Thursday, March 1, 2018

വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ക്കെതിരിലുള്ള നീക്കങ്ങള്‍ അപലപനീയം.!

വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ക്കെതിരിലുള്ള നീക്കങ്ങള്‍ അപലപനീയം.!
കൊച്ചി: പണ്ഡിതരും പാഠശാലകളും മുഴുവന്‍ ജനങ്ങളുടെയും പൊതു സ്വത്താണെന്നും ആരുടെയെങ്കിലും തെറ്റിന്റെ പേരില്‍ വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്നതും പണ്ഡിതരെ അക്രമിക്കുന്നതും തികച്ചും അപലപനീയമാണെന്നും ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് സ്ഥാപകാഗം ശൈഖ് സയ്യിദ് മുസ്ഥഫാ രിഫാഈ പ്രസ്താവിച്ചു. 
പണ്ഡിതനും പ്രബോധകനുമായ എം. എം. അക്ബറിനും പുത്തന്‍ തലമുറയുടെ പ്രതീക്ഷയായി മാറിക്കൊണ്ടിരിക്കുന്ന പീസ് ഇന്റര്‍നാഷ്ണല്‍ സ്‌കൂളിനും എതിരില്‍ നടക്കുന്ന നീക്കങ്ങളുടെ പശ്ചാത്തലത്തില്‍ എറണാകുളത്ത് കൂടിയ പണ്ഡിത നേതൃസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് ഏതെങ്കിലും ഒരു വ്യക്തിക്കും ഒരു സ്ഥാപനത്തിനും സമുദായത്തിനും മാത്രം എതിരില്‍ ഉള്ളതല്ല, മുഴുവന്‍ ജനതക്കും ഭാവി തലമുറക്കും എതിരിലുള്ള നീക്കമാണ്. വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ തകര്‍ക്കപ്പെടുന്നതിലൂടെ ജനങ്ങളാണ് തകരുന്നത്. അദ്ദേഹം ഉണര്‍ത്തി: പാഠുസ്തകങ്ങളുടെയോ വ്യക്തികളുടെയോ തെറ്റുകള്‍ പര്‍വ്വതീകരിക്കുന്നത് ഒട്ടും ശരിയല്ല. ഗീത നെഞ്ചോട് അണച്ചുപിടിച്ചുകൊണ്ടാണ് മഹാത്മാഗാന്ധി ഭാരതത്തെ നയിച്ചത്. ഇപ്രകാരം മുസ്‌ലിം പണ്ഡിതന്മാരും പ്രബോധകരും പരിശുദ്ധഖുര്‍ആനിന്റെ വെളിച്ചത്തില്‍ സഞ്ചരിച്ചവരാണ്. എന്നാല്‍ ഗീത കൈയ്യില്‍ പിടിച്ച് അക്രമം കാട്ടിയ നാഥുറാമിന്റെ ദുര്‍വ്യാഖ്യാനവുമായി യഥാര്‍ത്ഥ ഹൈന്ദര്‍വക്ക് ഒരു ബന്ധവും ഇല്ലാത്തതുപോലെ പരിശുദ്ധഖുര്‍ആനിന്റെ പേരും പറഞ്ഞ് ആരെങ്കിലും അക്രമങ്ങള്‍ കാട്ടുന്നെങ്കില്‍ അവരുമായി ഇസ്‌ലാമിനും യാതൊരു ബന്ധവും ഇല്ല. ഇത്തരുണത്തില്‍ എല്ലാ പണ്ഡിതര്‍ക്കും പാഠശാലകള്‍ക്കും എതിരായിട്ടുള്ള മുഴുവന്‍ നീക്കങ്ങളെയും മത-സംഘടനാ ബന്ധങ്ങള്‍ക്ക് അതീതമായി പരസ്പരം ഐക്യപ്പെട്ട് നേരിടാന്‍ അദ്ദേഹം എല്ലാവരെയും ആഹ്വാനം ചെയ്തു. സദസ്സിന് ജംഇയ്യത്തുല്‍ ഉലമാ എ ഹിന്ദ് ഓര്‍ഗനൈസര്‍ ശൈഖ് അന്‍സാരി നദ്‌വി അദ്ധ്യക്ഷത വഹിച്ചു. മൗലാനാ അബുല്‍ ബുഷ്‌റ മുഹമ്മദ് മൗലവി യോഗം ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ കരീം ഹാജി ജലാലിയ്യ (ജമാഅത്ത് കൗണ്‍സില്‍), അബ്ദുശ്ശകൂര്‍ ഖാസിമി (ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്) മുതലായവര്‍ പങ്കെടുത്തു.

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...