Saturday, December 5, 2020

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ജനപ്രതിനിധികളോട്, സ്നേഹപൂര്‍വ്വം...


 തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ജനപ്രതിനിധികളോട്, 

സ്നേഹപൂര്‍വ്വം... 

https://swahabainfo.blogspot.com/2020/12/blog-post_5.html?spref=bl

ബഹുമാന്യരെ,

 ക്ഷേമാശംസകൾ നേരുന്നു. താങ്കൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതായി അറിഞ്ഞതിൽ വളരെയധികം സന്തോഷിക്കുകയും സർവ്വവിധ വിജയ മുന്നേറ്റങ്ങൾ നേരുകയും ചെയ്യുന്നു. 
ബഹുമാന്യരെ, രാജ്യത്തിന്റെ നിലവിലുള്ള അവസ്ഥകൾ മുമ്പിൽ വെച്ച് വളരെ ആത്മാർത്ഥതയോടെയും വിനയത്തോടെയും ചില കാര്യങ്ങൾ ഉണർത്തുന്നത് അത്യാവശ്യമായി കാണുന്നു. താങ്കൾ സദയം ശ്രദ്ധിക്കണമെന്ന് അപേക്ഷിക്കുന്നു.

രാഷ്ട്രസേവനമെന്ന മഹത്തായ സേവനത്തിനുള്ള സന്നദ്ധതയാണ് രാഷ്ട്രീയം വിളിച്ചറിയിക്കുന്നത്. രാഷ്ട്രമെന്നാൽ രാഷ്ട്രത്തിന്റെ ഭൂമി വസ്തുവകകളോടൊപ്പം എന്നല്ല, അതിനേക്കാൾ കൂടുതലായി രാഷ്ട്ര പൗരന്മാരാണ്. അവരോടെല്ലാം നീതിയോടെ വർത്തിക്കലും സേവന-സഹായങ്ങൾ ചെയ്യലുമാണ് രാഷ്ട്രീയം കൊണ്ടുള്ള ഉദ്ദേശം. സ്വന്തം കുടുംബത്തിനും സമുദായത്തിനും ന്യായമായ ഗുണങ്ങൾ ചെയ്യുന്നതിന് യാതൊരു എതിർപ്പുമില്ല. മാത്രവുമല്ല അത് അത്യാവശ്യവും കൂടിയാണ്. എന്നാൽ അന്യായമായി അവരെ സഹായിക്കാതിരിക്കലും മറ്റുള്ളവരോടുള്ള കടമകളും പൂർണമായി നിർവഹിക്കലും അവരുടെ ന്യായമായ അവകാശങ്ങളെ ഹനിക്കാതിരിക്കലും നിർബന്ധമാണ്. 

പരിശുദ്ധ ഖുർആനിൽ പടച്ചവൻ പറയുന്നു: "തീർച്ചയായും പടച്ചവൻ നീതി പുലർത്താനും പരോപകാരങ്ങൾ ചെയ്യാനും ബന്ധുക്കളെ സഹായിക്കുവാനും കൽപ്പിക്കുന്നു.മ്ലേച്ഛമായ കാര്യങ്ങളും തിന്മകളും അക്രമങ്ങളും തടയുന്നു.നിങ്ങൾ ഉണർന്ന് കഴിയുന്നതാണ് പടച്ചവൻ നിങ്ങളെ ഉപദേശിക്കുന്നത്."(നഹ്‌ൽ)

മഹാനായ പ്രവാചകൻ മുഹമ്മദ് നബി ﷺ അരുളി : "സ്വന്തം ആളുകൾക്ക് സേവനം ചെയ്യുന്നത് ഒരിക്കലും വർഗീയതയല്ല. എന്നാൽ മറ്റുള്ളവരോട് അക്രമങ്ങൾ കാണിക്കുന്നതും സ്വന്തം ആളുകളുടെ അക്രമങ്ങളെ പിന്തുണയ്ക്കുന്നതും വർഗ്ഗീയതയാണ്. ഇപ്രകാരം വർഗീയത പുലർത്തുന്നവർ നമ്മിൽ പെട്ടവനല്ല."

ബഹുമാന്യരെ, ഇന്നത്തെ തിരഞ്ഞെടുപ്പിന്റെ പ്രധാന മുദ്രാവാക്യം വികസനമാണ്. ഓരോരുത്തരും അവരവരുടെ ആളുകൾ ചെയ്ത വികസന പ്രവർത്തനങ്ങളെ പർവ്വതീകരിക്കുകയും വികസന പ്രവർത്തനങ്ങളെ കുറിച്ച് വാചാലമാവുകയും ചെയ്യുന്നു. തീർച്ചയായും അടിസ്ഥാന സൗകര്യങ്ങളുടെ വികസനം വളരെ അത്യാവശ്യവും ജനങ്ങളോടുള്ള വലിയ ഉപകാരവുമാണ്. പക്ഷേ അടിയന്തരവും പരമപ്രധാനവുമായ വികസനം മനസ്സിന്റെ വികസനമാണ്. മാനവികതയുടെ ഗുണങ്ങളും പരസ്പര സാഹോദര്യവും മനസ്സുകളിൽ നട്ടുപിടിപ്പിക്കപ്പെടുകയും വെള്ളവും വളവും നൽകി വളർത്തുകയും ചെയ്തില്ലായെങ്കിൽ ബാഹ്യമായ വികസനങ്ങൾ കൊണ്ട് യാതൊരു ഗുണവുമില്ലെന്ന് മാത്രമല്ല,ബാഹ്യമായ വികസനങ്ങൾ വൻ അപകടങ്ങൾക്ക് കാരണമായിത്തീരുകയും ചെയ്യും. പൊട്ടിപ്പൊളിഞ്ഞ റോഡുകളിലൂടെയുള്ള സഞ്ചാരം വളരെയധികം പ്രയാസകരമാണ്. എന്നാൽ അക്രമികൾക്ക് ആ വഴിയിലൂടെ സഞ്ചരിക്കൽ പ്രയാസമാവുകയും, അവരുടെ അക്രമങ്ങൾക്ക് വേഗത കുറയുകയും ചെയ്യും. എന്നാൽ റോഡുകൾ സുന്ദര സുമോഹനമാവുകയും അക്രമവാസന മാറാതിരിക്കുകയും സാഹോദര്യം വളരാതിരിക്കുകയും ചെയ്താൽ മുമ്പ് 10 ദിവസങ്ങൾ കൊണ്ട് കാണിച്ച അക്രമം ഇന്ന്  ഒരു ദിവസം കൊണ്ടോ ഒരു മണിക്കൂർ കൊണ്ടോ ചെയ്യാൻ സാധിക്കും എന്നതല്ലാതെ മറ്റ് ഗുണങ്ങളൊന്നും ഉണ്ടാക്കുന്നതല്ല. യഥാർത്ഥത്തിൽ ഇന്നത്തെ പല വികസനങ്ങളിലൂടെയും ഇതാണ് കണ്ടുകൊണ്ടിരിക്കുന്നത്. അയൽവാസികളെ പോലും തെറ്റിദ്ധരിക്കുകയും നാട്ടുകാരെ പോലും നിന്ദിക്കുകയും തനിക്കും ഗുണമുള്ള പദ്ധതികളെയും പ്രസ്ഥാനങ്ങളെയും സ്ഥാപനങ്ങളെയും പോലും തകർക്കാൻ പരിശ്രമിക്കുകയും ചെയ്യുന്ന ഇന്നത്തെ വർഗീയ അവസ്ഥ തീർച്ചയായും രാജ്യത്തിന് അങ്ങേയറ്റം ഹാനീകരമാണ്.

ഇത് വിനീതൻ ഏതെങ്കിലും വ്യക്തികളെ ഉദ്ദേശിച്ചു പറഞ്ഞതല്ല. ഏതാണ്ട് മിക്ക രാഷ്ട്രീയപാർട്ടികളും  പ്രത്യേകിച്ച് രാജ്യത്തെ മുന്നണികൾ ഈ വലിയ അക്രമത്തിൽ പങ്കാളികളാണ്. ആകയാൽ  ഇത്തരം ഉദ്ദേശ-ലക്ഷ്യങ്ങളിൽ നിന്നും രാഷ്ട്രീയ ശൈലികളിൽ നിന്നും താങ്കൾ വിട്ടുനിൽക്കണമെന്നും നീതിയുടെയും സാഹോദര്യത്തിനും വക്താവും പ്രയോക്താവുമായി നിലകൊള്ളുകയും ചെയ്യണമെന്നും ആത്മാർത്ഥമായി ഉപദേശിക്കുന്നു. 

രണ്ടാമതായി ഉണർത്താനുള്ള അപേക്ഷ, തിരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങൾ താങ്കൾ കഴിവിന്റെ പരമാവധി മാന്യമാക്കാനും അക്രമങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പടച്ചവൻ നിങ്ങൾക്ക് വമ്പിച്ച വിജയം നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. എന്നാലും ഇനി ബാഹ്യമായി പരാജയം സംഭവിച്ചാൽ തന്നെ രാഷ്ട്രസേവനത്തിന് സന്നദ്ധനായിരിക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പിന്റെ വിജയവും പരാജയവും ഒന്നുമല്ലായെന്ന് താങ്കൾ മനസ്സിലാക്കേണ്ടതാണ്. ആകയാൽ വിജയം ലഭിച്ചാൽ മേൽപ്പറഞ്ഞ നീതിയുടെയും പരോപകാരത്തിന്റെയും മാർഗ്ഗത്തിലൂടെ സഞ്ചരിക്കണമെന്നും പരാജയം വല്ലതുമുണ്ടായാൽ ഇതേ പ്രചാരണത്തിന്റെ മാർഗ്ഗത്തിൽ തന്നെ ഉറച്ചു നിന്ന് മുന്നേറണമെന്നും അടുത്ത ഒരു ഊഴത്തിനായി രംഗത്ത് ഉണ്ടാകണമെന്നും പ്രത്യേകം ഉണർത്തുകയാണ്. പടച്ചവന്റെ എല്ലാവിധ അനുഗ്രഹങ്ങളും ശാന്തിയും സമാധാനവും നമ്മുടെ നാട്ടിൽ ഉണ്ടാവട്ടെ... നമുക്കെല്ലാവർക്കും അതിനു വേണ്ടി പരിശ്രമിക്കുന്നതിനും ഒരു സമുന്നത ഭാരതം കെട്ടിപ്പടുക്കുന്നതിനും ഉവി നൽകട്ടെയെന്നും പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു... 

-ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 

(എക്സിക്യുട്ടീവ് മെമ്പര്‍, ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ്) 

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് ഈ സന്ദേശം കൈമാറണമെന്ന് താല്‍പ്പര്യപ്പെടുന്നു... 

പ്രയോജനപ്രദമായ ധാരാളം രചനകള്‍ പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍ ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഇസ് ലാമിക് ഫൗണ്ടേഷന്‍ പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും ഇവിടെ ക്ലിക്ക് ചെയ്യുക: 


http://wa.me/+918606261616 

SWAHABA ISLAMIC FOUNDATION 
Darul Uloom Al Islamiyya 
Oachira, Kollam, Kerala. 
+91 9961717102, 8606261616 

Google Pay : 
+91 9037905428 

തഫ്സീറുല്‍ ഹസനി 

https://swahabainfo.blogspot.com/2020/11/blog-post_21.html

കാരുണ്യത്തിന്‍റെ തിരുദൂതര്‍

https://swahabainfo.blogspot.com/2020/11/blog-post.html

 പുണ്യ സ്വലാത്തിന്‍റെ മഹത്വങ്ങള്‍ 

(ഫളാഇലെ ദറൂദ് ശരീഫ്) 

https://swahabainfo.blogspot.com/2020/11/blog-post_23.html

മുനാജാത്തെ മഖ്ബൂല്‍ 

(സ്വീകാര്യമായ പ്രാര്‍ത്ഥനകള്‍) 

https://swahabainfo.blogspot.com/2020/11/blog-post_24.html 

ഇസ് ലാം എന്നാല്‍ എന്ത്.? 


സ്ത്രീകളും 
ഇസ് ലാമിക ശരീഅത്തും. 

മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) ആവശ്യമുള്ളവര്‍ ബന്ധപ്പെടുക: 












തെരഞ്ഞെടുപ്പുകളിലെ 

പ്രധാന പാപങ്ങള്‍ 

- ജസ്റ്റിസ് മൗലാനാ മുഫ്തി തഖിയ്യ് ഉസ്മാനി 

വിവ: ഹാഫിസ് അബ്ദുശ്ശകൂര്‍ ഖാസിമി 

സമൂഹത്തിനിടയില്‍ കണക്കറ്റ ദുര്‍ഗുണങ്ങളും മഹാ പാപങ്ങളും പരത്തുന്ന പ്രളയമാണ് ഇന്നത്തെ തെരഞ്ഞെടുപ്പ് രംഗങ്ങള്‍. തെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശം മുഴുവന്‍ അത് കാരണമായി ഇരുള്‍ മൂടുന്നതാണ്. മതനിയമങ്ങള്‍, സ്വഭാവം, മാന്യത, മനുഷ്യത്വം എന്നിവയുടെ അടിത്തറകളെത്തന്നെ അത് പിടിച്ച് കുലുക്കാറുണ്ട്. പാപങ്ങളെ കുറിച്ച് ഇത് പാപമാണ് എന്ന ബോധം പോലും മനസ്സുകളില്‍ നിന്നും ഊരിത്തെറിച്ച് പോകുന്നു എന്നതാണ് അതിന്‍റെ ഏറ്റവും വേദനാജനകമായ ഭാഗം. ഇത്തരുണത്തില്‍ ഏതാനും പാപങ്ങളെ പ്രത്യേകം ഉണര്‍ത്തുകയാണ്. പാപങ്ങളില്‍ നിന്നും അകന്ന് കഴിയാന്‍ ആഗ്രഹിക്കുന്നവര്‍ ഇവയെ വര്‍ജ്ജിക്കാനും മറ്റുള്ളവര്‍ കുറഞ്ഞപക്ഷം ഇവ പാപങ്ങളാണെന്ന് മനസ്സിലാക്കാനും വേണ്ടിയാണ് ഇതെഴുതുന്നത്. തൗഫീഖ് അരുളുന്നവന്‍ അല്ലാഹു തന്നെ. 

തെരഞ്ഞെടുപ്പുകളിലൂടെ ഉണ്ടായിക്കൊണ്ടിരിക്കുന്ന പാപങ്ങളുടെ അടിവേര് അധികാരക്കൊതിയും സ്ഥാനമോഹവുമാണ്. നാടിനെയും സമൂഹത്തെയും സേവിക്കുക എന്ന വിശുദ്ധ വ്യാഖ്യാനം നല്‍കി ഇതിനെ ചിലര്‍ ന്യായീകരിക്കാറുണ്ട്. എന്നാല്‍ ഖുര്‍ആന്‍-ഹദീസുകളുടെ വെളിച്ചത്തില്‍ അധികാരം എന്നത് പട്ടുമെത്തയല്ല. മറിച്ച് ഇഹ-പര ലോകങ്ങളിലെ ഉത്തരവാദിത്വത്തിന്‍റെ നുകമാണത്. കടുത്ത നിര്‍ബന്ധിതാവസ്ഥയിലല്ലാതെ ഈ പരീക്ഷണ വേദിയിലേക്ക് ഒരു വിശ്വാസി കയറാന്‍ പാടില്ല. അത് കൊണ്ടാണ് മിടുക്കനായ സ്വന്തം മകനെ ഘലീഫയായി നിയമിക്കാന്‍ സുഹൃത്തുക്കള്‍ അഭിപ്രായപ്പെട്ടപ്പോള്‍ മഹാനായ ഉമര്‍ (റ) ഇപ്രകാരം പ്രതികരിച്ചത്: 'ഉത്തരവാദിത്വത്തിന്‍റെ ചങ്ങല ഖത്വാബിന്‍റെ കുടുംബത്തിലെ ഒരുത്തന്‍റെ (സയ്യിദുനാ ഉമര്‍) കഴുത്തില്‍ വീണത് തന്നെ ധാരാളമാണ്. എന്‍റെ മകന്‍റെ കഴുത്തിലും അത് അണിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.' നാടിന്‍റെയും നാട്ടുകാരുടെയും നന്മയാണ് ഇന്നത്തെ സ്ഥാനാര്‍ത്ഥികളുടെ നിഷ്കളങ്കമായ ആഗ്രഹമെങ്കില്‍, ഇന്ന് രാഷ്ട്രത്തെ മുഴുവന്‍ മലീമസമാക്കിയ അഴിമതികളും പാപങ്ങളും അവരില്‍ നിന്നും ഉണ്ടാകുകയില്ലായിരുന്നു. ചുരുക്കത്തില്‍, അധികാരത്തോടും സ്ഥാനമാനങ്ങളോടുമുള്ള ആര്‍ത്തിയാണ് ഇന്നത്തെ അധിക സ്ഥാനാര്‍ത്ഥികളുടെയും പ്രധാന പ്രേരകം.

എതിര്‍ പക്ഷത്തെ കുറിച്ചുള്ള തെറ്റായ ആരോപണങ്ങളും അപവാദ പ്രചരണങ്ങളുമാണ് മറ്റൊരു മഹാപാപം. എതിരാളികളെ അടുച്ചൊതുക്കിക്കൊണ്ട് വിജയത്തിന്‍റെ കരമുയര്‍ത്താന്‍, ഒരന്വേഷണവുമില്ലാതെ അവരുടെ മേല്‍ ആരോപണം ഉന്നയിക്കല്‍ ഇന്ന് 'പരിശുദ്ധമായ അനുവദനീയം' ആയിത്തീര്‍ന്നിരിക്കുന്നു. പരിപൂര്‍ണ്ണമായി സാധ്യതയില്ലാത്ത ഒരാരോപണം ഏറ്റവും കടുത്ത കുറ്റവാളിയെ കുറിച്ച് പോലും ഉന്നയിക്കാന്‍ പാടില്ലെന്നാണ് ഇസ്ലാമിക നിയമം. എന്നാല്‍ അപവാദം പറയപ്പെടാത്ത ഒരൊറ്റ രാഷ്ട്രീയ പ്രസംഗം പോലും ഇന്ന് കേള്‍ക്കാന്‍ കഴിയില്ല. അങ്ങേയറ്റം തരംതാഴ്ന്ന ചന്തഭാഷയാണ് പലരും അതിന് ഉപയോഗിക്കുന്നത്. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി : വിശുദ്ധ കഅ്ബയെക്കാള്‍ പവിത്രമാണ് ഒരു മുസ്ലിമിന്‍റെ ജീവനും സമ്പത്തും അഭിമാനവും. എന്നാല്‍ നമ്മുടെ രാഷ്ട്രീയക്കാരാകട്ടെ, പത്രങ്ങളുടെ താളുകള്‍ മുതല്‍ കോര്‍ണര്‍ മീറ്റിംഗുകള്‍ വരെ അപവാദ പ്രചാരണവും അസഭ്യങ്ങളും കൊണ്ട് മലീമസമാക്കിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ഘട്ടങ്ങളില്‍ ചില സ്ഥാനാര്‍ത്ഥികളുടെ തനിനിറം തുറന്ന് കാട്ടേണ്ടത് നിര്‍ബന്ധമായിത്തീരാറുണ്ട്, അല്ലെങ്കില്‍ സാധാരണക്കാര്‍ വഞ്ചനയില്‍ കുടുങ്ങും, അത് കൊണ്ട് ഉള്ള കാര്യങ്ങള്‍ തന്നെയാണ് ഞങ്ങള്‍ പറയുന്നത്... എന്നിങ്ങനെ ചിലര്‍ തങ്ങളുടെ പ്രവര്‍ത്തനത്തെ ന്യായീകരിക്കാറുണ്ട്. ഇത് ശരി തന്നെ. പക്ഷെ, ചില കാര്യങ്ങള്‍ ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്നാമതായി, ശരിയായ അന്വേഷണം കൂടാതെ ഒന്നും പറയരുത്. സത്യ സന്ധതയും നീതിയും ഏതവസ്ഥയിലും മുറുകെ പിടിക്കണം. രണ്ടാമതായി, ദുഷ്കരമായ ഈ ബാധ്യത ആവശ്യത്തിന് മാത്രമേ നിര്‍വ്വഹിക്കാന്‍ പാടുള്ളൂ. ഒരിക്കലും രസാസ്വാദനത്തിനും യോഗാലങ്കാരത്തിനും വേണ്ടി പറയരുത്. അല്ലാത്ത പക്ഷം അത് വന്‍ പാപമായ ഗീബത്ത് (പരദൂഷണം) ആയിത്തീരും. ഇബ്നു ഉമര്‍ (റ) ന്‍റെ സദസ്സില്‍ ഒരാള്‍ ഹജ്ജാജുബ്നു യൂസുഫിന്‍റെ കുറ്റങ്ങള്‍ വിവരിക്കാന്‍ തുടങ്ങി. ഹജ്ജാജ് വലിയ അക്രമിയായിരുന്നെങ്കിലും അവിടെ അത് പറയേണ്ട യാതൊരാവശ്യവുമില്ലായിരുന്നു. അത് കൊണ്ട് ഇബ്നു ഉമര്‍ (റ) ഉടന്‍ പ്രതികരിച്ചു: ഇത് പരദൂഷണമാണ്. ഹജ്ജാജ് ധാരാളം അക്രമങ്ങള്‍ കാട്ടിയിട്ടുണ്ടെങ്കിലും എല്ലാവര്‍ക്കും അദ്ദേഹത്തെ കുറ്റം പറയാം എന്ന് അതിന് അര്‍ത്ഥമില്ല. ഓര്‍ക്കുക. നിരപരാധികളെ അക്രമിച്ചതിന് നാളെ ഹജ്ജാജിനെ അല്ലാഹു ചോദ്യം ചെയ്യുമ്പോള്‍ അനാവശ്യമായി അദ്ദേഹത്തെ കുറ്റം പറഞ്ഞവരെയും അല്ലാഹു വിചാരണ ചെയ്യുന്നതാണ്.!  

എതിരാളികളെ തരം താഴ്ത്തുന്നതിനോട് കൂടി തന്നെ സ്വന്തം പാര്‍ട്ടിക്കാരനെ പരിധി വിട്ട് പ്രശംസിക്കലും അയാളുടെ സേവനങ്ങളെ പര്‍വ്വതീകരിച്ച് പാടിപ്പുകഴ്ത്തലും ഇന്നത്തെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്‍റെ ഭാഗമാണ്. എന്നാല്‍ ആത്മ പ്രശംസയും ലോകമാന്യതയും ഇസ്ലാമിക വീക്ഷണത്തില്‍ തെറ്റും പാപവുമാണ്. യാതൊരു ചിന്തയും ആലോചനയും കൂടാതെ സുന്ദര-സുമോഹനങ്ങളായ വാഗ്ദാനങ്ങളുടെ പ്രളയം സൃഷ്ടിക്കലും മറ്റൊരു തെറ്റാണ്. വാഗ്ദാനങ്ങള്‍ നടത്തുമ്പോള്‍ ഇതെങ്ങിനെ പാലിക്കാനാകും എന്നതിനെ കുറിച്ച് ആരും ചിന്തിക്കാറില്ല. വാഗ്ദാനങ്ങളുടെ ലേലം വിളികളില്‍ മറ്റുള്ളവരെ മറികടക്കേണ്ടത് എങ്ങനെയെന്നാണ് ഓരോരുത്തരുടെയും ചിന്ത. സാധുക്കളുടെ ഭാഗ്യനക്ഷത്രം ഞങ്ങള്‍ തെളിക്കും. പിന്നോക്ക പ്രദേശങ്ങളെ പാരീസു പോലെ പട്ടണമാക്കും. ഓരോ ജില്ലയിലും ഓരോ ഹൈക്കോടതി സ്ഥാപിക്കും. ദാരിദ്രവും അജ്ഞതയും തൂത്തെറിയും.... തുടങ്ങി എന്തെല്ലാം വീരവാദങ്ങളാണ് പത്രങ്ങളിലും പ്രസംഗങ്ങളിലും മുഴങ്ങുന്നത്. സാധുക്കളായ പൊതു ജനങ്ങളെ വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ കടത്തല്‍ മാത്രമാണ് ഇത്തരം വാഗ്ദാന പരമ്പരകളുടെ പ്രധാന ലക്ഷ്യം. സമ്മേളന-പ്രകടനങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ മുഖ്യ ഘടകമാണ്. ഇവ രണ്ടും മാന്യതയുടെ മതില്‍ക്കെട്ടിനുള്ളില്‍ നിന്നുകൊണ്ടാണെങ്കില്‍ നിഷിദ്ധവുമല്ല. എന്നാല്‍ സമ്മേളന-പ്രകടനങ്ങളില്‍ ഇന്ന് ഗുണ്ടായിസം പതിവായിരിക്കുന്നു. പ്രതിയോഗികളുടെ ജീവനും സ്വത്തിനും അന്തസ്സിനും ഗുണ്ടകള്‍ യാതൊരു വിലയും കല്‍പ്പിക്കാറില്ല. തിരക്ക് പിടിച്ച പൊതുവഴികളിലാണ് പലപ്പോഴും പ്രകടന-സമ്മേളനങ്ങള്‍ നടത്തപ്പെടാറുള്ളത്. ഇത് മൂലം പട്ടണവാസികള്‍ക്ക് അനങ്ങാന്‍ സാധിക്കുകയില്ല. ഇടയ്ക്ക് ട്രാഫിക് ആകെ താറുമാറാകും. അങ്ങിനെ രാഷ്ട്രീയക്കാര്‍ ജനങ്ങള്‍ക്ക് ഒരു ശിക്ഷയായി മാറും. അതു കാരണമായി എത്രയോ രോഗികള്‍ക്ക് ചികിത്സ ലഭിക്കാതെ പോയിട്ടുണ്ട്. എത്രയോ സാധുക്കള്‍ക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ട്. 

ചുമരുകളിലെല്ലാം തെരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങള്‍ കൊണ്ട് കറുപ്പിക്കലും വ്യക്തിയുടെയും സര്‍ക്കാരിന്‍റെയും കെട്ടിടങ്ങളില്‍ പരസ്യം പതിക്കുന്നതും മറ്റൊരു നാശമാണ്. ഇതിലൂടെ പ്രദേശമാകെ പരസ്പര വിരുദ്ധമായ മുദ്രാവാക്യങ്ങള്‍ കൊണ്ട് നിറയും. അനുവാദമില്ലാതെ മറ്റുള്ളവരുടെ കെട്ടിടത്തില്‍ കൈ കടത്തുന്നത് മോഷണത്തിനും പിടിച്ചുപറിക്കും തുല്ല്യമാണ്. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: മറ്റൊരാളുടെ വസ്തുവിനെ സന്തോഷത്തോടെയുള്ള അനുവാദമില്ലാതെ ഉപയോഗിക്കാന്‍ പാടില്ല. അനുവാദമില്ലാതെ ഉപയോഗിക്കല്‍ ഹറാമാണെങ്കില്‍ നാശകരവും വികൃതവുമാക്കല്‍ എത്ര വലിയ ഹറാമായിരിക്കും.? 

വോട്ടുകള്‍ വിലയ്ക്ക് വാങ്ങലും അതിനായി കൈക്കൂലി കൊടുക്കലുമാണ് മറ്റൊരു പാപം. ഇതിലൂടെ സമൂഹമാകെ അരാജകത്വത്തിന്‍റെയും ദുര്‍മാര്‍ഗ്ഗത്തിന്‍റെയും പടുകുഴിയിലേയ്ക്ക് മറിഞ്ഞ് വീഴാനടുത്തിരിക്കുന്നു. ഓരോ തെരഞ്ഞെടുപ്പ് യുദ്ധം നടത്താനും എല്ലാ പാര്‍ട്ടികള്‍ക്കും കോടിക്കണക്കിന് രൂപാ ചിലവാകാറുണ്ട്. ഈ രൂപ മുഴുവന്‍ സമാഹരിക്കുന്ന തെറ്റായ രീതികളാണ് മറ്റൊരു മഹാപാപം. അധാര്‍മ്മിക ശക്തികളുമായി കൂട്ടുകൂടാന്‍ ഇതിന് ആര്‍ക്കും മടിയില്ല. ചിലര്‍ രാജ്യത്തെ പ്രമുഖ പണച്ചാക്കുകളില്‍ നിന്ന് വന്‍ തുക കൈപ്പറ്റും. ഇത് സംഭാവനയല്ല. അധികാരത്തില്‍ വന്നതിന് ശേഷം പ്രത്യേക പരിഗണന ലഭിക്കാനുള്ള കൈക്കൂലിയാണ്. സംഭാവന നല്‍കാന്‍ വിസമ്മതിക്കുന്നവരെ പലതരത്തില്‍ ഉപദ്രവിക്കാന്‍ പാര്‍ട്ടികള്‍ ധൈര്യം കാണിക്കുന്നതും വലിയ നാശമാണ്. 

വളരെ വ്യക്തമായ ഏതാനും പാപങ്ങളാണ് മാതൃകയ്ക്കായി ഇവിടെ ഉദ്ധരിച്ചത്. അല്പം ആഴത്തില്‍ ചിന്തിച്ചാല്‍ ഇവ ഓരോന്നും അനേകം പാപങ്ങളുടെ സമാഹാരമാണെന്ന് വ്യക്തമാകുന്നതാണ്. ഇനി നാം ചിന്തിക്കുക: കളവ്, ആരോപണം, അപവാദം, പരദൂഷണം, ആത്മ പ്രശംസ, കള്ള വാഗ്ദാനങ്ങള്‍, ഗുണ്ടായിസം, ഉപദ്രവം മുതലായ വന്‍പാപങ്ങള്‍ പ്രവര്‍ത്തിച്ച് അധികാരത്തില്‍ കയറി കൂടുന്നവരെ കൊണ്ട് നാടിനും നാട്ടുകാര്‍ക്കും വല്ല ഗുണവും ലഭിക്കുമോ.? ഈ പാപങ്ങളുടെ ഇരുള്‍ പരന്ന പ്രദേശത്തു നിന്നും നന്മയുടെ പ്രഭാകിരണങ്ങള്‍ പ്രകടമാകുമെന്ന് പ്രതീക്ഷിക്കാമോ..? 

വെറുതെ കുറെ കാര്യങ്ങള്‍ വിമര്‍ശിക്കാനോ ജനങ്ങള്‍ക്കിടയില്‍ നിരാശ പടര്‍ത്താനോ വേണ്ടിയല്ല ഇത്രയും കുറിച്ചത്. കുറഞ്ഞപക്ഷം പാപങ്ങളെ കുറിച്ച് നാം ബോധവാന്മാരാകുക. ഇതില്‍ വല്ല പാപത്തിന്‍റെയും വാതിലടക്കാന്‍ കഴിവുണ്ടെങ്കില്‍ നാം വീഴ്ച വരുത്തരുത്. ഇത്തരം തെറ്റുകളില്‍ അറിവില്ലാതെ കുടുങ്ങിക്കിടക്കുന്ന പൊതു മുസ്ലിംകളെയെങ്കിലും രക്ഷിക്കാന്‍ നാം മുന്നിട്ടിറങ്ങണം. ഈ മഹാ പ്രളയത്തിനിടയില്‍ ഞാനൊരുത്തനെക്കൊണ്ട് എന്ത് ചെയ്യാന്‍, ഞാനൊരു വന്‍പാപത്തില്‍ മാറി നിന്നത് കൊണ്ട് എന്ത് ഫലം എന്ന് ആരും ചിന്തിക്കരുത്. കാരണം സമൂഹമാകെ പടര്‍ന്ന പാപം വളരെ കുറച്ച് മാത്രം കുറഞ്ഞാലും മഹാഭാഗ്യമാണ്. വ്യക്തികളുടെ കൂട്ടായ്മയാണ് സമൂഹം. വിളക്കിലൂടെയാണ് വിളക്ക് കത്തുന്നത്. ചിലവേള ഒരൊറ്റ വ്യക്തിയുടെ മനഃക്കരുത്തും ദൃഢനിശ്ചയവും സമൂഹത്തിന്‍റെ മുഴുവന്‍ ഗതി മാറ്റി മറിക്കാറുണ്ട്. സമൂഹത്തിന്‍റെ ഭാഗ്യ നക്ഷത്രം ഉത്തമ വ്യക്തികളാണ്. 

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...