Thursday, March 8, 2018

അല്‍ ജാമിഅത്തുല്‍ കൗസരിയ്യ -ദാഇയെ മില്ലത്ത് കാഞ്ഞാര്‍ മൂസാ മൗലാനാ (റഹിമഹുല്ലാഹ്)


അല്‍ ജാമിഅത്തുല്‍ കൗസരിയ്യ 
-ദാഇയെ മില്ലത്ത് കാഞ്ഞാര്‍ മൂസാ മൗലാനാ (റഹിമഹുല്ലാഹ്) 
http://swahabainfo.blogspot.com/2018/03/blog-post_35.html?spref=tw

1992-ല്‍ അല്‍ ജാമിഅത്തുല്‍ കൗസരിയ്യയുടെ സനദ് ദാന സമ്മേളനത്തോട് അനുബന്ധിച്ച് ഇറക്കിയ സുവനീറില്‍ ദാഇയെ മില്ലത്ത് കാഞ്ഞാര്‍ മൂസാ മൗലാനാ എഴുതിയ ലേഖനം, മാറ്റങ്ങള്‍ വരുത്താതെ അവതരിപ്പിക്കുകയാണിവിടെ...
അല്ലാഹുവിന്‍റെ നാമംകൊണ്ട് ആരംഭിക്കുന്നു. നമ്മുടെ മാര്‍ഗ്ഗ ദര്‍ശിയും നേതാവുമായ മുഹമ്മദ് നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യിലും അവിടുത്തെ അനുചരന്മാരായ സ്വഹാബാക്കളിലും അവിടുത്തെ കുടുംബാദികളിലും നമ്മളിലേക്ക് പരിശുദ്ധ ദീന്‍ എത്തിച്ചേരുന്നതിന് കാരണക്കാരായ ഫുഖഹാക്കള്‍, മുഫസ്സിരീങ്ങള്‍, മുഹദ്ദിസീങ്ങള്‍, ദീനിന്‍റെ സേവനത്തില്‍ ജീവിതം അര്‍പ്പണം ചെയ്ത മഹാന്മാരായ ഉലമാക്കള്‍, ശുഹദാക്കള്‍, ദീനിന്‍റെ ശത്രുക്കളോട് പൊരുതി ദീനിനെ കാത്ത ധീരന്മാരായ ഗുസാത്ത്, ദുആത്ത്, മുജാഹിദീങ്ങള്‍ എല്ലാവരിലും അല്ലാഹുവിന്‍റെ അനുഗ്രഹവര്‍ഷം ചൊരിയുമാറാകട്ടെ.! നമ്മളില്‍ നിന്നും അവര്‍ക്ക് അല്ലാഹു നല്ല പ്രതിഫലം എത്തിച്ച് കൊടുക്കുമാറാകട്ടെ.! ആമീന്‍.
എന്‍റെ ഉമ്മത്തികളില്‍ ഒരു വിഭാഗം സത്യത്തിന്‍റെ മാര്‍ഗ്ഗത്തില്‍   പരിശ്രമിക്കുകയും അതില്‍ അല്ലാഹുവിന്‍റെ സഹായം കൊണ്ട് അവര്‍ വിജയികളായി നില്‍ക്കുകയും ചെയ്യും. അവരെ എതിര്‍ക്കുന്നവര്‍-അവരോട് നിസ്സഹകരിക്കുന്നവര്‍, അവര്‍ക്ക് ഒരു നഷ്ടവും വരുത്തി വെയ്ക്കുകയില്ല.' എന്ന് നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) തങ്ങള്‍ പറയുന്നു. (മുആവിയ (റ), മിശ്കാത്ത് 583)
"സദുപദേശങ്ങള്‍ അടങ്ങിയ ഈ കിത്താബിനെ നാമാണ് ഇറക്കിയത്. നാം തന്നെ തീര്‍ച്ചയായും അതിനെ കാക്കുന്നവനാണ്." (ഹജര്‍ : 9) എന്ന് അല്ലാഹു പറയുന്നു.
അല്ലാഹുവിന്‍റെ വാഗ്ദത്തം, നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം) തങ്ങളുടെ ഉറപ്പായ അറിയിപ്പ് ഇവകളുടെ അടിസ്ഥാനത്തില്‍ ആദ്യകാലം മുതല്‍ ഇന്ന് വരെ അതാത് കാലത്തിന്‍റെ ചുറ്റുപാടുകളുടെ നിലയും പോക്കും അനുസരിച്ച് ദീനിനെ അതിന്‍റെ തനതായ രൂപത്തില്‍ കാത്ത് രക്ഷിക്കുന്നതിനാവശ്യമായ പരിശ്രമങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഓരോ കാലത്തും ഉലമാക്കള്‍, സൂഫിയാക്കള്‍, ദുആത്തുകള്‍, ശരീരവും പണവും അര്‍പ്പണം ചെയ്ത് പരിശ്രമിക്കുന്ന ത്യാഗികള്‍, എന്നിവരെ അല്ലാഹു ഉണ്ടാക്കുന്നു. അവര്‍ക്ക് ആവശ്യമായ തഅ്ലീം, തര്‍ബിയത്ത് അല്ലാഹുവിന്‍റെ സഹായംകൊണ്ട് ലഭ്യമാകുന്നു.
മുഅ്തസിലത്തിന്‍റെ ഭയങ്കരമായ ഫിത്നയില്‍ നിന്ന് ദീനിനെയും ദീനിന്‍റെ യഥാര്‍ത്ഥ അനുയായികളെയും രക്ഷിക്കുന്നതിനായി ബഹുമാനപ്പെട്ട  ഇമാം അഹ്മദിബ്നു ഹമ്പല്‍ (റ) മുമ്പോട്ടുവന്നു. മുഗള്‍ ചക്രവര്‍ത്തിമാരില്‍ പ്രഗത്ഭനായി അറിയപ്പെടുന്ന അക്ബറിന്‍റെ ഫിത്നയില്‍ നിന്നും ദീനിനെയും ദീനിന്‍റെ അനുയായികളേയും രക്ഷിക്കാന്‍ ബഹുമാനപ്പെട്ട ശൈഖ് അഹ്മദ് സര്‍ഹിന്ദി മുജദ്ദിദ് അല്‍ഫ് സാനി (റ) അവര്‍കള്‍ മുമ്പോട്ടുവന്നു. 1857-ഓട് കൂടി ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണം ഉറയ്ക്കുകയും പൊതുവില്‍ നാട്ടിനും പ്രത്യേകിച്ച് മുസ്ലിംകള്‍ക്കും ബ്രിട്ടീഷ് ഭരണം ഒരു ശാപമായി മാറുകയും ചെയ്തകാലത്ത് ബഹുമാനപ്പെട്ട ഹസ്രത് മൗലാനാ ഇംദാദുല്ലാഹ് മുഹാജിര്‍ മക്കി (റ) അവര്‍കളുടെ നിര്‍ദ്ദേശ-ഉപദേശപ്രകാരം ബഹുമാനപ്പെട്ട റഷീദ് അഹ്മദ് ഗംഗോഹി (റ) യും ബഹുമാനപ്പെട്ട മൗലാനാ മുഹമ്മദ് ഖാസിം നാനൂത്തവി (റ) അവര്‍കളും ത്യാഗത്തിന്‍റെ തീച്ചൂളയില്‍ ഉറച്ച് നിന്ന് ഇന്ത്യയില്‍ ദീനിനെ അതിന്‍റെ തനതായ രൂപത്തില്‍ കാത്തുരക്ഷിച്ചു.
അവരുടെ യഥാര്‍ത്ഥ ശിഷ്യന്മാരായ ഉലമാക്കള്‍ അവരുടെ ഉപദേശങ്ങള്‍-നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ദീനീ വിദ്യാലയങ്ങള്‍ (മദ്രസകള്‍) സ്ഥാപിച്ചും ജനങ്ങള്‍ക്ക് ദീനിയായ നേതൃത്വം നല്‍കിയും ജീവിതകാലം മുഴുവനും അത്യദ്ധ്വാനം ചെയ്ത് പരിശ്രമിച്ചു. അവരുടെ ത്യാഗപൂര്‍ണ്ണമായ ജീവിതത്തെ സംബന്ധിച്ച് വിവരിക്കാന്‍ ഒരു ലേഖനമോ ഒരു പ്രസിദ്ധീകരണമോ മതിയാവുകയില്ല. അത് സംബന്ധിച്ച് എഴുതപ്പെട്ടിട്ടുള്ള വലിയ ഗ്രന്ഥങ്ങള്‍ തന്നെ ഉണ്ട്. അവരുടെ പരിശ്രമം ഏതെങ്കിലും ഒരു മേഖലയില്‍ ഒതുങ്ങി നിന്നില്ല. എല്ലാ രംഗങ്ങളിലും അവര്‍ ആജീവനാന്തം അശ്രാന്ത പരിശ്രമങ്ങള്‍ ചെയ്തു. അല്ലാഹു ആ മഹാന്മാര്‍ക്കെല്ലാം ഉയര്‍ന്ന നിലയില്‍ നല്ലകൂലി  കൊടുക്കുമാറാകട്ടെ.! ആമീന്‍.!
ദീനിന് വേണ്ടി എല്ലാ തുറകളിലും തങ്ങളെ അര്‍പ്പണം ചെയ്ത് ദീനിനെ നിലനിര്‍ത്താനും പ്രകാശിപ്പിക്കാനും തങ്ങളുടെ എല്ലാ താല്‍പര്യങ്ങളെയും തൃണവത്ഗണിച്ചുകൊണ്ട് പാട്പെടുന്ന ഉലമാക്കളുടെ പാരമ്പര്യം നിലനില്‍ക്കാനുമാണ് ദീനീ വിദ്യാലയങ്ങള്‍ (മദ്രസകള്‍) സ്ഥാപിച്ച് അവര്‍ പരിശ്രമിച്ചത്. ആ നിലയില്‍ ഇന്ത്യയില്‍ സ്ഥാപിക്കപ്പെട്ട ലക്ഷക്കണക്കിന് ചെറുതും വലുതുമായ മദ്രസകള്‍ ഉണ്ട്. അവകളില്‍ മുന്നണിയിലുള്ള മദ്രസകളില്‍ പെട്ടതാണ് ദാറുല്‍ ഉലൂം ദേവ്ബന്ദ്, മസാഹിറുല്‍ ഉലൂം സഹാറന്‍പൂര്‍ മുതലായ ലോകപ്രസിദ്ധമായ മദ്രസകള്‍. എത്രയോ ആയിരക്കണക്കായ മഹാന്മാരായ ഉലമാക്കളെ ലോകം മുഴുവനും ദീനീ സേവനത്തിനായി ഈ സ്ഥാപനങ്ങള്‍ വാര്‍ത്ത് വിട്ടു. തെക്കേ ഇന്ത്യയിലെ സുപ്രസിദ്ധമായ ദീനീ വിദ്യാലയമായ മദ്രസ ബാഖിയാത്തുസ്വാലിഹാത്തും ഈ നിലയിലുള്ള ഏറ്റവും പ്രധാനപ്പെട്ട മദ്രസയാണ്. അതിന്‍റെ സന്തതികളായ ആയിരക്കണക്കിന് മദ്രസകള്‍ തെക്കേ ഇന്ത്യയില്‍ പല സ്ഥലങ്ങളിലും ഇന്നും സ്തുത്യര്‍ഹമായ നിലയില്‍ ദീനീ സേവനങ്ങള്‍ ചെയ്തു വരുന്നുണ്ട്.
നമ്മുടെ കേരളത്തിന്‍റെ പ്രത്യേകരീതിയനുസരിച്ച് എല്ലാ പള്ളികളിലും ദീനീ മദ്രസകള്‍ സ്ഥാപിച്ച് ദീനിയായ അറിവ് പഠിപ്പിക്കപ്പെട്ടിരുന്നു. അവകളെ പള്ളി ദറസുകള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. ഈ പള്ളി ദറസുകളില്‍ ദീനിയായ അറിവ് പഠിച്ച് ദീനിയായ പാണ്ഡിത്യം നേടുകയും ഉപരിയായി ദീനീ അറിവ് പഠിക്കുവാനായി കേരളത്തിലെ മുസ്ലിയാക്കന്മാരായ ആലിമീങ്ങള്‍ ബാഖിയാത്തുസ്വാലിഹാത്ത് വേലൂര്‍, മദ്രസ നൂര്‍ മുഹമ്മദിയ്യ പുതുക്കുടി, മദ്രസ മന്‍ബഉല്‍ അന്‍വാര്‍ ലാല്‍ പേട്ട, മദ്രസ മിസ്ബാഹുല്‍ ഹുദാ നീടൂര്‍... മറ്റു ഉന്നതമായ മദ്രസകളിലേക്ക് പോയിരുന്നു. അടുത്ത കാലത്തായി നമ്മുടെ കേരളത്തിലും ഉയര്‍ന്ന നിലയിലുള്ള ദീനീ വിദ്യാലയങ്ങള്‍ ധാരാളമായി സ്ഥാപിക്കപ്പെട്ട് ഉയര്‍ന്ന നിലയില്‍ ദീനിയായ ഇല്‍മ് (അറിവ്) വര്‍ദ്ധിപ്പിക്കുവാനും നിലനിര്‍ത്തുവാനും പരിശ്രമിച്ച് വരുന്നു. മലബാര്‍ പ്രദേശത്തും അങ്ങനെയുളള പല ഉയര്‍ന്ന മദ്രസകളും സ്ഥാപിക്കപ്പെട്ട് സേവനം ചെയ്തുവരുന്നു. തെക്കന്‍ കേരളത്തിലും പല ഉയര്‍ന്ന മദ്രസകളും അടുത്ത കാലത്തായി സ്ഥാപിക്കപ്പെടുകയും സ്തുത്യര്‍ഹമായ നിലയില്‍ സേവനമനുഷ്ടിക്കുകയും ചെയ്യുന്നു. അല്ലാഹു ദീനിയായ ഇല്‍മ് (അറിവ്) പഠിപ്പിച്ചും ദീനിയായ സേവന രംഗത്ത് മഹത്തായ സേവനങ്ങള്‍ അര്‍പ്പിച്ചും ഈ സ്ഥാപനങ്ങള്‍ എന്നും നിലനില്‍ക്കാനും തിളങ്ങി പ്രകാശിക്കുവാനും സഹായിക്കുമാറാകട്ടെ.!  ആമീന്‍.!
അല്‍ജാമിഅത്തുല്‍ കൗസരിയ്യ, എടത്തല, ആലുവ.
ബഹുമാന്യരായ സുബൈര്‍ ഹാജി അവര്‍കള്‍ തബ്ലീഗ് പ്രവര്‍ത്തനവുമായി ബന്ധപ്പെടുകയും 4 മാസത്തേക്കുള്ള ഒരു ജമാഅത്തില്‍ പുറപ്പെട്ട് ഇറാഖ്, സിറിയ, ബൈത്തുല്‍ മുഖദ്ദസ്, പുണ്യ മദീനാ മുനവ്വറ, പുണ്യ മക്ക മുക്കര്‍റമ മുതലായ രാജ്യങ്ങളില്‍ യാത്രകഴിഞ്ഞ് മടങ്ങി. നേരത്തെ തന്നെ ദീനിയായ ഭക്തി,  ഇബാദത്തുകളില്‍ അധികമായ താല്‍പ്പര്യം, ദീനിയായ കാര്യങ്ങള്‍ക്ക് കൈതുറന്ന് സഹായിക്കുക മുതലായ പല ഉത്തമ ഗുണങ്ങളില്‍ തിളങ്ങുന്ന ഒരു വ്യക്തിയായിരുന്നു അദ്ദേഹം. 4-മാസത്തെ യാത്ര കഴിഞ്ഞുവന്ന് തന്‍റെ മകനെ ബാംഗ്ലൂര്‍ സബീലുര്‍ റഷാദ് - മദ്രസയില്‍ ഖുര്‍ആന്‍ ഷരീഫ് മനനം ചെയ്യുന്നതിനായി ചേര്‍ക്കുവാന്‍ വേണ്ടി പോയി. കേരളത്തില്‍ അന്ന് ഖുര്‍ആന്‍ മനഃപാഠമാക്കുന്ന പതിവ് ഇല്ലായിരുന്നു എന്നുതന്നെ പറയാം. മകന്‍ ഉവൈസ് ഹാഫിളുല്‍ ഖുര്‍ആനായി കാണണം എന്ന ആശ മഹാനായ സുബൈര്‍ ഹാജി അവര്‍കള്‍ക്കുണ്ടായി. അതിനായി മകനെയും കൂട്ടി ബാംഗ്ലൂര്‍ മദ്രസയില്‍ പോയി. ബാംഗ്ലൂര്‍ മദ്രസയും അവിടെ ഓതുന്ന കുട്ടികളേയും അവരുടെ വേഷവും പ്രത്യേക ചിട്ടയോട് കൂടിയുള്ള മുതഅല്ലിമീങ്ങളുടെ ജീവിതവുമെല്ലാം കണ്ടപ്പോള്‍ ആ രീതിയിലുള്ള ഒരു മദ്രസ കേരളത്തില്‍ ഉണ്ടാക്കണം എന്നൊരാഗ്രഹം അദ്ദേഹത്തിനുണ്ടായി. അദ്ദേഹം എറണാകുളത്ത് നടത്തി വന്നിരുന്ന മൈയ് ഫീല്‍ഡ് എന്നൊരു സ്ഥാപനമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. ഒരു വലിയ മദ്രസ സ്ഥാപിച്ച് നടത്തുവാനുള്ള സാമ്പത്തിക സൗകര്യം ഒറ്റയ്ക്ക് ഉണ്ടോയെന്ന ഒരു ചിന്തയില്‍ ആയിരുന്ന സുബൈര്‍ഹാജി അവര്‍കളെ, അറബ് രാജ്യങ്ങളുമായി പ്രത്യേകിച്ച് സൗദിഅറേബ്യയുമായി ബന്ധമുള്ള ദീനീ സേവനത്തില്‍ താല്‍പ്പര്യമുള്ള ഒരു ആലിം അദ്ദേഹവുമായി കാണാന്‍ ഇടയായി. അദ്ദേഹം പറഞ്ഞു: എവിടെയെങ്കിലും കുറച്ച് സ്ഥലം വാങ്ങുക. ഉയര്‍ന്ന നിലയിലുള്ള ഒരു അറബി കോളേജ് നടത്തുന്നതിന് വേണ്ട ധനസഹായം സൗദിഅറേബ്യയില്‍ നിന്നും ഉണ്ടാക്കിത്തരാം. അതിനായി 10 ഏക്കര്‍ സ്ഥലം ആദ്യം വാങ്ങണമെന്ന് ബഹു. മൗലവി അവര്‍കള്‍ പറഞ്ഞു. സുബൈര്‍ ഹാജി അവര്‍കള്‍ക്ക് വലിയ ആവേശമുണ്ടായി. പല സ്ഥലങ്ങളും പോയി നോക്കി. ആ അന്വേഷണത്തില്‍ ഒരു ദിവസം എന്നെയും കൂട്ടിക്കൊണ്ട് ഒരു സ്ഥലം കാണുവാനായി പോയി. മടക്കത്തില്‍ ഞാന്‍ പറഞ്ഞു. നമുക്ക് നമ്മുടെ കഴിവിനനുസരിച്ച് ഒരു മദ്രസ തുടങ്ങാം. അതിനായി അത്യാവശ്യമുള്ള അല്‍പ്പം സ്ഥലം വാങ്ങി ഒരു മദ്രസ കെട്ടിടം പണിത് 10-20 കുട്ടികളെ ചേര്‍ത്ത് ഒരു മുദരിസിനെയും നിയമിച്ച് മദ്രസ തുടങ്ങാം. പിന്നീട് അല്ലാഹു തആലാ അതിനെ വളര്‍ത്തിക്കൊള്ളും. വിദേശ സഹായം പ്രതീക്ഷിച്ച് വലിയ സ്ഥാപനം - അറബി കോളേജ് - നടത്താം എന്ന് ചിന്തിച്ച് സമയം നീട്ടേണ്ട. ഈ രാജ്യത്ത് ദീനിയായ കാര്യങ്ങളില്‍ താല്‍പ്പര്യമുള്ളവര്‍ ധാരാളമുണ്ട്.
ഹാജിയാര്‍ അവര്‍കള്‍ അതനുസരിച്ച് എടത്തലയില്‍ അര ഏക്കര്‍ സ്ഥലം വാങ്ങി. ആ സ്ഥലം എന്നെ കാണിച്ചു. ആ സ്ഥലം മദ്രസാ കെട്ടിടം നിര്‍മ്മിക്കാന്‍ പറ്റിയതായി തോന്നിയില്ല. എന്നാലും അതൊന്നും ഞാന്‍ തുറന്ന് പറയാതെ നമുക്ക് എറണാകുളത്ത് മസ്ജിദ് നൂറില്‍ തല്‍ക്കാലം മദ്രസ തുടങ്ങാം. കെട്ടിടം പണി തീര്‍ന്നിട്ട് ആ മദ്രസ ഇങ്ങോട്ട് മാറ്റാം. മദ്രസ തുടങ്ങുന്നതിന് കെട്ടിടം പണി തീരുന്നതുവരെ കാത്തിരിക്കേണ്ടതില്ല എന്നു പറഞ്ഞു.
ഹാജിയാര്‍ അത് അംഗീകരിച്ചു. അങ്ങനെ എറണാകുളത്ത് മസ്ജിദുന്നൂറില്‍ ഹിജ്റ: 1394 - (1974 ഒക്ടോബര്‍ 15) ബുധനാഴ്ച ദറസ് തുടങ്ങി. ബാംഗ്ലൂര്‍ മദ്രസാ സബീലു റഷാദില്‍ നിന്ന് ഓതി മൗലവി ആയ അബ്ദുല്‍ കരീം മൗലവി -റഷാദി അവര്‍കള്‍ മുദരിസ് ആയും 12 കുട്ടികള്‍ ഓതുന്നവരായും മദ്രസാ - ജാമിഅത്തുല്‍ കൗസരിയ്യ ആരംഭമായി.
അല്‍ഹംദുലില്ലാഹി അവ്വലന്‍ വആഖിറന്‍.!
പിന്നീട് ആദ്യം എടത്തലയില്‍ വാങ്ങിയ സ്ഥലത്ത് നിന്നും അല്‍പ്പം അകലെ ഇന്ന് മദ്രസാ സ്ഥിതി ചെയ്യുന്ന സ്ഥലം വാങ്ങി. ആദ്യം അരയേക്കറാണ് വാങ്ങിയത്. പിന്നീട് കുറെശ്ശെ കുറെശ്ശെയായി അല്ലാഹു വളര്‍ത്തിക്കൊണ്ടിരിക്കുന്നു. ഇപ്പോള്‍ മദ്രസയില്‍ 9 മുദരിസീങ്ങളും 160 മുത്തഅല്ലിമീങ്ങളും ഉണ്ട്. ഖുര്‍ആന്‍ ഹിഫ്സ് നടത്തുന്നതിനായി മൂന്ന് ഹാഫിസീങ്ങളും ഹിഫ്സ് ചെയ്യുന്ന 45 കുട്ടികളുമുണ്ട്. ദറസ് നിസാമി അനുസരിച്ചുള്ള കിത്താബുകളാണ് മദ്രസയില്‍ പഠിപ്പിച്ചു വരുന്നത്. ഹനഫി-ശാഫിഈ മദ്ഹബുകള്‍ അനുസരിച്ചുള്ള കിത്താബുകള്‍ അതാത് മദ്ഹബുകാരായ മുതഅല്ലിമീങ്ങള്‍ക്ക് പഠിപ്പിക്കപ്പെടുന്നു.
ബാഖിയാത്തുസ്വാലിഹാത്ത് വേലൂരിലെയും മറ്റ് പ്രധാന              മദ്രസകളിലെയും രീതിയനുസരിച്ച് അതാത് മദ്ഹബുകളില്‍ പാണ്ഡിത്യം ഉള്ള മുദ്രിസീങ്ങളെ നിയമിച്ച് അതാതു മദ്ഹബുകാരായ മുതഅല്ലിമീങ്ങള്‍ക്ക് പാഠം നടത്തി കൊടുക്കപ്പെടുന്നു. എട്ട് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുന്ന പാഠ്യപദ്ധതിയനുസരിച്ച് കിത്താബുകള്‍ ഓതി പൂര്‍ത്തിയാക്കുന്നവര്‍ക്ക് മൗലവി ആലിം സനദ് നല്‍കപ്പെടുന്നു. അപ്രകാരമുള്ള പ്രഥമ സനദ് ദാനസമ്മേളനം 1981 ജനുവരി 24 (1402 റഖബീഉല്‍ അവ്വല്‍-29) ന് നടന്നു. ബഹുമാനപ്പെട്ട ശൈഖ് ഹസന്‍ ഹസ്രത്ത് ന:മ: അവര്‍കളാണ് സനദ് ദാനം നടത്തിയത്. സനദ് ദാന പ്രസംഗം നടത്തിയത് ബഹുമാനപ്പെട്ട അബ്ദുല്‍ ജബ്ബാര്‍ ഹസ്രത്ത് (നാളിര്‍ ബാഖിയാത്തു സ്വാലിഹാത്ത്, വേലൂര്‍) അവര്‍കളാണ്. സഹാറന്‍പൂരിലെ മസാഹിറല്‍ ഉലൂം മദ്രസയിലെ മുദരിസ് മൗലാനാ അബ്ദുല്‍ മലിക് സാഹിബ്, ബാംഗ്ലൂര്‍ മദ്രസ്സ സബിലുറഷാദ് സ്ഥാപകനും നാളിറുമായ ബഹുമാനപ്പെട്ട അബൂ സഊദ് മൗലാനാ അദ്ദേഹത്തിന്‍റെ ഭാഗ്യവാനായ പുത്രന്‍ ഹാഫിസ് മുഫ്തി മൗലാനാ അഷ്റഫ് അലി, ബഹുമാനപ്പെട്ട പാനായിക്കുളം അബ്ദുല്‍ റഹ്മാന്‍ ഹസ്രത്ത്, ബഹുമാനപ്പെട്ട സാലിഹ് മുഹമ്മദ് നൂഹ് മൗലവി അല്‍ ഖാസിമി, ചേലക്കുളം അബുല്‍ ബുഷ്റാ മുഹമ്മദ് മൗലവി, ബഹുമാനപ്പെട്ട ഉമര്‍ ബാഫഖി തങ്ങള്‍ അവര്‍കളും മറ്റും പല മഹാന്മാരായ ഉലമാക്കളും സമുദായ നേതാക്കന്മാരും ഈ സനദ് ദാന സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. അതു കഴിഞ്ഞ് രണ്ടാമത്തെ സനദ് ദാന സമ്മേളനമാണ് ഇപ്പോള്‍ നടക്കുന്നത്. 68 മൗലവി ആലിമീങ്ങള്‍ക്കും ഹാഫിസുല്‍ ഖുര്‍ആന്‍ ആയ 57 പേര്‍ക്കുമാണ് സനദ് നല്‍കപ്പെടുന്നത്.
ഉലമാക്കള്‍ അമ്പിയാക്കളുടെ അനന്തരാവകാശികളാണ്. ഖുര്‍ആന്‍ ശരീഫില്‍ ഇബ്രാഹിം (അ) അവര്‍കളുടെ ദുആ ആയിട്ട് അല്ലാഹു പറയുന്നു. "ഞങ്ങളുടെ രക്ഷിതാവേ, നീ ഇവരില്‍ നിന്‍റെ ഒരു പ്രവാചകനെ അവരില്‍ നിന്നും നിയോഗിക്കേണമേ.! അവര്‍ ഈ ജനങ്ങള്‍ക്ക് നിന്‍റെ ആയത്തുകളെ ഓതിക്കേള്‍പ്പിക്കണം. അവര്‍ക്ക് നിന്‍റെ കിതാബും ഹിക്മതും പഠിപ്പിച്ച് കൊടുക്കണം. അവര്‍ക്ക് ആത്മപരിശുദ്ധി വരുത്തുകയും ചെയ്യണം." (ബഖറ)
അല്ലാഹുവിലും പരലോകത്തിലും ഉറച്ച വിശ്വാസമുണ്ടായി സല്‍ പ്രവര്‍ത്തികളില്‍ താല്‍പ്പര്യമുള്ളവരാക്കി തീര്‍ക്കുകയും അല്ലാഹുവിന്‍റെ തൃപ്തിയും പരലോക വിജയവും പരമമായ ലക്ഷ്യമാക്കി ജീവിക്കുകയും ചെയ്യുന്നതിനുള്ള ഉപദേശങ്ങള്‍ നല്‍കുകയും മനുഷ്യഹൃദയങ്ങളെ ഈമാന്‍ കൊണ്ട് പക്വപ്പെടുത്തുകയും തുടര്‍ന്ന് അവര്‍ക്ക് അല്ലാഹുവിന്‍റെ കല്‍പ്പനകള്‍ അല്ലാഹുവിന്‍റെ ഭാഗത്തുനിന്നും അറിയിക്കപ്പെടുന്ന ജ്ഞാനം അവര്‍ക്ക് (ജനങ്ങള്‍ക്ക്) പഠിപ്പിച്ച് കൊടുക്കുകയും അതോടൊപ്പം അവരുടെ ഹൃദയം പരിശുദ്ധമാക്കുന്നതിനുള്ള പരിശ്രമങ്ങള്‍ ചെയ്യുകയും ചെയ്യുക. ഈ കാര്യങ്ങള്‍ അമ്പിയാക്കളുടെ ജോലികളാണ്. അവരുടെ അനന്തരാവകാശികള്‍ ഈ ജോലികള്‍ക്കായി തങ്ങളെ അര്‍പ്പണം ചെയ്യേണ്ടവരാണ്. 'ഞങ്ങള്‍ക്ക് ഇല്‍മിനെയും മറ്റുള്ളവര്‍ക്ക് ധനത്തേയും അല്ലാഹു തീരുമാനിച്ചതിനെ ഞങ്ങള്‍ തൃപ്തിപ്പെടുന്നു. ഉയര്‍ന്ന കൊട്ടാരങ്ങളില്‍ അവര്‍ താമസിക്കുമ്പോള്‍ ഞങ്ങള്‍ പള്ളികളിലും മഹാന്‍മാരുടെ ഖാന്‍ഖാഹ്കളിലും കഴിഞ്ഞു കൂടുന്നു. മാംസവും കൊഴുപ്പും അവര്‍ ഭക്ഷിക്കുമ്പോള്‍ ഞങ്ങള്‍ ഇലകളും പുല്ലുകളും തിന്ന് കഴിയുന്നു. അവര്‍ പട്ടുകളും ഉയര്‍ന്ന വസ്ത്രങ്ങളും ധരിച്ച് പെരുമ നടിക്കുമ്പോള്‍ ഞങ്ങള്‍ കരിമ്പടങ്ങളും കണ്ടം വെക്കപ്പെട്ടവകളും ധരിക്കുന്നു. നമ്മളില്‍ ആരാണ് മഹാന്മാര്‍ എന്നത് നാളെ (അന്ത്യദിനം) വേര്‍തിരിയും.'
യഥാര്‍ത്ഥത്തില്‍ അല്ലാഹുവിന്‍റെ ഔദാര്യങ്ങള്‍ക്കര്‍ഹനാണെന്ന് നാളെ നമുക്ക് വ്യക്തമാകും. ഉലമാക്കള്‍ ലൗകീക സമ്പത്തിനെയോ ലൗകീക സുഖങ്ങളെയോ ആഢംബരങ്ങളേയോ ഒരിക്കലും ലക്ഷ്യമാക്കാന്‍ പാടില്ല. ആഗ്രഹിക്കാനും പാടില്ല. അവര്‍ അമ്പിയാക്കളുടെ അടിച്ചുവടുകളെ പിന്‍പറ്റി എല്ലാ വിധ ത്യാഗങ്ങളും സഹിക്കുവാന്‍ തയ്യാറാകണം. ജനങ്ങളുടെ അനുകൂലമോ പ്രതികൂലമോ അവരെ തളര്‍ത്താന്‍ പാടില്ല. ജീവിത പ്രയാസങ്ങളില്‍ മനസ് പതറാന്‍ പാടില്ല. അല്ലാഹുവിന്‍റെ സഹായം തേടിയവരായിക്കൊണ്ട് പൂര്‍ണ്ണമായും അല്ലാഹുവിന് തങ്ങളെ അര്‍പ്പണം ചെയ്തവരായി മരണംവരെ നിരന്തരം പരിശ്രമിക്കണം. അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ അവര്‍ക്കു സംഭവിച്ച യാതൊന്നിലും അവര്‍ ഭീരുക്കളാവുകയോ ബലഹീനരാവുകയോ കീഴടങ്ങുകയോ ചെയ്തിട്ടില്ല. "അല്ലാഹു ക്ഷമാശീലരെ സ്നേഹിക്കുന്നവനാകുന്നു." (ആലുംഇംറാന്‍ : 146).
പരീക്ഷണങ്ങളുടെ പടവുകള്‍ കടന്ന് അല്ലാഹുവിലേക്ക് അടുക്കുകയും സമൂഹത്തെ അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന പരിശ്രമത്തില്‍ സ്വബ്റിന്‍റെ അഖബാത്തുകള്‍ -ക്ഷമയുടെ കടമ്പകള്‍ - കടന്ന് അല്ലാഹുവിന്‍റെ ഹുബ്ബ് -പ്രിയം, ഖുര്‍ബ് - സാമീപ്യം,  രിളാ- തൃപ്തി നേടുകയും ചെയ്യണം. അങ്ങിനെ എല്ലാം അല്ലാഹുവിന് അര്‍പ്പിക്കണം. അല്ലാഹുവിനായി ജീവിക്കണം. താന്‍ എന്നോ തനിക്കെന്നോ ഒന്നും ഇല്ലാതാക്കണം. ആര് അല്ലാഹുവിന് വേണ്ടി ആയിത്തീരുന്നുവോ അല്ലാഹു അവന് വേണ്ടി ആകുന്നു. ഈ നിലയില്‍ ഉലമാക്കള്‍ ത്യാഗത്തിന്‍റെ തീനാളത്തില്‍ തങ്ങളെ കത്തിച്ച് ഹിദായത്തിന്‍റെ വിളക്ക് പ്രകാശിപ്പിക്കേണ്ടവരാണ്. ആ പ്രകാശം ജനങ്ങളെ ഹിദായത്തിലേക്ക് ആകര്‍ഷിക്കും.
"അല്ലാഹുവിന്‍റെ ദീനില്‍ അവര്‍ കൂട്ടമായി പ്രവേശിക്കും. അതുകൊണ്ട് താങ്കള്‍ താങ്കളുടെ നാഥനെ സ്തുതിക്കുന്നതോടുകൂടി അവനെ പുകഴ്ത്തുകയും അവനോട് പൊറുക്കലിനെ തേടുകയും ചെയ്യുക." (നസ്ര്‍ : 2-3)
ഈ നിലയില്‍ തിലാവത്തുല്‍ ആയത്ത് -എന്ന വഅ്ള് - നസീഹത്ത്, ദഅ്വത്ത് ഇലല്ലാഹ് ഇത്യാദി പരിശ്രമങ്ങളും തഅ്ലീം, തദ്രീസ്, തസ്നീഫ്, തഅ്ലീഫ് മുതലായ പരിശ്രമങ്ങളില്‍ ഇല്‍മിന്‍റെ- അറിവിന്‍റെ മൈതാനം വിശാലമാക്കി കൊടുക്കുകയും അങ്ങനെ ഉപദേശങ്ങളില്‍കൂടി അടുത്തുവരുന്നവര്‍ക്ക് രണ്ടാമത്തെ പരിശ്രമത്തില്‍ കൂടി വഴികാണിക്കുകയും ആ വഴി കൂടുതല്‍ വ്യാപകവും വ്യക്തവും ആവുകയും അങ്ങിനെ ആവഴിയില്‍ വന്നവരെ ഉന്നതിയിലേക്ക് എത്തിക്കാനുള്ള തര്‍ബിയ്യത്ത്, തസ്ഖിയത്ത്, തഖ്ലിയത്ത് മുതലായ പരിശ്രമങ്ങളില്‍ കൂടി ദുനിയാവിന്‍റെ കടുത്ത ഇരുളുകളില്‍ നിന്നും അഴുക്ക് നിറഞ്ഞ ഓടകളില്‍ നിന്നും മനുഷ്യരെ ഉയര്‍ത്തി ഉന്നതരും പരിശുദ്ധരും ആക്കുന്ന ജോലിയാണ്.  അമ്പിയാക്കളുടെ അനന്തരാവകാശമായി ഉലമാക്കള്‍ നിര്‍വ്വഹിക്കേണ്ടത്. ഈ നിലയിലുള്ള ഭാരിച്ച ഉത്തരവാദിത്വം ഏറ്റെടുത്ത് നടത്തുവാനുള്ള ഉലമാക്കളെ തയ്യാറാക്കി പുറത്തിറക്കുന്ന ജോലിയാണ് മദ്രസകളില്‍ കൂടി നടക്കേണ്ടത്.
എന്നാല്‍ നമ്മുടെ മദ്രസകള്‍ ഈ കടമകള്‍ വേണ്ട നിലയില്‍ നിര്‍വ്വഹിക്കുന്നുണ്ടോ എന്ന് ചിന്തിക്കണം. ബാഹ്യമായ കോലംപോലും വേണ്ടെന്ന് വെച്ചിരിക്കുന്ന ദുഃഖകരമായ അവസ്ഥയാണ് കാണുന്നത്. അല്ലാഹുതആലാ ഈ ജഡങ്ങളില്‍ റൂഹ് ഊതുമാറാകട്ടെ.! നല്ല ആരോഗ്യവും രൂപഭംഗിയും ആന്തരിക ബാഹ്യ മാഹാത്മ്യങ്ങളും നല്‍കി അനുഗ്രഹിക്കുമാറാകട്ടെ.! ആമീന്‍.!
ആയതുകൊണ്ട് മുതഅല്ലിമീങ്ങള്‍ കിതാബുകള്‍ നല്ല നിലയില്‍ ഓതി മനസ്സിലാക്കി കഴിവുള്ള പണ്ഡിതന്മാരാകണം എന്നതോടുകൂടി അവരുടെ ജീവിത രീതികളും നന്നായി തീരണം, ജനങ്ങള്‍ക്ക് വാക്കുകളില്‍ കൂടിയും സ്വന്തം പ്രവര്‍ത്തികളില്‍ കൂടിയും മാതൃകാപുരുഷന്മാരാകണം. അതിനുള്ള ഗുണങ്ങള്‍ ജീവിതത്തില്‍ പ്രകടമാക്കണം. എന്നീ ആഗ്രഹത്തോടുകൂടി തര്‍ബിയത്തിന്‍റെ കാര്യവും കൗസരിയ്യായില്‍ പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നു. മദ്രസാ മുതഅലിമീങ്ങള്‍ക്കായി നിശ്ചയിച്ചിട്ടുള്ള നിയമങ്ങളും നിര്‍ദ്ദേശങ്ങളും അടങ്ങുന്ന അപേക്ഷഫോറത്തില്‍ ഒപ്പും സമ്മതവും വാങ്ങി മാത്രം ഈ മദ്രസയില്‍ പ്രവേശനം നല്‍കപ്പെടുന്നു.
പ്രവേശനത്തിനുള്ള നിബന്ധനകള്‍: 
ഈ സ്ഥാപനം തികച്ചും ദീനിയായ ലക്ഷ്യത്തോടുകൂടി നടത്തപ്പെടുന്നതാകയാല്‍ ഇതില്‍ ദീനിയായ ഉദ്ദേശത്തോടെ അറിവ് പഠിക്കുന്നതിന് ആഗ്രഹിക്കുന്നവര്‍ക്ക് മാത്രം പ്രവേശനം നല്‍കപ്പെടുന്നതാണ്. അതിന് വിപരീതമായ ഉദ്ദേശത്തോടുകൂടി ഈ മദ്രസയില്‍ ആരും പ്രവേശിക്കരുതെന്ന് ഓരോരുത്തരുടെയും പ്രത്യേക ശ്രദ്ധയെ ഉണര്‍ത്തിക്കൊള്ളുന്നു.
വിദ്യാര്‍ത്ഥികള്‍ അനുസരിക്കേണ്ട നിയമങ്ങള്‍ 
5 വഖ്ത് നമസ്കാരത്തിനും ജമാഅത്തില്‍ ആദ്യത്തെ തക്ബീറില്‍ നിര്‍ബന്ധമായി പങ്കുകൊണ്ടിരിക്കണം. ഫര്‍ളുകള്‍ക്ക് മുമ്പും പിമ്പുമുള്ള സുന്നത്ത് നമസ്കാരങ്ങളുപേക്ഷിക്കാതെ പതിവാക്കണം. സുബ്ഹി നമസ്കാരാനന്തരം പള്ളിയില്‍ തന്നെ കഴിഞ്ഞുകൂടുകയും ഖുര്‍ആന്‍ ഓതുകയും ഇഷ്റാഖ് നമസ്കാരം നിര്‍വ്വഹിക്കുകയും ചെയ്യണം. അസ്റിന് ശേഷം 15 മിനിറ്റ് തസ്ബീഹ് ദിക്റുകളില്‍ കഴിച്ച് കൂട്ടണം. മഗ്രിബ് കഴിഞ്ഞ് അവ്വാബീന്‍ നമസ്കരിക്കുകയും            സൂറതുല്‍ വാഖിഅ ഓതി ദുആ ചെയ്യേണ്ടതുമാണ്. വിദ്യാര്‍ത്ഥികള്‍ തലമുടി നീട്ടുകയോ താടി വെട്ടുകയോ ചെയ്യാന്‍ പാടില്ല. പുകവലി കര്‍ശനമായി നിരോധിച്ചിരിക്കുന്നു. വിദ്യാര്‍ത്ഥികള്‍ സുന്നത്തായ വേഷം നിര്‍ബന്ധമായി ധരിക്കേണ്ടതാണ്. തൊപ്പിയും തലപ്പാവും മുട്ടുവരെയിറക്കവും കൈനീളമുള്ള ജൂബ്ബാ മുതലായവ ധരിക്കേണ്ടതും ഡബിള്‍ വേഷ്ടി, ഷര്‍ട്ട് മുതലായവ നിര്‍ബന്ധമായും ഉപേക്ഷിക്കേണ്ടതുമാണ്.
ദീനീ വിദ്യാഭ്യാസ രംഗത്ത് ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്. ഫിഖ്ഹ് വേണ്ടപോലെ പഠിക്കുന്നതിലും ഇന്ന് പൊതുവെ ശ്രദ്ധക്കുറവ് കാണപ്പെടുന്നു. ഹദീസ്, തഫ്സീര്‍ കാര്യമായി മനസ്സിലാക്കുന്നതിലും അതുസംബന്ധമായി സാമാന്യം ഉയര്‍ന്ന അറിവ് നേടുന്നതിലും ശ്രദ്ധ പതിയേണ്ടിയിരിക്കുന്നു. കൗസരിയ്യയില്‍ 8 വര്‍ഷം ഓതിക്കഴിഞ്ഞ് ഒരു വര്‍ഷം നിസാമുദ്ദീനിലെ മദ്രസാ കാഷിഫുല്‍ ഉലൂമില്‍ പോയി ഓതണം. അതുകഴിഞ്ഞേ സനദ് നല്‍കപ്പെടുന്നുള്ളൂ. ഇപ്രകാരം തര്‍ബിയ്യത്തിന്‍റെ പേരില്‍ 1 വര്‍ഷം ദീനിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി ജമാഅത്തില്‍ പോകണം എന്നും നിര്‍ബന്ധമായി നിര്‍ദ്ദേശിക്കുന്നു. മദ്രസയില്‍ ഓതുന്ന കാലത്ത് എല്ലാ ആഴ്ചകളിലും വ്യാഴാഴ്ച ളുഹ്ര്‍ കഴിഞ്ഞ് അടുത്ത സ്ഥലങ്ങളില്‍ ദീനീ പ്രവര്‍ത്തനങ്ങള്‍ക്കായി മുതഅല്ലിമീങ്ങളുടെ ജമാഅത്തുകള്‍ പുറപ്പെടുന്നു. മുദരിസീങ്ങളും ഈ നിലയിലുള്ള ജമാഅത്തുകളായി പുറപ്പെടുകയും ഓരോ മഹല്ലുകളില്‍ പോയി ജനങ്ങളെ ദീനിയായി ഉണര്‍ത്തുകയും ദീനീ ഉപദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ശഅ്ബാനില്‍ മദ്രസ അടക്കുമ്പോള്‍ മുദരിസീങ്ങളും മുതഅല്ലിമീങ്ങളും 40 ദിവസം 10 ദിവസം ജമാഅത്തുകളില്‍ പുറപ്പെട്ട് സമീപത്തും അകലെയുമുള്ള സ്ഥലങ്ങളില്‍ പോവുകയും ചെയ്യുന്നു. ഈ നിലയില്‍ തഅല്ലും, തഅ്ലിം, ദഅ്വത്ത്, ഇസ്ലാഹ്, തബ്ലീഗ് മുതലായ ദീനീ സേവനങ്ങളില്‍ പരിശ്രമിച്ചു വരുന്നു. അല്ലാഹു ഖബൂലാക്കുകയും പ്രയോജനകരമാക്കുകയും ചെയ്യുമാറാകട്ടെ.!
ഫിഖ്ഹ്, ഇഫ്താഉ്, തഫ്സീര്‍, ഹദീസ് ഈവിഷയങ്ങളില്‍ കൂടുതല്‍ പാണ്ഡിത്യം നേടുന്നതിന് 2 വര്‍ഷം വീതം പ്രത്യേക നിലയിലുള്ള പാഠ്യപദ്ധതികള്‍ തയ്യാറാക്കണം എന്നുള്ള ആഗ്രഹം ഉണ്ട്. അല്ലാഹു തആലാ നടന്ന കാര്യങ്ങളെ ഖബൂലാക്കുകയും നടക്കേണ്ട കാര്യങ്ങള്‍ക്ക് അവന്‍റെ പ്രത്യേക തൗഫീഖും സഹായങ്ങളും നല്‍കി അനുഗ്രഹിക്കുകയും  ചെയ്യുമാറാകട്ടെ.!
ഈ മദ്രസയില്‍ ദറസ് നടത്തിക്കൊണ്ടിരുന്ന നിലയില്‍  വഫാത്തായ ബഹു. അല്‍ഹാജ് മൗലവി അലിയാര്‍ സാഹിബ്, പല്ലാരിമംഗലം, ബഹു. മൗലാനാ മൗലവി അബ്ദുല്‍ അസീസ് സാഹിബ്, കൊട്ടിയം, ബഹുമാനപ്പെട്ട അല്‍ ഉസ്താദ് മൗലാനാ മൗലവി അബ്ദുല്‍ ഹമീദ് മുസ്ല്യാര്‍, കാക്കാഴം, ബഹു. ഉസ്താദുല്‍ അസാതീദ, മുഹമ്മദ് സാദിഖ് സാഹിബ്, ഫിക്രി, പുനലൂര്‍, അവര്‍കള്‍ ഈ മഹാന്മാര്‍ക്കെല്ലാവര്‍ക്കും അല്ലാഹു പൂര്‍ണ്ണമായ കൂലിയും പരലോകത്ത് ഉയര്‍ന്ന പദവിയും നല്‍കി അനുഗ്രഹിക്കുമാറാകട്ടെ.! അവരെയും നമ്മെയെല്ലാവരേയും അവന്‍റെ അനുഗ്രഹങ്ങളുടെ വീടായ സ്വര്‍ഗ്ഗത്തില്‍ ഒരുമിച്ച് കൂട്ടുമാറാകട്ടെ.! ആമീന്‍.!
ഈ മദ്രസയുടെ തുടക്കം മുതല്‍ ഇന്നുവരെയും സദര്‍ മുദരിസായും മദ്രസയുടെ പ്രധാന മേല്‍നോട്ടക്കാരനായും സേവനമനുഷ്ഠിക്കുന്നത് അല്‍ ഹാഫിസ് അല്‍ ഹാജ് മൗലാനാ അബ്ദുല്‍ കരീം മൗലവി അല്‍ ഖാസിമി അവര്‍കളാണ്. എറണാകുളത്ത് നിന്നും എടത്തലയിലേക്ക് മദ്രസ മാറ്റി സ്ഥാപിച്ച്  ദറസ് തുടങ്ങിയപ്പോള്‍ അല്‍ ഹാജ് റഈസുല്‍ ഉലമാഅ് മൗലാനാ മൗലവി  മുഹമ്മദ്  നൂഹ് അല്‍ഖാസിമി അവര്‍കള്‍  സദര്‍ മുദ്രിസായി നിയമിക്കപ്പെട്ടു. ചില മാസങ്ങള്‍ അദ്ദേഹം ഈ സ്ഥാപനത്തിന്‍റെ എല്ലാവിധ ഉയര്‍ച്ചയിലും പരിശ്രമിക്കുകയും അതിനാവശ്യമായ ഉപദേശ-നിര്‍ദ്ദേശങ്ങള്‍ നല്‍കിയും സേവനമനുഷ്ഠിച്ചും പിന്നീട് അദ്ദേഹം അല്‍ജാമിഅത്തുല്‍ ഹസനിയ്യായുടെ സ്ഥാപകനും ഉപദേശകനും നടത്തിപ്പുകാരനുമായി. ഇപ്പോഴും അല്‍ ജാമിഅത്തുല്‍ കൗസരിയ്യായുടെ അനുസരിക്കപ്പെടുന്ന നേതാവായി തന്നെ തിളങ്ങുന്നു. അദ്ദഹത്തിന് അല്ലാഹു ആയുസും ആരോഗ്യവും നല്‍കി ദീനീ സേവനരംഗത്ത് ദീര്‍ഘനാള്‍ തിളങ്ങി നില്‍ക്കാന്‍ തൗഫീഖ് നല്‍കുമാറാകട്ടെ.!
മൗലാനാ മൗലവി ഖാരി അബ്ദുല്‍ റഹീം ഹസ്രത്ത് പള്ളപ്പെട്ടി, ജനാബ് അലിയാര്‍ മൗലവി അല്‍ ഖാസിമി മേതല, യൂസഫ് മൗലവി ബാഖവി ഈരാറ്റുപേട്ട, അബ്ദുല്‍ അസ്സീസ് മൗലവി ബാഖവി ഈരാറ്റുപേട്ട മൗലവി, മുഹമ്മദ് ബഷീര്‍ അല്‍ ഖാസിമി വേയ്ക്കല്‍, മൗലവി സിറാജുദ്ദീന്‍ അല്‍ ഖാസിമി കൊല്ലം, അബ്ദുല്‍ കരീം മൗലവി ബാഖവി പച്ച പാലോട്, ഹാഫിസ് ഫസലുല്‍ റഹ്മാന്‍ സാഹിബ് മൈസൂര്‍, ഹാഫിസ് ഖാരി ഹശ്മത്തുള്ള സാഹിബ് ബീഹാര്‍, ഖാരി മൗലവി പീര്‍ മുഹമ്മദ് സാഹിബ്, പള്ളപ്പെട്ടി ഈ ഉലമാക്കള്‍ ഈ മദ്രസയില്‍ മുദരിസായും, ഹിഫ്സ് -ഖിറാഅത്ത് ഉസ്താദന്മാരായും സേവനമനുഷ്ഠിച്ചിട്ടുള്ളവരാണ്. അല്ലാഹു എല്ലാവര്‍ക്കും ഉയര്‍ന്ന പ്രതിഫലം നല്‍കി അനുഗ്രഹിക്കുമാറാകട്ടെ.! ആമീന്‍.!
ബഹു. അല്‍ ആലിം മൗലവി മഹ്മൂദുല്‍ ഹസന്‍ ഹസ്രത്ത് അല്‍ ഖാസിമി, മൗലവി മുഹ്യുദ്ദീന്‍ സാഹിബ് ബാഖവി, അശ്ശൈഖ് അഹ്മദ് അബൂ നഈം തങ്ങള്‍ ഫാസില്‍ ബാഖവി പുറത്തിയില്‍, മൗലവി മുഹമ്മദ് സുലൈമാന്‍ സാഹിബ് കൗസരി അല്‍ ഖാസിമി, മൗലവി ഷറഫുദ്ദീന്‍ സാഹിബ് ബാഖവി ഈരാറ്റുപേട്ട, മൗലവി അബ്ദുല്‍ ഗഫാര്‍ സാഹിബ് കൗസരി കാഷിഫി എറണാകുളം, മൗലവി മുഹമ്മദ് ഹാഷിം സാഹിബ് കൗസരി കാഷിഫി കോട്ടയം, മൗലവി മുഹമ്മദ് ഷരീഫ് സാഹിബ് കൗസരി കാഷിഫി തൊടുപുഴ ഈ ഉലമാക്കള്‍ ഇപ്പോള്‍ മദ്രസയില്‍ മുദരിസീങ്ങളായി സേവനമനുഷ്ഠിച്ച് വരുന്നു. മൗലവി ഹാഫിസ് അബ്ദുല്‍ റഹീം സാഹിബ് പാലക്കാട്, മൗലവി ഹാഫിസ് അബൂബക്കര്‍ സാഹിബ് നൂരി മേലപ്പാളയം, ഹാഫിസ് അബ്ദുല്‍ കരീം സാഹിബ് തൊടുപുഴ, എന്നിവര്‍ ഹിഫ്ളിന്‍റെ ഉസ്താദന്മാരായി സേവനമനുഷ്ഠിക്കുന്നു. അല്ലാഹു എല്ലാവര്‍ക്കും നീണ്ടനാള്‍ ദീനീ ഇല്‍മി രംഗത്ത് സേവനമനുഷ്ഠിച്ച് ഇഹപരവിജയങ്ങള്‍ നല്‍കി അനുഗ്രഹിക്കുമാറാകട്ടെ.! ആമീന്‍.!
മദ്രസയുടെ സ്ഥാപകനും പ്രധാന രക്ഷാധികാരിയുമായിരുന്ന മര്‍ഹൂം സുബൈര്‍ ഹാജി അവര്‍കള്‍ക്ക് അല്ലാഹു പരലോകത്ത് ഉന്നത പദവി നല്‍കി അനുഗ്രഹിക്കുമാറാകട്ടെ.! അദ്ദേഹത്തിന്‍റെ പിന്‍ഗാമിയായ മദ്രസയുടെ നടത്തിപ്പും മേല്‍ നോട്ടവും നിര്‍വ്വഹിക്കുന്ന അല്‍ ഹാഫിസ് ഹാജി ഉവൈസ് സാഹിബ് അവര്‍കള്‍ക്കും സുബൈര്‍ ഹാജി അവര്‍കളുടെ ആദ്യകാലം മുതലേയുള്ള കൂട്ടുകാരനും സഹപ്രവര്‍ത്തകനുമായ മാഹിന്‍ഹാജി അവര്‍കള്‍ക്കും സുബൈര്‍ ഹാജി അവര്‍കളുടെ ഇളയ മകനായ അനസ് ഹാജി അവര്‍കള്‍ക്കും മകളുടെ ഭര്‍ത്താവായ ജനാബ് അല്‍ഹാജ് മുഹമ്മദാലി സാഹിബ് അവര്‍കള്‍ക്കും സുബൈര്‍ ഹാജി അവര്‍കളുടെ ആദ്യകാലം മുതല്‍ക്കുള്ള കൂട്ടുകാരനും സഹപ്രവര്‍ത്തകനുമായ അബ്ദുല്‍ ഖാദര്‍ ഹാജി പുതുമഠം അവര്‍കള്‍ക്കും മറ്റും സുബൈര്‍ ഹാജി അവര്‍കളുടെ ഭാര്യാമക്കള്‍ കുടുംബാദികള്‍ എല്ലാവര്‍ക്കും ഈ സ്ഥാപനത്തിന്‍റെ ഗുണകാംക്ഷികള്‍ക്കും ഈ മദ്രസയില്‍ ഓതിക്കഴിഞ്ഞവരും ഓതിക്കൊണ്ടിരിക്കുന്നവരുമായ എല്ലാ മുതഅല്ലിമീങ്ങള്‍ക്കും അല്ലാഹു അവന്‍റെ പ്രത്യേക അനുഗ്രഹങ്ങള്‍ ചൊരിഞ്ഞ് കൊടുക്കുമാറാകട്ടെ.! അല്ലാഹുവിന് വഴിപ്പെട്ട് ജീവിക്കുവാനും ദീനിന് വേണ്ടി ശരീരം ജീവിതം എല്ലാം അര്‍പ്പണം ചെയ്ത് പരിശ്രമിച്ചുകൊണ്ട് ജീവിതം കഴിച്ചുകൂട്ടി, അവസാനം ഈമാനോടെ മരിക്കുവാനും സ്വാലിഹീങ്ങളില്‍ ഉള്‍പ്പെട്ട് അല്ലാഹുവിന്‍റെ പൊരുത്തത്തിന്‍റെ അനുഗ്രഹങ്ങളുടെ വീടായ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാനും അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.! ഈസ്ഥാപനം എല്ലാ നിലയിലും സലഫു സാലിഹീങ്ങളുടെ വഴിയെ മുറുകെ പിടിച്ച് അഹ്ലു സുന്നത്ത് വല്‍ ജമാഅത്തിന്‍റെ വഴിയില്‍ ദീനീ ഇല്‍മി സേവനം ചെയ്യുന്ന ഒരു സ്ഥാപനമായി എന്നെന്നും നിലനിര്‍ത്തുമാറാകട്ടെ.! അല്ലാഹുവിന്‍റെ അടുക്കല്‍ സ്വീകരിക്കപ്പെട്ടതാക്കി അനുഗ്രഹിക്കുമാറാകട്ടെ.! ആമീന്‍.! യാറബ്ബല്‍ ആലമീന്‍. സ്വല്ലല്ലാഹു അലാ സയ്യിദിനാ മുഹമ്മദ്.
🔚🔚🔚🔚🔚🔚🔚🔚
ആശംസകളോടെ...
🌾 *സ്വഹാബ ഇസ്ലാമിക് ഫൗണ്ടേഷന്‍* 🌾
👉 ഇസ്ലാമിക സന്ദേശങ്ങള്‍ കുറഞ്ഞ ചിലവിലും വ്യാപകമായും പ്രചരിപ്പിക്കാനുള്ള ഈ പരിശ്രമത്തില്‍ താങ്കളും പങ്കാളിയാകുക.!
👉 വാട്സ്അപ്പ്ക് & ഫേസ്ബുക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ നന്മ പ്രചരിപ്പിക്കുന്നതിനായിരിക്കട്ടെ.!
👉 പഠിക്കുക, പകര്‍ത്തുക.!
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
🚫 പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
🌾 മുൻ പോസ്റ്റുകളും, തുടർന്നുള്ള പോസ്റ്റുകളും ലഭിക്കാന്‍ സന്ദർശിക്കൂ...
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation
🌱 *എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുമല്ലോ.?*

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...