Monday, March 5, 2018

സ്രഷ്ടാവിനോട് ഭയഭക്തി.! സൃഷ്ടികളോട് ഗുണകാംക്ഷ.! -അല്‍ ജാമിഅത്തുല്‍ ഹസനിയ്യ, കായംകുളം.


സ്രഷ്ടാവിനോട് ഭയഭക്തി.! 
സൃഷ്ടികളോട് ഗുണകാംക്ഷ.!  
-അല്‍ ജാമിഅത്തുല്‍ ഹസനിയ്യ, കായംകുളം. 
http://swahabainfo.blogspot.com/2018/03/75-2018-10-11_5.html?spref=tw

ബഹുമാന്യ സഹോദരങ്ങളെ,
അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ അല്‍ ഹാജ് ഹസന്‍ യഅ്ഖൂബ് സേട്ട് മര്‍ഹൂം 1940-കളില്‍ പണ്ഡിത മഹത്തുക്കളുമായി കൂടിയാലോചിച്ച് കായംകുളം, മദ്റസ ഖിദ്മത്തുല്‍ ഇസ് ലാം അല്‍ഹസനിയ്യ സ്ഥാപിക്കുകയുണ്ടായി. 25 വിദ്യാര്‍ത്ഥികളെ കൊണ്ട് പ്രയാണം ആരംഭിച്ച ഈ സ്ഥാപനത്തില്‍ നിന്നും അദ്ദേഹത്തിന്‍റെയും കുടുംബത്തിന്‍റെയും മനസ്സിന്‍റെ വിശാലതയും, പ്രഗല്‍ഭരായ പണ്ഡിതരുടെ സേവനങ്ങളും കാരണമായി, ഖിയാമത്ത് വരെയും വിജ്ഞാനത്തിന്‍റെയും സംസ്കാരത്തിന്‍റെയും പ്രബോധനത്തിന്‍റെയും പ്രകാശം പരത്തുന്ന ഉജ്ജ്വല വ്യക്തിത്വങ്ങള്‍ ഉദയം ചെയ്തു. ഇതു വരെ നാന്നൂറോളം ഹസനീ പണ്ഡിതന്മാരെയും, പരിശുദ്ധ ഖുര്‍ആന്‍ മനനം ചെയ്ത ഇരുന്നൂറിലധികം ഹാഫിസുകളെയും ഹസനിയ്യ സംഭാവന ചെയ്തു. കൂടാതെ കുറഞ്ഞതും കൂടിയതുമായ കാലയളവില്‍ കേരളത്തിനകത്തും പുറത്തുമുള്ള ധാരാളം ആളുകള്‍ക്ക് ഇവിടെ നിന്നും വിജ്ഞാനമധു നുകരാന്‍ അവസരമുണ്ടായി. പില്‍ക്കാലത്ത് തര്‍ബിയ്യത്തുല്‍ ബനാത്ത് സ്ഥാപിക്കപ്പെടുകയും അല്ലാഹുവിന്‍റെ ആയിരക്കണക്കിന് ദാസിമാര്‍ക്ക് ദിശാബോധം ലഭിക്കാന്‍ അത് കാരണമായിത്തീ രുകയും ചെയ്തു.
മഹാന്മാരായ മുന്‍ഗാമികളുടെ നിഷ്കളങ്കമായ ത്യാഗ പരിശ്രമത്തിന്‍റെയും, പുതു തലമുറയുടെ നിസ്വാര്‍ത്ഥമായ സേവനത്തിന്‍റെയും ഫലമായി ഈ സ്ഥാപനം ഉന്നതമായ നിലയില്‍ എഴുപത്തിയഞ്ച് വര്‍ഷം പിന്നിട്ട് നില്‍ക്കുകയാണ്. ഇപ്പോള്‍ നമ്മുടെ മുന്നില്‍ രണ്ട് പ്രധാന ലക്ഷ്യങ്ങളാണുള്ളത്.
ഒന്ന്: ഈ മദ്റസ മേല്‍ പറയപ്പെട്ട ഏതാനും ആളുകള്‍ക്ക് മാത്രം പഠിക്കാനും ദീനിയ്യായി ജീവിക്കാനും മാത്രമുള്ളതല്ല. ഈ മദ്റസയില്‍ ഒരു ദിവസമെങ്കിലും പഠിക്കുകയോ ഇതിനെ സ്നേഹിക്കുകയോ ചെയ്തവര്‍ക്ക് പ്രത്യേകിച്ചും, ലോകം മുഴുവനും പൊതുവായിട്ടും ഇതിന്‍റെ പ്രയോജന ഫലങ്ങള്‍ എത്തിച്ചേരേണ്ടതായിട്ടുണ്ട്.
രണ്ട്: അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ നിലവില്‍ മദ്റസയുള്ളതിനേക്കാള്‍ ഉയര്‍ന്ന നിലയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ നാം ഒത്തൊരുമിച്ച് പരിശ്രമിക്കണം.
ഈ ലക്ഷ്യം മുന്നില്‍ വെച്ചുകൊണ്ട് വരുന്ന ഷവ്വാല്‍ മാസം 
2018 ജൂലൈ 10, 11, (ചൊവ്വ-ബുധന്‍) തീയതികളില്‍ 
75 -ാം വാര്‍ഷിക മഹാസമ്മേളനം 
ഹസനിയ്യയില്‍ സംഘടിപ്പിക്കപ്പെട്ടിരിക്കുന്നു. ഉപരിസൂചിത ലക്ഷ്യ പൂര്‍ത്തീകരണത്തിനായി അടിയന്തര പ്രധാന്യമുള്ള മൂന്ന് വിഷയങ്ങള്‍ മുമ്പില്‍  വെച്ചുകൊണ്ട് വ്യവസ്ഥാപിതമായ ഒരു പരിശ്രമം നടത്താന്‍ ഹസനിയ്യ മദ്റസ ആഗ്രഹിക്കുന്നു.
 1. വിശ്വാസ സംരക്ഷണം: അല്ലാഹു നമുക്ക് നല്‍കിയ ഈമാന്‍ ഏറ്റവും അമൂല്യമാണ്. ഭൗതികമായി ഒന്നും നേടാത്ത മനുഷ്യനും, ഈമാന്‍ ലഭിച്ചാല്‍ അവന്‍ എല്ലാം നേടിയ സൗഭാഗ്യവാനാണ്. എന്നാല്‍ ഭൗതികമായി എല്ലാം നേടിയവനും ഈമാന്‍ ലഭിക്കാത്തിടത്തോളം ഒന്നും നേടാത്ത ദൗര്‍ഭാഗ്യവാനാണ്. എന്നാല്‍ ഇന്ന് നമ്മുടെ ഈമാന്‍ നഷ്ടപ്പെട്ട് പോകുന്ന സാഹചര്യങ്ങള്‍ കത്തിക്കയറിക്കൊണ്ടിരിക്കുകയാണ്. അല്ലാഹു അല്ലാത്തവരെ ആരാധിക്കാനുള്ള പ്രേരണയും, ദൈവ നിഷേധവും, റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ അന്ത്യപ്രവാചകത്വത്തെയും പരിശുദ്ധമായ ഹദീസിന്‍റെ പ്രമാണികതയെയും ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയും, നാമറിയാത്ത നിലയില്‍ തന്നെ മത നിഷേധത്തിന്‍റെ ഗുരുതരമായ സാഹചര്യങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നു. ആയതിനാല്‍ ആദ്യമായി നാം ചെയ്യേണ്ട കാര്യം, പരിശുദ്ധമായ ഈമാന്‍ എല്ലാവരിലും ഉറപ്പിച്ച് നമസ്കാരാദി അമലുകളിലെല്ലാം ശ്രദ്ധയുള്ളവരാക്കി മാറ്റാന്‍ പരിശ്രമിക്കലാണ്.
 2. സാമൂഹ്യ സംസ്കരണം: മാതാപിതാക്കള്‍, ഇണകള്‍, സന്താനങ്ങള്‍, കുടുംബ ബന്ധങ്ങള്‍, അയല്‍വാസികള്‍ തുടങ്ങി അല്ലാഹു നമുക്ക് നല്‍കിയ ബന്ധങ്ങളെ ഊട്ടിയുറപ്പിക്കാനുള്ള പരിശ്രമം. ചെറിയ ചെറിയ കാരണങ്ങളുടെ പേരില്‍ ഈ ബന്ധങ്ങളില്‍ വിള്ളലുകള്‍ വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്നു. ആയതിനാല്‍ ഈ വിള്ളലുകള്‍ നീക്കി ഊഷ്മള സ്നേഹത്തിന്‍റെ ശീതളശ്ചായയിലേക്ക് എല്ലാവരെയും എത്തിക്കുന്നതിനായി നാം പരിശ്രമിക്കേണ്ടതാണ്.
 3. മാനവികതയുടെ സന്ദേശം: ആസൂത്രിതമായി മനുഷ്യ മനസ്സുകളില്‍ വിദ്വേഷവും പകയും നിറച്ച്, കലാപങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും വഴിമരുന്നിടുന്ന പ്രവണത ഇന്ന് വ്യാപകമായിക്കൊണ്ടിരിക്കുന്നു. അതിന് പരിഹാരമായി ഇസ്ലാമിക നിയമങ്ങള്‍ക്കുള്ളില്‍ നിന്നു കൊണ്ട് മുഴുവന്‍ മനുഷ്യര്‍ക്കും സഹായ-സേവനങ്ങള്‍ ചെയ്യുകയും അവരുമായി ഊഷ്മളമായ ബന്ധം സ്ഥാപിക്കുവാനുള്ള പരിശ്രമം നാം നടത്തുകയും ചെയ്യേണ്ടതാണ്. ഈ മൂന്ന് പ്രവര്‍ത്തനങ്ങള്‍ സമ്മേളനത്തോടനുബന്ധിച്ച് ആരംഭിച്ച് നിലനിര്‍ത്താന്‍ ഉദ്ദേശിക്കുന്നു. നാം ഓരോരുത്തരും ഇതില്‍ പരമാവധി പങ്കാളികളാകണമെന്നും വിജയത്തിനായി നിരന്തരമായി ദുആ ചെയ്യണമെന്നും അപേക്ഷിക്കുന്നു. കാരണം ഇതിന്‍റെ വിജയം നമ്മുടെ വിജയമാണ്. ഭാവി തലമുറകളുടെ വിജയമാണ്. അല്ലാഹു നമുക്കെല്ലാവര്‍ക്കും തൗഫീഖ് നല്‍കുമാറാകട്ടെ.!
ആദരവോടെ...
-മുഹമ്മദ് സുഫ് യാന്‍ ഹസനി ബിന്‍ അബ്ദുസ്സത്താര്‍ ഹാജി
അല്‍ ജാമിഅത്തുല്‍ ഹസനിയ്യ-കായംകുളം

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...