഥാനത്തെയും, നോമ്പിന് കോട്ടം വരുത്തുന്ന കാര്യങ്ങളില്‍ നിന്നും സൂക്ഷിക്കുക. അതായത്, അന്ന-പാനീയങ്ങളും ലൈംഗിക സുഖങ്ങളും വെടിഞ്ഞ് കൊണ്ട് കര്‍മ്മശാസ്ത്ര നിയമങ്ങള്‍ പാലിച്ച് വ്രതമെടുക്കുക.
രണ്ട്; അല്ലാഹുവിന്‍റെ സാമീപ്യം സിദ്ധിച്ചവരുടെ വ്രതം. ഉദരത്തെയും ഗുഹ്യസ്ഥാനത്തെയും സൂക്ഷിക്കുന്നതിനൊപ്പം കണ്ണ്, കാത്, നാവ്, കയ്യ്, കാല്‍ തുടങ്ങി മറ്റ് ബാഹ്യ അവയവങ്ങളെയും തിന്മകളില്‍ നിന്നും പൂര്‍ണ്ണമായി സൂക്ഷിക്കുക.
മൂന്ന്; അല്ലാഹുവിന്‍റെ ഏറ്റവും സാമീപ്യം സിദ്ധിച്ച പ്രത്യേകക്കാരുടെ വ്രതം. അല്ലാഹു ഒഴിച്ചുളള സകല വസ്തുക്കളില്‍ നിന്നും ഇഹലോക സംബന്ധമായ സകല ചിന്തകളില്‍ നിന്നും ഹൃദയത്തെ സൂക്ഷിച്ച് അല്ലാഹുവില്‍ കേന്ദ്രീകരിക്കുക. അല്ലാഹുവും പരലോകവും ഒഴിച്ചുളള എന്തെങ്കിലും വിഷയമോ ഇഹലോക സംബന്ധമായ എന്തെങ്കിലും കാര്യങ്ങളോ ആലോചിക്കുന്നതു മുഖേന ഇവരുടെ വ്രതം മുറിഞ്ഞ് പോകുന്നു. ഇത് പ്രവാചകന്മാരുടെയും, സിദ്ദീഖീങ്ങളുടെയും ഇലാഹീ സാമീപ്യം സിദ്ധിച്ച ഉല്‍കൃഷ്ടരുടെയും സ്ഥാനമാണ്. അത് അക്ഷരങ്ങളിലൂടെ വിവരിക്കേണ്ടതല്ല.  നീ, അല്ലാഹ് എന്ന് പറഞ്ഞ് കൊണ്ട് സര്‍വ്വതും ഒഴിവാക്കുക.! എന്ന ഖുര്‍ആനിക വചനത്തിന്‍റെ അന്തസത്ത ഉള്‍ക്കൊണ്ട് സകല ചിന്തയില്‍ നിന്നും ഹൃദയത്തെ മോചിപ്പിച്ച് അല്ലാഹുവില്‍ മാത്രം കേന്ദ്രീകരിക്കലാണ് അതിന്‍റെ ലക്ഷ്യം. (ഇഹ് യ : അസ്റാറുസൗം)
സാധാരണക്കാര്‍ക്ക് അസാധ്യമായി തോന്നാവുന്ന ഈ വ്രതം ഉല്‍കൃഷ്ടര്‍ക്ക് സാധ്യമായത് തന്നെയാണ്. ഇങ്ങനെ ഒരു ദാസന് അല്ലാഹുവുമായുളള ബന്ധം അങ്ങേയറ്റം സുദൃഢമാക്കാനുതകുന്ന അനുഗ്രഹീത മാസമാണിത്. പാപങ്ങള്‍ വെടിഞ്ഞും ഇബാദത്തുകള്‍ വര്‍ദ്ധിപ്പിച്ചും ആരാധനകളുടെ ലക്ഷ്യപ്രാപ്തി കരഗതമാക്കിയും ആത്മാവിനെ ശുദ്ധീകരിച്ച് ആത്മ നിര്‍വൃതി നേടാനുളള സുവര്‍ണാവസരം.! റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: അല്ലാഹു പറയുന്നു. നോമ്പ് എനിക്കുളളതാണ്. ഞാന്‍ തന്നെയാണതിന്‍റെ പ്രതിഫലം നല്‍കുന്നതും.! 


6. ബഹുമാന്യ ഹാഫിസുകളോട്... 
പരിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണ്ണമായ മക്കത്തുല്‍ മുകര്‍റമയില്‍ നിന്നും 
ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 
പരിശുദ്ധ ഖുര്‍ആന്‍ നമുക്ക് പഠിക്കാന്‍ പടച്ചവന്‍ തൗഫീഖ് നല്‍കി എന്നത് അല്ലാഹുവിന്‍റെ ഏറ്റവും വലിയ അനുഗ്രഹമാണ്. എന്നാല്‍ അതിനോട് കൂടി പരിശുദ്ധ ഖുര്‍ആന്‍ കഴിവിന്‍റെ പരമാവധി സംരക്ഷിക്കാനും നിലനിര്‍ത്താനും പരിശ്രമിക്കലും നമ്മുടെ ബാധ്യതയാണ്. ഇതിന് വേണ്ടി അല്ലാഹു നല്‍കിയിരിക്കുന്ന ഒരു അവസരമാണ് അനുഗ്രഹീത റമദാനുല്‍ മുബാറക്. തറാവീഹ് നമസ്കാരത്തെ പ്രധാനമായും സജീവമാക്കിയത് മഹാനായ ഉമര്‍ (റ) ആണ്. പരിശുദ്ധ ഖുര്‍ആനിന്‍റെ ക്രോഡീകരണത്തിന് ആദ്യമായി മുന്നിട്ടിറങ്ങിയതും ഉമര്‍ (റ) തന്നെയാണ്. അത് കൊണ്ട് പരിശുദ്ധ ഖുര്‍ആനിന് തറാവീഹുമായി വലിയ ബന്ധമുണ്ട്. ആകയാല്‍ നാം ഓരോരുത്തരും തറാവീഹ് നമസ്കാരത്തില്‍ പരിശുദ്ധ ഖുര്‍ആന്‍ ഓതാനും കേള്‍പ്പിക്കാനും സന്നദ്ധരാകണം. എവിടെയെങ്കിലും ഇമാമത്ത് ലഭിച്ച ഹാഫിസുകള്‍ ഭാഗ്യവാന്മാര്‍.! വലിയ അമാനത്തോടെ ആ ഇമാമത്ത് അവര്‍ നിര്‍വ്വഹിക്കണം. ഇമാമത്തിന്‍റെ നിയമങ്ങളും മര്യാദകളും പാലിച്ച് ഇമാമത്ത് നിര്‍വ്വഹിക്കുക. ദിവസവും കുറഞ്ഞത് പത്ത് പ്രാവശ്യമെങ്കിലും ഓതിയതിന് ശേഷം മാത്രം തറാവീഹില്‍ ഓതാന്‍ ശ്രദ്ധിക്കുക. 
29 അല്ലെങ്കില്‍ 27 നാണ് ഖുര്‍ആന്‍ ഖതം തീര്‍ക്കുന്നതെങ്കില്‍, ജനങ്ങള്‍ക്ക് ഖുര്‍ആന്‍ ഓതാനും ശ്രദ്ധിക്കാനും സാധിക്കുന്ന നിലയില്‍ കൃത്യതയോട് കൂടി ഓതിക്കൊണ്ടിരിക്കുക. താങ്കളെ പോലെയുള്ളവരുടെ പാരായണം കാരണം, ധാരാളം ആളുകള്‍ ഖുര്‍ആന്‍ മനനം ചെയ്യുകയും അല്ലെങ്കില്‍ ഏകദേശ ബന്ധം ഉണ്ടാക്കിയെടുക്കുകയും മക്കളെ പരിശുദ്ധ ഖുര്‍ആന്‍ മനനം ചെയ്യാന്‍ അയക്കുകയും ചെയ്തിട്ടുണ്ട്. അത് ഇനിയും നിലനില്‍ക്കണം. മറുഭാഗത്ത് ചില ഹാഫിസുകളുടെ തെറ്റായ പാരായണവും മറ്റും കാരണം, മുമ്പ് ഹാഫിസുകള്‍ ഇമാമത്ത് നിന്നിരുന്ന പല സ്ഥലങ്ങളിലും, തറാവീഹിന് ഹാഫിസുകള്‍ വേണ്ട എന്ന് തീരുമാനിക്കപ്പെടാനും ദൗര്‍ഭാഗ്യവശാല്‍ കാരണമായിട്ടുണ്ട്. അത് കൊണ്ട് വളരെ ശ്രദ്ധയോടെ, ഖിയാമത്ത് നാള്‍ വരെയും ഈ മസ്ജിദില്‍ ഹാഫിസുകള്‍ ഇമാമത്ത് നില്‍ക്കണമെന്നും അല്ലാഹുവിന്‍റെ അടിമകള്‍ കൈയ്യും കെട്ടി ഖുര്‍ആന്‍ കേള്‍ക്കണമെന്ന ഒരു ലക്ഷ്യം വെച്ച് നിങ്ങള്‍ നല്ലനിലയില്‍ പരിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യണം. കഴിവിന്‍റെ പരമാവധി സൂക്ഷ്മതയോടുകൂടി ഓതുക. തെറ്റുകള്‍ വന്നാല്‍ തിരുത്തുന്നതില്‍ യാതൊരു മടിയും കാണിക്കരുത്. ആരെങ്കിലും പുറകില്‍ ഖുര്‍ആന്‍ ശരീഫ് നോക്കുന്നുണ്ടെങ്കില്‍ അതില്‍ നിങ്ങള്‍ അസ്വസ്ഥരാകരുത്. തെറ്റുകള്‍ ചൂണ്ടിക്കാണിക്കപ്പെട്ടാല്‍ സന്തോഷത്തോടെ സ്വീകരിക്കണം. ഇനി ഏതെങ്കിലും തെറ്റ് ജനങ്ങള്‍ അറിയാതിരിക്കുകയും, എന്നാല്‍ നിങ്ങള്‍ അറിയുകയും ചെയ്താല്‍ അത് തിരുത്തി ഓതാന്‍ ശ്രദ്ധിക്കണം. ഈ രീതിയില്‍ പരിശുദ്ധ ഖുര്‍ആന്‍ ശരീഫ് നിങ്ങള്‍ നല്ല നിലയില്‍ ഓതുക. ഖുര്‍ആന്‍ ഓതുന്ന സമയത്ത്, മനസ്സില്‍ ഖുര്‍ആന്‍ ഉറയ്ക്കലും ഉറപ്പിക്കലും ഖുര്‍ആനിന്‍റെ പ്രചാരണവും മാത്രം ലക്ഷ്യമാക്കുക. 
പേര്, പെരുമ, സാമ്പത്തിക മോഹങ്ങള്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ല. ആരെങ്കിലും നിങ്ങള്‍ക്ക് പൈസയോ മറ്റോ നല്‍കിയാല്‍ നിങ്ങള്‍ അതിനെ നിങ്ങളുടെ മാതാപിതാക്കളെ ഏല്‍പ്പിക്കുക. നിങ്ങള്‍ക്ക് ആ വസ്തുക്കളുമായി പ്രത്യേക ബന്ധമൊന്നും ഉണ്ടാകാന്‍ പാടില്ല. എല്ലാ ഹാഫിസുകള്‍ക്കും നല്ല നിലയില്‍ പരിശുദ്ധ ഖുര്‍ആന്‍ ഓതാന്‍ തൗഫീഖ് നല്‍കട്ടെ.! ആയിരക്കണക്കിന് ഹാഫിസുകള്‍ക്ക് അല്ലാഹു നിങ്ങളെ കാരണക്കാരാക്കട്ടെ.! 
ഖുര്‍ആന്‍ മനനം ചെയ്തെങ്കിലും ഇമാമത്ത് ലഭിക്കാത്തവര്‍, അവര്‍ രണ്ട് വിഭാഗമാണ്: ഒന്ന്, പരിശുദ്ധ ഖുര്‍ആന്‍ പൂര്‍ണ്ണമായി അറിയാം. പക്ഷെ, അവര്‍ക്ക് ഇമാമത്ത് ലഭിച്ചിട്ടില്ല. അവര്‍ എവിടെയെങ്കിലും ഇമാമത്ത് നില്‍ക്കാന്‍ പരിശ്രമിക്കുക. ഇഷാഅ് നമസ്കാരം ജമാഅത്തായി മസ്ജിദില്‍ നമസ്കരിക്കുകയും ശേഷം വീട്ടില്‍ വന്ന് ഉമ്മയുടെ മുന്നില്‍ നിന്ന് തറാവീഹ് നമസ്കാരം നിര്‍വ്വഹിക്കുക. മസ്ജിദില്‍ നമസ്കരിക്കുന്ന ആരെയും പിടിച്ച് വലിക്കരുത്. എന്നാല്‍ മഹ്റമുകളായ സ്ത്രീകള്‍ക്കും മറ്റും ഇമാമായി നമസ്കരിക്കുക. ഒരു മടിയും കൂടാതെ ഇത് നിര്‍വ്വഹിക്കുക. ധാരാളം ഹാഫിസുകള്‍ ഇമാമത്ത് നില്‍ക്കാതിരിക്കുകയും പതിയെപതിയെ പരിശുദ്ധ ഖുര്‍ആന്‍ തന്നെ മറന്ന് പോകുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. ഇമാമത്ത് അല്‍പം ഭാരമുള്ള കാര്യമാണ്. അത് ഉപേക്ഷിക്കാന്‍ തുടങ്ങിയാല്‍ പിന്നീട് നിരന്തരം ഉപേക്ഷിക്കുന്ന അവസ്ഥയുണ്ടായിത്തീരാന്‍ സാധ്യതയുണ്ട്. ആയതിനാല്‍ ഇമാമത്ത് ലഭിക്കാത്ത ഹാഫിസുകള്‍ വീട്ടിലോ, പറമ്പിലോ, കടയിലോ എവിടെയെങ്കിലുമോ ഇമാമത്ത് നില്‍ക്കുക. അതിന് വേണ്ടി ആളുകളെ വിളിച്ചുകൂട്ടേണ്ടതില്ല, എന്നാലും സാധിക്കുന്ന രീതിയില്‍ ഇമാമത്ത് നില്‍ക്കുക. 
രണ്ട്, പരിശുദ്ധ ഖുര്‍ആന്‍ പൂര്‍ണ്ണമായി അറിയാത്തതിന്‍റെ പേരില്‍ ഇമാമത്ത് നില്‍ക്കുന്നതില്‍ നിന്നും ഒഴിഞ്ഞുമാറുന്നവര്‍. അവരും മേല്‍ പറഞ്ഞത് പോലെ വീട്ടിലും മറ്റും ഇമാമത്ത് നില്‍ക്കാന്‍ പരിശ്രമിക്കുക. ഭാര്യ, മക്കള്‍ തുടങ്ങിയവരെ കൂട്ടത്തില്‍ നിര്‍ത്തുക. ശേഷം കാണാതെ അറിയുന്ന ഭാഗങ്ങള്‍ ഓതുകയും മറന്ന് പോയ ഭാഗങ്ങള്‍ ഉണ്ടെങ്കില്‍ പകലില്‍ കുറെ പ്രാവശ്യം അവ ഓതുകയും ശേഷം -ശാഫിഈ മദ്ഹബ് അനുസരിച്ച്- പരിശുദ്ധ ഖുര്‍ആന്‍ കൈയ്യില്‍ പിടിച്ചുകൊണ്ട് നോക്കി ഓതുകയും ചെയ്തിട്ടാണെങ്കിലും പരിശുദ്ധ ഖുര്‍ആന്‍ നിലനിര്‍ത്താന്‍ പരിശ്രമിക്കല്‍ വലിയൊരു ആവശ്യമാണ്. രാവും പകലും പരിശുദ്ധ ഖുര്‍ആനിലായി നടക്കുക. നിങ്ങളുടെ ഖുര്‍ആനുമായിട്ടുള്ള ബന്ധം കാരണം, മറ്റുള്ളവര്‍ക്കും അതിലേക്ക് ആഗ്രഹം വരണം. പരിശുദ്ധ ഖുര്‍ആന്‍ കൈകൊണ്ട് എടുക്കാത്തവര്‍ അത് എടുക്കണം, പരിശുദ്ധ ഖുര്‍ആന്‍ ഓതാത്തവര്‍ അത് ഓതണം, പരിശുദ്ധ ഖുര്‍ആന്‍ കേള്‍ക്കാത്തവര്‍ അത് കേള്‍ക്കാന്‍ ആഗ്രഹിക്കണം... ഈ നിലയില്‍ നിങ്ങള്‍ക്ക് പരിശുദ്ധ ഖുര്‍ആനുമായി ബന്ധം വേണം. അല്ലാഹു നമുക്കേവര്‍ക്കും നല്ല ബന്ധം നല്‍കട്ടെ.! പരിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണ്ണമായ വിശുദ്ധ ഹറമില്‍ സ്വഫാ മലയുടെ മുകളില്‍ വെച്ചാണിത് വിനീതന്‍ തയ്യാറാക്കുന്നത്. മസ്ജിദുന്നബവയ്യുശ്ശരീഫ് ഇമാം, അബ്ദുര്‍റഹ്മാന്‍ ഹുദൈഫി (ഹഫിദഹുല്ലാഹ്) പരിശുദ്ധ ഖുര്‍ആന്‍ ഓതിക്കൊണ്ട് നടക്കുന്നതായി കാണാന്‍ സാധിച്ചു. അദ്ദേഹവും അദ്ദേഹത്തിന്‍റെ മര്‍ഹൂമായ ശിഷ്യന്‍ ശൈഖ് മുഹമ്മദ് അയ്യൂബ് (റഹിമഹുല്ലാഹ്) പരിശുദ്ധ ഖുര്‍ആന്‍ ദൗറ ചെയ്യുമായിരുന്നു. ഹബീബായ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ പ്രധാന സുന്നത്താണ്. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യും ജിബ്രീല്‍ (അ) ഉം പരിശുദ്ധ ഖുര്‍ആന്‍ ദൗറ ചെയ്യുമായിരുന്നു. ആയതിനാല്‍ ഈ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക. റഹ് മാനായ റബ്ബ് തൗഫീഖ് നല്‍കട്ടെ.! അനുഗ്രഹിക്കട്ടെ.! സ്വീകരിക്കട്ടെ.! 


7. റമദാനുല്‍ മുബാറക് 
സമ്പന്നമാക്കാം.! 
1. റമദാനുല്‍ മുബാറകിനെ സ്വീകരിക്കാന്‍ ശഅ്ബാന്‍ മുതല്‍ മാനസികമായി ഒരുങ്ങുകയും സമയങ്ങള്‍ ക്രമീകരിക്കുകയും ചെയ്യുക:
ആഇശ (റ) പ്രസ്താവിക്കുന്നു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ശഅ്ബാനില്‍ മറ്റ് മാസങ്ങളെക്കാള്‍ കൂടുതല്‍ നോമ്പ് അനുഷ്ടിച്ചിരുന്നു. (തിര്‍മിദി)
2. പരിപൂര്‍ണ്ണ ശ്രദ്ധയോടെയും ആഗ്രഹത്തോടെയും റമദാന്‍ പിറ നോക്കുക. കണ്ടാല്‍ ദുആ ഇരക്കുക: 
الله أكبر اللهم أهله علينا بالأمن و الإيمان و السلامة و الإسلام و التوفيق لما تحب و ترضى ربنا و ربك الله
അല്ലാഹുവാകുന്നു ഏറ്റവും വലിയവന്‍. അല്ലാഹുവേ, നീ ഇഷ്ടപ്പെടുകയും തൃപ്തിപ്പെടുകയും ചെയ്യുന്ന വിധത്തില്‍ ഇതിനെ സമാധാനത്തോടെയും ശാന്തിയോടെയും നിര്‍ഭയത്തോടും നീ ഉദിപ്പിക്കേണമേ. (ചന്ദ്രികേ) ഞങ്ങളുടെയും നിന്‍റെയും റബ്ബ് അല്ലാഹുവാകുന്നു. (തിര്‍മിദി)
3. ഇബാദത്തുകളില്‍ പ്രത്യേക താല്‍പര്യം പ്രകടിപ്പിക്കുക, ഫര്‍ള് നമസ്കാരങ്ങള്‍ കൂടാതെ സുന്നത്തുകളിലും ശ്രദ്ധ പതിപ്പിക്കുക. കൂടുതലായി നന്മകള്‍ സമ്പാദിക്കുക. മഹത്വവും ഐശ്വര്യവും നിറഞ്ഞ ഈ മാസം അല്ലാഹുവിന്‍റെ വലിയ അനുഗ്രഹമാണ്. ഒരിക്കല്‍ ശഅ്ബാനിന്‍െറ അവസാനദിനം റസൂലുല്ലാഹി  അരുളി: "അല്ലയോ ജനങ്ങളേ! നിങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിനായി മഹത്തായ ഒരു മാസം ഇതാ ആഗതമായിരിക്കുന്നു. അത് അനുഗ്രഹീതമായ ഒരു മാസമാണ്. ആ മാസത്തില്‍ ലൈലത്തുല്‍ ഖദ്ര്‍ എന്നൊരു രാത്രിയുണ്ട്. അത് ആയിരം മാസത്തെക്കാള്‍ ശ്രേഷ്ഠമായതാണ്. ആ മാസത്തിലെ നോമ്പിനെ അല്ലാഹു ഫര്‍ളാക്കിയിരിക്കുന്നു. അതിന്‍റെ രാത്രിയിലുളള നിറുത്തത്തെ (തറാവീഹ് നമസ്കാരത്തെ) അധികമായ നന്മക്കുളളതുമാക്കിയിരിക്കുന്നു. ആ മാസത്തില്‍ ഒരാള്‍ എന്തെങ്കിലും നന്മ ചെയ്തു അല്ലാഹുവുമായി അടുത്താല്‍ അവന്‍ മറ്റ് മാസങ്ങളില്‍ ഫര്‍ള് നിര്‍വ്വഹിച്ചവനെപ്പോലെയാണ്. ഒരാള്‍ ആ മാസത്തില്‍ ഒരു ഫര്‍ള് നിര്‍വ്വഹിച്ചാല്‍ അവന്‍ റമദാനല്ലാത്ത മാസത്തില്‍ 70 ഫര്‍ള് നിര്‍വ്വഹിച്ചവനെപ്പേലെയാണ്. അത് ക്ഷമയുടെ മാസമാണ്. ക്ഷമയുടെ പ്രതിഫലം സ്വര്‍ഗ്ഗമാണ്. അത് സാധുക്കളെ സഹായിക്കേണ്ട മാസമാണ്. ആ മാസത്തില്‍ മുഅ്മിനിന്‍റെ രിസ്ഖ് അധികരിപ്പിക്കപ്പെടുന്നതാണ്. 
4. റസൂലുല്ലാഹി  അരുളി: വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി ആരൊരുവന്‍ റമദാനില്‍ നോമ്പനുഷ്ഠിക്കുന്നുവോ, അവന്‍റെ മുന്‍ കഴിഞ്ഞ പാപങ്ങളെല്ലാം പൊറുക്കപ്പെടുന്നതാണ്. (ബുഖാരി)
5.  മാസം മുഴുവന്‍ അത്യന്തം ആഗ്രഹത്തോടെയും ശ്രദ്ധയോടെയും നോമ്പ് അനുഷ്ഠി ക്കുക. കഠിനരോഗ കാരണമായോ ശരീഅത്ത് അനുവദിച്ച മറ്റ് കാരണങ്ങളാലോ നോമ്പ് അനുഷ്ടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും റമദാന്‍ മാസത്തെ ആദരിക്കുക. പരസ്യമായി ആഹാര-പാനീയങ്ങള്‍ ഉപയോഗിക്കരുത്. നോമ്പുകാരനെപ്പോലെ കഴിയുക.
6. അബൂ ഹുറയ്റ رضي الله عنه വിവരിക്കുന്നു.
റസൂലുല്ലാഹി  അരുളി:
മൂന്ന് വിഭാഗം ആളുകളുടെ പ്രാര്‍ത്ഥന തടയപ്പെടുന്നതല്ല. 
1. നോമ്പുകാരന്‍ നോമ്പ് തുറക്കുന്നത് വരെ ചെയ്യുന്ന പ്രാര്‍ത്ഥന. 
2. നീതിമാനായ ഭരണാധികാരിയുടെ പ്രാര്‍ത്ഥന. 
3. മര്‍ദ്ദിതന്‍റെ പ്രാര്‍ത്ഥന. 
അല്ലാഹു അതിനെ ഒരു മേഘത്തിന്‍റെ മുകളില്‍ ഉയര്‍ത്തിവെയ്ക്കുകയും ആകാശവാതിലുകള്‍ അതിന് വേണ്ടി തുറക്കപ്പെടുകയും ചെയ്യുന്നതാണ്. എന്‍റെ അന്തസ്സില്‍ സത്യമായി നിന്നെ ഞാന്‍ സഹായിക്കുക തന്നെ ചെയ്യും. (എന്തെങ്കിലും നന്മയുടെ പേരില്‍) അല്പം താമസം നേരിട്ടാലും ശരി എന്ന് പടച്ചവന്‍ പറയുകയും ചെയ്യുന്നതാണ്. (തിര്‍മുദി, ഇബ്നു മാജ:)
7. അബൂ ഹുറയ്റ رضي الله عنه വിവരിക്കുന്നു.
റസൂലുല്ലാഹി  അരുളി:
റമദാന്‍ സമാഗതമായാല്‍ സ്വര്‍ഗ്ഗകവാടങ്ങള്‍ തുറക്കപ്പെടുകയും നരക കവാടങ്ങള്‍ അടയ്ക്കപ്പെടുകയും പിശാചുക്കളെയെല്ലാം ചങ്ങലകള്‍ ബന്ധിപ്പിക്കപ്പെടുകയും ചെയ്യുന്നതാണ്. (ബുഖാരി)
8. റസൂലുല്ലാഹി  അരുളി:
വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി ആരൊരുവന്‍ റമദാനില്‍ രാത്രി നമസ്കാരം നിര്‍വ്വഹിക്കുന്നുവോ, അവന്‍റെ മുന്‍ കഴിഞ്ഞ പാപങ്ങളെല്ലാം      പൊറുക്കപ്പെടുന്നതാണ്. (ബുഖാരി, മുസ് ലിം)
9. ഖുര്‍ആന്‍ പാരായണത്തില്‍ പ്രത്യേകം  ശ്രദ്ധിക്കുക. ഈ മാസത്തിന് ഖുര്‍ആന്‍ ശരീഫുമായി പ്രത്യേക ബന്ധമുണ്ട്. ഖുര്‍ആനും ഇതര വേദങ്ങളും ഈ മാസത്തിലാണ് അവതരിച്ചത്. അതിനാല്‍ ഈ മാസത്തില്‍, അധികമായി ഖുര്‍ആന്‍ ശരീഫ് ഓതുക. ജിബ് രീല്‍ (അ) എല്ലാ വര്‍ഷവും റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ക്ക് ഖുര്‍ആന്‍ ഓതിക്കേള്‍പ്പിക്കുകയും കേള്‍ക്കുകയും ചെയ്യുമായിരുന്നു. വഫാത്തിന്‍റെ വര്‍ഷം രണ്ട് പ്രാവശ്യം ഇത് ആവര്‍ത്തിച്ചു.  (ബുഖാരി)
10. അനസ് رضي الله عنه വിവരിക്കുന്നു.
റസൂലുല്ലാഹി  അരുളി:
നിങ്ങള്‍ അത്താഴം കഴിക്കുവീന്‍. നിശ്ചയം അത്താഴത്തില്‍ 
ബര്‍കത്തുണ്ട്. (ബുഖാരി)
11. സൈദ് ബിന്‍ സാബിത് رضي الله عنه വിവരിക്കുന്നു:
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യോടൊപ്പം ഞങ്ങള്‍ അത്താഴം കഴിച്ചു. ശേഷം നമസ്കാരത്തിന് ഒരുങ്ങി. അനസ് (റ) ചോദിച്ചു: അത്താഴത്തിനും ബാങ്കിനുമിടയില്‍ എത്ര സമയമുണ്ടായിരുന്നു.? സൈദ് (റ) പറഞ്ഞു: അമ്പത് ആയത്ത് ഓതുന്ന സമയം. (ബുഖാരി)
12. സല്‍മാന്‍ رضي الله عنه വിവരിക്കുന്നു:
(ശഅ്ബാനിലെ അവസാന ദിവസം)
റസൂലുല്ലാഹി  അരുളി: 
ജനങ്ങളേ, നിങ്ങള്‍ക്ക് ആശ്വാസം നല്‍കാനായി മഹത്തായ ഒരു മാസം ഇതാ ആസന്നമായിരിക്കുന്നു. അനുഗ്രഹീതമായ ഒരു മാസമാണത്. ആ മാസത്തില്‍ ലൈലത്തുല്‍ ഖദ്ര്‍ എന്നൊരു രാത്രിയുണ്ട്. ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠമാണത്. ആ മാസത്തെ നോമ്പിനെ അല്ലാഹു നിര്‍ബന്ധ ബാധ്യതയാക്കിയിരിക്കുന്നു. അതിന്‍റെ രാത്രിയിലുള്ള നിറുത്തത്തെ (തറാവീഹ് നമസ്കാരത്തെ) അധികമായ നന്മയ്ക്കുള്ളതുമാക്കിയിരിക്കുന്നു.
13. റസൂലുല്ലാഹി  അരുളി:
റമദാനില്‍ ഒരാള്‍ എന്തെങ്കിലും നന്മ ചെയ്ത് അല്ലാഹുവുമായി അടുക്കുകയാണെങ്കില്‍ അവന്‍ മറ്റു മാസങ്ങളില്‍ ഫര്‍ല് നിര്‍വ്വഹിച്ചവനെ പോലെയാണ്. ഒരാള്‍    റമദാനില്‍ ഏതെങ്കിലും ഫര്‍ല് നിര്‍വ്വഹിക്കുകയാണെങ്കില്‍ അവന്‍ റമദാനല്ലാത്ത മാസങ്ങളില്‍ എഴുപത് ഫര്‍ല് നിര്‍വ്വഹിച്ചവനെ പോലെയാണ്. റമദാന്‍ ക്ഷമയുടെ മാസമാണ്. ക്ഷമയുടെ പ്രതിഫലം സ്വര്‍ഗ്ഗമാണ്. റമദാന്‍ സാധുക്കളെ സഹായിക്കേണ്ട മാസമാണ്. റമദാനില്‍ മുഅ്മിനിന്‍റെ രിസ്ഖിനെ അധികരിപ്പിക്കപ്പെടുന്നതാണ്. 
14. റസൂലുല്ലാഹി  അരുളി:
റമദാനില്‍ നോമ്പുകാരനെ നോമ്പ് തുറപ്പിച്ചാല്‍ അതവന്‍റെ പാപങ്ങള്‍ക്ക് മാപ്പായിത്തീരുകയും നരകത്തില്‍ നിന്നും അവന് മോചനത്തിന് കാരണമായിത്തീരുകയും നോമ്പുകാരന് കിട്ടുന്നതിന് തുല്യമായ പ്രതിഫലം അവന് ലഭിക്കുകയും ചെയ്യും. നോമ്പുകാരന്‍റെ പ്രതിഫലത്തില്‍ ഒരു കുറവും വരുന്നതുമല്ല. അപ്പോള്‍ സ്വഹാബാക്കള്‍ ചോദിച്ചു: അല്ലാഹുവിന്‍റെ ദൂതരെ, നോമ്പുകാരന് നോമ്പ് തുറപ്പിക്കാനുള്ള വസ്തുക്കള്‍ ഞങ്ങളെല്ലാവരുടെയും കൈവശമില്ലല്ലോ.! റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: (ഈ നന്മ ലഭിക്കുന്നതിന് വയര്‍ നിറയെ ആഹരിപ്പിക്കണമെന്ന് നിര്‍ബന്ധമില്ല) ഒരു ഈത്തപ്പഴം കൊണ്ടോ, ഒരിറക്ക് വെള്ളമോ പാലോ കൊണ്ടോ നോമ്പുകാരനെ നോമ്പ് തുറപ്പിച്ചാലും അല്ലാഹു അവന് ഈ പ്രതിഫലം നല്‍കുന്നതാണ്. 
15. സല്‍മാന്‍ رضي الله عنه വിവരിക്കുന്നു:
റസൂലുല്ലാഹി  അരുളി:
റമദാനിന്‍റെ ആദ്യ ഭാഗം റഹ്മത്തും (അല്ലാഹുവിന്‍റെ അനുഗ്രഹം) മദ്ധ്യ ഭാഗം മഗ്ഫിറത്തും (പാപമോചനം) അവസാന ഭാഗം നരകത്തില്‍ നിന്നുള്ള മോചനവുമാണ്. റമദാനില്‍ ആരെങ്കിലും തന്‍റെ കീഴിലുള്ള ജോലിക്കാര്‍ക്ക് ഭാരം കുറച്ചുകൊടുത്താല്‍ അല്ലാഹു അവന്‍റെ പാപങ്ങളെ പൊറുത്തുകൊടുക്കുന്നതും നരകത്തില്‍ നിന്നും സ്വതന്ത്രനാക്കുകയും ചെയ്യുന്നതാണ്. 
16. റസൂലുല്ലാഹി  അരുളി:
ആരെങ്കിലും റമദാനില്‍ നോമ്പുകാരന് വെള്ളം കുടിപ്പിച്ചാല്‍ ഖിയാമത്ത് നാളില്‍ അല്ലാഹു എന്‍റെ ഹൗളില്‍ നിന്നും അവനെ കുടിപ്പിക്കുന്നതാണ്. അതില്‍ നിന്നും ഒരിറക്ക് ആരെങ്കിലും കുടിക്കുകയാണെങ്കില്‍  സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നത് വരെയും അവന് ദാഹമുണ്ടാകുന്നതല്ല. 
17.  ഖുര്‍ആന്‍ പാരായണത്തില്‍ പ്രത്യേകം ശ്രദ്ധിക്കുക. റമദാന്‍ മാസത്തിന് ഖുര്‍ആന്‍ ശരീഫുമായി പ്രത്യേക ബന്ധമുണ്ട്. ഖുര്‍ആനും ഇതര വേദങ്ങളും ഈ  മാസത്തിലാണ് അവതരിച്ചത്. അതിനാല്‍ ഈ മാസത്തില്‍ അധികമായി ഖുര്‍ആന്‍ ശരീഫ് ഓതുക.
 ജിബ് രീല്‍(അ) എല്ലാ വര്‍ഷവും റസൂലുല്ലാഹി  ക്ക് ഖുര്‍ആന്‍ ഓതിക്കേള്‍പ്പിക്കുകയും കേള്‍ക്കുകയും ചെയ്യുമായിരുന്നു. വഫാത്തിന്‍റെ വര്‍ഷം രണ്ട് പ്രാവശ്യം ഇത് ആവര്‍ത്തിച്ചു. (ബുഖാരി)
18. അബൂഹുറയ്റ رضي الله عنه വിവരിക്കുന്നു:
റസൂലുല്ലാഹി  അരുളി:
നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: ഓരോ നന്മയും പത്ത് മുതല്‍ എഴുന്നൂറ് ഇരട്ടി വരെ പ്രതിഫലമുള്ളതാണ്. നോമ്പ് എനിക്കുള്ളതാണ്. ഞാനാണതിന് പ്രതിഫലം നല്‍കുന്നത്. നോമ്പ് നരകത്തില്‍ നിന്നുള്ള പരിചയാണ്. നോമ്പുകാരന്‍റെ വായയുടെ വാസന അല്ലാഹുവിന്‍റെയടുക്കല്‍ കസ്തൂരിയെക്കാള്‍ വാസനയുള്ളതാണ്. (മുസ് ലിം)
19. അബൂഹുറയ്റ رضي الله عنه വിവരിക്കുന്നു:
റസൂലുല്ലാഹി  അരുളി:
വല്ലവനും കളവ് പറയലും അത്  പ്രവര്‍ത്തിക്കലും 
ഉപേക്ഷിക്കാത്ത പക്ഷം അവന്‍ തന്‍റെ ഭക്ഷണവും 
പാനീയവും ഉപേക്ഷിക്കുന്നതില്‍ അല്ലാഹുവിന് യാതൊരു ആവശ്യവുമില്ല. (ബുഖാരി)
20. അബൂ സഈദില്‍ ഖുദ്രി رضي الله عنه വിവരിക്കുന്നു:
റസൂലുല്ലാഹി  അരുളി:
പരിശുദ്ധ റമദാന്‍ മാസത്തിലെ രാവും  പകലും അല്ലാഹുവിന്‍റെ സന്നിധിയില്‍ നരകത്തില്‍ നിന്നും മോചിപ്പിക്കപ്പെടുന്നവരുണ്ട്. എല്ലാ ഓരോ മുസ്ലിമിനും ഓരോ ദിന-രാത്രങ്ങളിലും സ്വീകരിക്കപ്പെടുന്ന ഒരു ദുആ ഉണ്ടായിരിക്കുന്നതാണ്. (ബസ്സാര്‍)
21. നോമ്പ് മുറിച്ച ഉടനെ ചൊല്ലേണ്ട പ്രാര്‍ത്ഥന : 
ذَهَـبَ الظَّمَـأُ، وَابْتَلَّـتِ العُـروق، وَثَبَـتَ الأجْـرُ إِنْ شـاءَ الله

ദാഹം ശമിച്ചു. നാഡിഞരമ്പുകള്‍ നനഞ്ഞു. അല്ലാഹു ഉദ്ദേശിച്ചാല്‍ പ്രതിഫലം സ്ഥിരപ്പെടുകയും ചെയ്തു. (അബൂദാവൂദ്)
നോമ്പുകാരനെ മറ്റൊരാള്‍ പ്രകോപിതനാക്കിയാല്‍ ഇപ്രകാരം പറയുക: തീര്‍ച്ചയായും ഞാന്‍ നോമ്പുകാരനാണ്.
തീര്‍ച്ചയായും ഞാന്‍ നോമ്പുകാരനാണ്. (ബുഖാരി)
22. അബൂഹുറയ്റ رضي الله عنه വിവരിക്കുന്നു:
റസൂലുല്ലാഹി  അരുളി:
ഒരാള്‍ കാരണമില്ലാതെ റമദാനിലെ ഒരു നോമ്പെങ്കിലും ഉപേക്ഷിച്ചാല്‍ പിന്നീട് ജീവിതകാലം മുഴുവന്‍ നോമ്പനുഷ്ഠിച്ചാലും അതിന് പകരമാകുകയില്ല. (തിര്‍മിദി)
23. ഉബാദ: رضي الله عنه വിവരിക്കുന്നു:
അനുഗ്രഹീത റമദാനിലൊരു ദിവസം
റസൂലുല്ലാഹി  അരുളി:
അനുഗ്രത്തിന്‍റെ മാസമായ റമദാന്‍ മാസം നിങ്ങള്‍ക്കിതാ വന്നിരിക്കുന്നു. അല്ലാഹു ആ മാസത്തില്‍ അവന്‍റെ റഹ് മത്ത് കൊണ്ട് നിങ്ങളെ പൊതിയുകയും അവന്‍റെ പ്രത്യേകമായ അനുഗ്രഹമിറക്കുകയും ചെയ്യുന്നു. ആ മാസത്തില്‍ അല്ലാഹു പാപങ്ങളെ പൊറുക്കുകയും ദുആകളെ സ്വീകരിക്കുകയും ചെയ്യുന്നു. ആ മാസത്തില്‍ നിങ്ങളുടെ ഇബാദത്തുകളിലുള്ള മല്‍സരത്തെ അല്ലാഹു നോക്കുകയും നിങ്ങളെ കുറിച്ച് മലക്കുകളോട് അഭിമാനമായി പറയുകയും ചെയ്യുന്നു. അതുകൊണ്ട് നിങ്ങളില്‍ നിന്നും അല്ലാഹുവിന് നന്മയെ കാണിച്ചുകൊടുക്കുക. നിശ്ചയം ഭാഗ്യം കെട്ടവന്‍ ആ മാസത്തില്‍ അല്ലാഹുവിന്‍റെ അനുഗ്രഹം തടയപ്പെട്ടവനാണ്. (ത്വബ്റാനി)
24. സകാത്ത് നിര്‍ബന്ധമാകുന്ന സ്വത്തുക്കള്‍: 
   സ്വര്‍ണ്ണത്തിന്‍റെ നിസാബ് (സകാത്ത് നിര്‍ബന്ധമാകാനുളള ചുരുങ്ങിയ അളവ്) ഇരുപത് മിസ്ഖാല്‍ (ഏതാണ്ട് 87.479 ഗ്രാം) ആണ്. വെളളിയുടെ നിസാബ് 200 ദിര്‍ഹമാണ്. (ഏകദേശം 612 ഗ്രാം വെളളി) ഇത്രയുമോ അതില്‍ കൂടുതലോ സ്വര്‍ണ്ണമോ വെളളിയോ ഉണ്ടായിരുന്നാല്‍ അതിന്‍റെ രണ്ടര ശതമാനം സകാത്ത് കൊടുക്കണം. എന്നാല്‍ ഇക്കാലത്ത് സ്വര്‍ണ്ണനാണയവും വെളളിനാണയവും ഉപയോഗത്തിലില്ല. അതിനാല്‍ സ്വര്‍ണ്ണം വെളളി എന്നിവയുടെ നിസാബില്‍ കുറഞ്ഞ വില വരുന്നതിനെയാണ് പരിഗണിക്കുന്നത്. ഗ്രാമിന്: 2900 രൂപ എന്ന ഇന്നത്തെ   (റമദാന്‍-1439) വിലയനുസരിച്ച് 87.479 ഗ്രാം സ്വര്‍ണ്ണത്തിന് 2,53,690 രൂപ വില വരുന്നുണ്ട്. എന്നാല്‍ ഗ്രാമിന്: 43.60 രൂപ എന്ന ഇന്നത്തെ വിലയനുസരിച്ച് 612 ഗ്രാം വെളളിയുടെ വില 26,699 രൂപയാണ്. അതിനാല്‍ സ്വര്‍ണ്ണത്തിന് 87.479 ഗ്രാം എത്തിയാല്‍ സകാത്ത് കൊടുത്താല്‍ മതിയെങ്കിലും, പണത്തിന്‍റെ സകാത്ത് വെളളിയുടെ നിസാബ് അനുസരിച്ച് കണക്കാക്കുകയും കൊടുക്കുന്ന ദിവസത്തെ 612 ഗ്രാം വെളളിയുടെ വിലയേക്കാള്‍ കൂടുതല്‍ പണം (നിലവിലെ വിലയനുസരിച്ച് 26,699 രൂപ) കൈവശമുണ്ടെങ്കില്‍ അതിന്‍റെ രണ്ടര ശതമാനം സകാത്തായി കൊടുക്കേണ്ടതാണ്. ഇതനുസരിച്ച് സൂക്ഷിച്ച് വെച്ചിരിക്കുന്ന പണം, ഷെയര്‍, ബോണ്ട് നിക്ഷേപങ്ങള്‍, തിരിച്ച് കിട്ടുമെന്നുറപ്പുളള കടങ്ങള്‍ എന്നിവ കൂട്ടിച്ചേര്‍ ക്കുമ്പോള്‍ ലഭിക്കുന്ന തുക 26,699 രൂപയോ അതില്‍ കൂടുതലോ ഉണ്ടെങ്കില്‍ സകാത്ത് കൊടുക്കാന്‍ ബാധ്യസ്ഥനായിത്തീരും. ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന ദിവസം അതിന്‍റെ രണ്ടര ശതമാനം സകാത്തായി നല്‍കേണ്ടതാണ്.
25. കച്ചവടത്തിന്‍റെ സകാത്ത്: 
   കച്ചവടം, വ്യവസായം എന്നിവ ആരംഭിച്ച് ഒരു വര്‍ഷം പൂര്‍ണ്ണമാകുന്ന ദിവസം, സ്റ്റോക്കുളള ചരക്കുകളുടെ വില്പന വില, കൈവശമുളള പണം, കിട്ടാനുളള പണം എന്നിവ കൂട്ടിച്ചേര്‍ക്കുമ്പോള്‍ ലഭിക്കുന്ന തുക 612 ഗ്രാം വെളളിയുടെ തുക (ഏകദേശം 26699 രൂപ) ക്ക് സമാനമാണെങ്കില്‍ സകാത്ത് കൊടുക്കാന്‍ ബാധ്യസ്ഥനായിത്തീരും. അതില്‍ നിന്നും രണ്ടര ശതമാനം സകാത്ത് കൊടുക്കല്‍ നിര്‍ബന്ധമാകുന്നു. 
   വില്‍പനക്കുള്ളതല്ലാത്ത ഉപകരണങ്ങള്‍, കെട്ടിടം എന്നിവക്ക് സകാത്ത് കൊടുക്കേണ്ടതില്ല. ശാഫിഈ മദ്ഹബ് അനുസരിച്ച് ഉപയോഗിക്കുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് സകാത്ത് ബാധകമല്ല. മടക്കിക്കിട്ടുമെന്ന് ഉറപ്പില്ലാത്ത കടങ്ങള്‍ കിട്ടിയതിന് ശേഷം കഴിഞ്ഞ വര്‍ഷങ്ങളിലേതും കൂട്ടിച്ചേര്‍ത്ത് സകാത്ത് കൊടുത്താല്‍ മതി. ഹിജ് രി വര്‍ഷമാണ് സകാത്തില്‍ പരിഗണിക്കേണ്ടത്. 
26. റസൂലുല്ലാഹി  റമദാനിലെ അവസാന പത്തില്‍ മുണ്ട് മുറുക്കിക്കെട്ടുകയും രാത്രി മുഴുവനും സജീവമാക്കുകയും വീട്ടിലുള്ളവരെ വിളിച്ചുണര്‍ത്തുകയും ചെയ്യുമായിരുന്നു.
(ബുഖാരി, മുസ് ലിം)
27. ആഇശ (റ) വിവരിക്കുന്നു.
റമദാനിലെ അവസാനത്തെ പത്ത് ആരംഭിച്ചാല്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) മുണ്ട് മുറുക്കി ഉടുക്കുകയും രാത്രി ഉറക്കമൊഴിക്കുകയും (ഇബാദത്ത്-ദിക്ര്‍-ദുആകളില്‍ മുഴുകുകയും) ചെയ്തിരുന്നു. വീട്ടിലുള്ളവരെ (പരിശുദ്ധ പത്നിമാരെയും ഇതര ബന്ധുക്കളെയും) ഉണര്‍ത്തുകയും ഇബാദത്തില്‍ മുഴുകാന്‍ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു.
(ബുഖാരി, മുസ് ലിം)
29. സഹ് ലുബ്നു സഅദ് رضي الله عنه വിവരിക്കുന്നു:
റസൂലുല്ലാഹി  അരുളി:
നിശ്ചയം സ്വര്‍ഗ്ഗ കവാടങ്ങളില്‍ റയ്യാന്‍ എന്ന് പേരുള്ള ഒരു പ്രത്യേക കവാടമുണ്ട്. അന്ത്യ ദിനത്തില്‍ നോമ്പുകാര്‍ മാത്രം അതിലൂടെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതാണ്. അവരല്ലാതെ മറ്റാരും അതിലൂടെ പ്രവേശിക്കുകയില്ല. (വിശപ്പും ദാഹവും സഹിച്ച്) നോമ്പനുഷ്ഠിച്ചവരെവിടെ യെന്ന് വിളിച്ചുചോദിക്കപ്പെടും. അതിനെ തുടര്‍ന്ന് അവ ര്‍ എഴുന്നേറ്റ് അതിലൂടെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. അവര്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ ആ കവാടം അടയ്ക്കപ്പെടും. പിന്നീട് മറ്റാരും അതിലൂടെ പ്രവേശിക്കുന്നതല്ല. (ബുഖാരി, മുസ് ലിം)
30. ആഇശ رضي الله عنه വിവരിക്കുന്നു :
റസൂലുല്ലാഹി  മരണം വരെയും റമദാനിലെ അവസാന പത്തില്‍ അ്തികാഫ് അനുഷ്ഠിച്ചിരുന്നു. (ബുഖാരി)
31. റസൂലുല്ലാഹി  അരുളി:
ഇഅ്തികാഫ് അനുഷ്ഠിക്കുന്നവന്‍ പാപങ്ങളില്‍ നിന്നും സുരക്ഷിതനായിരിക്കും. ഇഅ്തികാഫ് കാരണമായി അവന് ചെയ്യുവാന്‍ സാധിക്കാത്ത നന്മകളുടെ പ്രതിഫലം അവ പ്രവര്‍ത്തിച്ചവര്‍ക്ക് ലഭിക്കുന്നത് പോലെ അവനും ലഭിക്കുന്നതാണ്. (ഇബ്നുമാജ)
32. റസൂലുല്ലാഹി  അരുളി:
ഏതെങ്കിലുമൊരു വ്യക്തി, അല്ലാഹു വിന്‍റെ തൃപ്തി കാംക്ഷിച്ച് കൊണ്ട് ഒരു ദിവസം ഇഅ്തികാഫ് അനുഷ്ഠിച്ചാല്‍ അവനും നരകത്തിനുമിടയില്‍ അല്ലാഹു മൂന്ന് കിടങ്ങുകളെ മറയാക്കുന്നതാണ്. അവയുടെ ദൂരം ആകാശ-ഭൂമികളുടെ ദൂരത്തിന് തുല്യമാണ്. (ത്വബ്റാനി)
  33. റസൂലുല്ലാഹി  അരുളി:
     ഒരുവന്‍ റമദാനിലെ പത്ത് ദിവസം ഇഅ്തികാഫ് അനുഷ്ഠിക്കുകയാണെങ്കില്‍ അവന് രണ്ട് ഹജ്ജും രണ്ട് ഉംറയും നിര്‍വ്വഹിച്ച പ്രതിഫലം ലഭിക്കുന്നതാണ്.
    ഒരുവന്‍ ജുമുഅ മസ്ജിദില്‍ മഗ്രിബ് മുതല്‍  ഇഷാഅ് വരെ നമസ്കാരവും ഖുര്‍ആന്‍ ഓതലുമല്ലാതെ മറ്റൊരു ജോലിയിലും ഏര്‍പ്പെടാതെ ഇഅ്തികാഫ് അനുഷ്ഠിക്കുകയാണെങ്കില്‍ അല്ലാഹു അവനുവേണ്ടി സ്വര്‍ഗ്ഗത്തില്‍ ഒരു വീട് നിര്‍മ്മിക്കുന്നതാണ്.
34. അബൂ സഈദില്‍ ഖുദ് രി رضي الله عنه വിവരിക്കുന്നു:
ഈദുല്‍ ഫിത്വ്ര്‍, ബലി പെരുന്നാള്‍ ദിവസങ്ങളില്‍ നോമ്പ് അനുഷ്ഠിക്കുന്നത് റസൂലുല്ലാഹി   തടഞ്ഞിരിക്കുന്നു. (ബുഖാരി, മുസ് ലിം)
35. അബ്ദുല്ലാഹിബ്നു അംറ് رضي الله عنه വിവരിക്കുന്നു:
റസൂലുല്ലാഹി  അരുളി:
നോമ്പും ഖുര്‍ആനും അടിമകള്‍ക്ക് വേണ്ടി ശുപാര്‍ശ ചെയ്യുന്നതാണ്.
നോമ്പ് പറയും: എന്‍റെ രക്ഷിതാവെ, പകലില്‍ ഞാന്‍ ഇവനെ പകലില്‍ ആഹാര-പാനീയങ്ങളില്‍ നിന്നും ശാരീരികാഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കുന്നതില്‍ നിന്നും തടഞ്ഞിരുന്നു. ആയതിനാല്‍ ഇവന് വേണ്ടി എന്‍റെ ശുപാര്‍ശ നീ സ്വീകരിക്കേണമേ.!
ഖുര്‍ആന്‍ പറയും: രാത്രിയില്‍ ഇവന്‍റെ ഉറക്കം ഞാന്‍ തടഞ്ഞിരുന്നു. ആയതിനാല്‍ ഇവന് വേണ്ടി എന്‍റെ ശുപാര്‍ശ നീ സ്വീകരിക്കേണമേ.! അങ്ങിനെ അവയുടെ ശുപാര്‍ശ സ്വീകരിക്കപ്പെടുന്നതാണ്. (ബൈഹഖി)
36. ആഇശ رضي الله عنه വിവരിക്കുന്നു :
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) റമദാനിലെ അവസാനത്തെ പത്ത് ദിവസങ്ങളില്‍ മറ്റ് ദിവസങ്ങളേക്കാളധികം ഇബാദത്തുകളില്‍ പരിശ്രമിച്ചിരുന്നു. (മുസ് ലിം)
37. ആഇശ رضي الله عنه വിവരിക്കുന്നു :
റസൂലുല്ലാഹി  അരുളി:
റമദാനിലെ അവസാനത്തെ പത്തിലെ ഒറ്റയായ രാവുകളില്‍ ലൈലത്തുല്‍ ഖദ്റിനെ നിങ്ങള്‍ തേടിക്കൊള്ളുക. (ബുഖാരി)
38. അനസ് رضي الله عنه വിവരിക്കുന്നു :
ലൈലത്തുല്‍ ഖദ്ര്‍ സമാഗതമായാല്‍ ജിബ്രീല്‍ (അ) മലക്കുകളുടെ ഒരു സംഘത്തോടൊപ്പം ഇറങ്ങിവരുന്നതും നിന്നും ഇരുന്നുമെല്ലാം അല്ലാഹുവിനെ സ്മരിക്കുന്ന ദാസന്മാര്‍ക്ക് റഹ് മത്തിന് വേണ്ടി ദുആ ചെയ്യുന്നതുമാണ്. (ബൈഹഖി)
39. ആഇശ رضي الله عنه വിവരിക്കുന്നു :
റസൂലുല്ലാഹി  യോട് ഞാന്‍ ചോദിച്ചു: അല്ലാഹുവിന്‍റെ ദൂതരെ, ലൈലത്തുല്‍ ഖദ്ര്‍ തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ അതില്‍ ഞാന്‍ ഏത് ദുആയാണ് ചെയ്യേണ്ടത്. റസൂലുല്ലാഹി  അരുളി:
اللَّهُمَّ إِنَّكَ عُفُوٌّ كَرِيمٌ تُحِبُّ الْعَفْوَ فَاعْفُ عَنِّي
നീ ഇപ്രകാരം പറയുക:
അല്ലാഹുവേ, നീ വളരെയധികം മാപ്പ് നല്‍കുന്നവനും മാന്യനുമാണ്. നീ മാപ്പ് ചെയ്യുന്നതിനെ ഇഷ്ടപ്പെടുന്നു. അതിനാല്‍ എന്‍റെ പാപങ്ങള്‍ നീ മാപ്പാക്കിത്തരേണമേ.!  (തിര്‍മിദി, ഇബ്നുമാജ)
40. അനസ് رضي الله عنه വിവരിക്കുന്നു : റസൂലുല്ലാഹി ﷺ 
റമദാനിലെ അവസാന പത്തില്‍ ഇഅ്തികാഫ് അനുഷ്ഠിച്ചിരുന്നു. 
റസൂലുല്ലാഹി  ക്ക് ഒരു വര്‍ഷം അത് സാധിക്കാതെ വന്നപ്പോള്‍ അടുത്ത വര്‍ഷം ഇരുപത് ദിവസങ്ങള്‍ ഇഅ്തികാഫ് അനുഷ്ഠിക്കുകയുണ്ടായി. (തിര്‍മിദി)
41. അബൂഹുറയ്റ رضي الله عنه വിവരിക്കുന്നു : റസൂലുല്ലാഹി  യുടെ വിയോഗം നടന്ന വര്‍ഷം റമദാനില്‍ അവിടുന്ന് ഇരുപത് ദിവസം ഇഅ്തികാഫ് അനുഷ്ഠിച്ചു. (ബുഖാരി)
42. ആഇശ (റ) പറയുന്നു : രോഗിയെ സന്ദര്‍ശിക്കാതിരിക്കുക, ജനാസ നമസ്കാരത്തില്‍ പങ്കെടുക്കുന്നതിനുവേണ്ടി പുറത്ത് പോകാതിരിക്കുക, സ്ത്രീയെ സ്പര്‍ശിക്കുകയോ, അവളുമായി സഹവസിക്കുകയോ ചെയ്യാതിരിക്കുക, ഒഴിവാക്കാനാവാത്ത (മല-മൂത്ര വിസര്‍ജ്ജനം പോലെയുള്ള) കാര്യങ്ങള്‍ക്കൊഴികെ മസ്ജിദില്‍ നിന്നും പുറത്ത് പോകാതിരിക്കുക എന്നിവ ഇഅ്തികാഫ് അനുഷ്ഠിക്കുന്നവനുള്ള ശരീഅത്ത് നിയമങ്ങളാണ്. നോമ്പോടു കൂടിയല്ലാതെ ഇഅ്തികാഫ് ഇല്ല. ജാമിഅ് മസ്ജിദിലല്ലാതെ ഇഅ്തികാഫില്ല. (അബൂദാവൂദ്)
43. അബൂ സഈദ് رضي الله عنه വിവരിക്കുന്നു:
 റസൂലുല്ലാഹി  അരുളി:
മൂന്ന് കാര്യങ്ങള്‍ കൊണ്ട് നോമ്പ് മുറിയുന്നതല്ല. 
1. കൊമ്പ് വെയ്ക്കല്‍ 
2. മനപ്പൂര്‍വ്വമല്ലാത്ത ഛര്‍ദ്ദി 
3, സ്വപ്ന സ്ഖലനം 
(തിര്‍മിദി)
44. അബൂ ഹുറയ്റ رضي الله عنه വിവരിക്കുന്നു:
ഒരു വ്യക്തി നോമ്പ് അനുഷ്ഠിച്ചിരിക്കെ, മറന്നുകൊണ്ട് ആഹാരം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്താല്‍ (നോമ്പ് മുറിഞ്ഞിട്ടില്ല. അതിനാല്‍) തന്‍റെ നോമ്പിനെ പൂര്‍ത്തിയാക്കിക്കൊള്ളട്ടെ.! കാരണം അവനെ ഭക്ഷിപ്പിച്ചതും കുടിപ്പിച്ചതും ചെയ്തത് അല്ലാഹുവാണ്. (മനപ്പൂര്‍വ്വമല്ലാത്തതിനാല്‍ നോമ്പ് അവശേഷിക്കുന്നതാണ്.) (ബുഖാരി, മുസ് ലിം)
45. മുആദുബ്നു സഹ്റ (റ)വിവരിക്കുന്നു: നോമ്പ് തുറക്കുന്ന സമയത്ത് റസൂലുല്ലാഹി  ഇപ്രകാരം പറഞ്ഞിരുന്നുവെന്ന് എനിക്ക് വിവരം ലഭിച്ചു: 
اللهُمّ لكَ صُمت وعَلى رِزقك أفطرت
അല്ലാഹുവേ, നിനക്ക് വേണ്ടി ഞാന്‍ നോമ്പ് അനുഷ്ഠിച്ചു. നീ നല്‍കിയ വിഭവങ്ങള്‍ കൊണ്ടുതന്നെ ഞാന്‍ നോമ്പ് മുറിക്കുകയും ചെയ്തു. (അബൂദാവൂദ്)
46. അബൂഹുറയ്റ رضي الله عنه വിവരിക്കുന്നു:
റസൂലുല്ലാഹി  അരുളി:
അല്ലാഹു പറയുന്നു: എന്‍റെ അടിമകളില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവര്‍ നോമ്പ് തുറക്കുന്നതില്‍ വേഗത കാണിക്കുന്നവരാണ്. (സൂര്യന്‍ അസ്തമിച്ച ശേഷം അല്പവും താമസിക്കാതെ നോമ്പ് തുറക്കുന്നവരാണ്.) (തിര്‍മിദി)
47. സഹ് ലുബ്നു സഅദ് (റ) വിവരിക്കുന്നു:
റസൂലുല്ലാഹി  അരുളി:
എന്‍റെ ഉമ്മത്തിലെ ജനങ്ങള്‍ നോമ്പ് തുറക്കുന്നതില്‍ വേഗത കാണിക്കുന്ന കാലത്തോളം നന്മയിലായിരിക്കും. (ബുഖാരി, മുസ് ലിം)
48. അംറുബ്നുല്‍ ആസ് (റ) വിവരിക്കുന്നു:
റസൂലുല്ലാഹി  അരുളി:
നമ്മുടെയും വേദക്കാരുടെയും നോമ്പുകള്‍ക്കിടയിലുള്ള വ്യത്യാസം അത്താഴം കഴിക്കലാണ്. (മുസ് ലിം)
49. സല്‍മാനുബ്നു ആമിര്‍ (റ) വിവരിക്കുന്നു:
റസൂലുല്ലാഹി  അരുളി:
നിങ്ങളില്‍ ആരെങ്കിലും നോമ്പ് അനുഷ്ഠിച്ചാല്‍ കാരക്ക കൊണ്ട് നോമ്പ് തുറന്നുകൊള്ളട്ടെ.! കാരക്ക ലഭിച്ചില്ലെങ്കില്‍ വെള്ളം കൊണ്ട് നോമ്പ് തുറക്കട്ടെ.! കാരണം, വെള്ളം വളരെ പരിശുദ്ധമാണ്. (അബൂദാവൂദ്, തിര്‍മിദി, ഇബ്നുമാജ)
50. അബൂ അയ്യൂബുല്‍ അന്‍സ്വാരി (റ) വിവരിക്കുന്നു:
റസൂലുല്ലാഹി  അരുളി:
ആരെങ്കിലും റമദാന്‍ മാസത്തില്‍ നോമ്പ് അനുഷ്ഠിക്കുകയും തുടര്‍ന്ന്, ശവ്വാല്‍ മാസത്തില്‍ ആറ് സുന്നത്ത് നോമ്പുകള്‍ അനുഷ്ഠിക്കുകയും ചെയ്താല്‍ അവന്‍ ജീവിത കാലമത്രയും നോമ്പ് പിടിക്കുന്നതിന് തുല്യമാണ്. (മുസ് ലിം)

8. റമദാനുല്‍ മുബാറക് : 
വിശുദ്ധിയുടെ വ്രതമാസം.! 
-ഹാഫിസ് മുസ്സമ്മില്‍ കൗസരി ഖാസിമി 
വിശുദ്ധ റമദാന്‍ സമാഗതമാവുകയാണ്. സത്യവിശ്വാസിക്ക് മാനസികവും ആത്മീയവുമായ വികാസത്തിനുള്ള മഹത്തായ അവസരം.! അല്ലാഹുവിന്‍റെ അതിരുകളില്ലാത്ത കാരുണ്യത്തിന്‍റെ മാസം.! റമദാന്‍ ഒരു മാസമെന്നതിലുപരി ഒരു സംസ്കാരത്തിന്‍റെ പേരാണ്. സകല വേദഗ്രന്ഥങ്ങള്‍ കൊണ്ടും വിശിഷ്യാ, ഫുര്‍ഖാനുല്‍ അള്വീം കൊണ്ട് ലോകത്തെ സംസ്കാര സമ്പന്നമാക്കിയ സമയം. സത്യവിശ്വാസം, ആധ്യാത്മികത, ധര്‍മ്മബോധം, ഇലാഹീഭയം, കാരുണ്യം, സ്നേഹം, വിട്ടുവീഴ്ച, ജീവിതവിശുദ്ധി, സത്യസന്ധത, ക്ഷമ, വിനയം തുടങ്ങി സല്‍ഗുണങ്ങളുടെ സംഗമസന്ദര്‍ഭം.! ജീവിതത്തെ പുനഃപരിശോധിക്കാനും നവീകരിക്കുവാനും അതുവഴി അല്ലാഹുവോട് കൂടുതല്‍ അടുക്കാനും സാധിക്കുന്ന മാസം.!
അബുഹുറയ്റ (റ) വിവരിക്കുന്നു: റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി; മനുഷ്യന്‍റെ സല്‍കര്‍മ്മങ്ങള്‍ക്ക് പത്തിരട്ടിമുതല്‍ എഴുപതിരട്ടി വരെ പ്രതിഫലം അധികരിക്കും. അല്ലാഹു പറയുന്നു; വ്രതമൊഴികെ, അതെനിക്കുള്ളതാണ്. ഞാന്‍ തന്നെയാണതിന് പ്രതിഫലം നല്‍കുന്നത്. അവന്‍ എനിക്ക് വേണ്ടിയാണ് വികാരവും ഭക്ഷണവും ഒഴിവാക്കിയത്. നോമ്പുകാരന് രണ്ടു സന്തോഷമുണ്ട്. വ്രതം പൂര്‍ത്തീകരിക്കുമ്പോഴും, തന്‍റെ രക്ഷിതാവിനെ കണ്ടുമുട്ടുമ്പോഴും. നോമ്പനുഷ്ടിക്കുന്നവന്‍റെ വായുടെ ഗന്ധം അല്ലാഹുവിന്‍റെ സമക്ഷത്തില്‍ കസ്തൂരിയെക്കാള്‍ സുഗന്ധ പൂരിതമാണ്. വ്രതമൊരു പരിചയാണ്. നിങ്ങള്‍ നോമ്പനുഷ്ടിച്ചാല്‍ അശ്ലീല വര്‍ത്തമാനങ്ങളോ അട്ടഹാസങ്ങളോ അരുത്. അവനെ ആരെങ്കിലും ഭത്സിക്കുകയോ അവനോട് ആരെങ്കിലും പോരിന് വരുകയോ ചെയ്താല്‍ ഞാന്‍ നോമ്പുകാരനാണെന്നവന്‍ പറഞ്ഞു കൊള്ളുക. (ബുഖാരി, മുസ്ലിം)
പ്രഭാതം മുതല്‍ ആഹാര-പാനീയങ്ങളും ലൈംഗിക വേഴ്ചയും വര്‍ജ്ജിച്ച് വ്രതമനുഷ്ടിക്കുന്നവന്‍ ശരീരത്തെ നിയന്ത്രിക്കുമ്പോള്‍ തന്നെ അവയവങ്ങളെയും നിയന്ത്രണവിധേയമാക്കുന്നു. നാവ്, കണ്ണ്, കാത്, കയ്യ് തുടങ്ങി തന്‍റെ ചിന്തകളെവരെ തിന്മയില്‍ നിന്നും മാറ്റിനിര്‍ത്തുന്നു. ഒപ്പം ഖുര്‍ആന്‍ പാരായണം, പഠനം,  ഇലാഹീസ്മരണ, പശ്ചാതാപം, പ്രാര്‍ത്ഥന, നമസ്കാരം, ദാനധര്‍മ്മം, നന്മകല്‍പിക്കല്‍, തിന്മവിരോധിക്കല്‍ തുടങ്ങിയ ആരാധനകളും കൂടിയാകുമ്പോള്‍ നേടിയെടുക്കുന്ന വമ്പിച്ച നേട്ടങ്ങള്‍ വിവരണാതീതമാണ്. ഇസ്ലാമിലെ ആരാധനകള്‍ക്കെല്ലാം അപാര ശക്തിയും സൗന്ദര്യവും സൗരഭ്യവുമുണ്ട്. എന്നാല്‍, അത് കൂടുതലായി പ്രകടമാകുന്നത് വ്രതത്തിലൂടെയാണ്. വ്രതമാകട്ടെ മറ്റാര്‍ക്കും അറിയാന്‍ കഴിയാത്തതും. റമദാനില്‍ വ്രതമനുഷ്ടിക്കുന്ന എത്രയോ അമുസ്ലിം സഹേദരങ്ങളുണ്ട്. നോമ്പിനെയും നോമ്പുകാരെയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നവരും കുറവല്ല. ആത്മാവിന് മോക്ഷം കിട്ടാന്‍ ശരീരത്തെ പീഡിപ്പിക്കുകയാണ് വ്രതത്തിന്‍റെ ലക്ഷ്യം എന്ന് ചില അമുസ്ലിംകള്‍ തെറ്റായി ധരിക്കുന്നുണ്ടാകാം. പക്ഷെ, വ്രതനാളുകളുടെ രാവുകളില്‍ സാധാരണജീവിതം നയിക്കാന്‍ വിശ്വാസി കല്‍പിക്കപ്പെട്ടിട്ടുണ്ട് എന്ന വസ്തുത അവര്‍ തിരിച്ചറിയാത്തതുകൊണ്ടാണത്. അസൂയയും വെറുപ്പും പ്രകടിപ്പിക്കുന്നവരുമുണ്ടാകാം. കാരണം, അവരെ സംബന്ധിച്ച് ഈ ആരാധന അചിന്തനീയമാണ്.
സത്യദീനിന്‍റെ പ്രബോധനത്തിന് ഏറ്റവും അനുയോജ്യമായ സമയം കൂടിയാണിത്. ഖുര്‍ആനിന്‍റെ അവതരണം കൊണ്ട് അനുഗ്രഹീതമായ റമദാനുല്‍ മുബാറകിനെ പ്രബോധന മാസമായും നാം തിരിച്ചറിയണം. ജാഹിലിയ്യത്തിന്‍റെ കരാളഹസ്തങ്ങളില്‍ പെട്ടുലയുന്ന നവലോകസാഹചര്യത്തില്‍ ഇസ് ലാമിക സമൂഹത്തിന്‍റെ അവസ്ഥയും ദയനീയമാണ്. എല്ലാ തിന്മകളിലും സമുദായപങ്ക് ഒട്ടും മോശമല്ലാത്ത രീതിയില്‍ തന്നെയാണ്. സമുദായഗാത്രത്തില്‍ പിടികൂടിയിരിക്കുന്ന ഈ മൂല്യച്ചുതിയില്‍ നിന്നും ഖൈറ ഉമ്മത്തിനെ രക്ഷപ്പെടുത്താന്‍ റമദാന്‍ ഉപയോഗപ്പെ ടുത്തേണ്ടതുണ്ട്. റിലീഫ് പ്രവര്‍ത്തനങ്ങളിലും സംഘടനാ ശാക്തീകരണത്തിലുമായി മാത്രം അജണ്ടകള്‍ പരിമിതപ്പെടാതിരിക്കണം. അതുകൊണ്ടു തന്നെ പണ്ഡിതന്മാര്‍, സമുദായ നേതാക്കള്‍, വിശിഷ്യാ മഹല്ലുകള്‍ എല്ലാവരും കൈകോര്‍ത്ത് റമദാന്‍ മുബാറക് സമ്പൂര്‍ണ്ണ സംസ്കരണ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കണം. പടച്ചവന്‍ തൗഫീഖ് കനിയട്ടെ.!

9. റമദാനുല്‍ മുബാറക് സംസാരിക്കുന്നു: 
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി  
ഞാന്‍ ഈ വര്‍ഷവും മുസ് ലിം ലോകത്തേക്ക് കടന്നുവന്നു. മുസ് ലിംകളുടെ ആധിക്യം ധാരാളമുള്ളത് എന്നെ വളരെയധികം സന്തോഷിപ്പിച്ചു പക്ഷേ ഇസ് ലാമിന്‍റെയും ഈമാനിന്‍റെയും ബലഹീനതയും കുഫ്റിലേക്കും ശിര്‍ക്കിലേക്കുമുള്ള പ്രവണതകളും എന്നെ അധികമായി ദു:ഖിപ്പിച്ചു. ചെറിയ ചെറിയ കാര്യങ്ങള്‍ക്കു പോലും ഈ സമുദായം ഈമാനിനെയും ഇസ് ലാമിനെയും ഉപേക്ഷിച്ചു കളയുന്നതും എന്നെ ദു:ഖിപ്പിച്ചു. മസ്ജിദുകളെല്ലാം മനോഹരമായി കൊണ്ടിരിക്കുന്നു. നമസ്ക്കാരക്കാര്‍ വര്‍ദ്ധിച്ചിരിക്കുന്നു. പക്ഷേ എത്ര പേരാണ് നല്ല രീതിയില്‍ നമസ്കരിക്കുന്നത് എന്ന ചിന്ത എന്നെ പലപ്പോഴും ദു:ഖത്തിലാക്കിയിട്ടുണ്ട്.
   അല്ലയോ മുസ് ലിം സമുദായമേ, നിങ്ങള്‍ എന്നെ വളരെ ആദരവോടുകൂടി സ്വീകരിച്ചതില്‍ എനിക്ക് വലിയ നന്ദിയുണ്ട്. പക്ഷേ എന്‍റെ പ്രധാന പാഠമായ തഖ് വ നിങ്ങളില്‍ എത്ര പേരാണ് പഠിച്ച് പകര്‍ത്തി പ്രചരിപ്പിക്കുന്നത് എന്നതില്‍ എനിക്ക് വളരെ ആശങ്കയുണ്ട്.
  ധര്‍മങ്ങള്‍ സമുദായത്തില്‍ വളരെയധികം വര്‍ധിച്ചു വരുന്നു. പക്ഷേ സകാത്തിലുള്ള അശ്രദ്ധ നിമിത്തം ആവശ്യമായ സ്ഥലങ്ങളില്‍ ചെലവഴിക്കുന്നത് വളരെ കുറഞ്ഞിരിക്കുകയാണ്. എന്‍റെ പേരില്‍ പോലും സമുദായം ധൂര്‍ത്തടിച്ച് കൊണ്ടിരിക്കുന്നു. അനുഗ്രഹീതമായ ഇരു ഹറമുകള്‍ നിങ്ങളെ കൊണ്ട് നിറഞ്ഞ് കവിഞ്ഞ് നിന്നതിലും സജീവമായതിലും അത് എനിക്ക് വലിയ സന്തോഷമുണ്ട്.പക്ഷേ ഹാജിമാരെയും, ഉംറ ചെയ്യുന്നവരെയും, മദീന സിയാറത്ത് ചെയ്യുന്നവരെയും ടൂറിസം പിടികൂടിയിരിക്കുന്നതില്‍ എനിക്ക് വലിയ ദു:ഖമുണ്ട്. ദിക്റുകളും ദുആകളും ഖുര്‍ആന്‍ പാരായണങ്ങളും, അതിനെ പറ്റി സമുദായത്തിന് രണ്ട് അവസ്ഥ കളാണുള്ളത്. ശബ്ദം ഉണ്ടെങ്കില്‍ മാത്രമേ ദിക്റും ദുആയും നടക്കുകയുള്ളൂ. ശബ്ദമില്ലെങ്കില്‍ ഒന്നുമില്ല. 
   ഞാന്‍ പണ്ട് മുസ് ലിം സമുദായത്തെ കണ്ടിട്ടുണ്ട്. അന്ന് സൗകര്യങ്ങള്‍ കുറവായിരുന്നു. പക്ഷേ സ്നേഹവും സഹകരണവും വളരെ കൂടുതല്‍ ഉണ്ടായിരുന്നു. ആ മുന്‍ഗാമികളുടെ അനുഗ്രഹത്തിന്‍റെ പേരില്‍ ഇന്ന് മുസ് ലിം ലോകത്ത് സൗകര്യങ്ങളും സമ്പത്തും വളരെ കൂടിയിരിക്കുന്നു. പക്ഷേ സ്നേഹവും പരസ്പര സഹകരണവും വളരെ കുറഞ്ഞിരിക്കുന്നു. സ്കൂളില്‍ ഉള്ള രണ്ട് പയ്യന്മാരുടെ സാധാരണ വഴക്ക് അല്ലെങ്കില്‍ അടുത്തുള്ള രണ്ട് കടകളുടെ അകല്‍ച്ച ഇത് പെട്ടെന്ന് കുടുംബത്തിലേക്കും സമുദായത്തിലേക്കും പരന്ന് വരുകയും പോരാടുകയും ചെയ്യുന്നത് എന്നെ വളരെയധികം വേദനിപ്പിക്കുകയണ്ടായി. എന്‍റെ മുന്നില്‍ വെച്ച് പിഞ്ച് പൈതങ്ങളും പാവപ്പെട്ട പെണ്ണുങ്ങളും അടങ്ങുന്ന സാധുക്കളെ ഫലസ്തീനില്‍ അറുകൊല ചെയ്യപ്പെട്ടത് എന്നെ വളരെയധികം വേദനിപ്പിക്കുകയുണ്ടായി. 
   മുസ് ലിംകള്‍ പ്രബല നൂനപക്ഷമായി കഴിയുന്ന ഇന്ത്യാ രാജ്യത്തും നിരപരാധികള്‍ കൊല്ലപ്പെടുന്നു.ലോകത്തിലെ പല ഭാഗങ്ങളില്‍ പീഡിപ്പിക്കപ്പെടുന്നു. ഒരു കാര്യം ഈ സമയത്ത് സാക്ഷ്യമായി പറയാന്‍ ആഗ്രഹിക്കുന്നു. അക്രമങ്ങളും ദുരന്തങ്ങളും ആരെയും തകര്‍ക്കുന്നതല്ല. ഈ മുസ് ലിം സമുദായം ആരുടെയും അക്രമണത്തില്‍ മരിച്ചു പോയിട്ടില്ല. തകര്‍ന്നും പോയിട്ടില്ല. മറിച്ച് വളരെ വീര്യത്തോടെ സടകുടഞ്ഞ് മുമ്പോട്ട് നീങ്ങുന്നതിനാണ് സാക്ഷ്യം വഹിച്ചിട്ടുള്ളത്. പക്ഷേ ഒന്നുണ്ട്, അക്രമികളായ ആളുകള്‍ സ്വന്തത്തോടും അവരുടെ നാടിനോടും ലോകത്തിനോടുമാണ് അക്രമം കാണിക്കുന്നത്. എനിക്ക് അതിനേക്കാളും സങ്കടം വന്നത് ശത്രുവിന്‍റെ ശത്രു മിത്രം എന്ന പോലെ ഇവിടെ ചില ആളുകള്‍ അക്രമം ചെയ്യുന്നവരെ ന്യായീകരിക്കുകയും അവരെ പിന്തുണക്കുകയും ചെയ്യുന്നതിലാണ്. ഇത് വളരെ അപകടമാണ്
   അക്രമത്തേക്കാളും വളരെ നിന്ദ്യമാണ്. അക്രമത്തെ ന്യായീകരിക്കുക എന്നത്. റമദാനിലെ നിങ്ങളുടെ വിവിധ കാഴ്ചകള്‍ എന്നെ വളരെയധികം സന്തോഷിപ്പിച്ചെങ്കിലും പലതും എന്നെ ദു:ഖിപ്പിക്കുകയും ഉണ്ടായി. സമുദായത്തിന് എന്തു പറ്റി.? എല്ലാവരും ഒരു കാര്യം ഓര്‍ക്കുക. ഒരു പൊതുവായ നന്മ മുഴുവന്‍ നാട്ടുകാരുടെയും നന്മയാണ്. പൊതുവായ തിന്മ മുഴുവന്‍ സമുദായത്തിന്‍റെയും തിന്മ കൂടിയാണ്. 


10. റമദാനുല്‍ മുബാറക്: 
അനുഗ്രഹങ്ങളുടെ വസന്തകാലം.! 
-മൗലാനാ മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി 
സത്യവിശ്വാസികളെ, നിങ്ങളുടെ മേല്‍ നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ക്ക് മുമ്പുള്ളവരുടെമേല്‍ അത് നിര്‍ബന്ധമാക്കപ്പെട്ടത് പോലെ, നിങ്ങളില്‍ ഭയഭക്തി ഉണ്ടായിത്തീരാന്‍ വേണ്ടി. (സൂറതുല്‍ ബഖറ: 180) 
തൗഹീദ്-രിസാലത്തിന്‍റെ സാക്ഷ്യത്തിന് ശേഷം, ഇസ് ലാമില്‍ പ്രാധാന്യമര്‍ഹിക്കുന്ന നാല് ഘടകങ്ങളാണ് നമസ്കാരവും സകാത്തും നോമ്പും ഹജ്ജും. ഈ അഞ്ചുകാര്യങ്ങളും ഇസ് ലാമിന്‍റെ അടിസ്ഥാന തത്വങ്ങളാണ്. അല്ലാഹുവിന് തൃപ്തികരമായ ജീവിത പദ്ധതിയാണ് ഇസ് ലാം. ഈ ജീവിതത്തിന്‍റെ വളര്‍ച്ചയിലും ഉയര്‍ച്ചയിലും ഈ പഞ്ചസ്തംഭങ്ങള്‍ക്ക് പ്രത്യേകമായ പങ്കുണ്ട്. അതുകൊണ്ടാണ് ഇവകളെ ഇസ്ലാം കാര്യങ്ങള്‍ എന്ന പേരില്‍ അനുസ്മരിക്കപ്പെടുന്നത്. ഇവിടെ നമ്മുടെ വിഷയമായ നോമ്പിന് മനുഷ്യ ജീവിതത്തെ ഇസ് ലാമികമാക്കുന്നതിലുള്ള പങ്കിനെ കുറിച്ച് മാത്രം അല്പം വിവരിക്കുകയാണ്. 
ആത്മീയതയും മൃഗീയതയും ഒത്തു ചേര്‍ന്ന ഒരു സൃഷ്ടിയായിട്ടാണ് അല്ലാഹു മനുഷ്യനെ പടച്ചിട്ടുള്ളത്. ഇതര ജന്തുക്കളിലെല്ലാം കാണപ്പെടുന്ന ഭൗതികവും തരംതാഴ്ന്നതുമായ എല്ലാവിധ പ്രേരണകളും മനുഷ്യന്‍റെ പ്രകൃതിയിലുണ്ട്. കൂട്ടത്തില്‍ സമുന്നത സൃഷ്ടികളായ മലക്കുകളുടെ പ്രകാശപൂരിതമായ ആത്മീയതയുടെ മഹല്‍ ഗുണങ്ങളും മനുഷ്യനില്‍ നിക്ഷേപിക്കപ്പെട്ടിരിക്കുന്നു. മൃഗീയ പ്രേരണകളെക്കാള്‍ ആത്മീയഗുണം മികയ്ക്കുകയും മൃഗീയതയെ ഒരു പരിധിക്കുള്ളില്‍ ഒതുക്കി നിര്‍ത്തുകയും ചെയ്യുന്നതിലാണ് മനുഷ്യ വിജയത്തിന്‍റെ അടിസ്ഥാനം. ആത്മീയ ഗുണത്തെ മൃഗീയത അനുസരിക്കുകയും അതിനെതിരില്‍ നാശങ്ങള്‍ അഴിച്ച് വിടാതിരിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ ഇക്കാര്യം സാധിക്കുകയുള്ളൂ. നോമ്പിലൂടെ മനുഷ്യന്‍റെ മൃഗീയ സ്വഭാവങ്ങളെ ആത്മീയ പ്രേരണകളെ അനുസരിക്കുന്നതാക്കിത്തീര്‍ക്കലാണ് നോമ്പിന്‍റെ പ്രധാനപ്പെട്ട ലക്ഷ്യം. ഇതുകൊണ്ട് തന്നെ മുഴുവന്‍ സമുദായങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരുന്നു. നോമ്പിന്‍റെ കാലയളവിലും ശാഖാപരമായ ചില നിയമങ്ങളിലും അതാത് സമുദായങ്ങളുടെ പ്രത്യേകതകളെയും ആവശ്യങ്ങളെയും പരിഗണിച്ച് അല്‍പം മാറ്റങ്ങളുണ്ടായിരുന്നുവെന്ന് മാത്രം.! എന്നാല്‍ ലോകാവസാനം വരെ നിലനില്‍ക്കേണ്ടതായ, തിരുനബി മുഹമ്മദുര്‍ റസൂലുല്ലാഹ്  യുടെ സമുദായത്തിന് ലോകത്തിന്‍റെ മൊത്തം അവസ്ഥ പരിഗണിച്ചുകൊണ്ട് വര്‍ഷത്തില്‍ ഒരു മാസം നോമ്പ് നിര്‍ബന്ധമാക്കി. നോമ്പിന്‍റെ സമയം പുലര്‍ക്കാലം മുതല്‍ സൂര്യോദയം വരെയാണെന്ന് നിശ്ചയിക്കപ്പെട്ടു. തീര്‍ച്ചയായും ഉപരിസൂചിത ലക്ഷ്യം നേടിയെടുക്കുന്നതിന് അത്യന്തം യോജിച്ചതും മധ്യമവുമായ കാലയളവും സമയവുമാണത്. അല്ലാഹുവിന്‍റെ വിധി-വിലക്കുകള്‍ക്കെതിരില്‍ പ്രേരിപ്പിക്കുന്ന മനസ്സിന്‍റെയും വയറിന്‍റെയും പ്രേരണകളെ ഒതുക്കി മൃഗീയതയെ ആത്മീയതയ്ക്ക് അടിമപ്പെടുത്താനുള്ള പരിശീലനത്തിന് ഇതിനെക്കാള്‍ കുറഞ്ഞ കാലയളവ് മതിയാവുന്നതല്ല. ഇനി രാത്രിയെക്കൂടി നോമ്പില്‍ ഉള്‍പ്പെടുത്തി, അത്താഴം മാത്രം ഭക്ഷിക്കാന്‍ അനുവദിക്കുകയോ, വര്‍ഷത്തില്‍ മൂന്ന്-നാല് മാസം തുടര്‍ച്ചയായി നോമ്പ് പിടിക്കാന്‍ കല്‍പ്പിക്കുകയോ ചെയ്തുകൊണ്ട് ഇതിന്‍റെ അളവും കാലവും കൂട്ടിയിരുന്നെങ്കില്‍, ബഹുഭൂരിഭാഗം മനുഷ്യര്‍ക്കും നോമ്പ് താങ്ങാനാവാത്ത ഭാരവും ആരോഗ്യത്തിന് കുഴപ്പവുമാകുമായിരുന്നു. ചുരുക്കത്തില്‍, പകല്‍ സമയവും, ഒരു മാസവും, പൊതുജനങ്ങളുടെ അവസ്ഥ പരിഗണിക്കുമ്പോള്‍ അവരുടെ ശിക്ഷണത്തിന് തീര്‍ത്തും അനുയോജ്യവും മധ്യമവുമാണ്. 
സര്‍വ്വോപരി ഇതിന് വേണ്ടി തെരഞ്ഞെടുത്ത മാസമാകട്ടെ അനുഗ്രഹീത റമദാന്‍ മാസമാണ്. ഈ മാസത്തിലാണ് പരിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണ്ണമായത്. കണക്കറ്റ ഐശ്വര്യങ്ങളുടെ രാവായ ലൈലത്തുല്‍ ഖദ്റും ഈ മാസത്തില്‍ തന്നെ.! ഈ മാസത്തെ പകലുകളിലെ നോമ്പുകളെ കൂടാതെ രാത്രിയിലും സംഘടിതമായ ഒരു ഇബാദത്തിനെ പുണ്യമാക്കപ്പെട്ടു. അതാണ് തറാവീഹ് നമസ്കാരം. പകലിലെ നോമ്പിനോടൊപ്പം ഇരവിലെ തറാവീഹും കൂടിച്ചേര്‍ന്നാല്‍ പിന്നെ, ഈ മാസത്തിന്‍റെ പ്രകാശ-ഐശ്വര്യങ്ങളും പ്രതിഫല-ഗുണങ്ങളും പതിന്മടങ്ങ് വര്‍ദ്ധിക്കുന്നതാണ്. ഈ കാര്യങ്ങളുമായി ബന്ധപ്പെടുന്ന ദാസന്മാരെല്ലാം അവരവരുടെ ഗ്രാഹ്യത്തിനനുസരിച്ച് വളരെ എളുപ്പത്തില്‍ ആ ഗുണങ്ങള്‍ അനുഭവത്തിലൂടെ മനസ്സിലാക്കുന്നതാണ്. ഹൃസ്വമായ ഈ പ്രാരംഭ കുറിപ്പുകള്‍ക്ക് ശേഷം, റമദാനിനെയും നോമ്പിനെയും കുറിച്ചുള്ള ഏതാനും നബവീ തിരുവചനങ്ങള്‍ പാരായണം ചെയ്യുക: 
അബൂ ഹുറയ്റ رضي الله عنه വിവരിക്കുന്നു. റസൂലുല്ലാഹി  അരുളി: റമദാന്‍ മാസം സമാഗതമായാല്‍ സ്വര്‍ഗ്ഗ കവാടങ്ങള്‍ തുറക്കപ്പെടും. നരക വാതിലുകള്‍ അടയ്ക്കപ്പെടും. പിശാചുക്കള്‍ ചങ്ങളക്കിടപ്പെടും. ഒരു രിവായത്തില്‍, സ്വര്‍ഗ്ഗ കവാടങ്ങള്‍ എന്നതിന് പകരം അനുഗ്രഹത്തിന്‍റെ കവാടം എന്ന് വന്നിരിക്കുന്നു. (ബുഖാരി, മുസ് ലിം) 
ഉസ്താദുല്‍ അസാതീദ് ശാഹ് വലിയ്യുല്ലാഹ് മുഹദ്ദിസ് ദഹ് ലവി (റഹ്) ഹുജ്ജത്തുല്ലാഹില്‍ ബാലിഗയില്‍ ഈ ഹദീസിനെ വിവരിച്ച് കൊണ്ട് എഴുതുന്നു: അല്ലാഹുവിന്‍റെ സജ്ജനങ്ങളായ ദാസന്മാര്‍, റമദാനില്‍ നന്മകളില്‍ കൂടുതലായി മുഴുകുന്നതാണ്. പകലുകളില്‍ നോമ്പനുഷ്ടിച്ച് ദിക്ര്‍-തിലാവത്തുകളിലായി കഴിഞ്ഞ് കൂടും. രാത്രികളുടെ വലിയൊരു ഭാഗം തറാവീഹ്-തഹജ്ജുദുകളിലും ദുആ-ഇസ്തിഗ്ഫാറുളിലും ചിലവഴിക്കും. ഇവരുടെ, അനുഗ്രഹീതമായ സത്കര്‍മ്മങ്ങളില്‍ ആകൃഷ്ടരായി പൊതുമുസ് ലിംകളുടെ മനസ്സുകളും നന്മയിലേക്ക് തിരിയുകയും തിന്മകളില്‍ നിന്ന് പിന്തിരിയുകയും ചെയ്യും. ചുരുക്കത്തില്‍, ഇതര മാസങ്ങളെ ആപേക്ഷിച്ച് ഈ മാസത്തില്‍ നന്മകള്‍ നിറഞ്ഞ ഒരു അന്തരീക്ഷം ഉണ്ടായിത്തീരുന്നതാണ്. കൂടാതെ, ഈ മാസത്തില്‍ ചെയ്യപ്പെടുന്ന ചെറിയ നന്മകള്‍ക്ക് പോലും വമ്പിച്ച പ്രതിഫലം നല്‍കപ്പെടുന്നതാണ്. ഇതിന്‍റെയെല്ലാം ഫലമായി, നല്ലവരെ സംബന്ധിച്ചിടത്തോളം സ്വര്‍ഗ്ഗ കവാടങ്ങള്‍ തുറക്കപ്പെടുന്നതും നരക വാതിലുകള്‍ കൊട്ടിയടയ്ക്കപ്പെടുന്നതും പിശാച് വഴികെടുത്തുന്നതില്‍ നിന്നും തടഞ്ഞു നിര്‍ത്തപ്പെടുന്നതുമാണ്. 
ഈ വിവരണമനുസരിച്ച് ഹദീസില്‍ പറയപ്പെട്ട മൂന്ന് പ്രത്യേകതകളുടെയും ബന്ധം, ഈ മാസത്തില്‍ നന്മയിലേക്ക് തിരിയുകയും സുവര്‍ണ്ണാവസരം പ്രയോജനപ്പെടുത്തുകയും ചെയ്യുന്നവരുമായി മാത്രമാണ്. റമദാനിന്‍റെ നിയമ-മര്യാദകളുമായി യാതൊരു അടുപ്പവുമില്ലാത്തവരും ഈ അനുഗ്രഹീത മാസം വന്നെത്തിയിട്ടും ജീവിതത്തില്‍ മാറ്റമൊന്നും വരുത്താത്തവരുമായ നിഷേധികളും നന്ദികെട്ടവരും ഭാഗ്യഹീനരും അശ്രദ്ധയില്‍ ആണ്ടുപൂണ്ട് കിടക്കുന്നവരുമായ ആളുകള്‍ക്ക് ഈ സുവാര്‍ത്തകളുമായി ഒരു ബന്ധവുമില്ല. സ്വയം തന്നെ ഭാഗ്യക്കേട് തെരഞ്ഞെടുക്കുകയും പന്ത്രണ്ട് മാസങ്ങളിലും പിശാചിനെ അനുസരിക്കുന്നതില്‍ സംതൃപ്തി കണ്ടെത്തുകയും ചെയ്തവരാണവര്‍. അല്ലാഹുവിങ്കലും ഭാഗ്യഹീനതയല്ലാതെ മറ്റൊരു ഫലവും അവര്‍ക്കുണ്ടാകുന്നതല്ല. 
അബൂ ഹുറയ്റ رضي الله عنه വിവരിക്കുന്നു. റസൂലുല്ലാഹി  അരുളി: ഈമാനും ഇഹ്തിസാബും നിലനിര്‍ത്തിക്കൊണ്ട് ഒരാള്‍ റമദാന്‍ നോമ്പ് അനുഷ്ടിച്ചാല്‍ അവന്‍റെ മുന്‍കാല പാപങ്ങളെല്ലാം പൊറുക്കപ്പെടും. ഈമാനും ഇഹ്തിസാബും നിലനിര്‍ത്തിക്കൊണ്ട് ഒരാള്‍ റമദാന്‍ രാവുകളില്‍ (തറാവീഹ്-തഹജ്ജുദ് മുതലായവ) നിന്ന് നമസ്കരിച്ചാല്‍ അവന്‍റെ മുന്‍കാല പാപങ്ങളെല്ലാം പൊറുക്കപ്പെടും. ഇപ്രകാരം, ലൈലത്തുല്‍ ഖദ്റില്‍ ഈമാനും ഇഹ്തിസാബും നിലനിര്‍ത്തിക്കൊണ്ട് ഒരാള്‍ നിന്ന് നമസ്കരിച്ചാല്‍ അവന്‍റെ മുന്‍കാല പാപങ്ങളെല്ലാം പൊറുക്കപ്പെടും. (ബുഖാരി, മുസ് ലിം) 
റമദാനിലെ പകല്‍ സമയത്തുള്ള നോമ്പും ഇരവുകളിലുള്ള വിശിഷ്യാ, ഖദ്റിന്‍റെ രാവിലുള്ള നമസ്കാരങ്ങളും ഗതകാല പാപങ്ങള്‍ മാപ്പാക്കപ്പെടാനുള്ള ഉറപ്പായ മാധ്യമങ്ങളാണെന്ന് ഈ ഹദീസ് വിളിച്ചറിയിക്കുന്നു. ഈമാനും ഇഹ്തിസാബും ഉണ്ടായിരിക്കണമെന്ന് മാത്രമാണ് അതിനുള്ള നിബന്ധന. ഇസ്ലാമിലെ പ്രത്യേകമായ ഒരു സാങ്കേതിക പ്രയോഗമാണ് ഈമാനും ഇഹ്തിസാബും. അതിന്‍റെ ആശയമിതാണ്: എല്ലാവിധ നന്മകളുടെയും പ്രേരകം, അല്ലാഹുവിലും റസൂലിലുമുള്ള വിശ്വാസവും അവരുടെ വാഗ്ദാനങ്ങളിലുള്ള ഉറപ്പും അവര്‍ അറിയിച്ച പ്രതിഫലത്തിലുള്ള ആഗ്രഹവും പ്രതീക്ഷയും മാത്രമായിരിക്കണം. ഇതല്ലാത്ത മറ്റൊരു ലക്ഷ്യവുമാകരുത്. ഈ ഗുണമുണ്ടായാല്‍, നമ്മുടെ സല്‍കര്‍മ്മങ്ങള്‍ അല്ലാഹുവുമായി ബന്ധപ്പെടുന്നതാണ്. എല്ലാവിധ നന്മകളുടെയും മനസ്സും ആത്മാവും ഈ ഗുണം തന്നെ.! എത്ര വലിയ കര്‍മ്മമാണെങ്കിലും ശരി, ഈമാനും ഇഹ്തിസാബും ഇല്ലെങ്കില്‍ അത് ഫലശൂന്യവും പൊള്ളയുമായി പരിണമിക്കുന്നതാണ്. എന്നാല്‍ ഈ ഗുണമുണ്ടായാല്‍, ദാസന്‍റെ ഓരോ പ്രവര്‍ത്തനവും അല്ലാഹുവിങ്കല്‍ അത്യന്തം പ്രിയംകരവും വിലപിടിച്ചതുമായിത്തീരുന്നതാണ്. അതിന്‍റെ ബറകത്ത് കാരണമായി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച് കൂട്ടിയ പാപങ്ങള്‍ പോലും പൊറുക്കപ്പെടുന്നതാണ്. അല്ലാഹു തആല, അവന്‍റെ ഔദാര്യം കൊണ്ട് മാത്രം ഈ മഹല്‍ഗുണം നാമേവര്‍ക്കും കനിഞ്ഞരുളട്ടെ.! 
നോമ്പിന്‍റെ മര്യാദകള്‍ 
അബൂ ഹുറയ്റ رضي الله عنه വിവരിക്കുന്നു. റസൂലുല്ലാഹി  അരുളി: നോമ്പ് അനുഷ്ടിക്കുന്ന വ്യക്തി, അനാവശ്യ സംസാരവും പ്രവര്‍ത്തിയും ഉപേക്ഷിച്ചില്ലെങ്കില്‍ അവന്‍ വിശന്നും ദാഹിച്ചും കഴിയുന്നതില്‍ അല്ലാഹുവിന് യാതൊരു ആവശ്യവുമില്ല. (ബുഖാരി) 
അന്ന-പാനീയങ്ങള്‍ ഉപേക്ഷിക്കുന്നതിനൊപ്പം തെറ്റുകുറ്റങ്ങളില്‍ നിന്നും നാക്കും ഇതര അവയവങ്ങളും സൂക്ഷിക്കലും അല്ലാഹുവിങ്കല്‍ നോമ്പ് സ്വീകാര്യമാകുന്നതിന് അത്യന്താപേക്ഷിതമാണെന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു. നോമ്പുകാരനായ ഒരാള്‍, പാപകരമായ വര്‍ത്തമാനങ്ങളിലും പ്രവര്‍ത്തനങ്ങളിലും മുഴുകിക്കഴിഞ്ഞാല്‍ അല്ലാഹു അയാളുടെ നോമ്പിനെ അല്‍പവും പരിഗണിക്കുന്നതല്ല. 
അത്താഴം 
അനസ് رضي الله عنه വിവരിക്കുന്നു. റസൂലുല്ലാഹി  അരുളി: നിങ്ങള്‍ അത്താഴം കഴിക്കുക. അതില്‍ ഐശ്വര്യമുണ്ട്. (ബുഖാരി, മുസ് ലിം) 
നോമ്പുകാരന് ശക്തി ലഭിക്കുകയും നോമ്പ് കാരണം വലിയ ബലഹീനതയും പ്രയാസവും ഉണ്ടാകാതിരിക്കുകയും ചെയ്യുന്നുവെന്നതാണ് അത്താഴത്തിന്‍റെ ബാഹ്യവും പൊതുവായതുമായ ഗുണം.! എന്നാലിതിന് ദീനിയ്യായി ഒരു ഗുണവും കൂടിയുണ്ട്: അതായത്, സമൂഹം മുഴുവനോ വിശിഷ്ട വ്യക്തികള്‍ മാത്രമോ അത്താഴം കഴിക്കാതിരുന്നാല്‍, പൊതുജനങ്ങള്‍ അതിനെ ശരീഅത്തിന്‍റെ കല്‍പനയായിട്ടോ, കുറഞ്ഞപക്ഷം ഉത്തമമായിട്ടോ ധരിച്ചുവശാകാന്‍ സാധ്യതയുണ്ട്. ഇതിലൂടെ ശരീഅത്തിന്‍റെ നിര്‍ണ്ണിത നിയമത്തില്‍ തിരിമറി സംഭവിക്കും. ഗതകാല സമൂഹങ്ങളില്‍ ധാരാളം തിരിമറികളുണ്ടായത് അങ്ങിനെയാണ്. ചുരുക്കത്തില്‍, അത്താഴം കഴിച്ചാല്‍ ഈ തിരിമറി സംഭവിക്കുകയില്ല. അതാകട്ടെ, അല്ലാഹുവിന് പ്രിയംകരവും അനുഗ്രഹം വര്‍ഷിക്കാന്‍ കാരണവുമാണ്. 
അബൂ സഈദ് رضي الله عنه വിവരിക്കുന്നു. റസൂലുല്ലാഹി  അരുളി: അത്താഴത്തില്‍ ഐശ്വര്യമുണ്ട്. അതുകൊണ്ട് അതിനെ ഉപേക്ഷിക്കരുത്. ഒന്നുമില്ലെങ്കില്‍ ഒരിറക്ക് വെള്ളമെങ്കിലും പാനം ചെയ്യുക. കാരണം, അത്താഴം കഴിക്കുന്നവരെ അല്ലാഹു അനുഗ്രഹിക്കുന്നതാണ്. അവര്‍ക്ക് വേണ്ടി മലക്കുകള്‍ ദുആ ഇരക്കുന്നതാണ്. (മുസ്നദ് അഹ് മദ്) 
നോമ്പ് തുറപ്പിക്കല്‍ 
സൈദുബ്നു ഖാലിദ് رضي الله عنه വിവരിക്കുന്നു. റസൂലുല്ലാഹി  അരുളി: ആരെങ്കിലും ഒരു നോമ്പുകാരനെ നോമ്പ് തുറപ്പിക്കുകയോ, ഒരു യോദ്ധാവിന് യുദ്ധ സാമഗ്രികള്‍ നല്‍കുകയോ ചെയ്താല്‍ അവന് നോമ്പുകാരനും യോദ്ധാവിനും ലഭിക്കുന്നതുപോലുള്ള പ്രതിഫലം ലഭിക്കുന്നതാണ്. (ബൈഹഖി) 
അല്ലാഹുവിന്‍റെ ഔദാര്യ സമ്പൂര്‍ണ്ണമായ നിയമങ്ങളില്‍ ഒരു നിയമമാണിത്. ഒരാളെ ഒരു നന്മയിലേക്ക് പ്രേരിപ്പിക്കുകയും ആ വിഷയത്തില്‍ അയാളെ സഹായിക്കുകയും ചെയ്യുക എന്നത് മഹത്തരമായ ഒരു ഗുണമാണ്. ഇത്തരമാളുകള്‍ക്ക് ആ സല്‍കര്‍മ്മം പ്രവര്‍ത്തിച്ചവന് ലഭിക്കുന്നത് പോലുള്ള പ്രതിഫലം, ഉന്നതനായ അല്ലാഹു കനിഞ്ഞരുളുന്നതാണ്. അല്ലാഹുവിന്‍റെ അളവറ്റ ഔദാര്യത്തെ കുറിച്ച് അറിവില്ലാത്ത യാഥാര്‍ത്ഥ്യ ബോധമില്ലാത്തവര്‍ക്ക് മാത്രമേ, ഇത്തരം സുവാര്‍ത്തകളില്‍ സംശയമുണ്ടാകുകയുള്ളൂ. അല്ലാഹുവേ, നിന്‍റെ അനുഗ്രഹ-ഔദാര്യങ്ങള്‍ക്ക് പരിപൂര്‍ണ്ണമായി സ്തുതിക്കാന്‍ ഞങ്ങള്‍ അശക്തരാണ്. നീ നിന്നെ സ്തുതിച്ചത് പോലെ നീ സ്തുത്യര്‍ഹനാണ്. 
റയ്യാന്‍ കവാടത്തിലേക്ക് സ്വാഗതം.! 
സഹ് ലുബ്നു സഅ്ദ് رضي الله عنه വിവരിക്കുന്നു. റസൂലുല്ലാഹി  അരുളി: സ്വര്‍ഗ്ഗ കവാടങ്ങളില്‍ റയ്യാന്‍ എന്ന് പേരുള്ള ഒരു പ്രത്യേക കവാടമുണ്ട്. ഖിയാമത്ത് നാളില്‍ നോമ്പുകാര്‍ മാത്രം അതിലൂടെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതാണ്. അവരൊഴിച്ചുള്ളവരാരും അതിലൂടെ പ്രവേശിക്കുന്നതല്ല. അല്ലാഹുവിന് വേണ്ടി (വിശപ്പും ദാഹവും സഹിച്ച്) നോമ്പനുഷ്ടിച്ചവര്‍ എവിടെ എന്ന് വിളിച്ച് ചോദിക്കപ്പെടും. ഇതിനെ തുടര്‍ന്ന് അവര്‍ എഴുന്നേറ്റ് അതിലൂടെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. അവര്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ ആ കവാടം അടയ്ക്കപ്പെടും. പിന്നീട് മറ്റാരും അതിലൂടെ പ്രവേശിക്കുന്നതല്ല. (ബുഖാരി, മുസ് ലിം) 
റയ്യാന്‍ എന്നതിന്‍റെ അര്‍ത്ഥം ദാഹത്തിന്‍റെ പരിപൂര്‍ണ്ണമായ ശമനം എന്നാണ്. കാരണം, നോമ്പുകാരന് നോമ്പിലൂടെ ഉണ്ടാകുന്ന ഏറ്റവും വലിയ പ്രയാസം ദാഹമാണ്. ഇക്കാരണത്താല്‍ നോമ്പുകാരനുള്ള പ്രതിഫലത്തിലും ദാഹശമനത്തെ പ്രത്യേകം പരിഗണിക്കപ്പെട്ടിരിക്കുന്നു. അതായത്, സമ്പൂര്‍ണ്ണവും സമുന്നതവുമായ ദാഹശമനമായിരിക്കും അതിലൂടെ പ്രവേശിക്കുന്നവര്‍ക്കുള്ള പ്രഥമ സമ്മാനം.! തുടര്‍ന്ന് സ്വര്‍ഗ്ഗത്തില്‍ അവര്‍ എത്തിച്ചേര്‍ന്ന ശേഷം അവര്‍ക്ക് അല്ലാഹു നല്‍കുന്ന അനുഗ്രഹ-പ്രതിഫലങ്ങളെ കുറിച്ച് അല്ലാഹുവിന് തന്നെ അറിയാം. അതുകൊണ്ടാണ് അല്ലാഹു പ്രഖ്യാപിച്ചത്: അടിമയുടെ നോമ്പ് എനിക്കുള്ളതാണ്. ഞാന്‍ തന്നെ അതിനുള്ള പ്രതിഫലം പ്രത്യേകമായി നല്‍കുന്നതാണ്. 
അബൂ ഉമാമ رضي الله عنه വിവരിക്കുന്നു. ഞാന്‍ ചോദിച്ചു: അല്ലാഹുവിന്‍റെ റസൂലേ, അല്ലാഹു എനിക്ക് ധാരാളം പ്രയോജനങ്ങള്‍ നല്‍കുന്ന ഒരു സല്‍കര്‍മ്മം എന്നോട് കല്‍പിച്ചാലും. റസൂലുല്ലാഹി  അരുളി: നീ അധികമായി നോമ്പ് അനുഷ്ടിക്കുക. കാരണം, അതിന് തുല്ല്യമായ ഒരു സല്‍കര്‍മ്മവും ഇല്ല. (നസാഈ) 
നമസ്കാരം, നോമ്പ്, ദാനധര്‍മ്മം, ഹജ്ജ്, ജനസേവനം മുതലായ സകല സല്‍പ്രവര്‍ത്തനങ്ങളും അല്ലാഹുവിന്‍റെ സാമീപ്യത്തിനുള്ള മാധ്യമങ്ങള്‍ തന്നെയാണ്. എന്നാല്‍ ഇവ ഓരോന്നിനും മറ്റുള്ളവയില്‍ നിന്നും വേര്‍തിരിക്കുന്ന ചില പ്രത്യേകതകളുണ്ട്. പുഷ്പങ്ങളെല്ലാം സുന്ദരമാണെങ്കിലും അതിന്‍റെ നിറ-മണങ്ങള്‍ വ്യത്യസ്തമാണ് എന്ന കവി വാക്യം പോലെ ഈ പ്രത്യേകതകളെ പരിഗണിച്ച് നോക്കുമ്പോള്‍ ഓരോ കാര്യങ്ങളെ കുറിച്ചും അതിന് തുല്ല്യമായ മറ്റൊരു സല്‍കര്‍മ്മവും ഇല്ല എന്ന് പറയാന്‍ സാധിക്കുന്നതാണ്. ഉദാഹരണത്തിന് നോമ്പിന്‍റെ കാര്യം എടുക്കുക: മനോഛയെ പരാജയപ്പെടുത്തുകയും തടുക്കുകയും ചെയ്യുന്ന വിഷയത്തില്‍ നോമ്പിന് തുല്ല്യമായ മറ്റൊരു കര്‍മ്മവും ഇല്ല തന്നെ.! ചുരുക്കത്തില്‍, ഇതിന് തുല്ല്യമായ ഒരു സല്‍കര്‍മ്മവും ഇല്ല എന്ന വചനത്തിന്‍റെ ആശയം മറ്റ് നന്മകളുടെ സ്ഥാനം കുറയ്ക്കലല്ല. നോമ്പിന്‍റെ പ്രത്യേകത ഉണര്‍ത്താന്‍ മാത്രമാണ്. കൂടാതെ അബൂ ഉമാമ رضي الله عنه യുടെ പ്രത്യേകമായ അവസ്ഥ പരിഗണിച്ച് ഇപ്രകാരം മറുപടി പറഞ്ഞതാകാനും സാധ്യതയുണ്ട്. കാരണം ഇതേ ചോദ്യം അദ്ദേഹം മൂന്ന് പ്രാവശ്യം ആവര്‍ത്തിച്ചതായും മൂന്ന് പ്രാവശ്യവും ഇതേ മറുപടി തന്നെ തിരുദൂതര്‍  അരുളിയതായും മറ്റ് ചില നിവേദനങ്ങളില്‍ വന്നിട്ടുണ്ട്. അപ്പോള്‍ ഈ വചനത്തിന്‍റെ ആശയം ഇതാണ്: നിങ്ങളുടെ പ്രത്യേകമായ അവസ്ഥ പരിഗണിക്കുമ്പോള്‍ നോമ്പനുഷ്ടിക്കുന്നതാണ് നിങ്ങള്‍ക്ക് ഏറ്റവും പ്രയോജനകരം.! 
ആഇശ (റ) പ്രസ്താവിക്കുന്നു. ഇബാദത്തുകളില്‍ ഇതര ദിവസങ്ങളില്‍ ത്യാഗം അനുഷ്ടിക്കുന്നതിനേക്കാള്‍ അവസാനത്തെ പത്തില്‍ റസൂലുല്ലാഹി  ത്യാഗം അനുഷ്ടിച്ചിരുന്നു. (മുസ് ലിം) 
ആഇശ (റ) വിവരിക്കുന്നു. റമദാനിലെ അവസാനത്തെ പത്ത് ആരംഭിച്ചാല്‍ റസൂലുല്ലാഹി  മുണ്ട് മുറുക്കി ഉടുക്കുകയും രാത്രി ഉറക്കമൊഴിക്കുകയും (ഇബാദത്ത്-ദിക്ര്‍-ദുആകളില്‍ മുഴുകുകയും) ചെയ്തിരുന്നു. വീട്ടിലുള്ളവരെ (പരിശുദ്ധ പത്നിമാരെയും ഇതര ബന്ധുക്കളെയും) ഉണര്‍ത്തുകയും ഇബാദത്തില്‍ മുഴുകാന്‍ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. (ബുഖാരി, മുസ് ലിം) 
പുണ്യ റമദാന്‍ മാസത്തിന് ഇതര മാസങ്ങളെക്കാള്‍ മഹത്വമുള്ളതുപോലെ റമദാനിന്‍റെ അവസാനത്തെ പത്ത് ദിവസങ്ങള്‍ക്ക് ഇതര പത്തുകളെക്കാളും ശ്രേഷ്ഠതയുണ്ട്. കാരണം, ലൈലത്തുല്‍ ഖദ്ര്‍ അധികവും ഈ പത്തിലാണ് ഉണ്ടാകുന്നത്. അത് കൊണ്ട് റസൂലുല്ലാഹി  ഈ രാവുകളില്‍ ഇബാദത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുകയും മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. 
അബൂ ഹുറയ്റ رضي الله عنه വിവരിക്കുന്നു. റസൂലുല്ലാഹി  അരുളി: റമദാനിന്‍റെ അവസാന രാവില്‍ എന്‍റെ ഉമ്മത്തികള്‍ക്ക് മുഴുവന്‍ മാപ്പ് നല്‍കപ്പെടുന്നതാണ്. സ്വഹാബത്ത് ചോദിച്ചു: അല്ലാഹുവിന്‍റെ റസൂലേ, അത് ലൈലത്തുല്‍ ഖദ്ര്‍ ആണോ.? അപ്പോള്‍ റസൂലുല്ലാഹി  അരുളി: ലൈലത്തുല്‍ ഖദ്ര്‍ അല്ല. പക്ഷെ, ജോലിക്കാരന് ജോലി പൂര്‍ത്തീകരിക്കുമ്പോള്‍ കൂലി പൂര്‍ണ്ണമായും നല്‍കപ്പെടുന്നതാണ്. (അഹ് മദ്) 
റമദാനുല്‍ മുബാറകിന്‍റെ അവസാന രാവും പ്രത്യേക പാപമോചനത്തിന്‍റെ രാവാണെന്നും ഈ ഹദീസ് ഉണര്‍ത്തുന്നു. എന്നാല്‍ റമദാനിന്‍റെ മര്യാദകളും താല്‍പര്യങ്ങളും മനസ്സാ-വാചാ-കര്‍മ്മണാ പൂര്‍ത്തീകരിച്ച് അര്‍ഹത നേടിയ നല്ല ദാസന്‍മാര്‍ക്ക് മാത്രമാണ് ഈ പാപമോചനം എന്ന കാര്യവും ഇവിടെ പ്രത്യേകം സ്മരണീയമാണ്. അല്ലാഹു നാമെല്ലാവരേയും ഈ കൂട്ടത്തില്‍ പെടുത്തുമാറാകട്ടെ.! 
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*
 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...