Sunday, December 27, 2020

ഇസ് ലാമിലെ സമത്വം: ഒരു സര്‍വ്വസമ്പൂര്‍ണ്ണ വീക്ഷണം.


ഇസ് ലാമിലെ സമത്വം: 

ഒരു സര്‍വ്വസമ്പൂര്‍ണ്ണ വീക്ഷണം. 

-അല്ലാമാ സയ്യിദ് മുഹമ്മദ് റാബിഅ് നദ് വി 

വിവ: മൗലാനാ അബ്ദുശ്ശകൂര്‍ ഖാസിമി

മാനവ സ്വാതന്ത്ര്യത്തെയും സമത്വത്തെയും കുറിച്ചുള്ള ഇസ്ലാമിക വീക്ഷണം അത്യധികം സന്തുലിതവും സമ്പൂര്‍ണ്ണവുമാണ്. എല്ലാ മനുഷ്യരോടും നീതി പൂര്‍ണ്ണമായ വര്‍ത്തനം ഉണ്ടാകണമെന്ന് ഇസ്ലാം കല്‍പ്പിക്കുന്നു. ആര്‍ക്കെങ്കിലും പ്രാധാന്യം ഉണ്ടാകുന്നത് ഭയഭക്തിയുടെയും സല്‍സ്വഭാവ-സല്‍ഗുണങ്ങളുടെയും പേരില്‍ മാത്രമാണ്. അന്ത്യപ്രവാചകന്‍ മുഹമ്മദുര്‍റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) മക്കാ വിജയത്തിന്‍റെ സന്ദര്‍ഭത്തില്‍ പ്രസ്താവിച്ചു: പടച്ചവന്‍ നിങ്ങളില്‍ നിന്നും വിവരക്കേടിന്‍റെ അടിസ്ഥാനത്തിലുള്ള പ്രകടനവും പൂര്‍വ്വികരുടെ പേര് പറഞ്ഞുകൊണ്ടുള്ള പെരുമ കാട്ടലും ഇല്ലാതാക്കിയിരിക്കുന്നു. എല്ലാവരും ആദം സന്തതിയാണ്. ആദം മണ്ണില്‍ നിന്നും സൃഷ്ടിക്കപ്പെട്ടവരാണ്. തുടര്‍ന്ന് പരിശുദ്ധ ഖുര്‍ആനിലെ ഈ വചനം പാരായണം ചെയ്തു: അല്ലയോ ജനങ്ങളേ, ഒരു പുരുഷനില്‍ നിന്നും സ്ത്രീയില്‍ നിന്നും നിങ്ങളെ നാം പടച്ചു. നിങ്ങള്‍ പരസ്പരം തിരിച്ചറിയുന്നതിന് നിങ്ങളെ ജനതകളും ഗോത്രങ്ങളുമായി നാം വീതിച്ചു. നിങ്ങളില്‍ അല്ലാഹുവിങ്കല്‍ ഏറ്റവും ആദരണീയന്‍ ഏറ്റവും കൂടുതല്‍ ഭയഭക്തിയുള്ളവനാണ്. തീര്‍ച്ചയായിട്ടും അല്ലാഹു എല്ലാം അറിയുന്നവനും സൂക്ഷ്മജ്ഞാനിയുമാകുന്നു. (ഹുജുറാത്ത്  13). മറ്റൊരിക്കല്‍ മുഴുവന്‍ മാനവരാശിക്കും സാഹോദര്യത്തിന്‍റെ സന്ദേശം നല്‍കുകയും വര്‍ഗ്ഗ, വര്‍ണ്ണ, ഭാഷ, ദേശങ്ങളുടെ അടിസ്ഥാനത്തിലുള്ള വിത്യാസങ്ങളെ ഇല്ലാതാക്കുകയും ചെയ്തുകൊണ്ട് അരുളി: ജനങ്ങളെ, നിങ്ങളുടെ പരിപാലകന്‍ ഏകനാണ്. നിങ്ങളുടെ പിതാവ് ഒന്നാണ്. എല്ലാവരും ആദമിന്‍റെ സന്തതികളും ആദം മണ്ണില്‍ നിന്നും പടയ്ക്കപ്പെട്ടവരുമാണ്. അല്ലാഹുവിങ്കല്‍ ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ഭയഭക്തിയുള്ളവനാണ്. ഭയഭക്തികൊണ്ടല്ലാതെ ആര്‍ക്കും ആരുടെ മേലും മഹത്വമില്ല. (കന്‍സ്).  റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) മുഴുവന്‍ മനുഷ്യര്‍ക്കും രണ്ട് ഏകത്വം നല്‍കിയിരിക്കുന്നു. ഒന്ന്, പടച്ചവന്‍റെ ഏകത്വം. രണ്ട്, മാനവ ഏകത്വം. ഇതിലൂടെ മുഴുവന്‍ മനുഷ്യരും ഒരുപോലെ അന്തസ്സും ആദരവും ഉള്ളവരാണെന്ന് അറിയിച്ചിരിക്കുന്നു. ഒരിക്കല്‍ അരുളി: മുഴുവന്‍ സൃഷ്ടികളും പടച്ചവന്‍റെ കൂട്ടുകുടുംബമാണ്. പടച്ചവന് ഏറ്റവും ഇഷ്ടപ്പെട്ടവന്‍ അവന്‍റെ കുടുംബത്തോട് നല്ല നിലയില്‍ വര്‍ത്തിക്കുന്നവനാണ്. മറ്റൊരിക്കല്‍ അരുളി: മറ്റുള്ളവരോട് കരുണ കാണിക്കുന്നവന്‍റെ മേല്‍ ഏറ്റവും വലിയ കാരണ്യവാന്‍ കരുണ ചൊരിയുന്നതാണ്. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ അനുഗ്രഹീത ഹജ്ജിലെ സുപ്രധാന പ്രഭാഷണങ്ങളില്‍, കീഴിലുള്ളവരോടും സ്ത്രീകളോടും പ്രത്യേകിച്ചും, മുഴുവന്‍ മനുഷ്യരോടും പൊതുവായും സല്‍സ്വഭാവ കാരുണ്യങ്ങളോടെ വര്‍ത്തിക്കണമെന്ന് പ്രത്യേകം ഉണര്‍ത്തുകയുണ്ടായി. 

റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ ഈ സന്ദേശങ്ങള്‍ മുന്‍ഗാമികളും ശക്തിയുക്തം മുറുകെ പിടിക്കുകയുണ്ടായി. പ്രഥമ ഖലീഫ അബൂബക്ര്‍ സിദ്ദീഖ് (റ) ഖിലാഫത്ത് ഏറ്റടുത്ത ഉടനെ നടത്തിയ പ്രഭാഷണത്തില്‍ ഇപ്രകാരം പ്രസ്താവിച്ചു: നിങ്ങളില്‍ ബലഹീനരും മര്‍ദ്ദിതരുമായ ആളുകള്‍ എന്‍റെ അരികില്‍ ശക്തരും ആദരണീയരുമായിരിക്കും. തീര്‍ച്ചയായും അവരുടെ അവകാശം അവര്‍ക്ക് നല്‍കുന്നതുവരെ ഞാന്‍ പരിശ്രമിക്കും. നിങ്ങളില്‍ അക്രമം കാട്ടുന്നവര്‍ എന്‍റെ അടുക്കല്‍ ബലഹീനരായിരിക്കും. അവരുടെ അക്രമങ്ങള്‍ അവസാനിപ്പിക്കുന്നതുവരെ ഞാന്‍ അടങ്ങിയിരിക്കുന്നതല്ല. ഉമറുല്‍ ഫാറൂഖ് (റ) ന്‍റെ കാലത്ത് ഈജിപ്തിലെ ഗവര്‍ണ്ണറുടെ മകന്‍ കുതിര മത്സരത്തില്‍ പങ്കെടുത്തു. തദവസരം ഒരു നാട്ടുകാരന്‍റെ കുതിര ഇദ്ദേഹത്തിന്‍റെ കുതിരയെ കവച്ചുവെച്ചപ്പോള്‍ നാട്ടുകാരന് ഒരു അടി കൊടുക്കുകയുണ്ടായി. കേസ് കോടതിയില്‍ എത്തി. തിരിച്ച് അതുപോലെ അടിക്കാന്‍ വിധിക്കുകയുണ്ടായി. തദവസരം ഈജിപ്തിലെ ഗവര്‍ണ്ണര്‍ പറഞ്ഞ വാചകം ചരിത്ര പ്രസിദ്ധമാണ്: ജനങ്ങളുടെ മാതാക്കള്‍ അവരെ സ്വതന്ത്രരായി പ്രസവിച്ചിരിക്കവേ അവരെ അടിമകളാക്കാന്‍ നിങ്ങള്‍ക്ക് എന്ത് അവകാശം.? അപ്രകാരം ബസറയിലെ ഭരണാധികാരിയായ ജബല മുസ്ലിമായി മക്കയില്‍ എത്തി. ത്വവാഫിന്‍റെ ഇടയില്‍ ഒരു സാധാരണക്കാരന്‍ അദ്ദേഹത്തിന്‍റെ പുതപ്പില്‍ ചവിട്ടുകയും ജബല മറിഞ്ഞ് വീഴുകയും ചെയ്തു. അദ്ദേഹത്തിന് ദേശ്യം വന്ന് സാധാരണക്കാരന്‍റെ കരണത്ത് ശക്തമായ ഒരു പ്രഹരം ഏല്‍പ്പിച്ചു. കേസ് ഉമറുല്‍ ഫാറൂഖ് (റ) ന്‍റെ സന്നിധിയില്‍ എത്തി. ഇതുപോലെ തിരിച്ചടിക്കാന്‍ കല്‍പ്പിച്ചു. ഇതറിഞ്ഞ ജബല ഇസ്ലാമില്‍ നിന്നും പിന്തിരിഞ്ഞ് നാട്ടിലേക്ക് ഓടിക്കളഞ്ഞു. 

ഇസ്ലാം മാനവ സമത്വത്തോടൊപ്പം നീതിയെയും കൂട്ടിച്ചേര്‍ത്തിരിക്കുന്നു. നീതിയും ന്യായവും നിലനിര്‍ത്തുന്നതില്‍ ഇസ്ലാമിന് ശക്തമായ നിലപാടാണ് ഉള്ളത്. ഇപ്രകാരം ഇസ്ലാം സമത്വത്തെ ഉല്‍ഘോഷിക്കുന്നതിനോടൊപ്പം സല്‍സ്വഭാവത്തിനും അനുഭവ യാഥാര്‍ത്ഥ്യങ്ങള്‍ക്കും മുന്‍ഗണന കൊടുക്കണമെന്നും അറിയിക്കുന്നു. ആര്‍ക്കും ആരേക്കാളും മഹത്വമില്ലെങ്കിലും ഭയഭക്തിയിലൂടെ മഹത്വം ലഭിക്കുന്നതാണ് എന്ന പ്രവാചക വചനം ഇതിനെ സൂചിപ്പിക്കുന്നു. 

ഇസ്ലാമും പാശ്ചാത്യ സംസ്കൃതിയും പഠിപ്പിക്കുന്ന സമത്വങ്ങള്‍ക്കിടയില്‍ വലിയ ഒരു വ്യത്യാസമുണ്ട്. നാമെല്ലാവരും ഉന്നതരും നമ്മേക്കാള്‍ ഉന്നതരായി ആരുമില്ലെന്നും പാശ്ചാത്യലോകം പഠിപ്പിക്കുമ്പോള്‍ മുഴുവന്‍ മനുഷ്യരും ഉന്നതരാണെന്നും നാം ആരേക്കാളും ഉന്നതരല്ലെന്നും ഇസ്ലാം ഉണര്‍ത്തുന്നു. ഇവ രണ്ടിനുമിടയില്‍ വലിയ അന്തരമുണ്ട്. ഇസ്ലാമിന്‍റെ കാഴ്ചപ്പാടില്‍ ഓരോരുത്തരും മറ്റുള്ളവരെ തന്നേക്കാള്‍ ഉത്തമരായി കാണുകയും എല്ലാവരോടും വിനയത്തോടെ വര്‍ത്തിക്കുകയും സ്വയം കൂടുതല്‍ നന്നാകാന്‍ പരിശ്രമിക്കുകയും ചെയ്യുന്നതാണ്. പാശ്ചാത്യ വീക്ഷണത്തില്‍ ഓരോരുത്തരും മറ്റുള്ളവരെ താഴ്ന്നവരായും സ്വയം വലിയവനായും കാണുന്നതും വലിയവനാകാന്‍ പരിശ്രമിക്കുന്നതുമാണ്. ഈ വഴിയില്‍ പലപ്പോഴും അക്രമവും ധ്വംസനവും നടക്കുന്നതാണ്. സ്വാര്‍ത്ഥതയും ഏകാധിപത്യവും  വ്യാപകമാകുന്നതുമാണ്. ഇക്കാര്യം ആധുനിക പാശ്ചാത്യ ലോകത്ത് പ്രകടമാണ്. അവിടെ കുട്ടികള്‍ പോലും സ്വയം വലിയവനായി കാണുകയും അക്രമങ്ങള്‍ അഴിച്ചുവിടുകയും ചെയ്യുന്നു. തല്‍ഫലമായി വ്യക്തി ജീവിതത്തിലും സാമൂഹിക മേഖലയിലും പലവിധ നാശങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. 

ഇസ്ലാമില്‍ എല്ലാ മനുഷ്യരും സ്വതന്ത്രരാണ്. എന്നാല്‍ എല്ലാവര്‍ക്കും നിയന്ത്രണമുണ്ട്. പരിപൂര്‍ണ്ണസ്വാതന്ത്ര്യം നല്‍കിയതിനോടൊപ്പം പാപങ്ങളില്‍ നിന്നും മനോഛകളില്‍ നിന്നും ശക്തമായി വിലക്കുകയും ചെയ്തിരിക്കുന്നു. തല്‍ഫലമായി ഓരോരുത്തരും നിയന്ത്രണവിധേയമായ നിലയിലാണ് സ്വതന്ത്ര്യം ഉപയോഗിക്കുന്നത്. വ്യഭിചാരം സംഭവിച്ച് പോയ വ്യക്തി പ്രവാചക സന്നിധിയില്‍ എത്തി അതിനെക്കുറിച്ച് അറിയിക്കുകയും അതിന്‍റെ ശിക്ഷ നടപ്പിലാക്കാന്‍ അപേക്ഷിക്കുകയും ചെയ്തത് ഇതിന്‍റെ വ്യക്തമായ ഉദാഹരണമാണ്. ഇതിനെതിരില്‍ പാശ്ചാത്യ വ്യവസ്ഥിതി പഠിപ്പിക്കുന്ന സ്വാതന്ത്ര്യത്തിന് യാതൊരു നിയന്ത്രണവും ഇല്ല. തല്‍ഫലമായി വലിയ വലിയ പാപങ്ങളും നാശങ്ങളും വളരെ നിസ്സാരമായ നിലയില്‍ നടമാടിക്കൊണ്ടിരിക്കുന്നു. 

യഥാര്‍ത്ഥത്തില്‍ പാശ്ചാത്യലോകം ഉയര്‍ത്തിക്കാട്ടുന്ന സമത്വവും സ്വാതന്ത്ര്യവും ആരംഭിച്ചത് ഫ്രഞ്ച് വിപ്ലത്തോടുകൂടിയാണ്. ഫ്രഞ്ച് വിപ്ലവത്തിന് മുമ്പ് പാശ്ചാത്യ ലോകത്ത് നിലവില്‍ ഉണ്ടായിരുന്നത് ഗ്രീക്ക്, റോമന്‍ സംസ്കാരമായിരുന്നു. ഇത് അങ്ങേയറ്റം അക്രമപരവും ശക്തര്‍ക്കും സമ്പന്നര്‍ക്കും വലിയ സ്ഥാനം നല്‍കുന്നതും താഴ്ന്നവരെ നിന്ദിക്കുന്നതുമായിരുന്നു. അടിമകളെ മൃഗങ്ങളേക്കാള്‍ നിസ്സാരമായി കണ്ടിരുന്നു. സല്‍ക്കാര വേളകളില്‍ അതിഥികളെ സന്തോഷിപ്പിക്കാന്‍ അടിമകളെ തീപ്പന്തമായി കത്തിച്ചിരുന്നു. സാധുക്കളായ കര്‍ഷകരെ ജന്മിമാര്‍ വളരെയധികം ദ്രോഹിച്ചിരുന്നു. ഇതിന്‍റെ തിരിച്ചടിയെന്നോണമാണ് ഫ്രഞ്ച് വിപ്ലവം അരങ്ങേറിയത്. പക്ഷേ ഈ തിരിച്ചടി കടുത്ത തീവ്രതയിലേക്ക് നീങ്ങി. എല്ലാവര്‍ക്കും യാതൊരു വിധ നിയന്ത്രണവുമില്ലാത്ത സ്വാതന്ത്ര്യത്തിന്‍റെയും സമത്വത്തിന്‍റെയും കവാടങ്ങള്‍ തുറന്ന് കൊടുത്തു. തല്‍ഫലമായി മര്‍ദ്ദിതനും മര്‍ദ്ദകനും വിവേക ശാലിക്കും ബുദ്ധിശൂന്യനും ഒരേ നിലയില്‍ സമത്വം നല്‍കപ്പെട്ടു. അധികാരം കരസ്ഥമാക്കുന്നതിന് നല്ലതും ചീത്തയുമായ എല്ലാ മാര്‍ഗ്ഗങ്ങളും തുല്യമായി ഗണിക്കപ്പെട്ടു. എല്ലാവരുടെയും വോട്ടുകള്‍ എണ്ണപ്പെടുകയും തൂക്കി നോക്കപ്പെടാതിരിക്കുകയും ചെയ്യുന്ന അവസ്ഥ സംജാതമായി. വളരെ അക്രമിയായ മനുഷ്യനും പ്രചണ്ഡ പ്രചാരണങ്ങള്‍ നടത്തി കൂടുതല്‍ വോട്ട് നേടിയാല്‍ അധികാരിയാവുകയും ജനതയുടെ ഭാഗ്യം അമ്മാനമാടുകയും ചെയ്യുന്ന അവസ്ഥ സംജാതമായി. പുതിയ ലോകത്തിന്‍റെ നേതാവായ അമേരിക്കയിലെ ഏതാനും അവസ്ഥകളും കണക്കുകളും ചെറിയ നിലയില്‍ നോക്കിയാല്‍ തന്നെ നിയന്ത്രണമില്ലാത്ത സ്വാതന്ത്ര്യ-സമത്വങ്ങളുടെ ദുരന്തപൂര്‍ണ്ണമായ പരിണിത ഫലങ്ങള്‍ വ്യക്തമാകുന്നതാണ്. 

2001-ല്‍ ഒരു അമേരിക്കന്‍ ഏജന്‍സി പുറത്തുവിട്ട കണക്കുകളുടെ ചുരുക്കം ഇപ്രകാരമാണ്:  കഴിഞ്ഞ വര്‍ഷം പത്ത് ലക്ഷത്തില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ വിവാഹം കഴിക്കാതെ തന്നെ ഗര്‍ഭിണികളായി. ഇവര്‍ ആറ് ലക്ഷം കുഞ്ഞുങ്ങളെ പ്രസവിച്ചു. ഇതിന് കാരണക്കാരായ യുവാക്കള്‍ കുഞ്ഞിനെയും അമ്മയെയും തനിച്ചാക്കി പൊയ്ക്കളഞ്ഞു. തല്‍ഫലമായി ചെറുപ്പത്തില്‍ തന്നെ ഈ പെണ്‍കുട്ടികള്‍ ജോലിവേലകള്‍ ചെയ്യാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. റിപ്പോര്‍ട്ടിന്‍റെ അവസാന വാക്യം ഇപ്രകാരമാണ്: ഈ നാശങ്ങളുടെ ഉത്തരവാദി പുത്തന്‍ തലമുറ മാത്രമല്ല ടൂത്ത്പേസ്റ്റ്, വസ്ത്രം, സോപ്പ്, വാഹനം തുടങ്ങി സര്‍വ്വ വസ്തുക്കളുടെയും പരസ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് സ്ത്രീകളുടെ നഗ്നതയാണ്. മറുഭാഗത്ത് തിന്മകളില്‍ നിന്നും തടയാനുള്ള ശക്തമായ പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നുമില്ല.!             

1992-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട വിശദമായ റിപ്പോര്‍ട്ടിലെ ചില വാചകങ്ങള്‍ ഇവിടെ ഉദ്ധരിക്കുന്നു: 1987-ല്‍ ഒരുകോടി മുപ്പത്തിയഞ്ച് ലക്ഷം കുറ്റകൃത്യങ്ങള്‍ അമേരിക്കയില്‍ നടന്നു. 1989-ല്‍ നാല്‍പ്പത്തി ഏഴ് ലക്ഷം വര്‍ദ്ധനവ് ഉണ്ടായി. 1920-ന് ശേഷം അമേരിക്കന്‍ ജനതയില്‍ 41 ശതമാനം വര്‍ദ്ധനവ് ഉണ്ടായി. എന്നാല്‍ കുറ്റകൃത്യങ്ങള്‍ 560 ശതമാനമായും വ്യഭിചാര സന്തതികള്‍ 419 ശതമാനമായും വിവാഹ മോചനം 300 ശതമാനമായും ഉയര്‍ന്നു.( വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ 1993 ആഗസ്റ്റ് 13). മറ്റുചില കണക്കുകള്‍ ഇപ്രകാരമാണ്: അമേരിക്കയില്‍ ഓരോ വര്‍ഷവും അമ്പതിനായിരം ആളുകള്‍ അക്രമങ്ങള്‍ക്ക് ഇരയായി മരിക്കുന്നു. ഇരുപതിനായിരം പേര്‍ ഏയ്ഡ്സ് ബാധിച്ചും പതിനെണ്ണായിരം പേര്‍ മദ്യപാനം കാരണവും  കൊല്ലപ്പെടുന്നു. തൊണ്ണൂറ്റി എണ്ണായിരം പേര്‍ യുദ്ധമൊന്നും ഇല്ലാതെ മരിക്കുന്നു. 12 ലക്ഷം കുഞ്ഞുങ്ങള്‍ വീടിന് വെളിയില്‍ താമസിക്കുന്നു. ദിനംപ്രതി 200 മുതല്‍ 300 വരെ കുട്ടികള്‍ വീട് വിട്ട് ഓടുന്നു. പത്ത് ലക്ഷത്തി നാല്‍പ്പതിനായിരം യുവാക്കള്‍ ആത്മഹത്യക്ക് ശ്രമിക്കുന്നു. ഓരോ വര്‍ഷവും 12 ലക്ഷം വ്യഭിചാര സന്താനങ്ങള്‍ ജനിക്കുന്നു. (ഇത് 1995 ലെ കണക്കാണ്. ഇതിന് ശേഷം ഇതിന് വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്). 15 വയസ്സ് കഴിഞ്ഞ പെണ്‍കുട്ടികളില്‍ 70 മുതല്‍ 90 വരെ ശതമാനം വിവാഹത്തിന് മുമ്പ് ലൈംഗികത അനുഭവിച്ചവരാണ്. 8 ലക്ഷം കുട്ടികളെ ലൈംഗികതയ്ക്ക് കമ്പനി ഉപയോഗിച്ച് കൊണ്ടിരിക്കുന്നു. ന്യൂയോര്‍ക്കില്‍ മാത്രം നാല്‍പ്പതിനായിരം കന്യകകള്‍ ഗര്‍ഭിണികളാകുന്നു. 25 ശതമാനം വിവാഹിതരായ സ്ത്രീകള്‍ ആത്മഹത്യക്ക് ശ്രമിക്കുന്നു. കൊല്ലപ്പെടുന്ന സ്ത്രീകളില്‍ 20 ശതമാനം ഭര്‍ത്താക്കന്മാരാല്‍ വധിക്കപ്പെടുന്നവരാണ്. 35 ശതമാനം ആണ്‍കുട്ടികളും 45 ശതമാനം പെണ്‍കുട്ടികളും ലൈംഗിക അതിക്രമത്തിന് ഇരയാകുന്നു. ഇതില്‍ 25 ശതമാനം ലൈംഗിക അതിക്രമങ്ങള്‍ ചര്‍ച്ചുകളിലാണ് നടക്കുന്നത്. 2 നും 10 നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് അക്രമിക്കപ്പെടുന്നത്. ഒരു കുട്ടി കുറഞ്ഞത് 68 പ്രാവശ്യം അക്രമിക്കപ്പെടുന്നു. അനാഥശാലകള്‍ അക്രമത്തിന്‍റെ പ്രധാന കേന്ദ്രമാകുന്നു. ലൈംഗികതയ്ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കണമെന്ന് അഭിപ്രായം സ്വരൂപിക്കുന്ന ഒരു സംഘടന തന്നെ അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. (വിവരണത്തിന് വിനീതന്‍റെ അമേരിക്കയില്‍ രണ്ട് മാസം എന്ന രചന വായിക്കുക).

മാനുഷിക മൂല്യങ്ങളെ പരിഗണിക്കാതെ വ്യക്തി സ്വാതന്ത്ര്യത്തിന് അമിത പ്രാധാന്യം കൊടുക്കുക എന്ന പാശ്ചാത്യ വീക്ഷണം സദാചാര മര്യാദകളെ പരിപൂര്‍ണ്ണമായി തകര്‍ത്തെറിഞ്ഞിരിക്കുകയാണ്. നിഷ്പക്ഷമായി ചിന്തിക്കുന്ന എല്ലാവര്‍ക്കും വ്യക്തമാകുന്ന ഒരു കാര്യമാണിത്. ഇതിലൂടെ ആണ്‍-പെണ്‍ കുട്ടികള്‍ക്കും മുതിര്‍ന്നവരെപ്പോലെ ലൈംഗിക സ്വാതന്ത്ര്യം ലഭിച്ചിരിക്കുന്നു. മാതാപിതാക്കള്‍ സ്വന്തം മക്കളെ ഭാരമായി കാണുന്നു. ജനങ്ങള്‍ വിവാഹത്തില്‍ നിന്നും അകന്നുമാറുകയും വ്യഭിചാരവും സ്വവര്‍ഗ്ഗ രതിയും തെരഞ്ഞെടുക്കുകയും ചെയ്യുന്നു. യാതൊരു ലജ്ജയും ഇല്ലാതെ ഇവയെ പിന്തുണക്കുന്ന അവസ്ഥയും സംജാതമായിരിക്കുന്നു. അക്ബര്‍ ഇലാഹാബാദി പാശ്ചാത്യ സംസ്കാരത്തിന്‍റെ അപകടങ്ങള്‍ ഇപ്രകാരം വിവരിക്കുന്നു: ഈ സംസ്കാരത്തിലൂടെ രാജ്യങ്ങള്‍ തകരുന്നതാണ്. പുതിയ സംസ്കാര രീതികള്‍ ഉണ്ടാകുന്നതാണ്. സ്ത്രീകളില്‍ ലജ്ജയും മറയും ഇല്ലാതായിത്തീരും. വിശ്വാസങ്ങളില്‍ ചാഞ്ചല്യം സംഭവിക്കും. നമ്മുടെ ഭാഷയും ശൈലിയും മാറിമറിയും. (അക്ബര്‍ നാമ). പാശ്ചാത്യ സംസ്കാരത്തിന്‍റെ കുഴപ്പങ്ങളൊന്നും പരസ്യമാകാതിരുന്ന ഒരു കാലഘട്ടത്തിലാണ് ഇലാഹാബാദി ഇത് പറഞ്ഞത്. എന്നാല്‍ ഇക്കാര്യങ്ങള്‍ ഇന്ന് പരിപൂര്‍ണ്ണമായ നിലയില്‍ പ്രകടമായിക്കഴിഞ്ഞു.

ഇസ്ലാം മനുഷ്യന് അഭിമാനവും സ്വാതന്ത്ര്യവും നല്‍കിയതിനോടൊപ്പം ലജ്ജ എന്ന മഹത്തായ ഒരു ഗുണം ഉള്‍ക്കൊള്ളാന്‍ പ്രേരിപ്പിക്കുകയും ചെയ്തിരിക്കുന്നു. ലജ്ജ എല്ലാത്തരം സ്വഭാവ ദൂഷ്യങ്ങളില്‍ നിന്നും തടയുന്നതാണ്. എന്തിനേറെ ആരും കാണാത്ത സ്ഥലത്തും അത് മനുഷ്യനെ സംസ്കാരത്തില്‍ ഉറപ്പിച്ചു നിര്‍ത്തും. വിശിഷ്യാ, സ്ത്രീകളില്‍ അന്തര്‍ലീനമായിരിക്കുന്ന ലജ്ജയിലൂടെ വീടിന് വെളിയില്‍ സ്വതന്ത്രമായി കറങ്ങിത്തിരിയുന്നതില്‍ നിന്നും, ശരീരം ഭാഗങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ നിന്നും അകന്ന് മാറുന്നു. ഇസ്ലാമില്‍ സ്വാതന്ത്ര്യവും ജനാധിപത്യവും ഉണ്ട്. എന്നാല്‍ അത് മാനവിക-സല്‍സ്വഭാവ മൂല്യങ്ങളില്‍ ഉറച്ചുനിന്നുകൊണ്ടായിരിക്കണമെന്നും ഇസ്ലാം നിഷ്കര്‍ഷിക്കുന്നു. വികാര പൂജക്കും ദുഃസ്വഭാവങ്ങള്‍ക്കും സ്വാതന്ത്ര്യമെന്ന ഓമനപ്പേരിടാന്‍ ഇസ്ലാം അനുവദിക്കുന്നില്ല. 

ആധുനിക യുഗത്തിലെ അവസ്ഥ അത്ഭുതകരം തന്നെ.! ഒരു ഭാഗത്ത് മനുഷ്യന്‍റെ ഭൗതിക യോഗ്യതകള്‍ ഉപയോഗപ്പെടുത്തി, മനുഷ്യന്‍ ഭൗതികതയുടെ പാരമ്യം പ്രാപിച്ചിരിക്കുന്നു. നവംനവങ്ങളായ കണ്ടുപിടുത്തങ്ങള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നു. ജീവിത സൗകര്യങ്ങള്‍ വളരെയധികം വര്‍ധിക്കുന്നു. എന്നാല്‍ മറുഭാഗത്ത് മാനുഷിക മൂല്യങ്ങള്‍ ചവിട്ടിത്തേയ്ക്കപ്പെടുന്നു. പലപ്പോഴും മൃഗങ്ങളേക്കാള്‍ മനുഷ്യന്‍ അധ:പതിക്കുന്നു. ഇന്ത്യയുടെ രണ്ടാം രാഷ്ട്രപതിയും ചിന്തകനുമായ ഡോ: രാധാകൃഷ്ണന്‍ പാശ്ചാത്യ ലോകത്തെ നോക്കി പറഞ്ഞ കാര്യം തീര്‍ത്തും സത്യം തന്നെ: നിങ്ങള്‍ക്ക് പറവകളെപ്പോലെ അന്തരീക്ഷത്തില്‍ പറക്കാനും മത്സ്യങ്ങളെപ്പോലെ സമുദ്രങ്ങളില്‍ സഞ്ചരിക്കാനും കഴിഞ്ഞു. എന്നാല്‍ ഭൂമിയില്‍ മനുഷ്യനെപ്പോലെ നടക്കാന്‍ കഴിഞ്ഞിട്ടില്ല.!  

പാശ്ചാത്യ സമൂഹങ്ങളുടെ തിന്മകള്‍ അവരുടെ തലയില്‍ ഇരിക്കട്ടെ, അതിനെക്കുറിച്ച് ഞങ്ങളോട് പറയേണ്ടതില്ല എന്ന് ഇവിടെ ചിലരെങ്കിലും പറയാന്‍ സാധ്യതയുണ്ട്. എന്നാല്‍ പൗരസ്ത്യ ദേശങ്ങളിലുള്ളവര്‍ പാശ്ചാത്യ ലോകത്തിന്‍റെ പുരോഗതികളെ പാടിപ്പുകഴ്ത്തുകയും പകര്‍ത്താന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു എന്നതാണ് നമ്മുടെ പ്രധാനപ്പെട്ട പ്രശ്നം. വിശിഷ്യാ, നവതലമുറ പാശ്ചാത്യ രീതികള്‍ക്ക് ഏതാണ്ട് അടിമകളായിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ നാടിന്‍റെയും നാട്ടുകാരുടെയും നന്മ ആഗ്രഹിക്കുന്ന ഓരോരുത്തരും അടിയന്തിരമായി ശബ്ദിക്കേണ്ട ഒരു വിഷയമാണിത്. ഇക്കാര്യത്തില്‍ പ്രഥമവും പ്രധാനവുമായി നാം ശ്രദ്ധിക്കേണ്ട കാര്യം നവ തലമുറയുടെ വിദ്യാഭ്യാസ സംസ്കരണ മേഖലയാണ്. ഇത് ശരിയാക്കിയാല്‍ മാത്രമേ അടുത്ത തലമുറയുടെ അവസ്ഥകള്‍ നന്നാകുകയുള്ളൂ. മുന്‍ഗാമികളായ മഹത്തുക്കള്‍ നവ തലമുറയുടെ വിദ്യാഭ്യാസ-സംസ്കരണ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നു. തല്‍ഫലമായി മതവിജ്ഞാന കേന്ദ്രങ്ങളും സംസ്കരണ പ്രവര്‍ത്തനങ്ങളും സജീവമാവുകയും വ്യാപിക്കുകയും ചെയ്യുകയുണ്ടായി. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ ഈ വചനം അവര്‍ പരിപൂര്‍ണ്ണമായി ഉള്‍ക്കൊണ്ടു: അറിയുക, നിങ്ങളെല്ലാവരും ഉത്തരവാദിത്വമുള്ളവരാണ്. ഓരോരുത്തരോടും കീഴിലുള്ളവരെക്കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നതാണ്. (ബുഖാരി)

ഇതുപോലെ മുഴുവന്‍ മനുഷ്യരുടെയും നന്മ ആഗ്രഹിക്കുകയും എല്ലാവരും നന്നാകണമെന്ന ലക്ഷ്യം വെച്ച് ജീവിക്കുകയും ചെയ്യേണ്ടതും സുപ്രധാന ബാധ്യതയാണ്. മുസ്ലിംകള്‍ സ്വന്തം കാര്യം മാത്രം നോക്കേണ്ടവരല്ല. ജനങ്ങളുടെ അവസ്ഥകള്‍ ശ്രദ്ധിക്കുകയും അവരെ നന്മകളിലേക്ക് വഴി തിരിച്ചുവിടാന്‍ പരിശ്രമിക്കുകയും ചെയ്യാന്‍ മുസ്ലിംകള്‍ ബാധ്യസ്ഥരാണ്. അല്ലാമാ അബുല്‍ ഹസന്‍ അലി നദ്വി പ്രസ്താവിക്കുന്നു: മുഴുവന്‍ ജനങ്ങളുടെയും മേല്‍നോട്ടം, ജനങ്ങളുടെ സ്വഭാവ താല്‍പ്പര്യങ്ങളെ നിരീക്ഷിക്കല്‍, നീതിയുടെ സംസ്ഥാപനം, സത്യത്തിന്‍റെ സാക്ഷ്യം, നന്മ ഉപദേശിക്കല്‍, തിന്മ തടയല്‍ എന്നിവ മുസ്ലിം ഉമ്മത്തിന്‍റെ പ്രധാന കടമയാണ് (മാഇദ). ഇത് എത്രമാത്രം നിര്‍വ്വഹിച്ചുവെന്ന് നാളെ ഖിയാമത്ത് നാളില്‍ ചോദ്യമുണ്ടാകുന്നതാണ്. ഈ കര്‍ത്തവ്യം നിര്‍വ്വഹിക്കുന്നതില്‍ മുസ്ലംകള്‍ വീഴ്ച്ചവരുത്തിയാല്‍ മുഴുവന്‍ മാനവരാശിയും നാശ-നഷ്ടങ്ങളില്‍ കുടുങ്ങുന്നതാണ്. റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹിവസല്ലം) യുടെ ആദ്യഘട്ടത്തിലുള്ള ആയിരത്തില്‍പരം വരുന്ന ചെറു സംഘത്തെ അല്ലാഹു ഇപ്രകാരം ഉണര്‍ത്തി: പരസ്പരം സഹകരിച്ച് പ്രബോധനത്തിന്‍റെ കടമ നിങ്ങള്‍ നിര്‍വ്വഹിച്ചില്ലെങ്കില്‍ വലിയ പരീക്ഷണങ്ങളും നാശങ്ങളും സംഭവിക്കുന്നതാണ് (അന്‍ഫാല്‍ 73). ഇത്തരുണത്തില്‍ എണ്ണത്തിലും വണ്ണത്തിലും ശേഷിയിലും ശേമുഷിയിലും അവരേക്കാള്‍ ഉയര്‍ന്നുനില്‍ക്കുന്ന ഇന്നത്തെ മുസ്ലിംകളോട് ഈ ഉണര്‍ത്തല്‍ എത്ര ഗൗരവ പൂര്‍ണ്ണമായിരിക്കും. കഴിഞ്ഞ കാലങ്ങളില്‍ പടച്ചവന്‍റെ ശിക്ഷകള്‍ ഏറ്റുവാങ്ങി നശിച്ച വിവിധ സമുദായങ്ങളുടെ മഹാ പാപങ്ങളുടെയും അക്രമങ്ങളുടെയും അടിസ്ഥാനം പ്രബോധനത്തിന്‍റെ അഭാവമായിരുന്നു എന്നും ഖുര്‍ആന്‍ ഉണര്‍ത്തിയിരിക്കുന്നു (ഹൂദ് 116). 

ഈ വിഷയത്തില്‍ അടിസ്ഥാനപരമായി ഓരോരുത്തരും ഉണ്ടാക്കിയെടുക്കേണ്ട കാര്യം വിജ്ഞാനമാണ്. വിജ്ഞാനത്തിലൂടെ കാര്യത്തിന്‍റെ ഗൗരവവും, കര്‍മ്മത്തിന്‍റെ രൂപവും മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്. വിജ്ഞാനത്തോട് കൂടിയുള്ള പ്രബോധന പ്രവര്‍ത്തനങ്ങള്‍ പിശാചിന് ഏറ്റവും വലിയ വെല്ലുവിളിയാണ്. അല്ലാമാ ഇഖ്ബാല്‍ ഇബ്ലീസിന്‍റെ കൂടിയാലോചന എന്ന കവിതയില്‍ അദ്ധ്യക്ഷനായ ഇബ്ലീസ് ഇപ്രകാരം പ്രസ്താവിച്ചതായി ഉദ്ധരിക്കുന്നു: മുസ്ലിംകളെ, വൈജ്ഞാനിക-പ്രബോധന പ്രവര്‍ത്തനങ്ങളില്‍ നിന്നും അകറ്റിനിര്‍ത്താന്‍ നിങ്ങള്‍ പരിശ്രമിക്കുക. അല്ലാത്ത പക്ഷം അവര്‍ അന്ധതകളെ തുടച്ചുനീക്കുന്നതാണ്. 

അതെ, മുന്‍ഗാമികളായ മഹത്തുക്കള്‍ വിജ്ഞാനത്തിന്‍റെയും പ്രബോധനത്തിന്‍റെയും പാതയില്‍ കാര്യമായ സേവനങ്ങള്‍ കാഴ്ചവെച്ചു. ഈ വഴിയില്‍ സര്‍വ്വവിധ ത്യാഗങ്ങള്‍ക്കും അവര്‍ സന്നദ്ധരായി. ഇതിലൂടെ വലിയ തിന്മകള്‍ ഇല്ലാതാവുകയും നന്മകള്‍ പ്രചരിക്കുകയും ചെയ്തു. ആധുനിക കാലഘട്ടത്തിലെ സുപ്രധാന ആവശ്യവും ഇത് തന്നെയാണ്.

No comments:

Post a Comment

ദീനീ മദാരിസ്: ആത്മീയ സ്ഥാപകരുടെ ലക്ഷ്യവും മാര്‍ഗ്ഗവും മനസ്സിലാക്കുക.

ആദരണീയമായ ഈ സ്ഥാപനം, പടച്ചവന്‍ ഇതിനെ അനുഗ്രഹിക്കുകയും ഉത്തരോത്തരം ഉയര്‍ത്തുകയും ചെയ്യട്ടെ.! പടച്ചവന്‍റെ അനുഗ്രഹത്താല്‍ സൗഭാഗ്യവാന്മാരായ ദാസന...