Thursday, March 8, 2018

ഉവൈസ് ഹാജി : വിശുദ്ധിയുടെ നിറകുടം.! -സവാദ് അബൂട്ടി.


ഉവൈസ് ഹാജി
വിശുദ്ധിയുടെ നിറകുടം.! 
-സവാദ് അബൂട്ടി. 
http://swahabainfo.blogspot.com/2018/03/blog-post_96.html?spref=tw

തലശ്ശേരിക്കടുത്ത് മാഹിയില്‍ 1960-ല്‍ ജനനം. പിതാവ് മൈഫീല്‍ഡ് കമ്പനി സ്ഥാപകന്‍ പി. കെ. സുബൈര്‍ ഹാജി. ഉമ്മ പുത്തന്‍പുരയില്‍ സുഹ്റ. ഭാര്യ പി. പി. അബൂട്ടി ഹാജിയുടെ മകള്‍ ഷമീമ. മക്കള്‍ ഹാഫിസ് ഇബ്റാഹീം മൗലവി, ഹഫ്സ, ഹസ്ന, ഹാജറ. മരുമക്കള്‍ ഹാഫിസ് അബ്ദുസ്സ്വമദ് മൗലവി (മൗലവി ബുക്സ്, കാസര്‍കോഡ്), ഹാഫിസ് അബ്ദുസ്സത്താര്‍ മൗലവി (ദില്‍കുഷ് പോളിമര്‍സ്, ആലുവ), ഫാത്വിമ ബിന്‍ത് ഇസ്ഹാഖ് ആലുവ എന്നിവരാണ്.
മതചിട്ടയുള്ള കുടുംബത്തിലെ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ ബാല്യം. പെരിങ്ങാടി സ്കൂളിലും എറണാകുളത്തുമായി പ്രാഥമിക വിദ്യാഭ്യാസം. മാതാപിതാക്കളുടെ സംരക്ഷണയില്‍ പത്ത് വയസ്സ് വരെയുള്ള ചെറുപ്പകാലം. ചെറുപ്പം മുതല്‍ മകനെ മാനുഷിക മൂല്യങ്ങളുടെ ഔന്നത്യത്തിലേക്ക് എത്തിക്കണമെന്ന പിതാവിന്‍റെ സ്വപ്ന സാക്ഷാത്ക്കാരത്തിന് അദ്ദേഹം സ്വീകരിച്ച മാര്‍ഗം, തന്‍റെ മകനെ ചെറുപ്രായത്തില്‍ തന്നെ മാനവരാശിയുടെ മാര്‍ഗ്ഗ ദര്‍ശനത്തിനായി പടച്ച തമ്പുരാനില്‍ നിന്നും അവതീര്‍ണ്ണമായ വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുകയായിരുന്നു. ഇതിനായി മകനെ ബാംഗ്ലൂരിലെ സബീലുര്‍ റഷാദ് അറബിക് കോളേജില്‍ ചേര്‍ക്കുകയും ഖുര്‍ആന്‍ പൂര്‍ണ്ണമായി മനനം ചെയ്യിക്കുകയും ചെയ്തു. ശേഷം അതിന്‍റെ സാരാംശങ്ങള്‍ ഗ്രഹിക്കുന്നതിനായി ഏറെ സമയം ചെലവഴിച്ചു. ആകര്‍ഷകമായ സ്വരമാധുരിയും ഖുര്‍ആന്‍ പാരായണ നിയമത്തിലെ നൈപുണ്യവും ഒത്തുചേര്‍ന്നപ്പോള്‍ സൗഭാഗ്യവാനായ ഒരു ഖാരിഅ് ആയി ഉവൈസ് മാറുകയായിരുന്നു.
ബാംഗ്ലൂരില്‍ നിന്നും പഠനം കഴിഞ്ഞ് തിരിച്ചെത്തിയ മകനെ കണ്ട് സന്തോഷ ബാഷ്പം പൊഴിച്ച പിതാവ്, അത് പോലൊരു സ്ഥാപനം കേരളത്തിലും ഉണ്ടാവണമെന്ന് അതിയായി ആഗ്രഹിച്ചു. അങ്ങിനെയാണ് 1974-ല്‍ ആലുവ എടത്തലയില്‍ അല്‍ ജാമിഅത്തുല്‍ കൗസരിയ്യ യാഥാര്‍ത്ഥ്യമാവുന്നത്. പരിശുദ്ധ ഖുര്‍ആന്‍ മനനം ചെയ്യുന്നതിനുള്ള കേരളത്തിലെ പ്രഥമ സ്ഥാപനം.! ജീവിതാവസാനം വരെയും ഇതിന്‍റെ മുഖ്യ രക്ഷാധികാരി ആയിരുന്നു അദ്ദേഹം. ദീനീ പ്രബോധന രംഗത്ത് ദീര്‍ഘ വീക്ഷണത്തോടെയും വ്യക്തമായ കാഴ്ചപ്പാടുമായി അദ്ദേഹം നിലകൊണ്ടു. അദ്ദേഹത്തിന്‍റെ ശക്തമായ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സമുദായത്തിന്‍റെ ചാലക ശക്തിയായി. നിരവധി മദ്റസകളുടെയും മസ്ജിദുകളുടെയും ശില്പിയും മാര്‍ഗ്ഗ ദര്‍ശിയും ഉപദേഷ്ടാവും ആയി വര്‍ത്തിച്ചു.
അതോടൊപ്പം തന്നെ പിതാവിന്‍റെ പാത പിന്‍പറ്റി പതിനേഴാം   വയസ്സില്‍ കച്ചവട രംഗത്ത് നടത്തിയ കാല്വെപ്പുകള്‍ ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ട് കേരളത്തിലെ പാദരക്ഷ നിര്‍മ്മാണ രംഗത്തെ അമരക്കാരനാക്കി. മൈഫീല്‍ഡ് എന്ന ബ്രാന്‍ഡ് നാമം ഇന്നും എന്നും പുതുമയോടെ നിലനിര്‍ത്തുവാന്‍ സദാ കര്‍മ്മ നിരതനായി. പുതുമകള്‍ പരീക്ഷിക്കാന്‍ അദ്ദേഹം കാണിച്ച ധൈര്യം, മാറ്റങ്ങളെ മനസ്സിലാക്കാനുള്ള കഴിവും വൈദഗ്ദ്ധ്യവും മറ്റുള്ളവരില്‍ നിന്നും അദ്ദേഹത്തെ വ്യതിരിക്തനാക്കി. മറ്റു തുടക്കക്കാര്‍ക്ക് എന്നും ഒരു പ്രചോദനവും വഴികാട്ടിയുമായി. കേരളത്തിനകത്തും പുറത്തും നേരിട്ടും അല്ലാതെയും ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ജീവിതോപാധിയുടെ അത്താണിയായി മാറിയ വ്യവസായങ്ങള്‍ക്ക് അദ്ദേഹം ചുക്കാന്‍ പിടിച്ചു. അസാമാന്യ ബുദ്ധിയും ഓര്‍മ്മ ശക്തിയും ഉണ്ടായിരുന്ന ഉവൈസ് വ്യത്യസ്ത രംഗങ്ങളില്‍ അതിയായി പ്രശോഭിച്ചു.
ഫുഡ്വെയര്‍ വ്യവസായവുമായി ബന്ധപ്പെട്ട് ഇന്ത്യയിലും പുറത്തും എക്സിബിഷന്‍, സെമിനാര്‍ എന്നിവയില്‍ സദാ പങ്കെടുക്കുകയും ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. കേരളത്തിലെ റബ്ബര്‍-ഫുഡ്വെയര്‍ നിര്‍മ്മാണ രംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്നു.
സ്ഥാനമാനങ്ങളിലും പ്രശസ്തിയിലും ഒട്ടും താല്പര്യം കാണിക്കാതിരുന്ന അദ്ദേഹം വിനയത്തിന്‍റെ നിറകുടമായിരുന്നു. എപ്പോഴും ധരിച്ചിരുന്ന തൂവെള്ള വസ്ത്രം പോലെ കളങ്കമില്ലാത്ത മനസ്സിന്‍റെ ഉടമ. എന്നും ഒരു സാധാരണക്കാരനായി ജീവിച്ചിരുന്ന അദ്ദേഹം സര്‍വ്വ സമ്മതനും ഏവര്‍ക്കും ഏറെ പ്രിയങ്കരനുമായിരുന്നു. ബിസിനസ്സുമായി ബന്ധപ്പെട്ടും അല്ലാതെയും അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, ഗള്‍ഫ് രാജ്യങ്ങള്‍, ചൈന, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങി ഒട്ടുമിക്ക രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്. അനേകം ഭാഷാ പരിജ്ഞാനം, അനന്തമായ അറിവ്, ലോക പരിചയം, ഏത് വിഷയത്തിലുമുള്ള പാണ്ഡിത്യം. സൗമ്യമായ പെരുമാറ്റം ഇവ ബിസിനസ്സ് ബന്ധങ്ങള്‍ക്ക് പുറമെ, ഏറെ സുഹൃത് വലയം സൃഷ്ടിച്ചു. സമ്പന്നതയിലും ലാളിത്യമായിരുന്നു അദ്ദേഹത്തിന്‍റെ മുഖമുദ്ര. നാനാ ജാതി-മതസ്ഥരോടുള്ള സമ്പര്‍ക്കവും സമൂഹത്തിന്‍റെ വിവിധ തുറകളിലുള്ളവരുമായുള്ള തുറന്ന ഇടപെടലുകളും ഏറെ പ്രകീര്‍ത്തിക്കപ്പെട്ടു. നാട്ടുകാരുടെയും കുടുംബക്കാരുടെയും ഏത് പ്രശ്നങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും പരിഹാരത്തിന്‍റെ ഒരു തണലായി അദ്ദേഹം നിലകൊണ്ടു. ബുദ്ധിമുട്ടുള്ളവരുടെയും ജീവിതത്തില്‍ പ്രയാസം അനുഭവിക്കുന്നവരുടെയും കൂടെ നിസ്വാര്‍ത്ഥമായി അദ്ദേഹം നിലകൊണ്ടു.
കമ്പനി ജീവനക്കാരുടെ നാനോന്മുഖ പ്രവര്‍ത്തനത്തില്‍ പങ്കാളിയായി കൊണ്ട് അവരുടെ ക്ഷേമത്തിനായി സദാ ഇടപെട്ടു കൊണ്ടും അദ്ദേഹം ഒരു മുതലാളിക്കുമപ്പുറം ഒരു ഉപദേഷ്ടാവും ഒരു ഗുണകാംക്ഷിയുമായിരുന്നു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സാധു സംരക്ഷണത്തിലും മുഖ്യ സ്ഥാനം നല്‍കിയിരുന്ന അദ്ദേഹം തുടര്‍ച്ചയായി മൂന്ന് തവണ സംസ്ഥാന ഹജ്ജ് കമ്മിറ്റിയില്‍ മെമ്പറായി സേവനം അനുഷ്ഠിച്ചിരുന്നു. മലബാറിന്‍റെ തനത് ശൈലിയില്‍ അതിഥികളെ തന്‍റെ വീട്ടില്‍ എപ്പോഴും സല്‍ക്കരിക്കാന്‍ ഏറെ താല്പര്യം കാണിച്ച അദ്ദേഹം സംസ്ഥാന ഹജ്ജ് ക്യാമ്പില്‍ ഭക്ഷണശാലയുടെ മുഖ്യ ചുമതലക്കാരനായി. അല്‍ അമീന്‍   എജ്യുക്കേഷണല്‍ ട്രസ്റ്റ് മെമ്പറാണ്.
നിഷ്കളങ്കമായ നിസ്വാര്‍ത്ഥമായ ആത്മാര്‍ത്ഥമായ ചിന്തയും പ്രവര്‍ത്തിയും അദ്ദേഹത്തെ സങ്കുചിതത്വം തൊട്ടുതീണ്ടാത്ത ഒരു മഹാനായ മനുഷ്യ സ്നേഹിയാക്കി. ഏത് സന്തോഷ വേളയിലും ഏത് പ്രതിസന്ധി ഘട്ടത്തിലും പുഞ്ചിരിച്ച് കൊണ്ട് കണ്ട ആ മഹത് വ്യക്തിത്വം പുഞ്ചിരിച്ച മുഖവുമായി നമ്മില്‍ നിന്ന് കടന്നുപോയി. ജീവിതത്തിലുടനീളം സമസ്ത മേഖലകളിലും വിശുദ്ധി പുലര്‍ത്തിയ അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞപ്പോള്‍ ബാക്കിയാവുന്നത് ചില ചോദ്യങ്ങളാണ്. ആരുണ്ട് അവ ഏറ്റ് പിടിക്കുവാന്‍.? കൈയ്യിലേന്തുവാന്‍.?
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...