ജുമുഅ പ്രഭാഷണങ്ങള്‍:01
സോഷ്യല്‍ മീഡിയ ഡെസ്ക്.
ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ്.
വിഷയം:
വിവാഹം മഹത്തായ ഒരു നന്മയാണ്,
നന്മയെ ശരിയായ നിലയില്‍ നിര്‍വ്വഹിക്കുക.!
(ബഹുമാന്യരെ, അളവറ്റ ദയാലുവായ അല്ലാഹു നമുക്ക് കനിഞ്ഞരുളിയ ഒരു മഹത്തായ ഉപഹാരമാണ് ജുമുഅ ദിനം. കഴിഞ്ഞ ദിവസങ്ങളിലെ വീഴ്ചകള്‍ പരിഹരിക്കലും വരാനുള്ള ഒരാഴ്ചയിലേക്ക് ഒരുക്കങ്ങള്‍ നടത്തലുമാണ് ജുമുഅ ദിനത്തിന്‍റെ വലിയൊരു ലക്ഷ്യം. ഇതിനുവേണ്ടി ജുമുഅ രാവിനെ നന്മകള്‍ കൊണ്ട് അലങ്കരിക്കുന്നതിനോടൊപ്പം ജുമുഅ ദിനത്തില്‍ രാവിലെ കുളിക്കുക, ഉള്ളതില്‍ ഉത്തമ വസ്ത്രം ധരിക്കുക, സുഗന്ധം പുരട്ടുക, അല്‍ കഹ്ഫ് പാരായണം ചെയ്യുക, സ്വലാത്ത്-സലാമുകള്‍ വര്‍ദ്ധിപ്പിക്കുക, ജുമുഅയ്ക്ക് മസ്ജിദുകളിലേക്ക് നേരത്തെ പോവുക, ജുമുഅ ദിനം മഗ് രിബിന് മുമ്പ് ഒരു മണിക്കൂര്‍ നേരം ദിക്ര്‍-ദുആകളില്‍ മുഴുകുക എന്നീ നന്മകളോടൊപ്പം ഉത്തമ കാര്യങ്ങളെക്കുറിച്ചുള്ള സന്ദേശം കൈമാറുന്നതും വളരെ മഹത്തരമാണ്. ഇതിനുവേണ്ടി ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡിന്‍റെ സോഷ്യല്‍ മീഡിയ ഡെസ്ക്, ജുമുഅ സന്ദേശം തയ്യാറാക്കുന്ന വളരെ പ്രയോജനപ്രദമായ ഒരു പരിപാടി ആരംഭിച്ചിരിക്കുന്നു. പടച്ചവന്‍റെ തിരുനാമത്തില്‍ ഇത് മലയാളത്തിലും ആരംഭിക്കുകയാണ്. -ഇന്‍ഷാ അല്ലാഹ്- ആദരണീയ പണ്ഡിതരുടെ സഹകരണത്തോടെ ഓരോ ആഴ്ചയും ബോര്‍ഡിന്‍റെ ഭാഗത്ത് നിന്നും അയച്ചുതരുന്ന ജുമുഅ സന്ദേശങ്ങള്‍ താങ്കള്‍ക്കും എത്തിച്ച് തരുന്നതാണ്. ആദരണീയ ഖത്തീബുമാര്‍ സ്വയം പ്രഭാഷണം നടത്തുന്നവരാണെങ്കില്‍ ഇതിലെ വിഷയങ്ങളും ഉള്ളടക്കങ്ങളും കൂടി പരിഗണിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇതര സഹോദരങ്ങള്‍ മസ്ജിദുകളിലും ഇതര സദസ്സുകളിലും വീടുകളിലും ഇത് പാരായണം ചെയ്ത് കേള്‍പ്പിക്കുമെന്ന് താല്‍പ്പര്യപ്പെടുന്നു. പടച്ചവന്‍ അനുഗ്രഹിക്കട്ടെ.)
الحمد لله وكفى والصلاة والسلام على الرسول المصطفى وعلى آله وصحبه أمّا بعد :
വിവാഹത്തിന്‍റെ പ്രധാന്യം:
ബഹുമാന്യ സഹോദരങ്ങളേ, സമൂഹത്തിന്‍റെ നന്മയില്‍ വിവാഹം വഹിക്കുന്ന സ്ഥാനം എല്ലാവര്‍ക്കും വ്യക്തമാണ്. അതുകൊണ്ട് തന്നെ വിവാഹത്തിന്‍റെ മഹത്വം എല്ലാവരും സമ്മതിച്ച് പറയുന്നു. എന്നാല്‍ വിവാഹത്തോടൊപ്പം പാലിക്കേണ്ട നിയമങ്ങളും മര്യാദകളും ശരിയായ നിലയില്‍ പഠിക്കുകയും പകര്‍ത്തുകയും ചെയ്യുമ്പോഴാണ് വിവാഹത്തിന്‍റെ ലക്ഷ്യം പൂര്‍ണ്ണമാകുന്നത്. പക്ഷേ, ഇന്ന് പൊതുവില്‍ ഈ കാര്യം ശ്രദ്ധിക്കപ്പെടാത്ത കാരണത്താല്‍ വലിയ പ്രശ്നങ്ങളും കുഴപ്പങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നു. തല്‍ഫലമായി വിവാഹം വലിയൊരു ഭാരമാണ് എന്ന ചിന്തപോലും ലോകത്ത് പ്രചരിക്കുന്നുണ്ട്. അന്ത്യപ്രവാചകന്‍ മുഹമ്മദുര്‍റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യ്ക്ക് മുമ്പും ഇത്തരമൊരു അവസ്ഥയാണ് ലോകത്തുണ്ടായിരുന്നത്. ക്രൈസ്തവരിലെ പൗരോഹത്യവും ഹൈന്ദവരിലെ ദേവദാസി സമ്പ്രദായവും ഇതിന് ശക്തി പകരുകയും ചെയ്തു. നഗ്നതയും മ്ലേച്ഛതയും ലോകം മുഴുവന്‍ പരന്നു. ആരാധനാലയങ്ങളുടെ വിശുദ്ധി പോലും നിന്ദിക്കപ്പെട്ടു. ലേഖി തയ്യാറാക്കിയ യൂറോപ്പ് ചരിത്രത്തില്‍ ഈ കാര്യം വിവരിക്കപ്പെട്ടിട്ടുണ്ട്. ഇതിനിടയില്‍ അന്ത്യപ്രവാചകന്‍ സയ്യിദുല്‍ മുര്‍സലീന്‍ മുഹമ്മദുര്‍റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) കടന്നുവന്നു. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ആദ്യമായി വിവാഹത്തെ പ്രേരിപ്പിച്ചു.
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി:
1. വിവാഹം എന്‍റെ ചര്യയാണ്. എന്‍റെ ചര്യ അനുസരിച്ച് ജീവിക്കാത്തവന്‍ എന്നില്‍ പെട്ടവനല്ല. (ഇബ്നുമാജ).
2. യുവ സമൂഹമേ, നിങ്ങളില്‍ വിവാഹത്തിന് ശേഷിയുള്ളവര്‍ തീര്‍ച്ചയായും വിവാഹം കഴിക്കുക. സാധിക്കാത്തവര്‍ അധികമായി നോമ്പ് അനുഷ്ടിക്കുക. ജീവിത വിശുദ്ധിയെ അതിലൂടെ സംരക്ഷിക്കപ്പെടുന്നതാണ്. (ബുഖാരി, മുസ്ലിം)
3. വിവാഹം കഴിക്കാന്‍ ശേഷിയുണ്ടായിട്ടും വിവാഹം കഴിക്കാത്തവന്‍ എന്നില്‍ പെട്ടവനല്ല. (ത്വബ്റാനി).
4. ഇസ് ലാമില്‍ സന്യാസമില്ല. (ശറഹുസ്സുന്ന).
5. ഇഹലോകം ഒരു കമ്പോളമാണ്. ഇതിലെ ഏറ്റവും ഉത്തമമായ വിഭവം നന്മ നിറഞ്ഞ സ്ത്രീയാണ്. (നസാഈ).
6. മൂന്ന് കാര്യങ്ങള്‍ പിന്തിക്കരുത്: നമസ്കാരത്തിന് സമയമായാല്‍, ജനാസ തയ്യാറാക്കപ്പെട്ടാല്‍, വിവാഹത്തിന് അനുയോജ്യ ഇണയെ ലഭിച്ചാല്‍. (തിര്‍മിദി).
ജോലിയുടെ പേരില്‍ വിവാഹം പിന്തിക്കരുത്:
വിവാഹം ഒരു പുണ്യ കര്‍മ്മവും ആരാധനയുമാണെന്നും ഇതിന് അവസരം ലഭിച്ചാല്‍ വിവാഹം കഴിക്കണമെന്നും വിവാഹത്തിന്‍റെ തടസ്സങ്ങള്‍ ദൂരീകരിക്കാന്‍ പരിശ്രമിക്കണമെന്നും ഈ ഹദീസുകള്‍ മനസ്സിലാക്കിത്തരുന്നു. ഉന്നതമായ ജീവിതാവസ്ഥയോടുള്ള ആഗ്രഹവും സമ്പത്തിനോടുള്ള ആര്‍ത്തിയും കാരണം വിവാഹത്തെ പിന്തിക്കരുത്. വലിയ ഉദ്യോഗവും ജോലിയും കിട്ടുകയോ വരുമാനം കൂടുകയോ ചെയ്താല്‍ വിവാഹം കഴിക്കാം എന്ന ന്യായം പറഞ്ഞ് പലരും വിവാഹത്തെ പിന്തിക്കാറുണ്ട്. തല്‍ഫലമായി സ്ത്രീ-പുരുഷന്മാരില്‍ വലിയൊരു വിഭാഗം അവിവാഹിതരായി കഴിയുന്നു. മധ്യവയസ്കത പിന്നിടാന്‍ അടുത്തിട്ടും വിവാഹം കഴിക്കാത്ത ധാരാളം ആളുകളുണ്ട്. ഇതിലൂടെ സമൂഹത്തില്‍ തിന്മ പരക്കുകയാണ്. മക്കയിലെ നിഷേധികള്‍ ദാരിദ്ര്യത്തെ ഭയന്നുകൊണ്ട് മക്കളെ കൊല്ലുമായിരുന്നു. അവരോട് അല്ലാഹു പറഞ്ഞു: ദാരിദ്ര്യത്തെ ഭയന്ന് നിങ്ങള്‍ മക്കളെ കൊല്ലരുത്. നിങ്ങള്‍ക്കും അവര്‍ക്കും ആഹാരം നല്‍കുന്നത് നാമാണ്. (അന്‍ആം 151). ജോലിയുടെ പേര് പറഞ്ഞ് വിവാഹത്തെ പിന്തിക്കുന്നവര്‍ പടച്ചവനാണ് ആഹാരം തരുന്നത് എന്ന ഖുര്‍ആനിക വീക്ഷണത്തെ ശരിയായി മനസ്സിലാക്കാത്തവരാണ്.
വിവാഹം ഐശ്വര്യത്തിന്‍റെ മാര്‍ഗ്ഗമാണ്:
പരിശുദ്ധ ഖുര്‍ആന്‍ ഉണര്‍ത്തുന്നു: വിവാഹത്തിലൂടെ പടച്ചവന്‍ സമ്പത്ത് നല്‍കുന്നതും ഐശ്വര്യം ചൊരിക്കുന്നതുമാണ്. അല്ലാഹു അറിയിക്കുന്നു: വിവാഹം കഴിക്കുന്നവര്‍ ദരിദ്രര്‍ ആണെങ്കില്‍ അല്ലാഹുവിന്‍റെ ഔദാര്യത്തില്‍ നിന്നും അല്ലാഹു അവരെ സമ്പന്നരാക്കുന്നതാണ്. (നൂര്‍).
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: നിങ്ങള്‍ വിവാഹം കഴിക്കുക. വിവാഹം ഐശ്വര്യത്തിന്‍റെ മാര്‍ഗ്ഗമാണ്.
ജാബിര്‍ (റ) നിവേദനം. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: അല്ലാഹു മൂന്നുപേരെ സഹായിക്കുന്നതാണ്: അടിമയെ സ്വതന്ത്ര്യമാക്കുന്നവനെ, ശൂന്യമായ ഭൂമിയെ സജീവമാക്കുന്നവനെ, അല്ലാഹുവില്‍ ഭരമേല്‍പ്പിച്ച് വിവാഹം കഴിക്കുന്നവനെ.!
ഇമാം ശാഫിഈ (റഹ്) പ്രസ്താവിക്കുന്നു: വിവാഹത്തിലൂടെ അല്ലാഹു സമ്പന്നനാക്കും എന്ന വചനം ലഭിച്ചിട്ടും വിവാഹം കഴിക്കാത്തവന്‍ വിഡ്ഢിയും വിവരം കെട്ടവനുമാണ്.
ഇസ്ലാമില്‍ ജാതീയത ഇല്ല:
വിവാഹത്തില്‍ നിന്നും ജനങ്ങളെ തടയുന്ന മറ്റൊരു കാരണം, ഉന്നത കുടുംബങ്ങളെ അന്വേഷിക്കലാണ്. ഇത് പരിധി ലംഘിക്കുകയും പലപ്പോഴും ജാതീയതയിലേക്ക് നീങ്ങുകയും ചെയ്യുന്നുണ്ട്. ഇസ്ലാം ശക്തിയുക്തം എതിര്‍ത്ത ഒരു കാര്യമാണത്. ജാതീയതയെ മറ്റു പല പരിഷ്കര്‍ത്താക്കളും എതിര്‍ത്തിട്ടുണ്ടെങ്കിലും റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഈ വിഷയത്തില്‍ പുലര്‍ത്തിയ ഗൗരവം മറ്റെവിടെയും കാണാന്‍ സാധിക്കുന്നതല്ല. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ജാതീയതയുടെ സര്‍വ്വ അംശങ്ങളെയും തുടച്ച് നീക്കി. മനുഷ്യര്‍ എല്ലാവരും സമന്മാരാണ് എന്ന് ശക്തിയുക്തം പ്രഖ്യാപിച്ചു. അടിമത്വ മോചനം ചെയ്യപ്പെട്ട സൈദുബ്നു ഹാരിസയെ ഖുറൈശി വംശജയായ സൈനബുമായി വിവാഹം കഴിപ്പിച്ചു. തല്‍ഫലമായി അടിമയായിരുന്ന ബിലാല്‍ (റ) വിവാഹം കഴിക്കാന്‍ ഉദ്ദേശിച്ചപ്പോള്‍ സമുന്നതരായ സഹാബികള്‍ വിവാഹലോചന നടത്തുകയുണ്ടായി.
വിവാഹത്തിന്‍റെ അടിസ്ഥാനം എന്തായിരിക്കണം.?
മതബോധവും ഭയഭക്തിയും സൂക്ഷ്മതയുമാണ് വിവാഹത്തിന്‍റെ അടിസ്ഥാനമായി ഇസ്ലാം ഉയര്‍ത്തിപ്പിടിക്കുന്നത്. ഇതിന് മുന്നില്‍ കുലമഹിമയ്ക്ക് യാതൊരു പ്രസക്തിയുമില്ല.
റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അരുളി: സമ്പത്ത്, കുടുംബം, സൗന്ദര്യം, മതബോധം എന്നിവയ്ക്കുവേണ്ടി സ്ത്രീയെ വിവാഹം കഴിക്കപ്പെടാറുണ്ട്. ദീനീ ബോധമുള്ള സ്ത്രീയ്ക്ക് നീ മുന്‍ഗണന കൊടുക്കുക. നീ വിജയിക്കുന്നതാണ്. (ബുഖാരി).
മറ്റൊരിക്കല്‍ അരുളി: സൗന്ദര്യത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രം വിവാഹം കഴിക്കരുത്. സൗന്ദര്യം തകര്‍ച്ചയിലേക്ക് നയിച്ചേക്കാം. പണത്തിന്‍റെ പേരില്‍ മാത്രം വിവാഹം കഴിക്കരുത്. പണം അക്രമത്തിലേക്ക് നയിച്ചേക്കാം. കറുകറുത്തവളാണെങ്കിലും ദീനീ ബോധമുള്ള സാധുപെണ്‍കുട്ടി വലിയ ശ്രേഷ്ടതയുള്ള വ്യക്തിത്വമാണ്. (ഇബ്നുമാജ).
മറ്റൊരിക്കല്‍ അരുളി: ആരെങ്കിലും സമ്പത്തിനെ നോക്കിക്കൊണ്ട് വിവാഹം കഴിച്ചാല്‍ അല്ലാഹു ദാരിദ്രത്തെ വര്‍ദ്ധിപ്പിക്കുന്നതാണ്. പ്രസിദ്ധിയ്ക്കുവേണ്ടി വിവാഹം കഴിച്ചാല്‍ അല്ലാഹു നിന്ദ്യനാക്കുന്നതാണ്. (കന്‍സുല്‍ ഉമ്മാല്‍).
അതെ, സൗന്ദര്യം എന്നും അവശേഷിക്കില്ല. ഇന്നത്തെ സൗന്ദര്യം നാളെ കാണുകയില്ല. ഒരു രോഗത്തിലൂടെ സൗന്ദര്യം നീങ്ങിപ്പോയേക്കാം, ഒരു അപകടത്തിലൂടെ രൂപം മാറിപ്പോയേക്കാം. യഥാര്‍ത്ഥ സൗന്ദര്യം സല്‍ക്കര്‍മ്മങ്ങളും സല്‍സ്വഭാവങ്ങളുമാണ്. സമുന്നത സൗരഭ്യം കുടുംബത്തില്‍ സന്തുഷ്ടി പരത്തുന്ന ശൈലികളും രീതികളുമാണ്.
സ്ത്രീധനം: ഒരു സാമൂഹ്യ ശാപം.!
ഈ കാലഘട്ടത്തില്‍ വിവാഹത്തിന് ഏറ്റവും കൂടുതല്‍ തടസ്സം നില്‍ക്കുന്ന കാര്യം സ്ത്രീധനമാണ് എന്ന് ഓര്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു. അറിവും സമ്പത്തും കൂടുതല്‍ ഉള്ളവര്‍ക്കാണ് ഇത് കൂടുതല്‍ തടസ്സമാകുന്നതെന്നത് ആശ്ചര്യകരം തന്നെ.! പടച്ചവന്‍ ധാരാളം സമ്പത്ത് കൊടുത്തവര്‍ വിവാഹവുമായി ബന്ധപ്പെട്ട് കൂടുതല്‍ നീണ്ട നിബന്ധനകളുമായി കറങ്ങി നടക്കുകയാണ്. ചിലര്‍ വിദേശത്ത് താമസിക്കാനുള്ള ചിലവ് പെണ്‍വീട്ടുകാരോട് ആവശ്യപ്പെടുന്നു. മറ്റുചിലര്‍ ഫ്ളാറ്റും വീട്ടിലെ വലിയ ഉപകരണങ്ങളും വേണമെന്ന് നിര്‍ബന്ധം പിടിക്കുന്നു. വേറെ ചിലര്‍ ജോലിയുടെ ടൊണേഷന്‍ പെണ്‍വീട്ടുകാരില്‍ നിന്നും പിടിച്ചുവാങ്ങുന്നു. ഇവ കിട്ടിയില്ലെങ്കില്‍ പെണ്‍കുട്ടിയുടെ മേല്‍ വിവിധ തരത്തിലുള്ള ഉപദ്രവങ്ങള്‍ ആരംഭിക്കും. ചിലവേള പെണ്‍കുട്ടി ജീവിതം തന്നെ വേണ്ടെന്ന് വെക്കുന്നു. ഇസ്ലാമുമായി ഒരു ബന്ധവും ഇല്ലാത്ത ഇത്തരം കാര്യങ്ങളെ കൊണ്ടുനടക്കുന്ന ചില ആളുകള്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കും സ്ത്രീ സമത്വത്തിനും വേണ്ടി ശക്തമായ വാദം നടത്തുകയും പലപ്പോഴും അതിന്‍റെ പേരില്‍ ഇസ്ലാമിനെ കുറ്റപ്പെടുത്തുകയും ചെയ്യുന്നത് തികഞ്ഞ വൈരുദ്ധ്യമല്ലാതെ മറ്റെന്താണ്.? സ്ത്രീധനം കാരണം ഇന്ന് നടന്നുകൊണ്ടിരിക്കുന്ന നാശ-നഷ്ടങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങാത്തതാണ്. ഈ വിഷയത്തില്‍ വളരെയധികം വേദനാജനകമായ റിപ്പോര്‍ട്ടുകളാണ് ഓരോ പ്രദേശങ്ങളില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നത്. മുസ്ലിം കേന്ദ്രമായ ഹൈദരാബാദില്‍ മാത്രം സ്ത്രീധനം ഇല്ലാത്തതിനാല്‍ വിവാഹം കഴിക്കാത്ത നാല്‍പ്പത് വയസ്സുകാരികളുടെ എണ്ണം മുപ്പത്തി അയ്യായിരത്തിലേറെയാണെന്ന് തഅ്മീറെ മില്ലത്ത് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ജംഇയ്യത്ത് ഉലമ എ ഹിന്ദിന്‍റെ മുഖപത്രമായ അല്‍ ജംഇയ്യത്തിന്‍റെ എഡിറ്റര്‍ മൗലാനാ ഉസ്മാന്‍ സ്വന്തം സംഭവം ഇപ്രകാരം വിവരിക്കുന്നു: എന്‍റെ ഒരു പരിചയക്കാരനെ ദുരൂഹമായ സാഹചര്യത്തില്‍ ഒരു സ്ഥലത്ത് വെച്ച് ഞാന്‍ കണ്ടുമുട്ടി. അദ്ദേഹത്തോടൊപ്പം പര്‍ദ്ദയണിഞ്ഞ രണ്ട് മൂന്ന് സ്ത്രീകളും ഏതാനും കുഞ്ഞുങ്ങളുമുണ്ടായിരുന്നു. എവിടെ പോവുകയാണെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം വാവിട്ട് നിലവിളിക്കാന്‍ ആരംഭിച്ചു. അദ്ദേഹത്തിന്‍റെ അടുത്തവര്‍ ആരെങ്കിലും മരണപ്പെടുകയോ രോഗിയാവുകയോ ചെയ്തിരിക്കും എന്ന് വിചാരിച്ച് ഞാന്‍ ആശ്വസിപ്പിച്ചപ്പോള്‍ കുറേ നേരം കഴിഞ്ഞ് അദ്ദേഹം പറഞ്ഞു: എന്‍റെ കൂട്ടത്തിലുള്ള മൂന്നുപേര്‍ എന്‍റെ മക്കളാണ്. ഞാന്‍ ഇവരെ വിവാഹം കഴിപ്പിക്കാന്‍ വളരെ പരിശ്രമിച്ചെങ്കിലും വമ്പിച്ച സ്ത്രീധനം ആവശ്യപ്പെടുന്ന കാരണത്താല്‍ ഒരു നിലയ്ക്കും കഴിയാതെ വന്നു. ഇപ്പോള്‍ ഞാന്‍ ഇവരെയും കൊണ്ട് ഒരു ക്രൈസ്തവ കേന്ദ്രത്തിലേക്ക് പോവുകയാണ്. മതം മാറേണ്ടിവന്നാലും അവരുടെ സഹായം മേടിച്ച് ഇവരെ വിവാഹം കഴിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.! സഹോദരങ്ങളേ, നാമെല്ലാവരും വളരെയധികം ചിന്തിക്കുകയും ഭയക്കുകയും ചെയ്യേണ്ട കാര്യമാണിത്. സ്ത്രീധനത്തിന്‍റെ ശാപം കാരണം ആളുകള്‍ ദീനിനെ ഉപേക്ഷിക്കാന്‍ പോലും സന്നദ്ധരാകുന്നു. ഇത് വളരെ വലിയ ദുരന്തം തന്നെയാണ്.
മീര്‍തഖി എന്ന പേരില്‍ ഒരു കവി കഴിഞ്ഞ് പോയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ മകളെ വിവാഹം കഴിച്ച് യാത്രയാക്കിയപ്പോള്‍ ധാരാളം സ്ത്രീധന വസ്തുക്കള്‍ നല്‍കുകയുണ്ടായി. ഇതിലൂടെ അദ്ദേഹം വലിയ കടക്കാരനായി. വിവരമറിഞ്ഞ മകള്‍ വളരെയധികം വേദനിക്കുകയും അതിന്‍റെ പേരില്‍ തന്നെ ഉടനെ മരിക്കുകയും ചെയ്തു. മകളുടെ മരണ വാര്‍ത്ത അറിഞ്ഞ മീര്‍തഖി ഓടിവന്നു. തന്‍റെ കണ്‍മണിയായ മകളുടെ മൃതദേഹം കണ്ടപ്പോള്‍ അദ്ദേഹം വിലപിച്ചുകൊണ്ട് ഇപ്രകാരം പാടി: മകളെ നിനക്ക് ഒരു സാധനം തരാന്‍ മറന്ന് പോയത് നീ മാപ്പാക്കണം. സ്ത്രീധന വസ്തുക്കളുടെ കൂട്ടത്തില്‍ ഒരു കഫന്‍ പുടവകൂടി എനിയ്ക്ക് വെക്കാന്‍ കഴിഞ്ഞില്ലല്ലോ.! ചരിത്രകാരന്‍ പറയുന്നു: ഈ സംഭവത്തിന് ശേഷം മീര്‍തഖി മാനസികമായി തകരുകയും നാളുകള്‍ക്കകം മരണപ്പെടുകയും ചെയ്തു. അങ്ങനെ, ഈ ഒരു നാശം കാരണം ലോകത്തിന് ഒരു പെണ്‍കുട്ടിയെയും സമര്‍ത്ഥനായ ഒരു കവിയെയും നഷ്ടപ്പെട്ടു. സ്ത്രീധനവുമായി ബന്ധപ്പെട്ട് ഇത്തരം ധാരാളം സംഭവങ്ങള്‍ കാണാന്‍ കഴിയും.
സ്ത്രീധനം ജാഹിലിയ്യത്തിന്‍റെ കൂട്:
ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡിന്‍റെ സ്ഥാപകനും പ്രഥമ ജന:സെക്രട്ടറിയുമായ മൗലാനാ സയ്യിദ് മിന്നത്തുല്ലാഹ് റഹ് മാനി ഞങ്ങളുടെ സ്ഥാപനത്തിലെ സനദ്ദാന സമ്മേളനത്തില്‍ പങ്കെടുത്തപ്പോള്‍ ഇപ്രകാരം പ്രസ്താവിച്ചു: പെണ്‍കുട്ടിയ്ക്ക് മഹ്ര്‍ കൊടുക്കാന്‍ പലര്‍ക്കും മടിയാണ്. എന്നാല്‍ പുതിയാപ്ലക്ക് അച്ചാരം കൊടുക്കാന്‍ അല്‍പം പോലും പിന്തിക്കാന്‍ പാടില്ലെന്ന് അവര്‍ തന്നെ വാശിപിടിക്കുന്നു. അതെ, ഇസ്ലാമിനെ ശരിയായ നിലയില്‍ പഠിക്കാതെ വന്നപ്പോള്‍ കാര്യങ്ങള്‍ തലകീഴായി മറിഞ്ഞ് പോയി.!
ഞങ്ങളുടെ പ്രദേശത്ത് തബ്ലീഗ് പ്രവര്‍ത്തനവും ഇതര സാമൂഹിക സേവനങ്ങളും നടത്തിയ മൗലാനാ മുഹമ്മദ് യൂനുസ് ഒരിക്കല്‍ പ്രസ്ഥാവിച്ചു: ജീവിതം മുഴുവന്‍ നാം പെണ്‍കുട്ടികളെ കരളിന്‍റെ കഷ്ണം പോലെ വളര്‍ത്തുന്നു. എന്നാല്‍ അവളെ കല്ല്യണം കഴിച്ച് അയക്കാന്‍ മറ്റുള്ളവരോട് യാചിക്കേണ്ടി വരുന്നു.!
ലോക പ്രശസ്ത പണ്ഡിതനായ മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ്വി പ്രസ്താവിച്ചു. ജാഹിലീയ്യത്ത് എല്ലാ കാലഘട്ടത്തിലും ചില കൂടുകള്‍ കെട്ടാറുണ്ട്. ഇക്കാലഘട്ടത്തിലെ ജാഹിലിയ്യത്ത് സ്ത്രീ ധനമാണ്.!
തെറ്റിദ്ധാരണ മാറ്റുക:
ആദരവായ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) ഒരിക്കലും സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്തിട്ടില്ല. മകള്‍ ഫാത്തിമ ബീവി (റ) യ്ക്ക് കുറച്ച് സാധനങ്ങള്‍ കൊടുത്തത് മരുമകന്‍ ഹസ്രത്ത് അലിയ്യ് (റ) റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ കീഴിലായിരുന്നത് കൊണ്ടാണ്. അലിയ്യ് (റ) നെ വളര്‍ത്തിയത് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യാണ്. ഇതുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ പ്രവാചക ചരിത്ര ഗ്രന്ഥങ്ങളില്‍ കാണാന്‍ കഴിയും. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യ്ക്ക് വേറെയും പെണ്‍മക്കളുണ്ടായിരുന്നു. അവരെക്കുറിച്ചൊന്നും ഇപ്രകാരം വല്ലതും നല്‍കിയതായി വന്നിട്ടില്ല. സ്ത്രീധനം അത്യാവശ്യമായിരുന്നെങ്കില്‍ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) അവര്‍ക്ക് നല്‍കുമായിരുന്നു.
പെണ്‍കുട്ടികള്‍ക്ക് അനന്തരാവകാശത്തില്‍ ഓഹരി നല്‍കുക:
ഒരു കാലഘട്ടത്തില്‍ പെണ്‍കുട്ടിയെ വിവാഹം ചെയ്ത് അയക്കുമ്പോള്‍ പെണ്‍കുട്ടിയുടെ രക്ഷകര്‍ത്താക്കള്‍ വരനില്‍ നിന്നും ധാരാളം സമ്പത്ത് പിടിച്ച് വാങ്ങിയിരുന്നു. അതുകൊണ്ട് തന്നെ പരിശുദ്ധ ഖുര്‍ആനിലും പുണ്യഹദീസുകളിലും ആഴത്തില്‍ പഠനം നടത്തിയ ഫുഖഹാഅ് മഹത്തുക്കള്‍ അതിനെ നിഷിദ്ധമായി പ്രഖ്യാപിച്ചതായി ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ കാണാന്‍ കഴിയുന്നു. എന്നാല്‍ ഇന്ന് കാലം മാറിയപ്പോള്‍ കോലവും മാറി. ഇന്ന് വരന്‍റെ ആളുകള്‍ വധുവിനോട് അന്യായ സമ്പത്ത് ആവശ്യപ്പെടുന്നു. ഇത് നിഷിദ്ധമാണെന്നതില്‍ യാതൊരു സംശയവുമില്ല. സ്ത്രീധനത്തെ ഇസ്ലാമികമെന്ന് വ്യാഖ്യാനിക്കുന്നത് ഇസ്ലാമിന്‍റെ മേലുള്ള അപരാധമാണ്. യഥാര്‍ത്ഥത്തില്‍ ഇത് അമുസ്ലിംകളില്‍ നിന്നും പകര്‍ത്തപ്പെട്ടതാണ്. ഹൈന്ദവര്‍ക്കിടയില്‍ പെണ്‍കുട്ടികള്‍ക്ക് അനന്തരവകാശത്തില്‍ ഓഹരിയൊന്നുമില്ല. അതുകൊണ്ട് തന്നെ അവര്‍ വിവാഹ സമയത്ത് വലിയൊരു തുക നല്‍കുന്നു. എന്നാല്‍ ഇസ്ലാമില്‍ വിവാഹം കൊണ്ട് മാതാപിതാക്കളുമായിട്ടുള്ള ബന്ധം മുറിയുന്നില്ല. ഇസ്ലാമില്‍ സ്ത്രീകള്‍ക്ക് അനന്തരാവകാശം നിശ്ചയിക്കപ്പെട്ടിരിക്കുന്നു. അത് കൊടുക്കല്‍ നിര്‍ബന്ധവുമാണ്.
നിഷേധികള്‍ക്ക് ചിരിക്കാന്‍ അവസരം നല്‍കരുത്:
സഹോദരങ്ങളെ, സ്ത്രീധനവുമായി ബന്ധപ്പെട്ട നമ്മുടെ പ്രവര്‍ത്തനങ്ങള്‍ ഇസ്ലാമിന്‍റെ സുന്ദര വദനത്തിന് കളങ്കമാണ്. ഇത് കണ്ട് നിഷേധികള്‍ ചിരിക്കുകയാണ്. ഇത് ഇസ്ലാമിനെ തന്നെ നിന്ദിക്കലാണ്. ആകയാല്‍ ഇത്തരം കാര്യങ്ങളില്‍ നിന്നും വളരെയധികം സൂക്ഷ്മത പാലിക്കുക. വിവാഹവും വൈവാഹിക ജീവിതവും മഹത്തായ നന്മയാണ്. ഈ നന്മയെ തിന്മകൊണ്ട് മലിനമാക്കരുത്. നന്മയെന്നാല്‍ പടച്ചവന് ഇഷ്ടപ്പെടുന്ന കാര്യമാണ്. പാപങ്ങള്‍ കാരണം അല്ലാഹു ഒരിക്കലും സന്തോഷിക്കുന്നതല്ല. ഇസ്ലാമിക അദ്ധ്യാപനം വളരെ ലളിതവും സംശുദ്ധവുമാണ്. ഇസ്ലാം മനുഷ്യനെ മഹല്‍ ഗുണങ്ങളിലൂടെ ഇരുലോകത്തും ഉയര്‍ത്താന്‍ ആഗ്രഹിക്കുന്നു. സ്ത്രീധനം പോലുള്ള പാഴ്പ്രവര്‍ത്തനങ്ങള്‍ക്ക് ഇസ്ലാമുമായി ഒരു ബന്ധവുമില്ല. ആകയാല്‍ വൈവാഹിക ജീവിതത്തിലേക്ക് സസന്തോഷം പ്രവേശിക്കുകയും സൂക്ഷ്മതയോടെ സഞ്ചരിക്കുകയും ചെയ്യുക. അല്ലാഹു നാമെല്ലാവര്‍ക്കും സല്‍ബുദ്ധി കനിഞ്ഞരുളട്ടെ. ഇഹലോകത്ത് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യെ പിന്‍പറ്റാനും സന്ദര്‍ശിക്കാനും പരലോകത്ത് റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ ശഫാഅത്ത് കരസ്ഥമാക്കാനും സൗഭാഗ്യം നല്‍കട്ടെ.! അല്ലാഹുവിനോടും ദൂതനോടുമുള്ള സ്നേഹം അല്ലാഹു നമുക്ക് കനിഞ്ഞരുളട്ടെ.! അവസാന നിമിഷം വരെ ഇസ്ലാമിലും ഈമാനിലും ഉറച്ച് നില്‍ക്കാന്‍ തൗഫീഖ് നല്‍കട്ടെ.!
തയ്യാറാക്കിയത്: മൗലാനാ മഹ്ഫൂസുര്‍റഹ് മാന്‍ ഖാസിമി
(മെമ്പര്‍, ആള്‍ ഇന്ത്യാ മുസ് ലിം പേഴ്സണല്‍ ലാ ബോര്‍ഡ്)
പ്രയോജനപ്രദമായ ധാരാളം രചനകള്‍ പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍ ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഇസ് ലാമിക് ഫൗണ്ടേഷന്‍ പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) ആവശ്യമുള്ളവരും ബന്ധപ്പെടുക:
〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰
പ്രയോജനപ്രദമായ ധാരാളം രചനകള്‍ പരിചയപ്പെടുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും സയ്യിദ് ഹസനി അക്കാദമി, മുഫക്കിറുല്‍ ഇസ് ലാം ഫൗണ്ടേഷന്‍, സ്വഹാബ ഇസ് ലാമിക് ഫൗണ്ടേഷന്‍ പോലുള്ള പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും മായം കലരാത്ത ശുദ്ധമായ തേന്‍ (swahaba honey) ആവശ്യമുള്ളവരും ബന്ധപ്പെടുക:
No comments:
Post a Comment