ഹാഫിസ് ഉവൈസ് ഹാജി മര്‍ഹൂം.!
-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി.
http://swahabainfo.blogspot.com/2018/03/blog-post_22.html?spref=tw
കേരളത്തിലെ ഇല്‍മിന്‍റെയും ദിക്റിന്‍റെയും ദഅ്വത്തിന്‍റെയും നവോത്ഥാനത്തിന് അല്ലാഹു തെരഞ്ഞെടുത്ത ഒരു വ്യക്തിത്വമാണ് മര്‍ഹൂം കാഞ്ഞാര്‍ മൂസാ മൗലാനാ (റഹ്). മൗലാനയുടെ ചുറ്റും അല്ലാഹു സമ്പത്തും സ്ഥാനവും നല്‍കിയ ചില മഹത്തുക്കള്‍ ഒരുമിച്ച് കൂടി. അവരില്‍ പ്രധാനപ്പെട്ട വ്യക്തിയാണ് സുബൈര്‍ ഹാജി മര്‍ഹൂം. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമ്പത്ത് മാത്രമല്ല, സന്താനങ്ങളേയും ഹാജിയാര്‍ സമര്‍പ്പിക്കുകയുണ്ടായി. ഈ സന്താനങ്ങളില്‍ പ്രഥമ വ്യക്തിയാണ് പ്രിയപ്പെട്ട ഉവൈസ് ഹാജി.
മൗലാനാ അവര്‍കളുടെ മടിത്തട്ടില്‍ വളരാനും അദ്ദേഹത്തിന്‍റെ വിരല്‍തുമ്പില്‍ തന്നെ പിടിച്ച് അവസാനം വരെ കഴിയാനും അല്ലാഹു അദ്ദേഹത്തിന് സൗഭാഗ്യം ചെയ്തു. കേരളത്തില്‍ ഹിഫ്ളുല്‍ ഖുര്‍ആനിന്‍റെ മഹത്തായ പരമ്പരക്ക് തുടക്കവും ആവേശവും നല്‍കാന്‍ അല്ലാഹു തെരഞ്ഞെടുത്തത് ഉവൈസ് ഹാജിയെയാണ്. ബാംഗ്ലൂര്‍ സബീലുര്‍റഷാദില്‍ മൗലാനാ അബൂസഊദ് അഹ്മദ് (റ) യുടെ കീഴില്‍ ഹിഫ്ള് പഠിച്ചു. ശേഷം ശരീഅത്തിന്‍റെ ഇല്‍മുകളും കരസ്ഥമാക്കി.
അടിയുറച്ച തബ്ലീഗ് പ്രവര്‍ത്തകനായതിനോടൊപ്പം കേരളാ ഹജ്ജ് കമ്മിറ്റി, ആള്‍ ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് എന്നിങ്ങനെയുള്ള ദീനിന്‍റെ ഇതര പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുക മാത്രമല്ല, നിരവധി സേവനങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തിരുന്നു. ജീവിതത്തിന്‍റെ അവസാന നിമിഷം വരെയും എടത്തല അല്‍ ജാമിഅത്തുല്‍ കൗസരിയ്യയുടെ തണലില്‍ കഴിച്ച് കൂട്ടുകയും അല്ലാഹു നല്‍കിയ മുഴുവന്‍ ശേഷികളും നന്മയുടെ വഴിയില്‍ ചിലവഴിക്കുകയും ചെയ്തു. തീര്‍ച്ചയായും ഉവൈസ് ഹാജിയുടെ അതിമഹത്തായ ശേഷികള്‍ വേറെ വല്ല മാര്‍ഗത്തില്‍ ചിലവഴിച്ചിരുന്നെങ്കില്‍ അദ്ദേഹം ഭൗതികമായി വേറെ ആരോ ആയി മാറുമായിരുന്നു. എന്നാല്‍ അല്ലാഹുവിന്‍റെ തൗഫീഖിനാല്‍ ദീനിന്‍റെ മാര്‍ഗത്തില്‍ അദ്ദേഹം ഉറച്ച് നിന്നു. അപാരമായ ബുദ്ധി, അഭിപ്രായങ്ങള്‍ വ്യക്തമായിപ്പറയല്‍, ദീനിനെ കുറിച്ചുള്ള ആഴമേറിയ ചിന്ത, നന്മകള്‍ വളരണം എന്നുള്ള താത്പര്യം, എല്ലാവരോടും ആത്മാര്‍ത്ഥത, ജനങ്ങളുടെ മുഴുവന്‍ വിശേഷങ്ങളെക്കുറിച്ചും ശരിയായ കാഴ്ചപ്പാട് എന്നീ ഗുണങ്ങള്‍ ഹാജിയാര്‍ക്ക് അല്ലാഹു സമൃദ്ധമായി നല്‍കിയിരുന്നു.
കേരളത്തില്‍ വിശിഷ്യാ, വടക്കന്‍ കേരളത്തില്‍ നടന്ന സമ്മേളനങ്ങളുടെ സൗകര്യങ്ങളുടെ അടിസ്ഥാനബിന്ദു ഹാജിയാരായിരുന്നു. വുളുവിന്‍റെയും മറ്റും സൗകര്യങ്ങള്‍ മുതല്‍ സമ്മേളനത്തിന്‍റെ മുഴുവന്‍ കാര്യങ്ങളും ഉരുണ്ടിരുന്നത് അദ്ദേഹത്തിന്‍റെ തലയിലൂടെയാണ്. ദഅ്വത്തിന്‍റെ അഗാധമായ ചിന്ത മനസില്‍ നിറഞ്ഞ് നിന്നിരുന്നു. ഇതിനെല്ലാമുപരി രാവും പകലും പരിശുദ്ധ ഖുര്‍ആനുമായി വലിയ ബന്ധവും നിരന്തരം ശ്രവണസുന്ദരമായ നിലയില്‍ ഖുര്‍ആന്‍ പാരായണത്തില്‍ ലയിക്കുന്ന പതിവുമുണ്ടായിരുന്നു. എന്തെങ്കിലും നന്‍മകളുടെ ജോലിയില്‍, അല്ലെങ്കില്‍ ശ്രുതി മധുരമായ ഖുര്‍ആന്‍ പാരായണത്തില്‍ അല്ലാതെ ഹാജിയാരെ വിനീതന്‍ കണ്ടിട്ടില്ല. പ്രത്യേകിച്ചും വാഹനം വേഗതയില്‍ സഞ്ചരിക്കുമ്പോള്‍ അദ്ദേഹം നടത്തുന്ന ഖുര്‍ആന്‍ പാരായണം ഒരു വല്ലാത്ത അനുഭൂതിയായിരുന്നു.
വിനീതനെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായി ധാരാളം ഉപകാരം ചെയ്ത ഒരു വ്യക്തിത്വം കൂടിയാണ് ഹാജിയാര്‍. ദീനിയായ വിഷയങ്ങളില്‍ മാത്രമല്ല, എല്ലാ കാര്യങ്ങളിലും വളരെ ആത്മാര്‍ത്ഥമായ നിര്‍ദേശങ്ങള്‍ നല്‍കുകയും സഹായങ്ങള്‍ ചെയ്യുകയും സര്‍വ്വോപരി, പടച്ചവന് വേണ്ടി എന്നെ സ്നേഹിക്കുകയും ചെയ്യുന്നു എന്ന് തുറന്ന് പറയുകയും ചെയ്ത ഹാജിയാരുടെ സ്നേഹവും വാല്‍സല്യവും ഒരിക്കലും മറക്കാന്‍ സാധിക്കുന്നതല്ല.
പലവിധ രോഗങ്ങള്‍ ഉണ്ടായിട്ടും പുഞ്ചിരിച്ചും തമാശ പറഞ്ഞും അദ്ദേഹം ജീവിതം മുന്നോട്ട് നീക്കി. പെട്ടെന്നാണ് രോഗം കഠിനമായി എന്ന കാര്യം അറിയുന്നത്. അല്ലാഹുവേ ഈ അമൂല്യ നിധിയെ സമുദായത്തിന് കുറേ നാള് കൂടി ദീര്‍ഘായുസ്സ് നല്‍കി അനുഗ്രഹിക്കണമേയെന്ന് അല്ലാഹുവിനോട് ദുആ ഇരന്നു. പക്ഷെ അല്ലാഹുവിന്‍റെ തീരുമാനം അലംഘനീയമാണ്.രാവിലെ ഉണര്‍ന്നപ്പോള്‍ അറിയുന്നത്, അല്ലാഹുവിന്‍റെ ദാസന്‍ പടച്ചവന്‍റെ കാരുണ്യത്തിലേക്ക് പറന്നുയര്‍ന്നു എന്നതാണ്. വൈകുന്നേരം ജാമിഅത്തുല്‍ കൗസരിയ്യയുടെ പൂമുറ്റത്ത് ജനാസ വെയ്ക്കപ്പെട്ടു. പുഞ്ചിരി തൂകി കിടക്കുന്ന ഹാജിയാരുടെ മുഖം മനസിനെ സന്തോഷിപ്പിക്കുകയും കണ്ണുകളെ കരയിക്കുകയും ചെയ്യുന്നു.അല്ലാഹു പരിപൂര്‍ണ്ണ മഗ്ഫിറത്ത് നല്‍കട്ടെ.! എല്ലാ സേവനങ്ങളും സ്വീകരിക്കുകയും ജാരിയായ സ്വദഖയായി നില നിര്‍ത്തുകയും ചെയ്യട്ടെ.!
ആശംസകളോടെ...
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
Swahabainfo.blogspot.com
https://www.facebook.com/swahaba islamic foundation

No comments:
Post a Comment